Homeചർച്ചാവിഷയം

കൊറോണ കാലത്തെ ട്രാന്‍സ്ജെന്‍ഡര്‍ ജീവിതം

ന്ത്യയുടെ 75 സ്വതന്ത്ര വര്‍ഷങ്ങള്‍ പിന്നിടുകയാണ് നമ്മള്‍. സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, ശാസ്ത്രസാങ്കേതിക, ആരോഗ്യ മേഖലകളില്‍ എല്ലാം ഇന്ത്യ ബഹുദൂരം മുന്‍പോട്ടു പോയിരിക്കുന്നു. എന്നിരിക്കിലും ഇവിടുത്തെ എത്ര ശതമാനം മനുഷ്യര്‍ക്ക് സ്വാതന്ത്ര്യം എന്ന അവകാശത്തിന്‍റെ സത്തയെ പൂര്‍ണമായി അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്? ആര്‍ക്കൊക്കെയാണ് ഈ രാജ്യത്തില്‍ സ്വാതന്ത്ര്യം ഉള്ളത്? ഈ രാജ്യം ആരുടേതാണ്? 1947 ല്‍ സ്വാതന്ത്ര്യം ലഭിക്കുകയും,1950ല്‍ ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന ഉണ്ടാകുകയും ചെയ്തിട്ടും ഏതൊക്കെ വിഭാഗം മനുഷ്യര്‍ക്ക് ഈ 75 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ഈ രാജ്യത്ത് പരിഗണന ലഭിച്ചു എന്നത് പരിശോധികേണ്ടതാണ്.

ട്രാന്‍സ് മനുഷ്യരും ഭരണഘടനാ(അ)നീതിയും
“ഭാരതത്തിലെ ജനങ്ങളായ നാം” എന്ന് തുടങ്ങുന്ന ആമുഖത്തില്‍ പ്രതിപാദിക്കുന്ന “ജനങ്ങളില്‍” ആരൊക്കെ ഉള്‍പ്പെടുന്നു എന്നത് തന്നെ ആണ് ഇപ്പോഴും ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളി. ഇന്ത്യന്‍ ഭരണഘടന പല സാമൂഹിക അസമത്വങ്ങളെയും വെല്ലുവിളിക്കുകയും അധഃസ്ഥിതിരായ പല വിഭാഗം മനുഷ്യരുടെ അവകാശങ്ങള്‍ക്ക് ഊന്നല്‍ നല്‍കി എങ്കിലും അത് ആണ്‍-പെണ്‍ ദ്വന്ദകേന്ദ്രീകൃതമായി പോയി എന്നത് ഒരു പോരായ്മ തന്നെ ആണ്. ബ്രിട്ടീഷ് ഭരണകാലത്ത് 1871 ല്‍ ക്രിമിനല്‍ ട്രൈബ്സ് ആക്ട് കൊണ്ട് ഹിജഡകളെയും, മറ്റു സാംസ്കാരിക സ്വത്വങ്ങളില്‍ ഉള്‍പ്പെടുന്ന ട്രാന്‍സ്ജെന്‍റര്‍ മനുഷ്യരെയും അങ്ങേയറ്റം ചൂഷണം ചെയ്യുകയും, കൊല്ലുകയും, തടങ്കലില്‍ ആക്കുകയും ചെയ്തിട്ടുള്ള ചരിത്രം ആണ് നമ്മുടേത്. ഒരു വിഭാഗത്തെ തന്നെ കൃത്യമായി ലക്ഷ്യം വച്ചുകൊണ്ട് ഇത്രയും ക്രൂരമായ ഒരു വിക്ടോറിയന്‍ നിയമത്തിലൂടെ ട്രാന്‍സ്ജെന്‍റര്‍ വിഭാഗത്തെ അദൃശ്യവത്കരിച്ചിട്ടും സ്വതന്ത്ര റിപ്പബ്ലിക് ഇന്ത്യയില്‍ ട്രാന്‍സ്ജെന്‍റര്‍ എന്ന ലിംഗത്വസ്വത്വങ്ങള്‍ക്ക് ഇടം ലഭിച്ചില്ല. അവരുടെ ഉന്നമനത്തിനായി യാതൊരു പ്രവര്‍ത്തനങ്ങളും ഉണ്ടായില്ല. കാരണം വേറൊന്നുമല്ല രാജ്യവും, നിയമനിര്‍മ്മാണ സഭകളും എല്ലാം അന്നും ഇന്നും ദ്വന്ദബിംബങ്ങളില്‍ തന്നെ കുടുങ്ങി കിടക്കുകയാണ്.
2014 ല്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം കൊണ്ടുവന്ന NALSA വിധിയിലൂടെ ആണ് ഇന്ത്യയില്‍ ട്രാന്‍സ്ജെന്‍റര്‍ മനുഷ്യരുടെ പൗരത്വം അംഗീകരിക്കപ്പെട്ടത്. അത്രയും വര്‍ഷങ്ങള്‍ ഈ രാജ്യത്ത് ട്രാന്‍സ്ജെന്‍റര്‍ മനുഷ്യര്‍ ഇല്ലായിരുന്നോ? അതോ ഇല്ല എന്ന് നടിച്ചോ? 2014 ഇപ്പുറം 2021 ഇല്‍ നില്‍ക്കുമ്പോഴും കാര്യമായ പൗരവകാശങ്ങള്‍ ഒന്നും തന്നെ ഇന്ത്യയിലെ ട്രാന്‍സ്ജെന്‍റര്‍ മനുഷ്യര്‍ക്ക് ലഭ്യമായിട്ടില്ല. ഒരു സ്ത്രീയോ പുരുഷനോ ആയി ജീവിക്കുക എന്നത് ഈ രാജ്യത്ത് ഒരു വലിയ പ്രിവിലേജ് തന്നെ ആണ്.

കോവിഡ് കാലത്തു അഭയാര്‍ഥികളാവുന്ന ട്രാന്‍സ്മനുഷ്യര്‍ :
ലോകത്തിന്‍റെ ഏതുകോണിലും പ്രാദേശികമായ അല്ലെങ്കില്‍ ദേശീയമായ ഏതൊരു പ്രശ്നവും പ്രകൃതി ദുരന്തങ്ങള്‍ ആയാലും, സാമൂഹ്യപ്രശ്നങ്ങള്‍ ആയാലും, പകര്‍ച്ചവ്യാധികള്‍ ആയാലും എല്ലാം ആദ്യം ബാധിക്കുന്നതും, ഏറ്റവും തീവ്രതയോടെ ബാധിക്കുന്നതും അവിടുത്തെ അധഃസ്ഥിതരായ മനുഷ്യരെ തന്നെ ആയിരിക്കും.
കഴിഞ്ഞ ഒരുവര്‍ഷമായി കൊറോണ എന്ന മഹാമാരിയെ പിടിച്ചു കെട്ടാന്‍ ലോകം ഒന്നടങ്കം പരിശ്രമിക്കുകയാണ്. കൊറോണ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് അപ്പുറം വ്യാധി സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങളെപ്പറ്റി എത്രമാത്രം ഗൗരവത്തോടെ നമ്മള്‍ ആലോചിക്കുന്നുണ്ട്? രാജ്യത്തെ എല്ലാ പൗരന്മാരെയും ഈ മഹാവ്യാധി ബാധിച്ചപ്പോഴും അതില്‍ ഏറ്റവും അധികം ബുദ്ധിമുട്ടിയത് കാലങ്ങളായി സാമൂഹിക അധഃസ്ഥിതത്വം അനുഭവിച്ചുവന്നിരുന്ന മനുഷ്യര്‍ തന്നെ ആണ്. അത്തരത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധികള്‍ നേരിട്ട ഒരു വിഭാഗം ആണ് ഇന്ത്യയിലെ ട്രാന്‍സ്ജെന്‍റര്‍ സമൂഹം.
ട്രാന്‍സ്ജെന്‍റര്‍ മനുഷ്യരുടെ സാമൂഹ്യ, സാംസ്കാരിക ദുരിതങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഈ കോവിഡ് കാലം അവര്‍ക്ക് സമ്മാനിച്ചതും ദുരിതങ്ങള്‍ മാത്രമാണ്. ലോകം വീടുകളിലേക്ക് ചരുങ്ങിയപ്പോഴും സ്വന്തമായി വീടില്ലാത്ത, തന്‍റേതല്ലാത്ത കുറ്റത്താല്‍ വീട്ടില്‍ നിന്നും അടിച്ചിറക്കപ്പെട്ട ട്രാന്‍സ്ജെന്‍റര്‍ മനുഷ്യര്‍ എവിടെയാകും ജീവിച്ചിട്ടുണ്ടാകുക? അഭയം കണ്ടെത്തിയിട്ടുണ്ടാകുക? ലോഡ്ജുകളും, വാടക മുറികളും എല്ലാം ഒന്നാം തരംഗ സമയത്ത് തന്നെ അടയ്ക്കുകയും അവിടെ താത്കാലികമായി താമസിച്ചിരുന്ന ട്രാന്‍സ്ജെന്‍റര്‍ മനുഷ്യര്‍ തെരുവിലേക്ക് ഇറക്കപെടുകയും ചെയ്തു. ട്രാന്‍സ്ജെന്‍റര്‍ മനുഷ്യര്‍ കൂട്ടമായി താമസിച്ചിരുന്ന ഇടങ്ങളിലും സാമൂഹ്യ അകലവും മറ്റു നിയന്ത്രണങ്ങളും വന്നു. മുഖ്യധാര സമൂഹം പണ്ടേ അകറ്റി നിര്‍ത്തിയ ട്രാന്‍സ്ജെന്‍റര്‍ മനുഷ്യര്‍ക്ക് ഈ സാമൂഹ്യ അകലം ഒരു പുതിയ അനുഭവം ആയിരിക്കാന്‍ സാധ്യത ഇല്ല! സ്വന്തം കുടുംബത്തില്‍ നിന്നും പരിഹാസങ്ങളും, കുറ്റപ്പെടുത്തലുകളും സഹിക്കാന്‍ ആകാതെ ഹോസ്റ്റലുകളിലും മറ്റും ജീവിച്ചു പോന്ന ട്രാന്‍സ്ജെന്‍റര്‍ മനുഷ്യര്‍ക്കും തിരികെ വീടുകളിലേക്ക് എത്തേണ്ടി വന്നു. തുടര്‍ന്നു അവര്‍ക്ക് അവിടെ അനുഭവിക്കേണ്ടി വന്നിട്ടുള്ള മാനസിക പിരിമുറുക്കങ്ങള്‍ പറയേണ്ടതില്ലല്ലോ. നിര്‍ബന്ധിച്ചു മുടി മുറിപ്പിച്ചും, ഇഷ്ടമല്ലാത്ത വസ്ത്രം ധരിപ്പിച്ചും, നിര്‍ബന്ധപൂര്‍വം വിവാഹം കഴിപ്പിച്ചും ധാരാളം ട്രാന്‍സ്ജെന്‍റര്‍ വ്യക്തികളെ മാനസികവും ശാരീരികവുമായി തളര്‍ത്തിയിട്ടുണ്ട് കുടുംബങ്ങള്‍. പലരെയും ആശാസ്ത്രീയമായ ചികിത്സകള്‍ക്കും, മന്ത്രവാദങ്ങള്‍ക്കും വിധേയരാക്കിയിട്ടുണ്ട്. ഇറങ്ങി ഓടാന്‍പോലുമുള്ള ഒരു സാഹചര്യം ഈ കൊറോണ കാലം ഞങ്ങള്‍ക്ക് നല്‍കിയില്ല. കൊറോണ കാലത്തെ ഏറ്റവും വലിയ പ്രശ്നം താമസം തന്നെ ആയിരുന്നു.

കോവിഡ് കാലത്തെ തൊഴില്‍ നഷ്ടപ്പെട്ട ട്രാന്‍സ് സമൂഹം:
എല്ലാ മനുഷ്യരെപ്പോലെയും തൊഴിലില്ലായ്മ എന്നത് ട്രാന്‍സ്ജെന്‍റര്‍ മനുഷ്യര്‍ക്കും കടുത്ത വെല്ലുവിളി ആയിരുന്നു. ട്രാന്‍സ്ജെന്‍റര്‍ ആയതുകൊണ്ട് മാത്രം യാതൊരു തൊഴിലും ലഭിക്കാത്ത നാട്ടില്‍ ലോക്ഡൗണും, കോറോണയും ഉണ്ടാക്കിയ ഇരട്ടി പ്രതിസന്ധി അതിജീവിക്കുക എന്നത് ശ്രമകരം തന്നെ ആണ്. ലൈംഗിക തൊഴിലും ഭിക്ഷടനവും ചെയ്തു ജീവന ഉപാധി കണ്ടെത്തിയിരുന്ന വലിയൊരു ശതമാനം ട്രാന്‍സ്ജെന്‍റര്‍ മനുഷ്യരും ദുരിതത്തിലായി. പൊതുഗതാഗതം നിര്‍ത്തലാക്കിയത് ഭിക്ഷടനം ചെയ്തു ജീവിച്ചിരുന്നവരെ സാരമായി ബാധിച്ചു. ആവശ്യക്കാരെ ലഭിക്കാത്തതിനാലും, കര്‍ശന നിയന്ത്രണങ്ങളുള്ളതിനാലും ലൈംഗികതൊഴില്‍ പോലുള്ള ഉപാധികളിലേക്കുള്ള വഴികള്‍ അടഞ്ഞു. പട്ടിണി കൊണ്ട് മരിക്കണോ അതോ കൊറോണ കൊണ്ട് മരിക്കണോ എന്നത് മാത്രമായിരുന്നു അവശേഷിക്കുന്ന ചോദ്യം. പട്ടിണി മാറ്റാന്‍ കൊറോണ കാലത്തും ലൈംഗിക തൊഴിലിനായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു. പല മാധ്യമങ്ങളും ട്രാന്‍സ്ജെന്‍റര്‍ മനുഷ്യരുടെ ജീവിതാവസ്ഥ മനസിലാക്കാതെ വളരെ തെറ്റായ രീതിയില്‍ അത് റിപ്പോര്‍ട്ട് ചെയുകയും കൂടുതല്‍ ദുരിതം ട്രാന്‍സ് സമൂഹത്തിന് ഉണ്ടാക്കുകയും ചെയ്തു.കൊറോണ കാലത്ത് ലൈംഗികവൃത്തി ചെയ്ത ട്രാന്‍സ്മനുഷ്യരെപ്പറ്റി വളരെ പ്രതികൂലമായ ധാരണകള്‍ പൊതുസമൂഹത്തില്‍ ഉടലെടുത്തു. കടമെടുത്തും ലോണ്‍ എടുത്തും ചെറിയ ചെറിയ സംരംഭങ്ങള്‍ തുടങ്ങിയിരുന്ന ട്രാന്‍സ് മനുഷ്യര്‍ എല്ലാം കടുത്ത പ്രതിസന്ധിയില്‍ ആയി. സംരംഭങ്ങള്‍ പൂര്‍ണമായും അടച്ചു പൂട്ടി. ബിസിനസ് നടന്നില്ലെങ്കിലും വാടകക്ക് എടുത്ത മുറികള്‍ക്ക് കൃത്യമായ മാസ വാടക നല്‍കണം ലോണിന് പലിശയും അടക്കണം. സ്വരുകൂട്ടിയതെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാകുന്ന ദയനീയമായ അവസ്ഥ. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് മൂലം സംരംഭങ്ങള്‍ ഉപേക്ഷിക്കുവാന്‍ ഭൂരിപക്ഷം ആളുകളും നിര്‍ബന്ധിതരായി.

കോവിഡ് കാലത്തെ ട്രാന്‍സ്-ജന്‍ഡര്‍, മാനസിക ആരോഗ്യസംരക്ഷണത്തിന്‍റെ ആവശ്യകത:
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മാത്രം ആത്മഹത്യ ചെയ്ത ട്രാന്‍സ് മനുഷ്യരുടെ എണ്ണം 5 ആണ്. മറ്റു ജി.ബി.ടി.ഐ.ക്യു.എ വിഭാഗത്തില്‍പ്പെടുന്ന മനുഷ്യരുടെ ആത്മഹത്യകള്‍ വേറെയും. പുറത്ത് അറിഞ്ഞ മരണങ്ങളുടെ കണക്കാണ് ഇത്. കോവിഡ് കാലത്ത് രാജ്യത്ത് ആത്മഹത്യ നിരക്ക് കൂടിയിട്ടുണ്ട് എന്നത് വ്യക്തമാണ്. ലോക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പിരിമുറുക്കം അതിനുള്ള വലിയൊരു കാരണം ആണ്. അതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ് കൊറോണ കാലത്തെ മാനസിക ആരോഗ്യം എന്നത്. മുറികളില്‍ അടച്ചപൂട്ട പെടുക എന്നത് മനസിനുണ്ടാകുന്ന പിരിമുറുക്കം വളരെ വലുതാണ്. ട്രാന്‍സ് മനുഷ്യരെ സംബന്ധിച്ചിടത്തോളം കുട്ടികാലം തൊട്ടേ ഉണ്ടാക്കപ്പെട്ടിട്ടുള്ള മാനസിക മുറിവുകളും ബുദ്ധിമുട്ടുകളും ജീവിതം കാലം മുഴുവന്‍ ഞങ്ങളെ വേട്ടയാടാറുണ്ട്. കോവിഡ് കാലം ഉണ്ടാക്കിയ ഒറ്റപ്പെടലും, ബുദ്ധിമുട്ടുകളും പലരുടെയും മാനസിക ബുദ്ധിമുട്ടുകളെ കൂടുതല്‍ ഉത്തേജിപ്പിച്ചിട്ടുണ്ട്. കൃത്യമായ കോവിഡ് അനുബന്ധ മാനസികാരോഗ്യ സേവനങ്ങള്‍ നല്‍കുന്നതില്‍ സ്റ്റേറ്റ് എത്രമാത്രം വിജയിച്ചു എന്നത് സംശമാണ്. ട്രാന്‍സ്ജെന്‍റര്‍ മനുഷ്യരെ ഉള്‍കൊള്ളുന്ന, മനസിലാക്കുന്ന എത്ര ആരോഗ്യ സംവിധാനങ്ങള്‍ നമ്മുടെ രാജ്യത്ത് ഉണ്ട് എന്നതും ഒരു ചോദ്യം തന്നെ ആണ്. കോവിഡ് മൂലം മാനസികമായി ബുദ്ധിമുട്ടുന്ന മനുഷ്യരെ ആത്മഹത്യയില്‍ നിന്നും, മാനസിക പിരിമുറുക്കത്തില്‍ നിന്നും രക്ഷിക്കുവാന്‍ കൂടുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. കോവിഡ് രോഗം വന്നു മരിക്കുന്നത് മാത്രമല്ല കോവിഡ് മരണങ്ങളുടെ പട്ടികയില്‍ഉള്‍പ്പെടുത്തേണ്ടത് ഇത്തരത്തില്‍ കോവിഡ് അനുബന്ധ മാനസിക സാമൂഹിക പ്രശ്നങ്ങളാല്‍ മരണപ്പെട്ടവരെയും കോവിഡ് മരണത്തിന്‍റെ പട്ടികയില്‍ ചേര്‍ക്കേണ്ടതും അതിനു പരിഹാരം ഉണ്ടാക്കേണ്ടത്തും അനിവാര്യതയാണ്.
കോവിഡ് കാലത്തെ ട്രാന്‍സ്ജെന്‍റര്‍ ആരോഗ്യം എന്നത് എവിടെയും ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഒന്നാണ്. എത്ര കോവിഡ് കേന്ദ്രങ്ങള്‍ ട്രാന്‍സ്ജെന്‍റര്‍ സൗഹാര്‍ദ്ദപരം ആണെന്ന് യാതൊരു കണക്കുകളും ഇല്ല. പല കേന്ദ്രങ്ങളില്‍ നിന്നും കൃത്യമായ വിവേചനം ട്രാന്‍സ്ജെന്‍റര്‍ മനുഷ്യര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള അവഗണനയും, പരിഹാസവും പലര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. കൂട്ടമായി താമസിക്കുന്നവര്‍ ആയിട്ടും ക്വാറന്‍റൈന്‍ സൗകര്യം ഇല്ലാതിരുന്നിട്ടും ആശുപത്രിയില്‍ കിടത്തി ചികിത്സ നിഷേധിക്കപ്പെട്ടവര്‍ ഉണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇവിടെ ബെഡ് ഇല്ല പിന്നെ ആണോ നിങ്ങള്‍ക്ക് എന്ന മനോഭാവം ആണ് പല കേന്ദ്രങ്ങളിലും കണ്ടിട്ടുള്ളത്. സിസ് ജന്‍റര്‍ മനുഷ്യരെ അപേക്ഷിച്ചു ജന്‍റര്‍ പരിവര്‍ത്തനത്തിന്‍റെ ഭാഗമായി ധാരാളം ചികിത്സകള്‍ ചെയ്തുകൊണ്ടിരിക്കുന്നവര്‍ ആണ് ട്രാന്‍സ് മനുഷ്യര്‍. ഹോര്‍മോണ്‍ ചികിത്സകള്‍, വിവിധ സര്‍ജറികള്‍, എന്നിങ്ങനെ മാസങ്ങളും വര്‍ഷങ്ങളും നീണ്ടു നില്‍ക്കുന്ന ചികിത്സകള്‍ ചെയ്യുന്നവര്‍ ആണ് പലരും. വളരെ അധികം സാമ്പത്തിക ചിലവുകള്‍ ഉള്ള ഇത്തരം ചികിത്സകള്‍ കൊറോണ കാലത്ത് മുടങ്ങി പോകുകയും അതുമൂലം കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടും ഉണ്ട്. ചികിത്സ മുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ജന്‍റര്‍ ഡിസ്ഫോറിയ- അനുബന്ധ മാനസിക പ്രശനങ്ങള്‍ക്കൊന്നും യാതൊരു വിധ പിന്തുണ സംവിധാനങ്ങളും നല്‍കാന്‍ സ്റ്റേറ്റിനു സാധിക്കുന്നില്ല.

കൊറോണ പ്രതിരോധത്തില്‍ അപരവത്കരിക്കപ്പെടുന്ന ട്രാന്‍സ് ജീവിതങ്ങള്‍:
കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി സമ്പൂര്‍ണ വാക്സിനേഷന്‍ യജ്ഞം കൊണ്ടുവന്ന രാജ്യമാണ് ഇന്ത്യ. അതിനു സജ്ജമാക്കിയ ഓണ്‍ലൈന്‍ സംവിധാനത്തില്‍ പോലും ട്രാന്‍സ്ജെന്‍റര്‍ വിഭാഗത്തോടുള്ള അവഗണന വ്യക്തമാണ്. Male, Female എന്നത് കൂടാതെ (മറ്റുള്ളവര്‍) other എന്ന ഓപ്ഷന്‍ ആണ് നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍ നിയമം വഴി അംഗീകൃതമായ ജന്‍റര്‍ ഐഡന്‍റിറ്റി ആണ് ട്രാന്‍സ്ജെന്‍റര്‍. എങ്ങനെ ആണ് അത് other ആയി മാറിയത്? ട്രാന്‍സ്ജെന്‍റര്‍ മനുഷ്യരെ ട്രാന്‍സ്ജെന്‍റര്‍ എന്ന് തന്നെ അടയാളപ്പെടുത്തേണ്ടത് അനിവാര്യമാണ്. 2011 ലെ സെന്‍സസ് പ്രകാരം നാലു ലക്ഷം ട്രാന്‍സ് മനുഷ്യരെ ഇന്ത്യയില്‍ കണ്ടെത്തി അതില്‍ 4% ആളുകള്‍ക്ക് മാത്രമേ നിലവില്‍ വാക്സിനേഷന്‍ ലഭിച്ചിട്ടുള്ളു എന്ന കണക്കുകള്‍ പുറത്ത് വന്നിരുന്നു. ഇന്ന് രാജ്യത്തു എത്ര ട്രാന്‍സ്ജെന്‍റര്‍ മനുഷ്യര്‍ ഉണ്ട് എന്നതില്‍ പോലും യാതൊരു കണക്കും ഇല്ല. ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് വാക്സിന്‍ രെജിസ്റ്റര്‍ ചെയ്യുവാനും, സ്ലോട് കണ്ടു പിടിക്കുവാനും ഒക്കെ എത്രപേര്‍ക്ക് സാധിക്കുന്നുണ്ട് എന്നറിയില്ല. അത്തരം സാങ്കേതിക അറിവുകള്‍ ഒക്കെ ഈ രാജ്യത്തെ എത്ര മനുഷ്യര്‍ക്ക് ഉണ്ട് എന്നത് പറയേണ്ടതില്ലല്ലോ. ട്രാന്‍സ്ജെന്‍റര്‍ വിഭാഗത്തിന് ജില്ലകള്‍തോറും പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു കേരള സര്‍ക്കാര്‍ മാതൃക കാണിച്ചു. കേരളത്തില്‍ ആണ് നിലവില്‍ ഏറ്റവും കൂടുതല്‍ ട്രാന്‍സ്ജെന്‍റര്‍ വ്യക്തികള്‍ വാക്സിനേഷന്‍ സ്വീകരിച്ചിട്ടുള്ളത്.അത് തുടരേണ്ടത് അത്യാവശ്യമാണ്. ധാരാളം ട്രാന്‍സ്ജെന്‍റ്റര്‍ മനുഷ്യര്‍ക്ക് ഇപ്പോഴും വാക്സിനേഷനോട് വിശ്വാസകുറവും, തെറ്റിദ്ധാരണകളും ഉണ്ട്. അത് മാറ്റിയെടുക്കേണ്ടതും അത്യാവശ്യം തന്നെ ആണ്. കോവിഡ് വാക്സിനേഷന്‍ രെജിസ്റ്റര്‍ ചെയ്യാന്‍ ഔദ്യോഗിക രേഖകളോ ഐഡന്‍റിറ്റി കാര്‍ഡോ ഇല്ലാത്ത ട്രാന്‍സ്ജെന്‍റര്‍ മനുഷ്യര്‍ ധാരാളം നമ്മുടെ രാജ്യത്ത് ഉണ്ട്. പലര്‍ക്കും ബാങ്ക് അക്കൗണ്ടോ, ആരോഗ്യ ഇന്‍ഷുറന്‍സൊ ഇല്ല. അതുകൊണ്ട് മാത്രം വാക്സിനേഷന്‍ സ്വീകരിക്കാന്‍ സാങ്കേതിക തടസം നേരിടുന്നവര്‍ ഉണ്ട്.
സമൂഹം അയിത്തം കല്‍പ്പിക്കുമ്പോഴും സമൂഹവും പൊതുജനങ്ങളുമായി ദിവസവും അടുത്ത് ഇടപെഴുകി അന്നന്നത്തെ അന്നം കണ്ടെത്തുന്നവര്‍ ആണ് ഇന്ത്യയിലെ ഭൂരിപക്ഷം ട്രാന്‍സ് മനുഷ്യരും. അതുകൊണ്ട് തന്നെ കോവിഡും, അടച്ചുപൂട്ടലും അങ്ങേയറ്റം ഗുരുതരമായിത്തന്നെ ഞങ്ങളെ ബാധിച്ചു കഴിഞ്ഞു. ധാരാളം സന്നദ്ധ സംഘടനകളും, സഹജീവി സ്നേഹികളും ആഹാരവും, സഹായങ്ങളുമായി രാജ്യത്തിന്‍റെ പല കോണുകളില്‍ ട്രാന്‍സ് സമൂഹത്തോടൊപ്പം നിന്നു.അവരെ ഈ സമയം സ്നേഹത്തോടെ ഓര്‍ക്കുന്നു.
ട്രാന്‍സ്ജെന്‍റര്‍ അവകാശങ്ങള്‍ക്ക് യാതൊരു അംഗീകാരവും ഇല്ലാത്ത ഈ സമൂഹത്തില്‍, ട്രാന്‍സ്ജെന്‍റര്‍ മനുഷ്യരെ മനുഷ്യരായി പോലും ഉള്‍കൊള്ളാന്‍ സാധിക്കാത്ത ഈ രാജ്യത്ത് ട്രാന്‍സ്ജെന്‍റര്‍ മനുഷ്യരുടെ ആരോഗ്യത്തിന് എത്രമാത്രം പ്രാധാന്യം ലഭിക്കും എന്നതില്‍ അതിശയോക്തി ഒട്ടും തന്നെ എനിക്കില്ല. അദൃശ്യരായവര്‍ കൂടുതല്‍ അദൃശ്യരക്കപ്പെടും. സാമൂഹ്യമായ പ്രെവിലെജുകള്‍ ഇല്ലാത്തവര്‍ എന്നും അവഗണിക്കപെടും. ഇവിടെ നീതിയുടെ വിതരണം നടക്കുന്നത് അത്തരത്തിലാണ്. എങ്കിലും ഈ മണ്ണില്‍ ഞങ്ങള്‍ക്കും ഇടം ഉണ്ട് എന്ന് തന്നെ ഇപ്പോഴും പ്രത്യാശിക്കുന്നു.

 

 

 

 

അനുരാധ കൃഷ്ണന്‍
മെഡിക്കല്‍ വിദ്യാര്‍ത്ഥി
ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റ്

 

COMMENTS

COMMENT WITH EMAIL: 0