Homeചർച്ചാവിഷയം

ലൈംഗികത, വിവാഹം, കുടുംബം, മാതൃദായക്രമവും കേരള സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മിതിയും

ശാക്തീകരിക്കപ്പെട്ട സ്ത്രീകള്‍’ എന്ന മുഖമുദ്ര ഉപയോഗിച്ച് കേരളത്തിന്‍റെ പുരോഗമനം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീ വിരുദ്ധത ഒരു പ്രഹേളികയായി നിലകൊള്ളുന്നു. കേരളത്തില്‍ അരങ്ങേറുന്ന സ്ത്രീപീഡനങ്ങളും ഗാര്‍ഹിക പീഡനങ്ങളും സ്ത്രീ ആത്മഹത്യകളും തുടങ്ങി സ്ത്രീയ്ക്ക് നേരയുള്ള സമസ്ത അതിക്രമങ്ങളുടെയും കണക്കെടുത്താല്‍, കേരള സമൂഹം ഊറ്റം കൊള്ളുന്ന മലയാളി സ്ത്രീയുടെ സമൂഹത്തിലുള്ള ഉയര്‍ന്ന ‘പദവി’യുടെ വിവിധ അര്‍ത്ഥതലങ്ങളെക്കുറിച്ചുള്ള ഒരു തുറന്ന ചര്‍ച്ച അനിവാര്യമാകുന്നു. എഴുപതുകളുടെ ആരംഭത്തില്‍ ലോകമെമ്പാടും വിഖ്യാതമായ ‘വികസനത്തിന്‍റെ കേരളമാതൃക’യില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത ഒരു വിഷയമാണ് കേരളത്തിലെ സ്ത്രീകളുടെ ‘ഉയര്‍ന്ന പദവി’. ഈ ഉയര്‍ന്ന പദവി നിര്‍ണ്ണയിക്കുന്നതിനുള്ള അളവുകോല്‍ സ്ത്രീകളുടെ സാക്ഷരതനിരക്ക്, പ്രത്യുല്‍പാദന നിരക്ക്, മാതൃ-ശിശു മരണനിരക്ക്, എന്നിവയില്‍ മാത്രമായി ചുരുക്കി. സാക്ഷരത നിരക്ക് ഉയര്‍ന്ന കേരളത്തിലെ സ്ത്രീകളുടെ മാനസിക ആരോഗ്യം, സാക്ഷരത നിരക്ക് കുറവുള്ള ബീഹാറിലെ സ്ത്രീകളെക്കാണ് വളരെ പുറകിലാണ് എന്നാണ് സ്വപ്ന മുഖോപാധ്യായയുടെ(2014) പഠനം വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് വിദ്യാഭ്യാസത്തില്‍ ഇത്രയധികം മുന്നിട്ട് നില്‍ക്കുമ്പോഴും, സ്ത്രീകളുടെ ഇടയില്‍ മാനസിക സമ്മര്‍ദ്ദം ഇത്രയധികം വര്‍ദ്ധിക്കുന്നത്? ഗാര്‍ഹികത, പരിചരണം, എളിമ, യാഥാസ്ഥിതിക മത മൂല്യങ്ങള്‍ എന്നിവയോടാണ് ഇപ്പോഴും സ്ത്രീയുടെ മൂലധനം ചേര്‍ത്ത് വായിക്കുന്നത്. മറിച്ച് അവളുടെ വിദ്യാഭ്യാസവും ജോലിയും തന്മൂലമുള്ള നേട്ടങ്ങളും ഇപ്പോഴും രണ്ടാംകിട സൂചികകളായി നിലകൊള്ളുന്നു. ഇതിന്‍റെയെല്ലാം അടിസ്ഥാനം പരിശോധിക്കുമ്പോള്‍ നമ്മള്‍ ചെന്നെത്തുന്നത് സ്ത്രീയെ വരിഞ്ഞുമുറുക്കുന്ന ലൈംഗികത, വിവാഹം, കുടുംബം എന്ന വ്യവസ്ഥാപിതമായ സാമൂഹ്യസ്ഥാപനങ്ങളിലും അവയുടെ സാമൂഹ്യ നിര്‍മ്മിതിയിലുമാണ്.
വര്‍ത്തമാന കേരള സമൂഹം ‘സദാചാരബോധം’ മറ്റെന്തിലും മീതേ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു സമൂഹമായി മാറിക്കഴിഞ്ഞു. ലൈംഗികത എന്ന വാക്ക് തന്നെ മലയാളികള്‍ സ്വീകരിച്ച് തുടങ്ങിയിട്ട് വളരെകുറച്ച് കാലമേ ആയിട്ടുള്ളൂ. കുടുംബവും വിവാഹവും ഒരു വ്യവസ്ഥാപിത സ്ഥാപനമായി പരിണമിച്ചതിന്‍റെ ഫലമായി ലൈംഗികത ‘സദാചാര ബോധ’ ത്തിന്‍റെ ആണിക്കല്ലായിമാറി. സ്ത്രീയുടെ ലൈംഗികതയെ ഉദ്ഘോഷിക്കുന്ന ആദ്യപടവായ ആര്‍ത്തവം പോലും പരസ്യമായി പറയാന്‍ മലയാളിക്ക് ശബരിമല പ്രശ്നം വേണ്ടി വന്നു. സ്ത്രീയുടെ ലൈംഗികത ഇപ്പോഴും പുരുഷന്‍റെ കൈയ്കളില്‍ അമ്മാനമാടുന്ന പന്തായി നിലകൊള്ളുന്നു. ലൈംഗികതയെ വിവാഹത്തില്‍ തളച്ചിട്ടപ്പോള്‍, മനുഷ്യന്‍റെ ചോദനകളെ പൂര്‍ത്തീകരിക്കാന്‍ അവിഹിതം അനിവാര്യമായിത്തീര്‍ന്നു. പലപ്പോഴും ഈ അവിഹിതങ്ങള്‍ കുടുംബത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി. ഒട്ടുമിക്ക മലയാള സിനിമകളിലും അവിഹിതബന്ധങ്ങളുടെ ചിത്രീകരണം ഒരു
പതിവു കാഴ്ചയാണ്. എങ്കിലും ഇതിന്‍റെ രൂഡമൂല കാരണം എവിടെയും ചര്‍ച്ചചെയ്പ്പെട്ടതായി കണ്ടിട്ടില്ല. കേരളത്തില്‍ കുടുംബം എന്ന് പറയുന്നത് ഒരു ചരടാണ്. അത് സ്ത്രീകള്‍ക്ക് മാത്രമുള്ള ഒരു ചരടാണ്. അതിന്‍റെ മുറുക്കം കൂട്ടുന്നതും സ്ത്രീകള്‍ തന്നെയാണ്. കേരളത്തില്‍ അരങ്ങേറുന്ന സ്ത്രീപീഡനങ്ങളുടെ അടിസ്ഥാന സ്ത്രോതസ്സ് എന്ന് പറയുന്നത് കുടുംബവും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന മൂല്യവ്യവസ്ഥിതിയുമാണ്. വികാര പരാവശ്യങ്ങളുടെയും വീട്ടുവഴക്കുകളുടെയും വിചിത്രസംയോഗമായ കുടുംബം സ്ത്രീകളെ സംബന്ധിച്ച് അടിമത്തത്തിന്‍റെ ചരിത്രരൂപങ്ങളിലൊന്നായിത്തീര്‍ന്നുവെന്നും എംഗല്‍സ് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇന്ന് കേരള സമൂഹത്തില്‍ കൊടികുത്തി വാഴുന്ന ഈ സ്ത്രീ വിരുദ്ധ സാംസ്കാരിക പരിസരം ഒരു കാലത്ത് ലോകം മുഴുവനും അത്ഭുതത്തോടെയും അതിശയത്തോടെയും വീക്ഷിച്ച മാതൃദായക്രമത്തില്‍ നിലനിന്നിരുന്ന സ്ത്രീപക്ഷ സാമൂഹ്യവ്യവസ്ഥയ്ക്കും സ്ത്രീ ബദ്ധ സാംസ്കാരിക ഭൂമികയ്ക്കും കടകവിരുദ്ധമാണെന്ന് കാണാം. കേരള ചരിത്രം പരിശോധിച്ചാല്‍ – പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന പകുതിയില്‍ കേരള സമൂഹത്തില്‍ ആരംഭിച്ച ‘സദാചാര ബോധ’മാണ്, മറ്റു സമൂഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കേരള സമൂഹത്തില്‍ വളര്‍ന്നുവന്ന ലൈംഗിക ബോധത്തിലും വിവാഹം കുടുംബം എന്നീ സാമൂഹികസ്ഥാപനങ്ങളിലും സമൂലമായ മാറ്റം വരുത്തിയത്.
മരുമക്കത്തായം എന്ന് ചുരുക്കി വിളിക്കുന്ന മാതൃദായക്രമത്തില്‍ സ്ത്രീകള്‍ക്ക് അവരുടെ ലൈംഗിക ജീവിതത്തിലും സ്വത്തിലും ചില പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിച്ചിരുന്നു. പല കാലഘട്ടങ്ങളില്‍ നടന്നിട്ടുള്ള വിവിധ പഠനങ്ങള്‍ അത്തരം കാര്യങ്ങളെപ്പറ്റി വിശദമായി പഠിക്കുകയും രേഖപ്പെടുത്തുകയും
ചെയ്തിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് മാതൃദായസമ്പ്രദായത്തില്‍ സ്വത്തിന്‍റെ യും അധികാരത്തിന്‍റെയും കൈമാറ്റം, കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ സ്ത്രീകള്‍ വഹിച്ചിരുന്ന സ്ഥാനമാനങ്ങള്‍, സ്ത്രീകളുടെ കാഴചപ്പാടുകള്‍, നിയമാനുസൃതമായ വിവാഹത്തിന്‍റെ ബന്ധനമില്ലാത്ത സംബന്ധം എന്ന രീതി, അപ്രധാനമായ പിതൃത്വം എന്ന സങ്കല്പനം, അതുപോലെ സ്ത്രീകള്‍ക്കും അവരുടെ കുട്ടികള്‍ക്കും അമ്മവീട്ടിലുള്ള സ്വത്തവകാശം തുടങ്ങിയവ. കുട്ടിയുടെ അച്ഛന്‍ / പിതാവ് എന്ന ചോദ്യം അക്കാലത്തു തികച്ചും അപ്രസക്തമായിരുന്നു. അമ്മയും അമ്മവീടുമായിരുന്നു അക്കാലത്തു കുട്ടികളുടെ സര്‍വ്വസ്വവും. എന്നാല്‍ ക്രമേണ ഇതില്‍ മാറ്റം വന്നു. പുരോഗതിയുടെ പേരില്‍ ഇവിടത്തെ സാമൂഹ്യവ്യവസ്ഥിതിയില്‍ സമൂലമായ മാറ്റം വന്നപ്പോള്‍ മരുമക്കത്തായം പ്രാചീനവും അധാര്‍മികവുമായ ഒന്നായി ചിത്രീകരിക്കപ്പെട്ടു.
സ്ത്രീയ്ക്കും പുരുഷനും ലൈംഗികമായി ലഭിച്ചിരുന്ന സ്വാതന്ത്ര്യം മാതൃദായക്രമത്തിലെ ഒരു പ്രത്യേകതയായിരുന്നു. അവര്‍ക്കിടയിലുള്ള ഇഷ്ടം അല്ലെങ്കില്‍ അഭിനിവേശം മാത്രമായിരുന്നു സംബന്ധ ബന്ധങ്ങള്‍ നിലനിര്‍ത്തിയിരുന്നത്. എപ്പോള്‍ അവര്‍ക്കിടയിലുള്ള ഇഷ്ടം ഇല്ലാതായോ അതോടെ അവര്‍ തമ്മിലുള്ള സംബന്ധവും ഇല്ലാതാകുമായിരുന്നു. ഇവിടെ നിലനിന്നിരുന്ന മാതൃദായക്രമത്തെക്കുറിച്ച് പഠിച്ചിരുന്നത് കൂടുതലും വിദേശികളായ സമൂഹശാസ്ത്രജ്ഞരായിരുന്നു. വില്യം റീഫിന്‍റെ (1936) അഭിപ്രായത്തില്‍ മാതൃദായ സമൂഹം സ്വാഭാവിക സമൂഹവും പിതൃദായ സമൂഹം അസ്വഭാവിക സമൂഹവുമാണ്. സ്വഭാവിക സമൂഹത്തില്‍ ഈഡിപ്പസ് കോപ്ലക്സ് മൂലമുള്ള കലാപങ്ങളോ നിഷേധങ്ങളോ ഉണ്ടായിരുന്നില്ല. ഇതിന് ഒരു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തിന്‍റെ അഭാവമായിരുന്നു. ഇന്നു കാണുന്നപോലെ സ്ത്രീ ഭര്‍ത്താവിന്‍റെ സ്വത്ത് ആയി കരുതിയിരുന്നില്ല. അതുപോലെ മക്കള്‍ക്ക് മേല്‍ പിതാവിനുള്ള അധികാരം തുലോം കുറവായിരുന്നു.
ഒരേ സമയം പലരുമായിട്ടുള്ള ലൈംഗിക ബന്ധം സ്ത്രീക്കും പുരുഷനുമിടയില്‍ സാധ്യമായിരുന്നു. എങ്കില്‍ പോലും അസൂയ എന്ന വികാരത്തിനവിടെ സ്ഥാനമുണ്ടായിരുന്നില്ല. പല വ്യക്തികളില്‍ നിന്നും കുട്ടികളുണ്ടാകുന്നത് ഒരു സൗഭാഗ്യമായി കണ്ടിരുന്നു, അത് സ്ത്രീയുടെ മേന്മയായി കണക്കാക്കിയിരുന്നു. അതിലൂടെ സ്ത്രീയുടെ പ്രജനനശേഷിയെ വിലമതിച്ചിരുന്നു. അതുമാത്രമല്ല ഇത്തരത്തിലുള്ള ലൈംഗികത പാപമായോ നീച സ്വഭാവമായോ കണക്കാക്കിയിരുന്നില്ല. മറിച്ച് അതിന് സമൂഹത്തില്‍ മാന്യമായ സ്ഥാനമുണ്ടായിരുന്നു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും മാതൃദായക്രമം ലൈംഗിക വികാരങ്ങളെ അടിച്ചമര്‍ത്തുകയല്ല, മറിച്ച് പൂര്‍ണ്ണമായി സഫലീകരിക്കുന്നതിന് സഹായിക്കുകയാണ് ചെയ്തിരുന്നത്. ആധുനിക മനസ്സിന് അരോചകമായി തോന്നാവുന്ന മരുമക്കത്തായ ലൈംഗിക സ്വാതന്ത്ര്യത്തെക്കുറിച്ച് കെ.പി.പത്മനാഭ മേനോന്‍ തുറന്ന് എഴുതിയിട്ടുണ്ട്. “സ്ത്രീപുരുഷന്മാരുടെ സംസര്‍ഗ വിഷയത്തിലുള്ള സ്വാതന്ത്ര്യത്തിന് അളവില്ല. ഭര്‍ത്താവ് തന്നെയായാലും യാതൊരു തടസ്സവും ചെയ്തുകൂടാ.
വാതുക്കല്‍ ആയുധം ചാരി വെച്ചിരിക്കുന്നതു കണ്ടാല്‍ ഭര്‍ത്താവ് കൂടി മടങ്ങി പോകണം. ബഹുഭര്‍ത്തൃത്വംഒട്ടും അസാധാരണമല്ലായിരുന്നു. ഓരോ ഭര്‍ത്താവും സ്ത്രീയുടെ ഓരോ ആവശ്യങ്ങള്‍ക്കു വേണ്ടുന്നതു കൊടുത്തിരുന്നു. ഊഴമിട്ടു ഭാര്യ ഗൃഹത്തില്‍ പോകുകയും ചെയ്യും. ഭര്‍ത്താക്കന്മാര്‍ തമ്മില്‍ സ്പര്‍ദ്ധ കൂടാതെ കഴിഞ്ഞിരുന്നു.”(1912, ജ.465)
മരുമക്കത്തായ ക്രമത്തില്‍ ശരിയായ ഒരു വിവാഹക്രമം നിലനിന്നിരുന്നില്ല. സംബന്ധം, പുടമുറി, കിടക്കുറി എന്നീ പല പേരുകളില്‍ അറിയപ്പെട്ടിരുന്ന ഒരു ലളിതമായ ചടങ്ങായിരുന്നു അത്. അതിന് മതപരമായ ഘടകങ്ങള്‍ കുറവായിരുന്നു. ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഏറ്റവും ആര്‍ഭാടപൂര്‍വ്വം കൊണ്ടാടിയിരുന്നത് അവളുടെ ലൈംഗികതയെ വിളിച്ചോതിയിരുന്ന ആര്‍ത്തവം ആയിരുന്നു. അതായിരുന്നു തെരണ്ടുകല്യാണം, കെട്ടുകല്യാണം എന്നീ പേരുകളില്‍ ആഘോഷിച്ചിരുന്നത്. എന്നാല്‍ ഇന്ന് സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും അനിവാര്യവുമായ ഒന്നായി വിവാഹം. സംബന്ധക്കാരന്‍ ‘ഇന്ന വീട്ടില്‍ സംബന്ധം’ എന്നല്ലാതെ ഭര്‍ത്താവ് എന്ന് വിളിച്ചിരുന്നില്ല. സ്ത്രീയെ ‘ഭാര്യ’ യെന്നു പറഞ്ഞിരുന്നില്ല. അതുപോലെ സംബന്ധക്കാരനെ ‘നായര്‍’ എന്നല്ലാതെ ഭര്‍ത്താവ് എന്ന് വിളിച്ചിരുന്നില്ല. ബഹുഭര്‍ത്തൃമതികളായാല്‍ വൈധവ്യമില്ലാതിരുന്ന സ്ത്രീകളുടെ പേരില്‍ തറവാടുകള്‍ പ്രസിദ്ധി നേടിയിരുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാന ദശകങ്ങളില്‍ പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ച മധ്യവര്‍ഗ്ഗക്കാരായ നായന്മാര്‍, അവര്‍ ജീവിക്കുന്ന സമൂഹത്തില്‍ കുടുംബത്തിന്‍റേയും വിഹാത്തിന്‍റേയും ഘടനയും പ്രാധാന്യവും ലോകത്തിന്‍റെ മറ്റുഭാഗങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണെന്ന് മനസ്സിലാക്കി. കുടുബത്തിന്‍റെ ഘടനയിലും അവരുടെ ജീവിതരീതിയിലും വിവാഹത്തെ സംബന്ധിച്ച കാഴ്ചപ്പാടിലും മാറ്റം വരുത്തിയാല്‍ മാത്രമേ മറ്റു സമുദായങ്ങളെപ്പോലെ വികസനം ഉണ്ടാകുകയുള്ളു എന്ന് അവര്‍ വിശ്വസിച്ചു. അവരുടെ സമൂഹത്തില്‍ നിലനിന്നിരുന്ന അയഞ്ഞ രീതിയിലുള്ള സംബന്ധമെന്ന വിവാഹ സമ്പ്രദായത്തെപ്പറ്റിയായിരുന്നു (സംബന്ധം)മുഖ്യ ആശങ്ക. പുരുഷാധിപത്യ സമൂഹം അനുശാസിക്കുന്ന വൈവാഹിക മൂല്യങ്ങള്‍ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്ന ഒന്നായി അവര്‍ സംബന്ധത്തെ നിരീക്ഷിച്ചു.
ഈ വിവഹസമ്പ്രദായം പ്രധാനമായും വിക്ടോറിയന്‍ വൈവാഹിക ആശയസംഹിതയെ തകിടം മറിക്കും എന്നവര്‍ കരുതി. വിക്ടോറിയന്‍ വിവാഹ സമ്പ്രദായം മാതൃദായക്രമത്തെക്കാള്‍ ധാര്‍മികമായി ശ്രേഷ്ഠമാണെന്ന പ്രതീതി വരുത്തിത്തീര്‍ത്തു. മാത്രമല്ല വീട്ടിലെ ആണുങ്ങള്‍ക്ക് പരമസ്ഥാനവും അധികാരവും നല്‍കുന്ന അണുകുടുംബം എന്നത് തറവാട് എന്ന കുടുംബവ്യവസ്ഥയെക്കാള്‍ സാമ്പത്തികമായി കാര്യക്ഷമമാണെന്ന സങ്കല്പം ആളുകളുടെയിടയില്‍ അടിച്ചേല്‍പ്പിച്ചു. ഇതു സംബന്ധിച്ച് കോടോത്ത് (2001) നടത്തുന്ന നിരീക്ഷണം ശ്രദ്ധേയമാണ്. പത്തൊന്‍പതാംനൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധം മുതല്‍, ബഹുഭാര്യത്വത്തെ അധാര്‍മികമായി വീക്ഷിച്ച പാശ്ചാത്യ വിദ്യാഭ്യാസത്തിന്‍റെയും ക്രിസ്ത്യന്‍ പ്രത്യയശാസ്ത്രങ്ങളുടേയും സ്വാധീനത്താല്‍ ചെറുപ്പക്കാരായ നായര്‍ പുരുഷന്മാര്‍ തറവാടിനെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ടു തുടങ്ങി.
വിവാഹം നിയമവിധേയമാക്കണമെന്നും ബഹുഭാര്യത്വം ഫലപ്രദമായി നിര്‍ത്തലാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ നായര്‍ സമുദായത്തിലെ അഭ്യസ്ഥവിദ്യരായ യുവാക്കള്‍ വളരെ ശക്തമായി മുന്നോട്ട് വെച്ചു. അങ്ങനെ, ആദ്യത്തെ തിരുവിതാംകൂര്‍ നായര്‍ ആക്റ്റ് 1912-ല്‍ പാസ്സായി. തന്മൂലം ആദ്യമായി, കാരണവരുടെ സ്വത്തവകാശം അദ്ദേഹത്തിന്‍റെ മരുമക്കള്‍ പങ്കിട്ടിരുന്ന സ്ഥാനത്ത്, അത് അദ്ദേഹത്തിന്‍റെ മക്കള്‍ക്ക് ലഭിച്ചു. മരുമക്കത്തായ സമ്പ്രദായത്തില്‍ സമഗ്രമായ മാറ്റം വരുത്തുവാന്‍ നടപ്പിലാക്കിയ കുറെ നിയമങ്ങളിലെ ആദ്യത്തെ നിയമമായിരുന്നു ഇത്. തത്ഫലമായി, വിവാഹം മുതലാളിത്ത ആശയങ്ങള്‍ ഊട്ടിഉറപ്പിക്കുന്ന ഒരു വ്യവസ്ഥാപിത സ്ഥാപനമായി മാറി. അതിലൂടെ പുരുഷാധിപത്യവും പിന്നെ പിതൃദായക്രമവും നായര്‍ സമുദായത്തില്‍ കൊണ്ടുവരുകയും ചെയ്ത നിരവധി നിയമങ്ങളില്‍ ആദ്യത്തേതാണ് പ്രസ്തുത നിയമം (ജെഫ്രി, 1992).
ഈ നിയമനിര്‍മ്മാണങ്ങള്‍ നായര്‍ സമുദായത്തിലെ ലിംഗബന്ധത്തെ എങ്ങനെ ബാധിച്ചുവെന്ന് അരുണിമ അഭിപ്രായപ്പെടുന്നുണ്ട്. അവര്‍ പറയുന്നു, “കേരളത്തിലെ നിയമ പരിഷ്കരണം സ്ത്രീകള്‍ക്ക് അനുവദിച്ചിരുന്ന സാമ്പത്തിക- സാമൂഹിക ശക്തി അമര്‍ച്ച ചെയ്ത് പുരുഷാധിപത്യ കുടുംബവ്യവസ്ഥയില്‍ അവരെ തളച്ചിട്ട് ദുര്‍ബ്ബലരാക്കി” (2003:23). സാമൂഹികവും സാമ്പത്തികവുമായ മാറ്റത്തിന്‍റെ കാതലായ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങളുടേയും സാഹിത്യത്തിന്‍റേയും സജീവമായ ഇടപെടലിനും ആ കാലഘട്ടം സാക്ഷ്യംവഹിച്ചു. ആ കാലഘട്ടത്തിലെ പല ലേഖനങ്ങളിലും, പാഠപുസ്തകങ്ങളിലും പ്രകടമാകുന്ന സദ്ഗുണമായി പാതിവ്രത്യം രൂപംകൊണ്ടു. സ്ത്രീകളേയും പുരുഷന്മാരേയും വ്യഭിചാരവൃത്തിയില്‍ നിന്നും അകറ്റിനിര്‍ത്തുവാനുള്ള ഉറപ്പായ ഒരു മാര്‍ഗ്ഗം എന്നനിലയില്‍, നിലവിലെ മാതൃദായസമ്പ്രദായത്തെ (സംബന്ധം) അവഗണിച്ച് ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് താമസിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയാണ് വേണ്ടത് എന്ന് ഏതാനും ലേഖകര്‍ അഭിപ്രായപ്പെട്ടു (പരമേശ്വര മേനോന്‍, 1901). സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍, സംബന്ധത്തെ വിവിധയിടങ്ങളില്‍ വ്യത്യസ്ത ആളുകള്‍ വ്യത്യസ്ത രീതികളില്‍ വ്യാഖ്യാനിച്ചതായി കാണാം (അരുണിമ, 2003; കോടോത്ത് 2001). ഭര്‍ത്താവിന്‍റെയും കുടുംബത്തിന്‍റെയും, എന്തിനധികം സ്വന്തം രാഷ്ട്രത്തിന്‍റെയും എല്ലാവിധ തെറ്റുകുറ്റങ്ങളും ഇല്ലായ്മ ചെയ്തു സ്ത്രീകളെ സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള ഒരു ഉപകരണമായി ഭാര്യയുടെ പാതിവ്രത്യത്തെ ചിത്രീകരിച്ചു. പുരാണ കഥാപാത്രങ്ങളായ സീത, സാവിത്രി, ദമയന്തി മുതലായവര്‍ പാതിവ്രത്യത്തിന്‍റെ മകുടോദാഹരണങ്ങളായി മാറി. അവരുടെ പാതിവ്രത്യം, സ്നേഹം, അചഞ്ചലത, ഭര്‍ത്താക്കന്മാരോടുള്ള വിശ്വസ്തത തുടങ്ങിയ ഗുണങ്ങളൊക്കെയാണ് ലേഖനങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത്.
(നായര്‍, 1929). സ്ത്രീകളുടെ കടമകള്‍ ചില എഴുത്തുകാരുടെ പ്രധാനപ്പെട്ട മറ്റൊരു വിഷയമായിരുന്നു. ഭര്‍ത്താവ്, കുട്ടികള്‍, മാതാപിതാക്കള്‍, ബന്ധുക്കള്‍, വീട് എന്നിവ സ്ത്രീകളുടെ പ്രാഥമിക ഉത്തരവാദിത്തമായിരുന്നു. പ്രായമായവരേയും രോഗികളേയും പരിചരിക്കുന്നതും അതില്‍ ഉള്‍പ്പെട്ടു. അതായത് അനുകമ്പയും, അകമഴിഞ്ഞ സഹാനുഭൂതിയും, ഉദാരമനസ്കയും, വിനീതയും, കഴിവുള്ളവളും, സ്നേഹസമ്പന്നയുമായ ഒരു ഉത്തമ ഭാര്യയായി സ്ത്രീ മാറുക എന്നതായിരുന്നു ആ എഴുത്തുകളിലെ മുഖ്യ ആശയം. ഇവ്വിധം സാമ്പത്തിക അച്ചടക്കം, നല്ല സംഭാഷണ വൈദഗ്ദ്ധ്യം, പാചകകല, ശിശുപരിപാലനം, പൂന്തോട്ടപരിപാലനം മുതലായവയെക്കുറിച്ചുള്ള അറിവും പരിചയസമ്പത്തുമുണ്ടായിരിക്കുക എന്ന പ്രതിലോമ നിര്‍വ്വചനത്തില്‍ സ്ത്രീയുടെ സ്വത്വബോധത്തെ തളച്ചിട്ടു (പിള്ള, 1987). നായര്‍ സ്ത്രീകള്‍ക്കിടയില്‍ ഒരു പുരുഷ കേന്ദ്രീകൃതമായ ലിംഗഭേദ വ്യക്തിത്വം ഉയര്‍ന്നുവന്നത് ഇങ്ങനെയാണ്. സ്ത്രീ സമത്വത്തെക്കുറിച്ചും, ലൈംഗികതയെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും കേരളത്തില്‍ ആശങ്കാജനകമായ ആശയക്കുഴപ്പം തുടരുന്നു.
സമത്വത്തേയും വികസനത്തേയും കുറിച്ചുള്ള ചര്‍ച്ചകള്‍ ലിംഗസമത്വത്തിന്‍റെ വാചക കസര്‍ത്തുകള്‍ക്കപ്പുറം, വ്യത്യസ്ത സാഹചര്യത്തിലും സന്ദര്‍ഭങ്ങളിലും ജീവിച്ചിരിക്കുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്ന് പരിശോധിക്കാന്‍ സമാരംഭിക്കേണ്ടതുമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം, ലിംഗഭേദത്തെ അഭിസംബോധന ചെയ്യുന്നതിലൂടെ സാമൂഹിക പുനരുല്‍പാദന പ്രക്രിയില്‍ നിലവിലുള്ള വിദ്യാഭ്യാസവും സാമൂഹികവത്കരണവും സാമൂഹിക ബോധവും എത്രത്തോളം മാറ്റം കൊണ്ടുവരാന്‍ സാധിക്കും എന്നുള്ളത് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. പാശ്ചാത്യ വിദ്യാഭ്യാസം കൊണ്ട് വന്ന സദാചാരബോധം ഏകദേശം ഒരു നൂറ്റാണ്ട് കൊണ്ട് നിലനിന്നിരുന്ന കുടുംബഘടനയിലും വിവാഹത്തിലും ലൈംഗികതയിലും സമൂലമായ മാറ്റം വരുത്താന്‍ സാധിച്ചെങ്കില്‍ ഇനി എത്രകാലം എടുക്കും സ്ത്രീയെ ഇപ്പോള്‍ തളച്ചിട്ടിരിക്കുന്ന നിഷേധാത്മകമായ ലൈംഗികതയിലും വിവാഹത്തിലും കുടുംബത്തിലും മാറ്റം വരുത്താന്‍ ?

 

 

 

 

ഡോ.ലേഖ.എന്‍.ബി.
അസി.പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ്
സോഷ്യോളജി, ശ്രീനാരായണ കോളേജ്,
ചെമ്പഴന്തി

COMMENTS

COMMENT WITH EMAIL: 0