Homeചർച്ചാവിഷയം

മരുമക്കത്തായ സമ്പ്രദായവും താമസരീതികളും1

രുമക്കത്തായത്തെക്കുറിച്ചുള്ള2 നമ്മുടെ ധാരണ പ്രധാനമായും രൂപം കൊണ്ടിട്ടുള്ളത് രണ്ടു കാര്യങ്ങളിലൂടെയാണ്. ഒന്ന്, മരുമക്കത്തായവും മാട്രിയാര്‍ക്കിയും തമ്മിലുള്ള ആശയക്കുഴപ്പം. രണ്ടാമത്തേത്, മദ്ധ്യകേരളത്തിലെ ഭൂവുടമകളായ നായര്‍ തറവാടുകളിലെ സ്ത്രീകള്‍ സ്വന്തം തറവാടുകളില്‍ താമസിക്കുകയും സംബന്ധക്കാരനായ പുരുഷന്‍ ഇടയ്ക്കിടെ വന്നുപോവുകയും ചെയ്യുന്ന മരുമക്കത്തായസമ്പ്രദായത്തില്‍ ഊന്നിയുള്ള ധാരണ. ഇത് സൂചിപ്പിക്കുന്നത് കേരളത്തിലെ 3 മറ്റുസമുദായങ്ങളിലെ മരുമക്കത്തായസമ്പ്രദായത്തെക്കുറിച്ചുള്ള പഠനങ്ങളുടെ കുറവാണ്. അതില്‍ത്തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യമാണ് വിവാഹാനന്തരം സ്ത്രീയുടെ താമസരീതികള്‍ പല പ്രദേശങ്ങളിലും പല സമുദായങ്ങളിലും വ്യത്യസ്തമാണ് എന്നത്. വിവാഹാനന്തരമുള്ള സ്ത്രീയുടെ താമസരീതികള്‍ കണക്കിലെടുക്കാത്തത് മരുമക്കത്തായവ്യവസ്ഥിതിയില്‍ വന്ന മാറ്റങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കുന്നതിനെ ബാധിച്ചിട്ടുണ്ട്. നായര്‍ സമുദായത്തില്‍ നിന്നു മാറി മരുമക്കത്തായം4 ശീലിച്ചുപോന്ന വടക്കന്‍ കേരളത്തിലെ തീയ്യ5 സമുദായത്തെയാണ് ഞാന്‍ എന്‍റെ ഗവേഷണത്തില്‍ പഠനവിഷയമാക്കിയത്. ഇതിനുള്ള ഫീല്‍ഡ്വര്‍ക് ചെയ്തത് പ്രധാനമായും തലശ്ശേരിയിലായിരുന്നു. തീയ്യസമുദായത്തിന്‍റെ വ്യവസ്ഥാപിത ദാമ്പത്യബന്ധത്തെക്കുറിച്ച് 2011-ല്‍ ജാനകി അബ്രഹാം എഴുതിയ ലേഖനത്തിലെ ചില ശകലങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് ഈ ലേഖനം. ഈ പ്രബന്ധം വിവര്‍ത്തനം ചെയ്ത കൃഷ്ണവേണിയോടും വിലപ്പെട്ട സഹായങ്ങളേകിയ ശ്രീദേവി ഡി. യോടും ഷജീം എം ഫസലിനോടും ഞാന്‍ എന്‍റെ നന്ദി രേഖപെടുത്തുന്നു. .ഇവിടെ പിന്തുടര്‍ച്ചാവകാശവും സ്വത്തും സ്ത്രീകളിലൂടെയാണ്.

സ്വത്തു കൂട്ടുകുടുംബത്തിലും തറവാടിന്‍റെ പിന്തുടര്‍ച്ച അമ്മയുടെ വഴിയിലൂടെയും ആണ് നിലനിന്നിരുന്നത്. സ്ത്രീയുടെ മക്കള്‍ അവളുടെ തറവാട്ടിലെയും പുരുഷന്‍റെ മക്കള്‍ അയാളുടെ ഭാര്യയുടെ തറവാട്ടിലെയും ആയിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. 1891 ലെ മലബാര്‍ മാര്യേജ് കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം മലബാറില്‍ 138 ജാതികളും ഉപജാതികളും മരുമക്കത്തായവ്യവസ്ഥിതി പിന്തുടര്‍ന്നിരുന്നു 1881 സെന്‍സസ് പ്രകാരം മലബാറിലെ ജനസംഖ്യയില്‍ 30 ശതമാനം പേരും മലബാര്‍ ജില്ലയിലെ ഹിന്ദു ജനസംഖ്യയില്‍ 42 ശതമാനം പേരും മരുമക്കത്തായം പിന്തുടരുന്നു. വടക്കേ മലബാറില്‍ നായര്‍, നമ്പ്യാര്‍, തീയ്യ സമുദായങ്ങളും ദളിത് വിഭാഗത്തിലെ വണ്ണാന്‍ മുതലായ വിഭാഗവും മാപ്പിള വിഭാഗവും മരുമക്കത്തായവ്യവസ്ഥിതി പിന്തുടരുന്നു. പയ്യന്നൂരിലുള്ള ബ്രാഹ്മണവിഭാഗത്തിനും മരുമക്കത്തായസമ്പ്രദായത്തിന്‍റെ ചരിത്രം കാണാം. അവര്‍ക്കു മാത്രമാണ് ബ്രാഹ്മണ സമൂഹത്തില്‍ ഇത് കാണുന്നത്. ഇതിനു വിപരീതമായി തെക്കേ മലബാറില്‍ തീയ്യസമുദായത്തിന് പിതൃവഴിയാണ് പിന്തുടര്‍ച്ച10 . തീയ്യസമൂഹം കേരളത്തില്‍ ഒബിസി വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള സമുദായമാണ്. വളരെ വൈവിധ്യമുള്ള ഈ സമുദായത്തില്‍ കള്ളുചെത്തല്‍, കൃഷി, ആയുര്‍വേദ ഡോക്ടര്‍, ബ്യൂറോക്രാറ്റിക് ജോലികള്‍ എന്നിങ്ങനെ പലവിധ ജോലികള്‍ ചെയ്യുന്നവര്‍ ഇന്നുണ്ട്. അതില്‍ ഉള്‍പ്പെടുന്ന വിവാഹാചാരങ്ങളും അനുഷ്ഠാനങ്ങളും പ്രത്യേകിച്ച് താമസരീതികളെക്കുറിച്ചുള്ള നിയമങ്ങളുമാണ് ഞാന്‍ പഠനവിധേയമാക്കുന്നത്.

അമ്മവഴിയുള്ള പിന്തുടര്‍ച്ചാവകാശവും, ഭര്‍ത്താവിന്‍റെ വീട്ടിലുള്ള താമസവും, “ചെലവിനു നല്‍കുന്ന” 6 ഭര്‍ത്താവ് എന്നതും വിവാഹത്തെ പലവിധത്തില്‍ മാറ്റിമറിച്ചു. ചെലവിനു കൊടുക്കുന്ന ഭര്‍ത്താവ് എന്നത് വ്യവസ്ഥാപിത ദാമ്പത്യത്തിലെ പ്രധാന ആശയമാവുകയും അത് മരുമക്കത്തായവ്യവസ്ഥിതിയില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനം മുതല്‍ വന്ന മാറ്റങ്ങളെ സൂചിപ്പിക്കുകയും ചെയ്യുന്നു.

വിവാഹ നിയമങ്ങളും ചെലവിനു നല്‍കുന്ന ഭര്‍ത്താവും
വിവാഹശേഷം പ്രത്യേകിച്ച് ഭര്‍ത്താവിന്‍റെ മരണശേഷം ഭാര്യക്കും മക്കള്‍ക്കും ചെലവിന് കൊടുക്കുക എന്ന പുരുഷാധിപത്യപരമായ വിവാഹരീതി 1896 അവതരിപ്പിക്കുകയും 1933 നിയമം വിധേയമാക്കുകയും ചെയ്തതാണ്. അങ്ങനെ 1896 മുതല്‍ ഒരാള്‍ ഒസ്യത്ത് എഴുതി വയ്ക്കാതെ മരിച്ചാല്‍ സ്വയം ആര്‍ജ്ജിച്ച സ്വത്തിന്‍റെ പകുതി ഭാര്യക്കും മക്കള്‍ക്കും ഉള്ളതാണ്. 1933 നിയമപ്രാബല്യം വന്നതോടെ സ്വയാര്‍ജിതമായ മുഴുവന്‍ സ്വത്തും ഭാര്യക്കും മക്കള്‍ക്കും എന്നതുമായി. ആധുനികകാലത്തെ പുരുഷാധിപത്യം നിലവിലുള്ള കുടുംബ ബന്ധങ്ങളാണ് ഇത്തരം നിയമത്തിനും നടപടികള്‍ക്കും വഴിയായത്(അരുണിമ 2003, കോടോത്ത് 2003). എന്തായാലും പിന്തുടര്‍ച്ചാവകാശ കാര്യങ്ങളില്‍ പലയിടത്തും പല രീതികള്‍ ആണ് കാണപ്പെടുന്നത്. മലബാര്‍ വിവാഹ കമ്മീഷനു ലഭിച്ച പ്രതികരണങ്ങളില്‍ ഈ കാര്യം വ്യക്തമാവുന്നുണ്ട്. 1890ല്‍ ഈ ബില്‍ ആദ്യമായി പ്രസിദ്ധപ്പെടുത്തിയപ്പോള്‍ വടക്കന്‍ മലബാറില്‍ ഇത്തരമൊരു നിയമത്തിന്‍റെ ആവശ്യമില്ലെന്നും അവരുടെ മൂര്‍ത്തമായ വിവാഹബന്ധത്തില്‍ 7 വിവാഹിതയായ സ്ത്രീ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോവുകയും അവിടെ അവരും കുട്ടികളും ഭര്‍ത്താവിന്‍റെ സംരക്ഷണയില്‍ തന്നെ ജീവിക്കുകയും ചെയ്യുന്നു എന്ന് അറിയിച്ചു. മറുപടി നല്‍കിയ മിക്കവാറുംപേര്‍ സ്വയാര്‍ജിതമായസ്വത്ത് തറവാട്ട് കാരണവരിലേക്ക് (അമ്മയുടെ സഹോദരന്‍)8 പോകരുതെന്നു ആഗ്രഹിച്ചു. മറിച്ച് സ്വത്ത് താവഴിയില്‍ത്തന്നെ വേണമെന്ന് ചിലര്‍ ആഗ്രഹിച്ചു. പലതരം അഭിപ്രായങ്ങള്‍ ഉണ്ടായെങ്കിലും ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നകാര്യം കുടുംബം എന്നതില്‍ ആരൊക്കെയാണുള്ളത്, ആര് ആരോടൊപ്പം ജീവിക്കുന്നു, ആരെയാണ് സംരക്ഷിക്കേണ്ടത് എന്നുള്ള ധാരണക്കുള്ള മാറ്റം നിയമം വരുന്നതിനു മുന്നേ തന്നെ കാണാമായിരുന്നു എന്നതാണ്. അടുത്ത ഭാഗത്തില്‍ തീയ്യസമുദായത്തിലെ വിവാഹബന്ധത്തില്‍ ഭര്‍ത്താവിന്‍റെ വീട്ടിലെ താമസത്തിന്‍റെ പ്രാധാന്യവും എല്ലാം നല്‍കി സംരക്ഷിക്കുന്ന ഭര്‍ത്താവ് എന്ന ആശയം എത്രമാത്രമുണ്ട് എന്ന് പരിശോധിക്കുന്നു.

വിവാഹത്തിലെ അയയ്ക്കല്‍-മരുമക്കത്തായസമ്പ്രദായവും ഭര്‍തൃവീട്ടിലെ താമസവും
‘എന്തിനാ നിങ്ങള്‍ എന്നെ ഇങ്ങനെ അയച്ചത്’? എന്ന് ശോഭ അമ്മയോട് ചോദിക്കുന്നു. വടക്കേ മലബാറിലെ ഫീല്‍ഡ് വര്‍ക്കിനിടയില്‍ ഞാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്ന ഒരു കാര്യം വിവാഹത്തെക്കുറിച്ചു സംസാരിക്കുമ്പോഴൊക്കെ സ്ത്രീയെ വിവാഹം ചെയ്ത് അയക്കുക എന്ന് തന്നെയാണ് പറയാറ്. അങ്ങനെ കല്യാണത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ “അയയ്ക്കലും” ഒരുമിച്ച് വരുന്നു. “കല്യാണം കഴിച്ചയയ്ക്കണം” എന്നത് വെറും “അയയ്ക്കണം” എന്നും “അയച്ചു” എന്നും പറയുന്നു. ഒപ്പം തന്നെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോകുന്നതും വിവാഹത്തോടനുബന്ധിച്ച ആചാരമാകുന്നു. വിവാഹശേഷം ഭര്‍ത്താവിന്‍റെയോ തത്തുല്യമായ മറ്റൊരു വീട്ടിലേക്കോ പോകുന്നത് വിവാഹചടങ്ങ് തന്നെയാണ്. വധൂഗൃഹത്തില്‍ നിന്നോ അമ്പലത്തില്‍നിന്നോ ഓഡിറ്റോറിയത്തില്‍ നിന്നോ ഹോട്ടലില്‍ നിന്നോ വിവാഹശേഷം ഉടന്‍തന്നെ വധു വരന്‍റെ വീട്ടിലേക്ക് പോകുന്നതോടെയാണ് വിവാഹചടങ്ങുകള്‍ പൂര്‍ത്തിയാവുന്നത്. ഏതായാലും കേരളത്തിലെ വടക്കേ ഇന്ത്യയിലേതു പോലെ “ബിദായി” (വധു സ്വന്തം രക്ഷിതാക്കളുടെ വീട്ടില്‍ നിന്നും പോകുന്നത്)9 എന്നത് വധുവിനെ എന്നേക്കുമുള്ള പറിച്ചു നടല്‍ ആവുന്നില്ല. തീയ്യ സമുദായക്കാരില്‍ സ്ത്രീക്കും സ്വത്തിന് അവകാശം ഉള്ളതിനാല്‍ വേര്‍പിരിഞ്ഞു താമസിക്കാനോ ദാമ്പത്യം ഒഴിവാക്കി വരാമെന്നുമുള്ള സന്ദര്‍ഭം ഉണ്ടാകയാല്‍ സ്വന്തം വീട്ടിലേക്ക് തന്നെ തിരികെ വരാനും അവിടെ തന്നെ ശിഷ്ടകാലം ജീവിക്കുവാനും സാധിക്കും. ശോഭയുടെ കാര്യത്തില്‍ തന്നെ “എന്തിനാണ് നിങ്ങള്‍ എന്നെ ഇങ്ങനെ അയച്ചത്?” എന്ന് ചോദിക്കുമ്പോള്‍ ഇപ്പോള്‍ എവിടെയാണ് ജീവിക്കുന്നത് എന്ന് പറയുന്നില്ല. അവള്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം അമ്മയുടെ വീട്ടില്‍ തന്നെ താമസിക്കുന്നു. അമ്മയുടെ കാലശേഷം വീട് ശോഭയ്ക്കുള്ളതാണ്. ഭര്‍ത്താവ് എവിടെ താമസിക്കുന്നു എന്നതിനനുസരിച്ചാണ് വിവാഹശേഷം വധു താമസിക്കാന്‍ പോകുന്നതും. വരന്‍റെ അച്ഛന്‍റെ തറവാട്ടിലോ അമ്മയുടെ തറവാട്ടിലോ അച്ഛന്‍റെയും അമ്മയുടെയും മാത്രമായ വീട്ടിലോ ആവാം അത്. ഭര്‍ത്താവിന്‍റെ ജോലി അകലെയാണെങ്കില്‍ അവിടെ വേറൊരു വീട്ടിലുമാവാം വിധവയായ സ്ത്രീ സ്വന്തം അമ്മയുടെ വീട്ടിലേക്കോ കൂട്ടുകുടുംബമായി ജീവിക്കുന്ന തറവാട്ടിലേക്കോ കുട്ടികളോടൊപ്പം വന്ന് താമസിക്കുന്നു. ഭാര്യഭര്‍ത്താക്കന്മാര്‍ സ്വന്തമായി വീട് ഉണ്ടാക്കിയ വരാണെങ്കില്‍ ഭര്‍ത്താവിന്‍റെ മരണശേഷവും ഭാര്യക്ക് കുട്ടികളോടൊപ്പം അവിടെ താമസിക്കാം. അങ്ങനെ വിവാഹം “കഴിച്ച് അയയ്ക്കല്‍” എന്നത് വിവാഹ ജീവിത കാലം മാത്രമാകുന്നു. ഭര്‍ത്താവിനോടൊപ്പമാണെങ്കിലും ഭാര്യയ്ക്ക് സ്വന്തം തറവാട്ട് ഭാഗത്തില്‍ വീടുവച്ചു താമസിക്കാന്‍ അവകാശമുണ്ട് എന്തൊക്കെയായാലും നിയമങ്ങളിലെ മാറ്റങ്ങള്‍ ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ തറവാട്ട് സ്വത്തിന്മേല്‍ അവകാശം നല്‍കുന്നു. ചിലപ്പോള്‍ ഭര്‍ത്താവിന്‍റെ മരണശേഷവും ഭാര്യ കുട്ടികള്‍ക്കൊപ്പം ഭര്‍ത്താവിന്‍റെ തറവാട്ടുവീട്ടില്‍ തന്നെ താമസിക്കാറുണ്ട്.10 1990നു ശേഷം ഇത് അത്ര സാധാരണമല്ല. ഭാര്യ എവിടെ താമസിച്ചാലും “അയച്ച” ബന്ധത്തില്‍ പെടുത്തിയാല്‍ ഭര്‍ത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടേയും ഉത്തരവാദിത്വമാണ് ഭാര്യയെ സംരക്ഷിക്കുക എന്നത്. അപ്പോള്‍ വരനെ തിരഞ്ഞെടുക്കുമ്പോള്‍ ജോലിയോ, സമ്പത്തോ ഒക്കെ പരിഗണിക്കുകയും ചെയ്യുന്നു. “സംരക്ഷിക്കുക” എന്നത് വിവാഹ ചടങ്ങുകളിലും ആചാരങ്ങളിലും പ്രാധാന്യമേറിയതും പ്രധാനലക്ഷ്യം തന്നെയാവുന്നു.

“ചെലവിനു” നല്‍കുന്ന ഭര്‍ത്താവും സ്വത്തിന്മേല്‍ ഭാര്യയുടെ പിന്തുടര്‍ച്ചാവകാശവും
കേരളത്തില്‍ “മരുമക്കത്തായം” പിന്തുടരുന്ന സമുദായങ്ങളില്‍ ഭാര്യയ്ക്ക് ചെലവിന് കൊടുക്കുക എന്നത് വിവാഹത്തിന്‍റെ പ്രധാന അര്‍ത്ഥം തന്നെയാണ്. എവിടെ താമസിച്ചാലും ചെലവിന് കൊടുക്കല്‍ വിവാഹബന്ധത്തിന്‍റെ തുടര്‍ച്ചയേയും പുരുഷാധിപത്യത്തിന്‍റെ നിലനില്‍പ്പിനെയും ആണ് സൂചിപ്പിക്കുന്നത്. തീയസമുദായത്തില്‍ വധു വിവാഹ ദിവസം അണിയുന്ന സ്വര്‍ണ്ണം മാത്രമായാണ് ഭര്‍ത്താവിന്‍റെ വീട്ടിലേക്കു പോവുന്നത്. ബാക്കിയെല്ലാം, അവള്‍ക്കു വേണ്ട തുണിത്തരങ്ങളും, ഒരുങ്ങാനുള്ള സാമഗ്രികളും സ്വര്‍ണ്ണാഭരണങ്ങള്‍ക്കു വേണ്ട ചരടുകള്‍ പോലും കൊടുക്കുന്നത് വരന്‍റെ കുടുംബമാണ്11 .
തീയ്യസമുദായക്കാരില്‍ കുഞ്ഞ് ജനിക്കുമ്പോള്‍ ഭര്‍ത്താവ് ഭാര്യവീട്ടുകാര്‍ക്ക് പ്രസവച്ചെലവുകള്‍ നല്‍കുന്ന ചടങ്ങുണ്ട്. മാത്രമല്ല ഭാര്യയും കുട്ടികളും അമ്മ വീട്ടില്‍ താമസിച്ചാലും അവര്‍ക്ക് ചെലവിനു നല്‍കാന്‍ ഭര്‍ത്താവിന് ബാദ്ധ്യതയുണ്ട്. ഉദാഹരണമായി ഞാന്‍ വീടുകളെക്കുറിച്ച് നടത്തിയ സര്‍വ്വേയില്‍ ഭാര്യ സ്വന്തം തറവാട്ടിലോ ഭര്‍ത്താവിന്‍റെ വീട്ടിലോ എവിടെതാമസിച്ചാലും അവരുടെ ജീവിതച്ചെലവുകള്‍ മുഴുവനും ഭര്‍ത്താവാണ് വഹിക്കുന്നത് എന്ന് പറയാറുണ്ട്. ഇത് ദാമ്പത്യബന്ധം നിലനില്‍ക്കുന്നുണ്ട് എന്നതിന്‍റെ സൂചകവുമാണ്12. ഭര്‍ത്താവ് കുടുംബം നടത്തിക്കൊണ്ടു പോവുന്നതിനുള്ള ചെലവുകള്‍ വഹിക്കണമെന്ന് പ്രതീക്ഷിക്കപ്പെടുമ്പോള്‍ വീട്ടുജോലികള്‍ ചെയ്യേണ്ട മുഴുവന്‍ ഉത്തരവാദിത്തവും ഭാര്യയ്ക്കാണ്. വീട് വൃത്തിയാക്കുക, കുഞ്ഞുങ്ങളെ പരിപാലിക്കുക തുടങ്ങിയ ജോലികള്‍ ഭര്‍ത്താവ് ചെയ്യുമ്പോള്‍ അത് ഭാര്യയെ വീട്ടിലെ മറ്റ് സ്ത്രീകളെ സഹായിക്കല്‍ മാത്രമാണ്13.
കേരളത്തില്‍ ധാരാളം സ്ത്രീകള്‍ ജോലിക്കായി പുറത്ത് പോകുമ്പോഴും അവര്‍ ചെയ്യേണ്ടി വരുന്ന വീട്ടുജോലികളുടെ കാര്യത്തില്‍ പൊതുചര്‍ച്ചകളൊന്നും തന്നെ നടന്നിട്ടില്ല. പുരുഷന്‍ അധികാരിയും ധനസമ്പാദനത്തിന് (അതത്ര  പ്രധാനകാര്യമല്ലെങ്കിലും) ഉത്തരവാദിയും ആകുമ്പോള്‍ സ്ത്രീപുരുഷഭേദത്തിലുള്ള തൊഴില്‍ വിഭജനം സാധാരണകുടുംബജീവിതത്തിന്‍റെ ഭാഗം തന്നെ ആവുകയാണ്. അങ്ങനെ ചെലവ് നടത്തുന്ന ഭര്‍ത്താവ് എന്ന സങ്കല്പം ഭാര്യ എവിടെ താമസിച്ചാലും ആശ്രയിക്കപ്പെടുകയാണ് എന്നതോടൊപ്പം തന്നെ ഭര്‍ത്താവിന്‍റെ സ്പഷ്ടമായ അധികാരത്തേയും ശക്തമായി പ്രതിഫലിപ്പിക്കുന്നു. വിവാഹത്തിന് മുന്‍പേ തന്നെ പുരുഷന്‍ കല്യാണം കഴിക്കാനുദ്ദേശിക്കുന്ന സ്ത്രീയുടെ കാര്യത്തിലും (പ്രതിരൂപാത്മകമായെങ്കിലും) ആണധികാരം വ്യക്തമാവുന്നുണ്ട്. വിവാഹം നിശ്ചയിച്ചു കഴിഞ്ഞാല്‍ ദൈനം ദിനകാര്യങ്ങള്‍ക്കെല്ലാതെ പുറത്തുപോവുന്നതിന് ഭര്‍ത്താവിന്‍റെയോ ഭര്‍ത്തൃബന്ധുക്കളുടേയോ സമ്മതം “മേടിക്കണം” “ചോദിക്കണം” എന്നുള്ള വാക്ക് വിവാഹജീവിതത്തിലുടനീളം സ്ത്രീയുടെ സ്വന്തം വാക്കു തന്നെയാണ്. മാത്രമല്ല “ചോദിക്കാം” എന്നുള്ളത് എപ്പോഴും അവരുടെ സംസാരത്തിനിടെ ഗവേഷണകാലത്ത് ഞാന്‍ കേട്ടതാണ്. ഇത് മറ്റ് നിബന്ധനകള്‍ക്കനുസരിച്ച് സമരസപ്പെടാറുണ്ട്.

കുഞ്ഞുങ്ങളുടെ ജനനം, കാലത്തിനനുസരിച്ചുള്ള മാറ്റം, പ്രായം, വരുമാനം എന്നിവയിലാണത്. ഭര്‍ത്താവിന് ഭാര്യയുടെ മേലുള്ള അവകാശം സാമൂഹ്യപരമായി സാധാരണമാണ് എന്നൊരു കാഴ്ചപ്പാടാണ് രൂപപ്പെടുന്നത്. ഞാന്‍ പഠനസമയത്ത് ഈ വസ്തുതയുടെ പ്രാധാന്യം മനസ്സിലാക്കിയതാണ്. ആ രീതിയില്‍ സ്ത്രീകള്‍ ഇത്തരം പരുഷാധിപത്യവുമായി സമരസപ്പെട്ട് ജീവിക്കുകയാണ്. പുരുഷനാകട്ടെ, അതേ സമയം അധികാരം കൊണ്ടു തന്നെ സ്ത്രീയുടെ വിലപേശാനുള്ള സാധ്യതയും കുറയ്ക്കുന്നു. കേരളത്തിലെ ഗാര്‍ഹികപീഡനങ്ങളില്‍ ഏറിയ ഭാഗവും ഇത്തരം നിയന്ത്രണങ്ങളുടെ ഭാഗമായുണ്ടാവുന്നവയാണ്. പൊതുധാരയില്‍ മുഖ്യസ്ഥാനത്ത് പുരുഷനായതിനാല്‍ ചെലവിന് നല്‍കുന്ന ഭര്‍ത്താക്കന്മാരുടെ സ്ഥാനവും പ്രമുഖമാകുന്നു. മാത്രമല്ല സ്ത്രീകളുടെ സ്ഥാനം അറിഞ്ഞുകൊണ്ടു തന്നെ പിന്നിലേക്ക് ആവും വിധമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളുടെ വസ്ത്രധാരണം, പൊതുസ്ഥലങ്ങളിലെ ഇടപെടല്‍ എന്നിവ ചില സാമൂഹ്യധാരണകളാല്‍ തന്നെ ക്രമപ്പെടുത്തി നിയന്ത്രിച്ചിരിക്കുന്നു. ഇത് സമൂഹത്തില്‍ ദാമ്പത്യത്തോടനുബന്ധിച്ച “മാന്യത” നല്‍കുന്നതായും വിവാഹമെന്നത് ഒഴിവാക്കാനാവാത്ത ഒന്നാണെന്ന ധാരണ വരുകയുമായിരുന്നു. ഈ വിധത്തില്‍ വരനെ തെരഞ്ഞെടുക്കുക എന്നത് വളരെ പ്രാധാന്യമേറിയ ഒന്നായി മാറി. വരന് വിദ്യാഭ്യാസവും വധുവിനേക്കാള്‍ വരുമാനവും (വധു ജോലി ചെയ്യുകയാണെങ്കില്‍) കൂടുതല്‍ ഉയരം, പ്രായം, എന്നിവയും വേണമെന്ന നിര്‍ബന്ധവും ആയി. കേരളത്തിനകത്തും പുറത്തുമുള്ള പുരുഷമേധാവിത്വം നിലനില്‍ക്കുന്ന മറ്റ് സമുദായക്കാരില്‍ നിന്നും വിഭിന്നമായി തീയസമുദായക്കാര്‍ക്കിടയില്‍ സ്ത്രീക്ക് സ്വത്തിനുള്ള അവകാശവും അനന്തരാവകാശവും തറവാട്ടിലോ അമ്മ വീട്ടിലോ (കൂട്ടുകുടുംബം) താമസിക്കാനുള്ള അധികാരവും ഉണ്ട്. ഭര്‍ത്താവ് ചെലവിന് കൊടുക്കുന്ന സമ്പ്രദായം പുരുഷന് അധികാരം നല്‍കുന്നതോടൊപ്പം തന്നെ സമൂഹത്തിന് ഒരാദര്‍ശവും ഭാര്യയ്ക്ക് എവിടേയും താമസിക്കാം എന്ന സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. പക്ഷേ, ഭാര്യവീട്ടില്‍ താമസിക്കുന്നത് പുരുഷനെ സംബന്ധിച്ച് “കൊറവ്” തന്നെയാണ്. അത് നാണക്കേടാണ്. അങ്ങനെ ചെയ്യുന്ന അല്ലെങ്കില്‍ ചെയ്തിരുന്ന പുരുഷന്‍ അതേകുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടാതിരിക്കുകയോ, അങ്ങനെ താമസിക്കേണ്ടി വന്നതിനെ ന്യായീകരിക്കുകയോ ചെയ്യും. എവിടെയും താമസിക്കാം എന്നതു തന്നെ സ്ത്രീക്ക് സ്വന്തം വീട്ടിലെ സ്വത്തിലും താമസത്തിലും ഉള്ള അവകാശവും താമസസൗകര്യം വിപുലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എവിടെ താമസിക്കണം എന്നതിലുള്ള നിയന്ത്രണങ്ങളും സന്ധിപ്പെടുന്നു. ഇത് വിവാഹബന്ധം നിലനിന്നുപോരുന്നതിന്‍റെ പ്രധാന കാരണവുമാകുന്നുണ്ട്. ചില കേസുകളില്‍ പ്രധാനമായും ദമ്പതികള്‍ ഒന്നില്‍ കൂടുതല്‍ ബന്ധുക്കളൊടൊപ്പം താമസിച്ചാലും മിക്കവാറും സ്ത്രീതന്നെയാവും സ്വത്തിന്‍റെ അവകാശി. ചിലപ്പോള്‍ ഒറ്റക്കുട്ടിയായതുകൊണ്ടാവാം സഹോദരങ്ങള്‍ അവിവാഹിതരോ, മക്കളില്ലാത്തവരോ ആയതുകൊണ്ടാവാം. വളരെ സാധാരണമാണിവ. ഇവിടെ സ്ത്രീ ബഹുമാന്യയാവുന്നു. സ്ത്രീയുടെ മാതൃകുടുംബത്തില്‍ താമസിക്കാനുള്ള അധികാരത്തിന്‍റെയും സ്വത്തവകാശത്തിന്‍റെയും പ്രതിഫലനമാണ് 1990 കളോടെകണ്ടുവരുന്ന താമസിക്കാനുള്ള സ്ഥലത്തിന്‍റെ തിരഞ്ഞെടുപ്പ് എന്നുള്ളത്. ഒരു കേസില്‍ കുട്ടികളില്ലാതിരുന്ന ദമ്പതികള്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഭര്‍ത്താവിന്‍റെ വീട്ടിലും നാലുദിവസം ഭാര്യയുടെ പ്രായം ചെന്ന് മാതാപിതാക്കള്‍ക്കൊപ്പവു മായി താമസം. കയ്യിലൊരു പ്ലാസ്റ്റിക് കവറുമായി ജോലിക്ക് പോവുന്ന വേളയിലാണ് ഞാനവരെ കണ്ടുമുട്ടിയത്. ഇത് വാസസ്ഥലം സ്വയം നിര്‍ണ്ണയിച്ച് ഇഷ്ട്രപ്രകാരം ജീവിക്കാം എന്നതിനുള്ള ഉദാഹരണമാണ്.

ഉപസംഹാരം
മരുമക്കത്തായസമ്പ്രദായത്തിന്‍റെ ഭൂതകാലപശ്ചാത്തലമുള്ള വടക്കേ മലബാറിലെ തീയ്യസമുദായക്കാരുടെ ദാമ്പത്യബന്ധങ്ങളില്‍ പുരുഷാധിപത്യപ്രവണതകള്‍ എങ്ങനെയാണു രൂപം കൊണ്ടിരിക്കുന്നത് എന്നാണ് ഈ ലേഖനത്തില്‍ ഞാന്‍ നോക്കാന്‍ ശ്രമിച്ചിട്ടുള്ളത്. വ്യവസ്ഥാപിത വിവാഹബന്ധങ്ങളില്‍ പുരുഷനെ അധികാരിയും ചെലവിന് കൊടുക്കുന്നവനുമായിട്ടാണ് കാണുന്നത്. പുരുഷമേധാവിത്വം പ്രകടമാക്കുന്ന ചടങ്ങുകളും ആചാരങ്ങളും അധികാരവും എല്ലായിടത്തും നിലനില്‍ക്കുന്നുണ്ട്. അങ്ങനെ ഇവിടെ താലി മാത്രം വിവാഹമുദ്രയായി ധരിക്കുന്ന സ്ത്രീകള്‍ സീമന്തരേഖയില്‍ സിന്ദൂരം ധരിക്കുന്നു. ഇത് കുടിയേറ്റങ്ങളുടെയും ടെലിവിഷന്‍റെയും ഒക്കെ സ്വാധീനത്താലാണ്. കൂടാതെ പേരിനൊപ്പം ഭര്‍ത്താവിന്‍റെ പേര് ചേര്‍ക്കുന്നതും തറവാട്ട് പേര് ഒഴിവാക്കി ഇനീഷ്യല്‍ ചേര്‍ക്കുന്നതും ഇന്ത്യയിലേയും പൊതുവേ ലോകത്തിലെ തന്നേയും രീതികള്‍ പ്രാദേശികമായ രീതികളെ മാറ്റിത്തീര്‍ക്കുന്നതിന്‍റെ ഭാഗമായി വന്നവയാണ്. ഇത് ആധുനികമെന്ന് പറയുകയും ചെയ്യുന്നു. വിവാഹസമയത്ത് വധുവിന് നല്‍കുന്ന സ്വര്‍ണ്ണാഭരണങ്ങളുടെ കാര്യത്തിലും വളരെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. തീയ്യര്‍ സ്ത്രീധനം കൊടുക്കാറും വാങ്ങാറുമില്ലെന്ന് അഭിമാനത്തോടെ പറയുമ്പോഴും വിവാഹസമയത്ത് അണിയുന്ന സ്വര്‍ണ്ണവും അവകാശത്തിലുള്ള സമ്പത്തും വിവാഹ ബന്ധത്തിലെ പ്രധാനഘടകം തന്നെയാണ്. വടക്കേ മലബാറില്‍ ചിലയിടങ്ങളില്‍ സ്ത്രീധനം ആവശ്യപ്പെടാറുണ്ട്. സ്ത്രീക്ക് ചില പോരായ്മകള്‍ ഉണ്ടെന്ന് പറയുന്ന സന്ദര്‍ഭങ്ങളില്‍ സ്ത്രീധനം ആവശ്യപ്പെടുകയോ നല്‍കാമെന്ന് സമ്മതിക്കുകയോ ചെയ്യുന്ന പ്രവണതയുണ്ടെന്ന് പ്രവീണ കോടോത്ത്(2008) ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. അതില്‍ത്തന്നെ പറയുന്നു, വിവാഹത്തോടനുബന്ധിച്ചു സമൂഹത്തില്‍ ലഭിക്കുന്ന മാന്യതയാണ് സ്ത്രീധനസമ്പ്രദായത്തെ നിലനിര്‍ത്തുന്നത്. സ്ത്രീ നിര്‍ബന്ധമായും വിവാഹം കഴിച്ചിരിക്കണമെന്ന കാഴ്ചപ്പാടുകളും ഇതിനെ പ്രോത്സാഹിപ്പിക്കുന്നു. അതേ സമയം വടക്കന്‍ കേരളത്തിലെ തീയ്യസമുദായക്കാരെ മറ്റ് സമുദായക്കാരുടെ മരുമക്കത്തായസമ്പ്രദായചരിത്രത്തില്‍ നിന്നും വ്യത്യസ്തമാക്കുന്നത് സ്ത്രീക്ക് സ്വത്തവകാശവും മാതൃകുടുംബത്തില്‍ താമസിക്കുന്നതിനുള്ള അധികാരവും ഇന്നും നല്‍കുന്നുണ്ട് എന്നതിലാണ്. താമസക്കാര്യത്തില്‍ നിര്‍ബന്ധം പിടിക്കാതിരിക്കുന്നതിനാല്‍ സമൂഹം പുരുഷന് കല്‍പ്പിച്ച് നല്‍കിയ ആധിപത്യത്തോട് സന്ധിചെയ്യാനുള്ള അവസ്ഥയും ദാമ്പത്യം തുടരാനുള്ള കരുത്തും സ്ത്രീക്ക് നല്‍കുന്നു. ഇന്ത്യയില്‍ തന്നെ സ്ത്രീക്ക് സ്വത്തവകാശം കല്‍പ്പിച്ചിട്ടുണ്ടെങ്കിലും പ്രായോഗികമായി വളരെ കുറച്ച് പേര്‍ക്ക് മാത്രമേ സ്വത്ത് കൈവശമുള്ളൂ. അതുകൊണ്ടുതന്നെ മരുമക്കത്തായവ്യവസ്ഥിതിയിലെ ഇത്തരം പിന്തുടര്‍ച്ചാവകാശങ്ങള്‍ക്കു സ്ത്രീയുടെ വൈവാഹികജീവിതത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്.

References
Abraham, Janaki. 2011. “Why did you send me like this?: Marriage, matriliny and the ‘Providing Husband’ in North Kerala, India. Asian Journal of Women’s Studies 17(2): 32-65.
Arunima, G. 2003. There comes papa: Colonialism and the transformation of matriliny in Malabar, Kerala. C. 1850-1940. New Delhi: Orient Longman.
Gough 1961. ‘Nayar: Central Kerala; Nayar: North Kerala; The Modern Disintegration of Matrilineal
Descent Groups’; ‘Tiyyar: North Kerala’; ‘Mappilla: North Kerala.’ In Matrilineal Kinship, eds.
David M. Schneider and Kathleen Gough, 298-384, 404-42. Berkeley and Los Angeles: University of
California Press.
Kodoth, Praveena. 2003. “Here Comes Papa”: Matriliny, Men and Marriage in Early Twentieth
century Malabar. Paper presented at Exploring Masculinities: Travelling Seminar, North East Hill
University, Shillong. 2008. Gender, caste and matchmaking in Kerala: A rationale for dowry. Development and
Change 39(2): 263-283.
Report of the Malabar Marriage Commission. 1891. Madras: Lawrence Asylum Press.

1. 2011-ല്‍ ജാനകി അബ്രഹാം എഴുതിയ ലേഖനത്തിലെ ചില ശകലങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് ഈ ലേഖനം. ഈ പ്രബന്ധം വിവര്‍ത്തനം ചെയ്ത കൃഷ്ണ വേണിയോടും വിലപ്പെട്ട സഹായങ്ങളേകിയ ശ്രീദേവി ഡി. യോടും ഷജീം എം ഫസലിനോടും ഞാന്‍ എന്‍റെ നന്ദി രേഖപെടുത്തുന്നു.
2 .ഇവിടെ പിന്തുടര്‍ച്ചാവകാശവും സ്വത്തും സ്ത്രീകളിലൂടെയാണ്. സ്വത്തു കൂട്ടുകുടുംബത്തിലും തറവാടിന്‍റെ പിന്തുടര്‍ച്ച അമ്മയുടെ വഴിയിലൂടെയും ആണ് നിലനിന്നിരുന്നത്. സ്ത്രീയുടെ മക്കള്‍ അവളുടെ തറവാട്ടിലെയും പുരുഷന്‍റെ മക്കള്‍ അയാളുടെ ഭാര്യയുടെ തറവാട്ടിലെയും ആയിട്ടാണ്
കണക്കാക്കിയിരുന്നത്
3. 1891 ലെ മലബാര്‍ മാര്യേജ് കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം മലബാറില്‍ 138 ജാതികളും ഉപജാതികളും മരുമക്കത്തായവ്യവസ്ഥിതി പിന്തുടര്‍ന്നിരുന്നു 1881 സെന്‍സസ് പ്രകാരം മലബാറിലെ ജനസംഖ്യയില്‍ 30 ശതമാനം പേരും മലബാര്‍ ജില്ലയിലെ ഹിന്ദു ജനസംഖ്യയില്‍ 42 ശതമാനം പേരും മരുമക്കത്തായം പിന്തുടരുന്നു വടക്കേ മലബാറില്‍ നായര്‍, നമ്പ്യാര്‍, തീയ്യ സമുദായങ്ങളും ദളിത് വിഭാഗത്തിലെ വണ്ണാന്‍ മുതലായ വിഭാഗവും മാപ്പിള വിഭാഗവും മരുമക്കത്തായവ്യവസ്ഥിതി പിന്തുടരുന്നു പയ്യന്നൂരിലുള്ള ബ്രാഹ്മണവിഭാഗത്തിനും മരുമക്കത്തായസമ്പ്രദായത്തിന്‍റെ ചരിത്രം കാണാം. അവര്‍ക്കു മാത്രമാണ് ബ്രാഹ്മണ സമൂഹത്തില്‍ ഇത് കാണുന്നത്.
4. ഇതിനു വിപരീതമായി തെക്കേ മലബാറില്‍ തീയ്യസമുദായത്തിന് പിതൃവഴിയാണ് പിന്തുടര്‍ച്ച
5. തീയ്യ സമൂഹം കേരളത്തില്‍ ഒബിസി വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള സമുദായമാണ്. വളരെ വൈവിധ്യമുള്ള ഈ സമുദായത്തില്‍ കള്ളു ചെത്തല്‍, കൃഷി, ആയുര്‍വേദ ഡോക്ടര്‍, ബ്യൂറോക്രാറ്റിക് ജോലികള്‍ എന്നിങ്ങനെ പലവിധം ജോലികള്‍ ചെയ്യുന്നവര്‍ ഇന്നുണ്ട്
6. ‘Providing husband’
7. മറുപടികള്‍ സൂചിപ്പിക്കുന്നത് ഒരുപാടു കാലം ഒന്നിച്ചുള്ള ഭര്‍ത്താവിന്‍റെ വീട്ടിലുള്ള താമസം
മൂര്‍ത്തമായ വിവാഹബന്ധമാണെന്നാണ്. (മലബാര്‍ മാര്യേജ് കമ്മീഷന്‍ റിപ്പോര്‍ട്ട് 1894 )
8. കാരണവര്‍ അമ്മയുടെ അമ്മയുടെ സഹോദരനുമാവാം
9. തലശ്ശേരിയില്‍ വിവാഹത്തിനുശേഷം ഭര്‍ത്താവിന്‍റെ വീട്ടിലേക്കു പോവുമ്പോള്‍ വധു കരയാറുണ്ടെങ്കിലും അത് ഉത്തരേന്ത്യയിലേതുപോലെ നാടകീയമല്ല . അവിടെ വധുവിനോടൊപ്പം ബന്ധുക്കളും കരയും
10. നിയമങ്ങളില്‍ വന്ന മാറ്റങ്ങളും ഭര്‍ത്താവിന്‍റെ സ്വത്തിലുള്ള അധികാരവും സ്ത്രീക്കും കുട്ടികള്‍ക്കും ഭര്‍ത്താവിന്‍റെ തറവാട്ടിലോ ഭര്‍ത്താവിന്‍റെ വീട്ടിലോ താമസിക്കാനുള്ള അവകാശം നല്‍കി. എന്നാല്‍ 1990കളോടെ ഇത് സാധാരണയായി കണ്ടുവരുന്നില്ല
11. 11. For a detailed discussion see Abraham 2011.
12 . This is true for the Nayars as well. See Gough 1961.
13. രാജ്യത്ത് എല്ലായിടത്തുമെന്ന പോലെ സ്ത്രീയുടെ വേതനമില്ലാത്ത വീട്ടുജോലിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഫെമിനിസ്റ്റ് പഠനങ്ങളിലോ സ്ത്രീമുന്നേറ്റങ്ങളിലോ ഇപ്പോള്‍ ഇല്ല .എന്നാല്‍ ഈയടുത്ത് The Great Indian Kitchen എന്ന സിനിമ ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും കൊണ്ടുവന്നു.

കൃഷ്ണവേണിയുടെ പരിഭാഷകൃതികള്‍
1. ഇസഡോറ ഡങ്കന്‍റെ ആത്മകഥ – എന്‍റെ ജീവിതം
2. യവ്ജനിയവത്ഷെങ്കോയുടെ ആത്മകഥ
3. കേറ്റ് ചോപ്പിന്‍റെ നോവല്‍ – ഉയിര്‍പ്പ്
4. അമൃതാപീതത്തിന്‍റെ ആത്മകഥ – റവന്യൂസ്റ്റാമ്പ്
5. ഇവാള്‍ഡ് ഫ്ലിസറിന്‍റെ നോവലുകള്‍
1. എനിക്ക് സമയം ഉണ്ടായിരുന്നുവെങ്കില്‍
6 . 2. എന്‍റെ പിതാവിന്‍റെ സ്വപ്നങ്ങള്‍
7. മര്‍ലിന്‍ മണറോയുടെ ആത്മകഥ
8. ഷാര്‍ലെറ്റ് പെര്‍ക്കിന്‍സ് ഗില്‍മാന്‍റെ നോവല്‍ – ഹെര്‍ലാന്‍ഡ് -അവളുടെ ലോകം
9. സ്നേഹലതാ റെഡ്ഡിയുടെ – സീത (പരിഭാഷക്ക് ഇ.കെ.ദിവാകരന്‍ പോറ്റി അവാര്‍ഡ് ലഭിച്ചു)
10. മഹാഭാരതത്തിന്‍റെ സ്ത്രീകളെക്കുറിച്ച് സത്യവതി മുതല്‍…. എന്ന സ്വന്തം എഴുത്ത് (ചെറുകഥകളും കവിതകളും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്)

 

 

 

 

 

ജാനകി അബ്രഹാം
ഡല്‍ഹി യൂണിവേഴ്സിറ്റി സോഷ്യോളജിപഠന വകുപ്പില്‍ പ്രൊഫസറാണ്‌

 

 

 

 

 

വിവര്‍ത്തനം:
കൃഷ്ണവേണി, വയനാട്

COMMENTS

COMMENT WITH EMAIL: 0