ലോക സിനിമ മാറുകയാണ്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ മിക്ക വര്‍ഷങ്ങളിലും ഓസ്കാര്‍ ജേതാക്കള്‍ ഏതെങ്കിലും തരത്തില്‍ ക്വിയര്‍ വിഷയങ്ങള്‍ പ്രതിപാദിച്ച ഭാഗഭാക്കായവരാണ്. 2019 ലെ ഓസ്കാര്‍ ജേതാക്കളെ നോക്കൂ: മികച്ച നടന്‍, നടി, സഹനടന്‍ തുടങ്ങിയവയെല്ലാം കരസ്ഥമാക്കിയത് ‘ബൊഹീമിയന്‍ റാപ്സോടി,’ ‘ഗ്രീന്‍ ബുക്ക്’ തുടങ്ങിയ ക്വിയര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന സിനിമയിലെ അഭിനേതാക്കളാണ്. ശ്രദ്ധിക്കണം, ‘അഭിനേതാക്കളാണ്’ അവര്‍. സിനിമ ഒരു പരിധിവരെ കെട്ടുകഥകളായതു കൊണ്ട് തന്നെ അഭിനയം അനിവാര്യമായ ഘടകമാണ്. പക്ഷെ എന്തുകൊണ്ടാണ് ‘സിസ്ജെന്‍ഡര്‍’ ആയ അഭിനേതാക്കള്‍ ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിക്കേണ്ടി വരുന്നത്? എന്തുകൊണ്ടാണ് ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മയില്‍ തന്നെയുള്ള ആര്‍ക്കും വെള്ളിത്തിരയില്‍ കഥാപാത്രങ്ങളെ പ്രതിനിധാനം ചെയ്യാന്‍ കഴിയാതെ പോയത്? സ്ത്രീ കഥാപാത്രങ്ങളെ സ്ത്രീകളും പുരുഷകഥാപാത്രങ്ങളെ പുരുഷന്മാരും അവതരിപ്പിക്കുമ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനു മാത്രം എന്തുകൊണ്ട് ആത്മാവിഷ്കാരം സാധ്യമാകാതെ പോകുന്നു? എല്ലാ ഗണത്തിലും ഉള്‍പ്പെടുന്ന മനുഷ്യരുടെ ജീവിതാവിഷ്കാരം കൂടിയാവണമല്ലോ സിനിമ. അത്തരത്തില്‍ നോക്കുമ്പോള്‍ ഒരു പരിധി വരെ ‘ട്രാന്‍സ് ജെന്‍ഡര്‍’ വിഭാഗത്തില്‍ പെടുന്ന മനുഷ്യര്‍ ഇപ്പോഴും വെള്ളിത്തിരയുടെ പടിക്ക് പുറത്തു തന്നെയാണ് എന്ന് വേണം അനുമാനിക്കാന്‍.
അന്താരാഷ്ട്ര സിനിമ ചിത്രമെടുത്തു പരിശോധിച്ചാല്‍ ഒരു നൂറ്റാണ്ടു മുന്‍പ് തന്നെ ലിംഗസമത്വം പലരീതിയില്‍ ചലച്ചിത്ര വിഷയാവതരണങ്ങളില്‍ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ നാല്‍പതു വര്‍ഷമേ ആയിട്ടുള്ളു ഇന്ത്യയില്‍ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ചു ചെറുതായെങ്കിലും തിരക്കഥകളില്‍ പരാമര്‍ശിച്ചു തുടങ്ങിയിട്ട്. അവിടെയും യാഥാര്‍ഥ്യ ബോധത്തോടെയുള്ള കഥാപാത്ര സൃഷ്ടികള്‍ ഉണ്ടാകുന്നത് വളരെ വിരളവുമാണ്. മലയാള ഭാഷ ചലച്ചിത്ര മേഖലയിലേക്ക് നോക്കുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല. തീര്‍ത്തും അപക്വമായ ഇടപെടലുകളാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഷയാവതാരങ്ങളില്‍ മലയാള സിനിമ പലപ്പോഴും നടത്തിയിട്ടുള്ളത്. ‘ഞാന്‍ മേരിക്കുട്ടി,’ ‘കാ ബോഡി സ്കേപ്സ്,’ ‘ആളൊരുക്കം,’ ‘അര്‍ദ്ധനാരി,’ ‘ഓടും രാജ ആടും റാണി,’ തുടങ്ങിയ വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റു കഥാപാത്ര സൃഷ്ടികളൊക്കെ തീര്‍ത്തും അപലപനീയമാണ് എന്ന് പറയാതെ വയ്യ. 2019 ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ‘ഞാന്‍ മേരിക്കുട്ടി’ എന്ന ട്രാന്‍സ് സെക്സ്വ ല്‍ കഥാപാത്രാവതരണത്തിനു ജയസൂര്യയ്ക് ലഭിച്ചു. അത് ആ നടന്‍റെ അഭിനയ മികവ് തന്നെയാണ്. എന്നാല്‍ എന്തുകൊണ്ട് യഥാര്‍ത്ഥ ജീവിതത്തില്‍ ട്രാന്‍സ് സെക്സ്വല്‍ ആയ ഒരു വ്യക്തിയെ ആ കഥാപാത്രത്തിലേക്കു കാസ്റ്റ് ചെയ്യുവാന്‍ സംവിധായകനു കഴിയാതെ പോയി? തനതായ ലിംഗ മാതൃകകളും (സ്ത്രീ-പുരുഷന്‍), അവര്‍ക്കിടയിലെ പ്രണയവും, സൗഹൃദവും, വിവാഹവും, ലൈംഗികതയും കുഞ്ഞുകുട്ടി പ്രാരാബ്ധങ്ങളുമൊക്കെയല്ലാതെ അതിനു പുറത്തു മനുഷ്യ വൈവിധ്യങ്ങളുണ്ടെന്നുള്ള തിരിച്ചറിയലാണ് മലയാള സിനിമയില്‍ പലപ്പോഴും സാധ്യമല്ലാതെ പോകുന്നത്.
എല്‍.ജി.ബി.ടി.ഐ.ക്യു.എ+ സമൂഹവുമായി ബന്ധപ്പെട്ടു മുപ്പതോളം സിനിമകളെ കഴിഞ്ഞ നാല്പതു മലയാള ഭാഷയില്‍ സിനിമ കൊട്ടകകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളൂ. മോഹന്‍ 1978 ല്‍ സംവിധാനം ചെയ്ത ‘രണ്ടു പെണ്‍കുട്ടികള്‍’ മുതല്‍ ദേശാടനക്കിളി കരയാറില്ല (1986), സൂത്രധാരന്‍ (2001), സഞ്ചാരം (2004), ചാന്തുപൊട്ട് (2005), ഋതു (2009), സൂഫി പറഞ്ഞ കഥ (2010), ഉറുമി (2011), അര്‍ദ്ധനാരി (2012), മുംബൈ പോലീസ് (2013), തിര (2013), ഓടും രാജ ആടും റാണി (2014), മൈ ലൈഫ് പാര്‍ട്ടണര്‍ (2014), കാ ബോഡി സ്കേപ്സ് (2016), ഞാന്‍ മേരിക്കുട്ടി (2018), ഉടലാഴം (2018), ആളൊരുക്കം (2018), ഗീതു മോഹന്‍ദാസിന്‍റെ മൂത്തോനില്‍ (2020)ല്‍ എത്തി നില്‍ക്കുന്നു. ക്വിയര്‍ വിഷയങ്ങള്‍ പ്രതിപാദിച്ച ചലച്ചിത്ര നിര. ഇതില്‍ത്തന്നെ ഏറിയ പങ്കും ക്വിയര്‍ സമൂഹത്തെ ചിത്രീകരിച്ചിരിക്കുന്നത് ലൈംഗിക തൊഴിലാളികള്‍, സാമൂഹ്യവിരുദ്ധര്‍, വ്യാജന്മാര്‍, ഹാസ്യകഥാപാത്രങ്ങള്‍ തുടങ്ങിയ രീതിയിലാണ്. ഇത്തരം അവതരണങ്ങള്‍, ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരോടുള്ള അങ്ങേയറ്റത്തെ അനാദരവാണെന്നു പറയാതെ വയ്യ. സമൂഹത്തിനു തീര്‍ത്താല്‍ തീരാത്ത അബദ്ധ ധാരണകളാണ് ഇത്തരം അവതരണങ്ങളിലൂടെ സിനിമ എന്ന മാധ്യമം നല്‍കുന്നത് ഇനി ഒരു പരിധി വരെ ട്രാന്‍സ് വിഷയങ്ങളെ ആത്മാര്‍ത്ഥമായി ചിത്രീകരിച്ച ജയന്‍ ചെറിയാന്‍റെ ‘കാ ബോഡി സ്കേപ്സ്’ ആവട്ടെ റിലീസിന് മുമ്പു ഒട്ടേറെ നിയമക്കുരുക്കുകളിലൂടെ കടന്നു പോകേണ്ടിയും വന്നു.
ലോഹിതദാസിന്‍റെ ‘സൂത്രധാരന്‍’ ആദ്യാവസാനം ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരുടെ ജീവിതം പ്രതിനിധാനം ചെയ്യുന്ന ചിത്രമല്ല, സലിം കുമാര്‍ അവതരിപ്പിച്ച, നാട്ടില്‍ ഭാര്യയും മക്കളുമൊക്കെയുള്ള ലീലാകൃഷ്ണന്‍ എന്ന കഥാപാത്രം ഉപജീവനാര്‍ത്ഥമാണ് ട്രാന്‍സ് സ്ത്രീ വേഷം ധരിച്ചു ജീവിക്കുന്നത്. ഇത്തരമൊരു അവതരണം ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തില്‍ വ്യാജന്മാരുണ്ടെന്ന തോന്നലാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. വളര്‍ത്തു ദോഷത്തില്‍ സംഭവിച്ച പെരുമാറ്റ വൈകല്യമായാണ് രാധാകൃഷ്ണന്‍ എന്ന ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെ ലാല്‍ ജോസ് ‘ചാന്തുപൊട്ട്’ എന്ന സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വം വെറും പെരുമാറ്റ വൈകല്യം മാത്രമാണെന്നും നാഗരിക മനുഷ്യരുടെ സഹവാസവും കുറച്ചുപദേശങ്ങളും കൊണ്ട് മാറ്റിയെടുക്കാവുന്നതും ആണെന്നാണ് സിനിമ മുന്നോട്ടു വയ്ക്കുന്ന ആശയം. ജൂബിത് നമ്രടത്തിന്‍റെ ‘ആഭാസം’ എന്ന സിനിമയിലാകട്ടെ ശീതള്‍ ശ്യാം അവതരിപ്പിച്ച ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രം പ്രത്യേകിച്ച് ഒരു തരത്തിലും പ്രേക്ഷകര്‍ക്ക് സംവേദനക്ഷമമായില്ല. ഇനി ട്രാന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചലച്ചിത്രങ്ങള്‍ ഉണ്ടായെന്നു തന്നെയിരിക്കട്ടെ എത്രത്തോളം പ്രേക്ഷകര്‍ ഇവ കാണാന്‍ തീയേറ്ററുകളില്‍ എത്തും എന്നതും ചിന്തനീയമാണ്. ട്രാന്‍സ്ജെന്‍ഡര്‍ എന്ന ഒരു വിഭാഗം മനുഷ്യരുടെ അസ്ഥിത്വം സിസ്ജെന്‍ഡര്‍ മനുഷ്യര്‍ ഉള്‍ക്കൊള്ളണമെങ്കില്‍ സിനിമകളില്‍ ട്രാന്‍സ് കഥാപാത്രങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. എത്രയൊക്കെ കഥയാണെന്ന് പറഞ്ഞാലും യാഥാര്‍ഥ്യ ജീവിതത്തിന്‍റെ പ്രതിഫലനമായി സിനിമ പലപ്പോഴും മാറുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. സമൂഹത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ള മാധ്യമമെന്ന നിലയില്‍ ചലച്ചിത്രങ്ങളിലൂടെ തന്നെയാണ് മാറ്റങ്ങള്‍ തുടങ്ങേണ്ടത്. ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെ സിനിമയിലെന്നല്ല പൊതുവിടങ്ങളില്‍ പോലും കാണുമ്പോള്‍ ‘ദേ ചാന്തുപൊട്ട്’ എന്ന് കൊച്ചുകുഞ്ഞുങ്ങളടക്കം കൈ ചൂണ്ടി വിളിക്കുന്നുവെങ്കില്‍ അതില്‍ സിനിമ സൃഷ്ടിച്ച സ്വാധീനം ചെറുതല്ലെന്നു വേണം മനസ്സിലാക്കാന്‍. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനോട് എല്ലാ അര്‍ത്ഥത്തിലും നീതി പുലര്‍ത്താന്‍ ചലച്ചിത്രാവിഷ്കാരങ്ങള്‍ക്ക് കഴിയാതെ പോകുന്നത് പല വാര്‍പ്പ് മാതൃകകളില്‍ നിന്നും പുറത്തു കടക്കാന്‍ കഴിയാത്തതു കൊണ്ടാണ്.
മലയാള സാഹിത്യമോ, സിനിമയോ ആയിക്കൊള്ളട്ടെ സ്വതസിദ്ധവും സമ്പ്രദായികമല്ലാത്തതുമായ ഒന്നും തന്നെ ആവിഷ്കാരങ്ങളിക്ക് സന്നിവേശിപ്പിക്കാന്‍ തയ്യാറാകാത്തിടത്തോളം വൈവിധ്യമല്ലാത്ത സ്ഥിര സങ്കല്‍പ്പങ്ങള്‍ കഥാതന്തു കയ്യേറുക തന്നെ ചെയ്യും. നേട്ടം കൊണ്ടും പെരുമാറ്റം കൊണ്ടും മാറ്റി നിര്‍ത്തലുകള്‍ കൊണ്ടും സംഭാഷണം കൊണ്ടും മുറിവേല്‍ക്കേണ്ടവര്‍ തന്നെയാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം എന്ന് പിന്നെയും പിന്നെയും പറഞ്ഞു വെക്കാനാണ് പല മലയാള സിനിമകളും ശ്രമിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും സാക്ഷരരായ കേരള ജനത അതിന്‍റെമഴവില്‍ വര്‍ണ്ണ വൈവിധ്യങ്ങളുടെ നേര്‍ക്ക് കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അന്യഭാഷാചിത്രങ്ങള്‍, പ്രത്യേകിച്ച് ബംഗാളി, തമിഴ്, ഹിന്ദി തുടങ്ങിയവ മെച്ചപ്പെട്ട രീതിയില്‍ ട്രാന്‍സ് വിഷയാവതരണങ്ങളോട് നീതി പുലര്‍ത്തുന്നുണ്ട്.
ട്രാന്‍സ്ജെന്‍ഡര്‍ ജീവിതത്തെ ആവിഷ്ക്കരിക്കുവാന്‍ മലയാള സിനിമയില്‍ ഇതുവരെ വിരലിലെണ്ണാവുന്ന ചിത്രങ്ങളെ ഉണ്ടായിട്ടുള്ളുവെന്നത് കേരളീയ സമൂഹത്തിന്‍റെ ചില സങ്കുചിത മനോഭാവങ്ങളെയാണ് തുറന്നു കാട്ടുന്നത്. വ്യത്യസ്തമായ ജീവിത പരിസരങ്ങള്‍ കഥാതന്തുവാക്കുന്ന സമാന്തര ചലച്ചിത്രകാരന്മാരും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളോട് മുഖം തിരിക്കുന്നത് ചര്‍ച്ച ചെയ്യപ്പെടുക തന്നെ വേണം ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രാവതരണത്തില്‍ കുറച്ചെങ്കിലും നീതി പുലര്‍ത്തിയ അര്‍ദ്ധനാരി, ഓടും രാജ ആടും റാണി ആളൊരുക്കം തുടങ്ങിയ ചിത്രങ്ങളിലാവട്ടെ ഉപരിപ്ലവമായ ചര്‍ച്ചകള്‍ക്കപ്പുറം അവരുടെ യഥാര്‍ത്ഥ പ്രതിസന്ധികളിലേക്ക് കടക്കാന്‍ ധൈര്യപ്പെടുന്നില്ല. ഒന്നുകില്‍ കേരളീയ സമൂഹത്തിന്‍റെ സാമൂഹ്യ സദാചാര ബോധങ്ങളെ വെല്ലുവിളിക്കാനുള്ള ധൈര്യമില്ലായ്മയോ അല്ലെങ്കില്‍ വിപണി ആവശ്യപ്പെടുന്ന ഒത്തുതീര്‍പ്പുകളോട് കലഹിക്കാനുള്ള പക്വതയോ മലയാള ചലച്ചിത്ര ലോകം ഇപ്പോഴും ആര്‍ജിച്ചിട്ടില്ല എന്ന് വേണം കരുതാന്‍.
ചലച്ചിത്രങ്ങളെ അപേക്ഷിച്ചു ഡോക്യൂമെന്‍ററികളും ഹ്രസ്വചിത്രങ്ങളും വിഷയാവതരണങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരോട് ഒരു പരിധിവരെ നീതി പുലര്‍ത്തുന്നുണ്ട്. പി. അഭിജിത്തിന്‍റെ ‘എന്നോടൊപ്പം’ ജിജോ കുര്യാക്കോസിന്‍റെ ‘ഞാന്‍ സാന്‍ജോ’ തുടങ്ങിയ ഡോക്യൂമെന്‍ററികളും നിയോ ഫിലിം സ്കൂള്‍ നിര്‍മ്മിച്ച അക്ഷയ് സജിയുടെ ‘ഒരേ നിയമം’ സജിത്ത് ദേവ്സിന്‍റെ ‘ബി യൂര്‍സെല്‍ഫ്’ തുടങ്ങിയ ഹ്രസ്വചിത്രങ്ങളുമൊക്കെ യാഥാര്‍ഥ്യബോധത്തോടെ കഥാപാത്രങ്ങളെ സമീപിച്ചു എന്നുള്ളത് പ്രശംസനീയമാണ്.
ലിംഗസമത്വത്തെക്കുറിച്ചു വലിയ മാധ്യമ ചര്‍ച്ചകള്‍ നടക്കുമ്പോഴും അവിടെ സ്ത്രീ പുരുഷ ദ്വന്ദങ്ങളെക്കുറിച്ചുള്ള പ്രതിപാദനകള്‍ക്കാണ് ഊന്നല്‍. ലിംഗന്യൂനപക്ഷങ്ങളെ മൂന്നാം ലിംഗമായി 2014 ല്‍ തന്നെ സുപ്രീം കോടതി അംഗീകരിച്ചതാണ്. ട്രാന്‍സ്ജെന്‍ഡര്‍ പോളിസി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും വിവേചനം എന്നും അവര്‍ക്കു മുന്നില്‍ തൂങ്ങി നില്ക്കുന്ന വാള്‍ തന്നെ. അവരും ഉള്‍ക്കൊള്ളുന്ന ഒരു ഇടമാകണം സമൂഹമെന്നപോലെ മാധ്യമങ്ങളും. പ്രത്യേകിച്ച് കാഴ്ചക്കാരെ മികച്ചരീതിയില്‍ സ്വാധീനിക്കാന്‍ കഴിയുന്ന സിനിമാമേഖല. ട്രാന്‍സ്ജെന്‍ഡര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന നൂറു സിനിമകള്‍ ഉണ്ടായി എന്നതല്ല മറിച്ചു അവയ്ക്ക് എത്രത്തോളം യാഥാര്‍ഥ്യബോധത്തോടെയും സത്യസന്ധതയോടെയും ട്രാന്‍സ് വിഷയങ്ങളെ സമീപിക്കാന്‍ കഴിഞ്ഞു എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.
രേഖ കെ. പി.
അസി. പ്രൊഫസര്‍
വിഷ്വല്‍ മീഡിയ & കമ്മ്യൂണിക്കേഷന്‍സ്
അമൃത സ്കൂള്‍ ഓഫ് ആര്‍ട്സ് &സയന്‍സസ്, കൊച്ചി
COMMENTS