Homeചർച്ചാവിഷയം

മരയ്ക്കാര്‍ മുസ്ലിങ്ങളുടെ താവഴിക്രമം: വിഴിഞ്ഞത്തു നിന്നൊരു അനുഭവക്കുറിപ്പ്

 

ടല്‍ ഉപജീവനമാക്കുന്ന മത്സ്യതൊഴിലാളികളുടെ എണ്ണത്തില്‍ മുന്നിലാണല്ലോ തിരുവനന്തപുരം. അതില്‍ വിഴിഞ്ഞം എന്ന മത്സ്യഗ്രാമം കേരളത്തിന്‍റെ തന്നെ മത്സ്യ തൊഴിലാളി സമൂഹത്തിന്‍റെ പരിച്ഛേദമായി നമുക്ക് വിലയിരുത്താവുന്ന ഒന്നാണ്. ഈ പ്രസ്താവന പൊതുസമൂഹം സംശയത്തോടെ കാണുമെങ്കിലും വിഴിഞ്ഞത്തെക്കുറിച്ചു പരിചയപ്പെടുമ്പോള്‍ പറയുന്നത് കുറഞ്ഞ് പോകും എന്ന് തോന്നും തീര്‍ച്ച. മത്സ്യബന്ധനം ഉപജീവനമാക്കിയ ഈ ദേശവാസികളുടെ സാമൂഹിക ചുറ്റുപാടില്‍ കണ്ണോടിച്ചാല്‍ തന്നെ അത് വ്യക്തമാകും. ഈ മത്സ്യബന്ധന ഗ്രാമത്തില്‍ ഹിന്ദു മതത്തില്‍ പെട്ട മത്സ്യ തൊഴിലാളികളും ക്രിസ്തുമതത്തില്‍ പെട്ട മത്സ്യതൊഴിലാളികളും ഇസ്ലാം മതത്തില്‍പെട്ട മത്സ്യതൊഴിലാളികളും ഉണ്ട്. അതില്‍ തന്നെ ഓരോ മതത്തിലുമുള്ള മത്സ്യ ബന്ധനക്കാര്‍ വ്യത്യസ്തമായ ജാതിവ്യവസ്ഥ പോലും ഉള്ളവരാണ് എന്നതും സാമൂഹിക ശ്രേണീബന്ധങ്ങള്‍ സാമൂഹികമായി അരികുപുറങ്ങളില്‍ ജീവിക്കുന്നവര്‍ക്കിടയില്‍ ഉണ്ട് എന്നതും കാണാം. മറ്റൊരു പ്രത്യേകത ഈ വ്യത്യസ്ഥ വിഭാഗങ്ങള്‍ അവരുടെ വിഭാഗക്കാരുമൊത്ത് ഒരു കൂട്ടമായാണ് കഴിയുന്നത്. വിവാഹബന്ധങ്ങളിലും ഈ സ്വജാതി വംശമുറ തന്നെയാണ് അധികവും ഇപ്പോഴും സ്വീകരിച്ച് പോരുന്നത്. അതില്‍ ഏറ്റവും പ്രധാനം ഇവരില്‍ നല്ലൊരു ഭാഗം ഇപ്പോഴും വിവാഹം കഴിച്ച് താമസിക്കുന്നത് സ്ത്രീകളുടെ (ഭാര്യ) വീട്ടിലാണ് എന്നതാണ്. വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികള്‍ അതിനാല്‍ മാതൃദായസമ്പ്രദായം അഥവാ താവഴിക്രമം പുലര്‍ത്തിയിരുന്നവരാണ്, ഇപ്പോഴും നല്ലൊരു ശതമാനം ഇത് തുടരുന്നുമുണ്ട്. ഇസ്ലാംമത വിശ്വാസികളായ മരയ്ക്കാര്‍ വിഭാഗത്തില്‍ പെടുന്ന മത്സ്യതൊഴിലാളികളുടെ താവഴിക്രമത്തെ കുറിച്ചാണ് ഈ ചെറുകുറുപ്പില്‍ വിശദീകരിക്കുന്നത്.
ഹിന്ദു മത്സ്യതൊഴിലാളികളില്‍ നുളയര്‍, അരയര്‍ എന്നിവരാണ് ഇവിടെ ഉള്ളത്. എന്നാല്‍ കാലക്രമേണ ഇവര്‍ വിഴിഞ്ഞത്തിന്‍റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് മാറി. ചിപ്പി തൊഴിലാളികളും, കട്ടമരത്തില്‍ പോകുന്ന തീരക്കടല്‍ മീന്‍പിടുത്തം, കരമടി വളക്കള്‍(കമ്പവല ഉപയോഗിച്ചുള്ള മീന്‍പിടുത്തം) മുതലായവയാണ് ഇവരുടെ പ്രധാന തൊഴിലുകള്‍. ചെറിയ തോതില്‍ പുലയസമുദായത്തില്‍ പെട്ടവരും, നാടാര്‍ സമൂഹത്തില്‍ പെട്ടവരും ഈ പണിക്ക് ഇവരെ സഹായിക്കുന്നുണ്ട്. പ്രത്യേകിച്ചും തട്ടുമടി അഥവാ പാറുപൂവുക, ചിപ്പിപണി മുതലായവ. ഇപ്പോള്‍ ഇവരുടെ ഇടയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവരുടെ എണ്ണം വളരെ കുറവാണ്. വിഴിഞ്ഞത്തിന്‍റെ വടക്ക് കിഴക്ക് ഭാഗത്ത് ക്രിസ്ത്യന്‍ മുക്കുവര്‍ താമസിക്കുന്ന തുറൈകുടിയും, കരിമ്പള്ളികരയും, കോട്ടപ്പുറവും, പള്ളിതുറയും, കുരിശടിയും, തുപ്പാഷിക്കുടിയും തുടങ്ങി വിവിധ മേഖലയില്‍ വ്യത്യസ്തമായ ക്രിസ്തീയമുക്കുവരെ നമുക്ക് കാണാന്‍ കഴിയും. കുഞ്ചുവരും തക്യാട്ട്കാരും തമ്മിലുള്ള കലഹങ്ങളും മറ്റും ഗോത്രങ്ങള്‍ തമ്മിലുള്ള വൈരാഗ്യം പോലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്.
ഇസ്ലാംമതത്തില്‍പ്പെട്ട മത്സ്യതൊഴിലാളികള്‍ വിഴിഞ്ഞത്തിന്‍റെ തെക്കുഭാഗത്താണ് ഉള്ളത്. മുഹിയുദ്ധീന്‍ പള്ളിയുടേയും വലിയപള്ളിയുടേയും ചുറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. കീളാപ്പുറം എന്നറിയപ്പെട്ടിരുന്ന എട്ട് തെങ്ങ് തോപ്പും, ചെന്നവിളാകം, പള്ളിവിളാകം, പുതുവല്‍, പട്ടാണിക്കോളനി, മേലാപ്പുറം എന്നറിയപ്പെട്ടിരുന്ന മതിപ്പുറവും, മൈലാഞ്ചിക്കല്ല്, ലബ്ബ വിളാകം, ആലിയന്നു വിള, വലിയപറമ്പ്, കപ്പച്ചാല, ചെറിയമണ്ണ് തുടങ്ങി വിവിധ സ്ഥലങ്ങളായാണ് ഇവിടം അറിയപ്പെടുന്നത്. ഇതില്‍ കീളാപ്പുറവും പള്ളിവിളാകവും പൂര്‍ണ്ണമായും ചെന്നവിളാകം ഭാഗികമായും ഇന്ന് ഇല്ല. 1995ലെ വിഴിഞ്ഞം കലാപത്തില്‍ പൂര്‍ണ്ണമായും കത്തിക്കപ്പെട്ട ഈ പ്രദേശം ഇന്ന് വിഴിഞ്ഞം തുറമുഖത്തിലെ മത്സ്യബന്ധന ഭാഗമാണ്. പുതിയ പോലീസ് സ്റ്റേഷന്‍ ഇപ്പോള്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ഇപ്പോള്‍ ടൗന്‍ഷിപ്പ് കോളണിയിലാണ് താമസം. ഹാര്‍ബര്‍ റോഡിന്‍റെ നിര്‍മ്മാണത്തിന്‍റെ ഭാഗമായി അറുപത്തിയഞ്ച് വര്‍ഷം മുന്‍പ് കുടിയൊഴിപ്പിക്കപ്പെട്ട മത്സ്യതൊഴിലാളികളെ പുനരധിവസിപ്പിച്ചത് വലിയവിള മുസ്ലിം കോളനിയിലാണ്. ചന്തവിളാകം, പൊട്ടിവിളാകം എന്നീ സ്ഥലങ്ങളെ സര്‍ക്കാര്‍ റോഡും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി ഏറ്റെടുത്തപ്പോള്‍ പുനരധിവസിപ്പിച്ചതാണ് വലിയപറമ്പില്‍. അതിനടുത്തുള്ള സ്ഥലത്താണ് ഇപ്പോള്‍ അദാനി പുനരധിവാസത്തിനായി അമ്പത് വീടുകള്‍ പണിതത്. ഇവിടത്തെ താമസക്കാര്‍ ജെന്രം പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ചപ്പോള്‍ കുടിയിറക്കപ്പെട്ടവരാണ്.
മുസ്ലിംസമുദായം രണ്ടുവിഭാഗമായി തിരിഞ്ഞായിരുന്നു കഴിഞ്ഞിരുന്നത്. ഒരു വിഭാഗം മത്സ്യബന്ധനം നടത്തുന്നവരുംമറ്റേത് വിപണനം നടത്തുന്നവരുമായിരുന്നു. ആലിയന്നു വിളാകം, ലബ്ബ വിളാകം, പള്ളിവിളാകം, ഭാഗികമായി ചെന്നവിളാകം എന്നിവിടങ്ങളിലാണ് പ്രധാനമായും മത്സ്യ കച്ചവടകാരായ മുസ്ലിങ്ങള്‍ അഥവാ വടക്കെപ്പുറംകാര്‍ താമസിച്ചിരുന്നത്. ഇവരില്‍ ലബ്ബ, ഒസാന്‍, മുതലായജാതി എന്ന് അവകാശപ്പെടുന്നവരും ഉണ്ട്. വിഴിഞ്ഞത്തെ മറ്റ് ഭാഗങ്ങളില്‍ മരയ്ക്കാര്‍ എന്ന് അറിയപ്പെടുന്ന മീന്‍പിടുത്തക്കാരാണ് ഉള്ളത്. പണ്ട് കാലങ്ങളില്‍ (3040) വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ കുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത് അനുസരിച്ചു നിര്‍ധനരായ മത്സ്യത്തൊഴിലാളികള്‍ ജമാത്തിനു ചെറിയ തുക നല്‍കി ജമാത്ത് ഭൂമിയില്‍ (മൈലാഞ്ചിക്കല്ല്, മതിപ്പുറം, ചെറുമണല്‍, കപ്പച്ചാല, എന്നിവിടങ്ങളില്‍) കുടിലുകെട്ടി താമസിച്ചു പോന്നിരുന്നു.
ഒരേ തുറയിലും പള്ളിയിലുമാണ് മരയ്ക്കാരും കച്ചവടക്കാരും കൂടിയിരുന്നത് എങ്കിലും ഇവര്‍ തമ്മില്‍ സാധാരണ ഗതിയില്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല. ജാതീയമായ മാറ്റിനിര്‍ത്തലുകളാണ് ഇതിന് അടിസ്ഥാനം. ഈ വേര്‍തിരിവ് രൂക്ഷമായതിന് ശേഷമാണ്, പ്രത്യേകിച്ചും 1960നു ശേഷം ഇവര്‍ രണ്ട് പള്ളിക്കാര്‍ ആകുകയും അത് പിന്നെ മൂന്ന് ജമാത്ത് ആയി മാറുകയും ചെയതു(വിഴിഞ്ഞത്തെ തെക്കുംഭാഗം, വടക്കുംഭാഗം, സെന്‍ട്രല്‍ ജമാഅത്തുകള്‍).ഈ വിഭജനത്തിന്‍റെ കാരണം പള്ളിയിലെ വലിയ ഉസ്താദ് (ഇമാം) ലബ്ബകളായ കച്ചവടക്കാരുടെതാണ് എന്ന വാദത്തെ എതിര്‍ത്തതാണ്. അന്ന് നാട്ടിലെ ഏറ്റവും വലിയ പണ്ഡിത പട്ടം കിട്ടിയ താഹിര്‍ മൗലവി മരയ് ക്കാര്‍ വിഭാഗത്തില്‍പെട്ടതാണ്. ഇദ്ദേഹവും മരക്കാര്‍ മുസ്ലിങ്ങളും വാദിച്ചത് ലബ്ബ എന്നത് പാണ്ഡിത്യം ആര്‍ജ്ജിക്കാന്‍ കഴിയുന്നതാണ് അത് ജന്മസിദ്ധമല്ല എന്നും ആര്‍ക്കും അത് സാധ്യമാകും എന്നതിനെ ചൊല്ലി തുടങ്ങിയ തര്‍ക്കങ്ങള്‍ ജമാത്തിന്‍റെ വിഭജനത്തിലേക്ക് കലാശിച്ചു. ഇതിനോട് പ്രതികരണമായി താഹിര്‍ മൗലവിയെ ഖുതുബയിലെ മിമ്പറില്‍ (വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തുന്ന സ്ഥലം) ആക്രമിക്കുകയും പ്രതികരണം എന്ന നിലയ്ക്ക് വലിയ ഭിന്നിപ്പും കോടതി കേസുമായാണ് ജമാഅത് പിളര്‍ന്നത്.
മരയ്ക്കാര്‍ക്കിടയിലെ വിവാഹങ്ങളും ദായക്രമങ്ങളും
ഓരോ കൂട്ടരും അതത് ജമാത്തുകളില്‍പെട്ടവര്‍തമ്മില്‍ മാത്രമേ വിവാഹം പാടുള്ളൂ എന്നതരത്തില്‍ ചട്ടങ്ങള്‍ കൊണ്ടുവരുകയും പിന്തുടരുകയും ചെയ്തു പോന്നു. ഇതിന് വപരീതമായി വെവ്വേറെ ജമാത്തുകളില്‍ നിന്നും (വിഴിഞ്ഞത്തിന് അകത്ത് നിന്നും) കല്യാണം കഴിക്കാന്‍ ശ്രമിച്ചത് പലപ്പോഴും കലഹങ്ങള്‍ക്ക് കാരണമായി. എന്നാല്‍ മരയ്ക്കാര്‍ മറ്റ് തുറകളിലെ മരക്കാരെയും കച്ചവടക്കാര്‍ മറ്റ് സ്ഥലങ്ങളിലെ കച്ചവടക്കാരേയും വിവാഹം കഴിക്കുന്നതില്‍ കുഴപ്പം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവര്‍ ജമാത്തിനു ഒരു നിശ്ചിത തുക സമ്മതത്തിനായി അടക്കേണ്ടതായുണ്ട്. കൊല്ലം,പെരുമാതുറ, പുതുക്കുറിച്ചി, ബീമാപള്ളി, പൂവാര്‍, തുടങ്ങി, തക്കല, തേങ്കാപട്ടണം, ഏര്‍വാടി, തൂത്തുക്കുടി വരെ നീളുന്ന വിവാഹബന്ധങ്ങളാണ് വിഴിഞ്ഞത്തെ മരക്കാര്‍മാര്‍ക്കുള്ളത്. മരക്കാര്‍ ബന്ധുത എന്നത് തെക്കന്‍ ഇന്ത്യയുടെ തന്നെ തീരങ്ങളെ ബന്ധിപ്പിക്കുന്നതാണ്. ലക്ഷദ്വീപിലും, സിലോണിലും മാല ദ്വീപിലുമെല്ലാം പടര്‍ന്ന ബന്ധുത കൂടി എഴുതപ്പെടാത്ത വാമൊഴിയില്‍ ഇവര്‍ക്കുണ്ട് എന്നത് സൂക്ഷ്മവും സ്ഥൂലവുമായ ചരിത്രത്തിന്‍റെ എഴുതപ്പെടാത്ത മുഖമാണ്. സൂക്ഷ്മമായ തരത്തില്‍ വിഴിഞ്ഞത്തെ മുസ്ലിം ജനസംഖ്യയില്‍ ഏറെയും കോവളം മുതല്‍ മുക്കോല വരേയുള്ള വലിയ ഒരു ഭൂപ്രദേശത്തേക്ക് മത്സ്യതൊഴിലാളികളും കച്ചവടക്കാരും ഇന്ന് പടര്‍ന്നിട്ടുണ്ട്.
ഒരാളുടെ കുടുംബത്തില്‍ വിവാഹം നടത്തുമ്പോള്‍ അവരുടെ വരുമാനം ജീവിതരീതി കുടുംബ മഹിമ (ഇത് പലപ്പോഴും അവരുടെ തൊഴില്‍ നൈപുണ്യവുമായി ബന്ധപ്പെട്ടിരുന്നു) എന്നിവ നോക്കുക പതിവായിരുന്നു. കാലഘട്ടത്തിന്‍റെ നിലവാരം അനുസരിച്ചും ആണ്‍കുട്ടിയുടെ അധ്വാന ശേഷിയും തൊഴിലിന്‍റെ നൈപുണ്യവും അനുസരിച്ചും ആയിരുന്നു സ്ത്രീധനം നല്‍കിയിരുന്നത്. മൂലൈക്കാര്‍ എന്ന് അറിയപ്പെടുന്ന മതിപ്പുറം മൈലാഞ്ചിക്കല്ല് എന്നിവയുടെ തെക്ക് ഉള്ള കടല്‍ പണിക്കാര നിപുണരായ മുങ്ങല്‍ വിദഗ്ദരും ചൂണ്ടപ്പണിയിലും, ചിപ്പി, ശംഖ്, മറ്റ്ഷെല്‍ മത്സ്യങ്ങള്‍ റാല്‍ (ലോബ്സ്ടര്‍) പിടിക്കുന്നതില്‍ വിദഗ്ദ്ധരുമായിരുന്നു. ഈ പണിചെയ്യുന്നതിനല്ല അധ്വാന ശേഷിയും നൈപുണ്യവും ആവശ്യമാണ്. ഇവര്‍ക്ക് പൊതുവില്‍ പണ്ട് കാലങ്ങളില്‍ വിവാഹത്തിനു വലിയ തോതിലുള്ള ഡിമാണ്ട് ആയിരുന്നു. അതിനാല്‍ തന്നെ നല്ല സ്ത്രീധനം നല്‍കി പുരുഷനെ വീട്ടിലേക്ക് കൊണ്ടുവരികയാണ് രീതി. സ്ത്രീധനം ഒരു തരത്തില്‍ പുരുഷനെ വളര്‍ത്തിയ കൂലി പോലെയാണ് പലപ്പോഴും താവഴി ക്രമത്തില്‍ നല്‍കിയിരുന്നത്. ഒരിക്കല്‍ സ്ത്രീയുടെ വീട്ടില്‍ പുതിയാപ്പിള ആയി വന്നാല്‍ അയാളുടെ അധ്വാനം പിന്നെ ഭാര്യക്കും കുടുംബത്തിനുമായിരുന്നു. അതിനാല്‍ തന്നെ സ്ത്രീധനം അവരുടെ ചിലവനുസരിച്ചു കാശും സ്വര്‍ണവും വെള്ളിയും പുരുഷന്‍റെ മാതാവിനും സഹോദരങ്ങള്‍ക്കും കൊടുത്ത് ഒഴിവാക്കിയിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. ഇങ്ങിനെ കൊടുക്കുന്ന പണവും, സ്വര്‍ണവും, വസ്തുവകകളും മഹല്‍ രജിസ്ട്രറില്‍ രേഖപെടുത്തി വയ്ക്കുന്നത് വിഴിഞ്ഞത്തെ രീതിയാണ്. സ്ത്രീകളുടെ അല്ലാതെ ഏതെങ്കിലും തരത്തില്‍ വിവാഹബന്ധം വേര്‍പെടുത്തുന്ന സാഹചര്യം ഉണ്ടായാല്‍ മഹല്‍ കമ്മറ്റിയില്‍ രേഖപെടുത്തിയ തുകയുടെ മൂന്നിരട്ടി നഷ്ടപരിഹാരം തുക നല്‍കേണ്ടതുണ്ട്. ഇത് ഇപ്പോഴും കര്‍ശനമായി പാലിക്കപെടുന്ന ഒരു സമ്പ്രദായമാണ്. അതിനാല്‍ തന്നെ വിവാഹമോചനങ്ങളുടെ നിരക്ക് തുലോം കുറവാണ്. സ്ത്രീകള്‍ക്ക് വിവാഹബന്ധത്തിലെ സ്ഥാനം വളരെ വലുതാണ്. ബഹുഭാര്യാത്വം മരയ്ക്കാ ര്‍ക്കിടയില്‍ ഇല്ലാതിരിക്കാനുള്ള കാരണം തന്നെ ഇതായിരികം. വൈവാഹിക ജീവിതത്തിനിടയില്‍ പങ്കാളി മരണപെട്ടാല്‍ സ്ത്രീകളും പുരുഷന്മാരും പുനര്‍വിവാഹം നടത്തുക പതിവാണ്. ഭാര്യയാണ് മരണപെട്ടതെങ്കില്‍ ഭാര്യക്ക് ഭര്‍ത്താവിന്‍റെ കുടുംബത്തിലുള്ള പുരുഷന്മാരെയോ അടുത്ത ബന്ധുക്കളെയോ മറ്റുള്ളവരേയോ വിവാഹം കഴിക്കുന്നതിന് ഒരു തടസ്സവും ഇല്ല. ഇതേ രീതി തന്നെയാണ് ഭാര്യ മരണപ്പെട്ടാല്‍ പുരുഷന്മാര്‍ക്കും ബാധകം.
സ്ത്രീധനത്തിന് പുറമേ നിര്‍ധനരായ പുരുഷന്‍റെ മാതാപിതാക്കള്‍ക്ക് വളര്‍ത്ത് കൂലിയായി വാര്‍ധക്യകാലം ചിലവിടുന്നതിനും പണം ക്രിസ്ത്യന്‍ മുക്കുവര്‍ക്കിടയില്‍ പതിവായിരുന്നു. എന്നാല്‍ ഇതിന്‍റെ അളവ് മരക്കാര്‍ മുസ്ലിങ്ങളുടെ ഇടയില്‍ അത്രവ്യാപകമല്ല. സ്ത്രീകള്‍ പുരുഷന്മാരുടെ വീട്ടുകാര്‍ക്ക് അങ്ങോട്ട് ധനം നല്‍കും എങ്കിലും വിവാഹത്തിനുശേഷം ഭാര്യയെ തൊടുന്നതിനു മുന്‍പ് മഹര്‍ നല്‍കുക എന്ന ഇസ്ലാമിക വിവാഹ പതിവ്മരക്കാര്‍ മുസ്ലിങ്ങളും അനുവര്‍ത്തിച്ചിരുന്നു. ഇസ്ലാമില്‍ നിര്‍ബന്ധമാക്കിയ കാര്യം ആണ് ഇത്. അതിനാല്‍ തന്നെ മഹര്‍സ്ത്രീയുടെ അധികാരവും അവകാശവുമാണ്. ഇവിടെ സ്ത്രീകള്‍ അത് കൃത്യമായി ചോദിച്ച് വാങ്ങുകയും അത് ഒരു കാരണവശാലും നഷ്ട്ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്യും.
പുരുഷന്മാരെ മഹറിനു കെട്ടിക്കുക എന്ന നാട്ടു നടപ്പ് കൂടി വിഴിഞ്ഞത്ത് പ്രകടമാണ്. സ്ത്രീധനം വാങ്ങാതെ പെണ്ണിന് മഹര്‍ അങ്ങോട്ട് കൊടുത്ത് കല്യാണം കഴിക്കുന്ന രീതിയാണ്. പലപ്പോഴും നേര്‍ച്ച എന്ന രീതിയിലാണ് പുരുഷന്‍റെ അമ്മ മകനെ കൊണ്ട് മഹര്‍ കല്യാണം നടത്തുന്നത്.
വിവാഹം കഴിഞ്ഞാല്‍ വധു വരന്മാര്‍ വധുവിന്‍റെ വീട്ടിലാണ് തലമുറകളോളം താമസിക്കുക. പലകുടുംബങ്ങളും ഒരു കുടുംബവീട്ടില്‍ തന്നെയായിരുന്നു തലമുറകളോളം കഴിഞ്ഞു പോന്നിരുന്നത്. പെണ്‍മക്കള്‍ കല്ല്യാണശേഷം അമ്മവീട്ടിലുംആണ്‍മക്കള്‍ ഭാര്യവീട്ടിലും ആയിരുന്നു നൂറ്റാണ്ടുകളായി വിഴിഞ്ഞത്ത് താമസിച്ചിരുന്നത്. പില്‍ക്കാലത്ത് ഈ രീതിക്ക് മാറ്റംവന്നു എങ്കിലും ഇപ്പോഴും പഴയരീതികള്‍ തുടര്‍ന്നു പോകുന്നതും നമുക്ക് കാണാന്‍ സാധിക്കും. മുന്‍കാലങ്ങളില്‍ എല്ലാവരും കൂട്ടുകുടുംബമായി കഴിയുകയും മാറിതാമസിക്കുന്നതിനെ കുറിച്ചു ചിന്തിക്കുക പോലും ഉണ്ടായിരുന്നില്ല എന്നതായിരുന്നു മരക്കാര്‍ ചരിത്രമായി ഞങ്ങളെ പഠിപ്പിച്ചിരുന്നത്. ആധുനീകതയുടെ വരവോടെ അതിനും മാറ്റങ്ങള്‍ വന്നു തുടങ്ങി. അവകാശങ്ങള്‍ പെണ്മക്കള്‍ക്കും അവരുടെ മക്കള്‍ക്കും ആയിരുന്നു. പിന്നീട് അതിലും മാറ്റം വന്നുതുടങ്ങി. പെണ്മക്കളുടെ അവകാശത്തെക്കാളും ആണ്മക്കള്‍ക്കായി അവകാശങ്ങള്‍. ഇവിടെ സ്ത്രീകള്‍ വീടിനുള്ളിലായിരുന്നു കഴിഞ്ഞിരുന്നത്, പുറത്തൊന്നും അധികം പോകാറില്ലായിരുന്നു. പിന്നെഅവിടെയും മാറ്റങ്ങള്‍ വന്ന് തുടങ്ങി. വിദ്യാഭ്യാസപരമായി മുന്നോട്ട് പോയതിനാല്‍ ആയിരുന്നു ഈമാറ്റങ്ങള്‍ ഉണ്ടായത്. ഇന്ന് പലമേഖലകളിലും സ്ത്രീകള്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ പല സമ്പ്രദായങ്ങളും പുതിയ രീതികളില്‍ പരിണമിച്ചുകൊണ്ടിരിക്കുന്നു.

മരയ്ക്കാര്‍ സമുദായവും താവഴി ആചാരങ്ങളും
എത്തരത്തിലാണ് മരയ്ക്കാര്‍ മുസ്ലിങ്ങള്‍ടയില്‍ താവഴി ഊട്ടി ഉറപ്പിക്കപ്പെട്ടത് എന്ന് അവിടത്തെ ആചാരങ്ങള്‍ മനസ്സിലാക്കിയാല്‍ തന്നെ വ്യക്തമാകും. പെണ്ണിന്‍റെ വീട്ടില്‍ നിന്നും ചെറുക്കന്‍റെ വീട്ടില്‍ വിവാഹം നിശ്ചയിക്കാന്‍ പോകും. വിവാഹാലോചന പലപ്പോഴും പെണ്ണിന്‍റെ വീടിലെ മുതിര്‍ന്ന സ്ത്രീകള്‍ ആയിരിക്കും നടത്തുക. “ചെറുക്കന് വല്ല സംബന്ധ ആലോചനയും വന്നോ?” അല്ലെങ്കില്‍ ‘പെണ്ണിന് വല്ല സംബന്ധവും ആലോചിക്കുന്നുണ്ടോ?’ എന്നുള്ളതാണ് പ്രധാന ചോദ്യം. പുരുഷന്‍റെ വീട്ടില്‍ നിന്നും പെണ്ണിന്‍റെ വീട്ടിലേക്കാണ് മറ്റെല്ലാ ചടങ്ങുകളും, അതിന്‍റെ ചിലവുകള്‍ പെണ്‍വീട്ടുകാരായിരുന്നു വഹിച്ചിരുന്നത്. മൈലാഞ്ചി ഇടീക്കല്‍ അതിന് ശേഷം ആയിരുന്നു വിവാഹ ചടങ്ങുകള്‍.
മൈലാഞ്ചിയോടൊപ്പം തന്നെ മുഖം മിനുക്കല്‍ എന്ന പരിപാടിയുണ്ട്. കല്യാണ ചെറുക്കന്‍റെ സഹോദരിമാര്‍ കൂടെ കൊണ്ടുവരുന്ന ഒസാത്തി കല്യാണപ്പെണ്ണിന്‍റെ മുഖത്തുള്ള അനാവശ്യ രോമങ്ങള്‍ കത്തികൊണ്ട് വടിച്ചു മാറ്റി കോഴിമുട്ടയും വെളിച്ചെണ്ണയും തേങ്ങാപാലും കുഴമ്പ് രൂപത്തിലാക്കി പെണ്ണിന്‍റെ മുഖം മിനുക്കി സുന്ദരിയാക്കുന്ന ചടങ്ങാണ് ഇത്. ഇതിന് ശേഷം കല്യാണ പെണ്ണിനെ കുളിപ്പിച്ച് ഒരുക്കുന്ന ചുമതല കല്യാണ ചെറുക്കന്‍റെ സഹോദരിമാര്‍ക്ക് ആണ്. ഇതെല്ലാം കാണിക്കുന്നത് വീട്ടിലെ സ്ത്രീകള്‍ക്ക് സാമൂഹിക ആചാരങ്ങളില്‍ മാറ്റി നിര്‍ത്താനാവാത്ത പങ്കുണ്ട് എന്നാണ്. ആദ്യകാലത്ത് ഈ ചടങ്ങുകള്‍ ഒരേ ദിവസം ആയിരുന്നു. വൈകുന്നേരം മൈലാഞ്ചിയും രാത്രി വിവാഹവും എന്ന രീതിയില്‍ ആയിരുന്നു. എന്നാല്‍ കാലത്തിനനുസരിച്ച് ചടങ്ങുകള്‍ രണ്ടു ദിവസം എന്ന കണക്കിനായി മാറി. ചിലവ് അധികരിച്ചു. പഴയ കാലത്ത് സ്ത്രീകളുടെ വീട്ടില്‍ തന്നെയായിരുന്നു പുരുഷന്മാര്‍ കല്യാണം കഴിച്ചു താമസിച്ചിരുന്നത് എന്ന് പറഞ്ഞല്ലോ. അത് ഇപ്പോള്‍ ചെറുക്കന്‍റെ വീട്ടിലേക്ക് സ്ത്രീകളെ വലിയ പാരിദോഷികങ്ങള്‍ നല്‍കി വിടുന്ന പുതിയ രീതിയിലേക്ക് മാറിയിട്ടുണ്ട്. ഈ മാറ്റം താവഴി ക്രമത്തില്‍ നിന്നും മാറിപ്പോകുന്ന ഒരു കാഴച്ചയാണ് അടുത്തകാല ചരിത്രം വഴി നമുക്ക് തുറന്ന് തരുന്നത്. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ അതിന് മാറ്റം വന്നു എന്ന് പറയുമ്പോഴും സ്ത്രീകളുടെ അരക്ഷിതാവസ്ഥയ്ക്ക് വഴിതുറക്കുന്ന രീതിയായാണ് പലപ്പോഴും സ്ത്രീകളെ കല്യാണം കഴിപ്പിച്ചയക്കല്‍ വഴി ഉണ്ടാകുന്നത്. എന്നാല്‍ പുരുഷന്മാരെ കല്യാണം കഴിച്ച് കൊണ്ടുവരുന്ന താവഴി ക്രമത്തിന്‍റെ നല്ലൊരു ഭാഗം ഇപ്പോഴും മുസ്ലിം മത്സ്യതൊഴിലാളികളായ മരയ്ക്കാര്‍ സമൂഹത്തിനിടയില്‍ ഉണ്ട് എന്നതിന് വിഴിഞ്ഞം പോലെ തന്നെ പെരുമാതുറയിലും, ബീമാപള്ളിയിലും, പൂവാറ്റും, തൂത്തുക്കുടിയിലും ചാവക്കാടും, കോഴിക്കോടും ഒക്കെ കാണാന്‍ കഴിയുന്നത് താവഴിക്രമമാണ് മത്സ്യബന്ധന മുസ്ലിങ്ങള്‍ക്കിടയില്‍ എന്നതിന് വ്യക്തമായ തെളിവാണ്.
അമ്മായി പൊന്ന്, മദിനി പൊന്ന് (മദനി ഭര്‍തൃ സഹോദരി), അളിയന്മാര്‍ക്ക് അച്ചാരം, താലി പൊന്ന്, വെള്ളം കുടി (ആഹാരവും പലഹാരവും കഴിപ്പിക്കുന്ന ചടങ്ങ്) മുതലായ ചടങ്ങുകള്‍ വിവാഹത്തില്‍ വിഴിഞ്ഞത്ത് പ്രധാനമാണ്. ഇപ്പോള്‍ ഇതില്‍ ചിലതില്‍ മാറ്റം വന്നിട്ടുണ്ട് ചിലത് തുടരുകയാണ്. അച്ചാരം എന്ന് പറയുന്നത് ചെറുക്കനെ കണ്ട് ഇഷ്ട്ടപ്പെട്ടാല്‍ നല്‍കുന്ന പ്രത്യേക പാരിദോഷികം നല്‍കല്‍ ചടങ്ങാണ്. മാല,മോതിരം എന്നിവ അവരവരുടെ കഴിവനുസരിച് കൊടുക്കുന്നു. അമ്മായി പൊന്ന് വിവാഹസമയത്തു കല്യാണ ചെറുക്കന്‍റെ അമ്മയ്ക്ക് കൊടുക്കുന്നതാണ് അത് വളരെ പ്രധാനമാണ്. മദനി പൊന്ന് വരന്‍റെ സഹോദരിമാര്‍ക്ക് കൊടുക്കുന്നതാണ്. എത്ര സഹോദരിമാരുണ്ടോ അതനുസരിച്ചാണ് കൊടുക്കുന്നത്. താലി പൊന്ന് കാശല്ലെങ്കില്‍ പൊന്നാണ് കൊടുക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇതെല്ലാം മുന്‍കാലങ്ങളില്‍ പ്രധാനം ആയിരുന്നു. വെള്ളം കുടി എന്നത് ആഹാരസാധാനങ്ങള്‍, പലഹാരങ്ങള്‍, കാശ്, സ്വര്‍ണം എന്നിവയും കൊടുക്കാറുണ്ട്. ഈ ചടങ്ങുകള്‍ പെണ്‍ വീട്ടുകാര്‍ വരന്‍റെ വീട്ടുകാര്‍ക്ക് ചെയ്തുകൊടുക്കുന്ന ചടങ്ങുകള്‍ ആണ്. ഇതിനൊന്നും വിഴിഞ്ഞത്ത് അധികം മാറ്റം വന്നിട്ടില്ല. ചിലതിന് കാലക്രമേണ ചെറിയ രൂപഭേദം വന്നിട്ടുണ്ട്. ഇത്തരം ആചാരങ്ങള്‍ കാണിക്കുന്നത് ഒരു പുരുഷനെ പെണ്‍വീട്ടിലേക്ക് കല്യാണം കഴിച്ചു കൊണ്ട് വരണമെങ്കില്‍ അയാളുടെ സഹോദരിമാരേയും അമ്മയേയും സ്വര്‍ണ്ണം നല്‍കി തൃപ്തിപെടുത്തണം എന്നാണ്.
വരന്‍റെ വീട്ടില്‍ നിന്നും വധുവിന്‍റെ വീട്ടില്‍ കൊടുക്കുന്ന ചടങ്ങുകളുമുണ്ട്. വരന്‍ വധുവിന്‍റെ വീട്ടില്‍ ആദ്യമായി വിവാഹശേഷം വരുമ്പോള്‍ കാല് കഴുകല്‍ നടത്തുന്നത് വധുവിന്‍റെ സഹോദരന്‍ ആണ്. തുടര്‍ന്ന് ചെറുക്കന്‍ അളിയന് മോതിരം കൊടുക്കുന്നതാണ് ചടങ്ങ്. കല്യാണ ശേഷം ചെറുക്കനു വധുവിന്‍റെ അമ്മ മധുരം കൊടുക്കല്‍ ചടങ്ങിന് ശേഷം വധുവിന്‍റെ അമ്മയ്ക്ക് വരന്‍ സ്വര്‍ണം കൊടുക്കുന്നത് ഇന്നും തുടര്‍ന്ന് പോരുന്നു. കൂടാതെ കല്യാണ ശേഷം മറു വീട് എന്ന ചടങ്ങില്‍ വധുവിനെ വരന്‍റെ വീട്ടിലേക്ക് വരന്‍റെ അമ്മയും സഹോദരിമാരും വരവേല്‍ക്കുന്ന ചടങ്ങുണ്ട്. ഈ ചടങ്ങില്‍ വരന്‍റെ ഗൃഹത്തില്‍ എത്തിയ വധുവിനെ സ്വര്‍ണ്ണം കൊണ്ടുള്ള ആഭാരണങ്ങളും മറ്റ് സമ്മാനങ്ങളും നല്‍കി വരന്‍റെ അമ്മയും സഹോദരിമാരും മാറ്റ് ബന്ധുക്കളും വരവേല്‍ക്കുന്നു. ഇതിന് ശേഷം വധുവിന്‍റെ ബന്ധുക്കള്‍ വന്നു പെണ്ണിനെ അവളുടെ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോകുന്നു. ആദ്യരാത്രി ചടങ്ങുകള്‍ ഇപ്പോഴും വിഴിഞ്ഞത്ത് പെണ്‍വീട്ടിലാണ് നടക്കുക. വിവാഹം കഴിഞ്ഞു നാല് ദിവസം വധു അവളുടെ വീടിന് പുറത്തിറങ്ങാന്‍ പാടില്ല ‘പുതുമണം പോകും വരെ പുറത്തിറങ്ങരുത്’ എന്നാണ് ആചാരം. ആദ്യകാലങ്ങളില്‍ മൂന്നാം കല്യാണം എന്ന ചടങ്ങ് ഉണ്ടായിരുന്നു.
വരന്‍റെ അമ്മയെ വധുവിന്‍റെ വീട്ടിലേക്കു സല്‍ക്കരിക്കുന്ന ചടങ്ങാണിത്. കോഴിക്കോട് കുറ്റിച്ചിറ ഭാഗത്ത്മരുമക്കത്തായ കുടുംബങ്ങളില്‍ ഇപ്പോഴും ‘അമ്മായി തക്കാരം’ എന്ന പേരില്‍ ഈ ആചാരം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വിഴിഞ്ഞത്ത് ഈ ചടങ്ങും നാലാം കല്യാണവും ഒരുമിച്ചാണ് ഇപ്പോള്‍ നടത്തുന്നത്. നാലാം കല്യാണത്തിനു വരന്‍റെ സഹോദരിമാര്‍ കോഴിമുട്ടയും വെളിച്ചണ്ണയും പട്ടുസാരികളും മറ്റും കൊണ്ട് വന്നു പെണ്ണിനെ കുളിപ്പിച്ച് ചെറുക്കന്‍റെ വീടിലേക്ക് കൊണ്ട് പോകുന്ന ചടങ്ങാണ് ഇത്. മൂന്ന് രാത്രികള്‍ വരന്‍റെ ഗൃഹത്തില്‍ താമസിച്ച ശേഷം വരന്‍റെ വീട്ടില്‍ വച്ചു നടത്തുന്ന എഴാം കല്യാണം എന്ന ചടങ്ങോടെ വധുവരന്മാര്‍ വധുഗൃഹത്തിലേക്ക് തിരിച്ചു പോകുന്നു. അതിനു ശേഷം ഒട്ടുമിക്ക ദമ്പതിമാരും ഭാര്യാഗൃഹത്തില്‍ തന്നെ ശിഷ്ട കാലം താമസിക്കുന്നു. ചില ആളുകള്‍ ഭാര്യവീട്ടില്‍ കുറച്ച് കാലം ഭാതൃ വീട്ടില്‍ കുറച്ച് കാലം എന്ന വിധേന ജീവിക്കുന്നു. കല്യാണപെണ്ണിന്‍റെ വീട്ടില്‍ താമസ്സിക്കുന്ന പ്രവണതയാണ് പൊതുവേ കണ്ടു വരുന്നത്. പ്രത്യേകിച്ചും കുഞ്ഞുങ്ങളായി കഴിഞ്ഞാല്‍ സ്ത്രീകള്‍ തങ്ങളുടെ സ്വന്തം വീട്ടില്‍ താമസ്സിക്കനാണ് താല്പര്യപെടുന്നത്. കല്യാണ സമയത്ത് വധുവിന് അവളുടെ കുടുംബ സ്വത്തില്‍ നിന്നും പതിച്ചു നല്‍കുന്ന സ്ഥലത്തോ അല്ലെങ്കില്‍ അത് വിറ്റ് പുതിയ സ്ഥലം വാങ്ങി അവിടെ പുതിയ വീട് നിര്‍മ്മിച്ച് താമസിക്കുന്ന രീതിയും സാധാരണമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ അവരുടെ അമ്മ വീട്ടില്‍ തന്നെ തലമുറകളോളം താമസിക്കുന്നതായി കാണാം.
കല്യാണം കഴിഞ്ഞു ഗര്‍ഭധാരണത്തിന് ശേഷം ഏഴാം മാസം അല്ലേല്‍ ഒമ്പതാം മാസം വയറ്റുനേര്‍ച്ച നടത്തുന്നത് പതിവാണ്. വയറ്റുനേര്‍ച്ച പെണ്‍വീട്ടില്‍ ആണ് നടക്കുന്നത് ഇരു കൂട്ടരും ചേര്‍ന്ന് ഒരു കല്യാണ പ്രതീതിയിലാണ് ഈ ചടങ്ങ് നടത്തുന്നത്. വയറ്റുനേര്‍ച്ചയില്‍ ഒത്തിരി ചടങ്ങുകള്‍ ഉണ്ട്, കന്നി കഴിയാത്ത പെണ്‍കുട്ടികള്‍ക്ക് കണ്മഷി, മൈലാഞ്ചി, പൂവ്, എണ്ണ, നെയ്യപ്പം, വെറ്റില, പാക്ക് എന്നിവ പയ്യന്‍റെ വീട്ടില്‍ നിന്നും ഏഴു പേര്‍ക്ക് പെണ്ണിന്‍റെ വീട്ടിലും, പെണ്ണിന്‍റെ വീട്ടില്‍ നിന്നും ഏഴു പേര്‍ക്ക് ചെറുക്കന്‍റെ വീട്ടിലും കൊടുക്കുന്നത് ഇന്നും പിന്തുടര്‍ന്ന് പോകുന്നു. ഭര്‍ത്താവിന്‍റെ സഹോദരി പെണ്ണിന്‍റെ മടിയില്‍ നെയ്യപ്പം നിറക്കുന്നതാണ് പ്രധാന ചടങ്ങ്.
പ്രസവാനന്തരം കുട്ടികളുടെ തലമുടി കളയല്‍, നൂലുകെട്ട് എല്ലാം പ്രധാന ചടങ്ങുകള്‍ ആണ്. കുട്ടികള്‍ ജനിച്ചാല്‍ ആണ്‍-പെണ്‍കുഞ്ഞുങ്ങള്‍ക്ക് സുന്നത്ത് നടത്തും. ആണ്‍ കുട്ടികള്‍ക്ക് 10 വയസിനുള്ളില്‍ സുന്നത്തു നടത്തുകയും പെണ്‍കുട്ടികള്‍ ജനിച്ചു 40 ദിവസത്തിനുള്ളിലും സുന്നത്തു നടത്തുക എന്നതാണ് രീതി. ഇത് ഇരുകൂട്ടരും ചേര്‍ന്നാണ് നടത്തുന്നത് എങ്കിലും പെണ്ണിന്‍റെ വീട്ടിലാണ് ചടങ്ങുകള്‍ അരങ്ങേറുന്നത്. ഇന്നും ഈ ചടങ്ങുകള്‍ക്ക് വല്യതോതിലുള്ള മാറ്റം ഒന്നും വന്നിട്ടില്ല. വിഴിഞ്ഞത്ത് ഇത് വളരെ പ്രാധാന്യത്തോടു കൂടിയാണ് അനുഷ്ഠിച്ചു പോകുന്നത്. ഇതു നടക്കാതിരുന്നാല്‍ സമൂഹം വളരെ മോശമായി ആ കുടുംബത്തെ ചിത്രീകരിക്കുകയും പലപ്പോഴും ഊരുവിലക്ക് പോലുള്ള കടുത്ത നടപടി പോലും നേരിടേണ്ടതായും വന്നിട്ടുണ്ട്. പെണ്‍കുട്ടികള്‍ വളര്‍ന്നതിന് ശേഷം വയസറിയിക്കല്‍ കല്യാണം. അതായത് പെണ്‍കുട്ടികള്‍ ഋതുമതി ആകുന്നതിന്‍റെ ആഘോഷമാണ് മറ്റൊരു ചടങ്ങ്. ഇത് മിക്കവാറും കേരള സമൂഹത്തില്‍ ഉള്ളതാണല്ലോ. എന്നാല്‍ ഋതുമതികളെ ഒരുക്കാനും മറ്റ് ചടങ്ങുകള്‍ ചെയ്യാനും അവകാശപ്പെട്ടത് അമ്മാവന്‍-അമ്മായിമാരുടെ മക്കള്‍ക്കാണ്. മരുമക്കത്തായമാണ് ഇവിടെ നിലനില്‍ക്കുന്നതിന്‍റെ ആദ്യ ഉദാഹരണമാണ് ഇത്.
പെണ്‍കുട്ടികളെ സഹാദരന്‍റെയോ സഹോദരിയുടെ മക്കളെ കൊണ്ടാണ് കൂടുതലും വിവാഹം നടത്തിയിരുന്നത്. അതായത് മരുമക്കളാണ് മക്കളെ മരയ്ക്കാര്‍ മുസ്ലിങ്ങളുടെ ഇടയില്‍ ഇന്നും വിവാഹം കഴിക്കുന്നത്. അതുവഴി സ്വത്തുക്കളും മറ്റും താവഴി വഴി അവര്‍ക്കിടയില്‍ തന്നെ നിലനിന്ന് പോകുന്ന വിവാഹ സമ്പ്രദായമാണ് വിഴിഞ്ഞത്തേത് എന്നതാണ് മറ്റൊരു പ്രധാന വിശേഷം. ഇങ്ങനെ ചെയ്യുന്നത് മൂലം ആണ്‍മക്കളുടെയും പെണ്‍ മക്കളുടെയും കുടുംബങ്ങള്‍ ഒരുമിച്ചു നില്‍ക്കാന്‍ എന്നും കഴിഞ്ഞിരുന്നു. വിഴിഞ്ഞത്തുള്ള മറ്റ് എല്ലാ സമുദായത്തിലും ഈ രീതി നല്ലതോതില്‍ ഇന്നും നിലനില്‍ക്കുന്നു. ആണ്‍കുട്ടികളുടെ സുന്നത്ത് കല്യാണമാണ് മരയ്ക്കാര്‍ മുസ്ലിങ്ങളുടെ ഇടയിലെ ഇന്നും തുടര്‍ന്ന് പോരുന്ന മറ്റൊരു പ്രധാന ആഘോഷം. ഈ സമ്പ്രദായത്തില്‍ ചേലാ കര്‍മ്മം നടക്കുന്ന ചടങ്ങിനു കാര്‍മികത്വം വഹിക്കുന്നത് അമ്മാവന്‍/അമ്മായിയുടെ മക്കളാണ് അഥവാ മച്ചാന്‍/അളിയന്‍മാരാണ്. മരണാനന്തര ചടങ്ങുകളിലും മക്കളെക്കാള്‍ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അവകാശപ്പെട്ടതും ഇപ്പോഴും മരുമക്കള്‍ക്കാണ്. ജനനം മുതല്‍ മരണം വരെയുള്ള എല്ലാ കര്‍മ്മങ്ങള്‍ക്കും കാര്‍മികത്വം വഹിക്കുന്ന മരുമക്കള്‍ സമ്പ്രദായം താവഴി ക്രമത്തിന്‍റെ ഊടും പാവുമാണ്. വിഴിഞ്ഞത്തെ മരയ്ക്കാര്‍ മുസ്ലിങ്ങളുടെ ആചാരങ്ങളില്‍ ഇതിന്‍റെ തുടര്‍ച്ച വല്യ രൂപഭേദങ്ങളില്ലാതെ ഇന്നും തുടരുന്നത് ഈ സമൂഹം കാലങ്ങളായി താവഴിക്രമത്തിലാണ് എന്നതിന് ഉദാഹരണമാണ്.

 

 

 

 

ഐഷ ബീവി
വിഴിഞ്ഞം സ്വദേശിനി

 

 

 

 

ഹമീദ സി. കെ.
കോഴിക്കോട്
സര്‍വകലാശാലയിലെ
സ്ത്രീപഠന വിഭാഗം അധ്യാപിക

COMMENTS

COMMENT WITH EMAIL: 0