Homeചർച്ചാവിഷയം

മരുമക്കത്തായം : മാറിയ സാഹചര്യത്തില്‍ കണ്ണൂരില്‍ നിന്നുള്ള ചില നിരീക്ഷണങ്ങള്‍

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ മരണപ്പെട്ട സന്ദര്‍ഭത്തില്‍ മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ പി.കെ. ശ്രീമതി ടീച്ചര്‍ വിവാഹ ശേഷം കണ്ണൂരിലെ മുസ്ലിം കുടുംബങ്ങളിലേതുപോലെ വരന്‍ വധുവിന്‍റെ വീട്ടിലേക്കു വരട്ടെയെന്നും വിവാഹ സംബന്ധമായ ആചാരങ്ങളില്‍ മാറ്റം വരണമെന്നും അഭിപ്രായപ്പെട്ടത് ഏറെ ശ്രദ്ധേയമായിരുന്നു. ഈ ഒരു കുറിപ്പ് എഴുതുന്ന സമയത്താണ് വിവാഹശേഷം കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി ഭര്‍തൃവീട്ടില്‍ വെച്ച് പീഡിപ്പിക്കുന്നു എന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പയ്യന്നൂര്‍ പോലീസ് കേസ് എടുത്ത വാര്‍ത്ത വായിച്ചത്. പി. കെ ശ്രീമതി ടീച്ചര്‍ കണ്ണൂരിലെ മുസ്ലിങ്ങള്‍ക്കിടയിലെ മരുമക്കത്തായ സമ്പ്രദായത്തിലേക്ക് കേരളം മുഴുവന്‍ മാറണമെന്നാണ് അഭിപ്രായപ്പെട്ടത്.

സ്ത്രീകളും മരുമക്കത്തായ സമ്പ്രദായവും
സ്ത്രീകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന സംവിധാനമാണ് മരുമക്കത്തായം.ഇത് സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്ന സമ്പ്രദായം കൂടിയാണ്.ഭര്‍തൃ ഗൃഹവുമായുള്ള സംഘര്‍ഷം, അമ്മായിഅമ്മ മരുമകള്‍ പോര്, ഭാര്യഭര്‍തൃ പ്രശ്നങ്ങള്‍, വിവാഹ മോചനം തുടങ്ങി സ്ത്രീകളള്‍ക്ക് നേരെ നടക്കുന്ന ഗാര്‍ഹിക അതിക്രമങ്ങള്‍ പൊതുവെ മരുമക്കത്തായ സമ്പ്രദായത്തില്‍ വളരെ കുറവാണ്.
മരുമക്കത്തായ സമ്പ്രദായത്തില്‍ വിവാഹാനന്തരം വധു അവളുടെ മാതാവിന്‍റെയും കുടുംബത്തിന്‍റെയും ഒപ്പമാണ് താമസിക്കുന്നത്. വരന്‍ അവളുടെ വീട്ടിലേക്ക് അഥിതിയായി വരുന്നു. വധുവും വരനും വധുവിന്‍റെ വീട്ടുകാരുടെ മേല്‍നോട്ടത്തിലായിരിക്കും ജീവിക്കുക. മരുമക്കത്തായ സമ്പ്രദായത്തില്‍ ജനിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാതൃതറവാടിന്‍റെ പേരാണ് അവരവരുടെ പേരിനോട് ചേര്‍ത്ത് നല്‍കുക. സ്വന്തമായി മാറിത്താമസിക്കുന്നത് വരെ അവരുടെ കുട്ടികള്‍ മാതൃഭവനത്തിലാണ് വളരുക. ഇവിടെ കുടുംബ ജീവിതം ഒരു സവിശേഷമായ ആഘോഷമായി മാറുന്നു.
സ്ത്രീസൗഹൃദ സംവിധാനമാണ് മരുമക്കത്തായം.അവള്‍ക്ക് സ്വന്തം വീട്ടില്‍ സ്നേഹവും പരിഗണനയും ലഭിക്കുന്നു.അവളുടെ രക്തബന്ധത്തിലുള്ളവരോട് കൂടുതല്‍ സമയം ചിലവഴിക്കാന്‍ അവള്‍ക്ക് അവസരം ലഭിക്കുന്നു.അതോടൊപ്പം അവള്‍ക്ക് ഭര്‍തൃവീട്ടിലും എന്നും ആദരവ് ലഭിക്കുന്നു.ഭര്‍തൃ വീട്ടില്‍ എപ്പോഴെങ്കിലും പോകുന്ന അതിഥികളായതിനാല്‍ പല ഭര്‍തൃവീടുകളിലും പ്രയാസമുള്ള ജോലികള്‍ ചെയ്യാന്‍ അവരെ സമ്മതിക്കില്ല. സ്ത്രീകള്‍ ഭര്‍തൃവീടുകളില്‍ വളരെ അപൂര്‍വമായേ താമസിക്കാറുമുള്ളൂ.
ലോകത്ത് ഭൂരിപക്ഷം സമൂഹങ്ങളിലും മക്കത്തായ കുടുബഘടനയാണ് നിലനില്‍ക്കുന്നത്. ലോകത്ത് മുസ്ലിങ്ങള്‍ക്കിടയിലും മക്കത്തായ സമ്പ്രദായം തന്നെയാണ് പൊതുവെ നിലനില്‍ക്കുന്നത്. ഇന്‍ഡോനീഷ്യയിലും ലക്ഷദ്വീപിലും കണ്ണൂര്‍ ഉള്‍പ്പെടെയുള്ള മലബാറിലെ മുസ്ലിങ്ങള്‍ക്കിടയിലുമാണ് ചില മാറ്റങ്ങളോടെയാണെങ്കിലും മരുമക്കത്തായം ഇന്നും നിലനില്‍ക്കുന്നത്. ഈ സമ്പ്രദായം പിന്തുടരുന്നവര്‍ ന്യൂനപക്ഷമാണെങ്കിലും ഇതിലെ ഭൂരിപക്ഷം ആണും പെണ്ണും ഇതിന്‍റെ ഗുണങ്ങള്‍ അനുഭവിക്കുന്നവരും ഇത് നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. സ്ത്രീകള്‍ക്ക് വലിയ അര്‍ത്ഥത്തിലുള്ള അധികാരവും ആദരവും നല്‍കുന്ന കുടുംബസമ്പ്രദായമാണ് മരുമക്കത്തായം. കുടുംബനാഥക്ക് വലിയ സ്ഥാനമാണ് മരുമക്കത്തായത്തില്‍ ഉള്ളത്. ഈ മേഖലയിലെ മുസ്ലിം പുരുഷന്മാരുടെ ഗള്‍ഫ് പ്രവാസം മരുമക്കത്തായ സമ്പ്രദായത്തിലെ സ്ത്രീയുടെ റോള്‍ ഊട്ടിയുറപ്പിക്കുന്നു. അടിസ്ഥാനപരമായി മക്കത്തായ സമ്പ്രദായം നിലനില്‍ക്കുന്ന മുസ്ലിംങ്ങളില്‍ വളരെ ചെറിയൊരു ന്യൂനപക്ഷം മരുമക്കത്തായം പിന്തുടരുന്നു എന്നത് തന്നെ ഒരു വിസ്മയമാണ്.

കണ്ണൂര്‍ ജില്ലയിലെ മുസ്ലിം മരുമക്കത്തായം
മരുമക്കത്തായ സമ്പ്രദായം പിന്തുടരുന്നവരാണ് കണ്ണൂര്‍ ജില്ലയിലെ ഭൂരിപക്ഷം മുസ്ലിങ്ങളും. മൂന്നു നൂറ്റാണ്ടിലധികമായി ഈ സമ്പ്രദായം ഇവിടെ നിലനില്‍ക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു.കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ മുസ്ലിം കുടുംബങ്ങളും തീര ദേശം, മലയോരമേഖല എന്ന വ്യത്യാസമില്ലാതെ മരുമക്കത്തായ സമ്പ്രദായം നിലനിര്‍ത്തി പോരുന്നു. വധൂഗൃഹത്തില്‍ വരന്‍ അന്തിയുറങ്ങുന്ന പുതിയാപ്പിള സമ്പ്രദായം കണ്ണൂരിലെ മുസ്ലിങ്ങള്‍ക്കിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്നു.
മുസ്ലിങ്ങള്‍ക്ക് പുറമെ, കണ്ണൂരില്‍ പയ്യന്നൂര്‍ ഗ്രാമത്തിലെ നമ്പൂതിരിമാര്‍ മരുമക്കത്തായ സമ്പ്രദായം സ്വീകരിച്ചവരായിരുന്നു. പഴയ പയ്യന്നൂര്‍ ഗ്രാമത്തിലെ പതിനാറു ബ്രാഹ്മണ ഭവനങ്ങളില്‍ മരുമക്കത്തായം നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ഇത് പിന്തുടരുന്നില്ല. കണ്ണൂരിലെ അറയ്ക്കല്‍ രാജകുടുംബവും തലശ്ശേരിയിലെ കേയിമാരും മരുമക്കത്തായ സമ്പ്രദായം പിന്തുടര്‍ന്നവരായിരുന്നു. ഇവരുടെ പുതിയ തലമുറയും ഈ സമ്പ്രദായം ഇപ്പോള്‍ പിന്തുടരുന്നു. അറയ്ക്കല്‍ രാജകുടുംബത്തില്‍ നിന്നാണ് കണ്ണൂരിലെ മുസ്ലിങ്ങള്‍ക്കിടയില്‍ മരുമക്കത്തായ സമ്പ്രദായം പ്രചരിച്ചത് എന്ന് പറയപ്പെടുന്നു.
കൂട്ടുകുടുംബ വ്യവസ്ഥ ആയിരുന്നു മരുമക്കത്തായത്തില്‍ പണ്ട് ഉണ്ടായിരുന്നത്.ഒരു തറവാട്ടില്‍ എല്ലാവരും ഒരുമിച്ചായിരിക്കും കഴിയുക.ഒരു അടുക്കളയില്‍ നിന്നാണ് എല്ലാവര്‍ക്കുമുള്ള ഭക്ഷണം പാകം ചെയ്തിരുന്നത്. മാതൃ സഹോദരിമാരുടെ മക്കളോടൊപ്പമായിരിക്കും മക്കള്‍ തറവാട്ടില്‍വളരുക. കുട്ടികളെ നോക്കി വളര്‍ത്തുന്നതില്‍ മാതൃസഹോദരിമാര്‍ തമ്മില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.കുട്ടികള്‍ക്ക് സൗഹാര്‍ദന്തരീക്ഷമാണ് മാതൃകുടുംബം നല്‍കുന്നത്. കുട്ടികളുടെ സാമൂഹികവല്‍ക്കരണം മരുമക്കത്തായ അന്തരീക്ഷത്തില്‍ എളുപ്പത്തില്‍ സാധിക്കുന്നു. സഹോദരിമാരുടെ മക്കള്‍ തമ്മില്‍ ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
അതേസമയം മരുമക്കത്തായ സമ്പ്രദായത്തിലെ കൂട്ടുകുടുംബ വ്യവസ്ഥ ദോഷരഹിതമായ ഒരു വ്യവസ്ഥയല്ല. പുതിയാപ്പിള (വരന്‍ )മാര്‍ക്കിടയിലെ സാമ്പത്തികവ്യത്യാസം പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. സാമ്പത്തികമായി ഉള്ളവരും ഇല്ലാത്തവരുമായ പുതിയാപ്പിളമാരെ പല വീടുകളിലും വേര്‍തിരിച്ചു കാണുന്നു. സാമ്പത്തികശേഷി ഉള്ളവര്‍ ചിലവിനു നല്‍കുന്ന പോലെ സാമ്പത്തികശേഷി ഇല്ലാത്തവര്‍ക്ക് നല്‍കാന്‍ കഴിയുന്നില്ല എന്നത് ഇത്തരം കുടുംബങ്ങളില്‍ അസ്വസ്ഥതകള്‍ക്ക് കാരണമാകാറുണ്ട്.പുതിയാപ്പിളമാരുടെ സാമ്പത്തികാവസ്ഥയിലുള്ള വ്യത്യാസം അവരുടെ കുട്ടികളോട് വിവേചനം കാണിക്കുന്നതിലേക്കടക്കം എത്താറുണ്ട് എന്നതും ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ ഇന്ന് മരുമക്കത്തായ കൂട്ടുകുടുംബവ്യവസ്ഥ സംവിധാനത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പലരും ന്യൂക്ലിയര്‍ കുടുംബ സാഹചര്യത്തിലേക്ക് മാറാനാണ് ആഗ്രഹം പ്രകടിപ്പിക്കുന്നത്.തറവാട് വിട്ടൊഴിഞ്ഞു പോകരുത് എന്നതാണ് മരുമക്കത്തായ സമ്പ്രദായത്തിലെ വ്യവസ്ഥ. എന്നാല്‍ 1970 കള്‍ മുതല്‍ അത് ലംഘിച്ചു തുടങ്ങിയിരിക്കുന്നു. സ്വന്തമായി താമസിക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തവര്‍ മാത്രമാണ് ഇന്ന് തറവാടുകളില്‍ കഴിയുന്നത്.
ചില പോരായ്മകളൊക്കെ ഉണ്ടെങ്കിലും മരുമക്കത്തായവും അതിന്‍റെ കാലാനുവര്‍ത്തിയായ പുതിയ മാറ്റങ്ങളും സ്ത്രീകള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത് എന്നതില്‍ സംശയമില്ല.സാമൂഹിക ശാസ്ത്ര പണ്ഡിതന്മാരധികവും മരുമക്കത്തായമാണ് കൂടുതല്‍ ജൈവികമായ കുടുംബ വ്യവസ്ഥയെന്ന് അഭിപ്രായപ്പെടുന്നവരുമാണ്.

 

 

 

 

സുലേഖ
മുന്‍ ജേര്‍ണലിസം ഗസ്റ്റ് ലക്ചര്‍, ഗവ.കോളേജ് പെരിങ്ങം

COMMENTS

COMMENT WITH EMAIL: 0