Homeചർച്ചാവിഷയം

ഗോത്ര മെട്രിലീനിയുടെ ആണ്‍കോയ്മാ സമൂഹങ്ങള്‍

നിയമം വിഴുങ്ങുന്ന ആണ്‍കോയ്മകള്‍
2005 വര്‍ഷത്തില്‍ കേരളത്തിലെ സ്ത്രീകളെ നാളെ അത്യധികം സ്വത്വപരമായും സാമൂഹികപരമായും നിയമ പ്രതിസന്ധിയില്‍ ആഴ്ത്തുന്ന ഒരു തീരുമാനം ഒരു ഉത്തരവ് രൂപത്തില്‍ ജി. ഓ. എം എസ് (25) 2005 എന്നപേരില്‍ കേരളത്തില്‍ നിലവില്‍ വരികയുണ്ടായി. മിശ്രവിവാഹിതര്‍ ദമ്പതിമാരില്‍ കുട്ടിക്ക് മാതാപിതാക്കളില്‍ ആരുടെ വേണമെങ്കിലും ജാതിമതനില സ്വീകരിക്കാമെന്ന് 27 വര്‍ഷമായി നിലനിന്നിരുന്ന ഒരു ഉത്തരവിനെ റദ്ദ് ചെയ്തുകൊണ്ട്, ഇനിമേല്‍ ഹിന്ദു മുറപ്രകാരം കുട്ടിയുടെ ജാതിയായി പിതാവിന്‍റെ ജാതി മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന് ആ ഉത്തരവ് നമ്മളോട് പറഞ്ഞു. ഇതിലൂടെ ഒരു സമുദായം ആന്തരികമായി മെട്രിലീനിയോ പാട്രിലീനിയോ എന്നത് മറികടന്നു കൊണ്ട് സംവരണാനൂകൂല്യങ്ങളും വിദ്യാഭ്യാസം, ജോലി, എന്നിവ സംബന്ധിച്ച മറ്റു സകല ആനുകൂല്യങ്ങളും പുരുഷന്‍റെ സന്താനങ്ങള്‍ക്ക് മാത്രമാക്കി ചുരുക്കി.
അക്കാലത്തെ കണക്കുകള്‍ സൂചിപ്പിച്ചിരുന്നത് സംവരണാനുകൂല്യങ്ങള്‍ നൂറു ശതമാനം പട്ടിക സമുദായാംഗമായ കുട്ടികളെക്കാള്‍ മിശ്രവിവാഹിത ദമ്പതിമാരുടെ കുട്ടികള്‍ ആണ് ഭൂരിഭാഗവും ഉപയോഗിച്ച് പോന്നിരുന്നത് എന്നാണ്. ഇതിനെ കുറച്ചെങ്കിലും തടയിടുവാന്‍ ഈ ഉത്തരവ് കൊണ്ട് കഴിഞ്ഞിരുന്നു. എന്നിരുന്നാലും ഇത് പരിപൂര്‍ണ്ണമായും സ്ത്രീവിരുദ്ധമായ ഒന്നായിരുന്നുവന്നു പറയാതെ വയ്യ. പുനീത് റായ് വേഴ്സസ് ദിനേശ് ചൗധരി എന്ന സുപ്രീംകോടതി വിധിയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ഉത്തരവ് ഇറങ്ങിയത്. ഇതിനെതിരെ സുശക്തമായ പ്രക്ഷോഭങ്ങള്‍ ഒന്നുമുണ്ടായില്ല. ചെറിയ രീതിയിലുള്ള എതിര്‍പ്പുകള്‍ ഒറ്റക്കും മറ്റും ഉണ്ടായി. കുട്ടികളുടെ മേലുള്ള പദവി/ ജാതി തുടര്‍ച്ചകള്‍ക്കുള്ള അമ്മയുടെ അധികാരത്തെ ഈ ഉത്തരവ് നിയമകരമായി തന്നെ ഉല്ലംഘിച്ചു. കുട്ടികള്‍ അവരുടെ അച്ഛന്മാരുടെ സ്വത്തായി കണക്കാക്കപ്പെട്ടു. അവിവാഹിത അമ്മമാര്‍, ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളുടെ കുട്ടികള്‍, ലൈംഗികചൂഷണത്തിലൂടെ ഉണ്ടാകുന്ന കുട്ടികളെയൊക്കെയും ഇത് പ്രതികൂലമായി ബാധിച്ചു. തങ്ങളെ അംഗീകരിക്കാത്ത ഒരു പിതാവിന്‍റെ വംശപരമ്പരയെ പിന്തുടരാന്‍ ഇത് മനുഷ്യരെ നിര്‍ബന്ധിച്ചു. പല ദളിത് സമൂഹങ്ങളിലും ജാതികളിലും ഗോത്രങ്ങളിലും വംശപരമ്പരകള്‍ നിലനില്‍ക്കുന്നത് അവരുടെ അമ്മയിലൂടെയാണ്. ഇത്തരമൊരുത്തരവ് സമൂഹത്തിന്‍റെ അടിത്തട്ടിലെ ശ്രേണിയിലെ സമൂഹങ്ങളെയാണ് വളരെ സാരമായി തന്നെ ബാധിച്ചത്. പട്ടികവിഭാഗങ്ങളുടെ പ്രത്യേകിച്ചും ഗോത്രങ്ങളുടെ സാമൂഹ്യ നില പരിശോധിക്കുമ്പോള്‍ ഒരുപക്ഷേ അച്ഛനെക്കാള്‍ ഏറെ അമ്മയുടെ വഴിയാണ് കുഞ്ഞുങ്ങള്‍ പിന്തുടരുന്നതെന്ന് കാണാം. സഹ്യാര്‍ദ്രിഗോത്രങ്ങളിലും പ്രത്യേകിച്ച് നീലഗിരിഗോത്രങ്ങളിലും താവഴി തന്നെയാണ് പ്രമുഖം ആയിട്ടുള്ളത്. ചിലരെങ്കിലും യഥാര്‍ത്ഥത്തില്‍ അമ്മയുടെ ജാതിയാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത് എന്ന് പോലും വാദിച്ചു. പക്ഷെ ഗോത്രസമൂഹങ്ങളില്‍ നിന്നൊന്നും വളരെ ശക്തമായ ആവശ്യങ്ങളോ ശബ്ദങ്ങളോ ഉയര്‍ന്നതേയില്ല. ഗോത്രമതാവഴിയെന്ന സാമൂഹിക സംവിധാനം പുരുഷാധിപത്യത്തിനു കീഴിലായാതോ അതിനോട് സമരസപ്പെട്ട് സാമൂഹ്യക്രമങ്ങളെ ആണ്‍കോയ്മാ കാഴ്ചപ്പാടില്‍ കാണാന്‍ പഠിച്ചതോ ആയിരിക്കണം ഈ തണുപ്പന്‍ മട്ടിന് പുറകില്‍. നിരന്തര ശ്രമഫലമായി 2008 പുതിയൊരു ഉത്തരവ് ഉണ്ടായി. അമ്മയുടെ ജാതിയും കുട്ടിയ്ക്ക് നല്‍കാമെന്ന നില പുനഃസ്ഥാപിക്കപ്പെട്ടു. താവഴി എന്ന ഉദ്ഘോഷിയ്ക്കുന്ന ഒരു തട്ടില്‍ പോലും പാട്രിയാര്‍ക്കി / ആണ്‍കോയ്മ അതിന്‍റെ വിശ്വരൂപം കാണിച്ച ഒരു സന്ദര്‍ഭമായിരുന്നു അത്. സമൂഹത്തിന്‍റെ പല അടരുകളിലും മാനങ്ങളിലും പെണ്‍വഴി തുടരുമ്പോള്‍ തന്നെ പുരുഷാധിപത്യം അതിനെയെല്ലാം കീഴടക്കിയതായി കാണാം. നിയമങ്ങളില്‍ പോലും ഈ സ്ത്രീവിരുദ്ധത പ്രകടമായതിനു തെളിവാണിത്.

സ്ത്രീയുടെ പദവികളും അവകാശങ്ങളും
സമൂഹത്തില്‍ സ്ത്രീയുടെ കോയ്മയായ പെണ്‍കോയ്മ ഇന്നും ഹൈപോതെറ്റിക്കലായ ഒരു സങ്കല്പം മാത്രമാണ്. വംശപരമ്പരപഠനങ്ങളില്‍ കോയ്മ, അധികാരം, അധീശത്വം എന്നിവയിലേക്ക് ഒരു സമൂഹത്തെ നടത്തുന്ന പല ഘടകങ്ങളുണ്ട്. വംശപരമ്പരാവഴികള്‍ ഇണകളുടെ തിരഞ്ഞെടുപ്പ്, ഇണകളുടെ എണ്ണം, വിവാഹ ശേഷമുള്ള താമസസ്ഥലത്തിന്‍റെ തെരഞ്ഞെടുപ്പ് സ്വത്തിന്‍റെ കൈമാറ്റം അഥവാ ദായക്രമം, സ്വത്തിന്മേലുള്ള അവകാശം വിവാഹമോചനം, പുനര്‍വിവാഹമെന്നതിനുള്ള സ്വാതന്ത്ര്യം, വിധവകളുടെ പദവി ഇവയെല്ലാം ഇതില്‍ ചിലതാണ്. വളരെ പരന്ന ഉപരിതലത്തില്‍ അതില്‍ നമുക്ക് ഇതിനെ സൂക്ഷ്മമായി വായിക്കുകയോ വ്യാഖ്യാനിക്കുകയും ചെയ്യേണ്ടതില്ല. അതുകൊണ്ടുതന്നെ പലപ്പോഴും ആളുകള്‍ മെട്രിയാര്‍ക്കി, മെട്രിലീനി, മാട്രിലോക്കല്‍ എന്നീ സജ്ഞകളെയൊക്കെ ഒന്നായി തെറ്റിദ്ധരിക്കുകയും വ്യാഖ്യാനിക്കുകയും ഉപയോഗിക്കുകയും ചെയ്തു കണ്ടിട്ടുണ്ട്. മലയാളത്തില്‍ വളരെ കൃത്യമായ ബദല്‍ പദങ്ങള്‍ ഇവയ്ക്കായി ഇല്ല.

മെട്രിയാര്‍ക്കി v/s മെട്രിലിനി
മെട്രിയാര്‍ക്കി/പെണ്‍കോയ്മ/ സ്ത്രീയാധിപത്യം
പരിപൂര്‍ണവും സമ്പൂര്‍ണവുമായ അധീശത്വവും അധികാരവും സ്ത്രീകളില്‍ നിക്ഷിപ്തമാവുന്ന തരം സാമൂഹികക്രമാണ് പെണ്‍കോയ്മ. സാമ്പത്തികമായ വ്യവഹാരങ്ങളിലുള്ള അധികാരം സ്ത്രീകള്‍ക്കായിരിക്കും. ദായം, ഓഹരി സ്വത്ത്, സമ്പത്ത് ഭൂമി എന്നിവ ഉപയോഗിക്കുന്നതും വ്യവഹാരം ചെയ്യേണ്ടുന്നതും എങ്ങനെയെന്ന് തീരുമാനിക്കാനുള്ള അധികാരവും സ്ത്രീകളില്‍ മാത്രം നിക്ഷിപ്തമായിരിക്കും. സ്ത്രീയില്‍ നിന്നും പുതുതലമുറ സ്ത്രീയിലേയ്ക്കിത് കൈമാറ്റം ചെയ്യപ്പെടുന്നു. സാമൂഹികവും രാഷ്ട്രീയപരവുമായ അധികാരവും ഇണകളെ തിരഞ്ഞെടുക്കാനുള്ള അധികാരവും വീട്ടിലെ നിയമ ക്രമങ്ങളും നാട്ടിലെ നിയമക്രമങ്ങളും തീരുമാനിക്കാനുള്ള അവകാശവും സ്ത്രീയ്ക്ക് തന്നെയായിരിക്കും. അതാത് സാമൂഹ്യ സംവിധാനങ്ങളില്‍ മുതിര്‍ന്ന ഒരു സ്ത്രീ ഗ്രാമ അധികാരിയും ഗോത്രതലവനും കുലതലവനും ആവുന്നു. ഒരുതരത്തിലുമുള്ള വിലക്കുകള്‍ സ്ത്രീകള്‍ക്ക് പൊതുവെ ഉണ്ടായിരിക്കില്ല. പുരുഷന്മാര്‍ക്ക് ഇത്തരം സമൂഹത്തില്‍ പ്രത്യേകിച്ച് സ്ഥാനം ഉണ്ടായിരിക്കില്ല. എന്നാല്‍ മാട്രിയാര്‍ക്കി ഒരു സങ്കല്പസാമൂഹിക ക്രമമാണ്.

മെട്രിലീനി അഥവാ താവഴിക്രമം
വംശാവലിപരമ്പര എപ്രകാരം നിര്‍മ്മിക്കപ്പെടുന്നു എന്നതാണ് അടുത്ത കാര്യം. ഫ്രാറ്ററി, മോയിറ്റി, കുലം, വംശാവഴി എന്നിവ പരിഗണിക്കുന്നത് സ്ത്രീയിലൂടെയാണെങ്കില്‍ അത്തരം സമൂഹത്തിനെ നമുക്ക് മട്രിലീനിയല്‍ സമൂഹങ്ങളെന്നു വിളിക്കാം. സ്ത്രീയും അവളുടെ സന്താനങ്ങളുമടങ്ങുന്നതാണിതിന്‍റെ ഘടന. പെണ്‍വഴിയിലൂടെ മാത്രം വംശാവലിപരമ്പര വളരുന്നു. പലയിടങ്ങളിലും മെട്രിലീനിയെ മാതൃദായക്രമം എന്നു എഴുതിക്കാണാറുണ്ട്. എന്നാല്‍ അത് ദായം അഥവാ തറവാട്ടില്‍ നിന്നും സ്വായത്തമാകുന്ന സമ്പത്തിന്‍റെ അടിസ്ഥാനത്തിലുള്ള ക്രമത്തെ സൂചിപ്പിക്കുന്നു. മട്രിലീനിയ്ക്കു ബദലായി താവഴി, തായ് വഴിക്രമം പെണ്‍വംശവഴി, മാതൃവംശാവഴി, അമ്മവഴിക്രമം എന്നിവ ഉപയോഗിക്കാനാണ് ഞാന്‍ താത്പര്യപ്പെടുന്നത്. അത് തന്തവഴി അഥവാ പാട്രിലീനിയില്‍ നിന്നും വ്യത്യസ്തമായി വംശവഴികള്‍ സ്ത്രീയില്‍ നിന്നും സ്ത്രീയിലേക്ക് കൈമാറുന്നു. കുടുംബം എന്നത് സ്ത്രീകളും അവരുടെ കുട്ടികളും അടങ്ങുന്ന സംഘം ആയിരിക്കും. ചാര്‍ച്ച എന്നത് സ്ത്രീകളിലും മക്കളിലും കൂടി നിലനില്‍ക്കുന്ന ഒന്നായിരിക്കും. ഒരു താവഴിക്കാര്‍ രക്തബന്ധമുള്ളവരാണെന്ന് കരുതുന്നു. പരസ്പരമുള്ള വിവാഹം നിഷിദ്ധമാണ്. പേറ്റുപുലകളും ചാവ് പുലകളും അമ്മവഴിമാത്രമുള്ള ബന്ധുക്കള്‍ക്കിടയിലെ ഉണ്ടാവുകയുള്ളു.

മാതൃദായക്രമം
എല്ലാ മട്രിലീനിയല്‍ കുടുംബാംഗങ്ങളും സ്വത്ത് കൈമാറുന്നത് സ്ത്രീയില്‍ നിന്നും സ്ത്രീയുടെ മക്കളിലേക്കും അവരിലെ സ്ത്രീകളില്‍ നിന്നും അവരുടെ മക്കളിലേക്കും ആയിരിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യ അവകാശമുണ്ടായിരിക്കും. എന്നാല്‍ ഇത് ആണ്കുട്ടിയില്‍ നിന്നും പുതു തലമുറയിലേക്കു കൈമാറുകയില്ല. ഈ മാതൃ ദായക്രമം/ തായക്രമം മരുമക്കത്തായം എന്നു പറയാറുണ്ട്. നായര്‍ മട്രിലീനിയിലാണ് ദായക്രമം മരുമക്കത്തായം എന്നറിയപ്പെടുന്നത്. സ്വത്ത് സ്ത്രീകളില്‍ നിന്നും സ്ത്രീകളിലേയ്ക്ക് പോകുമെങ്കിലും അധികാരി തറവാട്ടിലെ മുതിര്‍ന്ന പുരുഷന്‍ ആയിരിക്കും. അവനില്‍ നിന്നും ദായസ്വാം മരുമകനിലേയ്ക്ക് പോകുന്നു. മട്രിലീനിയല്‍ സമൂഹമാണെങ്കില്‍ പോലും സമ്പൂര്‍ണ്ണ സാമ്പത്തികഅധികാരം പുരുഷനിലാണ് നിക്ഷിപ്തമായിരിക്കുന്നത്. എല്ലാ സ്ത്രീകള്‍ക്കും ആളോഹരി അവകാശവും ആണ്‍കുട്ടികള്‍ക്ക് സ്വത്തിന്മേല്‍ പ്രത്യേക അധികാരവും ഉണ്ടായിരിക്കും. ഇത് ഓരോ മാതൃദായക്രമങ്ങളിലും വ്യത്യസ്തമാണ്. അതില്‍ സ്ത്രീകള്‍ക്ക് സ്വത്ത് ഉപയോഗിക്കാനോ സ്വേച്ഛയാല്‍ കൈമാറാനോ അവകാശം ഇല്ല. ഈ അവകാശം അവളുടെ മൂത്തമകന് ലഭിക്കുന്നു. സ്ത്രീയുടെ അടുത്ത തലമുറ പുരുഷനിലേയ്ക്ക് സ്വത്തധികാരം കൈമാറ്റം ചെയ്യപ്പെടുന്നു. നായര്‍, തച്ചനാടന്‍, കുറിച്യ എന്നീ സമുദായങ്ങള്‍ ഉദാഹരണം. ചില ഗോത്രങ്ങളില്‍ സ്വത്തിനെ ചലിക്കുന്നവ ചലിക്കാത്തവ എന്നിങ്ങനെ വിഭജിച്ച് ചലിക്കുന്നവ സ്ത്രീയ്ക്കും ചലിക്കാത്തവ / സ്ഥിരമായവ പുരുഷന്മാര്‍ക്കും നല്‍കി വരാറുണ്ട്. കന്നാലികള്‍ തുടങ്ങിയവ ചലിക്കുന്നവയും, ഭൂമി, വൃക്ഷങ്ങള്‍ തുടങ്ങിയ സ്ഥിരസമ്പത്തുകള്‍ പുരുഷന്മാര്‍ക്കും നല്‍കുന്ന തരം ദായക്രമങ്ങളും ഉണ്ട്. ഇടുക്കിയിലെ ഊരാളി ഗോത്രത്തില്‍ ഇത്തരത്തിലുള്ള ദായക്രമാണ് ഉണ്ടായിരുന്നത്.

താവഴിയിലെ അധികാരങ്ങള്‍
അധികാരം സമൂഹത്തില്‍ പലരീതിയില്‍ പ്രവര്‍ത്തിക്കുന്നു. സ്വത്ത് കൈകാര്യം ചെയ്യല്‍, കൂട്ടുകുടുംബത്തിലുള്ള ജോലി, ചെലവിനുള്ളവ എന്നിവ നല്‍കല്‍, സ്ത്രീകളുടെ അടുക്കള ജോലിയും അകമേ ജോലിയും തീരുമാനിക്കല്‍, ഭൂമി പാട്ടത്തിനു നല്‍കുന്നത്, അടിമകളിലെ അധികാരം, സ്ത്രീകളുടെ വിവാഹം തീരുമാനിക്കല്‍, ജീവിതചര്യകളിലെ അധികാരങ്ങള്‍, പെണ്‍പണം/ സ്ത്രീധനം കൈപ്പറ്റല്‍, താലികെട്ട് അധികാരങ്ങള്‍, ജനനവുമായും മരണവുമായും ദൈവീകവൃത്തികളുമായും ബന്ധപ്പെട്ട അധികാരങ്ങളും സ്ഥാനപദവികളും. താവഴിയില്‍ എപ്പോഴും ഈ അധികാരി ഏറ്റവും മുതിര്‍ന്ന പുരുഷനോ അല്ലെങ്കില്‍ വീട്ടിലെ മുതിര്‍ന്ന സ്ത്രീയുടെ മൂത്തമകനോ ആയിരിക്കും. മിക്കവാറും എല്ലാത്തരം അധികാരം നിക്ഷിപ്തമായിരിക്കുക. സ്വത്ത്, പദവി, ഇണയെ സ്വീകരിക്കല്‍ തുടങ്ങിയ ഒട്ടുമിക്കകാര്യങ്ങളില്‍ ഒക്കെയും ഈ പുരുഷകാരണവരുടെ, ഈ അധികാരിയുടെ തീരുമാനങ്ങളാണ്.

കേരളത്തിന്‍റെ താവഴി വംശപരമ്പരകള്‍
കേരളത്തിന്‍റെ താവഴി വംശപരമ്പരകളെക്കുറിച്ച് നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ട് ഉണ്ട്. കാതലീന്‍ ഗോ, റോബര്‍ട്ട് ജെഫ്രീ തുടങ്ങിയവരുടെ പഠനങ്ങള്‍ മുഖ്യധാരയിലെ സമുദായങ്ങളെ കുറിച്ചുള്ളതാണ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലെയും നായര്‍ സമുദായങ്ങളെകുറിച്ചും വടക്കന്‍ കേരളത്തിലെ അതിലെ തിയ്യ, മാപ്പിള സമുദായങ്ങളെ കുറിച്ചുമെല്ലാം വളരെ പ്രധാനപ്പെട്ട പഠനങ്ങളാണ് വന്നിട്ടുള്ളത്. കേരളത്തിലെ മാട്രിലീനിയല്‍ സമുദായങ്ങളെക്കുറിച്ച് കെ.ടി രവിവര്‍മ്മ തന്‍റെ മരുമക്കത്തായം എന്ന രണ്ട് വാല്യം പുസ്തകത്തിലൂടെ കേരളത്തിലെയും ലക്ഷദ്വീപിലേയും മരുമക്കത്തായത്തെക്കുറിച്ച് വിശദമായി പഠിച്ചിരിക്കുന്നു. എന്നാല്‍ ഗോത്രങ്ങള്‍ക്കിടയിലെ പെണ്‍വഴിക്രമങ്ങള്‍ അഥവാ മാട്രിലീനിയെക്കുറിച്ച് ഏറെ പഠനങ്ങളൊന്നും വന്നിട്ടില്ല. ആധുനികകാലത്ത് പലരീതിയില്‍ മെട്രിലീനിയല്‍ ആയ ഗോത്രാചാരങ്ങള്‍, കൂട്ടുകുടുംബങ്ങള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരികയോ ആചാരങ്ങളും രീതികളും നഷ്ടപ്പെട്ടു പോവുകയോ ചെയ്തിട്ടുണ്ട്. എന്നാലും ഇന്നും ചില ഗോത്രങ്ങളെങ്കിലും ചെറിയ മാറ്റങ്ങളോടുകൂടി മാറ്റ്രിലീനിയല്‍ വംശപരമ്പരാരീതി പിന്തുടരുന്നവരാണ്. സഹ്യാദ്രിയിലെ പ്രത്യേകിച്ച് നീലഗിരിയിലെ പല ഗോത്രങ്ങള്‍ക്കിടയിലും വ്യത്യസ്തമായ മട്രിലീനിയല്‍ സാമൂഹിക വ്യവസ്ഥകള്‍ കാണാം. ചില ഗോത്രങ്ങള്‍ പെട്രിലിനിയലായ് തുടരുമ്പോള്‍ അപൂര്‍വ്വം ചിലവ ദ്വി വംശാവഴികള്‍ അഥവാ ഡബിള്‍ ഡിസൈന്‍ സിസ്റ്റം പിന്തുടരുന്നതായി നമുക്ക് കാണാവുന്നതാണ്.

ഗോത്ര വംശാവഴികള്‍
കേരളത്തിലെ സുപ്രധാന ഗോത്ര മേഖലകള്‍ കാസര്‍ഗോഡ്, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം എന്നിവയാണ്. ഇവിടങ്ങളിലായി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 38 സമുദായങ്ങളും ഉള്‍പ്പെടാത്ത നാലഞ്ചു സമുദായങ്ങളുമായി കേരളജനസംഖ്യയുടെ 1.45% ത്തോളം ആളുകള്‍ ജീവിക്കുന്നു. നീലഗിരിയുടെ കേരളാ ഭാഗമായ വയനാട് ഗോത്ര മേഖലയില്‍ നിരവധി മട്രിലീനിയല്‍ ഗോത്രങ്ങള്‍ ഉണ്ട്. റാവുളേര്‍ (അടിയര്‍) മുള്ളുകുറുമര്‍, തച്ചനാടന്‍ മൂപ്പന്‍ കുണ്ടുവാടിയന്‍, കുറിച്യന്‍, വയനാട് കാടര്‍, എന്നീ ഗോത്രങ്ങളാണ് ഇതില്‍ പ്രധാനം. മുഖ്യവയനാടന്‍ ഗോത്രങ്ങളായ ബെട്ടക്കുറുബര്‍, പറ്റ്രിലീനിയല്‍ സമുദായമാണ്. എന്നാല്‍ അതീവ ദുര്‍ബല ഗോത്ര വിഭാഗമായ കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍ക്കിടയില്‍ കുലം പിരിവുകള്‍ ഉണ്ടായി വന്നിട്ടില്ല. ചെമ്മനം എന്ന് വിളിക്കുന്ന പ്രാദേശിക വിഭജനമാണ് അവര്‍ക്ക് പ്രധാനം. കാട്ടുനായ്ക്കരുടെ ചെമ്മാം പാട്രിലീനിയല്‍ സ്വഭാവത്തോട് കൂടിയതാണ്. കാസര്‍ഗോഡ്, കണ്ണൂര്‍ ഭാഗങ്ങളിലേയ്ക്ക് എത്തുമ്പോള്‍ മലവേട്ടുവര്‍, കൊറഗര്‍, മാവിലര്‍ എന്നിവരും മലപ്പുറത്ത് മലമുത്തന്‍ ഗോത്രവും ഇടുക്കിയിലാകട്ടെ മുതുവാന്‍, ഊരാളി, മലയരയ, മല ഉള്ളാടര്‍, മന്നാന്‍ എന്നീ ഗോത്രങ്ങളും തിരുവന്നതപുരത്ത് അഗസ്ത്യാര്‍കൂടത്തിലെത്തുമ്പോള്‍ കാണിക്കാര്‍ ഗോത്രങ്ങളുമാണ് പൂര്‍ണ്ണമായും മറ്റ്രിലീനി അഥവാ താവഴി വംശപരമ്പര ഗോത്രങ്ങള്‍. ഇതില്‍ തച്ചനാടന്‍ മൂപ്പന്‍, പണിയ എന്നീ ഗോത്രങ്ങള്‍ ഡബിള്‍ ഡിസൈന്‍ഡ് രീതി പിന്തുടര്‍ന്ന് വരുന്നു.

ബന്ധുവും പന്തിയും പെണ്‍ വഴി വംശപരമ്പരയുടെ കുറിച്യ മോയിറ്റികള്‍
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പെണ്‍വഴി കൂട്ടുകുടുംബമാണ് കുറിച്യരുടേത്. വേട്ടയും വനവിഭവ ശേഖരണവും മാറ്റകൃഷിയും കടന്നു കൂട്ടു സ്വത്തില്‍ സുസ്ഥിര കൃഷി നടത്തുന്ന ഗോത്രമാണിത്. സ്വാതന്ത്ര്യസമരകാലത്തിനും മുമ്പ് തന്നെ ആംഗ്ലോ- കുറിച്യയുദ്ധങ്ങളില്‍ ബ്രിട്ടീഷുകാരെ തുരത്തിയ പന്ത്രണ്ട് വര്‍ഷത്തെ സുദീര്‍ഘ യുദ്ധപാരമ്പര്യവും പഴശ്ശി സൗഹൃദവും ഈ ഗോത്രത്തിനു സ്വന്തം. കുറിച്യഗോത്രം വയനാട്ടിലും കണ്ണവം വനത്തിലുമായാണ് ജീവിക്കുന്നത്. ഇവര്‍ രണ്ടു വ്യത്യസ്ത ഉപഗോത്രങ്ങളായി കാണപ്പെടുന്നു. പരസ്പ്പര വിവാഹബന്ധം ഇല്ലാത്തവരാണ് ഈ ഉപഗോത്രങ്ങള്‍. രണ്ടു ഗോത്രങ്ങളും താവഴി ക്രമം പിന്തുടരുന്നവരുമാണ്.
വയനാടന്‍ കുറിച്യരുടെ സുശക്തമായ മാതൃകൂട്ടുകുടുംബവ്യവസ്ഥ ഇന്നും വലിയ മാറ്റമില്ലാതെ പിന്തുടരുന്നതായി കാണാം. മിറ്റം എന്നറിയപ്പെടുന്ന വീട് നാലുകെട്ട് മാതൃകയിലുള്ളതാണ്. തെക്കിനി, വടക്കിനി, കിഴക്കിനി, പടിഞ്ഞാറ്റിനി ചേര്‍ന്നുള്ള ഈ ഗോത്ര നിര്‍മ്മിതിയില്‍ കൂട്ടുകുടുംബത്തിന്‍റെ അതിവ്യത്യസ്തമായ ആര്‍ക്കിടെക്ച്വര്‍ മുഖം കാണാനാകും. ഇവിടെ അമ്മയില്‍നിന്നും മക്കളിലേക്കും പെണ്‍മക്കളില്‍ നിന്നും ചെറുമക്കളിലേക്കുമാണ് കുടുംബം പോകുന്നത്. എന്നാല്‍ കുടുംബത്തിന്‍റെ സമ്പത്തും അധികാരവും കൈകാര്യം ചെയ്യുന്നത് കുടുംബത്തിലെ മൂത്ത പുരുഷന്‍ തന്നെയാണ്. മട്രിലീനിയലായ ഈ സമൂഹം പൂര്‍ണ്ണമായും ആണ്‍കോയ്മയിലാണ് പ്രവര്‍ത്തിക്കുന്നത്.
നായര്‍ മാട്രിലീനിയില്‍ നിന്നും വിഭിന്നമായി ഇവര്‍ പിന്തുടരുന്നത് കെട്ടിപ്പകര്‍ച്ച വിവാഹരീതിയും താമസവുമാണ്. അവുങ്കു ലോക്കല്‍/ ഉക്സോറി ലോക്കല്‍ താമസ രീതി എന്നിതിനെ വിശേഷിപ്പിക്കാം. വിവാഹ ശേഷം വധു വരന്‍റെ ഒപ്പം പോകുമെങ്കിലും ആ വരന്‍ വധുവിനെയും കൊണ്ട് അയാളുടെ അമ്മാവന്‍റെ /അമ്മയുടെ തറവാട്ട് വീട്ടിലേക്കാണ് കൊണ്ടുപോകുന്നത്. വിവാഹശേഷം വധൂഗൃഹത്തില്‍ ദമ്പതികള്‍ താമസിയ്ക്കുന്ന സമൂഹങ്ങളേക്കാള്‍ അയവ് കുറഞ്ഞ രീതിയാണിത്. മാട്രിലോക്കല്‍ താമസത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന മട്രിലോക്കല്‍ താമസരീതി ആകുമ്പോള്‍ തന്നെ വധുവായസ്ത്രീയുടെ പരിപ്രേക്ഷ്യത്തില്‍ അത് പട്രിലോക്കലും ആകുന്നു. നായര്‍ മാട്രിലീനിയല്‍ കുടുംബത്തില്‍ വിവാഹശേഷവും വധു സ്വഗൃഹത്തിലാണ് താമസമെങ്കിലും കാരണവരായ പുരുഷന്‍റെ ഭാര്യയ്ക്ക്/ വല്യമ്മായിക്ക് വിവാഹം കെട്ടിപ്പകര്‍ച്ച / അവ്ങ്കുലോക്കല്‍ താമസ രീതിയാണ്. അവര്‍ ഭര്‍ത്താവിന്‍റെ അമ്മവീട്ടില്‍ തന്നെ താമസിയ്ക്കുന്നു.
കുറിച്യരില്‍ കുട്ടികളുണ്ടാകുന്നതും ആറേഴു വയസ്സാകുന്നതും വരെ അച്ഛന്‍റെ മിറ്റത്താണ് താമസിയ്ക്കുക. പ്രായപൂര്‍ത്തിയാകുമ്പോള്‍ അമ്മയുടെ തറവാട്ടിലേക്ക് തിരിച്ചു കൊണ്ടു പോകുന്നു. പെണ്‍കുട്ടി വയസ്സ് അറിയിക്കുന്ന ചടങ്ങായ തെരട്ട് കല്യാണം അമ്മാവന്‍റെ വീട്ടില്‍ വേണം നടത്താന്‍. പ്രായപൂര്‍ത്തിയ്ക്കു തൊട്ടു മുമ്പോ ആയശേഷമോ അച്ഛന്‍റെ തറവാട് ഉപേക്ഷിച്ച് അവള്‍ അമ്മയുടെ തറവാട്ടിലേക്ക് മടങ്ങുന്നു. ആണ്‍കുട്ടികളും പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ അമ്മയുടെ തറവാട്ടിലേക്ക് തിരികെ മടങ്ങും സ്ത്രീ വംശപരമ്പരയിലൂടെ ഉണ്ടാകുന്ന പെണ്‍കുട്ടികളെ കിഞ്ഞികുട്ടികള്‍ എന്ന് വിളിക്കുന്നു. അച്ഛന്‍റെയും അമ്മയുടെയും ഒപ്പം അച്ഛന്‍റെ തറവാട്ടുമുറ്റത്ത് താമസിക്കുമ്പോള്‍ തന്നെ കുട്ടികള്‍ അമ്മയുടെ വീട്ടിലെ കിഞ്ഞികുട്ടികള്‍ ആയാണ് കണക്കാക്കപ്പെടുന്നത്. അച്ഛന് ആവശ്യമുണ്ടെങ്കില്‍ ആണ്‍കുട്ടികളെ കുറച്ചുകാലത്തേക്ക് വായ്പയായി അമ്മാവനില്‍ നിന്നും വാങ്ങിക്കാവുന്ന സമ്പ്രദായവും ഉണ്ട്. അച്ഛന്‍റെ മിറ്റത്തെ കാര്യങ്ങളും കൃഷിയുമൊക്കെ ചെയ്യാനുള്ള താത്കാലിക സംവിധാനമാണിത്.

കുറിച്യ സാമൂഹ്യ ഘടനയും മാറ്റ്രിലീനിയല്‍ പിരിവുകളും
കുറിച്യ സമുദായം ആദ്യം ബന്ധു പന്തി എന്നിങ്ങനെ കൃത്യം രണ്ട് സമഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ ഭാഗങ്ങളെ മോയിറ്റികള്‍ എന്നാണ് വിളിക്കുന്നത്. ഈ മോയിറ്റികള്‍ വീണ്ടും കുടുംബം എന്നറിയപ്പെടുന്ന കുലങ്ങള്‍(രഹമി) ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ കുലവും വീണ്ടും മൂന്നു താവഴികള്‍ ആയി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഈ താവഴികള്‍ തറവാട് എന്ന് വിളിക്കപ്പെടുന്നു. തറവാടുകള്‍ മൂന്നു വിധമാണ്. ഒന്നാങ്കൂര്‍, രണ്ടാങ്കൂര്‍/ ആന്ത്രയോന്‍, മൂന്നാങ്കൂര്‍ എന്നിങ്ങനെ മൂന്നു വ്യത്യസ്തങ്ങളായ സ്ഥാനങ്ങളാണീ താവഴികള്‍ക്ക്. പന്തി മോയിറ്റിയില്‍ ഉള്‍പ്പെട്ട എല്ലാ തറവാടുകളും സഹോദര കുലങ്ങളാണ്. അവയ്ക്കുള്ളില്‍ നിന്നോ പരസ്പരമോ വിവാഹബന്ധം അനുവദനീയമല്ല. ബന്ധു തറവാട്ടുകാര്‍ പന്തിതറവാട്ടുകാരെ മാത്രമേ വിവാഹം ചെയ്യുവാന്‍ പാടുള്ളു. ബന്ധു വിഭാഗത്തില്‍ 23 കുടുംബങ്ങളും പന്തി വിഭാഗത്തില്‍ 21 കുടുംബങ്ങളുമാണ് നിലവിലുള്ളത്. അങ്ങനെ മൊത്തം 44 അമ്മവഴിക്കുലങ്ങളാണ് മോയിറ്റി, ക്ലാന്‍, ലീനിയേജ് വിഭജനങ്ങളെല്ലാം തന്നെ സ്ത്രീകളില്‍ നിന്നും അവരുടെ മക്കളിലേയ്ക്ക് മാത്രമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. അതില്‍ പെണ്‍മക്കള്‍ക്ക് മാത്രമാണ് പുതു വംശാവലിയുണ്ടാക്കാന്‍ കഴിയുക. സ്ത്രീകള്‍ വിവാഹത്തിനു ശേഷം ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോകുമെങ്കിലും ഭര്‍ത്താവിന്‍റെ മരണശേഷം സ്വന്തം വീട്ടിലേക്ക് തിരിച്ചു വരുന്നു. ഭര്‍ത്താവ് ഉള്ളടത്തോളം കാലം ഭര്‍ത്താവിനെ തറവാട്ടിലെ താമസക്കാരിയായിരിക്കുകയും സ്വന്തം തറവാട്ടിലെ കിഞ്ഞി കുട്ടിയായിരിക്കുകയും ചെയ്യുന്നവള്‍, ഭര്‍ത്താവിന്‍റെ മരണശേഷം അവിടെയുള്ള സകല അധികാരങ്ങളും ഇല്ലാതായി തിരികെ സ്വന്തം തറവാട്ടിലേക്ക് തിരികെ വരികയും വളരെ സാധാരണമായ ജീവിതം നയിക്കുകയും ചെയ്യുന്ന ഒരു കാഴ്ച നമുക്കിവിടെ കാണാം. ഓരോ താവഴിയ്ക്കും അതായത് ഓരോ കുടുംബത്തിനും ഓരോ ഓരോവീടുകളുണ്ട്. 57 ഓളം ഇടങ്ങളില്‍ വര്‍ഷങ്ങളോളം പഴക്കമുള്ള ഈ വീടുകള്‍ ഗാംഭീര്യത്തോടെ നിലകൊള്ളുന്നു. മിറ്റമെന്നറിയപ്പെടുന്ന ഈ കുടുംബവീട്ടില്‍ നിന്നും വേര്‍പിരിഞ്ഞ താമസിക്കാന്‍ അംഗങ്ങള്‍ക്ക് അവകാശമില്ല. അംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ മിറ്റത്തിന് ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരും അപ്പോള്‍ മിറ്റത്തിനടുത്ത് ഒരു താല്‍ക്കാലിക സംവിധാനമുണ്ടാക്കി താമസിക്കുന്നു. ഇതിനെ പന്തല്‍ എന്നാണ് വിളിക്കുക. ചിലപ്പോള്‍ കുടുംബത്തിലെ കാരണവരുടെയും ഗോത്രദൈവങ്ങളുടെയും സമ്മതത്തോടെ മറ്റുചില സ്ഥലങ്ങളിലേക്ക് ഓരോ അണുകുടുംബാംഗങ്ങള്‍ക്ക് താമസിക്കാവുന്നതാണ്. കൃഷിഭൂമി സംരക്ഷണമോ ആളുകള്‍ അധികരിക്കുന്നതോ ഒക്കെയാണ് ഇതിന്‍റെ കാരണം. ഇവ ആത്തറകള്‍ എന്നും എരിപൊരകള്‍ എന്നും അറിയപ്പെടുന്നു.

കുറിച്യ വീട്ടിലെ സ്ത്രീ
കുറിച്യകുടുംബത്തിനകത്ത് സ്ത്രീകള്‍ക്ക് വളരെയധികം ബഹുമാനകരമായിട്ടുള്ള ഒരു പദവി ഉണ്ട്, എങ്കിലും ഏറ്റവും സമുന്നതമായ പദവി കുടുംബത്തിലെ മുതിര്‍ന്ന പുരുഷന് തന്നെയാണ്. ഒടെയ്ക്കാരന്‍ എന്നാണ് കുടുംബ തലവന്‍ അറിയപ്പെടുന്നത്. കാര്‍ന്നോര്, പിട്ടന്‍ എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. ഇദ്ദേഹത്തെ മിറ്റത്തെ കിഞ്ഞിക്കുട്ടികള്‍ വിളിക്കുന്നത് പൂപ്പന്‍ എന്നാണ്. അദ്ദേഹത്തിന്‍റെ ഭാര്യ കാര്‍ന്നോത്തി ഒടേക്കാരത്തി, പൂപ്പത്തി , പിട്ടത്തി എന്നെല്ലാം അറിയപ്പെടുന്നു. ഒടെയ്ക്കാരനാണ് സര്‍വ്വാധികാരി. കൃഷിയുടെ, കുടുംബത്തിന്‍റെ എല്ലാം നാഥന്‍. സ്വത്ത് പാട്ടത്തിന് കൊടുക്കുവാനും കൃഷിചെയ്യാനും ചെയ്യാതിരിക്കുവാനും നെല്ല്, കൃഷിവിഭവങ്ങള്‍, മറ്റു വനഉത്പന്നങ്ങള്‍ വില്‍ക്കാനും എല്ലാ അധികാരവും അദ്ദേഹത്തില്‍ നിക്ഷിപ്തമാണ്. അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും കുടുംബത്തെ സംബന്ധിച്ച അനവധി ചുമതലകള്‍ നിറവേറ്റേണ്ടതുണ്ട്. കുടുംബത്തിന് അകത്തുള്ള സകലകാര്യങ്ങളിലും അവരുടെ അനുമതി നിര്‍ബന്ധമാണ്.
ഗാര്‍ഹികമായ എന്തിന്‍റെയും അധികാരിയാണവള്‍. എന്തുപാചകം ചെയ്യണമെന്നും എങ്ങനെ പാചകം ചെയ്യണമെന്നും ആര് പാചകം ചെയ്യണമെന്നും തീരുമാനിക്കുന്നത്, സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് തീരുമാനവും തീര്‍പ്പും കല്‍പ്പിക്കുന്നത്, എല്ലാ ഉത്തരവാദി ത്വങ്ങളും നോക്കി നടത്തുന്നത്, എല്ലാ ചടങ്ങുകളിലും വിശിഷ്ട വ്യക്തി ആയിരിക്കുന്നത് എല്ലാം അമ്മാവന്‍റെ ഭാര്യയായ ഈ പൂപ്പത്തി ആയിരിക്കും. കുടുംബത്തിനകത്തെ സ്ത്രീകള്‍ക്ക് നല്ല വഴി പറഞ്ഞു നല്‍കുന്നതും അച്ചടക്കശീലം പഠിപ്പിക്കുന്നതും ലൈംഗികവിദ്യാഭ്യാസം നല്‍കുന്നതും അവരെ നന്നായി വളര്‍ത്തുന്നതും ഒടെക്കാരത്തിയുടെ ഉത്തരവാദിത്വമാണ്. മറ്റ് സഹോദരന്മാരുടെ ഭാര്യമാരുടെ മേലുള്ള അധികാരവും ഇവരില്‍ നിക്ഷിപ്തമാണ്. പെണ്‍കുട്ടി വയസ്സറിയിച്ച് ഇരിക്കുന്ന തെരട്ടു ചടങ്ങ്, താലികെട്ട് കല്യാണം, ഗര്‍ഭം തുടങ്ങിയ ഏത് പെണ്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതും ഇവര്‍ തന്നെ മറ്റൊരു പ്രധാനപ്പെട്ട സ്ത്രീ മുത്താച്ചി ആണ്. തറവാട്ടിലെ സ്ത്രീകളില്‍ ഏറ്റവും പ്രായം കൂടിയ ആളാണ് മുത്താച്ചി. സവിശേഷമായതും പ്രത്യേകമായതുമായ ഒരു സ്ഥാനം മുത്താച്ചിക്കുണ്ട്. കുലപരമായ പല ചടങ്ങുകളിലും പ്രധാനിയായി ഇരിക്കുക എന്നത് അവരുടെ ഉത്തരവാദിത്തമാണ്.വയസ്സ് അറിയിക്കുന്ന ചടങ്ങിനും ഗര്‍ഭച്ചടങ്ങിനും മുത്താച്ചി യുടെ സാന്നിദ്ധ്യം അത്യാവശ്യമാണ്.
മറ്റൊന്ന് മൂന്നാമന്‍ എന്ന പദവിയാണ്. നായര്‍ സമുദായത്തില്‍ എണങ്ങന്‍ എന്ന് പറയുന്ന സ്ഥാനത്തിന് തുല്യമാണ് ഈ പദവി. ഒടേക്കാരന്‍റെ അസാന്നിധ്യത്തില്‍ മൂന്നാമന്‍ ചില ചടങ്ങുകള്‍ നടത്താന്‍ ചുമതലപ്പെട്ടിരിക്കുന്നു. ചങ്ങായി എന്നും ഇദ്ദേഹം അറിയപ്പെടുന്നു. സ്ത്രീകളുടെ വിവാഹ കാര്യത്തില്‍ അന്തിമതീരുമാനം ഒടേക്കാരന്‍റേതാണ്. അവള്‍ക്കു യാതൊരു തരത്തിലുള്ള അഭിപ്രായമോ തീരുമാനമോ ഇതിലില്ല. അവളുടെ അമ്മയ്ക്കോ അച്ഛനോ പോലും യാതൊരു അവകാശവുമില്ല പൂര്‍ണ്ണമായും കുടുംബ കാരണവരായ ഒടേക്കാരനാണ് ഇത് തീരുമാനിക്കുക. മുമ്പ് കാലങ്ങളില്‍ താലികെട്ട് കല്യാണം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നും നടത്താറില്ല.
വിവാഹമോചന ശേഷം സ്ത്രീക്ക് ഭര്‍തൃകുടുംബത്തിലെ വലിയ പദവി നഷ്ടപ്പെടും എന്നുള്ളത് സത്യമാണ്. എന്നാല്‍ അവളുടെ വീട്ടില്‍ അവള്‍ സര്‍വ്വ അധികാരത്തോടും കൂടിവാഴുന്നുണ്ട്. പുനര്‍വിവാഹത്തിന് യാതൊരു ബുദ്ധിമുട്ടുമില്ല. കുട്ടികള്‍ ഉണ്ടായാലും ശരി ഇല്ലെങ്കിലും ശരി അത് ആ വിവാഹത്തെ ബാധിക്കുകയില്ല. വീട്ടിലെ മുത്താച്ചി പദവി മിക്കവാറും വിധവയോ വിവാഹമോചിതയുമായ ഒരു സ്ത്രീക്കായിരിക്കും. ഇതിനെയൊന്നും മോശമായി കുടുംബങ്ങള്‍ കാണുന്നില്ല. എല്ലാ ചടങ്ങുകളിലും പദവിയും പ്രാധാന്യവും വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും ഉണ്ടായിരിക്കും.

റാവുളേര്‍ ഗോത്രത്തിന്‍റെ മാട്രിലീനിയല്‍ സമൂഹഘടനയും സ്ത്രീ പദവിയും
അടിയര്‍ എന്നു അറിയപ്പെടുന്ന ഈ ഗോത്രസമൂഹം 1978 വരെ അടിമകളായാണ് ജീവിച്ചത്. കൗണ്ടര്‍മാരുടെയും നായന്മാരുടെയും ചെട്ടിമാരുടെയും പാടങ്ങളില്‍ കാളകള്‍ക്കൊപ്പം ഒപ്പം പൂട്ടുകയും പണിയെടുക്കുകയും ചെയ്യേണ്ട ഒരു അടിമത്ത ജീവിതം സദാ അവര്‍ അനുഭവിച്ചു പോന്നു. മാട്രിലീനിയല്‍ വംശാവഴികളുള്ള ഗോത്രമെങ്കിലും ഈ അടിമത്തം സ്ത്രീകളുടെ സാമൂഹികാവസ്ഥയെ അത്യധികം പരിതാപകരമാക്കി. ഈ സമൂദായം പൂര്‍ണ്ണമായും പെണ്‍വഴിക്രമത്തിലൂടെയാണ് വംശപാരമ്പരയുടെ തുടര്‍ച്ചയുണ്ടാക്കുന്നത്. മൂന്നു മന്‍റ് അഥവാ മൂമന്‍റ് എന്നറിയപ്പെടുന്ന ഫ്രാറ്ററികള്‍ ചേര്‍ന്നിട്ടുള്ള ഉള്ള സമൂഹഘടനയാണ് ഇവരുടേത്. ഈ മന്‍റുകള്‍ സ്ത്രീകളില്‍ നിന്നും സ്ത്രീകളിലേക്ക് ആണ് കൈമാറ്റം ചെയ്യപ്പെടുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രത്യേക പദവിയൊന്നും സമൂഹത്തില്‍ ഉണ്ടായിരുന്നില്ല താനും. ഈ ഫ്രെറ്ററികള്‍ ക്ളാനുകളായി/കുലങ്ങളായി വീണ്ടും വിഭജിക്കപ്പെട്ടിരിക്കുന്നു. ചെമ്മം എന്ന് വിളിക്കുന്ന പിരിവുകളാണത്.
കുലത്തിലെ തലവന്മാര്‍ ചെമ്മക്കാരന്‍ എന്നറിയപ്പെടുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ ചെമ്മക്കാരത്തിയാകുന്നു. കുലത്തിലെ ചില ചടങ്ങുകളില്‍ അവര്‍ക്ക് പ്രത്യേക അധികാരങ്ങളും അവകാശങ്ങളും ഉണ്ട്. നാട്ടുമൂപ്പന്‍, കുന്നു മൂപ്പന്‍ എന്നിവരാണ് നാടിന്‍റെയും കുന്നിന്‍റെയും കാരണവന്മാര്‍. ഗോത്രത്തിലെ ഏറ്റവും വലിയ സര്‍വ്വാധികാരികളും അവര്‍ തന്നെ. അവരുടെ ഭാര്യമാര്‍ നാട്ടുമൂപ്പത്തി, കുന്നു മൂപ്പത്തി എന്നിങ്ങനെ അറിയപ്പെടുന്നു. രേഖപ്പെടുത്തപ്പെട്ട ഒരു ചരിത്രപുസ്തകത്തിലും റാവുളേര്‍ കൂട്ടുകുടുംബമായി കഴിഞ്ഞതിന്‍റെ ഒരു തെളിവുമില്ല. ഒരാള്‍ക്കും അത്തരമൊരു ജീവിതവും അറിയുകയില്ല. ഓര്‍മ്മകളിലോ പുരാവൃത്തങ്ങളിലോ അത്തരം കഥകള്‍ കേട്ടിട്ടുമില്ല. 1500 ലെ വായനാട്ടിലേക്കുള്ള പുറംലോകത്തിന്‍റെ വരവ് കാലത്ത് തന്നെ റാവുളേറെ അടിമകളാക്കി വില്‍പ്പന നടത്തിയിരുന്നു. ഈ അടിമത്തം ആണ് കുടുംബത്തെപ്പോലും പിരിയ്ക്കുന്നു. അടിമത്തത്തിനുശേഷം കൂട്ടുകുടുംബ വ്യവസ്ഥയുടെ അവസ്ഥ പറയാനുമില്ല. ഇവര്‍ക്കിടയില്‍ എല്ലാവരും ബെള്ളൂര്‍ക്കാവ് ഉത്സവത്തില്‍ ജന്മിമാര്‍ക്ക് വില്‍ക്കാനാകുന്ന കേവല ഉരുപ്പടികള്‍ മാത്രമായിരുന്നു. ഏതെങ്കിലും പാടങ്ങളിലോ കൃഷിത്തോട്ടത്തിലോ അടിമത്തതൊഴിലാളിയായ് പണിയെടുക്കുന്ന ഒരു ദുരിതാവസ്ഥ സമൂഹത്തെ മൊത്തമായി ബാധിച്ചു. ഇത് സ്ത്രീകളെ കൂടുതല്‍ സാരമായിത്തന്നെ ബാധിച്ചു. കോലുബെല്ലി എന്നറിയപ്പെടുന്ന പെണ്‍പണം ഇവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നു. 2005 കാലഘട്ടത്തില്‍ പോലും കോലുബെല്ലി കൊടുക്കാനില്ലാത്തതിനാല്‍ വിവാഹം ചെയ്യാനാകാത്ത വ്യക്തികളെ കണ്ടിട്ടുണ്ട്. ജോലി ചെയ്തു കൊടുത്തു വിവാഹം ചെയ്യുന്ന രീതിയും അടുത്തകാലം വരെ ഇവര്‍ക്കിടയില്‍ നിലനിന്നിരുന്നു. വിവാഹം തീരുമാനിച്ചു കഴിഞ്ഞാല്‍ പെണ്ണിന്‍റെ വീട്ടിലേക്ക് ആവശ്യമായ വിറക് കൊണ്ടുവരികയും മറ്റു ജോലികള്‍ ചെയ്തുകൊടുക്കുകയും വെള്ളം കോരി കൊടുക്കുകയും ചെയ്യേണ്ടത് പുരുഷന്‍റെ ചുമതലയായിരുന്നു. ഇപ്പോള്‍ ഇത്തരം വിവാഹങ്ങള്‍ ഒന്നും തന്നെ ഇല്ല. ചടങ്ങിന്‍റെ ഭാഗമായി വെള്ളം കൊണ്ടുവരികയും ഇറക്കുകയും ചെയ്യും എന്ന് മാത്രം.
മാട്രിലീനിയില്‍ പലതരം ഇളതരങ്ങളും സൗഭാഗ്യങ്ങളും സ്ത്രീകള്‍ക്ക് ഏറിയും കുറഞ്ഞും ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലെ ഒരു സൗഭാഗ്യങ്ങളും അനുഭവിക്കാത്ത ഒരു സ്ത്രീസമൂഹമാണീ റാവുളേരുടെ മാട്രിലീനിയല്‍ സമൂഹം.
ഏറ്റവുമധികം ചൂഷണത്തിന് വിധേയരായ സ്ത്രീകളാണ് ആണ് ഇവര്‍ക്കിടയില്‍ ഉള്ളത്. (നിരവധി അവിവാഹിത അമ്മമാരും ചൂഷണം ചെയ്യപ്പെട്ട സ്ത്രീകളുമുണ്ട് എന്ന് കണക്കുകള്‍ കാണിക്കുന്നു.)

മുള്ളുക്കുറുമരുടെ പെണ്ണാട്ട് പെരുമ
മറ്റൊരു ഒരു പെണ്‍ വഴി കുടുംബം മുളളുക്കുറുമരുടെതാണ്. ആചാരപരമായ എല്ലാ കാര്യങ്ങളിലും സ്ത്രീകള്‍ക്ക് സവിശേഷമായ സ്ഥാനവും പ്രസക്തിയും കുറിച്യഗോത്രത്തിലെ പോലെത്തന്നെ ഈ സമൂഹത്തിലുണ്ട്. ഭാര്യ, അമ്മ, മകള്‍ പദവികള്‍ക്ക് ബഹുമാനവും മൂല്യവുമുണ്ട്. കുറുമ രാജാവിനു തുല്യനായ അപ്പാട്ട് തലച്ചിലാണ് ഗോത്രത്തിന്‍റെ തലവന്‍. കുന്നുകളായും നാടുകളായും ഇവരുടെ ദേശം പ്രാദേശികമായി വിഭജിക്കപ്പെട്ടിരിയ്ക്കുന്നു. നാട്ടു മൂപ്പനും കുന്നുമൂപ്പനും സങ്കേതമായ കുടിയുടെ തലവനായി പോര്‍നമുത്തനും പോരാത്ത മുത്തനും ഉണ്ട്. ഇവരുടെ എല്ലാം ഭാര്യമാര്‍ക്ക് സമൂഹത്തില്‍ നല്ല അധികാരങ്ങളും ഉത്തരവാദിത്തങ്ങളുമുണ്ട്. പെണ്ണാട്ടൂ പെരുമ പരക്കുന്നത് നാല് കുലങ്ങളിലൂടെയാണ്. വെല്ലിപ്പക്കൊലം, കാതികക്കൊലം, വെങ്കടേക്കോലം, വടക്കേക്കോലം എന്നീ നാല് ക്ലാനുകളിലൂടെയാണ് വംശവഴി വളരുന്നത്. സുസ്ഥിര കൃഷി ഗോത്രമായതിനാല്‍ സമൃദ്ധജീവിതം ഈ ഗോത്രത്തിനു സാധ്യമാണ്. സ്ത്രീകളുടെ നിലയും അതിനാലൊക്കെ തന്നെ മികച്ചതുമാണ്. അപ്പാട് തലച്ചില്‍ എന്ന രാജാവാകണമെങ്കിലുള്ള ചടങ്ങില്‍ ഭാര്യയുടെ സാന്നിദ്ധ്യം നിര്‍ബന്ധമാണ്. ഈ സ്ഥാനാരോഹണത്തിനായി വൃദ്ധരായവര്‍ പോലും ഒത്ത സ്ത്രീകളെ വിവാഹം ചെയ്യുന്നു.
ഭാര്യയില്ലാതെ സ്ഥാനാരോഹണം നടത്തുവാന്‍ സാധ്യമല്ല. കുലങ്ങളുടെ ഉത്പത്തി പുരാവൃത്തങ്ങളിലും എല്ലാ ജീവിത ചര്യകളിലും സ്ത്രീകള്‍ക്ക് അദ്വിതീയമായ സ്ഥാനമുണ്ട്. കാണപ്പണം എന്ന പെണ്‍പണമില്ലാതെ വിവാഹം നടക്കുകയില്ല. വിവാഹമോചനവും പുനര്‍വിവാഹവും സ്ത്രീകള്‍ക്കിടയില്‍ സ്വാഭാവികമാണ്. മരണാന്തരവും സ്ത്രീകള്‍ക്ക് അവളുടെ കുടിയുമായുള്ള ബന്ധം നില്‍ക്കുന്നു. മണ്ണറീക്ക എന്ന ചടങ്ങ് തുടങ്ങുന്നത് സ്ത്രീയുടെ തറവാട്ടില്‍ നിന്നാണ്. മറ്റൊന്ന് സ്ത്രീകള്‍ തുന്നിയ ഒല്ലിയെന്ന ചരമാവരണവും സ്ത്രീകള്‍ കുത്തിയ പച്ച എന്ന അവലുമില്ലാതെ ഒരു മരിച്ച വ്യക്തിയ്ക്കും പൂര്‍വ്വികരുടെ ലോകത്തേയ്ക്ക് പോകാന്‍ കഴിയില്ല.
ഇനിയുമുണ്ട് വയനാടന്‍ ഗോത്രങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ മട്രിലീനിയല്‍ സമൂഹങ്ങള്‍. പെണ്ണിനെ വിത്തായിക്കരുതുന്ന വിത്തായ പെണ്ണിന് റെള്ളന്‍റെ (ഭര്‍ത്താവിന്‍റെ) വീട്ടില്‍ വെച്ച് അപകടം പറ്റിയാല്‍ അതെ നാണയത്തില്‍ പ്രതികാരം ചെയ്യുന്ന തച്ചനാടന്‍ ഗോത്രത്തിന്‍റെ മട്രിലീനിയിലും സ്ത്രീകളുടെ മേല്‍ ആധിപത്യം പുരുഷന് തന്നെയാണ്. സ്വത്തിന്‍റെ അധികാരം, നായാട്ടിന്‍റെ അധികാരം, വനവിഭവശേഖരണത്തിന്‍റെ അധികാരം ഒക്കെ പുരുഷനു തന്നെ.
ആര്‍ത്തവകാലത്ത് അകലെയുള്ള തീണ്ടാരിപ്പുരകളിലേയ്ക്ക്, പള്ളപ്പുരകളിലേയ്ക്കും അടുക്കളയിലേയ്ക്കെല്ലാം അവള്‍ മാറ്റപ്പെടുന്നു. സ്വത്വപരമായും സമൂഹപരമായും ഏറ്റവുമധികം പ്രതിസന്ധി നേരിട്ടത് റാവ്ളേര്‍, തച്ചനാടന്‍, പണിയ സമൂഹങ്ങളിലെ സ്ത്രീകളാണ്. ജെന്‍ഡര്‍ എന്ന ഐഡന്‍റിറ്റിയ്ക്കു മീതെ അടിമത്തം കടന്നു വരുമ്പോള്‍ ജീവിതത്തിനു മേല്‍ സ്ത്രീകള്‍ക്ക് ഇരട്ട ആഘാതങ്ങള്‍ നേരിടേണ്ടി വരുന്നു. അടിമയായ സ്ത്രീ എന്ന സ്വത്വം സ്ത്രീയുടെ അവസ്ഥയെ കൂടുതല്‍ പരിതാപകരമാക്കുന്നു. മാട്രിലീനി എത്ര കൃത്യമായി പിന്തുടര്‍ന്നാലും കുട്ടികള്‍ക്ക് പെണ്‍ തറവാടിന്‍റെ ലേബല്‍ നല്‍കിയാലും വിവാഹത്തിന് പെണ്ണിന് പെണ്‍പണം നല്‍കിയാലും വിവാഹശേഷം വധൂഗൃഹത്തില്‍ താമസിച്ചാലും ബഹുഭര്‍തൃത്തം അനുവദിച്ചാലും വിവാഹമോചനവും പുനര്‍വിവാഹങ്ങളും വിധവാ വിവാഹങ്ങളും നടപ്പിലാക്കിയാലും പെണ്‍കോയ്മ എന്ന സാമൂഹ്യസംവിധാനം ഉണ്ടാക്കുക എളുപ്പമല്ല. ഏറ്റവും കാതലായ സമ്പത്ത്, അധികാരം എന്നിവ കൈകാര്യം ചെയ്യുന്നത് പുരുഷന്‍ ആയിരിക്കുന്നിടത്തോളം കാലം അധീശത്വവും സമ്പൂര്‍ണ്ണ അധികാരവും അവനു തന്നെ കിട്ടും. പാട്ര്യാര്‍ക്കിയോടുള്ള ആന്ധ്യമായ വിധേയമാനോഭാവം ഓരോ സമൂഹത്തിലുമുണ്ട്. അതിനാല്‍ ആണ്‍കോയ്മയോട് ചേര്‍ന്ന് നിന്നുകൊണ്ട് മാത്രമാണ് ഗോത്രമട്രിലീനിയല്‍ സമൂഹങ്ങള്‍ മുമ്പോട്ട് ചലിയ്ക്കുന്നത്.

 

 

 

 

ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് മലയാളത്തിലും അതും സോഷ്യോളജിയിൽ ലും രണ്ടാം റാങ്കോടെ ബിരുദം. മൂന്നാം റാങ്കോടെ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം.കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഗോത്ര മിത്തുകളെ കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ്. ഗോത്രഷാമനികതയിൽ കാലിക്കറ്റ് യൂണിവേർസിറ്റിയിൽ ഗവേഷണം ചെയ്തു കൊണ്ടിരിക്കുന്നു. 2015 ൽ ഇന്ത്യടുഡേ ഇന്ത്യയിലെ 3 മികച്ച യുവ എഴുത്തുകാരെ തിരഞ്ഞെടുത്തതിൽ ഒരാളായി. കേരള സർക്കാരിൻറെ നരവംശശാസ്ത്ര ഗബേഷണ കേന്ദ്രത്തിൽ ലക്ചറർ ആയി ജോലി ചെയ്യുന്നു.