Homeചർച്ചാവിഷയം

മിസ്റ്റര്‍ കേരള പ്രവീണ്‍ നാഥ് : ഉള്‍ക്കരുത്തിന്‍റെ പ്രതീകം

പ്രവീണ്‍ നാഥ് ചിറകു വിരിക്കുകയാണ് തന്‍റെ സ്വപ്നത്തിലേക്ക്… മിസ്റ്റര്‍ തൃശ്ശൂരില്‍ നിന്നും മിസ്റ്റര്‍ കേരളയിലെത്തി നില്‍ക്കുന്ന പ്രവീണ്‍ ആദ്യമായി വാര്‍ത്തകളില്‍ നിറയുന്നത് എറണാകുളം മഹാരാജാസ് കോളേജില്‍ അഡ്മിഷന്‍ നേടിയ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയെന്ന നിലയിലാണ്. ബി എ ഇംഗ്ലീഷിന് അഡ്മിഷന്‍ എടുത്തു പഠനം തുടങ്ങിയെങ്കിലും ജീവിതത്തിലെ പരീക്ഷണങ്ങള്‍ക്കിടയില്‍ തത്കാലം പഠനം ഉപേക്ഷിക്കേണ്ടതായി വന്നു. ട്രാന്‍സ്മാന്‍ – ലെസ്ബിയന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സംരക്ഷണത്തിനുമായി നിലകൊള്ളുന്ന ‘സഹയാത്രിക’ എന്ന കമ്യുണിറ്റി സംഘടനയുടെ അഡ്വോക്കസി കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ് പ്രവീണ്‍.
പാലക്കാട് നെന്മാറ സ്വദേശിയായ പ്രവീണ്‍ നാഥ് കഴിഞ്ഞ മാസമാണ് ട്രാന്‍സ്ജെന്‍ഡര്‍ കാറ്റഗറിയില്‍ ‘മിസ്റ്റര്‍ കേരള’ ടൈറ്റില്‍ കരസ്ഥമാക്കിയത്. അതിലേക്കുള്ള ദൂരം പ്രവീണിനെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. മിസ്റ്റര്‍ തൃശൂര്‍ ടൈറ്റില്‍ വിജയിക്കാന്‍ പരിശീലനം നല്‍കിയ വിനു മോഹനും കമ്മ്യൂണിറ്റി സുഹൃത്തുക്കളുമാണ് പ്രവീണിന് പ്രോത്സാഹനവും പിന്തുണയും നല്‍കിയത്. തുച്ഛമായ വരുമാനത്തില്‍ ജോലി ചെയ്തിരുന്ന പ്രവീണിനെ സംബന്ധിച്ചിടത്തോളം മത്സരത്തിനുവേണ്ടിയുള്ള പരിശീലനത്തിന് പണം കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല. സുഹൃത്തിനോട് കടം വാങ്ങിയ തുകയുമായാണ് ബോഡി ബില്‍ഡിങ് എന്ന വലിയ വെല്ലുവിളിയും സ്വപ്നവും ഏറ്റെടുത്തത്. ഒടുവില്‍ കഠിനമായ പരിശീലനത്തിന് തക്കതായ പ്രതിഫലം ലഭിച്ചു; ‘കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് മാന്‍ ബോഡി ബില്‍ഡര്‍’ എന്ന് പി എസ് സി പരീക്ഷയ്ക്കുള്ള ചോദ്യത്തിനുത്തരമായി ആ പേരുണ്ടാവും: പ്രവീണ്‍ നാഥ്.
ജീവിതത്തിലെ പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളാണ് ഉള്‍ക്കരുത്ത് നേടാനും സ്വയം തെളിയിക്കാനും തന്നെ പ്രചോദിപ്പിക്കുന്നതെന്നു പ്രവീണ്‍. എല്ലാ ട്രാന്‍സ് വ്യക്തികളെയും പോലെ തനിക്ക് ഇഷ്ടമില്ലാത്ത ശാരീരിക പ്രത്യേകതകളുമായി ജനിക്കുകയും അതില്‍ ഏറെ വീര്‍പ്പുമുട്ടലുകളും പ്രവീണ്‍ അനുഭവിച്ചിരുന്നു. സ്കൂളില്‍ എക്സ്ട്രോവേര്‍ട്ട് ആയ, ഒരുപാട് കൂട്ടുകാരുള്ള ഒരു കുട്ടിയായിരുന്നെങ്കിലും കൗമാരപ്രായത്തോടെ ‘ജെന്‍ഡര്‍ ഡിസ്ഫോറിയ’ തോന്നിത്തൂടങ്ങിയപ്പോള്‍ പതുക്കെ അന്തര്‍മുഖനായി. കൗമാരപ്രായത്തിലുണ്ടാവുന്ന ശാരീരിക മാറ്റങ്ങളും അംഗീകരിക്കുവാനാവുന്നതല്ലായിരുന്നു. വീട്ടുകാര്‍ക്കും പ്രവീണിന്‍റെ ഐഡന്‍റിറ്റി ഉള്‍ക്കൊള്ളാനാവുമായിരുന്നില്ല. അങ്ങനെ വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടുന്ന സാഹചര്യം കടുത്ത ആത്മസംഘര്‍ഷത്തിന്‍റെതായിരുന്നു.
ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു ലെസ്ബിയന്‍ പെണ്‍കുട്ടിയായി കരുതി കുറേ പേരെങ്കിലും പരിഹസിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തെങ്കിലും ചില അധ്യാപകര്‍ തുണയായെത്തിയതിനാല്‍ പഠനം പൂര്‍ത്തിയാക്കി. പക്ഷേ, ഡിഗ്രിക്ക് പഠിക്കാന്‍ ചേര്‍ന്ന പാലക്കാട് എന്‍.എസ്.എസ്. കോളേജിലെ അനുഭവം വളരെ ദുസ്സഹമായിരുന്നു. ട്രാന്‍സ് വ്യക്തിത്വത്തെ ഉള്‍ക്കൊള്ളാന്‍ ആവില്ലായിരുന്ന അധികൃതര്‍ പ്രവീണിനു മാനസികരോഗമാണെന്നും ചികിത്സ നല്കണമെന്നും വീട്ടുകാരോട് നിര്‍ദ്ദേശിച്ചു. ഒടുവില്‍ ആ കോളേജില്‍ നിന്നും ടിസി വാങ്ങി പോരേണ്ടി വരുകയാണുണ്ടായത്. തൃശ്ശൂരില്‍ ‘സഹയാത്രിക’യാണ് വീട് വിട്ടിറങ്ങിയപ്പോള്‍ പ്രവീണിനു പിന്തുണയും സംരക്ഷണവും നല്കിയത്.
2019 അവസാനം ട്രാന്‍സ്വ്യക്തികള്‍ അഭിനേതാക്കളായെത്തിയിരുന്ന ‘പറയാന്‍ മറന്ന കഥകള്‍’ എന്ന നാടകത്തില്‍ അഭിനയിക്കുന്ന സമയത്തു ചെസ്റ്റ് ബൈന്‍ഡര്‍ ഉപയോഗിച്ച് ശരീരം മുറിയുന്ന അവസ്ഥയിലെത്തുമ്പോഴാണ് ലിംഗമാറ്റ ശസ്ത്രക്രിയ തന്നെ നടത്തണമെന്ന ആഗ്രഹം ശക്തമായതും അതിനുള്ള തീരുമാനമെടുക്കുന്നതും. ട്രാന്‍സ്ജെന്‍ഡര്‍ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ രെഞ്ചു രെഞ്ജിമറാണ് പ്രവീണിന്‍റെ ആഗ്രഹത്തിന് സാമ്പത്തിക പിന്തുണ നല്‍കിയത്. ട്രാന്‍സ് വ്യക്തികള്‍ക്കായി സര്‍ക്കാര്‍ ശസ്ത്രക്രിയ സഹായം നല്‍കുന്നുണ്ടെങ്കിലും ശസ്ത്രക്രിയയ്ക്കു ശേഷം മാത്രമേ ആ പണം ലഭിക്കൂ എന്നുള്ളതായിരുന്നു ബുദ്ധിമുട്ടുണ്ടാക്കിയത്.
ശസ്ത്രക്രിയ നടത്തിയ ട്രാന്‍സ് ശരീരം തന്‍റെ സ്വപ്നങ്ങള്‍ക്കൊരു തടസ്സമാവരുതെന്നുണ്ടായിരുന്നു പ്രവീണിന്, 2019 ല്‍ നടന്ന ശസ്ത്രക്രിയ കഴിഞ്ഞു ആവശ്യമായ വിശ്രമത്തിനു ശേഷം ശരീരം ഫിറ്റ് ആയി സൂക്ഷിക്കുക എന്ന തന്‍റെ ആഗ്രഹവുമായാണ് ആദ്യമായി ജിമ്മില്‍ ചേര്‍ന്ന് പരിശീലനം നേടാന്‍ ശ്രമിക്കുന്നത്. ഒപ്പം ജീവിതത്തില്‍ എന്തെങ്കിലുമൊക്കെയിയിത്തീരണമെന്ന അടങ്ങാത്ത അഭിവാഞ്ജയും. ട്രെയിനറോട് താന്‍ ഒരു ട്രാന്‍സ് മാന്‍ ആണെന്ന് തെല്ലൊരു സങ്കോചത്തോടെ വെളിപ്പെടുത്തി. എന്നാല്‍, അദ്ദേഹമാണ് ട്രാന്‍സ് മാന്‍ കാറ്റഗറിയില്‍ ബോഡി ബില്‍ഡിങ്ങിനു ശ്രമിക്കാന്‍ പ്രോത്സാഹനം നല്‍കിയത്. അങ്ങനെ ഭക്ഷണ നിയന്ത്രണവും കൃത്യമായ വ്യായാമവും ആരംഭിച്ചു. ഒരു മൂന്നു മാസം കൊണ്ടു തന്നെ പരിശീലനത്തിലൂടെ തന്‍റെ കഴിവ് പുറത്തെടുക്കാന്‍ പ്രവീണിനു സാധിച്ചു. തുടക്കത്തില്‍ സുഹൃത്തുക്കളോടു പോലും പറയാതെയാണ് ബോഡി ബില്‍ഡിംഗ് എന്ന ആഗ്രഹത്തിനായി പ്രയത്നിക്കാന്‍ തുടങ്ങിയത്. മിസ്റ്റര്‍ ത്രിശ്ശൂര്‍, മിസ്റ്റര്‍ കേരള മത്സരങ്ങളിലെ മിന്നുന്ന പ്രകടനം പ്രവീണിന്‍റെ ജീവിതത്തിലെ തന്നെ ഒരു വഴിത്തിരിവായി. ഒരുപാട് പേര്‍ ആശംസകളുമായെത്തി. പണ്ട് തള്ളിപ്പറഞ്ഞവരടക്കം ഇന്നു പ്രവീണിനെ അഭിനന്ദിക്കുന്നു. ഒരു ട്രാന്‍സ് ശരീരം എന്താണ് എന്നറിയാനുള്ള ആകാംക്ഷ സമൂഹത്തിനുണ്ടെന്നാണ് പ്രവീണിന്‍റെ നിരീക്ഷണം. ശസ്ത്രക്രിയ നടത്തിയ ട്രാന്‍സ് ശരീരം ഒളിച്ചു വയ്ക്കണമെന്ന് പ്രവീണ്‍ ആഗ്രഹിക്കുന്നില്ല. ശരീര സൗന്ദര്യ മത്സരത്തിലിറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ പൊതുസമൂഹത്തിനു മറുപടി നല്‍കുന്നതോടൊപ്പം തന്നെ ട്രാന്‍സ് ശരീരം തന്നെ പോരാട്ടത്തിന്‍റെ ഒരു രാഷ്ട്രീയ മാതൃകയായി തനിക്കുയര്‍ത്തിപ്പിടിക്കാമെന്നും അവന്‍ തെളിയിച്ചു. ട്രാന്‍സ് ഫോബിക് ആയ ഹെറ്റെറോനോര്‍മേറ്റീവ് സമൂഹം പ്രവീണിന്‍റെ അമ്മയെ വരെ കുറ്റപ്പെടുത്താതിരുന്നില്ല; പ്രവീണ്‍ ട്രാന്‍സ് മാന്‍ ആയത് അമ്മയുടെ തെറ്റുമൂലമാണെന്നു കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തിയവരുണ്ട്. തന്‍റെ നേട്ടം അമ്മയുടെ കൂടെ വിജയമായിക്കണ്ട് സന്തോഷിക്കുകയാണ് പ്രവീണ്‍. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ കടം വാങ്ങിയൂം സ്വര്‍ണം പണയം വെച്ചും മകനെ പ്രോത്സാഹിപ്പിക്കാനാവുന്നതൊക്കെ ആ അമ്മ നിര്‍വഹിച്ചു. പരിഹസിച്ചവരുടെയെല്ലാം മുന്‍പില്‍ അഭിമാനത്തോടെ ആ അമ്മയ്ക്ക് നില്‍ക്കാന്‍ ഈ നേട്ടം കൊണ്ട് സാധിക്കും.
ബോഡി ബില്‍ഡിംഗ് എന്ന ശരീര സൗന്ദര്യകലയില്‍ ഉയരങ്ങളിലേക്ക് എത്താന്‍ പ്രവീണ്‍ ആഗ്രഹിക്കുന്നു. മിസ്റ്റര്‍ കേരളയില്‍ നിന്നൂം മിസ്റ്റര്‍ സൗത്ത് ഇന്ത്യയിലേക്കും മിസ്റ്റര്‍ ഇന്ത്യയിലേക്കും മിസ്റ്റര്‍ ഏഷ്യയിലേക്കും മിസ്റ്റര്‍ വേള്‍ഡിലേക്കുമാണ് ഈ ഇരുപത്തിനാലുകാരന്‍ പ്രതീക്ഷയോടെ പ്രയത്നിക്കുന്നത്. ട്രാന്‍സ് കാറ്റഗറിയില്‍ നിന്നും ‘മെന്‍ ഫിസിക്’ കാറ്റഗറിയില്‍ പങ്കെടുക്കാനും പ്രവീണിനു ആഗ്രഹമുണ്ട്.
ആ മത്സരങ്ങള്‍ക്കായി നല്ലൊരു സ്പോണ്‍സറെയും പ്രവീണിന് ആവശ്യമാണ്. ഏത് പ്രതിസന്ധിയെയും കഠിനമായ അധ്വാനത്തോടെ നേരിടാന്‍ പ്രവീണ്‍ തയ്യാറാണ്. എന്നാല്‍ ചെലവുകള്‍ വലിയൊരു വെല്ലുവിളിയാണ്. മത്സരഫീസ് ആയും പരിശീലനത്തിനായുമൊക്കെ നല്ലൊരു തുക ചെലവാകുമെന്നതിനാല്‍ സുമനസ്സുകളായുള്ളവരുടെ സഹായം ലഭിക്കുമെന്നാണ് പ്രവീണ്‍ പ്രതീക്ഷയോടെ കരുതുന്നത്. തന്‍റെ ജീവിതം ട്രാന്‍സ് കമ്യൂണിറ്റിക്കകത്തും പുറത്തുമുള്ളവര്‍ക്ക് പ്രചോദനമാവണമെന്നു പ്രവീണ്‍ ആഗ്രഹിക്കുന്നു.
പ്രവീണിന്‍റെ അഭിപ്രായത്തില്‍, ട്രാന്‍സ് പുരുഷന്‍മാര്‍ക്ക് ട്രാന്‍സ് സ്ത്രീകളേക്കാള്‍ ശാരീരിക പ്രത്യേകതകളിലൂടെ അദൃശ്യരായിരിക്കാന്‍ കഴിയുമെങ്കിലും രണ്ട് കൂട്ടരും പൊതുവായനുഭവിക്കുന്ന സാമൂഹികമായ വിവേചനങ്ങളുണ്ട്. സമൂഹത്തിന്‍റെ ഭയം ട്രാന്‍സ് കമ്യൂണിറ്റിയെ അപമാനിക്കുന്നതിലേക്കും വേദനിപ്പിക്കുന്നതിലുമെത്താറുണ്ട്. നിങ്ങളുടെ പഴയ പേരെന്താണ്? പഴയ ഫോട്ടോ കയ്യിലുണ്ടോ? നിങ്ങളുടെ ബോട്ടം സര്‍ജറി കഴിഞ്ഞതാണോ? നിങ്ങള്‍ക്ക് കുട്ടികളുണ്ടാവുമോ? നിങ്ങള്‍ക്ക് ഒരു പുരുഷനോടോ സ്ത്രീയോടോ പ്രണയം തോന്നിയിട്ടില്ലേ? ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലേ? എന്നിങ്ങനെ വേദനിപ്പിക്കുന്ന ഒട്ടേറെ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നവരാണ് ഓരോ ട്രാന്‍സ് വ്യക്തികളും. ഇവ എങ്ങിനെയാണ് ട്രാന്‍സ് മനുഷ്യരില്‍ ട്രോമയുണ്ടാക്കുന്നതെന്ന് സിസ് മനുഷ്യര്‍ തിരിച്ചറിയേണ്ടതുണ്ട്. കഴിഞ്ഞ നാലഞ്ചു വര്‍ഷത്തിനിടയ്ക്ക് കേരളത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുകയും മത-രാഷ്ട്രീയ സംഘടനകളടക്കം ട്രാന്‍സ് വ്യക്തികളെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ എന്തെങ്കിലും നേടിയെടുത്താല്‍ മാത്രമേ ട്രാന്‍സ് വ്യക്തികളെ അംഗീകരിക്കൂ എന്ന മനോഭാവം മാറേണ്ടതുണ്ട്. നേട്ടങ്ങളില്ലാത്തവരായ ട്രാന്‍സ് ആളുകള്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കേണ്ടതുണ്ട്. ബോഡി ബില്‍ഡിംഗ് എന്ന സ്വപ്നത്തോടൊപ്പം തന്നെ ട്രാന്‍സ് കമ്യൂണിറ്റിക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം; ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്കിടയില്‍ ഫിറ്റ്നസിനു വേണ്ടിയുള്ള ബോധവത്കരണത്തിലും ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങളിലുമേര്‍പ്പെടണം. ഒരു ഗവണ്‍മെന്‍റ് ജോലിയും പ്രവീണിന്‍റെ ലക്ഷ്യങ്ങളിലൊന്നാണ്.

 

 

 

 

 

ഡോ. അനു കുര്യാക്കോസ്
അസിസ്റ്റന്‍റ് പ്രൊഫസര്‍
എസ്.ആര്‍.എം. യൂണിവേഴ്സിറ്റി
ആന്ധ്രപ്രദേശ്

COMMENTS

COMMENT WITH EMAIL: 0