Homeഅതിഥിപത്രാധിപക്കുറിപ്പ്

കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം പൊതുധാരയില്‍ ദൃശ്യത നേടാന്‍ തുടങ്ങിയിട്ട് ഒരു ദശാബ്ദക്കാലം ആവുന്നതേയുള്ളൂ. ‘ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങള്‍” എന്ന നിലയില്‍ സര്‍ക്കാര്‍ തലങ്ങളില്‍ അവര്‍ക്കു പരിഗണന ലഭിച്ചത് തന്നെ 2014 ലെ സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ വിധിയും കേരളത്തിലെ ട്രാന്‍സ് സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സര്‍വ്വേയുടെ ഫലമായുള്ള സര്‍ക്കാര്‍ ഇടപെടലുകളും കേരള സംസ്ഥാനത്തിന്‍റെ ട്രാന്‍സ്ജെന്‍ഡര്‍ പോളിസി 2015 ല്‍ ഒന്നാം അന്താരാഷ്ട്ര ലിംഗതുല്യതാ സമ്മേളനത്തില്‍ വെച്ചു പ്രഖ്യാപിക്കപ്പെടുകയും ചെയ്തപ്പോഴാണ്. എന്നാല്‍ അതിനുമെത്രയോ മുമ്പ് തന്നെ കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ ഐഡന്‍റിറ്റിയില്‍ ഉള്‍പ്പെടുന്ന ആളുകള്‍ ഉണ്ടായിരുന്നു! സിസ് ഹെറ്റെറോനോര്‍മാറ്റിവ് ആയ വിശ്വാസങ്ങളിലടിയുറച്ചുപോയ കേരള സമൂഹത്തിന്‍റെ ആക്രമണങ്ങളെയും ഒറ്റപ്പെടുത്തലുകളെയും ഭയന്ന് പലരും അന്യ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയോ ആത്മഹത്യയിലഭയം തേടുകയോ സ്വത്വം വെളിപ്പെടുത്താനാവാതെ സമ്മര്‍ദ്ദത്തിനടിപ്പെട്ടു എല്ലാവരില്‍ നിന്നുമകന്നു വീടുകള്‍ക്കുള്ളില്‍ത്തന്നെ കഴിയുകയോ ആയിരുന്നു.
1970 കള്‍ മുതല്‍ കേരളത്തില്‍ വിവിധ സംഘടനകളുടെയും ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനഫലമായി പൊതുധാരയില്‍ ലൈംഗികത ഒരു ചര്‍ച്ചാവിഷയമായി ദൃശ്യത നേടി. സര്‍ക്കാര്‍ തലത്തിലുള്ള കുടുംബാസൂത്രണ പദ്ധതികളും ലൈംഗിക തൊഴിലാളികള്‍ക്കുള്ള സുരക്ഷാ പദ്ധതികളും സമൂഹത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കു വിഷയമായി. പലപ്പോഴും ഇത്തരം പൊതു ചര്‍ച്ചകള്‍ ജനങ്ങളില്‍ ലൈംഗികതൊഴിലാളികള്‍ രോഗവാഹകരാണെന്ന തരത്തിലുള്ള നെഗറ്റീവ് ആയുള്ള ഭീതിയുളവാക്കുന്ന ചിത്രമാണ് സൃഷ്ടിച്ചത്. ലൈംഗിക ന്യൂനപക്ഷം എന്ന് പറയുമ്പോള്‍ പോലും അതില്‍ത്തന്നെ സ്വന്തം ലിംഗസ്വത്വത്തെക്കുറിച്ച് അസ്വസ്ഥയും (ഏലിറലൃ റ്യുവെീൃശമ) ആശങ്കയുമുള്ള ഒരു സമൂഹത്തെക്കുറിച്ചു ഈ ചര്‍ച്ചകള്‍ ശ്രദ്ധിച്ചില്ല. തൊണ്ണൂറുകളോടെ ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയ ക്വീര്‍ പ്രസ്ഥാനമാണ് കേരളത്തിലെ ക്വീര്‍ കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള അക്കാദമികപരവും സാമൂഹികപരവുമായ അന്വേഷണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ആക്കം കൂട്ടിയത്. കേരളത്തിലെ ലെസ്ബിയന്‍ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചു ‘സഹയാത്രിക’ എന്ന സംഘടന നടത്തിയ അന്വേഷണമാണ് മറ്റൊരു ചരിത്രപരമായ വഴിത്തിരിവ്. കേരളത്തിനകത്തും പുറത്തും ക്വിയര്‍ കൂട്ടായ്മകള്‍ രൂപീകരിക്കപ്പെടുകയും രഹസ്യമായും പരസ്യമായും ക്വിയര്‍ വ്യക്തികള്‍ മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുകയും സമൂഹത്തില്‍ നില നില്‍ക്കുന്ന അബദ്ധധാരണകള്‍ തിരുത്താനായുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്തുകൊണ്ടിരുന്നു. 2009 ലെ ഡല്‍ഹി ഹൈകോടതിയുടെ ഐപിസി 377 കുറ്റകരമാക്കിക്കൊണ്ടുള്ള വിധിയോടുള്ള പ്രതിഷേധ പ്രവര്‍ത്തനങ്ങളാണ് ഏതാണ്ട് ഒരു ദശാബ്ദത്തോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കും ക്വീര്‍ ട്രാന്‍സ് വ്യക്തികളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിലേക്കും കേരളത്തില്‍ നിന്നടക്കം ഒരുപാട് വ്യക്തികളുടെ ശ്രദ്ധ ക്ഷണിച്ചത്.

ക്വിയര്‍ പ്രൈഡ് ഘോഷയാത്രകളും അവകാശസംരക്ഷണ ജാഥകളും ക്വിയര്‍ രാഷ്ട്രീയത്തെ ദേശീയ തലത്തില്‍ ഒരു ചര്‍ച്ചാ വിഷയമാക്കി. ഈ മുന്നേറ്റങ്ങളുടെ അരികു പിടിച്ചാണ് ട്രാന്‍സ് സ്വത്വ രാഷ്ട്രീയവും പൊതുധാരയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. സുപ്രീം കോടതിയുടെ 2014 ലെ വിധി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലാകെയായി ചിതറിക്കിടന്ന ലിംഗവൈവിധ്യങ്ങള്‍ക്കെല്ലാം സിസ്ജെന്‍ഡര്‍ വ്യക്തികളെപ്പോലെതന്നെ സമൂഹത്തില്‍ സമത്വവും അവസരവും അവകാശങ്ങളും ഉറപ്പാക്കണമെന്ന് നിഷ്കര്‍ഷിക്കുകയും വിവിധ സംസ്ഥാനങ്ങള്‍ ട്രാന്‍സ് വ്യക്തികള്‍ക്കായി നയങ്ങള്‍ രൂപീകരിക്കാനും പദ്ധതികള്‍ ആവിഷ്കരിക്കാനും സന്നദ്ധതപ്രകടിപ്പിച്ചു.

കേരളത്തിലും മാറ്റത്തിന്‍റെ തുടക്കം കുറിച്ച് കൊണ്ട് ട്രാന്‍സ്ജെന്‍ഡര്‍ സര്‍വ്വേയും ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയും നിലവില്‍ വന്നു. കേരള സര്‍ക്കാറിന്‍റെ സാമൂഹിക നീതി വകുപ്പിന്‍റെ കീഴില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ സെല്‍ രൂപീകരിക്കുകയും ട്രാന്‍സ് വ്യക്തികള്‍ തന്നെ പദ്ധതി നടത്തിപ്പില്‍ ഭാഗഭാക്കുകളാവാന്‍ ക്ഷണിക്കപ്പെടുകയും ചെയ്തു. 2016 ല്‍ തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ ട്രാന്‍സ്ജെന്‍ഡര്‍ സിനിമകള്‍ക്കായി ‘ജെന്‍ഡര്‍ ബെന്‍ഡര്‍’ എന്ന വിഭാഗത്തില്‍ തെരെഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതും ട്രാന്‍സ് വ്യക്തികളെ ഡെലിഗേറ്റുകളായി ക്ഷണിച്ചതും പ്രത്യേക ടോയ്ലെറ്റുകള്‍ നല്‍കിയതുമെല്ലാം പൊതുവിടത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. 2017 ല്‍ ട്രാന്‍സ് വ്യക്തികള്‍ക്ക് തൊഴില്‍ നല്‍കാനായി കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡ് ശ്രമിച്ചതും വലിയൊരു മുന്നേറ്റമായെങ്കിലും യോഗ്യതയ്ക്കനുസരിച്ച സ്ഥാനങ്ങളും വേതനവും ലഭിക്കാഞ്ഞതും കൊച്ചി നഗരത്തിലെ ജീവിതച്ചെലവുകളും താമസസ്ഥലം ലഭിക്കാഞ്ഞതുമെല്ലാം ട്രാന്‍സ് വ്യക്തികള്‍ക്കു ആ ജോലിയില്‍ തുടരാന്‍ വിഘാതമായി. 2016 -2019 കാലഘട്ടത്തില്‍ ഒരുപാട് പദ്ധതികള്‍ (“മഴവില്ല് ‘) സാമൂഹിക നീതി വകുപ്പിന്‍റെ കീഴില്‍ ആവിഷ്കരിച്ചു നടപ്പാക്കുകയും ആ പദ്ധതികളിലൂടെ വിദ്യാഭ്യാസത്തിനും തൊഴിലിനും സാമ്പത്തിക പുരോഗതിക്കും ഉള്ള അവസരങ്ങളുണ്ടാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ശ്രമങ്ങളുണ്ടായി. ട്രാന്‍സ് വ്യക്തികളുടെ ഹോട്ടല്‍ സംരംഭങ്ങളും അലങ്കാരവസ്തുക്കളുടെ നിര്‍മ്മാണവും അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളും ഇക്കാലയളവില്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സിനിമാ മേഖലയിലും നാടകത്തിലും ട്രാന്‍സ് ഫോട്ടോ എക്സിബിഷന്‍, സൗന്ദര്യപ്രദര്ശനം, ബോഡി ബില്‍ഡിങ് എന്നീ മേഖലകളിലും തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു. ട്രാന്‍സ് വ്യക്തികളുടെ തന്നെ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍, വിവിധ ജില്ലകളിലുണ്ടായ കമ്മ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനൈസഷന്‍സ്, തുടങ്ങിയവ കല സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ ശ്രമിച്ചു. ‘ഞാന്‍ മേരിക്കുട്ടി’ പോലെ ട്രാന്‍സ് സംബന്ധിയായ വിഷയത്തെ ഉള്‍ക്കൊണ്ടുകൊണ്ട് സിനിമകള്‍ നിര്‍മ്മിക്കാനും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ട്രാന്‍സ് വ്യകതികള്‍ക്കു സൈബറിടങ്ങളിലടക്കം മാധ്യമ ശ്രദ്ധ ലഭിച്ചതും ഇക്കാലയളവില്‍ സംഭവിച്ച മാറ്റങ്ങളാണ്. ക്വിയര്‍ രാഷ്ട്രീയത്തോടൊപ്പം നിന്ന് കൊണ്ടുതന്നെ ലിംഗ സ്വത്വത്തിനനുഗുണമായ ശാരീരിക മാറ്റം ആഗ്രഹിച്ച വ്യക്തികള്‍ക്ക് ശസ്ത്രക്രിയയിലൂടെ അത് ലഭ്യമാക്കാനുമുള്ള ശ്രമങ്ങളും ആരോഗ്യമേഖലയിലുണ്ടായി. ഇത്തരത്തില്‍ വ്യക്തമായ ഒരു ഇടം ബഹുമുഖമായ പ്രവര്‍ത്തനങ്ങളിലൂടെ ട്രാന്‍സ് വ്യക്തികള്‍ നേടിയെടുക്കുമ്പോള്‍ ആ ട്രാന്‍സ്ജെന്‍ഡര്‍ രാഷ്ട്രീയത്തിന്‍റെയും ദൃശ്യതയുടെയും വിവിധ മാനങ്ങള്‍ പരിശോധിക്കേണ്ടതിനു പ്രസക്തിയുണ്ട്.

സംഘടിതയുടെ പുതിയ ലക്കം ട്രാന്‍സ്ജെന്‍ഡര്‍ ജീവിതങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെ- ട്രാന്‍സ് വ്യക്തികളടക്കമുള്ളവര്‍ എഴുതിയ ലേഖനങ്ങളിലൂടെയും സാഹിത്യ രചനകളിലൂടെയും- സാമൂഹിക പാര്‍ശ്വവത്കരണത്തെ അതിജീവിക്കാനുള്ള ശ്രമങ്ങളെയും ട്രാന്‍സ് രാഷ്ട്രീയത്തെയും സമകാലിക സമൂഹത്തില്‍ അടയാളപ്പെടുത്താനാണ് ശ്രമിക്കുന്നത്. മുന്‍പെങ്ങുമില്ലാത്ത ട്രാന്‍സ് ദൃശ്യത കേരളത്തിലിന്നുണ്ടെങ്കിലും സര്‍ക്കാരും കമ്മ്യൂണിറ്റി അംഗങ്ങളും ആഗ്രഹിച്ചത് പോലെയുള്ള സാമൂഹിക മാറ്റം നമുക്ക് ചുറ്റും സംഭവിക്കുന്നുണ്ടോ? ട്രാന്‍സ് വ്യക്തികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും കുറവുവന്നിട്ടുണ്ടോ, ട്രാന്‍സ് വ്യക്തികള്‍ക്ക് കുടുംബാംഗങ്ങളുടെ പിന്തുണനയും സാമൂഹികാംഗീകാരവും ലഭിച്ചിട്ടുണ്ടോ, അവരുടെ വിദ്യാഭ്യാസവും സാമ്പത്തികവും ആരോഗ്യപരവുമായുള്ള ഇന്നത്തെ അവസ്ഥ എന്താണ്, കോറോണയുടെ പശ്ചാത്തലത്തില്‍ ട്രാന്‍സ് വ്യക്തികള്‍ക്ക് നേരിടേണ്ടി വന്ന വിഷമതകള്‍, സിനിമ, സാഹിത്യ-കല, സാമൂഹിക തലങ്ങളിലെ ട്രാന്‍സ് ഇടപെടലുകള്‍ എന്നിവയും സംഘടിതയുടെ പുതിയ ലക്കത്തില്‍ വിഷയമാവുകയാണ്.

ക്വിയര്‍ വിഷയങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് മുമ്പും സംഘടിത ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ട്രാന്‍സ്ജെന്‍ഡര്‍ ജീവിതങ്ങളെക്കുറിച്ചുള്ള ഒരു സമ്പൂര്‍ണ ലക്കം ഇതാദ്യമായാണ്. ദേശീയ-അന്തര്‍ദേശീയ സര്‍വ്വകലാശാലകളില്‍ നിന്നടക്കമുള്ള എല്‍.ജി.ബി.ടി.ഐ.ക്യു.എ+ വ്യക്തികളും അവരുടെ സഖ്യകക്ഷികളുമായ ഗവേഷകരാണ് ഈ ലക്കത്തില്‍ ട്രാന്‍സ് സമൂഹത്തെക്കുറിച്ചുള്ള രചനകള്‍ക്ക് പിന്നില്‍. ഈയവസരത്തില്‍ എല്ലാ എഴുത്താളികള്‍ക്കും പത്രാധിപയായ എഡിറ്റര്‍ ഡോ. ഷീബ കെ. എം.നും അജിത ചേച്ചിക്കും അന്വേഷിയുടെ മറ്റു സംഘാടകര്‍ക്കും സംഘടിതയുടെ പ്രവര്‍ത്തകര്‍ക്കും ഏറെ ആദരവോടെയും അഭിമാനത്തോടെയും സ്നേഹത്തോടെയും അതിഥിപത്രാധിപ എന്ന നിലയില്‍ എന്‍റെ നന്ദി അറിയിക്കുന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍ ചിലര്‍ക്കെങ്കിലും അവരുടെ രചനകള്‍ നല്‍കാന്‍ സാധിക്കാതെ വന്നിട്ടുണ്ട്, എങ്കിലും സമകാലിക ട്രാന്‍സ് സമൂഹത്തെക്കുറിച്ചുള്ള ഒരു ചരിത്രരേഖയായി മാറും ഈ ലക്കം എന്ന് പ്രതീക്ഷിക്കാം. ഭാവിയിലും ട്രാന്‍സ്-ക്വീര്‍ സംയോജിത രചനകള്‍ സംഘടിതയില്‍ നിന്നുണ്ടാവുമെന്ന പ്രത്യാശയോടെ എല്ലാ ട്രാന്‍സ് വ്യക്തികള്‍ക്കുമായി ഈ ലക്കം സമര്‍പ്പിക്കുന്നു.

 

 

 

 

 

ഡോ. അനു കുര്യാക്കോസ്
അസിസ്റ്റന്‍റ് പ്രൊഫസര്‍
എസ്.ആര്‍.എം. യൂണിവേഴ്സിറ്റി
ആന്ധ്രപ്രദേശ്

 

 

 

COMMENTS

COMMENT WITH EMAIL: 0