പ്രശസ്ത ട്രാന്‍സ് കവയിത്രിയും എഴുത്തുകാരിയുമായ വിജയരാജമല്ലിക തന്‍റെ ഫേസ്ബുക് പേജില്‍ എഴുതിയ കുറിപ്പ്:
വളരെ ഏറെ നാളുകള്‍ക്ക് ശേഷമായിരുന്നു ഇന്നലെ സേനനുമൊത്ത് ഒരു ചെറുതല്ലാത്ത എന്നാല്‍ ദീര്‍ഘ സ്വഭാവം അത്രതന്നെ ഇല്ലാത്ത ഒരു യാത്രയ്ക്ക് പോയത്. പോകും വഴി പ്രിയപ്പെട്ട പാട്ടുകള്‍ ഒക്കെ വെച്ചു. പോകേണ്ടത് രാവിലെ 10മണിക്ക് മുമ്പായി എത്തിച്ചേരേണ്ട ഒരു ഇടമായിരുന്നത് കൊണ്ട് തന്നെ ഫാസ്റ്റ് ട്രാക്ക് പാട്ടുകള്‍ ആയിരുന്നു പലതും. പതിവുപോലെ ‘പണിതീരാത്ത വീട്’ ലേ ‘മാറില്‍ ശ്രമന്തക രത്നം ചാര്‍ത്തി’, ‘സിവഗംഗയ് സീമ’യിലെ ‘സാന്ത് പൊട്ട് ഗമ ഗമ ഗ’, ‘റാണി സംയുക്ത’യിലെ ‘മുല്ലൈ മലര്‍ക്കാട്’ അങ്ങനെ അങ്ങനെ ഊരകം കഴിയാറായപ്പോള്‍ 1961ലേ ‘ഉണ്ണിയാര്‍ച്ച’യിലെ ‘പാടാം പാടാം’മിലെത്തി. ആ പാട്ട് പ്ലേ ആയതും 1961ലേ ‘ഉണ്ണിയാര്‍ച്ച’യും 1963ലേ ‘പാലാട്ടുകോമനും’കൂടി ആലപ്പുഴയില്‍നിന്നും പൂനയ്ക്ക് കളറൈസേഷനു പോയ കഥയും, ‘പാലാട്ടുകോമന്‍’തിരികെ വരാതെ പോയതും, തിരികെ വന്ന ‘ഉണ്ണിയാര്‍ച്ച’യുടെ ക്ലൈമാക്സിലേ കുറെ രംഗങ്ങള്‍ കട്ട് ആയി പോയതും, പിന്നീട് 1973ലേ ഉദയയുടെ തന്നെ ‘ആരോമലുണ്ണി’യിലെ പി. ജയചന്ദ്രനും, കെ.ജെ. യേശുദാസും ചേര്‍ന്ന് പാടിയ ‘പാടാം ആരോമല്‍ ചേകവര്‍’ എന്ന ഗാനം തുന്നിച്ചേര്‍ത്ത് ‘ഉണ്ണിയാര്‍ച്ച’യേ മുഴുവപ്പിച്ച കഥയും ഒക്കെ പറഞ്ഞു കൊണ്ടിരിക്കയായിരുന്നു.
അല്ലെങ്കിലും ഒന്ന് ഓര്‍ത്തുനോക്കൂ.1965(?)ലേ ‘കുഞ്ഞാലി മരക്കാര്‍’ല്‍ ആദ്യമായി പിന്നണി പാടിയ പി. ജയചന്ദ്രന്‍റെ ശബ്ദം എങ്ങിനെ 1961ലേ ‘ഉണ്ണിയാര്‍ച്ച’യില്‍ വന്നു എന്ന് ചുരുക്കം ചില സിനിമാ പ്രേമികള്‍ എങ്കിലും ചിന്തിച്ചു കാണും, ഉറപ്പ്! രാഗിണി നായികയായ ഈ സിനിമയില്‍ പി. ഭാസ്കരന്‍ മാസ്റ്ററും, ശാരങ്കപ്പാണിയും ആയിരുന്നല്ലോ ഗാനങ്ങള്‍ എഴുതിയത്. എന്നാല്‍ ‘ആരോമലുണ്ണി’യിലെ ഗാനങ്ങള്‍ വയലാറിന്‍റേതായിരുന്നു.
ആവേശകരമായി യാത്ര പുരോഗമിക്കേയായിരുന്നു ആ വരി എത്തിയത്. ‘ആണും പെണ്ണും അല്ലാത്ത ചതിയന്‍ ചന്തു’. ഭ്രമണപഥത്തില്‍ നിന്നും തെന്നിമാറിയ ഒരു റോക്കറ്റ് എന്‍റെ നെഞ്ചില്‍ വന്നു വീണത് പോലെ എനിക്കു അനുഭവപ്പെട്ടു. സേനന് കാര്യം മനസിലായി. ഞാന്‍ ഓര്‍ത്തു, ‘ഈ വരികള്‍ എത്ര തലമുറകളെ വേദനിപ്പിച്ചു കാണും?!’
നമ്മുടെ നവോത്ഥാന ചരിത്രങ്ങളില്‍ ആണും പെണ്ണുമല്ലാത്ത മനുഷ്യ നിലനില്‍പ്പുകളെ എവിടെ എങ്കിലും പറഞ്ഞതായി അറിയുമോ? പുതിയ ചരിത്രത്തിന്‍റെ വിത്തുകള്‍ പാകാന്‍ കഴിഞ്ഞവരോട് എന്നും ആദരവും ബഹുമാനമാണ്. ഇന്‍റര്‍സെക്സ് എന്നത് ഒരു മനുഷ്യ വാസ്തവമാണെന്ന് ഇനിയും തിരിച്ചരിയാത്ത, ഉള്‍കൊള്ളാത്ത പൊതുസമൂഹമെന്ന് സ്വയം അഹങ്കരിക്കുന്ന ഒരു വിഭാഗം മനുഷ്യരെ, നിങ്ങള്‍ എന്നാണ് ഇനി ഉണരുക? 41 വ്യത്യസ്ത ക്ലാസ്സിഫിക്കേഷനുകള്‍ ഉണ്ട് ഇന്‍റര്‍സെക്സില്‍. അതില്‍ ഒന്ന് മാത്രമാണ് മിശ്രലിംഗാവസ്ഥ.
‘നീ ആണാണോ പെണ്ണാണോ’ എന്ന് ചോദിക്കുന്നവരോട് അത് തിരിച്ചു ചോദിക്കാനും, ‘ഞാന്‍ ഈ രണ്ടുമല്ലെ’ന്ന് പറയാനുമുള്ള ഉള്‍ക്കരുത്ത് എനിക്ക് എന്നുമുണ്ട്. രണ്ടില്‍ ഏതെങ്കിലും ഒന്നായി ഇരിക്കുന്നത് ഒരു കേമത്തമാണെന്ന് ഞാന്‍ കരുതുന്നില്ല. മനുഷ്യന്‍റെ ലൈംഗികതയെ പറ്റി പറയാന്‍ എന്തിനാണ് ട്രാന്‍സ്ജെന്‍ഡര്‍ ബോധവല്‍ക്കരണ ക്ലാസ്സ്? സ്ത്രീശാക്തീകരണം പരിശീലിപ്പിക്കുമ്പോള്‍ സ്ത്രീയുടെ വൈവിദ്ധ്യമാര്‍ന്ന ലൈംഗികദിശാബോധങ്ങളെ പറ്റി പറഞ്ഞുകൊടുക്കാമല്ലോ! മാറേണ്ടത് മറ്റൊരാളോ, സമൂഹമോ അല്ല. ആദ്യം സ്വയം മാറൂ. 1966ലേ ‘സ്ഥാനാര്‍ഥി സാറാമ്മ’യിലെ ‘പറുദീസയിലെ പകുതി വിരിഞ്ഞ പാതിരാ മലര്‍ ‘എന്നെഴുതിയ വയലാര്‍ 1973ലെ ‘ചുക്ക്’ലെ ‘കാദംബരി’യിലും ചേര്‍ത്തുപ്പിടിച്ചു. നമ്മുടെ പാട്ടുകള്‍, സിനിമാ സംഭാഷണങ്ങള്‍, കഥാ സന്ദര്‍ഭങ്ങള്‍, ഹാസ്യ രംഗങ്ങള്‍ അങ്ങനെ പലതും ജെന്‍ഡര്‍ സെന്‍സിറ്റീവ് ആകാനുണ്ട്.
വിജയരാജമല്ലിക
ട്രാന്‍സ് കവയിത്രി, എഴുത്തുകാരി
COMMENTS