Homeചർച്ചാവിഷയം

പറയാന്‍ മറന്ന കഥകള്‍ കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ നാടകാനുഭവം

സാഹിത്യവും കലാരൂപങ്ങളും ട്രാന്‍സ് ക്വിയര്‍ മനുഷ്യരുടെ കഥകള്‍ പ്രതിനിധാനം ചെയ്തു തുടങ്ങിയിട്ട് ഒരുപാട് കാലങ്ങളായിട്ടില്ല. നാടകങ്ങളില്‍ ജെന്‍ഡര്‍ ക്വിയര്‍ കഥാപാത്രങ്ങള്‍ പലപ്പോഴും അവഹേളിക്കപ്പെടുന്നവരായിട്ടോ സമൂഹത്തിലെ മുഖ്യധാരാ ജെന്‍ഡര്‍ നിര്‍മ്മിതികളോടു സമരസപ്പെടാന്‍ കഴിയാതെ അരികുകളില്‍ നില്കുന്നവരായിട്ടോ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പല നാടകങ്ങളും ട്രാന്‍സ് ക്വിയര്‍ വ്യക്തിത്വങ്ങളെ ഉള്‍ക്കൊണ്ട് അവതരിപ്പിക്കപ്പെട്ടവയുമായിരുന്നില്ല. ‘പറയാന്‍ മറന്ന കഥകള്‍’ മലയാള നാടകചരിത്രത്തില്‍ അടയാളപ്പെടുന്നത് രംഗഭാഷയുടെയുടെ പേരില്‍ മാത്രമല്ല; അത് കൈകാര്യം ചെയ്ത പ്രമേയത്തിന്‍റെയും അതിലെ അഭിനേതാക്കളുടെയും അവര്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തിന്‍റെയും പേരിലാവും. പ്രത്യേകിച്ച് ഒരു സ്ക്രിപ്റ്റിനെ ആശ്രയിക്കാതെ, സ്വന്തം ജീവിതം ഒരു നാടകത്തിലെ ഡയലോഗ് ആയി സ്റ്റേജില്‍ പറഞ്ഞാല്‍ എങ്ങിനെയിരിക്കും? അതാണ് “പറയാന്‍ മറന്ന കഥകള്‍’ എന്ന നാടകം. കാരണം, ഈ നാടകം അതിലെ അഭിനേതാക്കളായ ഞങ്ങളുടെ ജീവിതമായിരുന്നു; നാടകവും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തു വരുന്ന കാഴ്ച.

നാടകത്തിന്‍റെ പിറവി : അഭിനയക്കളരിയും നാടകാവതരണവും
ട്രാന്‍സ് വ്യക്തികളുടെ സാമൂഹ്യമായ പുരോഗതിക്കു വേണ്ടി നില കൊള്ളുന്ന ‘ദ്വയ’ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ രഞ്ചു രഞ്ജിമര്‍, ശീതള്‍ ശ്യാം, സൂര്യ ഇഷാന്‍, ദയഗായത്രി, ദീപ്തി കല്യാണി എന്നിവരോടൊപ്പം ഞങ്ങള്‍ പതിനാറോളം ട്രാന്‍സ് അഭിനേതാക്കളാണ് നാടകത്തില്‍ അണി നിരന്നത്. ‘മഴവില്‍ ധ്വനി’ എന്ന, കേരളത്തിലെ ആദ്യത്തെ തീയേറ്റര്‍ ഗ്രൂപ്പ് ആണ് ഈ നാടകത്തിന്‍റെ അണിയറയില്‍. തമിഴ് നാട്ടിലെ പണ്‍മൈ തീയേറ്റര്‍ ഗ്രൂപ്പ് ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് നാടക സംഘമായി അറിയപ്പെടുന്നു. ചെന്നൈയില്‍ നിന്നുള്ള തീയേറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനും കൊണ്ടെമ്പോററി ഡാന്‍സറുമായ ശ്രീജിത്ത് സുന്ദരം അഭിനേതാക്കളെ പരിശീലിപ്പിച്ച് അവരുടെ ജീവ്തം തന്നെ രംഗത്തു അവതരിപ്പിക്കാനുള്ള ധൈര്യം നല്‍കി. സാമൂഹികമായ അരികുവത്കരണം എന്ന പ്രമേയത്തിലൂന്നിയാണ് ഇന്‍റര്‍നാഷണല്‍ തീയേറ്റര്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായി 2018 ല്‍ ഒരു തീയേറ്റര്‍ വര്‍ക്ക് ഷോപ് സംഘടിപ്പിക്കുകയുണ്ടായി. മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ ‘ശരീരം തന്നെ ഒരു രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്നതെങ്ങനെ’ എന്ന ചോദ്യത്തെ അഭിമുഖീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് സംവിധായകന്‍ അഭിപ്രായപ്പെട്ടിരുന്നു. മതത്തിന്‍റെയും ജാതിയുടെയും ലിംഗത്തിന്‍റെയും പേരില്‍ അക്രമങ്ങള്‍ നടക്കുന്ന കാലഘട്ടത്തില്‍ അവ കൂടെ പ്രതിനിധീകരിക്കപ്പെടേണ്ട ആവശ്യകത നാടകത്തിനുണ്ട് എന്ന് എന്ന് മനസ്സിലാക്കിയ സംവിധായകന്‍ ട്രാന്‍സ് എഴുത്തുകാരിയായ രേവതിയുടെ ജീവിതകഥയായ ‘ഉണര്‍വും ഉരുവനും,’ ട്രാന്‍സ് ആക്ടിവിസ്റ്റും കവയിത്രിയുമായ കല്‍ക്കിയുടെ ‘കുറി അരുത്തേന്‍’ എന്ന കവിതയും ഈ നാടകത്തിന്‍റെ പ്രമേയത്തിന് പ്രചോദനമായതായി വ്യക്തമാക്കുന്നു. സമൂഹത്തിന്‍റെ അവഗണകളും അവഹേളനങ്ങളും അതിക്രമങ്ങളും സഹിക്കേണ്ടി വന്നിട്ടുള്ള ട്രാന്‍സ് വ്യക്തികള്‍ക്കു തങ്ങളുടെ ശബ്ദം കേള്‍പ്പിക്കാനുള്ള ഒരു പൊതുവേദിയായി മാറുകയാണ് ഈ നാടകം. ലിംഗ വിവേചനങ്ങളില്ലാത്ത ഒരു ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ കൂടെയാണ് “പറയാന്‍ മറന്ന കഥകള്‍” പങ്കു വെക്കുന്നത്.
കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും കീഴില്‍ ട്രാന്‍സ് ആക്ടിവിസ്റ്റുകളായ രെഞ്ചു രെഞ്ജിമറും ശീതള്‍ ശ്യാമുമൊക്കെ ഈ നാടകത്തെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. 2018 ജനുവരിയിലായിരുന്നു നാടകത്തിന്‍റെ ആദ്യത്തെ ഓഡിഷന്‍. ഞാനടക്കമുള്ള സംഘങ്ങള്‍ക്ക് ത്രിശൂരില്‍ വെച്ച് നടന്ന ഇന്‍റര്‍നാഷണല്‍ തീയേറ്റര്‍ ഫെസ്റ്റിവലിലെ സ്കൂള്‍ ഓഫ് ഡ്രാമയുടെ നാടകക്കളരിയില്‍ പരിശീലനം ലഭിച്ചു. ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റിയ, ജീവിതത്തിലെ ഒരനുഭവമായിരുന്നു അന്നത്തെ ആ നാടക പരിശീലന ക്യാമ്പ്. അവിടെ തന്നെയാണ് ആദ്യമായി ഈ നാടകം അരങ്ങേറിയത്. ഞങ്ങളുടെ ജീവിതം മുഖ്യ പ്രമേയമായി വരുന്ന ഈ നാടകത്തില്‍ പൊതുമണ്ഡലത്തില്‍ നടക്കുന്ന സംഭവങ്ങള്‍ക്കനുസരിച് ഓരോ അവതരണത്തിലും പുതുമകള്‍ കൊണ്ടുവരുവാനും ശ്രമിച്ചിരുന്നു.

പ്രേക്ഷകരുടെ പ്രതികരണങ്ങള്‍
ഒട്ടനവധി സ്റ്റേജുകളില്‍- ഗോവ തീയേറ്റര്‍ ഫെസ്റ്റിവല്‍ ഷിമോഗയിലെ ഇന്‍റര്‍നാഷനല്‍ തീയേറ്റര്‍ ഫെസ്റ്റിവല്‍, ബാംഗ്ലൂര്‍, ചെന്നൈ എന്നീ നഗരങ്ങളിലെ വേദികളിലും – ‘പറയാന്‍ മറന്ന കഥകള്‍’അവതരിപ്പിക്കപ്പെടുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. നാടകം മലയാളത്തിലായിരുന്നെങ്കിലും കേരളത്തിന് പുറത്തെ നഗരങ്ങളില്‍ അവതരിപ്പിച്ചപ്പോള്‍ വലിയ പ്രേക്ഷക പ്രശംസ ലഭിയ്ക്കുകയുണ്ടായി. സിനിമ – നാടകരംഗത്തെ കലാസംവിധായകരടക്കമുള്ള സെലിബ്രിറ്റികള്‍ ഗ്രീന്‍ റൂമില്‍ വന്നു കെട്ടിപ്പിടിച്ചു നിറകണ്ണുകളോടെ അഭിനന്ദനമറിയിച്ചു. നാടകത്തിനു ലഭിച്ച സെലിബ്രിറ്റികളുടെ അഭിനന്ദനം ശരിക്കും വലിയ ഒരു പ്രചോദനവും ആനന്ദവുമായി. പ്രശസ്ത അഭിനേത്രിയായ പ്രിയാ മണി ഒരു നാടകാവതരണത്തിനു ശേഷം സ്നേഹത്തോടെ ആശ്ലേഷിച്ചു കൊണ്ട് എന്നോട് പറഞ്ഞു : ‘എന്നെ അത്ഭുതപ്പെടുത്തിയ അഭിനയം… കോമഡി റോളുകളും ചെയ്യാന്‍ സാധിക്കണം.’ കലയ്ക്ക് ഭാഷ ഒരു തടസ്സമല്ല എന്ന് അന്യനഗരങ്ങളിലെ പ്രേകഷകര്‍ ഈ നാടകത്തെ ഉള്‍ക്കൊണ്ടതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ (കുസാറ്റ്) യൂണിയന്‍റെ സമാപന സമ്മേളനത്തിന് മുന്നോടിയായി ഓപ്പണ്‍ എയറില്‍ നടന്ന നാടകപ്രദര്‍ശം കണ്ട എഴുത്തുകാരിയായ പ്രിയ എ.എസ് ഇപ്രകാരം അഭിപ്രായപ്പെടുന്നു: “പറയാന്‍ മറന്ന കഥകളല്ല, പറയാനൊരു ഇടം ആരും കൊടുക്കാത്തതു കൊണ്ട് ട്രാന്‍സ് വ്യക്തികള്‍ എന്ന നിസ്സഹായ വിഭാഗം ഉള്ളിലൊതുക്കിയ നോവുകളും സത്യങ്ങളും നിറഞ്ഞ ജീവിത വര്‍ത്തമാനങ്ങളാണിത്. കാലങ്ങളായി പാര്‍ശ്വവത്ക്കരണത്തിന്‍റെ ഏറ്റവും കടുത്ത പ്രതീകങ്ങളായി നിലകൊള്ളുന്നവര്‍ ആദ്യമായി ഒരു നാടകക്കൂട്ടമായി അരങ്ങിലെത്തി, പേരുകള്‍ പോലും മാറ്റാതെ അവരവരായിത്തന്നെ നിന്ന്, വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും നേരിട്ട അവഗണനയും പരിഹാസവും വെറുപ്പും നിറഞ്ഞ ഏടുകളെ ഉറഞ്ഞു തുള്ളിയും കരഞ്ഞുലഞ്ഞും ചോദ്യ രൂപേണ വിരലുയര്‍ത്തിയും പാട്ടു മാത്രം അകമ്പടിയായ സ്റ്റേജിലവതരിപ്പിച്ചപ്പോള്‍, പല തവണ കണ്ണ് നിറഞ്ഞു, ഉള്ള് നീറി…’* ‘പറയാന്‍ മറന്ന കഥകള്‍’ കേരളത്തിനകത്തും പുറത്തുമായി ഒട്ടനവധി വേദികളിലവതരിപ്പിക്കപ്പെട്ടെങ്കിലും മറ്റു വേദികളില്‍ നിന്നും വ്യത്യസ്തമായി ഓപ്പണ്‍ എയര്‍ വേദിയില്‍ നാടകം കാണാന്‍ വന്ന സിസ്ജെന്‍ഡര്‍ കുട്ടികളുടെ കൗതുകവും ട്രാന്‍സ് ജീവിതത്തിന്‍റെ പകര്‍ന്നാട്ടവും എങ്ങനെയാണ് തന്നെ സ്വാധീനിച്ചതെന്നും പ്രിയ എ. എസ്. തുടര്‍ന്ന് വിവരിക്കുന്നുണ്ട്. “ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും എന്‍ജിനീയറാക്കാനും ഡോക്റ്ററാക്കാനും പാടുപെടുന്ന അച്ഛനമ്മമാര്‍, പഠിപ്പിലെത്ര മിടുക്കുണ്ടായാലും തന്‍റെ കുട്ടിയെ കുറിച്ചുളള ലിംഗപരമായ തിരിച്ചറിവിലെത്തുമ്പോള്‍ നെഞ്ചത്തലച്ച്, ശാപവാക്കുതിര്‍ത്ത്, സ്വന്തം തല വിധിയെ പഴിച്ച് കൈയൊഴിയുകയാണ്.
‘ആണും പെണ്ണും ചേര്‍ന്ന ഞങ്ങളല്ലേ സത്യത്തില്‍ ഒന്നാം നിരക്കാരാവേണ്ടത്?’ എന്നു ചോദിച്ചു നിര്‍ത്തുന്ന നാടകത്തില്‍ നിറയെ സമകാലീന സംഭവങ്ങളാണുള്ളത്. ഒരാനക്കാര്യം പോലെ ട്രാന്‍സ് വ്യക്തികള്‍ക്ക് ജോലി കൊടുത്ത കൊച്ചി മെട്രോ വഴികള്‍ പിന്നെ വെറും ചേനക്കാര്യമായിത്തീര്‍ന്നത്, ശബരിമലയില്‍ ട്രാന്‍സ് വ്യക്തികളുടെ പ്രവേശനം വിവാദ വിഷയമായത്, ട്രാന്‍സ് വ്യക്തിയായ കൂടപ്പിറപ്പിനെ കാണാന്‍ സഹോദരി വന്നപ്പോള്‍ അത് കൂട്ടിക്കൊടുക്കലായി വ്യാഖ്യാനിക്കപ്പെട്ട് പോലീസ് സ്റ്റേഷനില്‍ കേസായത്, ട്രാന്‍സ് വ്യക്തി നടത്തിയ ചായക്കടയെ പൊതുജനം ബഹിഷ്ക്കരിച്ചത്, അവരുടെ ശരീരത്തിന്‍റെ സാധ്യതകള്‍ മാത്രം കണ്ട് ‘സെക്സ് വര്‍ക്കേഴ്സ്’ എന്ന നിലയില്‍ സമൂഹം അവരെ കാണുന്നത് തുടങ്ങി എല്ലാം പകര്‍ന്നാടി അവര് അരങ്ങിന് ജീവന്‍ വയ്പ്പിച്ചു.”** സ്വന്തം ശരീരവും വ്യക്തിത്വും ഒരു അഭിനേതാവ് മറ്റൊരു കഥാപാത്രത്തിലേക്ക് ആവാഹിക്കുന്നത് അഭിനയകല എന്ന സിദ്ധിയുടെ പരമമായ പ്രകടനമാണ്. എന്നാല്‍ പറയാന്‍ മറന്ന കഥകള്‍ ശ്രദ്ധേയമാവുന്നത് ആത്മാംശം കഥാപാത്രങ്ങളില്‍ സമ്മേളിപ്പിച്ച കഥാപാത്രങ്ങളാവാതെ തങ്ങളെ തങ്ങളായി തന്നെ രംഗത്തവതരിപ്പിച്ചതിലൂടെയാണ്. നാടകത്തിന്‍റെ രാഷ്ട്രീയവും വ്യത്യസ്തമല്ല; സിസ്ജെന്‍ഡര്‍ വ്യക്തികള്‍ ട്രാന്‍സ് കഥാപാത്രങ്ങളാവുന്നതിനു പകരം ട്രാന്‍സ് വ്യക്തികള്‍ തന്നെ തങ്ങളെ പ്രതിനിധാനം ചെയ്യുന്നിടത്താണ് നാടകത്തിന്‍റെ രാഷ്ട്രീയം അര്‍ത്ഥവത്താവുന്നത്.
നാടകത്തിന്‍റെ അവതരണം ഒട്ടേറെ വികാര ഭരിതമായ രംഗങ്ങള്‍ക്കും സാക്ഷിയായി. നാടകത്തിലെ ഒരു അഭിനേത്രിയുടെ മാതാപിതാക്കള്‍ അവളെ അംഗീകരിക്കുകയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ തയ്യാറാവുകയും ചെയ്തത് എല്ലാവരുടെയും കണ്ണ് നനയിച്ചു.

നാടകാനുഭവങ്ങള്‍: പ്രചോദനവും പ്രതീക്ഷകളും
എന്‍റെ ജീവിതത്തിലെ ഒരു നിര്‍ണായക വഴിത്തിരിവായിരുന്നു ‘പറയാന്‍ മറന്ന കഥകള്‍.’ ഈ നാടകം ആദ്യമായി അവതരിപ്പിച്ച വേദിയില്‍ വച്ച് തന്നെ പഠനം തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസം നേടണം എന്ന ഉറച്ച തീരുമാനം ഞാന്‍ എടുത്തു. എന്‍റെ വ്യക്തിത്വ രൂപീകരണത്തിന് നാടകക്കളരിയിലെ പരിശീലനം ഒരുപാട് സ്വാധീനം ചെലുത്തി. സിസ് വ്യക്തികളടക്കം ഒരുപാട് പേരുമായി ഇടപഴകാനും ഒരുപാട് കഥകള്‍ കേള്‍ക്കാനും അതില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും ആ നാടക പരിശീലനക്കളരിയും പെര്‍ഫോമന്‍സ് വേദികളും നിമിത്തമായി. ജീവിതത്തില്‍ സ്വപ്നങ്ങള്‍ കാണാനും അവ നേടിയെടുക്കാനുമുള്ള പ്രചോദനം നല്‍കിയതും ഈ നാടകവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച കാലത്തെ അനുഭവങ്ങളിലാണ്.
നാല് പ്രദര്‍ശനങ്ങള്‍ക്ക് ശേഷം കേരളത്തില്‍ പ്രളയദുരിതം കാരണം നാടകത്തിന്‍റെ പല ബുക്കിങ്ങുകളും മടങ്ങിപ്പോവുകയുണ്ടായി. രംഗസംവിധാനങ്ങളും ചമയവസ്തുക്കളും പ്രളയത്തില്‍ നഷ്ടപ്പെട്ടു. അപ്പോള്‍ സൂര്യ ഫെസ്റ്റിവലിന്‍റെ സംഘാടകനായ സൂര്യകൃഷ്ണമൂര്‍ത്തിയെ സമീപിക്കുകയും, അങ്ങനെ തിരുവനന്തപുരം ഗണേശം ഓഡിറ്റോറിയത്തില്‍ സൗജന്യമായി നാടകം അവതരിപ്പിക്കാനുള്ള സൗകര്യം ലഭിക്കുകയും ചെയ്തു. നാടകപ്രവര്‍ത്തകരായ ട്രാന്‍സ് വ്യക്തികള്‍ തങ്ങള്‍ക്ക് സഹായം ലഭിച്ചപ്പോള്‍ അതില്‍ നിന്ന് കിട്ടിയ വരുമാനം പ്രളയ ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാനും മറന്നില്ല.

കേരളത്തില്‍ ട്രാന്‍സ് അഭിനേതാക്കളുടെ മറ്റ് കലാസംഘങ്ങളുമുണ്ട്.
മഴവില്‍ ധ്വനി എന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ നാടകസംഘത്തില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയും കലാസംവിധായികയായും പ്രധാന അഭിനേത്രിയുമായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പറയാന്‍ മറന്ന കഥകളിലെ പ്രകടനത്തിന് ശേഷം എനിക്ക് ഈ മേഖലയില്‍ കൂടുതല്‍ താത്പര്യമുണ്ടെന്നു അറിയിച്ചപ്പോള്‍ രെഞ്ചുവമ്മയും ശ്രീജിത്ത് സുന്ദരം സാറും എന്നെ കൂടെ നിര്‍ത്തി പുതിയ നാടകത്തില്‍ അസിസ്റ്റ് ചെയ്യാനുള്ള അവസരവും നല്‍കുകയുണ്ടായി. പുതിയ ചില നാടകങ്ങളും പണിപ്പുരയില്‍ ആലോചിക്കുന്നുണ്ട്. ഇത് ഒരു മാറ്റത്തിന്‍റെ തുടക്കമാണ്. ഒരുപാട് ട്രാന്‍സ് പ്രോചോദിതങ്ങളായ നാടകങ്ങള്‍ വരുകയും എല്ലാവര്‍ക്കും അംഗീകാരങ്ങള്‍ ലഭിയ്ക്കുകയും വേണം. അങ്ങനെ നാടകങ്ങള്‍ നല്ല ആശയങ്ങളെ അവതരിപ്പിക്കുകയും നീതി നിഷേധിക്കപ്പെട്ട ജീവനൊടുക്കേണ്ടി വരുന്ന ട്രാന്‍സ് ജീവിതങ്ങള്‍ ഇനിയില്ലാതിരിക്കുകയും വേണം.

*പ്രിയ എ. എസ്. “പറയാന്‍ മറന്ന ചില ജീവിതവര്‍ത്തമാനങ്ങള്‍,” ഇന്ത്യന്‍ എക്സ്പ്രസ്സ് 27, ഡിസംബര്‍ 2018.
** പ്രിയ എ. എസ്. “പറയാന്‍ മറന്ന ചില ജീവിതവര്‍ത്തമാനങ്ങള്‍,” ഇന്ത്യന്‍ എക്സ്പ്രസ്സ് 27, ഡിസംബര്‍ 2018.


ഹെയ്ദി സാദിയ
അഭിനേത്രി/ ജേര്‍ണലിസ്റ്റ്/ യൂട്യൂബര്‍

COMMENTS

COMMENT WITH EMAIL: 0