Homeചർച്ചാവിഷയം

കേരളത്തില്‍ നായര്‍ മരുമക്കത്തായവും സ്ത്രീസ്വാതന്ത്ര്യവും

കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തെപ്പറ്റി സംസാരിക്കുമ്പോള്‍ പൊതുവെ ആദ്യം ചര്‍ച്ചയാവുക നായര്‍ സമുദായമാണ്. കേരളത്തിലെ മറ്റുപല സമുദായങ്ങളും പിന്തുടര്‍ന്നിരുന്ന/ പിന്തുടരുന്ന രീതിയാണെങ്കിലും കേരളത്തിലകത്തും പുറത്തും മരുമക്കത്തായം എന്നാല്‍ മിക്കപ്പോഴും നായര്‍ മരുമക്കത്തായം എന്നാണ് വിവക്ഷിക്കുക. സമുദായ പരിഷ്കര്‍ത്താക്കളുടെ ഇടപെടലുകള്‍, ബ്രിട്ടീഷ്സാമ്രാജ്യത്വ കാലത്തെയും, സ്വതന്ത്ര ഭാരതത്തിലെ ആദ്യകാലത്തെയും ഭരണപരിഷ്കാരങ്ങള്‍, നവമാധ്യമ പുനഃസൃഷ്ടികള്‍ തുടങ്ങി അതിനു പല കാരണങ്ങള്‍ ഉണ്ട്. അതിനാല്‍ത്തന്നെ മരുമക്കത്തായ പഠനം എന്നത് ഒരു സങ്കീര്‍ണ പ്രക്രിയയാണ്. പ്രസിദ്ധ ചരിത്രകാരിയും ഗവേഷകയുമായ ജി. അരുണിമ, നായര്‍ മരുമക്കത്തായത്തെകുറിച്ചുള്ള അവരുടെ പഠനത്തില്‍ പറയുന്നത് എളുപ്പത്തില്‍ വിശദീകരിക്കാനോ പുനഃസൃഷ്ടിക്കാനോ കഴിയാത്തവിധം അപൂര്‍ണവും അവ്യക്തവുമായ ഒരു പ്രക്രിയയാണ് മരുമക്കത്തായ പഠനം എന്നാണ്.
സംബന്ധം എന്ന വാക്ക് സ്ത്രീകളെ അപമാനിക്കുന്ന ഒരു പദമായി മാറിക്കഴിഞ്ഞ ഇക്കാലത്ത് മരുമക്കത്തായ സംസ്കാരത്തെക്കുറിച്ചും അതില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന സ്ഥാനത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുക എന്നത് ഒരു വെല്ലുവിളിതന്നെയാണ്. നിയമപരിഷ്കരണങ്ങളിലൂടെ നിര്‍ത്തലാക്കിയ ഒരേയൊരു സംസ്കാരമാണ് നായര്‍ മരുമക്കത്തായം. ജര്‍മന്‍ തത്വചിന്തകനും ചിത്രകാരനുമായ ഫ്രഡറിക് എംഗല്‍സ്, കുടുംബം , സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉദ്ഭവം എന്ന തന്‍റെ വിഖ്യാത കൃതിയില്‍ പറയുന്നത് താവഴി സംസ്കാരത്തിന്‍റെ ഉന്മൂലനം സ്ത്രീവര്‍ഗത്തിനുണ്ടായ ചരിത്രപരമായ വീഴ്ചയാണെന്നാണ്. പ്രസിദ്ധ കഥാകാരന്‍റെ നോവലുകളിലും തിരക്കഥാ സിനിമകളിലും നായര്‍ തറവാടുകളും നാലുകെട്ടുകളും തകര്‍ന്നടിയുന്ന കണ്ടു ആവേശം കൊള്ളുന്നവരാണ് നാം. എന്നാല്‍ ആ തകര്‍ച്ച ഈ സമ്പ്രദായത്തിലെ സ്ത്രീകളിലും  കുട്ടികളിലുംڔ എന്ത് പരിവര്‍ത്തനമുണ്ടാക്കി എന്നത് ചര്‍ച്ചാര്‍ഹമായ വിഷയമാണ്. മരുമക്കത്തായ സമ്പ്രദായത്തില്‍ അവര്‍ക്കുണ്ടായിരുന്ന മേന്മ  കുട്ടികള്‍- ആണ്‍ പെണ്‍ വ്യത്യാസമില്ലാതെڔഅമ്മമാരുടെ തറവാടിന്‍റെ ഭാഗമായിരുന്നു എന്നതും വിവാഹശേഷവും  സ്ത്രീകള്‍ അവരുടെ തറവാട്ടിലെ അംഗമായി തുടര്‍ന്നിരുന്നു എന്നതുമാണ്. എന്നാല്‍ മുഖ്യധാരാ കച്ചവട സിനിമകളിലും  മറ്റു പൊതുമാധ്യമങ്ങളിലും അപലപനീയമായ ഒരുڔ ചരിത്ര സംസ്ക്കാരമായാണ് മരുമക്കത്തായവും സംബന്ധം എന്ന രീതിയും മിക്കപ്പോഴും ചിത്രീകരിക്കപ്പെടാറ്. അതിനപവാദമായി ഇറങ്ങുന്ന ചുരുക്കം ചില സൃഷ്ടികളാകട്ടെ പൊതുജനശ്രദ്ധ അത്രപെട്ടെന്ന് കിട്ടാത്ത ആര്‍ട്ട്-ഹോസ് മൂവീസ് വിഭാഗത്തിലേക്ക് ഒതുക്കപ്പെടുന്നു. 2012-ല്‍ ഇറങ്ങിയ ഒഴിമുറി എന്ന ചിത്രം അതിനൊരു ഉദാഹരണം മാത്രം. മരുമക്കത്തായ സംസ്കാരം എന്നത്
അതിന്‍റെ എല്ലാ ഗുണങ്ങളോടും പോരായ്മകളോടും ചേര്‍ത്ത് വച്ച് മനസ്സിലാക്കേണ്ട ഒന്നാണ്. അല്ലാതെ അച്ഛനെന്ന കുടുംബനാഥനില്‍ നിന്നുമാറി അമ്മാവന്‍ ഭരിച്ചിരുന്ന, സ്ത്രീകള്‍ സ്വേച്ഛയാല്‍ പങ്കാളികളെ മാറ്റിക്കൊണ്ടിരുന്നതിനാല്‍ പിതാവിന്‍റെ നാമത്തിലുംڔ കുടുംബപ്പേരിലും അറിയപ്പെടാന്‍ കാത്തിരുന്ന കുട്ടികളുള്ള, മക്കത്തായത്തിനു വിപരീതമായ സംസ്കാരമായിരുന്നു എന്നല്ല വരും തലമുറകള്‍ നായര്‍ മരുമക്കത്തായത്തെ അറിയേണ്ടത്. സ്ത്രീകള്‍, സമൂഹത്തില്‍ അവര്‍ നേരിടുന്ന വെല്ലുവിളികള്‍ തുറന്നു പറയുമ്പോള്‍ അല്ലെങ്കില്‍ ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ രണ്ടാം പൗരന്മാരെന്ന സ്ഥാനം മൂലമുള്ള അസന്തുലിതാവസ്ഥയെ ചോദ്യം ചെയ്യുമ്പോള്‍ പലപ്പോഴും ചിരിയോടെയാണ് സമൂഹം അതിനെ നേരിടുക. ആ ചിരിക്കു പല അര്‍ത്ഥതലങ്ങള്‍ ഉണ്ട്. പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ക്കുള്ള ഉദാഹരണമായി ഒരു ചെറിയ അനുഭവം പങ്കു വെക്കാം. പുതുതായി ഒരു സ്ഥാപനത്തില്‍ ജോലിക്കു ചേര്‍ന്ന ഒരു സ്ത്രീ അവിടുത്തെ ഒരു ഔദ്യോഗിക വിഭാഗത്തില്‍ ഒരു കാര്യം ബോധിപ്പിക്കാനായെത്തുന്നു. അവിടുത്തെ ഉദ്യോഗസ്ഥനോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ ഒരു പുരുഷന്‍ അവിടെയെത്തുന്നു. അവര്‍ രണ്ടുപേരും ഒരേ ദിവസം ഒരേ പദവിയില്‍ ഒരേ വിദ്യാഭ്യാസ യോഗ്യതകളോട് കൂടി ജോലിയില്‍ പ്രവേശിച്ചവരാണ്. ആ ഉദ്യോഗസ്ഥന്‍ അവരുമായുള്ള സംഭാഷണം ഇടക്കുവച്ചുനിര്‍ത്തി, ഉടനെ തന്നെ അദ്ദേഹത്തിന്‍റെ ആവശ്യമന്വേഷിക്കുകയും നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു. ഈ സമയം കേള്‍വിക്കാരിയായി നിന്ന അവര്‍, രണ്ടുപേരും സമാന കാര്യത്തിനാണ് അവിടെ എത്തിയതെന്ന് മനസിലാക്കുന്നു. അതിനുശേഷം ആ നിര്‍ദ്ദേശപ്രകാരം കാര്യം നിവര്‍ത്തിച്ചു മടങ്ങുന്നു. ഈ വിവരിച്ച സംഭവം വളരെ സ്വാഭാവികമായി നിങ്ങള്‍ക്കു തോന്നുന്നെങ്കില്‍, നിങ്ങളും ആ ഉദ്യോഗസ്ഥനെപ്പോലെ പുരുഷമേധാവിത്വസമൂഹത്തിന്‍റെ കെണിയിലാണെന്നു നിസംശയം അനുമാനിക്കാം.

പുരുഷമേധാവിത്ത പ്രമാണങ്ങൾ വേരുറച്ചുപോയ ഒരു സമൂഹത്തിൽ സ്ത്രീകൾക്ക് സ്വന്തമായൊരു ഇടം കണ്ടെത്തൽ ഒരു നിരന്തര പോരാട്ടമാണ്. കുടുംബം എന്ന ഇടത്തിൽ നിന്ന് തുടങ്ങുന്ന വിവേചനത്തിന്‍റെ ആ വേരുകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്ത്രീധനമരണങ്ങൾ തുടർക്കഥയാകുന്ന ഇന്നത്തെകാലത്തു സ്ത്രീശാക്തീകരണ സമിതി അംഗം പി.കെ.ശ്രീമതി ടീച്ചർ പറഞ്ഞ കാര്യം ശ്രദ്ധേയമാണ്. ‘ഇനി വിവാഹം കഴിഞ്ഞു പുരുഷന്മാർ സ്ത്രീകളുടെ വീട്ടിലേക്കു വരട്ടെ’ എന്ന്. എന്നാൽ ഒരു സ്ത്രീ സ്വന്തം സ്വത്വത്തെക്കുറിച്ചു ബോധവതിയായി മുന്നോട്ടു വരിക എന്നതാണ് അവളെ സംന്ധിക്കുന്ന ഏതൊരു പ്രശ്‌നത്തിന്‍റെയും പ്രതിവിധിയിലേക്കുള്ള തുടക്കം. അങ്ങിനെ മുന്നോട്ടു വരുന്ന സ്ത്രീക്ക് സ്വാശ്രയത്തിലൂന്നിയ ജീവിതം കെട്ടിപ്പടുക്കാൻ, സദാചാരത്തിന്‍റെയും പുരുഷമേധാവിത്വ പ്രമാണങ്ങളുടെയും മറയിലകപ്പെടാതെ, ഒരുമിച്ചു നിൽക്കുക എന്നതാണ് പരിഷ്‌കൃത സമൂഹം എന്ന നിലയിൽ നാം ചെയ്യേണ്ടത്.

 

 

 

 

 

വര്‍ഷ കെ.
അസി.പ്രൊഫസര്‍, ഇംഗ്ലീഷ് വിഭാഗം, സ്കൂള്‍ ഓഫ് സയന്‍സ്&ലാഗ്വേജസ്,
വി.ഐ.റ്റി സര്‍വ്വകലാശാല വെല്ലൂര്‍

COMMENTS

COMMENT WITH EMAIL: 0