Homeചർച്ചാവിഷയം

ആത്മവിശ്വാസത്തിന്‍റെ ട്രാന്‍സ് മുഖം

സ്വപ്രയത്നം കൊണ്ട് ഉന്നതവിദ്യാഭ്യാസത്തിലൂടെ താന്‍ എത്തിപ്പിടിച്ച മികച്ച കരിയറിലൂടെ പൊതുശ്രദ്ധ നേടിയ ട്രാന്‍സ് വുമണ്‍ ആണ് ഡോ. വി. എസ്. പ്രിയ. ‘കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടര്‍’ എന്നു പ്രശസ്തയായ ഡോ. വി. എസ്. പ്രിയ തന്‍റെ ഐഡന്‍റിറ്റിയെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും സംഘടിതയോട് സംസാരിക്കുന്നു:
സഹാനുഭൂതിയുള്ള ഒരു മനുഷ്യ വ്യക്തിയായാണ് ഞാന്‍ സ്വയം അടയാളപ്പെടുത്താനാഗ്രഹിക്കുന്നത്. ഇപ്പോള്‍ നിലവിലിരിക്കുന്ന സാമൂഹിക സാഹചര്യത്തില്‍ ആ ആഗ്രഹം പൂര്‍ണമായും സാധിക്കുമോ എന്നറിയില്ല, കാരണം ട്രാന്‍സ് വുമണ്‍ എന്നു പറയുമ്പോള്‍ ഓരോരുത്തരും തങ്ങളുടെ വ്യത്യസ്തങ്ങളായ ധാരണകളിലൂടെയാണ് എന്നെ വിലയിരുത്തുക. ക്വിയര്‍ വിഷയങ്ങളെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും അതിനോട് പ്രതികരിക്കാതെയിരിക്കുന്നവരുമുണ്ടാവും. ജെന്‍ഡര്‍, സെക്ഷ്വാലിറ്റി എന്നിവയെക്കുറിച്ച് ശാസ്ത്രീയവും രാഷ്ട്രീയപരവുമായ അവബോധമില്ലാത്ത അനേകം പേര്‍ സമൂഹത്തിലുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷവും സ്വയം ‘ട്രാന്‍സ് വുമണ്‍’ എന്നു വിശേഷിപ്പിക്കുന്നതെന്തിനാണെന്നു പലരും ചോദിക്കാറുണ്ട്. പക്ഷേ, ഞാന്‍ എന്നെ ട്രാന്‍സ് വുമണായി പരിചയപ്പെടുത്തുന്നത് സമൂഹത്തിന് അവബോധമുണ്ടാക്കുന്നതിനു വേണ്ടിത്തന്നെയാണ്. ട്രാന്‍സ് ജെണ്ടര്‍ എന്ന ഐഡന്‍റിറ്റിയെക്കുറിച്ച് പലര്‍ക്കും തെറ്റിദ്ധാധാരണകളുണ്ട്. നാമെത്ര കണ്ണടച്ചാലും അതൊരു യാഥാര്‍ത്ഥ്യമായി നിലനില്ക്കുകയാണ്. ‘ഡോക്ടര്‍’ എന്നു പറഞ്ഞാല്‍ അനുഭാവപൂര്‍വം പെരുമാറുന്നവര്‍ ഞാനൊരു ട്രാന്‍സ് വ്യക്തിയാണെന്നു പറയുമ്പോള്‍ മുഖം ചുളിച്ചേക്കാം. തീര്‍ച്ചയായും ട്രാന്‍സ് വ്യക്തികളും മനുഷ്യരാണ്. വിദ്യാഭ്യാസവും മറ്റ് പൗരന്‍മാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളും ലഭിച്ചാല്‍ അവരും സമൂഹത്തിലെ തൊഴില്‍പരമായി ഉയര്‍ന്ന ജീവിതാവസ്ഥകളിലേക്ക് വരും. ട്രാന്‍സ് വ്യക്തിത്വത്തെക്കുറിച്ച് ശരിയായ സാമൂഹ്യാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഞാന്‍ എന്‍റെ സോഷ്യല്‍മീഡിയ പേജിലും മറ്റ് സാമൂഹ്യ ഇടങ്ങളിലും ജെന്‍ഡറിനെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ നടത്താറുണ്ട്. ഞാനൊരു ട്രാന്‍സ്ജെണ്ടറാണെന്നു ഉറക്കെ പ്രഖ്യാപിച്ചിട്ടുത്തന്നെയാണ് അതു ചെയ്യാറുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു അഭിനിവേശമല്ല, ഞാനൊരു ട്രാന്‍സ് സ്ത്രീയായി, ഒരു സാധാരണക്കാരിയായ മനുഷ്യ വ്യക്തിയായിത്തന്നെയാണ് അടയാളപ്പെടുത്തപ്പെടാന്‍ ആഗ്രഹിക്കുന്നത്.
എന്‍റെ ജെന്‍ഡര്‍ ഐഡന്‍റിറ്റി ഒരു സ്ത്രീയുടേതാണ്. പക്ഷെ, ഒരു പെണ്‍കുട്ടിയുടെ സ്വാഭാവികമായ വളര്‍ച്ചയിലും പരിണാമങ്ങളിലും സംഭവിക്കുന്നതൊന്നും എനിക്കനുഭവിക്കാന്‍ സാധിക്കാത്തതിന്‍റെ ആത്മസംഘര്‍ഷങ്ങള്‍ തീര്‍ച്ചയായും കുട്ടിക്കാലം തൊട്ടേ എനിക്കുണ്ടായിരുന്നു. ടീനേജിലത്തിയപ്പോള്‍ ശരീരവും പലവിധ മാറ്റങ്ങളിലൂടെ പീഡിപ്പിച്ചു തുടങ്ങി. സ്വന്തം ശരീരത്തോട് തന്നെ ചിലപ്പോള്‍ അറപ്പു തോന്നുന്ന അവസ്ഥ. കാരണം, ഞാന്‍ ഉള്ളില്‍ കാണുന്ന എന്നെയല്ലല്ലോ എന്‍റെ ശരീരമെനിക്കു കാണിച്ചു തരുന്നത് എന്ന ചിന്തയായിരുന്നു. ശരീരം പുരുഷ ഗുണങ്ങള്‍ കാണിക്കുകയും മനസ്സ് മറ്റൊന്നാഗ്രഹിക്കുകയും ചെയ്യുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ മുഖത്തെ രോമങ്ങള്‍ ഷേവ് ചെയ്തു നീക്കം ചെയ്തു, പക്ഷെ എന്തോ അപരാധം ചെയ്തു എന്ന കുറ്റബോധമായിരുന്നു അപ്പോള്‍ മനസ്സില്‍… കാരണം ഷേവ് ചെയ്യുക ആണുങ്ങളാണല്ലോ എന്ന ചിന്ത. വല്ലാത്തൊരു അങ്കലാപ്പാണ് ‘ജെന്‍ഡര്‍ ഡിസ്ഫോറിയ’ എന്ന അവസ്ഥ. എല്ലാ ട്രാന്‍സ് വ്യക്തികളും ഇതേ അവസ്ഥകളിലൂടെയാവും കടന്നു പോവുക. അത് വല്ലാത്തൊരവസ്ഥയാണ്. എല്ലാവര്‍ക്കും ടീനേജില്‍ തന്നെ ജെന്‍ഡര്‍ ഡിസ്ഫോറിയ തോന്നണമെന്നില്ല. ഓരോ വ്യക്തികളും സ്വയം തിരിച്ചറിയുന്ന ഒരു കാലഘട്ടമുണ്ട്. പക്ഷെ, ഭൂരിഭാഗം പേര്‍ക്കും കൗമാരപ്രായത്തിലാവും ഏറ്റവും ആത്മസംഘര്‍ഷമുണ്ടാവുക.
കഴിഞ്ഞ പത്തുവര്‍ഷത്തിനടയ്ക്കാണ് എനിക്ക് ട്രാന്‍സ് – ക്വിയര്‍ ഐഡന്‍റിറ്റികളെക്കുറിച്ചുള്ള അറിവുകളും ബോധ്യങ്ങളുമുണ്ടാവുന്നത്. എന്‍റെ സ്കൂള്‍ കാലഘട്ടത്തില്‍ ട്രാന്‍സ് ഐഡന്‍റിറ്റിയെക്കുറിച്ച് എനിക്കും ഞാന്‍ ജീവിച്ചിരുന്ന സമൂഹത്തിനും ധാരണയില്ലായിരുന്നു. എന്‍റെ വീട്ടുകാരും അതിനെ സംബന്ധിച്ച് അജ്ഞരായിരുന്നു. എനിക്ക് പ്രായത്തിന്‍റെ ചെറിയ മാനസിക പിരിമുറുക്കങ്ങളാണെന്നു കരുതി സൈക്കോളജിസ്റ്റുകളുടെ സഹായം അവര്‍ തേടിയിരുന്നു. ഈ സംഘര്‍ഷങ്ങള്‍ക്കിടയിലും എന്‍റെ വിദ്യാഭ്യാസം എങ്ങനെയും പൂര്‍ത്തിയാക്കണമെന്ന് എനിക്കുണ്ടായിരുന്നു. അതിനായി ആരാലും ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. പലപ്പോഴും സ്വയം നിയന്ത്രിച്ച് ആണ്‍കുട്ടിയായി ‘അഭിനയിക്കേണ്ടി’ വന്നു. കുറേക്കഴിഞ്ഞപ്പോള്‍ എനിക്കത് ശീലമായി, ഞാന്‍ തന്നെ അത് ചിന്തിക്കാതെയായി.

മറ്റു ട്രാന്‍സ് വ്യക്തികളില്‍ നിന്നും വ്യത്യസ്തമായി, വീടു വിട്ടു പോകാതെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഞാന്‍ പരിശ്രമിച്ചു. മറ്റു കുട്ടികളെപ്പോലെയാവാനും എന്‍റെ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും പരിശ്രമിക്കണമെന്ന ചിന്തയായിരുന്നു എനിക്ക് അക്കാലത്ത്. പുറം ലോകവുമായി വലിയ ബന്ധമില്ലാത്ത, പഠിക്കാന്‍ ഏറെ താത്പര്യമുള്ള ഒരു കുട്ടിയായിരുന്നു ഞാന്‍. എന്‍റെ മാതാപിതാക്കള്‍ക്കും എന്നെക്കൊണ്ടൊരു ബുദ്ധിമുട്ട് ഉണ്ടാവരുതെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു. എടുത്തു ചാടാതെ വിവേകത്തോടെ പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പോസ്റ്റ് ഗ്രാജുവേഷന്‍ വരെയുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, പ്രാക്ടീസ് തുടങ്ങി, സ്വയംപര്യപ്തയായതിനു ശേഷമാണ് എന്‍റെ ജെന്‍ഡര്‍ ഐഡന്‍റിറ്റി വെളിപ്പെടുത്താന്‍ എനിക്കെന്തൊക്കെ ചെയ്യാനാകുമെന്ന് ഞാന്‍ അന്വേഷിച്ചു തുടങ്ങിയത്. ആ സമയത്ത് എനിക്ക് ട്രാന്‍സ് കമ്മ്യൂണിറ്റി ബന്ധങ്ങളുമില്ലായിരുന്നു. ഏകദേശം മൂന്നു വര്‍ഷത്തോളമെടുത്ത് ട്രാന്‍സ് വിഷയത്തില്‍ വേണ്ടത്ര ബോധ്യങ്ങള്‍ ഉണ്ടാക്കിയെടുത്തതിന് ശേഷമാണ് ഞാന്‍ വീട്ടുകാരോട് കാര്യങ്ങളെല്ലാം അവതരിപ്പിച്ചത്. അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടി എന്‍റെ കയ്യിലുണ്ടാവുമെന്നു ഞാന്‍ ഉറപ്പു വരുത്തി. അങ്ങനെ വീട്ടുകാര്‍ എന്നെ അംഗീകരിച്ചു, കാരണം, അവരോട് സംസാരിക്കുന്നത് ഒരു കുട്ടിയല്ല, ഒരു ഡോക്ടര്‍ ആയ വ്യക്തിയാണ് എന്നതിന്‍റെ ഗൗരവം അവര്‍ ഉള്‍ക്കൊണ്ടു. എന്‍റെ കുടുംബത്തിലുള്ളവര്‍ വിദ്യാഭ്യാസം നേടിയവരാണ്. അച്ഛനും അമ്മയും നഴ്സുമാരായിരുന്നു. ഇപ്പോള്‍ അച്ഛന് ബിസിനസ് ആണ്. ചേട്ടന്‍ ഒരു ഡോക്ടറും ചേട്ടന്‍റെ ഭാര്യ ഒരു ബാങ്കുദ്യോഗസ്ഥയുമാണ്. മറ്റു ട്രാന്‍സ് വ്യക്തികള്‍ക്കും എനിക്ക് നല്‍കാനുള്ള സന്ദേശവും ഇതുതന്നെയാണ്. ഒരു തീരുമാനവും തിടുക്കപ്പെട്ടു എടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യരുത്. കഴിവതും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സ്വയം പര്യാപ്തരായി, സ്വത്വം പുറത്തു കൊണ്ട് വരാന്‍ ശ്രമിക്കുക. കോവിഡ് കാലത്തു ലോകം മുഴുവന്‍ പ്രതിസന്ധിയിലായിരിക്കുന്ന സമയമാണ്, അപ്പോള്‍ കഴിവതും വിഷാദത്തിലായി ആത്മഹത്യാപ്രവണതകളിലേക്കെത്താതിരിക്കാന്‍ ശ്രമിക്കണം.

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണം എന്ന് ഉറച്ച തീരുമാനമെടുത്തു കൊണ്ട് കൗണ്‍സിലിങ്ങിനായി പോയപ്പോള്‍ ഒരു പക്ഷെ ഡോക്ടര്‍ ആയതു കൊണ്ടാവാം എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകളും എതിര്‍പ്പുകളും നേരിടേണ്ടി വന്നിട്ടില്ല. ട്രാന്‍സ് സര്‍ജറിക്കായി സമീപിക്കുമ്പോള്‍ നെഗറ്റീവായി ചില മെഡിക്കല്‍ പ്രൊഫഷണലുകളെങ്കിലും പ്രതികരിച്ചു എന്ന് വരുന്നുണ്ട്. അവിടെ പക്ഷെ ഞാന്‍ മെഡിക്കല്‍ പ്രൊഫഷണലുകളെ പൂര്‍ണമായി കുറ്റപ്പെടുത്താനാഗ്രഹിക്കുന്നില്ല, കാരണം എല്ലാ കേസിലും കൗണ്‍സിലിങ്ങിനായി വരുന്നവര്‍ ട്രാന്‍സ് വ്യക്തികള്‍ ആയിക്കൊള്ളണമെന്നില്ല. ജെന്‍ഡര്‍ ഫ്ളൂയിഡ് ആയിട്ടുള്ള വ്യക്തികളുണ്ട്, അവര്‍ സര്‍ജറി ചെയ്താല്‍ ഒരു പക്ഷെ അവര്‍ ആഗ്രഹിച്ച രീതിയിലുള്ള ആത്മപ്രകാശനം സാധ്യമായെന്നു പിന്നീട് തോന്നാതെ വരാം. അതുകൊണ്ട് തന്നെ സൈക്കോളജിസ്റ്റുകള്‍ കൂടുതല്‍ സമയം കൗണ്‍സിലിങ്ങിനായി എടുക്കാറുണ്ട്. ക്വിയര്‍ ആയിട്ടുള്ള വ്യക്തികള്‍ ഇമോഷണലി വളരെ സെന്‍സിറ്റിവായിരിക്കാനുള്ള സാധ്യതയുണ്ട്. അവരോട് സഹാനുഭൂതിയോടെ, മനുഷ്യത്വപരമായ സംസാരിക്കാനുള്ള ചുമതല സൈക്കോളജിസ്റ്റുകള്‍ക്കുമുണ്ട്. ‘നിങ്ങള്‍ ട്രാന്‍സ് ആയിക്കൊള്ളണമെന്നു നിര്‍ബന്ധമില്ല, നിങ്ങള്‍ നിങ്ങളെത്തന്നെ പഠിക്കാന്‍ കുറച്ചു സമയമെടുക്കണം അതിനുള്ള സമയമെനിക്കും നല്‍കണം’ എന്ന് ഡോക്ടറും അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം. സ്വയം ഒരു തിരിച്ചറിവുണ്ടായാല്‍ ആത്മവിശ്വാസത്തോടെ ഒരു സൈക്കോളജിസ്റ്റിനെ സമീപിക്കുക. എന്നെ സംബന്ധിച്ച് ഈ ബോധ്യങ്ങളോടെ പോയത് കൊണ്ട് ആവാം, വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ല .
ലിംഗമാറ്റ ശാസ്ത്രക്രിയയെക്കുറിച്ച് എനിക്ക് ഒരുപാട് ആശങ്കയുണ്ടായിരുന്നു തുടക്കത്തില്‍. പലപ്പോഴും ഉറങ്ങാന്‍ പോലുമാവാതെ വിഷാദത്തിലായിട്ടുണ്ട്. ഒരുപാട് സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് വജൈനോപ്ലാസ്റ്റി. തീവ്രമായി ആഗ്രഹിക്കുന്നത് കൊണ്ടാണല്ലോ ആ ശസ്ത്രക്രിയ ചെയ്യാന്‍ തുനിയുന്നത്. മറ്റേതൊരു ശസ്ത്രക്രിയയും പോലെ ലിംഗമാറ്റ ശാസ്ത്രക്രിയയില്‍ ഒരുപാട് ദുര്‍ഘടങ്ങള്‍ വരാനുള്ള സാധ്യതയുണ്ടല്ലോ. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നാഴ്ചയോളം കഴിഞ്ഞാണ് ഞാന്‍ സാധാരണ ആഹാരം കഴിക്കാന്‍ തുടങ്ങിയത്. കാരണം, കുടല്‍ മുറിച്ചിട്ടൊക്കെയുള്ള ശസ്ത്രക്രിയയാണ്. അതിനാല്‍ത്തന്നെ ഞാന്‍ വളരെയധികം സ്വയം ശ്രദ്ധിച്ചിരുന്നു. സ്വദേശത്തും വിദേശത്തുമുള്ള പല പ്രഗത്ഭരും എഴുതിയ ലേഖനങ്ങളും വായിക്കാറുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം എന്തെല്ലാം ചെയ്യണമെന്നും ഞാന്‍ സ്വന്തമായി ഒരു ഗവേഷണം നടത്തിയിരുന്നു, പൂര്‍ണമായും ആശുപത്രിയെ ആശ്രയിക്കാന്‍ നിന്നില്ല. എല്ലാവരും സ്വന്തമായിത്തന്നെ അതിന്‍റെ എല്ലാ വശങ്ങളും മനസ്സിലാക്കിയ ശേഷം വേണം ശാസ്ത്രക്രിയയ്ക് മുതിരേണ്ടത് എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. കേരളത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ഞാന്‍ ശസ്ത്രക്രിയ നടത്തിയത്. കേരളത്തിന് പുറത്തു പോയി സര്‍ജറി ചെയ്യുന്നതിന് കുറച്ചധികം റിസ്കുകളുണ്ടായിരുന്നു. ദൂരെയാത്രയും പണച്ചെലവുമായിരുന്നു വലിയ ആശങ്കകള്‍. അതിനാല്‍ കേരളത്തില്‍ തന്നെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. മുമ്പു കോയമ്പത്തൂര്‍, ബാംഗ്ലൂര്‍, എന്നിവിടങ്ങളായിരുന്നു ട്രാന്‍സ് വ്യക്തികള്‍ ശസ്ത്രക്രിയയ്ക്കായി പോവാറുണ്ടായിരുന്ന നഗരങ്ങള്‍. 2017- 2018 നു ശേഷമാവണം കേരളത്തിലെ, പ്രത്യേകിച്ച് കൊച്ചിയിലെ ചില സ്വകാര്യ ആശുപത്രികളില്‍ ലിംഗ മാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ട്. ആശുപത്രിയില്‍ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം ഉണ്ടായിരുന്നു. പ്രത്യേകം ടോയ്ലെറ്റുകളുണ്ടായിരുന്നുവെന്നതും എടുത്തുപറയേണ്ട ഒന്നാണ്. ഈ നിലയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് നിരീക്ഷിക്കാന്‍ കഴിയും.
എന്‍റെ അഭിപ്രായത്തില്‍ കേരളത്തില്‍ തന്നെ സര്‍ക്കാര്‍ ആശുപത്രികളിലും വിദഗ്ധരുടെ സഹായവും സൗകര്യങ്ങളും ഉറപ്പു വരുത്തേണ്ടതായിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കായി സര്‍ക്കാര്‍ ധനസഹായമുണ്ട്, പക്ഷെ ഇപ്പോഴുള്ള അവസ്ഥയില്‍ അത് ശസ്ത്രക്രിയയ്ക്കു ശേഷമെ ലഭിക്കൂ. അതിനാല്‍ തന്നെ ശസ്ത്രക്രിയാസമയത്തു ഓരോരുത്തരും സ്വയം പണം കണ്ടെത്തേണ്ടി വരുന്നു എന്ന വിമര്‍ശനമുണ്ട്. പലരും ശസ്ത്രക്രിയ ചെയ്യാനുള്ള പണം സമ്പാദിക്കേണ്ടി വരുമ്പോഴാണ് പ്രതിസന്ധിയിലാവുകയും മറ്റു മാര്‍ഗ്ഗങ്ങളിലേക്കു തിരിയുകയും ചെയ്യുന്നത്. കഴിവതും ആ തുക അവര്‍ക്കു നേരത്തെ ലഭ്യമാക്കിയിരുന്നെങ്കില്‍ തീര്‍ച്ചയായും അതൊരു നല്ല കാര്യമായേനെ.

ഞാന്‍ എന്‍റെ സഹപ്രവര്‍ത്തകരായ വ്യക്തികളെയെല്ലാം അവരറിഞ്ഞും അറിയാതെയും ബോധവത്കരിക്കാന്‍ ശ്രമിച്ചിരുന്നു. എനിക്കറിയാവുന്ന ബോധ്യങ്ങള്‍ എന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു കൊടുക്കുകയും അങ്ങനെ ഏകദേശം ഒരു വര്‍ഷത്തിന് ശേഷം ഞാന്‍ ട്രാന്‍സിഷന്‍ ഫേസിലുള്ള ഒരു ട്രാന്‍സ് വ്യക്തിയാണെന്ന് അവരോട് തുറന്നു പറയുകയുമുണ്ടായി. അങ്ങനെ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതിനാല്‍ അവരാരും ആശ്ചര്യപ്പെട്ടില്ല. പക്ഷെ, എല്ലാവരെയും പോലെയുള്ള ചില ബുദ്ധിമുട്ടുകളൊക്കെ ട്രാന്‍സിഷന്‍ സമയത്തു ഞാനും അനുഭവിക്കേണ്ടി വന്നു. ചില പരിഹാസങ്ങളൊക്കെ കണ്ടില്ല എന്ന് നടിച്ചു മുന്നോട്ടു പോയി. ഇതൊക്കെ തരണം ചെയ്യതാലേ എന്‍റെ ലക്ഷ്യത്തിലെത്തൂ എനിക്കറിയാമായിരുന്നു.

എന്‍റെ ട്രാന്സിഷന്‍ സമയത്തു കണ്ണാടിയുടെ മുന്‍പില്‍ ചെന്ന് നിന്ന് എന്നില്‍ തന്നെയുള്ള മാറ്റങ്ങള്‍ കാണുമ്പോള്‍ ഒരുപാട് ആഹ്ളാദം തോന്നിയിരുന്നു. ടീനേജ് പ്രായത്തില്‍ എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകളും നിരാശയുമുണ്ടായിരുന്നു. കാരണം ഞാന്‍ ആഗ്രഹിക്കുന്ന രീതിയിലല്ല എന്‍റെ ശരീരം വളര്‍ന്നു വരുന്നത്. ട്രാന്‍സിഷനെ രണ്ടാമത്തെ കൗമാരം ആയി കരുതാം, കാരണം ഞാന്‍ ആഗ്രഹിച്ച മാറ്റങ്ങള്‍ ഓരോ ദിവസവും എന്‍റെ ശരീരത്തിലുണ്ടാവുന്നു എന്ന് കാണുമ്പോള്‍ അതിയായ സന്തോഷമായിരുന്നു. ഹോര്‍മോണ്‍ ചികിത്സയുടെ തുടക്കത്തില്‍ ചില മൂഡ് വ്യത്യാസങ്ങളൊക്കെയുണ്ടായിരുന്നു. ചില പാനിക് അറ്റാക്കുകളുണ്ടായി. പക്ഷെ അവയെ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, ആത്യന്തികമായി ആ കാലഘട്ടത്തില്‍ ഞാന്‍ എന്‍റെ സന്തോഷത്തിനാണ് ഏറ്റവും വില കല്പിച്ചത്.

വൈദ്യശാസ്ത്ര രംഗത്ത് നിന്നുള്ള ഒരു ട്രാന്‍സ് വ്യക്തി എന്ന നിലയില്‍ നോക്കുമ്പോള്‍ പഠിച്ച പല മെഡിക്കല്‍ പാഠപുസ്തകങ്ങളിലും പലപ്പോഴും ട്രാന്‍സ്ഫോബിയ കാണാറുണ്ട്. പക്ഷെ അത് ആ പുസ്തകമെഴുതിയ വ്യക്തിയുടെ സാമൂഹികവും മതപരവും ആയ കാഴ്ചപ്പാട് മാത്രമായി മനസ്സിലാക്കാനാണ് ഞാന്‍ താത്പര്യപ്പെടുന്നത്. എന്നെ സംബന്ധിച്ചു പറഞ്ഞാല്‍ എനിക്ക് വേണ്ട കാര്യങ്ങള്‍ മാത്രം ആണ് ഞാന്‍ ഉള്‍ക്കൊണ്ടത്. സൈക്കോളജി ടെക്സ്റ്റ് ബുക്കിലാണ് ക്വിയര്‍ ഐഡന്‍റിറ്റിയെക്കുറിച്ചു പരാമര്‍ശമുള്ളത്. ഞാന്‍ പ്രത്യേക താത്പര്യമെടുത്തു മനസ്സിലാക്കിയതും ആ ഭാഗമാണ്. അബദ്ധ ധാരണകളൊഴിവാക്കാന്‍ കൂടുതല്‍ ബോധവത്കരണം നടത്തേണ്ടത് ആവശ്യമാണ്.

ജൂണ്‍ മാസമാണല്ലോ ‘പ്രൈഡ് മന്ത്’ ആയി ആചരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സ്കൂളുകളിലും കോളേജ് തലത്തിലും എനിക്ക് സംസാരിക്കാന്‍ അവസരം ലഭിക്കുകയും ചര്‍ച്ചകളിലും ബോധവത്കരണ പരിപാടികളിലും പങ്കെടുക്കുകയും ചെയ്തു. എനിക്ക് ഒരുപാട് സന്തോഷം നല്‍കിയ കാര്യങ്ങളാണവ. ഇവയൊക്കെ എന്‍റെ ചുമതലയായാണ് എനിക്ക് തോന്നിയത്. ഇപ്പോള്‍ നമ്മുടെ നാട്ടിലെ കോളേജുകളില്‍ ക്വീര്‍ ക്ലബ്ബ്കളൊക്കെയുണ്ട്, ക മാ ീെ വമുു്യ ളീൃ വേല രീാശിഴ ഴലിലൃമശേീി! അവര്‍ക്കൊക്കെ ചിറകു വിരിച്ചു പറക്കാനുള്ള ഒരിടം ലഭിച്ചു തുടങ്ങിയിരിക്കുന്നു. ഞാന്‍ പഠിക്കുന്ന കാലത്തു ഇതൊന്നും സാധ്യമായിരുന്നില്ല. പക്ഷെ, ഞാനതിനെ പരാതി പറയാതെ, പോസിറ്റിവ് ആയി എടുക്കാനാണിഷ്ടപ്പെടുന്നത്. നമുക്കുള്ള ശുഭകരമായ സാധ്യതകളെ കൂടുതല്‍ ഉപയോഗിക്കുക, പരമാവധി സമൂഹത്തിനു ബോധവത്കരണം നടത്തുക എന്നിവയാണ് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍.

ഒരു മനുഷ്യന്‍ എന്ന നിലയില്‍ ആത്യന്തികമായ ഭാവി പ്രതീക്ഷ സന്തോഷമായിരിക്കുക എന്നതാണ്. ഞാന്‍ ഒരുപാട് ആഗ്രഹിച്ച അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. കോവിഡ് പ്രതിസന്ധികള്‍ ചിലപ്പോള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുമെങ്കിലും ശാന്തയായിരിക്കാന്‍ ശ്രമിക്കും. റൃ്ുൃശ്യെമശെഴിമൗൃലേെ എന്ന പേരില്‍ സ്വന്തമായി ഒരു യൂ ട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട്. എന്‍റെ മനസ്സിലുള്ള ആശയങ്ങളും ഇഷ്ടങ്ങളും ഭക്ഷണങ്ങളും യാത്രകളും യൂ ട്യൂബ് ചാനലിലൂടെ ലോകത്തോട് തുറന്നു പറയാന്‍ ശ്രമിക്കാറുണ്ട്. അത് പോലെ തന്നെ ജന്‍ഡര്‍ ബോധവത്കരണത്തിനുള്ള ഒരു വേദിയായും ഞാനതിനെ കാണുന്നു. ‘ട്രാന്‍സ് ഡോക്ടര്‍’ എന്ന നിലയില്‍ ട്രാന്‍സ് കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് പിന്തുണ നല്കാന്‍ ശ്രമിക്കുന്നുണ്ട്. മാതാപിതാക്കള്‍ക്ക് വേണ്ടത്ര അവബോധം നല്‍കിയാല്‍ മാതാപിതാക്കള്‍ ആ കുട്ടിയെ ചേര്‍ത്ത് പിടിക്കും, ആ കുട്ടിക്ക് മറ്റു കുട്ടികളെപ്പോലെ ജീവിക്കാനും എത്തേണ്ട സ്ഥലത്തു എത്തിപ്പെടാനും സാധിക്കും. കുട്ടികളെക്കാള്‍ കുടുംബങ്ങള്‍ക്കാണ് പിന്തുണ നല്‍കേണ്ടത്, അതിനെനിക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പലരും വിളിക്കാറുണ്ട്, കുട്ടികളടക്കം; എല്ലാവരെയും എന്നാല്‍ കഴിയുന്ന വിധം ബോധവത്കരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ഇതൊക്കെയാണ് എന്‍റെ ജീവിതരീതിയും ലക്ഷ്യവും. ഞാനെത്തിയ സ്ഥലത്തു എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നാണ് ഞാനിപ്പോള്‍ ചിന്തിക്കാറുള്ളത്.

 

ഡോ. വി. എസ്. പ്രിയ

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടര്‍

COMMENTS

COMMENT WITH EMAIL: 0