Homeചർച്ചാവിഷയം

പൊന്നാനിയിലെ മരുമക്കത്തായ സമ്പ്രദായത്തിന്‍റെ ചരിത്രവഴികളിലൂടെ

dropcap]കേ[/dropcap]രളത്തിന്‍റെ സാംസ്കാരിക നഗരമായ പൊന്നാനി സുകൃതങ്ങളുടെയും പൈതൃകങ്ങളുടെയൂം നൂറ്റാണ്ടുകളായുള്ള മതസൗഹാര്‍ദ്ദത്തിന്‍റെയും വിളനിലമാണ്.ഒട്ടേറെ തനത് അടയാളങ്ങളുള്ള പൊന്നാനി കാലാനുസൃതമായുള്ള മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും പഴമയും പുതുമയും ഒത്ത് ചേര്‍ന്നതിന്‍റെ പകിട്ടിലാണിന്നും. പിറന്ന നാടെന്നത് പൊക്കിള്‍ക്കൊടി ബന്ധം പോലെ ദൃഢവും വൈകാരികത ഉളവാക്കുന്നതും ആയതിനാല്‍ തന്നെ തലമുറകളായി പകര്‍ന്നു കിട്ടിയ ആചാരാനുഷ്ഠാനങ്ങളുടെ തിരിനാളമിന്നും കാത്തു സൂക്ഷിക്കുന്നുണ്ട് പൊന്നാനിയിലെ ജനങ്ങള്‍.
കേരളത്തിലെ പൗരാണിക തുറമുഖങ്ങളില്‍ രണ്ടാം സ്ഥാനമുള്ള ‘തിണ്ടീസ്’പൊന്നാനി ആണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. പഴയ കാലത്തെ വാണിജ്യ സിരാകേന്ദം കൂടിയായ പൊന്നാനിയില്‍ ചരിത്രപ്രാധാന്യമുള്ള കയ്യൊപ്പ് ചാര്‍ത്തിയ ഒട്ടേറെ സ്ഥലങ്ങളും അതോടൊപ്പം ചരിത്രമുറങ്ങുന്ന തറവാട്ടകങ്ങളുമുണ്ട്. ഇവിടെങ്ങളിലുറങ്ങിക്കിടക്കുന്ന ഒട്ടനവധി കഥകളും ചരിത്ര സംഭവങ്ങളും നമുക്ക് വിസ്മരിച്ചു കൂടാ.മഖ്ദൂമുകളുടെ വരവോടെ വിജ്ഞാന രംഗത്തും സാഹിത്യ രംഗത്തും പൊന്നാനിക്ക് ശോഭ കൂടി. അതോടെ മാറ്റങ്ങള്‍ക്കിവിടം വിധേയമായി.അങ്ങനെ അനവധി സാഹിത്യകാരന്മാര്‍ക്കും സമന്വയ കലാപ്രതിഭകള്‍ക്കും മത രാഷ്ട്രീയ നേതാക്കള്‍ക്കും പിറവി കൊടുത്ത നാടാണീ പൊന്നാനി.


പത്താം നൂറ്റാണ്ടില്‍ തന്നെ പൊന്നാനിയില്‍ ഇസ്ലാം മതം വന്നിട്ടുണ്ട്. മാലിക് ദീനാറും കൂട്ടരും കൊടുങ്ങല്ലൂരും പലയിടത്തും ഇസ്ലാം പ്രചരിപ്പിച്ചിരുന്നു.അവര്‍ പൊന്നാനിയിലും വന്നിരുന്നു. പൊന്നാനിയുടെയും പുതുപൊന്നാനിയുടേയും ഖാസിയായി മാലിക് ദീനാറിന്‍റെ സന്തത സഹചാരിയായ അബ്ദുല്‍ മജീദിബ്നു മാലിക് പ്രവര്‍ത്തിച്ചിരുന്നതായി ഇബ്നു സുഹറവര്‍ദിയുടെ റിഹ് ലത്തുല്‍ മുലൂക്ക് എന്ന ചരിത്ര ലേഖനത്തില്‍ പറയുന്നുണ്ട്. എങ്കിലും അതിനു മുമ്പേ തന്നെ അറബികള്‍ ഇവിടെ കച്ചവട ആവശ്യത്തിനായി വന്നിരുന്നുവെന്ന് പറയപ്പെടുന്നു. ജൂണ്‍,ജൂലായ് മാസങ്ങളില്‍ സുഗന്ധവ്യജ്ഞനങ്ങളായ കുരുമുളക്, ഏലം,കാപ്പി എന്നിവയുടെ വിളവെടുപ്പിന് ശേഷം ഡിസംബര്‍മാസങ്ങളിലവര്‍ തിരിച്ചു പോയിരുന്നത് പാശ്ചാത്യ രാജ്യങ്ങളിലെ അന്നത്തെ പ്രധാന തുറമുഖ മായ അലക്സാണ്ടര്‍ തുറമുഖത്തേക്കായിരുന്നുവെന്നും, അറബികളുടെ നാലഞ്ചു മാസക്കാലത്തെ താമസത്തിനും അവര്‍ കൊണ്ട് വരുന്ന സ്വര്‍ണനാണയങ്ങളുടെ സുരക്ഷക്കുമായി അവരിവിടെ നിന്നും കല്യാണം കഴിക്കുകയും ചെയ്തിരുന്നു വെന്നും പഴമക്കാര്‍ പറയുന്നുണ്ട്. അങ്ങനെയാണത്രേ ഇസ്ലാമും വിശ്വാസവും പൊന്നാനിയില്‍ നിലനിന്നത്. അവര്‍ ഒരിക്കലും നമ്മുടെ നാടിനെ ചൂഷണം ചെയ്തിട്ടുമില്ല.അവരില്‍ നിന്നും സുഗന്ധവ്യജ്ഞന കച്ചവട വിവരങ്ങള്‍ അറിഞ്ഞു മിസിരികളും ചൈനക്കാരും പറങ്കികളും ഇവിടെ വന്നതായും ചരിത്രം പറയപ്പെടുന്നു. മിസിരികള്‍ പൊന്നാനിയില്‍ വന്ന് താവളമടിച്ച പള്ളി മിസിരി പള്ളി ആയും അറിയപ്പെടുന്നു.
പ്രാചീന അറേബ്യന്‍ സമൂഹത്തിലെ ഒരു വിഭാഗം സ്ത്രീകള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പുരുഷനെ സ്വീകരിക്കല്‍ പതിവായിരുന്നു.സംബന്ധം പോലുള്ള ഇത്തരം ബന്ധങ്ങളെ’ മുഅത്ത’ വിവാഹം എന്നാണ് വിശേഷിപ്പിച്ചിരുന്നത്.ഈ രീതി അനുസരിച്ച് പുരുഷന്‍ സ്ത്രീയുടെ വീട്ടില്‍ ഒരു നിശ്ചിത കാലം വരെ താമസിക്കുകയും പ്രതിഫലമായി നിശ്ചിത സംഖ്യ കീഴ്വഴക്കമായി മഹര്‍(പെണ്‍പണം) നല്‍കുകയും ചെയ്തിരുന്നു.ഇത്തരം ബന്ധങ്ങളില്‍ പുരുഷനെ തിരഞ്ഞെടുക്കാനും വേണ്ടെന്ന് തോന്നുമ്പോള്‍ ഉപേക്ഷിക്കാനും സ്ത്രീ ക്ക് അവകാശമുണ്ട്.ഇസ്ലാമിന് മുമ്പ് (പ്രവാചകന്‍ വരുന്ന മുമ്പ്) നിലനിന്നിരുന്ന ഈ സമ്പ്രദായം പിന്നീട് ഇസ്ലാമിന്‍റെ വരവോടെ തികച്ചും നിരോധിച്ചതായി പറയപ്പെടുന്നു.


അറബികള്‍ വ്യാപാരാര്‍ത്ഥം പോകുന്ന ഇടങ്ങളില്‍ എല്ലാം ഇത്തരം ബന്ധങ്ങള്‍ നടന്നിരുന്നു.അക്കാലത്തെ സാമൂഹിക ഘടന ഇത്തരം വിവാഹങ്ങളെ നിരുത്സാഹപ്പെടുത്തിയിരുന്നുമില്ല.ജൂണ്‍ മാസം മുതല്‍ ജനുവരി വരെയുള്ള കാലയളവിലെ (അഞ്ചെട്ടു മാസം) കരയിലും കടലിലുമായി ഭാര്യ ഭര്‍തൃ ബന്ധം ഇല്ലാതെ കഴിയേണ്ടി വരുന്ന അവര്‍ക്ക് കരക്കണയുന്ന തീരങ്ങളില്‍ അവിടത്തുകാരായ സ്ത്രീകളുമായി വിവാഹം മനുഷ്യസഹജമായതുമാണ്.ഇന്നത്തെ പോലെ വിവാഹ ബന്ധങ്ങളില്‍ അത്ര നിഷ്കര്‍ഷത പാലിച്ചിരുന്നുമില്ല.മലബാറിലെ പ്രധാന തുറമുഖങ്ങളിലും(പൊന്നാനി ഉള്‍പ്പെടെ) ഇത്തരത്തിലെ ബന്ധങ്ങളില്‍ ഉണ്ടായ സന്തതികള്‍ മാപ്പിളമാര്‍ എന്നും പിന്നീട് ഇസ്ലാമിന്‍റെ ആവിര്‍ഭാവത്തോടെ ഇവര്‍ മുസ്ലീംകള്‍ ആവുകയും മുസ്ലിം മാപ്പിളമാര്‍ എന്ന് അറിയപ്പെടുകയും ചെയ്തു.
കേരളം പല വൈദേശിക മതങ്ങളെയും ഉള്‍കൊണ്ട പ്രദേശമായത് കൊണ്ട് ഇസ്ലാം മതത്തെയും ക്രിസ്തുമതത്തെയും ഉള്‍കൊണ്ടു.അങ്ങനെ മലബാറിലെ ഹൈന്ദവരില്‍ നിന്നും ഇസ്ലാം സ്വീകരിച്ചവരെ മുസ്ലീം മാപ്പിള മാര്‍ എന്നും തിരുവിതാംകൂര്‍ ഹൈന്ദവരില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവര്‍ ക്രൈസ്തവ മാപ്പിളമാര്‍ എന്നും അറിയപ്പെടുന്നു.മഹാപിള്ള എന്ന വാക്ക് ലോപിച്ചാണ് മാപ്പിള എന്ന് പറയുന്നത്.


പതിനാലാം നൂറ്റാണ്ടോടെ സാമൂതിരി ഭരണത്തിന്‍റെ ഉദയത്തോടെയാണ് മലബാറിലെ തീരപ്രദേശങ്ങളില്‍ മുസ്ളീം കളില്‍ മരുമക്കത്തായ സമ്പ്രദായം വ്യാപിച്ചത്.കാസര്‍ഗോഡ്, തലശ്ശേരി,കണ്ണൂര്‍, കോഴിക്കോട്,പൊന്നാനി തുടങ്ങിയ തീരപ്രദേശങ്ങളും അറേബ്യന്‍ നാടുകളും തമ്മില്‍ വ്യാപാര ബന്ധങ്ങള്‍ സുദൃഢമായതും ഇതേത്തുടര്‍ന്നാണ്.മറ്റുപ്രദേശങ്ങളിലെ മുസ്ലീംകളില്‍ നിന്നും വ്യത്യസ്തമായി കുടുംബഘടനയിലും, ക്രയവിക്രയങ്ങളിലും, ആചാരാനുഷ്ഠാനങ്ങളിലും, മാമൂലുകളിലും(പരമ്പരാഗത ശൈലി) വ്യത്യാസം ഇവര്‍ പുലര്‍ത്തിയിരുന്നു.
കോഴിക്കോടും പൊന്നാനിയും സാമൂതിരിയുടെ മാത്രം അധീനതയിലുള്ള പ്രദേശമാകയാല്‍ ഇവിടെങ്ങളില്‍ നിന്നും സ്ത്രീകളെ അറബികള്‍ക്ക് കല്യാണം കഴിക്കാമെന്ന ആജ്ഞ പുറപ്പെടുവിക്കുകയും തടസ്സങ്ങളില്ലാതെ കല്യാണം നടത്തുകയും അങ്ങനെ ഇവിടെ മരുമക്കത്തായ വ്യവസ്ഥ നടമാടിയെന്നും പറയപ്പെടുന്നു.
മരുമക്കത്തായ സമ്പ്രദായത്തില്‍, ഭാര്യ വീട്ടില്‍ അന്തിയുറക്കം, സന്താനങ്ങള്‍ക്ക് പിതാവിന്‍റെ തറവാട് പേരിന് പകരം മാതാവിന്‍റെ തറവാട് പേര് ചേര്‍ക്കല്‍, തനതായ വിവാഹവേളകള്‍, റംസാന്‍ മാമൂലുകള്‍, മറ്റ് വിശേഷ ദിവസങ്ങളിലെ ആചാരങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നു. കൂടാതെ കുട്ടികളുടെ വൈജ്ഞാനിക പരിപോഷണത്തിലും സ്വഭാവ രൂപീകരണത്തിലും മുഖ്യ പങ്ക് വഹിച്ചിരുന്നതും സ്ത്രീകളായിരുന്നു .അതിന്‍റെ ഭാഗമായി ‘അറ കൊടുക്കല്‍ ‘ ആചാരവുമിവിടെ നിലനിന്നു.നായര്‍ സമുദായ തുടര്‍ച്ചയെന്നോണം പല പേരുകേട്ട തറവാട് വീടുകളും മഠങ്ങളുമായും അകങ്ങളുമായറിയപ്പെടുന്നു.തങ്ങളുടെ സ്വത്ത് അന്യാധീനപ്പെടാതെ കാത്തു സൂക്ഷിക്കാനും ബന്ധങ്ങള്‍ ശിഥിലമാവാതെ സൂക്ഷിക്കാനുമാണ് അറ സമ്പ്രദായവും കുടുംബങ്ങളില്‍ നിന്ന് തന്നെയുള്ള വിവാഹങ്ങളും .


പൊന്‍ നാണയത്തിന്‍റെ നാട്ടില്‍ പൊന്നിട്ട് വിളിച്ചു കല്യാണം ക്ഷണിക്കുന്ന ആചാരവും നിലനിന്നിരുന്നു. വിവാഹനാളുകളില്‍ പ്രഭാതഭക്ഷണത്തോടെ ഭാര്യ വീട്ടില്‍ നിന്നും ഇറങ്ങുന്ന പുരുഷന്‍ രാത്രി അവിടെ കൂടണയും.കാലക്രമേണ ആ കൂടുംബത്തിലെ അംഗമായി തീരും.പെണ്‍കുട്ടിയായി പിറവി കൊണ്ടാല്‍ അവളുടെ വാസസ്ഥലം ജീവിതാന്ത്യം വരെ തറവാട് തന്നെ യാണ്.ആണ്‍കുട്ടികള്‍ക്ക് ജന്മഗൃഹത്തില്‍ കാര്യമായ അവകാശം ഉണ്ടാവണമെന്നില്ല.
കേരളത്തിലെ തന്നെ പ്രമുഖ രാജവംശങ്ങളായ സാമൂതിരി,കോലത്ത് നാട്, കടത്തനാട്,കൊച്ചിന്‍ രാജവംശം, വേണാട്,വള്ളുവനാട് തുടങ്ങി യ വംശങ്ങളിലെല്ലാം സ്ഥാനാരോഹണം നടന്നിരുന്നത് മരുമക്കത്തായ രീതികളിലായിരുന്നു. മാത്രമല്ല കേരളത്തിലെ ഏക മുസ്ലിം രാജവംശമായ കണ്ണൂരിലെ അറക്കല്‍ സ്വരൂപം, തലശ്ശേരിയിലെ കേയി വംശം, കോഴിക്കോട്ട് കോയമ്മാര്‍, പൊന്നാനിയിലെ മഖ്ദൂം തറവാട് തുടങ്ങി പല പ്രാമാണിക മുസ്ലിം കുടുംബങ്ങളിലും ഈ രീതി കള്‍ ആചരിച്ചു പോന്നിരുന്നു.പൊന്നാനിയിലെ മഖ്ദൂം പരമ്പരയില്‍ ഇന്നും നിലനില്‍ക്കുന്ന സ്ഥാനാരോഹണം മരുമക്കത്തായ രീതിയില്‍ തന്നെയാണ് ഇപ്പോഴും നടക്കുന്നത്.
അതായത്, മഖ്ദൂം പരമ്പരയിലെ മൂന്നാം സ്ഥാനിയും കേരളത്തിലെ പ്രശസ്ത പണ്ഡിത ശ്രേഷ്ഠനും തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥത്തിന്‍റ്െ രചയിതാവും കൂടി ആയ ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍ സദാസമയവും ഇസ്ലാമിക പ്രബോധനത്തിലും വിജ്ഞാന പ്രസരണത്തിലും ആകയാല്‍ മഖ്ദൂം പദവിയോട് വേണ്ടത്ര നീതി പുലര്‍ത്താന്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് തന്‍റെ സഹോദരി ഫാത്തിമയുടെയും ശൈഖ് ഉസ്മാന്‍ ജമാലുദ്ദീന്‍ മ അബരിയുടെ മകനുമായ ശൈഖ് അബ്ദുറഹ്മാനെ മഖ്ദൂം ആയി നാമകരണം ചെയ്തു.അന്ന് മുതലാണ് മഖ്ദൂം സ്ഥാനാരോഹണം മരുമക്കത്തായ വ്യവസ്ഥ യിലൂടെ അനുവര്‍ത്തിച്ചു വരുന്നതും 2007 ല്‍ ഈ പരമ്പരയിലെ നാല്‍പതാം സ്ഥാനിയായി മഖ്ദൂം മുത്തുക്കോയ തങ്ങള്‍ ഹൈദ്രോസി പൊന്നാനിയില്‍ സ്ഥാനമേറ്റതും.


അമ്മാവന്‍മാരാണ് മരുമക്കത്തായ തറവാടുകളില്‍ എല്ലാ കാര്യങ്ങളുടെയും കാരണവര്‍ സ്ഥാനി. .പെണ്‍കുട്ടികള്‍ കല്യാണം പ്രായമായാല്‍ പിതാവിനോട് പറയുന്നതിന് മുമ്പേ അമ്മാവന്‍മാരുമായീ കൂടിയാലോചിക്കുന്ന രീതിയും പൊന്നാനിയില്‍ നിലനിന്നിരുന്നു. അതും തലമുതിര്‍ന്ന അമ്മാവനെയോ അല്ലെങ്കില്‍ അതിന് തക്കതായ മറ്റാരെയെങ്കിലും ആയിരിക്കും കാര്യങ്ങളുടെ ചുമതല ഏല്‍പ്പിക്കുന്നത്.പദവിയും പ്രതാപവും നിലനിര്‍ത്താന്‍ തറവാട് സ്വത്തിന്‍റെ. ഒരു ഭാഗം തന്നെ നീക്കി വെക്കും.അംഗസംഖ്യ എത്ര കൂടിയാലും കുലീന ധനാഢ്യ തറവാടുകളില്‍ സഹോദരിമാരും സ്ത്രീ സന്താനങ്ങളും സാഹോദര്യത്തോടെ കൂട്ടുകുടുംബമായി ജീവിച്ചു മരിക്കും. മറിച്ച് ഐക്യമില്ലായ്മയും സംഭവിക്കാറുണ്ട്.
പെണ്‍കുട്ടികളും ആണ്‍കുട്ടികളും ജനിച്ചു വളരുന്നത് മാതാവിനോടൊന്നിച്ച് കൂട്ടുകുടുംബത്തിലാണ്.ഓരോ അംഗത്തിനും പൊതു സ്വത്തില്‍ അവകാശം നീലനില്‍ക്കും.ഒരംഗത്തിനും സ്വന്തമായി സ്വത്ത് വിഹിതം ആവശ്യപ്പെടാന്‍ കീഴ് വഴക്കം അനുവദിക്കില്ല.മുഴുവന്‍ അംഗങ്ങളും യോജിച്ചു പോയാല്‍ തറവാട് ഭാഗം വെക്കും.സ്വന്തം അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് സ്വന്തം മക്കള്‍ക്ക് പിന്തുടര്‍ച്ചാവകാശം ലഭിക്കാതെ അന്യന്‍ ജന്മം നല്‍കിയ സഹോദരി പുത്രന്‍മാര്‍ക്ക് ലഭിക്കുക എന്നത് പിന്നീട് വിചിത്രമായി കരുതപ്പെട്ടു. അതായത് വീടിന്‍റെ മൊത്തം ഉത്തരവാദിത്വത്തില്‍ ഒരു മെല്ലെ പോക്ക് നയം ഉണ്ടാവുന്ന പക്ഷം പല വീടുകളും തകര്‍ന്ന് തരിപ്പണമായി പോകുന്ന കാഴ്ചയാണ് ഉണ്ടാവാറ്.തന്മൂലം ഇന്നത്തെ തലമുറയില്‍ അറസമ്പ്രദായവും മരുമക്കത്തായ രീതികളോട് പുഛവുമാണ് കണ്ട് വരുന്നത്.ഒരു മാറ്റത്തിന്‍റെ തന്നെ ചിന്താവിശേഷമാണ് ഇവിടുത്തെ പുരുഷന്മാരില്‍ കണ്ടു വരുന്നത്.
മനോഹരമായ അറബ്-കേരളീയ കരകൗശല വേലകളാല്‍ നിര്‍മിച്ച വീടുകള്‍ ഇന്നും പൊന്നാനിയില്‍ കാണാം.പഴയ തലമുറയുടെ സുഭിക്ഷമായ ദൈനംദിന ജീവിതത്തിനനുയോജ്യമായ തരത്തിലുള്ള നാല് കെട്ട്,എട്ട് കെട്ട്,വിശാലമായ അകത്തളങ്ങള്‍, ധാരാളം അറകള്‍ തുടങ്ങിയവ ഇത്തരം തറവാട് വീടുകളുടെ പ്രത്യേകതയാണ്.
തരകന്‍കോജിനിയകം,പടിഞ്ഞാറെ പുതിയകം,പാടാരിയകം,മുക്രിയകം,രാഇച്ചനകം,ചോയി മഠം,വെട്ടം വീട്, വെട്ടം പോക്കിരിങ്ങാനകംതുടങ്ങിയ വീടുകള്‍ ഇത്തരം സവിശേഷതകളാല്‍ സമ്പന്നമാണ്.
പൊന്നാനിയില്‍ തന്നെ ഒരുകാലത്ത് കനോലികനാലിന് കിഴക്ക് വശം ഹൈന്ദവതയിലൂന്നിയ സംസ്കാരവും കനാലിന് പടിഞ്ഞാറ് വശം ഇസ്ളാമിക രീതിയിലുമായിരുന്നു.ഒരു പ്രത്യേക ആചാരമോ വ്യവസ്ഥയോ ഇല്ലാതെ ആയിരുന്നു പഴയകാല ഹിന്ദു സമൂഹം.അവരിലെ ഉയര്‍ന്ന ജാതിക്കാരില്‍ മാത്രം നിലനിന്നിരുന്ന മരുമക്കത്തായ രീതികള്‍ പിന്നീട് മുസ്ലിംകള്‍ക്കിടയിലും വന്നു ചേര്‍ന്നതാകാനും സാധ്യതയുണ്ട്.മരുമക്കത്തായികളായ ഹൈന്ദവ വര്‍ ഇസ്ലാം മതം സ്വികരിച്ചതിനു ശേഷം പഴയ രീതികള്‍ തുടര്‍ന്ന് വന്നുവെന്നും,അറബികള്‍ കച്ചവട ആവശ്യാര്‍ത്ഥം ഇവിടെ വന്നുണ്ടായ വൈവാഹിക ബന്ധത്തില്‍ പിറന്ന സന്തതികളുടെ വിവാഹങ്ങളില്‍ പൂര്‍വ്വാചാരം നിലനിന്നുവെന്നും തുടങ്ങി നിരവധി അഭിപ്രായങ്ങള്‍ പൊന്നാനിയിലെ മരുമക്കത്തായത്തെ പറ്റിയുള്ള പൊതു അഭിപ്രായങ്ങളാണ്.
ഇന്നും മലബാറിലെ ചില പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന മരുമക്കത്തായ സമ്പ്രദായം പൊന്നാനിയില്‍ നാമാവശേഷമായിട്ടുണ്ട്.മറ്റുപ്രദേശങ്ങളിലെ (കണ്ണൂര്‍, തലശ്ശേരി, ലക്ഷദ്വീപ്) മരുമക്കത്തായ രീതിയില്‍ നിന്നും തികച്ചും ലളിതമായ താണ് പൊന്നാനിയിലേത്. കാരണം ഹൈന്ദവ രീതിയിലെ പോലെ സ്വത്തവകാശ നിയമങ്ങള്‍ ഇവിടങ്ങളില്‍ നിലനിന്നിരുന്നു.പക്ഷെ പൊന്നാനിയിലും കോഴിക്കോടും അറസമ്പ്രദായവും ഭാര്യ വീട്ടിലെ താമസവും കുഞ്ഞുങ്ങള്‍ക്ക് പേരിനൊപ്പം ഉമ്മ വീടിന്‍റെപേര് നിര്‍ദ്ദേശിക്കലും മാത്രം ആയിരുന്നു മരുമക്കത്തായ രീതിയില്‍ അനുവര്‍ത്തിച്ചു പോന്നത്. ഈ സമ്പ്രദായത്തില്‍ തറവാട് നിലനില്‍ക്കുന്ന കാലത്തോളം കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും തറവാട്ടില്‍ ഒന്നിച്ചു നില്‍ക്കാനുള്ള അവസരമുണ്ട്.
മരുമക്കത്തായ രീതികളോട് തികച്ചും ശക്തമായ എതിര്‍പ്പുമായി മുമ്പോട്ടു വന്ന നവോത്ഥാനനായകന്‍ ആയിരുന്നു സനാഉല്ല മക് തി തങ്ങള്‍.അദ്ദേഹം പൊന്നാനിയുടെ തൊട്ട് പ്രദേശമായ വെളിയങ്കോടുകാരനാണ്.1884ല്‍ മലയാളഭാഷയില്‍ ആദ്യമായി ലേഖനം പുറത്തിറക്കിയ മുസ്ലിമും കൂടിയായിരുന്നു.കൂടാതെ 1961 കേരളത്തിലെ ആദ്യത്തെ സ്പീക്കറും നിയമ പണ്ഡിതനും കൂടിയായ കേ. എം. സീതി സാഹിബും ഈ അനാചാരങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയ വ്യക്തിത്വം ആണ്.സനാഉല്ല മക് തി തങ്ങള്‍ മരുമക്കത്തായ സമ്പ്രദായത്തിനെതിരെ കേരളത്തിലങ്ങോളമിങ്ങോളം പ്രഭാഷണങ്ങള്‍ നടത്തിയ വ്യക്തിയാണ്.അറക്കല്‍ രാജവംശത്തിനെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. കെ. എം സീതി സാഹിബും കോടതികളില്‍ ഇതിനെതിരെ ശക്തിയുക്തം വാദിച്ച മറ്റൊരു വ്യക്തിത്വമാണ്.കൊടുങ്ങല്ലൂര്‍കാരനായ അദ്ദേഹം തന്‍റെ പ്രവര്‍ത്തന മേഖലയായ കോഴീക്കോട്ടേക്കും തലശേരിയിലേക്കും കനോലി കനാലിലൂടെയുള്ള യാത്ര മധ്യേ ഇടത്താവളമായി സ്ഥിരമായി തങ്ങിയിരുന്നത് പൊന്നാനിയില്‍ ആയിരുന്നു.അക്കാലത്ത് ജലഗതാഗതം ആയിരുന്നല്ലോ പ്രാമുഖ്യം.മരുമക്കത്തായ സമ്പ്രദായത്തിനെതിരെ ശബ്ദം ഉയര്‍ത്തിയ ഈ നവോത്ഥാന നായകന്മാരായി ഇവര്‍ അറിയപ്പെടുന്നു. അങ്ങനെ പൊന്നാനിയില്‍ നിന്നും തന്നെയാണ് ഇതിനെതിരെ ആദ്യമായി ശബ്ദം ഉയര്‍ന്നു വന്നതും.
1960കളോടെ മരുമക്കത്തായ പിന്‍തുടര്‍ച്ച മുസ്ലീംകളില്‍ നിന്നും ഏതാണ്ട് നാമാവശേഷമായി തുടങ്ങി.അങ്ങനെ മുസ്ലീം പേഴ്സണല്‍ ലോ രാജ്യത്താകമാനം പ്രാബല്യത്തില്‍ വരികയും നായര്‍ സമുദായത്തിലെ ഈ ആചാരം ഹിന്ദു മരുമക്കത്തായ അബോളിഷിങ്ങ് ആക്ട് നിലവില്‍ വന്നതോടെ 1976 ജനുവരി ഒന്നിന് ജനിക്കുന്ന ഓരോ കേരളീയനും ഈ സമ്പ്രദായത്തില്‍ നിന്നും നിയമദൃഷ്ടിയാല്‍ മോചനം ലഭിച്ചു.
റഫറന്‍സ്
1. ‘മാപ്പിള ചരിത ശകലങ്ങള്‍’, പ്രൊഫ:,കെ.വി, അബ്ദുറഹ്മാന്‍
2. ‘മഖ്ദൂമും പൊന്നാനിയും’, ഡോക്ടര്‍ ഹുസൈന്‍ രണ്ടത്താണി.
3. ‘പൊന്‍വാനിയുടെ പ്രവാഹം’, ടി.കെ പൊന്നാനി
4. ‘പൊന്നാനി പൈതൃകവും നവോത്ഥാനവും’, ടി.വി അബ്ദുറഹ്മാന്‍ കുട്ടി
5. ‘സനാഉല്ല മക്തി തങ്ങള്‍’, ടി.വി അബ്ദുറഹ്മാന്‍ കുട്ടി

 

 

 

 

 

ജസി സലീം

തിരൂര്‍ക്കാട്

COMMENTS

COMMENT WITH EMAIL: 0