Homeചർച്ചാവിഷയം

കുറ്റിച്ചിറയിലെ മാതൃദായ സമ്പ്രദായവും സ്ത്രീകളും

പ്രിയമുള്ളവരെ ഒരു സ്ത്രീയായി ജനിച്ചത് ഒരു ആഘോഷമായാണ് ഞാന്‍ കാണുന്നത്. കാരണം ഞാന്‍ വളര്‍ന്നു വന്ന മാതൃദായസമ്പ്രദായം തന്നെ. മാതൃദായ സമ്പ്രദായം കേരളത്തില്‍ വിവിധ ജില്ലകളില്‍ നിലനില്‍ക്കുന്നുണ്ട്. ഒരു കോഴിക്കോട്ടുകാരി എന്ന നിലയില്‍ കോഴിക്കോട് തെക്കേപ്പുറം കുറ്റിച്ചിറയെ ആസ്പദമാക്കി മാതൃദായസമ്പ്രദായത്തെക്കുറിച്ച് വിവരിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കോഴിക്കോടിന്‍റെ ഹൃദയ ഭാഗം തന്നെയാണ് കുറ്റിച്ചിറ. അറബിക്കടലിനെ നോക്കി നില്‍ക്കുന്ന ഒരു സുന്ദരിയാണ് കുറ്റിച്ചിറ. തെക്കേപ്പുറത്തെ കിഴക്കുഭാഗം വിശാലമായ കോഴിക്കോട് നഗരത്തിലേക്ക് പരന്നുകിടന്നു കോഴിക്കോടിന്ڔ മൊഞ്ച് കൂട്ടുന്നു. തെക്ക് ഭാഗത്ത് പ്രശസ്തമായ പുഴയും വടക്കുഭാഗത്ത് വെള്ളയില്‍ എന്ന പ്രദേശവുമാണ്. 1498 വാസ്കോ ഡ ഗാമ കേരള തീരത്തെത്തുമ്പോള്‍ തന്നെ മലബാറില്‍ ജനസംഖ്യയുടെ ഒരു വലിയ വിഭാഗം മാപ്പിളമാരായിരുന്നു. അറബികള്‍ ഇസ്ലാം മതത്തിന്‍റെ ആവിര്‍ഭാവത്തിനു മുന്‍പും പിന്‍പും കച്ചവടത്തിനായി കടല്‍കടന്നു മലബാര്‍ തീരത്ത് എത്തിയിരുന്നു. കടലിന്‍റെയും  ആകാശത്തിന്‍റെയും ശാസ്ത്രവിഷയങ്ങളില്‍ അറബികള്‍ അഗ്രഗണ്യരായിരുന്നു. അവര്‍ڔനൂറ്റാണ്ടുകളായി കേരളത്തില്‍ വരികയും കച്ചവടം ചെയ്യുകയും ഇവിടെ നിന്ന് വിവാഹം ചെയ്യുകയും ഉണ്ടായി. ബലപ്രയോഗമില്ലാതെ സാംസ്കാരിക കൈമാറ്റങ്ങളിലൂടെ കേരളത്തില്‍ ഇസ്ലാം മതം ജനപ്രിയമാകുന്നതില്‍ ഈ സമുദ്രാന്തരവ്യാപാര ബന്ധങ്ങള്‍ക്ക് ഗണ്യമായ പങ്കുണ്ട്.
സ്നേഹത്താലും സംസ്കാരത്താലും ഒന്നായ അറബ്  കേരള വംശത്തിലാണ് ഇവിടെ മാപ്പിളമാര്‍ ഉണ്ടാവുന്നത്. പണ്ട് കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി രാജാക്കന്മാര്‍ അറബികള്‍ക്ക് വന്‍ സ്വീകരണമാണ് നല്‍കിയത്. അറബികളിലെ ഉയര്‍ന്ന വംശജര്‍ക്ക് കോവിലകം നായര്‍ തറവാടുകളില്‍ നിന്നെല്ലാം വിവാഹം ചെയ്തു കൊടുക്കുകയും അത് മൂലം അവര്‍ ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു. കച്ചവടത്തിനായി വരുന്ന അറബികള്‍ നായര്‍ തറവാടുകളില്‍ ഭാര്യയുടെ അറയില്‍ താമസിക്കുക എന്ന ചുറ്റുപാടുമുണ്ടായിരുന്നതായി പറയപ്പെടുന്നു. തെക്കേപ്പുറത്തുള്ള തറവാടുകള്‍ സ്നേഹപൂര്‍വ്വവും ആദരപൂര്‍വ്വവും  ഇസ്ലാം മതം സ്വീകരിച്ച നായര്‍ കുടുംബങ്ങളുടേതാണ് എന്നും പറയപ്പെടുന്നുണ്ട്. നായര്‍ കുടുംബങ്ങളില്‍ ഉണ്ടായിരുന്ന മാതൃദായക സമ്പ്രദായം അതുപോലെ അവിടെയുള്ള മുസ്ലിം കുടുംബങ്ങളില്‍ കാണാന്‍ സാധിച്ചു. നൂറ്റാണ്ടുകള്‍ക്കുമുമ്പേ കേരളത്തില്‍ വന്ന അറബികള്‍ സ്നേഹം കൊണ്ടാണ് ഈ നാടിനെ ആശ്ലേഷിച്ചത്. ആധുനിക സാഹചര്യത്തില്‍ മാതൃദായസമ്പ്രദായം സ്ത്രീ ജീവിതങ്ങളുടെ കണ്ണിലൂടെ നോക്കുമ്പോള്‍ ലോകത്ത് വേറെ എവിടെയാണ് ഇത്രയും നല്ല സമ്പ്രദായം ഉള്ളത് എന്ന് തോന്നിപ്പോകും. സ്ത്രീകള്‍ വിവാഹശേഷം സ്വന്തം വീട്ടില്‍ തന്നെ താമസിക്കുന്നു . പുരുഷന്മാര്‍ വിവാഹശേഷം അവരുടെ ഭാര്യ വീട്ടില്‍ താമസിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അന്തസ്സ് ലഭിക്കുന്നു. പുരുഷന്മാരെ ഭാര്യവീട്ടില്‍ പുതിയാപ്പിള എന്ന പ്രത്യേക സ്ഥാനം നല്‍കി ബഹുമാനിക്കുന്നു. അതേ വീട്ടിലെ പുരുഷന്മാര്‍ക്ക് കാരണവര്‍ എന്ന സ്ഥാനവും നല്‍കുന്നു. ഭര്‍ത്താവിന്‍റെ ഗൃഹത്തില്‍ സ്നേഹപൂര്‍വ്വമുള്ള സ്വീകരണങ്ങളും ഒത്തു ചേരലുകളും സ്ത്രീക്കും ലഭിക്കുന്നു. ഇത് ഒരു പുരുഷാധിപത്യ സംസ്കാരത്തില്‍ ലഭിക്കാത്ത ഒന്നാണ്. സ്ത്രീകള്‍ വിവാഹശേഷം സ്വന്തം വീട്ടില്‍ തന്നെ നില്‍ക്കുന്നതുകൊണ്ട് അവരുടെ സ്വാതന്ത്ര്യത്തില്‍ ആരും കൈകടത്തുന്നില്ല. തുടര്‍ന്ന് പഠിക്കേണ്ട സ്ത്രീകള്‍ക്ക് ഇഷ്ടം പോലെ പഠിക്കാം. ജോലിക്ക് പോകേണ്ടവര്‍ക്ക് പോകാം. ഒരുമിച്ച് താമസിക്കുന്ന സമ്പ്രദായം ആയതുകൊണ്ട് കുട്ടികളും അവരുടെ ബാല്യം സന്തോഷത്തിന്‍റെ അലയില്‍ ആഘോഷിക്കുന്നു. സ്ത്രീകളുടെ വീടുകളില്‍ കഴിയുന്നതുകൊണ്ട് വീട്ടുചിലവിനുള്ള തുക പുതിയാപ്ല അവരെ ഏല്‍പ്പിക്കുന്നു.
കൂട്ടുകുടുംബ വ്യവസ്ഥയില്‍ എല്ലാവരും സഹകരണത്തോടെ ചെലവുകള്‍ നോക്കുന്നു. സ്ത്രീകള്‍ക്ക് അവരുടെ ആങ്ങളമാരുടെڔ സംരക്ഷണവും ലഭിക്കുന്നു. ആങ്ങളമാര്‍ക്ക് പെങ്ങന്മാരുടെ സ്നേഹവും കരുതലും അതെപ്പോഴും ലഭിക്കുന്നു. തുല്യമായ രീതിയില്‍ കുടുംബത്തെ കൊണ്ടുപോകാന്‍ വീട്ടിലെ മുതിര്‍ന്ന സ്ത്രീക്ക് സാധിക്കുന്നു. സ്ത്രീയും കുടുംബവും താമസിക്കുന്നത് കൊണ്ട് അവരുടെ പെണ്‍മക്കള്‍ ആയിരിക്കും ഭാവിയില്‍ അവിടെ ഉണ്ടാവുക. സഹോദരന്‍റെ ഭാര്യക്കും മക്കള്‍ക്കും (ഭാര്യയുടെ) അവരുടെ വീട്ടില്‍ ആ സ്ഥാനം ഉണ്ടാകും. തെക്കേപ്പുറത്തെ മിക്ക തറവാടുകളും വില്‍ക്കാന്‍ സാധിക്കില്ല. തലമുറയിലെ പെണ്‍കുട്ടികള്‍ക്കും കുട്ടികള്‍ക്കും എന്നും സുരക്ഷിതമായ ഇടമാണ്. സ്ത്രീകള്‍ തന്നെ സാമ്പത്തികം കൈകാര്യം ചെയ്യുന്നത് ഇവിടെ കാണാം. എല്ലാ കാര്യങ്ങളിലും സ്ത്രീകള്‍ മുന്നിലാണ്. ഏത് പാതിരാത്രിക്കും സ്ത്രീകള്‍ക്ക് ധൈര്യത്തോടെ പുറത്തിറങ്ങാം. എല്ലാ ആളുകളും പരസ്പരം അറിയാവുന്നവര്‍ ആയിരിക്കും. പിതാവിനെ ഇത്തോകം എന്നാണ് കുറ്റിച്ചിറയില്‍ വിളിക്കുന്നത്. അച്ഛന്‍റെ അമ്മയെ ഇത്ത എന്നാണ് വിളിക്കുന്നത്. അച്ഛന്‍റെ അമ്മയുടെ വീടായതുകൊണ്ട് ഇത്തോകം എന്ന് വിളിക്കുന്നു.ڔഅറബികളുടെയും കേരളത്തിലെയും സംസ്കാരങ്ങള്‍ മിശ്രിതമായി ഒരു സ്നേഹ സംസ്കാരമാണ് നമുക്ക് കുറ്റിച്ചിറയില്‍ കാണാന്‍ സാധിക്കുക. അതിഥികള്‍ക്കെല്ലാം അവര്‍ കൂട്ടുകാരാണ്. കുറ്റിച്ചിറയിലെ തറവാടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് അറബ് കേരള മിശ്രിത ശൈലിയില്‍ തന്നെ. എല്ലാ വീടുകള്‍ക്കും പടാപ്പുറം, കോലായ. വരാന്തക്ക് പടാപ്പുറം എന്നാണ് അവര്‍ പറയുന്നത്.  സ്റ്റേജ് പോലുള്ളകൊട്ടിലുകള്‍ ,വലിയ അകം, നടുമുറ്റം എന്നിവ ഉണ്ട് . നല്ല വായുസഞ്ചാരമുള്ള നിര്‍മ്മിതിയാണ്. വലിയകുളം അല്ലെങ്കില്‍ ഒരു വലിയ കിണറും കുളിമുറിയും ഒക്കെ ഉണ്ടാവും. തലമുറകള്‍ വലുതായി കഴിഞ്ഞ കുടുംബങ്ങള്‍, വിട്ട ബന്ധങ്ങള്‍ ഒക്കെ തറവാട്ടില്‍ വേറെ വേറെ അടുക്കളകളും ഉപയോഗിക്കും. എന്നിരുന്നാലും എല്ലാവര്‍ക്കും ഉള്ളതുകൊണ്ട് ഓണം പോലെ ജീവിക്കുന്നവരെയാണ് കുറ്റിച്ചിറയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത്. സാധിക്കാത്തത് ഒന്ന് സ്വത്തു തര്‍ക്കം. സ്വത്ത് ഇല്ലാത്തത് കൊണ്ട് തന്നെ അവിടെ സ്വത്ത് തര്‍ക്കം ഇല്ല. സ്ത്രീധനപീഡനം ഇല്ല, പെണ്‍കുട്ടി വീട്ടില്‍ നില്‍ക്കുന്നതുകൊണ്ട് കല്യാണത്തിന് എല്ലാവരുടെയും ആഭരണങ്ങള്‍ ഒക്കെ ധരിക്കും. നവ വധൂ വരന്മാര്‍ക്ക് ഉറങ്ങാനുള്ള അറ മാത്രം കൊടുത്താല്‍ മതി. സ്ത്രീധനത്തുകയുടെ കണക്കോ പൊന്നിന്‍റെ കണക്കോ അവിടെ ഇല്ല. ചില തറവാടുകളില്‍ അറ ഇല്ലാത്തതിനാല്‍ മുതിര്‍ന്ന സ്ത്രീകള്‍ അവരുടെ അറ കൊടുക്കും. ചിലപ്പോള്‍ ബന്ധുക്കളുടെ അറ കുറച്ചു ദിവസത്തിന് ഒക്കെ ഉപയോഗിക്കും. ഗള്‍ഫ് പുതിയാപ്പിള വരുമ്പോള്‍. അതായത് സ്ത്രീക്ക് ഒരുവിധത്തിലുമുള്ള സ്ത്രീധന ഉപദ്രവവും ഏല്‍ക്കേണ്ടി വരുന്നില്ല.

എല്ലാവരും പരസ്പരം സഹകരണത്തോടെ ജീവിക്കുന്നത് കൊണ്ട് ഒരു സ്ത്രീയേയും ലൈംഗിക തൊഴിലാളിയായി നിങ്ങള്‍ക്ക് കാണാനാവില്ല. പീഡനം, അമ്മായിയമ്മപ്പോര് ഇതെല്ലാം കുറ്റിച്ചിറക്ക് അന്യം. നല്ല ഭക്ഷണം കഴിക്കുക , കൊടുക്കുക  നല്ല വസ്ത്രം ധരിക്കുക സന്തോഷത്തോടെ ജീവിക്കുക ഇതാണ് കുറ്റിച്ചിറ. ഗാര്‍ഹികപീഡനം, പുരുഷന്മാരുടെയും കുടുംബത്തിന്‍റെയും ക്രൂരവും ബഹുമാനം നല്‍കാത്തതും ആയ പെരുമാറ്റം തുടങ്ങിയ കാര്യങ്ങള്‍ തട്ടിച്ചു നോക്കുമ്പോള്‍ കുറ്റിച്ചിറയിലെ ജീവിതം വ്യത്യസ്തമാണ്. അത് ഏറെക്കുറെ സ്ത്രീപക്ഷവും മറ്റ് സമൂഹങ്ങള്‍ക്ക് മാതൃകയാക്കാവുന്നതുമായ സമൂഹമാണ്. നിലവില്‍ സ്ത്രീകളുടെ മാനസികാരോഗ്യം തന്നെ നോക്കുമ്പോള്‍ കുറ്റിച്ചിറയിലെ സ്ത്രീകള്‍ മാനസികാരോഗ്യത്തോടെ ജീവിക്കുന്നു. സ്ത്രീധന പീഡനത്തില്‍ ഒരു പെണ്‍കുട്ടി കേരളത്തില്‍ മരിച്ചപ്പോള്‍ ഉയര്‍ന്ന സ്ത്രീ നേതാക്കളൊക്കെ മാതൃദായ സമ്പ്രദായത്തെ അംഗീകരിച്ചിട്ടുണ്ട്. മാതൃദായ സംവിധാനം നിലവില്‍ വരണം എന്ന് പറയുക കൂടി ഉണ്ടായി. എനിക്കും അതേ അഭിപ്രായമാണ്. മാതൃദായ  സമ്പ്രദായം സ്ത്രീകള്‍ക്ക് കൂടുതല്‍ മാനസിക സന്തോഷം പ്രധാനം ചെയ്യുന്നു. പുരുഷന്‍റെ വീട്ടില്‍ താമസിക്കുമ്പോള്‍ സ്ത്രീയെ അടിമയായി മാത്രമാണ് അവര്‍ കാണുന്നത്. അങ്ങനെ അല്ലാത്ത പുരുഷാധിപത്യ കുടുംബങ്ങള്‍ വിരളമാണ്. ഒരു സ്ത്രീപക്ഷവാദി എന്ന നിലയില്‍ മാതൃദായക സമ്പ്രദായത്തെ ഞാന്‍ ബഹുമാനിക്കുന്നു….

 

 

 

 

 

ആയിശ ഫാബിന്‍
ജെ.ഡി.റ്റിയില്‍ ഗസ്റ്റ് അസി. പ്രൊഫസര്‍ ആയിരുന്നു

 

COMMENTS

COMMENT WITH EMAIL: 0