Homeചർച്ചാവിഷയം

കോഴിക്കോട്ടെ കോയമാര്‍ക്കിടയിലെ മരുമക്കത്തായം: മാറ്റങ്ങളും തുടര്‍ച്ചകളും

കോയമാര്‍ക്കിടയില്‍ മരുമക്കത്തായ ഗാര്‍ഹിക കൂട്ടുകുടുംബം/തറവാട് തുടങ്ങിയ ഘടനകള്‍ ചില മാറ്റങ്ങളോടു കൂടി ഇപ്പോഴും അനുവര്‍ത്തിച്ചു പോരുന്നുണ്ട്. ഇത്തരം ഘടനകള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുമ്പോള്‍തന്നെ കോയമാര്‍ക്കിടയിലെ ബന്ധുത്വ രീതികള്‍ (കിന്‍ഷിപ്പ് പ്രാക്ടീസ്) നിലനിര്‍ത്തുന്നതില്‍ സ്ത്രീകള്‍ക്ക് സുപ്രധാനമായ പങ്കുണ്ട്. ഇത്തരം പ്രവണതകളെ പരിശോധിക്കുകയാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യം. കോഴിക്കോടിന്‍റെ തീരപ്രദേശത്തുള്ള വ്യത്യസ്തമായൊരു വ്യാപാര സമൂഹമാണ് കോയമാര്‍. കച്ചവടത്തിനായി കോഴിക്കോടിന്‍റെ തീരത്തെത്തിയ അറബികളും മരുമക്കത്തായ കുടുംബങ്ങളിലെ സ്ത്രീകളും തമ്മിലുള്ള വിവാഹ ബന്ധത്തിലൂടെയാണ് ഇവര്‍ ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. മുസ്ലീം സമുദായങ്ങള്‍ പിന്തുടരുന്ന ദായക്രമം പിതൃദായമാണെന്ന പൊതുധാരണയെ വെല്ലുവിളിക്കും വിധം, കോയമാര്‍ക്കിടയില്‍ ഇസ്ലാമും മരുമക്കത്തായ സമ്പ്രദായവും ഒരുമിച്ച് നിലനില്‍ക്കുന്നത് കാണാം. ഈ മാതൃദായഘടന കൊളോണിയല്‍ പൂര്‍വകോളോണിയല്‍ കാലഘട്ടങ്ങളില്‍ നിലനിന്നിരുന്ന സമുദ്രാനന്തര വ്യാപാരങ്ങളുമായി . ഞാന്‍ മറ്റൊരിടത്ത് വാദിച്ചതുപോലെ (സെബാസ്റ്റ്യന്‍ 2013, 2016) ഇന്ത്യന്‍ മഹാസമുദ്രത്തിലെ വ്യാപാരം കോയമാരെ തീരപ്രദേശത്തെ ഉയര്‍ന്ന സാമൂഹിക-സാമ്പത്തിക ഗ്രൂപ്പായി വളരാന്‍ പ്രാപ്തരാക്കി.
തറവാട് സമ്പ്രദായത്തില്‍ പരമ്പരാഗതമായി സ്ത്രീകള്‍ താവഴി നിലകൊള്ളുകയും അവര്‍ മാട്രിലോക്കല്‍ സമ്പ്രദായം പിന്‍തുടരുകയും ചെയ്യുന്നു. ഈ താമസരീതിയില്‍, വിവാഹശേഷവും സ്ത്രീകള്‍ അവര്‍ ജനിച്ച തറവാട്ടില്‍ ജീവിക്കുന്നു. ഭര്‍ത്താക്കന്മാര്‍ വിവാഹ ശേഷം ഭാര്യ വീടുകളില്‍ തുടരുന്ന സമ്പ്രദായമാണ് കോയമാര്‍ പിന്തുടരുന്നത്. അടുത്ത കാലത്തായി താമസരീതികളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും, ഈ രീതി കോയമാര്‍ ഇന്നും തുടരുന്നുണ്ട്.

പരമ്പരാഗത തറവാടിന്‍റെ സ്ഥല വിസ്തീര്‍ണത്തിലെ ലിംഗപരമായ സ്വഭാവം
കോഴിക്കോടിന്‍റെ തീരപ്രദേശത്ത് മുന്നൂറ് വര്‍ഷം വരെ പഴക്കമുള്ള മാതൃദായക തറവാടുകള്‍ കാണാം. മിക്ക പരമ്പരാഗത തറവാടുകള്‍ക്കും വിശാലമായ മുറ്റമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ മദ്ധ്യകാലം വരെ വിവാഹ ചടങ്ങുകള്‍ ഇവിടെ നടന്നിരുന്നു. സമീപകാലത്ത്, അത്തരം പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റോറിയങ്ങളിലേക്ക് മാറുന്നുണ്ട്. മിക്ക തറവാടുകളിലും പടിപ്പുര അല്ലെങ്കില്‍ പരമ്പരാഗത രീതിയിലുള്ള മരം കൊണ്ട് നിര്‍മ്മിച്ച ഗേറ്റ് കാണാം. മാട്രിലീനിയല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന അംഗങ്ങള്‍ ഫീല്‍ഡ് വിസിറ്റ് വേളയില്‍ ഇതിന്‍റെ പ്രാധാന്യത്തെകുറിച്ച് ഊന്നിപ്പറയുകയും ചെയ്തു. അവരുടെ അഭിപ്രായത്തില്‍, പടിപ്പുര ചൂടും മഴയും ഉള്ളപ്പോള്‍ നിരവധി കാല്‍നടയാത്രക്കാരുടെ അഭയസ്ഥാനമാകാറുണ്ട്. ഇന്ന്, പല പടിപ്പുരകളും ഒന്നുകില്‍ ജീര്‍ണാവസ്ഥയിലാണ് അല്ലെങ്കില്‍ പകരം ആധുനിക കവാടങ്ങള്‍ സ്ഥാപിച്ചിരിക്കുകയാണ്.
പുരുഷാംഗങ്ങള്‍ക്കുള്ള കുളിമുറികള്‍ തറവാടുമുറ്റത്തെ ഇരുവശങ്ങളിലും സ്ത്രീകള്‍ക്ക് പിന്‍ഭാഗത്തുമാണ് നിര്‍മ്മിക്കപ്പെടാറ്. അടുത്ത കാലത്തായി, വീട്ടിനകത്തെ അറ എന്ന് പൊതുവായി അറിയപ്പെടുന്ന മണിയറയിലാണ് നിര്‍മ്മിക്കുന്നത്.
മുറ്റത്തുനിന്ന് പ്രവേശിക്കുന്ന വരാന്തയില്‍ ഇരുപ്പും ഉള്‍പ്പെടുന്നു. വരാന്തയുടെ ഇരുവശത്തും നിര്‍മ്മിച്ച തടി ബെഞ്ചാണ് ഇരുപ്പ്. പരമ്പരാഗത തറവാടുകളില്‍ ഇവിടെയാണ് പുരുഷാംഗങ്ങള്‍ അതിഥികളെ സ്വീകരിച്ചിരുന്നത്. ഇരുപ്പിന് പിന്നില്‍, ഇരുവശത്തും, കൊട്ടില്‍ എന്ന് വിളിക്കപ്പെടുന്ന രണ്ട് തടി തൂണുകളുള്ള പോലുള്ള ഒരു സ്റ്റേജ് പോലെയുള്ളൊന്ന് കാണാം. തലശ്ശേരിയില്‍ ഇത് കണാത്തറ എന്നും അറിയപ്പെടുന്നു. എല്ലാ അംഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ തറവാടിന് കഴിയാതെ വരുമ്പോള്‍, അവിവാഹിതരായ പുരുഷന്മാര്‍ രാത്രി ഉറങ്ങാന്‍ കൊട്ടില്‍ ഉപയോഗിക്കാറുണ്ട്. കൊളോണിയല്‍ പ്രീകോളോണിയല്‍ കാലഘട്ടങ്ങളില്‍ വാണിജ്യ വ്യവസായ യാത്രകളും പുരുഷന്മാരെ തറവാട്ടില്‍ നിന്ന് അകറ്റിനിര്‍ത്തിയിരുന്നു. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് സമാനമായ ഉറക്ക ക്രമീകരണം പടിഞ്ഞാറന്‍ സുമാത്രയിലെ മാട്രിലീനിയല്‍ മിനങ്കബാവ് മുസ്ലീങ്ങളില്‍ കാണപ്പെടുന്നു. അവിടെ അവിവാഹിതരായ പുരുഷന്മാര്‍ സുരാവ് അഥവാ പ്രാര്‍ത്ഥനാ ഭവനത്തിലാണ് ഉറങ്ങേണ്ടത്. ഇന്തോനേഷ്യയിലെ സുമാത്രന്‍ ഗ്രാമത്തില്‍ ഞാന്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ടുമുട്ടിയ മിനാങ്കബാവ് ആളുകള്‍ പറഞ്ഞു, ഈ ക്രമീകരണം പുരുഷന്മാരെ അകറ്റിനിര്‍ത്താനും സഹോദരിമാര്‍ക്കും സഹോദരങ്ങള്‍ക്കുമിടയില്‍ ഉണ്ടാകുന്ന സംഘര്‍ഷം ഒഴിവാക്കാനും വേണ്ടിയാണെന്ന്.
മിനങ്കബാവ് സമുദായത്തില്‍, ആദത്ത് ഹൗസ് എന്ന സംയുക്ത ഗൃഹം സ്ത്രീകള്‍ക്ക് മാത്രമുള്ള ഇടമായി കണക്കാക്കപ്പെടുന്നു. കോയമാരുടെ കാര്യത്തില്‍, മൗലൂദ് നടത്താനും കൊട്ടില്‍ ഉപയോഗിച്ചിരുന്നു. റംസാന്‍ മാസത്തിലെ നോമ്പ് കാലത്ത് തറവാടംഗങ്ങള്‍ കൊട്ടില് ഒത്തുകൂടി, മൊല്ലാക്കയുടെ (മതനേതാവ്) സാമീപ്യത്തില്‍ ഖുറാന്‍ പാരായണം ചെയ്യുകയും പ്രവാചകനെ പ്രകീര്‍ത്തിച്ച് പ്രാര്‍ത്ഥന നയിക്കുകയും ചെയ്യും. ഇസ്ലാമിക പരിഷ്ക്കരണ പ്രവണതകളുടെ ഇടപെടല്‍ കാരണം ഇപ്പോള്‍ മൗലിദ് പരിശീലിക്കുന്നില്ല. നിസ്കാരം അല്ലെങ്കില്‍ വിവാഹനിശ്ചയങ്ങള്‍ നടത്തുന്നതിനുള്ള ഒരു ഇടമായും കൊട്ടില്‍ ഉപയോഗിച്ചിരുന്നു. ഇന്ന്, മിക്ക കൊട്ടിലുകളും മുറികള്‍ നിര്‍മ്മിക്കുന്നതിനായി മാറ്റിയിരിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഫംഗ്ഷനുകള്‍ നടത്തുന്നതിനായി ഒരു കൊട്ടില്‍ നിലനിര്‍ത്തുന്നു.
തറവാടുകളില്‍ താഴത്തെ നിലയില്‍ ഒരു കോമണ്‍ ഹാള്‍, കോമണ്‍ അടുക്കള, കുറച്ച് മുറികള്‍ എന്നിവ അടങ്ങിയിരിക്കുന്നു. കോമണ്‍ ഹാളില്‍ ഒന്നോ രണ്ടോ നാലക്കൈകള്‍ ഉണ്ടായിരുന്നു. ഒരു നല്ല ചതുരാകൃതിയിലുള്ള ആകാശത്തേക്ക് തുറക്കുന്നതും അതിലൂടെ സൂര്യപ്രകാശം ഹാളിലേക്ക് പ്രവേശിക്കാന്‍ സഹായകമാവുന്നതുമായ തടി ഘടനയാണിത്. നാലക്കൈയുടെ താഴത്തെ ഭാഗത്ത് മഴക്കാലത്ത് വെള്ളം പുറത്തേക്ക് ഒഴുകാനുള്ള സൗകര്യവും ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ചതിനുശേഷം ആളുകള്‍ക്ക് ഇവിടെ കൈ കഴുകാം. നാലക്കൈ ഇന്നും പല തറവാടുകളിലും കാണപ്പെടുന്നു.

പരമ്പരാഗത തറവാടുകളുടെ താഴത്തെ മുറികള്‍ മുതിര്‍ന്ന പുരുഷ -സ്ത്രീ അംഗങ്ങളെ ഉദ്ദേശിച്ചുള്ളതാണ്. സ്ത്രീകള്‍ക്ക് അനുവദിച്ച താഴത്തെ മുറികളിലും അതിഥികളെ സ്വീകരിച്ചിരുന്നു. വീട്ടുജോലിക്കുശേഷം, പകല്‍ സമയത്ത് ഇരിക്കാനും വിശ്രമിക്കാനും സല്ലപിക്കാനും സ്ത്രീകള്‍ ഈ താഴത്തെ മുറികള്‍ ഉപയോഗിച്ചു. മുകളിലത്തെ നിലയില്‍ സാധാരണയായി വിവാഹിതരായ സ്ത്രീകള്‍ രാത്രിയില്‍ ഭര്‍ത്താവിനെ സ്വീകരിക്കുന്ന അറ എന്നറിയപ്പെടുന്ന പത്ത് മുതല്‍ ഇരുപത് വരെ മുറികള്‍ ഉണ്ടാകും. ഈ സമ്പ്രദായം പുതിയാപ്പിളമാരുടെ സന്ദര്‍ശന സമ്പ്രദായം എന്നറിയപ്പെടുന്നു. ഇത് സ്ത്രീകള്‍ക്ക് മാട്രിലോക്കല്‍ താമസസ്ഥലം പ്രാപ്തമാക്കി.
പുരുഷന്മാര്‍ സ്വന്തം ജന്മ തറവാടിനും ഭാര്യയുടെ തറവാടിനും ഇടയില്‍ സമയം തുല്യമായി വിഭജിക്കുന്നു. ‘പുര’, ‘വീട്’ എന്നീ രണ്ട് പദങ്ങള്‍ ‘വീട്’ എന്ന് അര്‍ത്ഥം അറിയിക്കുന്നുണ്ടെങ്കിലും (സെബാസ്റ്റ്യന്‍, 2016), കോഴിക്കോട്ടെ പുരുഷന്മാരുടെ ഇരട്ടവാസത്തിന്‍റെ പശ്ചാത്തലത്തില്‍ ഇവയ്ക്ക് വ്യത്യസ്ത ഉപയോഗങ്ങളുണ്ട്. പുര എന്ന പദം സ്വന്തം തറവാടിനെ സൂചിപ്പിക്കുന്നു. വീടു ഭാര്യയുടെ തറവാടിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. വിവാഹിതരായ പുരുഷന്‍മാര്‍ അവന്‍റെ അമ്മയോടൊപ്പം ദിവസവും ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കണമെന്നാണ് പൊതുവെയുള്ള രീതി. തലശ്ശേരിയിലെ മാതൃദായക മുസ്ലീം സമുദായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, കോയമാര്‍ക്കിടയില്‍ മാട്രിലോക്കലിറ്റിയും ഡുഒലൊക്കാലിറ്റിയും വ്യാപകമായി നടക്കുന്നു. തലശേരിയിലെ പട്ടണ കുടുംബങ്ങള്‍ പട്ടണത്തില്‍ ചിതറിക്കിടക്കുന്നതായി കാണുമ്പോള്‍ കോയമാരുടെ വാസസ്ഥലവും ഭൂമിശാസ്ത്രപരമായ എന്‍ഡോഗാമിയുടെ പരിശീലനവും ഈ രീതികളുടെ നിലനില്‍പ്പില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
മരുമകനെയും മരുമകളെയും യഥാക്രമം പുതിയാപ്പിള എന്നും പുതിയോട്ടി എന്നും വിളിക്കുന്നു. ഈ പേരുകള്‍ അവരുമായി എന്നെന്നേക്കുമായി ഘടിപ്പിച്ചിരിക്കും. മണിയറയുടെ മരംകൊണ്ടുള്ള മേല്‍ക്കൂര മാളിക എന്നറിയപ്പെടുന്നു. സ്ത്രീ അംഗങ്ങള്‍ വിവാഹപ്രായമെത്തുമ്പോള്‍ മരുമക്കത്തായ സമ്പ്രദായത്തിലെ മൂത്ത പുരുഷന്‍ അഥവാ കാരണവര്‍ ആണ് അറ നിര്‍മ്മിക്കുന്നത്. ഒരു അമ്മയ്ക്ക് പ്രായമാകുമ്പോള്‍, കല്യാണ പ്രായംതികഞ്ഞ മകള്‍ക്ക് തന്‍റെ അറ കൈമാറി താഴേക്ക് മാറുകയും ചെയ്യും. താഴത്തെ നിലയിലുള്ള സ്ത്രീകളുടെയും പുരുഷന്‍മാരുടെയും മുറികള്‍ മൂപ്പും അധികാരവുമനുസരിച്ചായിരിക്കും.
മണിയറയിലേക്കുള്ള സ്റ്റെയര്‍കേസുകളുടെ നിര്‍മ്മാണം ഒരു ലിംഗപരമായ മാനദണ്ഡവും, കുടുംബാംഗങ്ങളും സ്ത്രീകളുടെ ഭര്‍ത്താക്കന്മാരും തമ്മിലുള്ള ഇടപെടലിലെ ചില പെരുമാറ്റച്ചട്ടങ്ങളും ഉള്‍ക്കൊള്ളുന്നു. അറ എത്തുന്നതിനായി നിര്‍മ്മിച്ച ഒന്നിലധികം പടികള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെയാണ് നിര്‍മ്മിക്കപ്പെടുന്നത്. തറവാടിന്‍റെ പ്രധാന വാതിലിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ഗോവണി പുതിയാപ്പിളക്ക് തറവാടിനുള്ളിലെ മറ്റ് അവിവാഹിതരായ സ്ത്രീകളുമായി ഇടപഴകാതെ തന്‍റെ മുകളിലേക്കുള്ള മണിയറയില്‍ പോകാന്‍ ഉള്ളതാണ്. മുന്‍കാലങ്ങളില്‍ മാട്രിലീനിയല്‍ സംയുക്ത കുടുംബത്തിനുള്ളിലെ സ്ത്രീകള്‍ക്ക് സ്പേഷ്യല്‍ മൊബിലിറ്റി പരിമിതമായതിനാല്‍, അറയില്‍ ഭര്‍ത്താക്കന്മാരെ സ്വീകരിക്കാന്‍ അവര്‍ താഴേക്കിറങ്ങാന്‍ അതേ ഗോവണി ഉപയോഗിച്ചിരുന്നില്ല. കൂടാതെ, സ്ത്രീകള്‍ക്ക് വരാന്തയില്‍ വരാന്‍ അനുവാദമില്ല. അതിനാല്‍, കോമണ്‍ അടുക്കളയോട് ബന്ധിപ്പിച്ചുകൊണ്ട് മറ്റൊരു ഗോവണി അറയോട് ചേര്‍ത്ത് നിര്‍മ്മിക്കുമായിരുന്നു. അറയില്‍ നിന്ന് സ്ത്രീകള്‍ അടുക്കള ഭാഗത്തേക്ക് പ്രവേശിക്കാന്‍ വേണ്ടിയാണിത്. ചില തറവാടുകളില്‍ ഒരു തരത്തിലുള്ള ഗോവണി കൂടി നിരീക്ഷിക്കപ്പെട്ടു. ഇത് അറ, മുകളിലത്തെ ഹാള്‍, തറവാടിന്‍റെ അങ്കണം എന്നിവയെ ബന്ധിപ്പിക്കുന്നു. താഴത്തെ നിലയിലോ വരാന്തയിലോ സ്ഥിതിചെയ്യുന്ന കോമണ്‍ ഹാളില്‍ പ്രവേശിക്കാതെ രാവിലെ തന്നെ നടുമുറ്റത്തിലൂടെ വധുവിന്‍റെ അറയില്‍ നിന്ന് പുറപ്പെടാന്‍ പുതിയാപ്പിളയെ ഇത് സഹായിച്ചു.

ഭാഗങ്ങളുടെ രൂപീകരണത്തില്‍ സ്ത്രീകളുടെ പങ്ക്
ഭാഗങ്ങളുടെ രൂപീകരണം സാമ്പത്തികമായി താഴ്ന്ന വീട്ടംഗങ്ങളുടെ താമസപരമായ അവകാശങ്ങള്‍ സാമ്പത്തികമായി മെച്ചപ്പെട്ട അംഗങ്ങള്‍ മാറി താമസിച്ചുകൊണ്ട് നിലനിര്‍ത്തുന്ന ഒരു ഇടപെടലായി പഠിക്കുന്നതില്‍ ഞാന്‍ ആകൃഷ്ടയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ സ്ത്രീകള്‍ തങ്ങളുടെ ഏജന്‍സിയെ എങ്ങനെയാണ് മാട്രിലീനിയിലൂടെ അവര്‍ക്ക് നല്‍കുന്ന റെസിഡന്‍ഷ്യല്‍ അവകാശങ്ങളിലൂടെ പരിശീലിക്കുന്നതെന്നും കാണേണ്ടതുണ്ട്.
ഭാഗങ്ങള്‍ അഥവാ വിഭാഗങ്ങള്‍ സാധാരണയായി രൂപപ്പെടുത്തുന്നത് സ്ത്രീ സഹോദരങ്ങളോ അല്ലെങ്കില്‍ വൈവാഹിക ബന്ധുക്കളോ ആണ്. ഭാഗങ്ങളുടെ രൂപീകരണം, സമീപകാലത്തു കണ്ടുവരുന്ന സന്ദര്‍ശന ഭര്‍ത്താവ് സമ്പ്രദായത്തില്‍ ഭര്‍ത്താവ് കൂടുതലും അല്ലെങ്കില്‍ സ്ഥിരമായി ഭാര്യയോടും മക്കളോടൊപ്പവും താമസിക്കുകയും സ്വന്തം തറവാട്ടിലേക്ക് ഇടയ്ക്ക് സന്ദര്‍ശിക്കുകയും ചെയ്യുന്ന മാറ്റത്തെയും പ്രതിഫലിപ്പിക്കുന്നു. ഗള്‍ഫ് പണമടയ്ക്കലിന്‍റെ ഒഴുക്ക് ഇന്ന് കോഴിക്കോട് തീരപ്രദേശത്തുള്ള കുടുംബ ബന്ധങ്ങളെ പുനര്‍നിര്‍വചിക്കുന്നു. അവിടെ ആണവ കുടുംബങ്ങളുടെ എണ്ണം വര്‍ധിച്ചു വരുന്നത് നമുക്ക് കാണാം.

തറവാട്ടില്‍ തുടരുന്ന സ്ത്രീ സഹോദരങ്ങള്‍ അല്ലെങ്കില്‍ മാതൃ ബന്ധുക്കള്‍ അവരുടെ ഭര്‍ത്താവിനെയും കുട്ടികളെയും ഉള്‍ക്കൊള്ളുന്നതിനായി അവരുടെ അറ വിപുലീകരിക്കും. ചില സന്ദര്‍ഭങ്ങളില്‍, മാറി താമസിച്ച സ്ത്രീകളുടെ അറ വിപുലീകരിക്കാറുമുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ മാറി താമസിച്ചവര്‍ക്ക് പണം പ്രതിഫലമായി കൊടുക്കാറുണ്ട്. സമ്മതമില്ലാതെ ഒരാള്‍ക്ക് മറ്റൊരാളുടെ അറയില്‍ താമസിക്കാന്‍ കഴിയില്ല.
ഒരേ തറവാട്ടില്‍ താമസിക്കുന്ന അഞ്ച് വിഭാഗങ്ങള്‍ വരെ ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. ചില അംഗങ്ങള്‍ അവരുടെ സാമ്പത്തിക ശേഷിക്ക് അനുസൃതമായി അവരുടെ വിഭാഗത്തെ പുനര്‍നിര്‍മ്മിക്കുന്നു. ഭാഗങ്ങള്‍ പുനര്‍നിര്‍മ്മാണത്തിന് ഭര്‍ത്താക്കന്മാരുടെ സാമ്പത്തിക സംഭാവനയും ഇന്ന് വര്‍ദ്ധിച്ചുവരുന്നതായി കാണുന്നു. ഒരു ന്യൂക്ലിയര്‍ ഗൃഹത്തിന്‍റെ ഭൗതിക ഭാവന പ്രദാനം ചെയ്യുന്നതിനായി ഒരു പ്രത്യേക ഡോര്‍ബെല്ലും ഗേറ്റും വെച്ച് ചില വിഭാഗങ്ങള്‍ പരിഷ്കരിച്ചിട്ടുണ്ട് (തറവാടിനോട് ചേര്‍ത്തുതന്നെ). മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തില്‍ തറവാട് എങ്ങനെ രൂപാന്തരപ്പെടുന്നു എന്നതിന്‍റെ രസകരമായ ഒരു മാനം ഭാഗങ്ങളുടെ രൂപീകരണം നല്‍കുന്നു. കുടുംബത്തിന്‍റെ ഈ പ്രക്രിയാപരമായ വശം ഗവേഷണം ചെയ്യാന്‍ പറ്റിയ ഒന്നാണ്.

ഉപസംഹാരക്കുറിപ്പ്
കോയമാര്‍ക്കിടയിലെ കൂട്ടുകുടുംബ വ്യവസ്ഥ കുടുംബം എന്നത് സ്വത്തിന്‍റെ കാഴ്ച മാത്രമല്ല എന്നതാണ്. ഇതില്‍ ലിംഗപരമായ അധികാര ബന്ധങ്ങളും സാമൂഹികവും ആചാരപരമായ വശങ്ങളും ഉള്‍ക്കൊള്ളുന്നു എന്നതാണ്. തറവാട് സമ്പ്രദായത്തിന്‍റെ നിലനില്‍പ്പ് ഇതെല്ലാം ഒരു കാരണത്താല്‍ ആണെന്ന് പറയാനാകില്ല എന്ന വസ്തുത കൂടിയാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. മറ്റ് സാമൂഹിക-സാമ്പത്തിക, മത, സാംസ്കാരിക പ്രക്രിയകളാലും കൊളോണിയലിസത്തിന്‍റെ സ്വാധീനത്താലും, അക്കാലത്തെ നിയമ പരിഷ്കരണം, ഇസ്ലാമിക പരിഷ്ക്കരണം, ഗള്‍ഫ് കുടിയേറ്റം, ആധുനിക വിദ്യാഭ്യാസം എന്നിവയാലും രൂപപ്പെട്ടതാവാം ഈ മാറ്റങ്ങള് എന്ന് വേണം കരുതാന്‍.

Sebastian, A. (2013). Matrilineal practices among Koyas of Kozhikode. Journal of South Asian Studies, An Open Access International Journal, 1(1): 66-82.
Sebastian, A. (2016). Matrilineal practices along the coasts of Malabar. Sociological Bulletin (Sage), 65(1): 89-106.

 

 

 

 

 

അലീന സബാസ്റ്റ്യന്‍
അസി. പ്രൊഫസര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
അഡ്വാന്‍സ് സ്റ്റഡീസ്, ഇന്ത്യ

 

 

 

 

 

വിവര്‍ത്തനം :
ഷംല മുസ്തഫ മൊഹമ്മദ്
പി.എച്ച്.ഡി. സ്‌കോളര്‍, ജെ.എന്‍.യു.

COMMENTS

COMMENT WITH EMAIL: 0