Homeചർച്ചാവിഷയം

മാപ്പിള മരുമക്കത്തായത്തിന്‍റെ പരിവര്‍ത്തന നാള്‍വഴികള്‍

കേരളീയ സമൂഹത്തിന്‍റെ സമൂലമായ പരിവര്‍ത്തനകാലമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങള്‍. കൊളോണിയല്‍ ആധുനികതയുടെയും ڇനവോത്ഥാനچ ശ്രമങ്ങളുടെയും ഫലമായുണ്ടായ ഈ മാറ്റങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് മാതൃദായക്രമ കുടുംബസംവിധാനത്തില്‍ നിന്നും പിതൃമേധാവിത്വ കുടുംബവ്യവസ്ഥയിലേക്കുള്ള മാറ്റം. കേരളീയ സമൂഹത്തിന്‍റെ ഏകദേശം പകുതിയോളം വിഭാഗങ്ങള്‍ പിന്തുടര്‍ന്നിരുന്ന സ്ത്രീകേന്ദ്രിതമായ മരുമക്കത്തായ വ്യവസ്ഥ പുനര്‍നിര്‍വചനങ്ങള്‍ക്കും പുന:ക്രമീകരണങ്ങള്‍ക്കും വിധേയമാക്കപ്പെടുന്നത് ഈ കാലഘട്ടത്തിലാണ്. ഈ മാറ്റങ്ങളെ പൊതുവേ چപുരോഗമനപരംچആധുനികം എന്നിങ്ങനെ വിലയിരുത്താറുണ്ടെങ്കിലും കുടുംബം,چ സ്ത്രീچഎന്നീ സങ്കല്പങ്ങളില്‍ ഈ കാലഘട്ടത്തിലുണ്ടായ മാറ്റങ്ങള്‍ എത്രത്തോളം പുരോഗമനപരമായിരുന്നു എന്നത് ഒരു തര്‍ക്കവിഷയമാണ്. കാലങ്ങളായി പിന്തുടര്‍ന്നുവന്നിരുന്ന ദായക്രമ-വിവാഹ സമ്പ്രദായങ്ങള്‍ പ്രകൃതിവിരുദ്ധവുംچ ആധുനികچ സമൂഹത്തിന് ചേരാത്തതുമായി വിലയിരുത്തപ്പെട്ടു. മലബാറിലെ മുസ്ലിങ്ങള്‍ അഥവാ മാപ്പിളമാര്‍ക്കിടയില്‍ അത് മതവിരുദ്ധവും കുറ്റകരവുമായാണ് വീക്ഷിക്കപ്പെട്ടത്. ഇത്തരത്തിലുള്ള സാമൂഹ്യ കാഴ്ചപ്പാടുകള്‍ മാപ്പിള സമുദായത്തില്‍ രൂപപ്പെട്ടുവന്ന പശ്ചാത്തലം, അതിനുപൂരകമായി പ്രവര്‍ത്തിച്ച ബ്രിട്ടീഷ് ഗവണ്മെന്‍റിന്‍റെ നിയമ നടപടികള്‍ എന്നിവയെക്കുറിച്ചും തല്‍ഫലമായി മാപ്പിള മരുമക്കത്തായത്തിനുണ്ടായ പരിവര്‍ത്തനങ്ങളെ കുറിച്ചുമുള്ള ഒരു അന്വേഷണമാണ് ഈ ലേഖനം.
കൃത്യതയാര്‍ന്ന ഇസ്ലാമിക ചട്ടക്കൂടുകള്‍ക്കുള്ളില്‍ ഒതുക്കാന്‍ കഴിയാത്ത തനതും വ്യതിരിക്തവുമായ സാംസ്കാരിക സവിശേഷതകളുള്ള മുസ്ലിം സമുദായമാണ് മാപ്പിളമാര്‍. കൊളോണിയല്‍ പൂര്‍വ്വഘട്ടത്തിലെ മാപ്പിള സ്വത്വത്തെയും ജീവിതത്തെയും രൂപപ്പെടുത്തിയതില്‍ ഇസ്ലാമിക വിശ്വാസങ്ങള്‍ക്കൊപ്പംതന്നെ പ്രധാന പങ്ക് വഹിക്കുന്നവയാണ് തദ്ദേശീയമായ വിശ്വാസങ്ങളും ആചാരങ്ങളും. ഇങ്ങനെയുള്ള നാട്ടാചാരങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് മലബാറിന്‍റെ തീരപ്രദേശങ്ങളില്‍ കണ്ണൂര്‍, തലശ്ശേരി, മാഹി, വടകര, കോഴിക്കോട് എന്നിവിടങ്ങളില്‍ വ്യാപകമായിരുന്ന മാതൃദായക്രമത്തിലധിഷ്ഠിതമായ കുടുംബവ്യവസ്ഥ. മലബാറിലെ ഇസ്ലാമിന്‍റെ വ്യാപനം ആദ്യഘട്ടത്തില്‍ പ്രധാനമായും നടന്നത് അറബികളും തദ്ദേശിയരായ മാതൃദായക്രമ സമുദായങ്ങളിലെ സ്ത്രീകളുമായുള്ള വിവാഹബന്ധങ്ങളിലൂടെ ആയിരുന്നു. ഇസ്ലാമും മരുമക്കത്തായവും സമാന്തരങ്ങളായ രണ്ടു സങ്കല്പങ്ങള്‍ ആയാണ് കരുതപ്പെടുന്നത്. കാതലിന്‍ ഗഫ്, ലീല ദുബെ, ഫോര്‍ബ്സ്, ബെന്‍ഡ ബെക്ക്മാന്‍ തുടങ്ങിയവരുടെ നരവംശ-സാമൂഹ്യശാസ്ത്ര പഠനങ്ങളില്‍ സ്ത്രീകേന്ദ്രിതമായ മരുമക്കത്തായ വ്യവസ്ഥ പിതൃമേധാവിത്വ ഇസ്ലാമിക കുടുംബ സങ്കല്പത്തിന് വിരുദ്ധമായ ഒരു വ്യവസ്ഥയായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇസ്ലാമിന്‍റെ ഉത്ഭവകാലത്ത് അറേബ്യയില്‍ നിലനിന്നിരുന്ന മാതൃദായ – മാതൃമേധാവിത്വ സങ്കല്പങ്ങളുടെ വര്‍ദ്ധിച്ച സ്വാധീനം പിതൃമേധാവിത്വ പിതൃദായ സങ്കല്പങ്ങള്‍ക്കൊപ്പം തന്നെ ഇസ്ലാമില്‍ നിലനിന്നിരുന്നു എന്ന് ഇസ്ലാമിലെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയവയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ഉദ്ധരിച്ച് എഹറന്‍ഫില്‍സ് നിരീക്ഷിക്കുന്നു. ഇന്ത്യന്‍ സമുദ്രതീരങ്ങളിലെ ശ്രീലങ്ക, ലക്ഷദ്വീപ്, ഇന്തോനേഷ്യ, മലേഷ്യ, വടക്കെ ആഫ്രിക്ക, മൊസാംബിക്, കോമറോസ് തുടങ്ങിയ പ്രദേശങ്ങളിലെ മാതൃദായക്രമം പിന്തുടരുന്ന ഇസ്ലാമിക സമുദായങ്ങളെ ഉദാഹരിച്ച് ഇസ്ലാമും മാതൃദായക്രമവും പരസ്പര വിരുദ്ധങ്ങളായിരുന്നില്ല എന്നും ഇസ്ലാമിന്‍റെ വ്യാപനത്തില്‍ മാതൃദായക്രമവും സ്ത്രീകളും വൈവാഹിക ബന്ധങ്ങളും എത്രമാത്രം പ്രധാനമായിരുന്നു എന്നും ലിയാസത്ത് ബൊനെയ്റ്റ് നിരീക്ഷിക്കുന്നു. ഇസ്ലാം, കുടുംബം, ലിംഗപദവി എന്നിവയെക്കുറിച്ചുള്ള പൊതുധാരണയില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ ലിംഗതുല്യമായ, കൂടുതല്‍ അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കിയിരുന്ന ഇത്തരത്തിലുള്ള മുസ്ലിം മാതൃദായ സമൂഹങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് സമീപകാലത്ത് കൂടുതല്‍ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ഏകശിലാത്മകമായ പിതൃമേധാവിത്വ ഇസ്ലാം എന്ന വാര്‍പ്പുമാതൃകാ സങ്കല്പത്തില്‍ നിന്നും വ്യത്യസ്തമായ പലതരത്തിലുള്ള ഇസ്ലാം (ങൗഹശേുഹല കഹെമാെ) ഏഷ്യയുടെ വിവിധ څഭാഗങ്ങളില്‍ നിലനില്‍ക്കുന്നതായി ഇന്ത്യന്‍ സമുദ്രതീരങ്ങളിലെ മാതൃദായക്രമ സമൂഹങ്ങളെ ഉദാഹരിച്ച് സെബാസ്റ്റ്യന്‍ പ്രാങ്കെ അഭിപ്രായപ്പെടുന്നു.
മലബാറിലെ മാപ്പിള മരുമക്കത്തായ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലെ മുസ്ലിം സ്ത്രീകള്‍ അനുഭവിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ അവകാശങ്ങളും സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. 1935 വരെ വിശാലമായ څഭൂവിടങ്ങളുടെയും പള്ളിڅഭൂമികളുടെയും ഉടമകളായിരുന്ന സ്ത്രീകളെ കുറിച്ച് ആര്‍.എല്‍.എസ്.ലക്ഷ്മിയും പള്ളിയുടെ മുതവല്ലി സ്ഥാനം ഉള്‍പ്പെടെയുള്ള ഉത്തരവാദിത്ത അധികാര സ്ഥാനങ്ങള്‍ വഹിച്ചിരുന്ന സ്ത്രീകള്‍ മലബാറില്‍ ഉണ്ടായിരുന്നതായി മഹമൂദ് കൂരിയയും നിരീക്ഷിക്കുന്നു. 1800 ല്‍ മലബാര്‍ ബ്രിട്ടീഷ് പ്രവിശ്യയായി മാറിയതിനുശേഷം നീതിന്യായ-څഭരണ അധികാരികള്‍ എന്ന നിലയില്‍ മരുമക്കത്തായ വ്യവസ്ഥ അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. അതിലുപരിയായി മാപ്പിളമാര്‍ക്കിടയില്‍ മാതൃ-പിതൃദായക്രമം പിന്തുടര്‍ന്നിരുന്ന കുടുംബങ്ങള്‍ തമ്മിലുള്ള വിവാഹങ്ങള്‍ സാധാരണമായിരുന്നതിനാല്‍ മാപ്പിള മരുമക്കത്തായ കേസുകള്‍ കൂടുതല്‍ സങ്കീര്‍ണ മായിരുന്നുവെന്ന് വില്യം ഹോളോവേ, ലെവിസ്മൂര്‍, ഹെര്‍ബര്‍ട്ട് വിഗ്രാം തുടങ്ങിയ ബ്രിട്ടീഷ് ജഡ്ജിമാരുടെ കേസ് റിപ്പോര്‍ട്ടുകളില്‍ നിന്നും വിശദമായ നിയമസംവാദങ്ങളില്‍ നിന്നും വ്യക്തമാകുന്നു. മലബാറിലെ മരുമക്കത്തായം ബ്രിട്ടീഷുകാരെ സംബന്ധിച്ച് څഅസ്വസ്ഥജനകവും സങ്കീര്‍ണ്ണവുമായതിനുകാരണം چ ബ്രിട്ടീഷുകാരുടെ ڇമാതൃകാ കുടുംബത്തെچ കുറിച്ചുള്ള സങ്കല്പങ്ങള്‍ വിക്ടോറിയന്‍ ആശയങ്ങളില്‍ അധിഷ്ഠിതമായിരുന്നു. ڇപ്രകൃതിദത്തچമായി ആണിനും പെണ്ണിനും നല്‍കപ്പെട്ട വ്യത്യസ്തമായ ലിംഗപദവികളും കര്‍ശനമായ പൊതു/ സ്വകാര്യ ഇടങ്ങളുടെ വേര്‍തിരിവും പുരുഷന്‍റെ ആനന്ദത്തിനും സുഖത്തിനും അനുയോജ്യമായ വിധത്തില്‍ നിര്‍ണയിക്കപ്പെട്ട ڇസ്ത്രൈണഗുണങ്ങളുംچ അടിസ്ഥാനപ്പെടുത്തിയുള്ള അവരുടെ പിതൃമേധാവിത്വ കുടുംബ സങ്കല്പത്തിന് വിരുദ്ധമായ വ്യവസ്ഥയായിരുന്നു മലബാറില്‍ അവര്‍ക്ക് കൈകാര്യം ചെയ്യേണ്ടിവന്നത്. അതിനുപുറമെ ڇഇസ്ലാമിക കുടുംബംچ എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ചുള്ള അവരുടെ സങ്കല്പവും, ഇസ്ലാമിനെ കുറിച്ചുള്ള ഓറിയന്‍റ്ലിസ്റ്റ് പരികല്പനയില്‍ നിന്നുള്ളതായിരുന്നു. അതില്‍ മാതൃദായക്രമമോ, മാതൃഗൃഹവാസമോ, മാതൃമേധാവിത്വമോ ഇസ്ലാമികമായിരുന്നില്ല. മറിച്ച് ഇസ്ലാമിക വിരുദ്ധമായിരുന്നു.
മാതൃദായക്രമം എന്നത് അപരിഷ്കൃതമായ ഒരു സമൂഹത്തിന്‍റെ അടയാളമായാണ് ബ്രിട്ടീഷുകാര്‍ കണക്കാക്കിയത്. കാരണം അന്ന് യൂറോപ്പില്‍ എല്ലാ വൈജ്ഞാനിക മണ്ഡലങ്ങളേയും സ്വാധീനിച്ച പരിണാമ സിദ്ധാന്തം നരവംശ ശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ പഠനങ്ങളെയും വളരെയധികം സ്വാധീനിച്ചിരുന്നു. ലെവിസ് ഹെന്‍റി മോര്‍ഗന്‍, ഹെന്‍റി സമ്മര്‍മെയ്ന്‍ തുടങ്ങിയ ചിന്തകര്‍ അവതരിപ്പിച്ച മനുഷ്യജീവിതത്തിന്‍റെ കുടുംബ -സാമൂഹ്യ പരിണാമഘട്ടങ്ങളില്‍ പ്രാകൃതജീവിതത്തില്‍ പിന്തുടരുന്ന വ്യവസ്ഥയായി മാതൃദായക്രമവും സാമൂഹ്യ പുരോഗതിയുടേതായ ഘട്ടത്തില്‍ സ്വീകരിക്കുന്ന പുരോഗമനപരവും ആധുനികവുമായ വ്യവസ്ഥയായി പിതൃമേധാവിത്വ കുടുംബവും അവതരിപ്പിക്കപ്പെട്ടു. അതുകൊണ്ടുതന്നെ ڇസ്വാഭാവികമായچ ലിംഗപദവികള്‍ക്ക് എതിരായ വ്യവസ്ഥിതി തകര്‍ക്കപ്പെടേണ്ടത് കാലഘട്ടത്തിന്‍റെയും പരിണാമ പ്രക്രിയയുടെയും അനിവാര്യതയാണ് അവര്‍ കണ്ടത്. മാത്രമല്ല, പൗരസ്ത്യ സമൂഹങ്ങളെ കുറിച്ചുള്ള ബ്രിട്ടീഷ് വീക്ഷണങ്ങള്‍ ഓറിയന്‍റലിസ്റ്റ് യുക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. പൗരസ്ത്യമായതിനെയെല്ലാം പരിഷ്കൃതരായ പാശ്ചാത്യസമൂഹത്തിന്‍റെ നേര്‍വിപരീതമായി പ്രതിഷ്ഠിക്കുന്ന ആ കൊളോണിയുക്തിയില്‍ കേരളത്തിലെ മാതൃദായ വ്യവസ്ഥയെ അവര്‍ സങ്കല്പിച്ചത് പാശ്ചാത്യ പിതൃമേധാവിത്വ കുടുംബവ്യവസ്ഥയുടെ നേര്‍ വിപരീതമായ മാതൃമേധാവിത്വ വ്യവസ്ഥയായാണ്.
ഇത്തരത്തില്‍ ڇഅസ്വസ്ഥകരവുമായ ڇസങ്കീര്‍ണവുമായ മരുമക്കത്തായ കേസുകളില്‍ തീര്‍പ്പുകല്‍പിക്കുക എന്നത് അവരെ സംബന്ധിച്ച് വളരെ ദുഷ്കരമായിരുന്നു. അതിനാല്‍ ഇത്തരം കേസുകളിലെ വിധിതീര്‍പ്പുകള്‍ക്ക്, അതായത് ഹിന്ദു മരുമക്കത്തായ കേസുകളില്‍ ബ്രാഹ്മണിക നിയമശാസ്ത്രങ്ങളെയും മാപ്പിള മരുമക്കത്തായ കേസുകളില്‍ ശരിഅത്ത് നിയമങ്ങളെയുമായിരുന്നു അവര്‍ കൂട്ടുപിടിച്ചത്. അതായിരുന്നു അവരെ സംബന്ധിച്ചിടത്തോളം എളുപ്പവും സ്വീകാര്യവും. കാരണം ബ്രാഹ്മണിക ശരിഅത്ത് കുടുംബ നിയമങ്ങള്‍ അവരുടെ കുടുംബ സങ്കല്പത്തോട് ചേര്‍ന്നു നില്‍ക്കുന്നതും ഐക്യപ്പെടുന്നതുമായിരുന്നു. ബ്രിട്ടീഷ് കോടതികള്‍ മരുമക്കത്തായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ തെറ്റിദ്ധാരണകളും ഇത്തരത്തിലുള്ള ഒരു വ്യവസ്ഥിതിയില്‍ അവര്‍ക്കുണ്ടായിരുന്ന അസ്വസ്ഥതകളും യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ വിദൂരമായ അവരുടെ ഓറിയന്‍റ് ലിസ്റ്റ് സങ്കല്പങ്ങളും ചേര്‍ന്ന് 20-ാം നൂറ്റാണ്ടിന്‍റെ ആരംഭമാവുമ്പോഴേക്ക് മരുമക്കത്തായം ഒരു പരിവര്‍ത്തനഘട്ടത്തിലൂടെ കടന്നുപോവുകയും ഒരു കാരണവ-പിതൃമേധാവിത്വ വ്യവസ്ഥ (അ്മിരൗഹമൃ ജമൃശേമൃരവ്യ) ആയി പരിണമിക്കുകയും ചെയ്തിരുന്നു എന്ന് ജി.അരുണിമ അഭിപ്രായപ്പെടുന്നു. കാരണം ബ്രിട്ടീഷ് കോടതി വ്യവഹാരങ്ങളില്‍ മരുമക്കത്തായ തറവാടുകളുമായി ബന്ധപ്പെട്ട കേസുകളില്‍ സ്വത്തിന്‍റെ അവകാശി എന്ന നിലയില്‍ ഏര്‍പ്പെടാനുള്ള അവകാശം കാരണവനു മാത്രമായി ചുരുക്കിയതും കാരണവ സ്ഥാനത്തിനുള്ള അവകാശം ഒരു ലിംഗപരമായ അവകാശമായി മാറ്റപ്പെട്ടതും ഇത്തരത്തിലുള്ള പടിപടിയായുള്ള നിയമ ഇടപെടലുകളിലൂടെയുള്ള സാമൂഹികമാറ്റമായി കാണാവുന്നതാണ്.
മരുമക്കത്തായത്തെ കുറിച്ചുള്ള ഈ ഒരു ബ്രിട്ടീഷ് ബോധ്യത്തില്‍ നിന്നുകൊണ്ടുതന്നെയാണ് മലബാറിലെ മാപ്പിളമാര്‍ക്കിടയില്‍ നിലനിന്നിരുന്ന സ്ത്രീസ്വത്തു തറവാടുകളെയും ബ്രിട്ടീഷ് കോടതി നിരീക്ഷിച്ചത്. സ്ത്രീകള്‍ കാരണവത്തികളായുള്ളതും തറവാട്ടിലെ പുരുഷന്മാര്‍ക്ക് ചെലവിന് ലഭിക്കും എന്നതല്ലാതെ മറ്റു കൈവശാവകാശമോ കര്‍ത്തൃത്വാവകാശമോ ഒന്നും തന്നെയില്ലാത്ത ഇത്തരം തറവാടുകള്‍ അംഗീകരിക്കാന്‍ കൊളോണിയല്‍ കോടതികള്‍ തയ്യാറായിരുന്നില്ല. ബ്രിട്ടീഷ് കോടതികളുടെ വീക്ഷണത്തില്‍ ഇത്തരം തറവാടുകള്‍, അതായത് സ്ത്രീക്ക് മാത്രമായി അവകാശങ്ങള്‍ പരിമിതപ്പെടുത്തിയിരുന്നവ., മലബാറില്‍ നിലവിലുണ്ടായിരുന്ന ആചാരങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. അതിനാല്‍ സ്ത്രീസ്വത്തുതറവാടുമായി ബന്ധപ്പെട്ട കേസുകളില്‍ പലപ്പോഴും തീര്‍പ്പുണ്ടായത് തറവാട്ടിലെ പുരുഷന്മാര്‍ക്ക് അനുകൂലമായാണ്. ഇത് കൊളോണിയല്‍ ഭരണത്തിന്‍റെ ആദ്യദശകങ്ങളില്‍ ഇത്തരം തറവാടുകള്‍ തകരുന്നതിന് കാരണമായി എന്ന് ഹമീദ് അലി അഭിപ്രായപ്പെടുന്നു. ബ്രിട്ടീഷ് കോടതിയുടെ ന്യായവിധികളുടെയും കൊളോണിയല്‍ ആധുനികതയുടെയും ഫലമായി രൂപപ്പെട്ട സാമൂഹ്യ മൂല്യവ്യവസ്ഥയും സാമ്പത്തിക മാറ്റങ്ങളും എല്ലാം ചേര്‍ന്ന ഒരു ചുറ്റുപാടില്‍ എല്ലാ സമുദായങ്ങളില്‍ നിന്നും മരുമക്കത്തായത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. ഇത്തരത്തിലുള്ള ഒരു പൊതുവായ പിതൃമേധാവിത്വ ആധുനിക കുടുംബ സങ്കല്പത്തിന്‍റെ സ്വീകാര്യതയുടെ പശ്ചാത്തലത്തിലാണ് മാപ്പിള മരുമക്കത്തായത്തിലും മാറ്റങ്ങള്‍ ഉണ്ടായത്.
നായര്‍ മരുമക്കത്തായ വ്യവസ്ഥയുമായി മാപ്പിള മരുമക്കത്തായത്തിന് നിരവധി സാമ്യതകള്‍ ഉണ്ടായിരുന്നുവെങ്കിലും സൂക്ഷ്മതലത്തില്‍ അത് വ്യത്യസ്തവുമായിരുന്നു. നായര്‍ മരുമക്കത്തായത്തിനെതിരെയുള്ള പ്രധാന വാദമുഖങ്ങളിലൊന്നായ ബ്രാഹ്മണ മേധാവിത്വത്തിന്‍റെയോ ലൈംഗിക അധികാര പ്രയോഗത്തിന്‍റെയോ പശ്ചാത്തലം മാപ്പിള മരുമക്കത്തായത്തിനുണ്ടായിരുന്നില്ല. പിന്നെ പൊതുവെ നായര്‍ തറവാടുകളിലെ യുവാക്കള്‍ക്കിടയില്‍ അന്ന് ആധുനിക വിദ്യാഭ്യാസം വ്യാപകമായിരുന്നതിനാല്‍ അവര്‍ക്കുണ്ടായ രീതിയിലുള്ള ഗവണ്മെന്‍റുദ്യോഗങ്ങള്‍ക്കായുള്ള ദൂരസ്ഥലത്തേക്കുള്ള വാസസ്ഥലമാറ്റങ്ങളും മാപ്പിളമാര്‍ക്കിടയില്‍ അത്ര സാധാരണമായിരുന്നില്ല. കാരണം, മാപ്പിളമാര്‍ പൊതുവെ കൊളോണിയല്‍ ഭരണത്തിന്‍റെ ആദ്യഘട്ടത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തോട് ആഭിമുഖ്യം കാണിച്ചിരുന്നില്ല. അവര്‍ കൂടുതലായും ഏര്‍പ്പെട്ടിരുന്നത് കച്ചവടത്തിലായിരുന്നു. കച്ചവടത്തിലെ ലാംഭ തറവാട്ടുസ്വത്തിനോട് ചേര്‍ക്കപ്പെട്ടിരുന്നു വെങ്കിലും വിപുലമായ കച്ചവട സംരംഭങ്ങളില്‍ മുതല്‍ മുടക്കാനുള്ള പ്രാപ്തി അവര്‍ക്ക് നല്‍കിയത് തറവാടുകളുടെ ശക്തമായ സാമ്പത്തിക അടിത്തറയായിരുന്നു. മാപ്പിള സ്ത്രീകള്‍ പൊതുവെ തറവാടിന്‍റെ സ്വത്തുടമസ്ഥതയുടെയും പിന്തുടര്‍ച്ചാവകാശത്തിന്‍റെയും കേന്ദ്രമായിരുന്നെങ്കില്‍ കൂടി നായര്‍ വ്യവസ്ഥയിലേതുപോലെയുള്ള ലൈംഗിക സ്വയം നിര്‍ണയാവകാശം മാപ്പിളസ്ത്രീകള്‍ക്ക് ഉണ്ടായിരുന്നില്ല. മാപ്പിള തറവാടുകളില്‍ പുരുഷനെ ഒരിക്കലും രണ്ടാം തരക്കാരന്‍ ആയി കണക്കാക്കിയിരുന്നില്ല. ഒരേ സമയം ആണിനും പെണ്ണിനും സ്ഥാനവും അന്തസ്സും ലഭിച്ചിരുന്ന ഒരു അധികാര വികേന്ദ്രീകൃത വ്യവസ്ഥയാണ് മാപ്പിള തറവാടുകളില്‍ നിലനിന്നിരുന്നത്. ഭാര്യവീട്ടില്‍ താമസിച്ചിരുന്നുവെങ്കിലും പുതിയാപ്പിളമാര്‍ എന്നറിയപ്പെട്ടിരുന്ന څഭര്‍ത്താക്കന്മാര്‍ക്ക് ബഹുമാന്യമായ ഒരു സ്ഥാനമായിരുന്നു څഭാര്യാകുടുംബങ്ങളില്‍ ഉണ്ടായിരുന്നത്. ഹിന്ദു മാതൃദായ കുടുംബങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു മാപ്പിള തറവാടുകളില്‍ പിതാവിന്‍റെ സ്ഥാനം. ഹിന്ദുതറവാടുകളില്‍ പിതാവ് കുടുംബതലവനാണെങ്കിലും സാമൂഹ്യ ചുമതലകള്‍ ഒന്നും നിര്‍വഹിച്ചിരുന്നില്ല. എന്നാല്‍ മാപ്പിള കുടുംബങ്ങളില്‍ പിതാവ് സ്ഥിരമായി വീട്ടില്‍ താമസിക്കുകയും څഭാര്യയുടെയും കുട്ടികളുടെയും ചെലവിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു. പിതൃമേധാവിത്വ ക്രമത്തിലെ സ്ത്രീയുടെ സംഘര്‍ഷാത്മകമായ വേഷപ്പകര്‍ച്ചകള്‍ ആരും കാര്യമായി പരിഗണിക്കാറില്ലെങ്കിലും മാതൃദായക്രമത്തിലെ പ്രധാന പ്രശ്നമായി നരവംശ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള പുരുഷന്‍റെ നിത്യജീവിതത്തിലെ ചുമതലകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ താരതമ്യേന കുറവായ, പുരുഷന്‍റെ അന്തസ്സും അധികാരവും ഏറെക്കുറെ പോറലേല്‍പിക്കാതെ നിലനിര്‍ത്തിയ ഒരു വ്യവസ്ഥിതിയായിരുന്നു മാപ്പിള തറവാടുകളില്‍ ഉണ്ടായിരുന്നത്.
പിന്നെ എന്തായിരുന്നു മാപ്പിള മരുമക്കത്തായത്തിനെതിരായി ഉയര്‍ന്നുവന്ന പ്രധാന എതിര്‍പ്പുകളുടെ പരിസരം? മറ്റുള്ള സമുദായങ്ങളിലെ മരുമക്കത്തായത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണമായ അടിസ്ഥാന കാരണങ്ങള്‍ നിലനില്‍ക്കുമ്പോള്‍തന്നെ മാപ്പിള മരുമക്കത്തായത്തിനെതിരെ ഉയര്‍ന്നുവന്ന എതിര്‍പ്പുകളില്‍ ഏറ്റവും പ്രധാനം അത് ڇഅനിസ്ലാമികവുംچچമതവിരുദ്ധവുംچچ ആണെന്നതായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലെ മാപ്പിള സാമൂഹ്യ പശ്ചാത്തലത്തില്‍ നിന്നാണ് അത്തരത്തിലുള്ള ഒരു വിമര്‍ശനം മരുമക്കത്തായത്തിനെതിരായി ഉയര്‍ന്നു വരുന്നത്. കൊളോണിയല്‍ ആധുനികതയും ആധുനിക വിദ്യാഭ്യാസവും അച്ചടിയുടെ പ്രചാരവും തല്‍ഫലമായുണ്ടായ മറ്റു ഇസ്ലാമിക സമൂഹങ്ങളിലെ നവോത്ഥാന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള തിരിച്ചറിവും മാപ്പിള സമുദായത്തിനുനേരെ ഉണ്ടായ ക്രിസ്ത്യന്‍ മിഷനറിമാരുടെയും ബ്രിട്ടീഷ് ഗവണ്മെന്‍റിന്‍റെയും ഇസ്ലാം മതവിരോധവും ഇസ്ലാമിനെതിരെയുള്ള രൂക്ഷവിമര്‍ശനങ്ങളും അതിന്‍റെ ഫലമായി ഒരു പ്രതിരോധമെന്ന നിലയില്‍ രൂപപ്പെട്ട സ്വന്തം സാംസ്കാരിക അസ്തിത്വത്തെ ശക്തിപ്പെടുത്താനുള്ള സാമുദായിക സ്വത്വരൂപീകരണശ്രമങ്ങളും ഒരു സമുദായമെന്ന നിലയില്‍ രാഷ്ട്രീയവും സാംസ്കാരികവുമായ ഇടങ്ങള്‍ സൃഷ്ടിക്കാനുള്ള താല്പര്യവും എല്ലാം ചേര്‍ന്നതായിരുന്നു ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലെ മാപ്പിള സാമൂഹ്യ പശ്ചാത്തലം എന്ന് വാന്‍ഡര്‍വീര്‍ നിരീക്ഷിക്കുന്നു. മാപ്പിള സമുദായത്തിന്‍റെ ഇസ്ലാമികവല്കരണ പ്രക്രിയ നടന്ന ഈയൊരു ഘട്ടത്തില്‍ മരുമക്കത്തായമുള്‍പ്പെടെ പല നാട്ടാചാരങ്ങളും ഇസ്ലാമികമല്ലാത്തതിനാല്‍ ചോദ്യം ചെയ്യപ്പെട്ടു.
മറ്റു സമുദായങ്ങളിലേതുപോലെ തന്നെ ആധുനിക വിദ്യാഭ്യാസം ലഭിച്ച സ്വന്തം സമൂഹത്തെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകളുള്ള യുവതലമുറയില്‍ നിന്നാണ് മരുമക്കത്തായ വ്യവസ്ഥയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ കൂടുതല്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ അതോടൊപ്പം തന്നെ മതപണ്ഡിതന്മാരുടെയും പിന്തുണ ഈ വാദങ്ങള്‍ക്ക് ലഭിച്ചിരുന്നതായി കാണാം. കാതലിന്‍ ഗഫ് നിരീക്ഷിക്കുന്നതുപോലെ കൊളോണിയല്‍ സമ്പദ് വ്യവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ തങ്ങള്‍ സമ്പാദിച്ച സ്വത്തുക്കള്‍ څഭാര്യയും മക്കളും ഉള്‍പ്പെടുന്ന കുടുംബത്തിന് കൈമാറാന്‍ ആഗ്രഹിക്കുന്ന, കൂടുതല്‍ വ്യക്തിവല്‍ക്കരിക്കപ്പെട്ട, യുവതലമുറയ്ക്ക് രക്തബന്ധത്തില്‍ അധിഷ്ഠിതമായ മാതൃദായകക്രമത്തേക്കാള്‍ വിവാഹബന്ധത്തിലധിഷ്ഠിതമായ കുടുംബ സംവിധാനം കൂടുതല്‍ പ്രിയങ്കരവും സ്വീകാര്യവുമായി മാറി. ആധുനിക വിദ്യാഭ്യാസത്തിലധിഷ്ഠിതമായ സാമൂഹ്യ കാഴ്ചപ്പാടുകള്‍ സ്വന്തം സമൂഹത്തെ കുറിച്ചുള്ള അവജ്ഞാബോധത്തിനും സ്വയം വിശകലനത്തിനുമുള്ള പ്രേരകങ്ങളായി മാറി. വിവിധ ജാതിമത സമുദായങ്ങള്‍ തങ്ങളുടെ സാമുദായിക സ്വത്വത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും ഒരു വ്യതിരിക്ത സമുദായമായി മാറാനും വ്യഗ്രത കാണിച്ചു. അന്നത്തെ സാമുദായിക സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ ഇതു മനസ്സിലാക്കാന്‍ കഴിയുന്നതാണ്.
മാപ്പിള സമുദായത്തിലും ഇത്തരത്തിലുള്ള ഒരു ഇസ്ലാമിക സാമൂഹിക സ്വത്വം രൂപപ്പെടുത്താനുള്ള ശ്രമം ഊര്‍ജിതമായി നടന്നു. ഈയൊരു ഘട്ടത്തില്‍ ഓരോ സമുദായവും കൊളോണിയല്‍ പൂര്‍വ്വഘട്ടത്തിലുണ്ടായിരുന്ന അയഞ്ഞതും അസ്പഷ്ടവുമായ അതിര്‍വരമ്പുകള്‍ക്കു പകരം പ്രത്യേക കളങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെടുകയും സാമുദായിക ചട്ടക്കൂടുകള്‍ പ്രബലമാവുകയും ചെയ്തു എന്ന് സുദീപ്ത കവിരാജ് നിരീക്ഷിക്കുന്നു. ഇത്തരത്തിലുള്ള സാമുദായിക ചട്ടക്കൂടുകളുടെ നിര്‍മ്മിതിക്കൊപ്പം തന്നെ പുരുഷതാല്പര്യങ്ങള്‍ക്കനുസൃതമായ പിതൃമേധാവിത്വ കുടുംബവും അടക്കവുമൊ തുക്കവുമുള്ള സ്ത്രീസങ്കല്പവും ഓരോ സമുദായത്തിന്‍റെയും അന്തസ്സിന്‍റെ അടയാളങ്ങളായി പ്രതീകവല്‍ക്കരിക്കപ്പെട്ടു. വിവിധസാമൂഹ്യ മതപരിഷ്കരണ പ്രസ്ഥാനങ്ങളുടെ ആശയങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഇത് നിരീക്ഷിക്കാന്‍ കഴിയുമെന്ന് പാര്‍ത്ഥാ ചാറ്റര്‍ജി അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള ചോദനകളില്‍ നിന്നാണ് മാപ്പിള മരുമക്കത്തായം എന്ന അനിസ്ലാമിക സംവിധാനത്തെ ഒഴിവാക്കാനും ഇസ്ലാമിക സ്വത്വത്തെ ശക്തിപ്പെടുത്താനുമുള്ളശ്രമങ്ങള്‍ ഉണ്ടാവുന്നത്. കുടുംബത്തിനകത്ത് കര്‍ത്തൃത്വ അധികാരവും തീരുമാനമെടുക്കുന്നതിലുമൊക്കെ സ്ത്രീക്ക് കുറേക്കൂടി പ്രാമുഖ്യമുണ്ടായിരുന്ന ഒരു വ്യവസ്ഥ അനഭിമതമാവുന്നത്.
മരുമക്കത്തായത്തിനെതിരായി സമുദായത്തില്‍ നിന്നും ഉയര്‍ന്നുവന്ന എതിര്‍പ്പുകള്‍ എത്രത്തോളം ശക്തമായിരുന്നെന്നും കുടുംബം, കുടുംബത്തിലെ സ്ത്രീയുടെ പദവി എന്നിവയെക്കുറിച്ച് അന്നത്തെ സ്വീകാര്യമായ സങ്കല്പങ്ങള്‍ എന്തായിരുന്നുവെന്നും മുസ്ലിം സമുദായത്തിലെ സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച മക്തിതങ്ങളുടെ പ്രസംഗങ്ങളിലും ലേഖനങ്ങളിലും നമുക്ക് നിരീക്ഷിക്കാവുന്നതാണ്. മരുമക്കത്തായത്തിനെതിരായി നിരവധി ലേഖനങ്ങളും ലഘുലേഖകളും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ڇچപാര്‍ക്കലീത്ത പോര്‍ക്കളംچچ എന്ന കൃതിയില്‍ അദ്ദേഹം ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ബ്രിട്ടീഷുകാരുടെ ശുഷ്കാന്തിയെ പുകഴ്ത്തുകയും മുസ്ലിങ്ങളുടെ ശ്രമം ഇല്ലാത്തതിനാല്‍ അവ പരാജയപ്പെടുന്നതിനെക്കുറിച്ച് പ്രസ്താവിക്കുകയും ചെയ്തു. ഇസ്ലാമില്‍ പുരുഷന് ഭാര്യയില്‍ പൂര്‍ണ്ണമായ അധികാരം അനുവദിക്കപ്പെട്ടിരുന്നുവെങ്കിലും ധനമോഹികളായ മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ പോലും തെറ്റു തിരിച്ചറിഞ്ഞിട്ടും ഇന്നും ڇچശങ്കരാചാര്യരുടെ ആചാരംچچ പിന്തുടരുന്നതിനെ കുറിച്ച് അദ്ദേഹം എഴുതി. ڇഭാര്യയെ ഭര്‍ത്താവായി സങ്കല്പിച്ചുകൊണ്ടുള്ള വ്യവസ്ഥയില്‍چ പുരുഷന്‍റെ നിസ്സഹായാവസ്ഥയെ കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നു. چനാരീനരാഭിചാരിچچ എന്ന ലേഖനത്തില്‍ മക്തിതങ്ങള്‍ കുടുംബത്തില്‍ സ്ത്രീയുടെ സ്ഥാനം എന്തായിരിക്കണം എന്നു പരാമര്‍ശിക്കുന്നു. വിവിധ മത പാരമ്പര്യങ്ങളുടെ താരതമ്യ പഠനത്തിലൂടെയും ڇچസ്ത്രീഎന്നതിനു പകരം മലയാളഭാഷയില്‍ പ്രയോഗത്തിലുള്ള നിരവധി പദങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് സ്ത്രീ എത്ര ഉന്നതിയിലായിരുന്നാലും പുരുഷന്‍റെ ആശ്രയത്തില്‍ കഴിയേണ്ടവളാണെന്ന് അദ്ദേഹം അടിവരയിടുന്നു. ആദാമിന്‍റെ വാരിയെല്ലിനാല്‍ സൃഷ്ടിക്കപ്പെട്ട സ്ത്രീക്ക് ഒരിക്കലും പുരുഷന് തുല്യയാവാന്‍ കഴിയില്ല. കൂത്തുപറമ്പിലെ (കണ്ണൂര്‍) ഷാദുലി പള്ളിയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം മരുമക്കത്തായത്തെ ڇچമൃഗങ്ങള്‍ പോലും ചെയ്യാത്ത ആചാരംچഎന്നാണ് വിശേഷിപ്പിച്ചത്.
കുടുംബത്തിന്‍റെ ഘടന, കുടുംബത്തില്‍ സ്ത്രീയുടെ പദവി എന്നിവ എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള മക്തിതങ്ങളുടെ ഈ കാഴ്ചപ്പാടുകളോട് ചേര്‍ന്നുനില്‍ക്കുന്നവയാണ് പൊതുവെ മറ്റു സമുദായങ്ങളിലെ പരിഷ്കര്‍ത്താക്കളുടെ ആശയങ്ങളും. നവോത്ഥാന കാലഘട്ടത്തില്‍ സ്ത്രീവിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പുരോഗമനപരമായ നിലപാടുകള്‍ അവതരിപ്പിക്കപ്പെടുമ്പോഴും ആത്യന്തികമായി സ്ത്രീ പിതൃമേധാവിത്വ കുടുംബ-സാമുഹ്യ വ്യവസ്ഥകളില്‍ കൂടുതല്‍ ചുറ്റിമുറുക്കപ്പെടുന്നതായി നിരീക്ഷിക്കാവുന്നതാണ്. എന്നാല്‍ മരുമക്കത്തായത്തെക്കുറിച്ചുള്ള മക്തിതങ്ങളുടെ ഇത്തരത്തിലുള്ള വാദമുഖങ്ങള്‍ക്ക് സമുദായത്തില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിച്ചിരുന്നില്ല. കണ്ണൂരില്‍ മരുമക്കത്തായത്തിനെതിരെ നടന്ന ഒരു മീറ്റിംഗില്‍ മക്തിതങ്ങള്‍ ആക്രമിക്കപ്പെട്ടു. എന്നാല്‍ ഈ വാദത്തെ അനുകൂലിക്കുന്നവരെയപേക്ഷിച്ച് എതിര്‍ക്കുന്നവരുടെ അംഗസംഖ്യ കുറവായിരുന്നു. ഇനി ഇതില്‍തന്നെ ആരുടെയെല്ലാം പ്രതികരണങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു എന്നതും അവര്‍ എന്തിനുവേണ്ടി പ്രതികരിച്ചു എന്നതും മറ്റൊരു വിഷയം. രേഖപ്പെടുത്തപ്പെട്ട പ്രതികരണങ്ങളില്‍ പ്രധാനമായി ഉയര്‍ന്നത്, സ്ത്രീഅവകാശങ്ങളുടെ നഷ്ടത്തെക്കുറിച്ചുള്ള സന്ദേഹങ്ങളായിരുന്നില്ല മറിച്ച് കാരണവര്‍ സ്ഥാനത്തിന്‍റെ നഷ്ടത്തെക്കുറിച്ചുള്ള ആശങ്കകളായിരുന്നു.
ഈയൊരു സാമൂഹ്യ പശ്ചാത്തലത്തിലാണ് മാപ്പിള മരുമക്കത്തായ കുടുംബ ഘടനയെ ഇസ്ലാമികവല്കരിക്കാന്‍ ഗവണ്മെന്‍റ് തലത്തിലുള്ള ഇടപെടലിനായി ആവശ്യം ഉയര്‍ന്നുവന്നത്. ഇതിനുവേണ്ടിയുള്ള ആദ്യ ഇടപെടല്‍ നടത്തിയത് കണ്ണൂരിലെയും പരിസരപ്രദേശങ്ങളിലെയും മാപ്പിളമാരാണ്. മുസ്ലിം കുടുംബങ്ങളിലെ പിന്തുടര്‍ച്ചാവകാശം ഇസ്ലാമിക-ശരിഅത്ത് നിയമപ്രകാരം ആക്കണമെന്നതിനുള്ള ഒരു നിവേദനമാണ് അവര്‍ മലബാര്‍ കലക്ടര്‍ക്ക് സമര്‍പ്പിച്ചത്. ഇതില്‍ തീരുമാനമെടുക്കുന്നതിന്‍റെ څഭാഗമായി കലക്ടര്‍ വിശദമായ ഒരു അഭിപ്രായ സമാഹരണം നടത്തി. ഇതിനായി അഞ്ചരക്കണ്ടി, അഴീക്കല്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, കോട്ടയം, കുറുമ്പ്രനാട് തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തിയ മീറ്റിംഗുകള്‍ ആളുകളുടെ വര്‍ധിച്ച പ്രാതിനിധ്യവും ഐക്യകണ്ഠേനയുള്ള തീരുമാനങ്ങളും കൊണ്ട് ശ്രദ്ധേയമായിരുന്നു. ഈ മീറ്റിംഗുകളിലെ മിനുട്ട്സുകള്‍ വ്യക്തമാക്കുന്നത് പല മീറ്റിംഗുകളിലും അധ്യക്ഷം വഹിച്ചത് മൗലവിമാരും ഖാസിമാരും ആയിരുന്നു എന്നതാണ്. മുഹമ്മദന്‍ നിയമത്തിന് എതിരായുള്ള ഈ സമ്പ്രദായം ആരെങ്കിലും പിന്തുടരുന്നുവെങ്കില്‍ അവര്‍ ڇچകാഫിര്‍چ (അവിശ്വാസി) ആകും എന്നുവരെയുള്ള പ്രഖ്യാപനങ്ങള്‍ ഈ മീറ്റിംഗുകളില്‍ ഉണ്ടായി. മലബാറിലെ ഡെപ്യൂട്ടി കലക്ടറായിരുന്ന കുഞ്ഞായന്‍റെ മീറ്റിംഗ് റിപ്പോര്‍ട്ടില്‍ അദ്ദേഹം വ്യക്തമാക്കുന്നത് മരുമക്കത്തായത്തിന്‍റെ പൂര്‍ണ്ണ നിരോധവും ഇസ്ലാമിക ശരിഅത്ത് വ്യവസ്ഥയുടെ കര്‍ശനമായ നടപ്പിലാക്കലും കൊണ്ടുമാത്രമേ മാപ്പിളമാര്‍ സംതൃപ്തരാകൂ എന്നാണ്. ചിറക്കല്‍ താലൂക്കില്‍ നിന്നുള്ള റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് മീറ്റിംഗില്‍ പങ്കെടുത്ത ഒരാള്‍ക്കും മരുമക്കത്തായത്തെ അനുകൂലിച്ച് ഒന്നും പറയാനുണ്ടായിരുന്നില്ല എന്നാണ്. എന്നാല്‍ ഈ പൊതുജനാഭിപ്രായ സമാഹരണ റിപ്പോര്‍ട്ടുകളില്‍ ചിലത്, ഉദാഹരണത്തിന് കുറുമ്പ്രനാട് തഹസില്‍ദാരുടെ റിപ്പോര്‍ട്ട്, പങ്കെടുത്തവരുടെ എതിരഭിപ്രായത്തെ കുറിച്ച് സൂചിപ്പിക്കുന്നു. എന്നാല്‍ ഭൂരിഭാഗം റിപ്പോര്‍ട്ടുകളും പൊതുവെ മരുമക്കത്തായത്തിനെതിരായുള്ള നിയമപരമായ നടപടികളുടെ ആവശ്യകതയെ അനുകൂലിച്ചുകൊണ്ടുള്ളതായിരുന്നു.
ഇത്തരത്തിലുള്ള വ്യാപകമായ സാമൂഹ്യ പിന്തുണയുടെ പശ്ചാത്തലത്തിലാണ് 1918 ലെ മാപ്പിള പിന്തുടര്‍ച്ചാവകാശ നിയമം പാസ്സാക്കപ്പെട്ടത്. ഇതനുസരിച്ച് മാപ്പിളമാരുടെ സ്വയാര്‍ജ്ജിത സ്വത്തുക്കള്‍ ശരിഅത്ത് നിയമപ്രകാരം മക്കള്‍ക്ക് കൈമാറാനുള്ള അനുവാദം നല്‍കപ്പെട്ടു. മുസ്ലിങ്ങളുടെ വ്യക്തിനയം ഇസ്ലാമികവല്കരിക്കുന്നതിനായുള്ള നിയമനിര്‍മ്മാണങ്ങളില്‍ ആദ്യത്തേതായിരുന്നു ഈ നിയമം. ഇത് മാപ്പിള തറവാടുകളുടെ സാമ്പത്തികമായ ഉന്നമനത്തിന് തടസ്സമാവുകയും ആത്യന്തികമായി മാപ്പിള തറവാടുകളുടെ തകര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു. മാപ്പിള ഒസ്യത്ത് നിയമം (1928), മാപ്പിള മരുമക്കത്തായ നിയമം (1939) എന്നിവയാണ് മറ്റു രണ്ട് പ്രധാന നിയമനിര്‍മ്മാണങ്ങള്‍. മാപ്പിള മരുമക്കത്തായ നിയമവുമായി ബന്ധപ്പെട്ട ബില്‍ മലബാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അവതരിപ്പിച്ചത് കാസര്‍ഗോഡ് താലൂക്കിന്‍റെ പ്രതിനിധിയായ ഷംനാദ് സാഹിബ്ബ് ആയിരുന്നു. ഈ ബില്ലിനെ കുറിച്ച് മുസ്ലിംലീഗ്/മജ്ലിസ് നേതാക്കള്‍ തമ്മില്‍ നടന്ന വാഗ്വാദങ്ങള്‍ സൂചിപ്പിക്കുന്നത് മാപ്പിള മരുമക്കത്തായ തറവാടുകളുടെ തകര്‍ച്ചക്ക് കാരണമാവുന്ന ഈ നിയമത്തിനെതിരെ സമുദായത്തില്‍ നിന്നുതന്നെ ഉയര്‍ന്നുവന്ന എതിരഭിപ്രായങ്ങളാണ്. എതിര്‍പ്പുകള്‍ക്കിടയിലും 1939 ലെ മരുമക്കത്തായ നിയമം പാസ്സാക്കപ്പെട്ടു. കുടുംബം സമുദായത്തിന്‍റെ അടിസ്ഥാന യൂണിറ്റായതുകൊണ്ടുതന്നെ മാപ്പിള സമുദായത്തിന്‍റെ ഇസ്ലാമികവല്ക്കരണത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പായിരുന്നു ഈ നിയമനിര്‍മ്മാണം. ആത്യന്തികമായി മാപ്പിള മരുമക്കത്തായത്തിന്‍റെ നിയമപരമായ തകര്‍ച്ചയ്ക്കും മാപ്പിള കുടുംബസ്ഥലിയെ ഇസ്ലാമിക നിയമങ്ങള്‍ക്കനുശസൃതമായി പുന:സംഘടിപ്പിക്കുന്നതിനും ഈ നിയമങ്ങള്‍ വഴിതെളിയിച്ചു. ബ്രിട്ടീഷ് കൊളോണിയല്‍ څഭരണകൂടത്തിന്‍റെ വിക്ടോറിയന്‍ സങ്കല്പത്തിലധിഷ്ഠിതമായ ഒരു ڇچആധുനികچچ കുടുംബ വ്യവസ്ഥ സാധ്യമാക്കാനുള്ള ശ്രമങ്ങളും നവോത്ഥാന ഭൂമികയില്‍ ഉയര്‍ന്നുവന്ന പിതൃമേധാവിത്വ കുടുംബസങ്കല്പവും ഇസ്ലാമികം/അനിസ്ലാമികം എന്നിവയുടെ നിരന്തരമായ സംവാദ പരിസരങ്ങളിലൂടെ ഉയര്‍ന്നുവന്ന ഇസ്ലാമിക സ്വത്വ രൂപവല്‍ക്കരണത്തിനനുയോജ്യമായ ڇഇസ്ലാമിക കുടുംബچ സങ്കല്പവും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിച്ചതിനാലാണ് ഈ മാറ്റം സാധ്യമായത്. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളില്‍ ലോകത്തിലെതന്നെ പല പ്രദേശങ്ങളിലും ഒപ്പം കേരളത്തിലെ മറ്റു സമുദായങ്ങളുടെ ഇടയിലുമുള്ള മരുമക്കത്തായ കുടുംബ വ്യവസ്ഥകളുടെ തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് മാപ്പിള മരുമക്കത്തായവും മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടത്.

1.Lewis More, Malabar Laws and Customs.
2. Hamid Ali, Custom and law in Anglo Muslim Jurisprudence.
3. Kathleen Gough, Mappilas of North Kerala in  Matrilineal kinship
4. Dr.L.R.S.Laxmi, Malabar Muslims : A Different Perspective.
5. Van der Veer, Religious Nationalism, Hindus and Muslims in India.
6. Sudipta Kaviraj, The imaginary institution of India, Subultern Studies, Vol.II.
7. Partha Chatterjee, The Nationalist Resolution of the Women’s Question., Recasting Women: Esssays in Colonial History.
8. Makthi Thangal, Parkaleetha Porkalam, Nari Narabhichari in Makthi Thangalude Sampoornakrithikal.
9. Letter by P.Kunjayan, Deputy Collector, Calicut dated Sept. 23, 1914.
10. Report of Tahsildar of Kurumbranad to the Sub Collector, Tellicherry, dated Feb. 13, 1915. KRA.

അസ്മ എം.പി.
ഗവേഷക, ചരിത്ര വിഭാഗം
കാലിക്കറ്റ് സര്‍വ്വകലാശാല

COMMENTS

COMMENT WITH EMAIL: 0