Homeചർച്ചാവിഷയം

പൊന്നാനിയിലെ മരുമക്കത്തായം

സ്ത്രീകള്‍ക്ക് പ്രാഥമികാധികാര ശക്തിയുള്ള ഒരു സാമൂഹിക സമ്പ്രദായമാണ് മരുമക്കത്തായം. ഈ സമ്പ്രദായം പിന്തുടര്‍ന്നവരാണ് പൂര്‍വികരില്‍ പലരും. ആധുനിക യുഗത്തിലും മരുമക്കത്തായസമ്പ്രദായം പല സമുദായങ്ങളിലും നിലകൊള്ളുന്നുണ്ട്. മലബാര്‍ ഭാഗങ്ങളിലെ മുസ്ലിം മാപ്പിളമാര്‍ക്കിടയില്‍ മരുമക്കത്തായസംവിധാനം പ്രകടമാണ്. ഈ സമ്പ്രദായ പ്രകാരം അമ്മ വഴിയാണ് ബന്ധങ്ങള്‍ പിന്തുടരുന്നത്.
അമ്മ വഴിക്കോ പെണ്‍ വഴിക്കോ മാത്രമുള്ള പിന്തുടര്‍ച്ച ക്രമമനുസരിച്ച് ഗണിക്കപ്പെടുന്ന വംശാവലിയെ ആണ് മരുമക്കത്തായം എന്ന് വിളിക്കുന്നത്. മരുമക്കത്തായക്രമത്തിന് അതിന്‍റെംതായ നിയമവശങ്ങളുണ്ട്. മലബാറിലെ ചില മാപ്പിള സമൂഹം ഹിന്ദുക്കള്‍ പിന്തുടര്‍ന്നുകൊണ്ടിരുന്ന മരുമക്കത്തായം സ്വീകരിക്കുകയാണ് ചെയ്തത് എന്ന വാദങ്ങള്‍ നിലനില്ക്കുന്നെുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്‍റെഎ മധ്യം വരെ വടക്കേ മലബാറിലെ കണ്ണൂര്‍, തലശേരി, വടകര, നാദാപുരം, കുറ്റിയാടി, പരപ്പനങ്ങാടി, കൂട്ടായി, പൊന്നാനി, തിരുവിതാംകൂറിലെ ചിറയംകീഴ്, പറവൂര്‍, ഇടവ തുടങ്ങിയ പ്രദേശങ്ങളില്‍ പൂര്‍ണമായും ഭാഗികമായും മുസ്ലിംങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന സമ്പ്രദായമായിരുന്നു മരുമക്കത്തായം. അത് പോലെ തന്നെ കേരളത്തിലെ തീരദേശ നിവാസികളായ മുസ്ലിംകളും ഇത് ആചരിച്ചു പോന്നിരുന്നു.
ലോക മുസ്ലിംങ്ങളില്‍ ബഹുഭൂരിപക്ഷവും ആദ്യകാലം മുതല്‍ മരുമക്കത്തായ സമ്പ്രദായം സ്വീകരിച്ചിരുന്നത്. മരുമക്കത്തായം സ്വീകരിച്ചിരുന്ന മുസ്ലിംകളില്‍ ഭൂരിപക്ഷവും ഇതിനകം ഈ സമ്പ്രദായം വെടിഞ്ഞു. ലക്ഷ്വദ്വീപ് നിവാസികളും ഇന്തോനേഷ്യയിലെ മെനന്‍കവാബും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ചില ന്യൂനപക്ഷ വിഭാഗങ്ങളുമാണ് ഇപ്പോഴും ഈ സമ്പ്രദായം തുടര്‍ന്ന് വരുന്നത്.
കേരളത്തിന്‍റെ ‘ചെറു മക്ക’ എന്ന് അറിയപ്പെടുന്ന പൊന്നാനിയിലെ മരുമക്കത്തായക്രമത്തെ അടിസ്ഥാമാക്കി ചില പഠനങ്ങള്‍ നടത്തിയിരുന്നു. ഇസ്ലാമിക സ്വാധീനവും മരുമക്കത്തായ സമ്പ്രദായവും പൂര്‍വികരുടെ കാലം തൊട്ടേ പൊന്നാനിയില്‍ പ്രകടമായിരുന്നു. കൂട്ടുകുടുംബ സമ്പ്രദായമാണ് പൊന്നാനിയില്‍ കൂടുതലും കാണാന്‍ സാധിക്കുക.
മുസ്ലിം മാതൃദായകക്രമത്തില്‍ തലമുറകള്‍ക്കും ലിംഗഭേദത്തിനും അനുസരിച്ച് പലകാര്യങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച്, സ്വത്ത്, സമ്പ്രദായം, അവകാശങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍. മാതൃദായകക്രമ പ്രകാരം വംശ പരമ്പര അമ്മ വഴിക്കാണ് പിന്തുടരുന്നത്. മകള്‍ക്കാണ് അമ്മയുടെ സ്വത്തിന്മേല്‍ അനന്തരാവകാശം.
കേരളത്തിലെ മുസ്ലിംകളില്‍ മരുമക്കത്തായം നിലനിന്നിരുന്ന ഏതാനും പ്രദേശങ്ങളിലൊന്നായ, സ്വന്തമായ പലഹാരങ്ങളും വിശ്വാസങ്ങളും അതിനെ ബന്ധിതമായ ആചാരങ്ങളും കൊണ്ട് പേരുകേട്ട ഇടമാണ് പൊന്നാനി. വിവാഹശേഷം ഭര്‍ത്താവ് ഭാര്യയുടെ വീട്ടിലാണ് താമസിക്കുന്നത്. അതുപോലെ തന്നെ അതിഥിയെ പോലെ ആയിരിക്കും എന്നും സല്‍ക്കരിക്കുന്നത്. മരുമക്കത്തായക്രമം പിന്തുടര്‍ന്ന കുടുംബങ്ങളില്‍ അമ്മയ്ക്കാണ് വീട്ടിലെ അധികാരവും പദവിയും. വീട്ടിലെ മുതിര്‍ന്ന സ്ത്രീയാണ് ‘കാരണവര്‍’ എന്ന് വിളിക്കുന്നത്. ഇവിടെ ഭര്‍ത്താവിന്‍റെയോ പിതാവിന്‍റെയോ പദവിയ്ക്ക് പ്രാധാന്യം കുറവാണ്
പൊന്നാനിയിലെ മരുമക്കത്തായ കുടുംബങ്ങള്‍ കൂടുതലും കൂട്ടുകുടുംബങ്ങളാണ്. ഈ കുടുംബങ്ങളില്‍ മൂന്നോ നാലോ തലമുറകള്‍ ഒരുമിച്ചുണ്ടാകും. പദവിയിലും പൊന്നാനിയിലെ മുസ്ലിം സ്ത്രീകള്‍ മറ്റു സ്ത്രീകളെക്കാള്‍ മുന്നിട്ട് നില്‍ക്കുന്നു. അഭിപ്രായ സ്വാത്രന്ത്യവും വ്യക്തി സ്വാതന്ത്ര്യവും സുഖവും സുരക്ഷിതത്വവും ഇവര്‍ക്ക് കൂടുതലാണ്. ഇവിടുത്തെ സ്ത്രീകള്‍ കൂടുതലായും പര്‍ദ്ദയാണ് ധരിക്കുന്നത്.
മരുമക്കത്തായ കുടുംബങ്ങളില്‍ എല്ലാ ദിവസവും ആഘോഷം പോലെ ആയിരിക്കും. കൂട്ടുകുടുംബത്തില്‍ ഒരുപാട് ആളുകള്‍ ഉള്ളതുകൊണ്ട് ആരാധനാകര്‍മങ്ങളും (നമസ്കാരം, ഖുര്‍ആന്‍ പാരായണം, പലതരം മാലപ്പാട്ടുകള്‍ ചെല്ലുന്നതും) ഭക്ഷണം കഴിക്കുന്നതും ജോലി ചെയ്യുന്നതുമെല്ലാം ഒരുമിച്ചായിരിക്കും. ഇവിടുത്തെ മറ്റൊരു ശ്രദ്ധേയമായ കാര്യമാണ് അവരുണ്ടാക്കുന്ന പലഹാരങ്ങള്‍. റമസാന്‍, പെരുന്നാള്‍, വിവാഹം എന്നിങ്ങനെ തുടങ്ങി വിശിഷ്ട ദിവസങ്ങളിലും വിരുന്ന് സത്കാരങ്ങളിലും പലഹാരങ്ങള്‍ ഉണ്ടാക്കുന്നത് അവര്‍ക്ക് നിര്‍ബന്ധമായ കാര്യമാണ്. ഇവിടുത്തെ വിവാഹാഘോഷം രണ്ടോ മൂന്നോ ആഴ്ച മുന്നേ തന്നെ ആരംഭിക്കും. ബന്ധുക്കള്‍ എല്ലാവരും എത്തിച്ചേരുകയും ഒപ്പനയും പലഹാരമുണ്ടാക്കലും മാപ്പിളപ്പാട്ടും മൈലാഞ്ചി ഇടലും അറ ചമയ്ക്കലും എല്ലാം വലിയ ആഘോഷമായാണ് ആചരിക്കുന്നത്.
പൊന്നാനിയിലെ മരുമക്കത്തായ കുടുംബത്തിലെ പുതുതലമുറയിലെ ഒട്ടുമിക്ക സ്ത്രീകളും വിദ്യാസമ്പന്നരും സ്വന്തമായി ജോലിയുള്ളവരും ആണ്. അതുപോലെ തന്നെ പൊതുവേദികളിലും ഇവരുടെ സാന്നിധ്യം കാണാന്‍ സാധിക്കും. മരുമക്കത്തായ കുടുംബത്തില്‍ ‘സുന്നി’ വിഭാഗം സ്ത്രീകള്‍ പള്ളിയില്‍ പോകുന്നതിനോട് എതിര്‍പ്പാണെങ്കിലും ‘മുജാഹിദ്-ജമാഅത്ത്’ വിഭാഗക്കാര്‍ സ്ത്രീകള്‍ പള്ളിയില്‍ പോകുന്നതിനോട് അനുകൂലിക്കുന്നു.
മറ്റൊരു കാര്യം ശ്രദ്ധയില്‍പെട്ടത് എന്തെന്നാല്‍ പുതുതലമുറ മക്കത്തായ സമ്പ്രദായം പിന്തുടരുവാനും അണു കുടുംബങ്ങളായി ജീവിക്കാനുമാണ് കൂടുതലായും ആഗ്രഹിക്കുന്നത്.
പൊന്നാനിയില്‍ 150 വര്‍ഷവും അതിലധികവും പഴക്കമുള്ള തറവാട് വീടുകളാണ് ഉള്ളത്. പൊന്നാനിയിലെ മുസ്ലിം മരുമക്കത്തായ സമ്പ്രദായവും കുടുംബവും എന്നും അതുപോലെ തന്നെ നിലനില്‍ക്കട്ടെ എന്നാശിക്കുന്നു.

 

 

 

 

 

അജ്ന സി. എച്ച്.
ജെന്‍ഡര്‍ റിസോഴ്സ് പേഴ്സണ്‍ കുടുംബശ്രീ
മലപ്പുറം

COMMENTS

COMMENT WITH EMAIL: 0