Homeചർച്ചാവിഷയം

പെണ്ണിടങ്ങള്‍ : മധ്യകാല സന്ദേശകാവ്യങ്ങളിലേക്കുള്ള ലിംഗപദവി നോട്ടങ്ങള്‍

ര്‍മ്മകള്‍ക്കപ്പുറമുള്ള കാലഘട്ടം മുതല്‍ക്കുതന്നെ കേരളത്തിലെ (മലബാര്‍) പൊതു സാംസ്കാരിക വഴക്കം മാതൃദായക്രമം ആയിരുന്നു എന്ന രീതിയില്‍ തെറ്റിദ്ധരിക്കപ്പെടുകയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിരുന്നു. മധ്യകാല സഞ്ചാരികളുടെ രേഖകളിലും ആധുനീക ദേശീയവാദ വിചക്ഷണരുടെ രചനകളിലും ഗാഢമായ ഈ ആശയക്കുഴപ്പം തെളിഞ്ഞു തന്നെ ദൃശ്യമാണ്. കേരളത്തിനകത്തും പുറത്തുമുള്ള പല ചരിത്രകാരന്മാരും മുന്നോട്ടുവയ്ക്കുന്ന കേരള വൈശിഷ്ട്യവാദം പോലുള്ള ചില ആശയങ്ങള്‍ വരേണ്യജാതികള്‍ പിന്തുടരുന്ന ദായക്രമം പൊതുവായി അംഗീകരിക്കപ്പെട്ട യഥാര്‍ത്ഥ്യമാണ് എന്ന തെറ്റിദ്ധാരണ പ്രചരിക്കുന്നതിന് കാരണമായിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ നിലനിന്നിരുന്ന പിന്തുടര്‍ച്ചാവകാശ സമ്പ്രദായത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്ന ആദ്യകാല സാഹിത്യരചനയാണ് ‘സംഘകാല’ കൃതിയായ അകനാനൂറ്. പിതാവില്‍ നിന്ന് മകനിലേക്ക് ഗമിക്കുന്ന പാരമ്പര്യ ക്രമത്തെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ അകം പാട്ടുകളിലെ പല വരികളിലും കാണാം. ഭൂമിയുടെ ഉടമസ്ഥാവകാശം, സമ്പത്തിന്‍റെ കൈമാറ്റ – കൈവശാവകാശങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഈ കൃതിയില്‍ കാണാം.
പരജാതി വൈവാഹിക സമ്പ്രദായം ആ കാലഘട്ടത്തില്‍ വ്യാപകമായി നിലവിലുണ്ടായിരുന്നു എന്ന വസ്തുത മരുതം തിണയിലുള്ള സ്ത്രീകള്‍ക്ക് പ്രണയ ബന്ധങ്ങള്‍ കുറിഞ്ചി, പാലൈ എന്നീ തിണകളില്‍ ഉണ്ടായിരുന്നു എന്ന തരത്തിലുള്ള അകനാനൂറിലുള്ള പ്രസ്താവനകള്‍ സൂചിപ്പിക്കുന്നു. മറ്റ് തിണകളിലുള്ള പുരുഷന്‍മാര്‍ പ്രണയിക്കുന്ന ചെറുപ്പക്കാരികളായ സ്ത്രീകളുടെ അമ്മമാരെ പ്രാമുഖ്യത്തോടെയാണ് അകം കവിതകള്‍ അവതരിപ്പിക്കുന്നത്. പാലൈ, കുറിഞ്ചി എന്നീ തിണകളില്‍ പ്രധാനമായും ആരാധിച്ചിരുന്ന ശക്തമായ ദേവീസങ്കല്‍പ്പങ്ങളായിരുന്ന കൊട്രവൈ, അനങ്ക് എന്നീ ആരാധനാമൂര്‍ത്തികളുമായി ബന്ധപ്പെട്ട സ്ത്രീ പുരോഹിതരേയും അനുഷ്ഠാന പാര്‍ശ്വവര്‍ത്തികളെയും കുറിച്ചുള്ള പ്രതിപാദനങ്ങളും സംഘകാല കൃതികളില്‍ ദൃശ്യമാണ്. വ്യത്യസ്തങ്ങളായ തിണകളില്‍ വ്യത്യസ്തങ്ങളായ വംശപരമ്പര ക്രമങ്ങളാണ് കാണപ്പെടുന്നതെങ്കിലും കുട്ടികള്‍ മാതൃഗൃഹത്തില്‍ വസിക്കുന്നതായുള്ള ചിത്രീകരണം വെളിച്ചം വീശുന്നത് പ്രബലമായി സമൂഹത്തില്‍ നിലനിന്നിരുന്നത് ഭാര്യാഗൃഹവാസ വൈവാഹീക സമ്പ്രദായം (മാട്രിലൊക്കാലിറ്റി) ആയിരുന്നു എന്ന ശക്തമായ സാധ്യതയിലേക്കാണ്.
പ്രാചീന-മധ്യകാലഘട്ടത്തില്‍ ബഹുവിധ ദായക്രമങ്ങളുടെ ഒരുമിച്ചു ചേര്‍ന്നുള്ള സഹവര്‍ത്തിത്വം നിലനിന്നിരുന്നു എന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്ന വ്യക്തമായ സൂചകങ്ങളാണ് തരിസാപ്പള്ളി താമ്രശാസനവും ജൂത ശാസനവും. പെരുമാള്‍ ഭരണാധികാരിയായിരുന്ന ഭാസ്കര രവിവര്‍മ്മന്‍ ജൂതവ്യാപാരികളുടെ തലവനായിരുന്ന ജോസഫ് റബ്ബാനു നല്‍കിയ വിശിഷ്ടാധികാരങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ജൂതശാസനത്തില്‍ (1000 സി.ഇ.) ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു :- ജോസഫ് റബ്ബാനും അവന് ജനിക്കുന്ന ആണ്‍-പെണ്‍ മക്കള്‍ക്കും അനന്തരവര്‍ക്കും (അവന്‍റെ) പെണ്‍ മക്കളെ വിവാഹം ചെയ്യുന്ന മരുമക്കള്‍ക്കും അഞ്ചുവണ്ണം ഒരു പാരമ്പര്യസ്വത്ത് (ആയി) ഭൂ – ചന്ദ്രാദികള്‍ നിലനില്‍ക്കുന്നിടത്തോളം കാലം (നാം നല്‍കുന്നു).” (15ാം വരി, ജൂത ശാസനം) ജോസഫ് റബ്ബാന് ശാശ്വതമായി നല്‍കപ്പെട്ട വിശേഷാധികാരങ്ങളില്‍ ആണ്‍മക്കള്‍ക്കും അനന്തരവര്‍ക്കും വ്യക്തമായ ഓഹരിയുണ്ട് എന്ന ശാസനത്തിലെ പരാമര്‍ശം പിതൃദായ – മാതൃദായക്രമങ്ങള്‍ രണ്ടും നിലനിന്നിരുന്നു എന്ന വസ്തുതയെ വ്യഞ്ജിപ്പിക്കുന്നതാണ് എന്നുള്ളത് ജിജ്ഞാസയുണര്‍ത്തുന്ന കാര്യമാണ്. കൂടുതല്‍ താത്പര്യമുളവാക്കുന്ന മറ്റൊരു കാര്യം റബ്ബാന്‍റെ പെണ്‍മക്കളേയും അവരുടെ ഭര്‍ത്താക്കന്മാരേയും പാരമ്പര്യസ്വത്ത് നല്‍കപ്പെട്ടവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ്.
ക്ഷേത്രങ്ങള്‍ക്കും ക്ഷേത്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും സമ്പത്ത് ദാനം ചെയ്തവരില്‍ സ്ത്രീദാതാക്കളും ഉണ്ടായിരുന്നു എന്ന ചരിത്രവസ്തുത പല ശാസനങ്ങളും സ്ഥിരീകരിക്കുന്നുണ്ട്. ഉദാഹരണമായി ചേരമാന്‍ പെരുമാളുടെ ഭാര്യയായ നമ്പിരാട്ടിയാര്‍ റാണിയെക്കുറിച്ചും മുഞ്ചിനാട്ടധികാരിയുടെ ഭാര്യയായ രാമന്‍ മാതേവിയെക്കുറിച്ചുമുള്ള തിരുവല്ല താമ്രശാസനത്തിലെ പ്രതിപാദനങ്ങള്‍ തെളിയിക്കുന്നത് സ്ത്രീകളുടെ അധീനതയില്‍ ക്രയവിക്രയങ്ങള്‍ക്കുതകുന്ന സ്വത്ത് ഉണ്ടായിരുന്നു എന്ന കാര്യമാണ്. ചെങ്ങന്നൂര്‍ ക്ഷേത്ര സ്ഥാപനം നടത്തിയത് തിരുക്കലയപുരം ആദിത്യ ഉമയമ്മ (തിരു ക്കലയപുരത്ത് ആതിച്ചന്‍ ഉമയമ്മയ് ) ആയിരുന്നു എന്ന് മാമ്പള്ളി ശാസനം ( 974 സി.ഇ.) പ്രമാണീകരിക്കുന്നു. ഉമയമ്മയ്ക്ക് ക്ഷേത്രവും അതിനോടനുബന്ധിച്ച ഭൂമിയും ശ്രീ വല്ലവന്‍ കോതൈ ദാനം ചെയ്തതിനെക്കുറിച്ചും ; പിന്നീട് ഉമയമ്മ ചെങ്ങന്നൂര്‍ ക്ഷേത്രത്തിനായി ഇതേ ഭൂമി ദാനം ചെയ്തതിനെക്കുറിച്ചും ഈ ചെപ്പേടില്‍ പറയുന്നു. മേല്‍ പറഞ്ഞ ഉദാഹരണങ്ങള്‍ സൂചിപ്പിക്കുന്നത് ദക്ഷിണേന്ത്യയില്‍ നിലനിന്നിരുന്ന ദായക്രമങ്ങളിലെ ചരിത്രപരമായ വഴക്കങ്ങളേയും അയവുകളേയും കുറിച്ചാണ്.
സംസ്കൃതത്തിലും മണിപ്രവാളത്തിലും മലയാളത്തിലും എഴുതപ്പെട്ട മധ്യകാല സന്ദേശകാവ്യങ്ങളെക്കുറിച്ചും ചരിതങ്ങളെക്കുറിച്ചുമുള്ള നമ്മുടെ വായന ക്രമപ്പെടുത്തേണ്ടത് ഇത്തരത്തിലുള്ള അയഞ്ഞ ബഹുസ്വരമായ പരിതസ്ഥിതിയും പശ്ചാത്തലവുമായി ബന്ധപ്പെടുത്തിയാണ്. സാമ്പ്രദായിക എഴുത്തുകാര്‍ അച്ചീചരിതങ്ങള്‍ എന്ന പേരില്‍ ഇകഴ്ത്തിക്കാട്ടുന്ന സന്ദേശകാവ്യങ്ങള്‍ ചരിത്ര രചയിതാക്കളെ സംബന്ധിച്ചിടത്തോളം മധ്യകാല കേരളത്തിലെ സാമൂഹീകക്രമങ്ങളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും ബന്ധുത്വസമ്പ്രദായങ്ങളെക്കുറിച്ചുമെല്ലാം വിവരം നല്‍കുന്ന നിധികുംഭങ്ങളാണ്. ശൃംഗാരരസത്തിന് പ്രാമുഖ്യം നല്‍കി രചിക്കപ്പെട്ട സാഹിത്യകൃതികളെ മുന്‍ നിര്‍ത്തി എം .ജി. എസ്. നാരായണന്‍, എ. ശ്രീധരമേനോന്‍ തുടങ്ങിയവരെ പോലുള്ള ചരിത്രകാരന്മാര്‍ ഈ കാലഘട്ടത്തെ സന്മാര്‍ഗ്ഗക്ഷയം ഉള്ള കാലഘട്ടമായി വായിക്കുമ്പോള്‍ സാഹിത്യകൃതികളിലെ നായികമാരെ കുലസ്ത്രീകള്‍ എന്ന് സംബോധന ചെയ്ത് ഉള്ളൂര്‍ എസ് പരമേശ്വര അയ്യര്‍, ശൂരനാട് കുഞ്ഞന്‍പിള്ള തുടങ്ങിയ എഴുത്തുകാര്‍ ഈ കൃതികളെ ഒരു തരത്തില്‍ വെള്ളപൂശാനും ഇവയിലെ കാമ പരതയുടെ പ്രാധാന്യത്തെ കുറച്ചു കാണിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സന്ദേശകാവ്യങ്ങള്‍ക്കും അച്ചീചരിതങ്ങള്‍ക്കും ഉദാഹരണങ്ങളായ ഉണ്ണുനീലി സന്ദേശം, ഉദ്ദണ്ഡശാസ്ത്രികളുടെ കോകില സന്ദേശം (14 15ാം നൂറ്റാണ്ട്), ഹംസ സന്ദേശം (14ാം നൂറ്റാണ്ട്), പയ്യന്നൂര്‍ ഭട്ടതിരിയുടെ ചകോര സന്ദേശം (15ാം നൂറ്റാണ്ട്), ഉണ്ണിയാടീചരിതം, ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയച്ചീചരിതം എന്നീ കൃതികളിലെ നായികമാര്‍ തൃപ്പാപ്പൂര്‍ (പില്‍ക്കാല തിരുവിതാംകൂര്‍ ), പെരുമ്പടപ്പ് (പില്‍ക്കാല കൊച്ചി), നെടിയിരിപ്പ് (പില്‍ക്കാല കോഴിക്കോട്) തുടങ്ങിയ സ്വരൂപങ്ങളുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളിലെയും പ്രബലരും പ്രമുഖരുമായ സ്ത്രീകള്‍ ആയിരുന്നു. കല്‍പ്പനാ സൃഷ്ടികളോ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നവരോ ആയ ഇവര്‍ക്ക് ഗണനീയമായ സാമൂഹീക സ്ഥാനവും സമ്പത്തിലും ഭൂമിയിലും ഉടമസ്ഥാവകാശവും ഉണ്ടായിരുന്നു.
ഈ സ്ത്രീകളെ ദേവദാസികളോ ക്ഷേത്രത്തിന് സമര്‍പ്പിക്കപ്പെട്ട സ്ത്രീകളോ ആയി ബന്ധിപ്പിച്ച് വായിക്കാനുള്ള പ്രവണത ഷെല്‍ഡണ്‍ പൊള്ളോക്കിനെ പോലുള്ള ചരിത്രകാരന്മാര്‍ക്കുണ്ട്. 13-ാം നൂറ്റാണ്ടു മുതല്‍ 16-ാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിനിടയില്‍ രചിക്കപ്പെട്ട കൃതികളുടെ സൂക്ഷ്മമായ പരിശോധന ഇവയില്‍ വിവരിച്ചിട്ടുള്ള സ്ത്രീകളുടെ തൊഴില്‍, ജീവിത വ്യവഹാരം, സാമൂഹീക സ്ഥാനം എന്നിവയിലെ വ്യതിരിക്തതകളിലേക്ക് വെളിച്ചം വീശുന്നു. ഈ കാലഘട്ടത്തില്‍ രാജവംശങ്ങളും പ്രധാനപ്പെട്ട കുടുംബങ്ങളും തമ്മില്‍ ബന്ധം സ്ഥാപിക്കുന്നത് ആതിഥേയ ആചാരങ്ങളിലൂടെയും വൈവാഹികവും വിവാഹേതരവുമായ സ്ത്രീകളുടെ ചംക്രമണത്തിലൂടെയും ആയിരുന്നു.
നോബര്‍ട്ട് ഏലിയാസ്, ദാവൂദ് അലി തുടങ്ങിയ സാമൂഹീക ശാസ്ത്രജ്ഞര്‍ അധികാര ബന്ധങ്ങളുടെ രൂപീകരണത്തില്‍ കീഴ്നടപ്പനുസരിച്ചുള്ള ആചാരങ്ങളുടേയും ആ തിഥേയ മര്യാദകളുടേയും ദര്‍ബാര്‍ സംസ്കാരത്തിന്‍റേയും പങ്കിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വാദിച്ചിട്ടുണ്ട്. രാജാധികാരത്തിന്‍റെ വ്യാപനത്തിനായി സങ്കീര്‍ണ്ണമായ ‘ വിവാഹ ബന്ധങ്ങളും’ ജാതി കോയ്മകളും ക്ഷേത്ര – കുടുംബ ആചാരങ്ങളും നിലനിര്‍ത്തിയിരുന്നതും ഇവയെ ഉപയോഗിച്ചിരുന്നതും പഠന വിഷയമാക്കേണ്ടതാണ്.
തറവാട് പോലുള്ള ഗാര്‍ഹീക അന്തരീക്ഷങ്ങള്‍ മധ്യകാല കേരളത്തിലെ സാംസ്കാരികവും സാമ്പത്തികവുമായ ചട്ടക്കൂടിനെ രൂപീകരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. വൈശികതന്ത്രം പോലുള്ള കൃതികള്‍ ലൈംഗീകവൃത്തിക്ക് പ്രാമുഖ്യം നല്‍കുന്ന വേശ്യാഗൃഹങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. അമ്മമാരും മുത്തശ്ശിമാരും പെണ്‍കുട്ടികള്‍ക്ക് കാമകലയില്‍ പരിശീലനം നല്‍കിയിരുന്ന മാതൃദായക്രമം നിലനിന്നിരുന്ന ഇടങ്ങളായിരുന്നു ഇവ. ഉണ്ണുനീലിസന്ദേശം പോലുള്ള സന്ദേശകാവ്യങ്ങള്‍ സ്ത്രീകളുടെ മേല്‍നോട്ടത്തിലുള്ള തറവാടുകള്‍ ഉണ്ടായിരുന്നു എന്ന പരോക്ഷ സൂചനകള്‍ നല്‍കുന്നുണ്ട്. മൃഗങ്ങളും വൃക്ഷങ്ങളുമടക്കം മിക്ക കഥാപാത്രങ്ങളും സ്ത്രീകള്‍ ആകുന്ന ഈ ഗാര്‍ഹീക ഇടങ്ങള്‍ സ്ത്രീ ഇടങ്ങളായി വ്യാഖ്യാനിക്കാവുന്നതാണ്. ഉണ്ണുനീലിസന്ദേശത്തിലെ നായികയായ ഉണ്ണുനീലി താമസിച്ചിരുന്ന മുണ്ടയ്ക്കലിലെ വീര മാണിക്യം വീട്ടിലെ എല്ലാവരും തന്നെ – അവളുടെ കാമുകനൊഴിച്ച് – സ്ത്രീകളാണ്. ഈ കൃതിയിലെ സന്ദേശ വാഹക കഥാപാത്രമായ ആദിത്യവര്‍മ്മയുടെ യാത്രയില്‍ അദ്ദേഹത്തെ പല സ്ഥലങ്ങളിലായി കണ്ടുമുട്ടുന്ന മറ്റ് നായികമാര്‍ അല്ലെങ്കില്‍ അച്ചികള്‍ ആണ് ചെറുകര കുട്ടത്തി, കുറങ്ങാട്ട് ചിരുതേവി, കുറങ്ങാട്ട് ഉണ്ണുനീലി, കണ്ടംകുളം സുന്ദരി, ചെറുകര ഉണ്ണിയാടി, മുണ്ടയ്ക്കല്‍ ചെറിയത് തുടങ്ങിയവര്‍. ഈ സ്ത്രീകളും , അവരുടെ സാമൂഹിക സ്ഥാനങ്ങളും , അവരെക്കുറിച്ചുള്ള വര്‍ണ്ണനകളും വിശേഷണങ്ങളുമെല്ലാം ശക്തമായി സൂചിപ്പിക്കുന്നത് ആതിഥ്യ ആചാരങ്ങളിലൂടെയും വൈവാഹീക – വൈവാഹികേതര ലൈംഗീക കെട്ടുപാടുകളിലൂടെയും രാഷ്ട്രീയ ബന്ധങ്ങള്‍ രൂപവത്കരിച്ച സ്ത്രീ ഇടങ്ങളായ കേരള നാട്ടിലുടനീളം വലിയ നിരയായി തന്നെ നിലനിന്നിരുന്നമാതൃദായ ഗ്യഹങ്ങളുടെ പ്രാമുഖ്യത്തെയാണ് . ഈ സ്ത്രീകളുടെ പദവികളും അവര്‍ ഏര്‍പ്പെട്ടിരുന്ന ബന്ധങ്ങളുടെ പ്രകൃതവും വ്യത്യസ്തങ്ങളായി തന്നെ മനസിലാക്കേണ്ടതുണ്ട്. അവരെ ദേവദാസികള്‍ എന്ന രീതിയില്‍ മാത്രം ധരിക്കുകയും വായിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കുകയും വേണം. വിവാഹബന്ധങ്ങളിലൂടെയും മണിപ്രവാളത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന കേരള ഭാഷ എന്ന പൊതുഭാഷയിലൂടെയും ഉയര്‍ന്നുവന്ന സാംസ്കാരിക ഭൂപ്രകൃതി മലയാണ്‍മയുടെ രൂപീകരണത്തിന് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് ഇനിയും പഠനങ്ങള്‍ വരേണ്ടത് അനിവാര്യമാണ്. സംബന്ധവും അമ്മ വീട് പാരമ്പര്യവും പോലുള്ള സങ്കീര്‍ണ്ണമായ വൈവാഹീക നിയന്ത്രണങ്ങളും ജാതി സമവാക്യങ്ങളും ഇതേ പശ്ചാത്തലത്തില്‍ വായിക്കപ്പെടേണ്ടതാണ്.
സ്വരൂപങ്ങളിലെ ഭരണാധികാരികളുടെ ലൈംഗീക പങ്കാളികളെ ‘അമ്മച്ചി’ എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. അമ്മച്ചിമാരായ സ്ത്രീകള്‍ക്ക് രാജഭാര്യയുടെ പദവിയോ രാജാവിന്‍റെ കൂടെ വസിക്കാനോ പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനോ ഉള്ള അവകാശമോ ഇല്ലായിരുന്നു. രാജാവിനാകട്ടെ പല തറവാടുകളിലെ ഒന്നിലധികം അമ്മച്ചിമാരോട് ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള അവകാശം ഉണ്ടായിരുന്നു. അച്ചി എന്ന പദം പില്‍കാലത്ത് ഭാര്യ എന്ന് പൊതുവില്‍ ഉപയോഗത്തില്‍ വന്നെങ്കിലും മധ്യകാലഘട്ടത്തില്‍ മാതൃദായ – മാട്രി ലോക്കല്‍ കുടുംബങ്ങളിലെ പ്രമുഖ സ്ത്രീകളെ സംബോധന ചെയ്യാനാണ് ഈ പദം ഉപയോഗിച്ചിരുന്നത്. മധ്യകാല അച്ചികള്‍ വ്യാപാരത്തിലും രാഷ്ട്രീയ വ്യവഹാരങ്ങളിലും ക്ഷേത്ര കേന്ദ്രീകൃത സമ്പ്രദായങ്ങളിലും ലൈംഗീക ബന്ധങ്ങളിലും ഭാഗീകമായോ പൂര്‍ണ്ണമായോ ഏര്‍പ്പെട്ടിരുന്നു. ഇവരെ ദേവദാസികളോ ലൈംഗീക തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവരോ മാത്രമായി കണക്കാക്കുന്നത് ആധുനീക കാഴ്ച്ചയുടെ അകാലികത ആണ്. വിക്ടോറിയന്‍ മൊറാലിറ്റിയുടേയോ ദേശീയതയുടെ ശുദ്ധി വാദങ്ങളുടേയോ ഭാരം വഹിക്കേണ്ടിയിരുന്നില്ലാത്ത മധ്യകാലഘട്ടത്തില്‍ താരതമ്യേന ‘ഏജന്‍സി’ ഉണ്ടായിരുന്ന പ്രമുഖ സ്ത്രീകളെ ബ്രാഹ്മണിക പുരുഷാധിപത്യത്തിന്‍റെ ചട്ടക്കൂടിലേക്കും കുലസ്ത്രീ – കുലട വാര്‍പ്പുമാതൃകകളിലേക്കും ചുരുക്കിയതില്‍ ഒരു വലിയ പങ്ക് സാമ്പ്രദായിക ചരിത്രകാരന്മാര്‍ക്കുണ്ട്. മധ്യകാല കൃതികളുടെ, പ്രത്യേകിച്ച് സന്ദേശകാവ്യങ്ങളുടേയും അച്ചീചരിതങ്ങളുടേയും ജെന്‍ഡേര്‍ഡ് വായനകള്‍ വെള്ളപൂശപ്പെട്ട അല്ലെങ്കില്‍ പൈശാചീകവത്കരിക്കപ്പെട്ട ഈ സ്ത്രീകളുടെ ചരിത്രങ്ങളെ വീണ്ടെടുക്കാന്‍ അനിവാര്യമാണ്.

 

 

 

 

 

ഡോ. മാളവിക ബിന്നി
അസി. പ്രൊഫസര്‍, ചരിത്ര വിഭാഗം, സ്കൂള്‍ ഓഫ് ലിബറല്‍ ആര്‍ട്സ് & സയന്‍സസ്
എസ്.ആര്‍.എം സര്‍വ്വകലാശാല, ആന്ധ്രപ്രദേശ്

COMMENTS

COMMENT WITH EMAIL: 0