Homeചർച്ചാവിഷയം

ദൃശ്യതയിലേക്കുള്ള ചരിത്രദൂരങ്ങള്‍

സ്വന്തമായി ഒരു ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയും, ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡും നിലവിലുള്ള ഇന്ത്യയിലെ ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കല, സാംസ്കാരികം, വിദ്യാഭ്യാസം, രാഷ്ട്രീയം തുടങ്ങി ഒട്ടനവധി മേഖലകളില്‍, പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ടാണെങ്കിലും, തങ്ങളുടേതായ പ്രാതിനിധ്യം ഉറപ്പിക്കാന്‍ ഇവിടത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കായിട്ടുണ്ട്. ഇന്ന് കാണുന്ന പരിമിതമായ ഈ ദൃശ്യതപോലും വലിയ പോരാട്ടങ്ങളുടെ ഭാഗമായി നേടിയെടുത്തതാണ്. ആ പോരാട്ടങ്ങളില്‍ ഒട്ടനവധി ആളുകള്‍ക്ക് തങ്ങളുടെ ജീവനും ജീവിതവും എല്ലാം നഷ്ടമായി. ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയും, ജസ്റ്റിസ് ബോര്‍ഡും നിലവില്‍ വന്നതിനുശേഷവും കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ക്ക് ഇന്നും പല രീതിയിലുള്ള അവഗണനയും അതിക്രമങ്ങളും നേരിടേണ്ടി വരുന്നുണ്ട്. അതിജീവനത്തിനായുള്ള നിരവധി പോരാട്ടങ്ങളില്‍ ചിലതൊക്കെ നേടിയെടുക്കാന്‍ കഴിഞ്ഞുവെങ്കിലും തുല്യനീതിക്കും സാമൂഹിക അംഗീകാരത്തിനുമായുള്ള സമരങ്ങള്‍ ഇനിയും തുടരേണ്ടതുണ്ട് ഇവിടുത്തെ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ക്ക്. സമൂഹമാധ്യമങ്ങളൊക്കെ വളരെ സജീവമായൊരു കാലത്താണ് നാം ജീവിക്കുന്നത്.
ഇത്തരം സൈബര്‍ ഇടങ്ങളിലൊക്കെ ക്വിയര്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നിരവധി സാംസ്കാരികം, വിദ്യാഭ്യാസം, രാഷ്ട്രീയം തുടങ്ങി ഒട്ടനവധി മേഖലകളില്‍, പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ടാണെങ്കിലും, തങ്ങളുടേതായ പ്രാതിനിധ്യം ഉറപ്പിക്കാന്‍ ഇവിടത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കായിട്ടുണ്ട്. ഇന്ന് കാണുന്ന പരിമിതമായ ഈ ദൃശ്യതപോലും വലിയ പോരാട്ടങ്ങളുടെ ഭാഗമായി നേടിയെടുത്തതാണ്. ആ പോരാട്ടങ്ങളില്‍ ഒട്ടനവധി ആളുകള്‍ക്ക് തങ്ങളുടെ ജീവനും ജീവിതവും എല്ലാം നഷ്ടമായി. ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയും, ജസ്റ്റിസ് ബോര്‍ഡും നിലവില്‍ വന്നതിനുശേഷവും കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ക്ക് ഇന്നും പല രീതിയിലുള്ള അവഗണനയും അതിക്രമങ്ങളും നേരിടേണ്ടി വരുന്നുണ്ട്. അതിജീവനത്തിനായുള്ള നിരവധി പോരാട്ടങ്ങളില്‍ ചിലതൊക്കെ നേടിയെടുക്കാന്‍ കഴിഞ്ഞുവെങ്കിലും തുല്യനീതിക്കും സാമൂഹിക അംഗീകാരത്തിനുമായുള്ള സമരങ്ങള്‍ ഇനിയും തുടരേണ്ടതുണ്ട് ഇവിടുത്തെ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ക്ക്. സമൂഹമാധ്യമങ്ങളൊക്കെ വളരെ സജീവമായൊരു കാലത്താണ് നാം ജീവിക്കുന്നത്. ഇത്തരം സൈബര്‍ ഇടങ്ങളിലൊക്കെ ക്വിയര്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നിരവധി അവതരണങ്ങളും ചര്‍ച്ചകളും ഒക്കെ നടക്കുന്നുണ്ട്. ഇത്തരം സൈബര്‍ ഇടങ്ങളില്‍ ഇടപെടുന്ന ഒരുപാട് ആളുകള്‍ ‘ക്വിയര്‍’ എന്ന വാക്ക് വളരെ സ്വാഭാവികമായി ഉപയോഗിക്കുന്നു. ‘ക്വിയര്‍’ എന്ന പദവും അത് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവും കേരളത്തിന്‍റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പശ്ചാത്തലത്തിന് പരിചിതമായിട്ട് അധികകാലം ആയിട്ടില്ല. എന്നാല്‍ ഈ വാക്ക് നമ്മള്‍ ഉപയോഗിച്ച് തുടങ്ങുന്നതിനും എത്രയോ മുന്‍പ്, ഈ വാക്കിന്‍റെ രാഷ്ട്രീയമുള്‍ക്കൊള്ളുന്ന അസ്തിത്വവുമായി ഇവിടെ പോരാട്ടജീവിതങ്ങള്‍ നയിച്ചിരുന്നു.
ആദിമകാലത്ത് സ്വതന്ത്രവും വിശാലവുമായ ലൈംഗികജീവിതം നയിച്ചിരുന്ന മനുഷ്യര്‍, ഏകഭാര്യാത്വം അംഗീകരിച്ച് ഒരു കുടുംബ സംവിധാനത്തിലേക്ക് വഴിമാറുന്നത് സ്വകാര്യസ്വത്ത് സംരക്ഷിക്കാനും, അതുവഴി പുരുഷന്‍റെ അധികാരം ഊട്ടിയുറപ്പിക്കാനുമാണ്. ദ്വന്ദ്വ വിപരീതങ്ങളായ ആയ രണ്ട് ലിംഗത്വ വിഭാഗങ്ങളായി മുന്നോട്ട് വയ്ക്കപ്പെട്ട വ്യക്തിത്വങ്ങളാണ് സ്ത്രീയും പുരുഷനും. ഈ ദ്വന്ദ്വവിപരീത സങ്കല്‍പ്പത്തിന്‍റെ അടിത്തറയിലാണ് ഇവിടെ ഇന്ന് കാണുന്ന പല സാമൂഹിക സംവിധാനങ്ങളും നിലനില്‍ക്കുന്നത്. ഈ സ്ത്രീ-പുരുഷ ദ്വന്ദ്വത്തെ, ഇതിന്‍റെ സാധുതയെ ചോദ്യം ചെയ്യുന്ന എല്ലാത്തരം ബന്ധങ്ങളേയും സ്വത്വങ്ങളേയും മതം, കുടുംബം, ഭരണകൂടം തുടങ്ങിയ സംവിധാനങ്ങള്‍ അസ്വാഭാവികമെന്നും പ്രകൃതിവിരുദ്ധമെന്നും വാദിക്കുന്നു. എന്നാല്‍ മനുഷ്യന്‍റെ ജൈവികമായ ലൈംഗിക ചോദനകളും, ലിംഗസ്വത്വങ്ങളും, ജന്‍ഡര്‍ കാഴ്ചപ്പാടുകളും എല്ലാംതന്നെ വളരെയധികം വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. അതിനെ ഒരിക്കലും ബൈനറി സങ്കല്പങ്ങള്‍ക്കുള്ളിലോ, സിസ്ഹെറ്ററോനോര്‍മാറ്റിവിറ്റിക്കുള്ളിലോ തളച്ചിടാന്‍ കഴിയുന്നതല്ല. ഇത്തരത്തിലുള്ള സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യങ്ങള്‍ ആവിര്‍ഭാവം കാലം മുതല്‍ക്കുതന്നെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്നതുമാണ്. ഇത്തരം താത്പര്യങ്ങള്‍ക്കകത്ത് സ്വാഭാവികം/ അസ്വാഭാവികം എന്ന രീതിയിലുള്ള വര്‍ഗീകരണം തികച്ചും തെറ്റായ ഒന്നാണ്.
സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റിയുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന എല്ലാ കണിശതകളേയും വാര്‍പ്പുമാതൃകകളേയും തകര്‍ത്തെറിഞ്ഞുകൊണ്ടുള്ള വൈവിധ്യങ്ങളുടെ ആഘോഷമാണ് ക്വിയര്‍ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നത്. ക്വിയര്‍ എന്ന വിശാലമായ രാഷ്ട്രീയസങ്കല്‍പ്പത്തിനകത്ത് ഒട്ടനവധി വൈവിധ്യങ്ങളാര്‍ന്ന സ്വത്വങ്ങള്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. അജെന്‍ഡര്‍, അസെക്ഷ്വല്‍, ജന്‍ഡര്‍ ഫ്ളൂയി ഡ്, ഹോമോസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ ഇവയെല്ലാം തന്നെ ക്വിയര്‍ രാഷ്ട്രീയത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടിട്ടുള്ള വൈവിധ്യങ്ങളാണ്. ഈ വൈവിധ്യങ്ങള്‍ക്കകത്തും നിരന്തരമായ പരിണാമങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ക്വിയര്‍ രാഷ്ട്രീയ ഭൂമികയില്‍ വിശദമായി പ്രതിപാദിക്കേണ്ടുന്ന ഒരു ജന്‍ഡര്‍ സ്വത്വമാണ്, ട്രാന്‍സ്ജെന്‍ഡര്‍. അടിച്ചമര്‍ത്തപ്പെട്ട ഏതൊരു മനുഷ്യന്‍റെയും ചരിത്രം എന്നുള്ളത് അവരുടെ പോരാട്ടത്തിന്‍റെ ചരിത്രമാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരുടെ ചരിത്രം, അവരുടെ അതിജീവന പോരാട്ടത്തിന്‍റെ ചരിത്രമാണ്. അതേസമയം ഇത്തരം വിഭാഗങ്ങളുടെ എല്ലാത്തരം പ്രതിനിധാനങ്ങളെയും ചരിത്രത്തില്‍നിന്ന് നിഷ്കാസനം ചെയ്യാനുള്ള തീവ്രമായ ശ്രമങ്ങള്‍ സിസ് ഹെറ്ററോനോര്‍മാറ്റിവിറ്റിയില്‍ വിശ്വസിക്കുന്ന മനുഷ്യരില്‍ നിന്നും നിരന്തരമായി ഉണ്ടാവുന്നു. സ്വവര്‍ഗലൈംഗികതയെപ്പറ്റിയും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളെപ്പറ്റിയും ഉള്ള ചര്‍ച്ചകളില്‍, ഇതിനെയെല്ലാം വൈദേശികാധിപത്യത്തിന്‍റെ അനന്തരഫലമായും ഇറക്കുമതി ആശയങ്ങളായും സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ വിവിധ വ്യവസ്ഥാപിത സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടായി. ഇന്ത്യന്‍ സംസ്കാരം ഒരുതരത്തിലും ഇത്തരത്തിലുള്ള വൈവിധ്യങ്ങളെ ഉള്‍ച്ചേര്‍ത്തിരുന്നില്ല എന്നുകൂടി ആവര്‍ത്തിച്ചുറപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചു. പല കാലഘട്ടങ്ങളില്‍ പല രീതികളിലാണ് ഇന്ത്യയില്‍ ക്വിയര്‍ വിഭാഗങ്ങള്‍ പരിഗണിക്കപ്പെട്ടത്. പ്രാചീനകാലഘട്ടത്തില്‍ സിസ് ഹെറ്ററോ സങ്കല്‍പ്പങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്ന സെക്സ്, ജന്‍ഡര്‍, വൈവിധ്യങ്ങളുടെ പ്രതിനിധാനങ്ങള്‍ കാണാന്‍ സാധിക്കും. രാമായണം, മഹാഭാരതം, കാമസൂത്രം തുടങ്ങിയ പുരാണ ഗ്രന്ഥങ്ങളിലും ക്ഷേത്രകലകളുടെ ഭാഗമായുമെല്ലാം സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. മധ്യകാല ഇന്ത്യയില്‍ വിവിധ രാജഭരണകൂടങ്ങളുമായി ബന്ധപ്പെട്ട രേഖകളില്‍ സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഷണ്ഡീകരണത്തിന് വിധേയരായ ഇത്തരം വിഭാഗങ്ങളില്‍പ്പെട്ട ആളുകളെ കൊട്ടാരം കാവല്‍ക്കാരായും മറ്റും നിയമിച്ചിരുന്നു. ലൈംഗിക താല്‍പ്പര്യങ്ങളില്ലാത്തവരായി കണക്കാക്കിയിരുന്നതുകൊണ്ട് അത്തരം പ്രലോഭനങ്ങളിലൊന്നും വീഴാതെ രാജ്യസുരക്ഷക്ക് മുന്‍തൂക്കം കൊടുക്കും എന്നാണ് കരുതിപ്പോന്നത്.
സാംസ്കാരിക സാഹിത്യ മേഖലകളിലും, പ്രത്യേകിച്ചും സൂഫി സാഹിത്യം പോലുള്ള ധാരകളില്‍ സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യങ്ങളുടെ ശക്തമായ പ്രതിനിധാനം ഉണ്ടായിരുന്നു. റൂത്ത് വനിത, സലിം കിദ്വായി എന്നിവരുടെ എഴുത്തുകള്‍ വളരെ വിശദമായി ഇക്കാര്യം പ്രതിപാദിക്കുന്നു. എന്നാല്‍ വൈദേശികാധിപത്യത്തോടെ, പ്രത്യേകിച്ച് ബ്രിട്ടീഷ് അധിനിവേശ ഭരണകാലം മുതല്‍ സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യ വിഭാഗങ്ങളുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട് വിവിധ ഭരണ- നിയമപരിഷ്കാരങ്ങള്‍ നടപ്പിലാക്കി. ലൈംഗിക സദാചാരത്തേയും സിസ് ഹെറ്ററോനോര്‍മാറ്റിവി റ്റിയേയും അടിസ്ഥാനമാക്കിയുള്ള ഈ പരിഷ്കാരങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ക്രിമിനല്‍ ട്രൈബ് ആക്ട് (1871), സെക്ഷന്‍ 377(1861) എന്നിവ. ഇത്തരം നിയമങ്ങളും വകുപ്പുകളും സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യങ്ങളെ കുറ്റവാളികളായി ചിത്രീകരിക്കുന്നവയായിരുന്നു. ഏതെങ്കിലുമൊരു പ്രത്യേക ലിംഗവിഭാഗത്തില്‍ ജനിക്കുകയും വളര്‍ച്ചയുടെ ഏതെങ്കിലും ഘട്ടത്തില്‍ ഇതില്‍നിന്നും വ്യത്യസ്തമായ ശരീരചേഷ്ടകള്‍, പെരുമാറ്റരീതികള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന ആളുകളെ ക്രിമിനല്‍ ട്രൈബ് ആക്ട് പ്രകാരം കുറ്റവാളികളായി കണക്കാക്കിയിരുന്നു. ഒരു പ്രത്യേക ലിംഗവിഭാഗത്തില്‍ ജനിക്കുന്ന ഏതൊരു വ്യക്തിയും ആ ലിംഗവിഭാഗത്തിന് അനുയോജ്യമെന്ന നിലയില്‍ രൂപപ്പെടുത്തിയിട്ടുള്ള പെരുമാറ്റ-ശാരീരിക രീതികളോട് ചേര്‍ന്നുനില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള യോനീ-ലിംഗ ലൈംഗികബന്ധത്തെ മാത്രം സ്വാഭാവികമായി കണക്കാക്കുകയും അങ്ങനെയല്ലാതെയുള്ള എല്ലാത്തരം ലൈംഗികബന്ധങ്ങളേയും പ്രകൃതിവിരുദ്ധവും അസ്വാഭാവികവുമായി കണക്കാക്കി ശിക്ഷിക്കുന്ന വകുപ്പാണ്, 377-ാം വകുപ്പ്. ഒരിക്കലും സ്വവര്‍ഗലൈംഗികതയെപ്പറ്റി നേരിട്ട് പരാമര്‍ശിക്കുന്ന വകുപ്പല്ല 377-ാം വകുപ്പ്. എന്നിരുന്നാലും സ്വവര്‍ഗാനുരാഗികളെ കുറ്റവാളികളാക്കി ചിത്രീകരിക്കുന്ന ഒരു വകുപ്പായിട്ടാണ് 377 വായിക്കപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ ലൈംഗിക സദാചാര സങ്കല്‍പ്പങ്ങളെ അടിസ്ഥാനമാക്കിയുള്ള, എല്ലാത്തരം ലൈംഗിക വൈവിധ്യങ്ങളേയും കുറ്റകരമായി കണക്കാക്കുന്നതാണ് സെക്ഷന്‍ 377. ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്ത്, 1884 ല്‍ അലഹബാദ് ഹൈക്കോടതിയിലാണ് 377-ാം വകുപ്പ് പ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. സ്ത്രീയെ പോലെ വേഷംകെട്ടി നില്‍ക്കുന്ന പുരുഷന്‍ എന്ന ആരോപണമാണ് അറസ്റ്റിന് കാരണം.
ഹിജ്റ (ജനനസമയത്ത് പുരുഷനായി ലിംഗനിര്‍ണയം നടത്തുകയും പിന്നീട് സ്ത്രീകളുടേതായ ശാരീരിക പെരുമാറ്റ രീതികളിലേക്ക് പരിണാമം സംഭവിക്കുകയും ചെയ്ത ആളുകള്‍) സംസ്കാരത്തിന്‍റെ ഭാഗമായി ജീവിക്കുന്ന ആളുകളെ ക്രിമിനല്‍ ട്രൈബ് ആക്ട് പ്രകാരവും 377-ാം വകുപ്പ് പ്രകാരവും കുറ്റവാളികളായി കണക്കാക്കിയിരുന്നു. ബ്രിട്ടണിലെ സൊദോമി നിയമങ്ങളെ പിന്‍പറ്റിക്കൊണ്ട് ഇന്ത്യയില്‍ നടപ്പിലാക്കിയ ക്രിമിനല്‍ ട്രൈബ് ആക്ടും 377-ാം വകുപ്പും അടക്കമുള്ള അങ്ങേയറ്റം മനുഷ്യത്ത്വവിരുദ്ധമായ നിയമങ്ങള്‍ സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യങ്ങളുടെ ദൃശ്യതയെ വലിയ രീതിയില്‍ ബാധിച്ചു. ഈ നിയമങ്ങള്‍ നിലവില്‍വന്ന കാലം മുതല്‍തന്നെ ഇതിനെതിരെ ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രതിഷേധങ്ങളും രൂപപ്പെട്ടു. നിയമപരമായി കുറ്റവാളികളാക്കപ്പെട്ടതോടെ ഇവരുടെ സാമൂഹ്യജീവിതവും വലിയ പ്രതിസന്ധിയിലായി. ബ്രിട്ടീഷ് കോളനി ഭരണകാലത്ത് നടപ്പിലാക്കിയ ഈ നിയമങ്ങള്‍ സ്വതന്ത്ര ഇന്ത്യയിലും കാലങ്ങളോളം മാറ്റമില്ലാതെ തുടര്‍ന്നു. ഇവയ്ക്കെതിരെ ധാരാളം ചെറുതും വലുതുമായ പ്രതിഷേധങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടെങ്കിലും അതിനൊരു സംഘടിത രൂപം കൈവരുന്നത് 1980കളുടെ അവസാനത്തിലാണ്.
ലോകമെമ്പാടുമുള്ള സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യ വിഭാഗങ്ങളുടെ അവകാശസമരങ്ങള്‍ (1959 ല്‍ നടന്ന Do-nutst പ്രക്ഷോഭം, 1969 തുടങ്ങിയവ) ഇന്ത്യന്‍ സാഹചര്യത്തിലും വലിയ സ്വാധീനം ഉണ്ടാക്കി. സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യ വിഭാഗങ്ങളുടെ അംഗീകാരത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ സജീവമായി നിലനിന്നിരുന്ന കാലഘട്ടത്തിലാണ് എച്ച്.ഐ.വി എയ്ഡ്സ് എന്ന മഹാമാരി ലോകത്തെയാകെ ആരോഗ്യ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലേയ്ക്ക് എത്തിക്കുന്നത്. എച്ച്.ഐ.വി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സ്വവര്‍ഗാനുരാഗികളായ (ഗേ) ആളുകള്‍ക്കിടയിലാണ്. എയ്ഡ്സ് പകരുന്ന പല രീതികളില്‍ ഒന്ന് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളാണ്. ഇക്കാരണത്താല്‍ എയ്ഡ്സിനെ സ്വവര്‍ഗലൈംഗികതയുമായി കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങള്‍ നടന്നു. ഗേ ആളുകള്‍ക്കിടയിലുള്ള എയ്ഡ്സിന്‍റെ വ്യാപനം ഇത്തരം ആരോപണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ‘ഗേ രോഗം’ എന്ന രീതിയില്‍ വരെ എയ്ഡ്സ് അറിയപ്പെടാന്‍ തുടങ്ങി. ഇതൊരു ലൈംഗിക സദാചാരപ്രശ്നമായി വ്യാഖ്യാനിക്കപ്പെട്ടു. അതിജീവനത്തിനും അവകാശങ്ങള്‍ക്കുംവേണ്ടി പോരാടിയിരുന്ന സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യ വിഭാഗങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയായി. ഈ രോഗാവസ്ഥ സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യ വിഭാഗങ്ങളില്‍ മാത്രം തുടങ്ങി അവസാനിച്ചില്ല, ഇത് കൂടുതല്‍ ആളുകളിലേയ്ക്ക് പടര്‍ന്നു. ഭരണകൂട സംവിധാനങ്ങള്‍ നിര്‍ബന്ധമായും ഇടപെടേണ്ട അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ മാറി. ലോകവ്യാപകമായി സര്‍ക്കാര്‍, സര്‍ക്കാരിതര സംവിധാനങ്ങള്‍ അകഉട ബോധവത്ക്കരണ, നിര്‍മ്മാര്‍ജ്ജന പദ്ധതികളുമായി രംഗത്തുവന്നു. ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളിലും എയ്ഡ്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യങ്ങള്‍ വൈദേശിക അധിനിവേശത്തിന്‍റെ ഭാഗമായി ഇറക്കുമതി ചെയ്യപ്പെട്ടതാണെന്നും, ഇന്ത്യന്‍ സംസ്കാരം ഇതില്‍ നിന്നെല്ലാം മുക്തമാണെന്നും സ്ഥാപിക്കാനുള്ള കാര്യമായ ശ്രമങ്ങള്‍ ഉണ്ടായെങ്കിലും ലൈംഗികതൊഴിലാളികള്‍ക്കിടയിലും സ്വവര്‍ഗാനുരാഗികള്‍ക്കിടയിലും രോഗവ്യാപനം ഉണ്ടായത് സ്റ്റേറ്റിന്‍റെ വാദങ്ങള്‍ക്ക് വലിയ തിരിച്ചടിയായി. 1980 കളുടെ അവസാനത്തിലും 90 കളുടെ തുടക്കത്തിലുമായി ലോകാരോഗ്യസംഘടനയുടെ നേതൃത്ത്വത്തില്‍ ആഗോളതലത്തില്‍ വ്യാപകമായ ഇടപെടലുകള്‍ നടക്കുകയുണ്ടായി. പുതിയ ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി ഇന്ത്യ മാറുകയും, അത്തരത്തില്‍ വളരെയധികം രാഷ്ട്രീയ-സാമ്പത്തിക പ്രതിഫലനങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത കാലഘട്ടമാണ് 90 കളുടെ തുടക്കം. ഈ പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായി മൂലധനത്തിന്‍റേയും ആശയങ്ങളുടേയും കൊടുക്കല്‍ വാങ്ങലുകളുമുണ്ടായി. ചഏഛ കളുടെ വ്യാപനം ഈ കാലഘട്ടത്തിലെ ഒരു സുപ്രധാന സംഗതിയായിരുന്നു. വിദേശത്തുള്ള പല സംഘടനകളും ഗ്രൂപ്പുകളും ഇന്ത്യയില്‍ എന്‍.ജി.ഒ.കള്‍ ആരംഭിക്കുകയും ധനസഹായം നല്‍കുകയും ചെയ്തു.
എച്ച്.ഐ.വി നിര്‍മാര്‍ജനത്തിനും ബോധവല്‍ക്കരണത്തിനും പ്രാമുഖ്യം നല്‍കി ആരംഭിച്ച ഇത്തരം എന്‍.ജി.ഒ കള്‍ സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റിയുമായി ബന്ധപ്പെട്ട് കുറേക്കൂടി വിശാലമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. ഈ ചര്‍ച്ചകളിലൂടെ അന്താരാഷ്ട്രതലത്തില്‍ ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് നടന്നിരുന്ന വ്യത്യസ്തങ്ങളായ ഇടപെടലുകളെ, അക്കാദമികമായ അറിവുകളെ, പോരാട്ടങ്ങളെ ഒക്കെത്തന്നെ ഇന്ത്യന്‍ സാഹചര്യങ്ങളിലേക്ക് ഉള്‍ച്ചേര്‍ക്കാന്‍ സാധിച്ചു. എയ്ഡ്സ് എന്ന രോഗാവസ്ഥയെ സ്വവര്‍ഗലൈംഗികതയുമായി ചേര്‍ത്തുവെക്കുന്ന രീതിയില്‍ ലോകവ്യാപകമായി ഉണ്ടായ ശ്രമങ്ങള്‍ ഇന്ത്യയിലും ആവര്‍ത്തിച്ചു. എന്‍.ജി.ഒ.കളുടെ പ്രവര്‍ത്തനത്തോടൊപ്പം തന്നെ സ്റ്റേറ്റിനെ പ്രതിനിധാനം ചെയ്തുകൊണ്ട് എയ്ഡുസുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എന്‍.ജി.ഒ.കള്‍ രൂപീകരിക്കപ്പെട്ടു. എന്‍.ജി.ഒ.യും അതിന്‍റെ സംസ്ഥാനതലത്തിലുള്ള ഘടകങ്ങളും ചേര്‍ന്നാണ് എച്ച്.ഐ.വി നിര്‍മ്മാര്‍ജ്ജന ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഈ പരിപാടികളെല്ലാം ലൈംഗിക തൊഴിലാളികളായി അടയാളപ്പെടുത്തിയിരുന്ന (സ്വവര്‍ഗാനുരാഗികളും പിന്നീട് ട്രാന്‍സ് ജന്‍ഡര്‍ സ്വത്വത്തില്‍ സ്വയം തിരിച്ചറിയുകയും ചെയ്ത) ആളുകളെ ലക്ഷ്യം വച്ചുള്ളതായിരുന്നു. ‘ലൈംഗിക തൊഴിലാളികള്‍’ എന്ന വിശാലമായ വിഭാഗത്തിനകത്ത് വരുന്ന വ്യത്യസ്ത സ്വത്വ ബോധങ്ങളിലുള്ള ആളുകളുടെ സാന്നിധ്യം അംഗീകരിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമായി. ലൈംഗികതൊഴിലാളികളില്‍ത്തന്നെ സ്ത്രീ ലൈംഗികതൊഴിലാളികള്‍ (എഫ്.എസ്.ഡബ്ല്യു) , പുരുഷ ലൈംഗിക തൊഴിലാളികള്‍ (എം.എസ്.എം) എന്ന രീതിയിലുള്ള വര്‍ഗ്ഗീകരണം എയ്ഡ്സ് പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഭരണകൂടം നടത്തി. ഇത് ആളുകളുടെ സ്വയമുള്ള തെരഞ്ഞെടുപ്പായിരുന്നില്ല. പകരം ഭരണസംവിധാനങ്ങള്‍ ചില മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ക്യാറ്റഗറികള്‍ ഉണ്ടാക്കുകയും അതിലേയ്ക്ക് ആളുകള്‍ പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെടുകയുമാണ് ചെയ്തത്. എം.എസ്.എം എന്ന വിഭാഗത്തില്‍പ്പെടുത്തിയ പലരും പിന്നീട് ട്രാന്‍സ്ജന്‍ഡറായും ബൈസെക്ഷ്വല്‍ ആയും ഒക്കെ സ്വയം തിരിച്ചറിയുന്നുണ്ട്. എല്ലാത്തരം സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യങ്ങളെയും എഫ്.എസ്.ഡബ്ല്യു, എം.എസ്.എം എന്നീ രണ്ട് കോളങ്ങളിലേക്ക് ചുരുക്കുക എന്നതാണ് എച്ച്.ഐ.വി എയ്ഡ്സ് പദ്ധതികള്‍ ചെയ്തത്.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് കൂടുതല്‍ എന്‍.ജി.ഒകളും പ്രവര്‍ത്തിച്ചിരുന്നത്. എച്ച്.ഐ.വിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ എന്‍.ജി.ഒകള്‍ക്ക് ലൈംഗികതൊഴിലാളികളുടെ ജീവിതവുമായി അടുത്തിടപെഴകാനുള്ള അവസരം ലഭിച്ചു. സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യങ്ങളെ ക്രിമിനലൈസ് ചെയ്യുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്തരം ആളുകളെ കണ്ടെത്തുക എന്നതും അവരുടെ ഒരു നെറ്റ്വര്‍ക്കിംഗ് സാധ്യമാക്കുക എന്നതും ശ്രമകരമായ ജോലിയായിരുന്നു. സഖി, സംഘിനി, പ്രിസം തുടങ്ങി അനവധി കൂട്ടായ്മകള്‍ അവരുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട്. സിസ് ഹെറ്ററോനോര്‍മാറ്റിവിറ്റിയെ മാത്രം സ്വാഭാവികമായി കണക്കാക്കിയിരുന്നൊരു സമൂഹത്തില്‍ സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യങ്ങള്‍ സ്വയം തിരിച്ചറിയുക എന്നതും അംഗീകരിക്കുക എന്നതും ഏതൊരു വ്യക്തിയെ സംബന്ധിച്ചും വളരെ ബുദ്ധിമുട്ടായിരുന്നു.
ഇത്തരത്തില്‍ പേടിച്ചും ആത്മവിശ്വാസം ഇല്ലാതെയും സ്വയം ഒരു തെറ്റാണെന്ന് കരുതിയുമൊക്കെ ജീവിച്ചിരുന്ന ആളുകള്‍ക്കിടയിലേയ്ക്ക് വൈവിധ്യങ്ങളുടെ ജൈവികത ബോധ്യപ്പെടുത്താന്‍ വിവിധ കൂട്ടായ്മകളുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. നഗരകേന്ദ്രിതമായി പ്രവര്‍ത്തിച്ചിരുന്ന കൂട്ടായ്മകള്‍ കത്തിടപാടുകളിലൂടെയും ടോള്‍- ഫ്രീ നമ്പര്‍ സേവനങ്ങളിലൂടെയും ഗ്രാമപ്രദേശങ്ങളിലേയ്ക്കും പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കാന്‍ ശ്രമിച്ചു. സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യങ്ങളെപ്പറ്റി ആളുകളെ ബോധവല്‍ക്കരിക്കുന്നതിനായുള്ള ലഘുലേഖകളും ചുമരെഴുത്തുകളും ഇത്തരം പ്രവര്‍ത്തങ്ങളുടെ ഭാഗമായിരുന്നു. അന്ന് പ്രചാരത്തിലുണ്ടായിരുന്ന മാസികകളില്‍ ചെറിയ തലക്കെട്ടുകള്‍ വെച്ച് പരസ്യം നല്‍കുന്നത് മറ്റൊരു രീതിയായിരുന്നു. ഉദാ: ‘നിങ്ങള്‍ സ്ത്രീകളെ പ്രണയിക്കുന്ന സ്ത്രീയാണോ?, എങ്കില്‍ ഞങ്ങളെ ബന്ധപ്പെടൂ.’ തുടങ്ങിയ തലവാചകങ്ങള്‍ പൊതു ഇടങ്ങളില്‍ പ്രചരിപ്പിക്കുകയും അതുവഴി ആളുകളിലേയ്ക്ക് എത്തുകയും ചെയ്യുക എന്നുള്ളതായിരുന്നു. ഈ തലവാചകങ്ങളോ ലഘുലേഖകളോ കണ്ട് താല്‍പ്പര്യം തോന്നുന്ന ആളുകള്‍ കത്തുകളിലൂടെയോ ഫോണ്‍വഴിയോ എന്‍.ജി.ഒ പ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന കത്തുകളും ഫോണ്‍വിളികളും പല സ്വഭാവത്തിലുള്ളവയായിരുന്നു. ചില കത്തുകള്‍ കൗതുകത്തിനുപുറത്ത് എഴുതിയവയാണ്. എന്നാല്‍ ചിലതാവട്ടെ തങ്ങളുടെ അന്തര്‍സംഘര്‍ഷങ്ങളെ തുറന്നുകാണിക്കുന്നതിനായി എഴുതിയതാണ്. ചില എഴുത്തുകള്‍ തങ്ങളെപ്പോലെ വേറേയും ആളുകള്‍ നിലനില്‍ക്കുന്നു എന്നറിഞ്ഞതിന്‍റെ സന്തോഷത്തിലും ആത്മവിശ്വാസത്തിലുമുള്ളതാണ്. തുടര്‍ന്ന് ജീവിക്കാന്‍ പിന്തുണ ആവശ്യപ്പെട്ടുകൊണ്ടും, ഐക്യധാര്‍ഢ്യംഅറിയിച്ചുകൊണ്ടും അതേസമയം തങ്ങളുടെ സ്വത്വത്തില്‍നിന്നും രക്ഷപെടുന്നതിനായി സഹായിക്കണം എന്ന രീതിയിലുമുള്ള എഴുത്തുകളുമുണ്ടായിരുന്നു. ഇത്തരത്തിലുള്ള പ്രതികരണങ്ങളോടെല്ലാംതന്നെ ക്രിയാത്മകമായി സംവദിക്കാന്‍ ഈ എന്‍.ജി.ഒകള്‍ ശ്രമിച്ചിരുന്നു. അതിന്‍റെ ഭാഗമായുള്ള വ്യത്യാസങ്ങള്‍ ഈ വിഭാഗങ്ങളുടെ ദൃശ്യതയിലും മാറ്റങ്ങള്‍ വരുത്തി. തങ്ങളുടെ സ്വത്വം സ്വാഭാവികമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടുവന്ന ഒരു വിഭാഗം ആളുകള്‍, അവര്‍ പിന്നീട് തങ്ങളെ കുറ്റവാളികളാക്കുന്ന ഭരണകൂട നിയമസംവിധാനങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ വിശാലമായ ഒരു ഐക്യം രൂപപ്പെടുത്തി.
കേരളത്തിലെ സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യ വിഭാഗങ്ങളുമായി ബന്ധപ്പെട്ട കൂട്ടായ്മകളും മുന്നേറ്റങ്ങളും സജീവമാകുന്നത് 90 കളുടെ തുടക്കത്തിലാണ്. ദേശീയതലത്തിലേതിന് സമാനമായി എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് കേരളത്തിലും ഇത്തരം വിഭാഗങ്ങളുടെ കൂട്ടായ്മയും തുടര്‍ന്നുള്ള ദൃശ്യതയും ഉണ്ടാവുന്നത്. കെ.എസ്.എ.സി.എസ്സിന്‍റെ രൂപീകരണവും തുടര്‍ന്ന് മറ്റ് സംഘടനകളും കൂട്ടായ്മകളുമായി ചേര്‍ന്ന് നടത്തിയ നിരവധി ഇടപെടലുകളും ഇതിന്‍റെ ഭാഗമാണ്. ഇത്തരം ശ്രമങ്ങള്‍ക്കു മുന്‍പ് തന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യ വിഭാഗങ്ങളിലുള്ള ആളുകള്‍ സ്വയം തിരിച്ചറിയുകയും പ്രാദേശികമായി സംഘടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളത്തിലെ സവിശേഷ സാഹചര്യം മൂലം ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നടന്നതില്‍നിന്നും വ്യത്യസ്തമായ രീതിയിലാണ് സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യ വിഭാഗങ്ങളുടെ സംഘാടനം സാധ്യമായത്. ദേശീയതലത്തില്‍ വന്‍ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് എന്‍.ജി.ഒകളുടെ പ്രവര്‍ത്തനം നടന്നിരുന്നത്, മധ്യവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന ആളുകളാണ് പ്രധാനമായും ഇതിന്‍റെ ഭാഗമായത്. ക്ലബ്ബുകളും മറ്റും കേന്ദ്രീകരിച്ചുള്ള സൗഹൃദവലയങ്ങള്‍, മെച്ചപ്പെട്ട വിദ്യാഭ്യാസം ഇത്തരം സ്വത്വവിഭാഗങ്ങളെക്കുറിച്ചുള്ള അറിവ്, കൂടിയ ചലനാത്മകത, നഗരകേന്ദ്രങ്ങളല്ലാത്തിടങ്ങള്‍ പോലും ഹിജ്റ സംസ്കാരത്തിന്‍റെ പ്രാധാന്യം ഇവയൊക്കെ ദേശീയതലത്തിലെ പോരാട്ടങ്ങളെ സ്വാധീനിച്ച ഘടകങ്ങളായിരുന്നു. എന്നാല്‍ വളരെയധികം നഗരവല്‍ക്കരിക്കപ്പെട്ട പ്രദേശങ്ങളല്ല കേരളത്തിലേത്, അതുകൊണ്ടുതന്നെ ചലനാത്മകതയും അതുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യവും പരിമിതമായിരുന്നു.
നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായും മറ്റും ഒട്ടനവധി സാമൂഹിക മുന്നേറ്റങ്ങള്‍ ഉണ്ടായ സ്ഥലമാണ് കേരളം. എന്നാല്‍ ആഴത്തില്‍ വേരൂന്നിയ പുരുഷാധിപത്യത്തെ അഭിസംബോധന ചെയ്യുന്നതില്‍ ഈ നവോധാന മുന്നേറ്റങ്ങള്‍ പരാജയപ്പെട്ടു. കേരളത്തിലെ സ്ത്രീ പ്രസ്ഥാനങ്ങളും മറ്റു മുഖ്യധാരാരാഷ്ട്രീയ പ്രസ്ഥാനങ്ങളും സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ വേണ്ടത്ത്ര ശ്രദ്ധ ചെലുത്തിയില്ല. ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലാണ് FIRM, സഹയാത്രിക തുടങ്ങിയ സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഈ കൂട്ടായ്മകള്‍ കേരളത്തിലെ ലൈംഗികതൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള ഇംപ്ലിമെന്‍റേഷന്‍ ഏജന്‍സി എന്ന നിലയിലാണ് FIRM ലൈംഗിക തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. സര്‍ക്കാരിന്‍റെ ഭാഗമായി നിന്നുകൊണ്ട് ഇവര്‍ക്കിടയില്‍ ഇടപെടുക എന്നത് പരിമിതമായ സാധ്യതയായിരുന്നു. സര്‍ക്കാരിന്‍റെ ഭാഗമായ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റും നിയമസംവിധാനങ്ങളുമൊക്കെയാണ് ഇവരെ കുറ്റക്കാരായി കാണുന്നത്, സര്‍ക്കാരിന്‍റെ ആളുകളെന്ന നിലയില്‍ സമീപിക്കുമ്പോള്‍ പോലീസില്‍ കുടുക്കാനായി എന്നാണവര്‍ മനസ്സിലാക്കുന്നത്. അതുകൊണ്ട് സ്റ്റേറ്റിന്‍റെ ഭാഗമായി നില്‍ക്കുമ്പോള്‍പോലും വ്യത്യസ്തമായൊരു സമീപനം ഈ സംഘടനകള്‍ക്ക് സ്വീകരിക്കേണ്ടതായി വന്നു.
എകഞങന്‍റെ ഓഫീസ് പല ഘട്ടങ്ങളിലും ഡ്രോപ്പിങ് സെന്‍ററുകള്‍ കൂടിയായി പ്രവര്‍ത്തിച്ചു. ഇവിടെ ഒരുമിച്ച് സമയം ചെലവഴിക്കുന്നതും എയ്ഡ്സ് ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായുണ്ടാകുന്ന വിവിധ പരിപാടികളിലെ കൂട്ടംചേരലുകളും ലൈംഗികതൊഴിലാളികളായി അന്ന് തിരിച്ചറിയപ്പെട്ടിരുന്ന ആളുകള്‍ക്ക് പരസ്പരം സംസാരിക്കാനും അടുത്തറിയാനുമുള്ള അവസരങ്ങളായി. ദേശീയതലത്തിലേതിനു സമാനമായി എഫ്.എസ്.ഡബ്ല്യു, എം.എസ്.എം എന്നിങ്ങനെ രണ്ടുവിഭാഗങ്ങളായാണ് കേരളത്തിലും ലൈംഗികതൊഴിലാളികളെ രേഖപ്പെടുത്തിയത്. എകഞങ സഹയാത്രിക തുടങ്ങിയ സംഘടനകളുടെ ഇടപെടലുകളുടെ ഭാഗമായും ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍ നടന്ന ശില്‍പശാലകളിലും സെമിനാറുകളിലും പങ്കെടുക്കുക വഴിയും വ്യത്യസ്തമായൊരു കാഴ്ചപ്പാടാണ് അന്ന് എഫ്.എസ്.ഡബ്ല്യു, എം.എസ്.എം എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്ന ആളുകള്‍ക്ക് ലഭിച്ചത്. സ്റ്റേറ്റും ആരോഗ്യവകുപ്പും സെക്ഷ്വല്‍ ആക്ടിന്‍റെ അടിസ്ഥാനത്തില്‍ മാത്രം രൂപപ്പെടുത്തിയ ഒരു ഐഡന്‍റിറ്റിയില്‍ നിന്നും കുറേക്കൂടി വിശാലമായ സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യങ്ങളെ പറ്റി അറിയാനും സ്വാഭിമാനത്തോടുകൂടി ഉറച്ചുപറയാനും സാധിച്ചു. 1992 ല്‍ തിരുവനന്തപുരം ജില്ലയിലെ ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ നിന്നും എട്ട് പെണ്‍കുട്ടികളെ, അവര്‍ ഒരു ക്ലബ്ബ് രൂപീകരിച്ചതിന്‍റെ പേരില്‍ പുറത്താക്കിയ വാര്‍ത്ത ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘The Martina Girls’ എന്നതായിരുന്നു ആ ക്ലബ്ബ്. സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്ന് പറഞ്ഞ അമേരിക്കന്‍ ടെന്നീസ് താരം മാര്‍ട്ടിന നവ്രത്തിലോവയുടെ പേരിലാണ് ക്ലബ്ബ് ആരംഭിച്ചത്. സ്വവര്‍ഗാനുരാഗം പോലുള്ള ആശയങ്ങളെ പൊതുസമൂഹം എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നുള്ളതിന്‍റെ ഉദാഹരണമായി ഇതിനെ കാണാം.
സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റൊരു സംഘടനയാണ് ‘സഹയാത്രിക.’ ലെസ്ബിയന്‍ ആയി സ്വയം തിരിച്ചറിഞ്ഞ ദീപ വാസുദേവിന്‍റെ നേതൃത്ത്വത്തിലാണ് സഹയാത്രിക രൂപം കൊണ്ടത്. കേരളത്തിനകത്തും പുറത്തും എന്‍.ജി.ഒകളുമായും അക്കാദമിക് രംഗങ്ങളില്‍ സജീവമായ വ്യക്തികളുമായി ചേര്‍ന്ന്, കേരളത്തിലെ സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യങ്ങളെപ്പറ്റി മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും വന്ന, സ്വവര്‍ഗ ലൈംഗികതയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് സംശയിക്കുന്ന വാര്‍ത്തകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു വിവരാന്വേഷണാത്മക പഠനം നടത്തുക എന്നതായിരുന്നു ദീപയും സുഹൃത്തുക്കളും അടങ്ങുന്ന സംഘത്തിന്‍റെ ഉദ്ദേശം. കേരളത്തിന്‍റെ വിവിധഭാഗങ്ങളിലായി പത്തോളം ഇരട്ട ആത്മഹത്യകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടു പെണ്‍കുട്ടികളുടെ/ സുഹൃത്തുക്കളുടെ ആത്മഹത്യ എന്ന രീതിയിലാണ് മാധ്യമങ്ങള്‍ ഇവയെ കണ്ടത്. എന്നാല്‍ ഇത്തരത്തിലുള്ള പല കേസുകളിലും സ്വവര്‍ഗാനുരാഗ താല്‍പര്യങ്ങള്‍ കണ്ടെത്താന്‍ സഹയാത്രികയുടെ ടീമിന് സാധിച്ചു. പല ഘട്ടത്തിലും അത് non conformity യെക്കൂടി ഉള്‍ക്കൊള്ളുന്നതായിരുന്നു. കേരളത്തിനുപുറത്ത് വിവിധ സംഘടനകളുടെ പ്രവര്‍ത്തന രീതിക്ക് സമാനമായി anonymous കത്തിടപാടുകളിലൂടെയും ടോള്‍ഫ്രീ നമ്പര്‍ വഴിയും ആളുകളുമായി സംവദിക്കാന്‍ ശ്രമിച്ചു. സഹയാത്രികയുമായി ഫോണ്‍ വഴിയും കത്തുകളിലൂടെയും ബന്ധപ്പെട്ടുകൊണ്ടിരുന്ന ആളുകള്‍ക്ക് പിന്നീട് കാണാനും ഒരുമിച്ചു കൂടാനുമുള്ള ഇടങ്ങള്‍ ഉണ്ടായി. അത്തരം ഇടങ്ങളില്‍ നിന്നു കിട്ടിയ അറിവുകള്‍ വൈവിധ്യങ്ങളെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിച്ചു. FIRM നും സഹയാത്രികക്കും സമാന്തരമായി QUEE ALA, QUEERYTHM, SMFK, MCFപുനര്‍ജ്ജനി തുടങ്ങി ഒട്ടനവധി ഇആഛകള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
തുടക്കത്തില്‍ ലൈംഗികതൊഴിലാളികളെ കേന്ദ്രീകരിച്ചുകൊണ്ട് നടന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ പിന്നീട് പല സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യങ്ങളുടെ തിരിച്ചറിയലിലേയ്ക്കും അംഗീകാരങ്ങളിലേയ്ക്കും എത്തി. ദൃശ്യതയുമായും വയലന്‍സുമായും ചേര്‍ത്തുകൊണ്ടാണ് കേരളത്തിലെ സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യ വിഭാഗങ്ങളുടെ പോരാട്ടങ്ങള്‍ പറഞ്ഞുവെയ്ക്കേണ്ടത്. പ്രാദേശികമായി ചെറിയ രീതിയിലുള്ള മാര്‍ച്ചുകളും റാലികളും കൂട്ടായ്മകളും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സങ്കടിപ്പിക്കപ്പെടുകയുണ്ടായി. പലഭാഗത്തുനിന്നുള്ള അക്രമണങ്ങളും ഭീഷണികളും ഇതിന്‍റെ സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കും നേരിടേണ്ടിവന്നു. മാസ്കുകള്‍ ധരിച്ചും മുഖം മറച്ചുമൊക്കെയാണ് ഒട്ടുമിക്ക ആളുകളും ഇത്തരം പരിപാടികളുടെ ഭാഗമായത്.
കേരളത്തില്‍ ദൃശ്യത കുറഞ്ഞ ഒരു കാലഘട്ടത്തില്‍ തങ്ങളുടെ ഐഡന്‍റിറ്റി തിരിച്ചറിഞ്ഞ ആളുകള്‍ ബാംഗ്ലൂര്‍, തമിഴ്നാട്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തിരുന്നു. കേരളത്തിനകത്തുതന്നെ ഗ്രാമപ്രദേശങ്ങളില്‍നിന്നും നഗരകേന്ദ്രങ്ങളിലേയ്ക്കും ഇത്തരം പലായനങ്ങള്‍ നടന്നു. എന്നാല്‍ 2000-ത്തോടുകൂടി കേരളത്തില്‍ സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യ വിഭാഗങ്ങള്‍ സജീവമാകാന്‍ തുടങ്ങി. സെക്ഷന്‍ 377-മായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളും അവയുടെ വിധിയുമെല്ലാം കേരളത്തില്‍ നിന്നുള്ള പലായനത്തിന്‍റെ തോത് കുറച്ചു. 2009-ല്‍ ഡല്‍ഹി ഹൈക്കോടതി 377-ാം വകുപ്പ് ഡിക്രിമിനലൈസ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കേരളത്തിലെ ആദ്യത്തെ ക്വിയര്‍ പ്രൈഡ് മാര്‍ച്ച് തിരുവനന്തപുരത്ത് നടക്കുന്നത്. സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യ വിഭാഗങ്ങളോടൊപ്പം തന്നെ മറ്റുവിഭാഗത്തില്‍പ്പെട്ട ആളുകളും ആദ്യ പ്രൈഡിന്‍റെ സംഘാടനത്തിലും പങ്കാളിത്തത്തിലും മുന്നിട്ടുനിന്നു.
ആദ്യത്തെ പ്രൈഡ് മാര്‍ച്ചില്‍ മുഖംമൂടി ധരിച്ച ധാരാളം ആളുകളെ കാണാമായിരുന്നു, എന്നാല്‍ ഓരോ പ്രൈഡിനുശേഷവും മുഖംമൂടികളുടെ എണ്ണം കുറഞ്ഞുവന്നു. കേരളത്തില്‍നിന്നും പലായനം ചെയ്തു മറ്റു നഗരങ്ങളില്‍ താമസിക്കുന്ന കമ്യൂണിറ്റി ആളുകള്‍, സംഗമ പോലുള്ള സംഘടനകളുടെ സഹായം ഒക്കെ പ്രൈഡിന്‍റെ നടത്തിപ്പിന് സഹായകമായി.
2015 ല്‍ ട്രാന്‍സ്ജന്‍ഡര്‍ പോളിസി നിലവില്‍ വന്നതോടുകൂടി കേരളത്തിലെ സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യ വിഭാഗങ്ങളുടെ സാമൂഹ്യാവസ്ഥയ്ക്ക് വലിയ മാറ്റങ്ങള്‍ വന്നു. പോളിസിയുടെ മുന്നോടിയായി നടന്ന സര്‍വേയില്‍ 4000-ത്തോളം ആളുകള്‍ പങ്കെടുത്തു. സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യ വിഭാഗങ്ങളുടെ സാമ്പത്തിക-സാമൂഹ്യ-വിദ്യാഭ്യാസ ചുറ്റുപാടുകളെപ്പറ്റി സമഗ്രമായ വിവരം നല്‍കുന്നതാണ് സര്‍വേ. ഇവരുടെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ടുള്ള ഒട്ടനവധി പദ്ധതികള്‍ പോളിസിയുടെ ഭാഗമായി നടപ്പിലാക്കപ്പെട്ടു. താരതമ്യേന മെച്ചപ്പെട്ട സാമൂഹ്യ അവസ്ഥയിലേയ്ക്കും ദൃശ്യതയിലേയ്ക്കും ഇത്തരം ആളുകളെ എത്തിക്കാന്‍ പോളിസി സഹായകമായി. ഈ പോളിസിയുടെ വലിയൊരു പോരായ്മ സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യ വിഭാഗങ്ങളില്‍ ട്രാന്‍സ്ജന്‍ഡര്‍ മനുഷ്യരെക്കുറിച്ച് മാത്രമാണ് പ്രതിപാദിക്കുന്നത് എന്നതാണ്.
സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ട്രാന്‍സ്ജന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡുകള്‍, ഷെല്‍ട്ടര്‍ ഹോമുകള്‍, ലിംഗമാറ്റ ശസ്ത്രക്രിയക്കുള്ള സാമ്പത്തിക സഹായം, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റ് സംവരണം ഇവയൊക്കെ പോളിസിയുടെ ഭാഗമായി നടപ്പാക്കപ്പെട്ടവയാണ്. സംസ്ഥാനതലത്തില്‍വന്ന മാറ്റങ്ങളോടൊപ്പംതന്നെ 2018 ലെ നല്‍സ വിധി, സജീവമായി പ്രവര്‍ത്തിക്കുന്ന അനവധി CBO കള്‍ ഇതെല്ലാം തന്നെ സെക്സ്, ജന്‍ഡര്‍, സെക്ഷ്വാലിറ്റി വൈവിധ്യ വിഭാഗങ്ങളുടെ വര്‍ദ്ധിച്ച ദൃശ്യതക്ക് കാരണമായി. ഇത്തരമൊരു ദൃശ്യതയും അംഗീകാരവും നേടിയെടുക്കാനുള്ള പോരാട്ടങ്ങളില്‍ ഒരുപാട് മനുഷ്യര്‍ക്ക് രക്തസാക്ഷികളാകേണ്ടി വന്നു. സ്വീറ്റ് മരിയ മുതല്‍ അനന്യ വരെയുള്ള ആളുകള്‍ നിലനില്‍പിനായുള്ള നിരന്തര പോരാട്ടങ്ങളുടെ ഭാഗമായി, സമൂഹത്തിന്‍റെ അവബോധമില്ലായ്മയുടെയും അതിക്രമങ്ങളുടെയും ഭാഗമായി ജീവന്‍ നഷ്ടപ്പെട്ടവരാണ്.

 

രാധിക കൊല്ലരിക്കല്‍
ഗവേഷക വിദ്യാര്‍ഥിനി
ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല

COMMENTS

COMMENT WITH EMAIL: 0