Homeചർച്ചാവിഷയം

ചൊല്ലുകള്‍ : നീതിയുടെ സെമിത്തേരി

കുഷ്ഠം പിടിച്ചും മറ്റും വിരലുകള്‍ നഷ്ടപ്പെട്ട ഒരുത്തന്‍ തന്‍റെ കൈകളാകുന്ന കുറ്റികള്‍ കൊണ്ടു ടൈപ്പു ചെയ്യുന്നതുപോലെയോ കൊട്ട നെയ്യുന്നേതുപോലെയോ ആണ് എന്‍റെ സാഹിത്യരചന. വാക്കുകളുടെ ദാരിദ്ര്യം എന്‍റെ കലയെ പരിമിതമാക്കുന്നു. രാത്രിയില്‍ എന്‍റെ ഭര്‍ത്താവും ചെറിയ കുഞ്ഞും അടുത്ത് ഉറങ്ങിക്കിടക്കുമ്പോള്‍ ഞാന്‍ ഇരുട്ടില്‍ വാക്കുകള്‍ക്കുവേണ്ടി പരതി നടക്കും. എന്‍റെ മനസ്സ് കണ്ടെത്താത്ത ഒരു ഭൂഖണ്ഡമാണെന്നും തീനാളങ്ങളെപ്പോലെ ജ്വലിക്കുന്ന വാക്കുകള്‍കൊണ്ട് അതിന്‍റെ തുറമുഖങ്ങളെ പ്രകാശിപ്പിച്ചാല്‍ ഓരോ വായനക്കാരനും ഓരോ ദേശസഞ്ചാരിയെപ്പോലെ അതിലെ കരിങ്കല്‍വിഗ്രഹങ്ങള്‍ക്കുമുമ്പില്‍ അത്ഭുതദൃഷ്ടിയോടെ വന്നുനില്‍ക്കുമെന്നും എനിക്ക് തോന്നുന്നു. (മാധവിക്കുട്ടി 2009: 443, 444) എഴുത്തിന്‍റെ ലോകത്തേക്കെത്തുമ്പോള്‍ ഭാഷയുമായി കലഹിക്കേണ്ടിവരുന്ന അനുഭവത്തെക്കുറിച്ചാണ് മാധവിക്കുട്ടി എഴുതുന്നത്. വാക്കുകളുമായുള്ള എഴുത്തുകാരിയുടെ കലഹം പലപ്പോഴും ലിംഗഭേദചിന്തയില്‍ നിന്നുതന്നെയാണ് തുടങ്ങുന്നത്. ഭാഷയ്ക്കകത്ത് പ്രവര്‍ത്തിക്കുന്ന ലിംഗഭേദത്തെക്കുറിച്ച് സ്ത്രീവാദികള്‍ പലമട്ടില്‍ എഴുതിയിട്ടുണ്ട്. സാഹിത്യഭാഷയെയും സാമാന്യവ്യവഹാരഭാഷയേയും മുന്‍നിര്‍ത്തി സ്ത്രീവാദികള്‍ പലതരത്തിലുള്ള പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അത്തരം അന്വേഷണങ്ങളുടെ വെളിച്ചത്തില്‍ പഴഞ്ചൊല്ലുകളെ മുന്‍നിര്‍ത്തി ഒരു കുറിപ്പ് തയ്യാറാക്കാനാണ് ശ്രമിക്കുന്നത്. പഴഞ്ചൊല്ലുകളെക്കുറിച്ചുള്ള പൂര്‍വ്വപഠനങ്ങളുടെ പൊതുസവിശേഷതകളാണ് ആദ്യം പരിശോധിക്കുന്നത്.
“ചില പാശ്ചാത്യരാണ് നമ്മുടെ പഴഞ്ചൊല്‍ശേഖരത്തില്‍ ആദ്യമായി പരിശ്രമിച്ചത്. പൗലിനോസ് പാതിരിയുടെ ‘മലയാളത്തിലെ പഴഞ്ചൊല്ലുകള്‍’ (1791), ഡോ. ഗുണ്ടര്‍ട്ടിന്‍റെ ‘പഴഞ്ചൊല്‍മാല’ (1845), പൈലോപോളിന്‍റെ ‘മലയാളപ്പഴഞ്ചൊല്ലുകള്‍’ (1927) എന്നിവ പ്രാതഃസ്മരണീയങ്ങളാണ്. പാശ്ചാത്യമിഷനറിമാരുടെ ശ്രമം പില്‍ക്കാലത്ത് പല പഴഞ്ചൊല്‍ സഞ്ചയങ്ങള്‍ക്കും വഴിതെളിച്ചു. റവ: കെ.ടി. ചാക്കാണ്ണിയുടെ ‘രണ്ടായിരത്തൊന്നു പഴഞ്ചൊല്ലുകള്‍’ (1957), കുഞ്ഞുണ്ണിമാസ്റ്ററുടെ പഴഞ്ചൊല്ലുകള്‍ (1959), ഡോ. എസ്. കെ. നായരുടെ ‘ദ്രാവിഡചൊല്ലുകള്‍’, പി.സി. കര്‍ത്താവിന്‍റെ ‘പഴഞ്ചൊല്‍ പ്രപഞ്ചം’, വേലായുധന്‍ പണിക്കശ്ശേരിയുടെ ‘നാലായിരം പഴഞ്ചൊല്ലുകള്‍’, ‘പതിനായിരം പഴഞ്ചൊല്ലുകള്‍’ എന്നിവ പില്‍ക്കാലത്തുണ്ടായ പഴഞ്ചൊല്‍ ശേഖരങ്ങളാണ്. എ. രാമലിംഗപ്പിള്ളയുടെ ‘ശൈലീനിഘണ്ടു’, വടക്കുംകൂര്‍ രാജരാജവര്‍മ്മയുടെ ‘ശൈലീപ്രദീപം’ എന്നീ ഗ്രന്ഥങ്ങളില്‍ പഴഞ്ചൊല്ലുകള്‍ കടന്നുകൂടിയിട്ടുണ്ട്.” (വിഷ്ണുനമ്പൂതിരി 2000: 263) ജനസംസ്കാരത്തിന്‍റെ വിവിധരീതിയിലുള്ള മാതൃകകള്‍ ശേഖരിക്കപ്പെടണം എന്ന ലക്ഷ്യത്തില്‍നിന്നാണ് ഇത്തരം പുസ്തകങ്ങളെല്ലാം ഉണ്ടാകുന്നത്. ഫോക്ലോര്‍ പഠനങ്ങളുടെ ആദ്യഘട്ടം ഈ രീതിയില്‍ ശേഖരണങ്ങളുടേതായിരുന്നു. തുടര്‍ന്നാണ് അതിന്‍റെ പല മട്ടിലുള്ള വിശകലനങ്ങള്‍ വരുന്നത്.
കേരളസാഹിത്യചരിത്രത്തില്‍ ‘ചില ആനുഷ്ങ്ങ്ഗികവിഷയങ്ങള്‍’ എന്ന തലകെട്ടിനകത്താണ് പഴഞ്ചൊല്ലുകളെക്കുറിച്ച് ഉള്ളൂര്‍ പറയുന്നത്. “പഴഞ്ചൊല്ലുകള്‍ക്ക് കേള്‍വിപ്പെട്ടിട്ടുള്ള ഒരു ഭാഷയാകുന്നു മലയാളം. പഴഞ്ചൊല്ല് അഥവാ പഴമൊഴി എന്ന പദത്തിന്‍റെ അര്‍ത്ഥം ഒരു ജനസമുദായത്തില്‍ പണ്ടേക്കുപണ്ടേ പലരും പറഞ്ഞു പറഞ്ഞു പഴക്കം വന്നിട്ടുള്ള ചൊല്ല് എന്നാണ്. ഏതുനിലയില്‍ എത്ര നിരക്ഷരകുക്ഷിയായ മനുഷ്യനും കേട്ടാല്‍ ഉടനടി അര്‍ത്ഥാവബോധം ജനിക്കത്തക്കവിധത്തില്‍, കഴിയുന്നതും പ്രഥമാക്ഷരത്തിനോ ദ്വിതീയാക്ഷരത്തിനോ സാജാത്യമുള്ള ലളിതപദങ്ങളെക്കൊണ്ട് സാന്മാര്‍ഗ്ഗികങ്ങളോ, തദിതരങ്ങളോ ആയ സാമാന്യതത്ത്വങ്ങളെ പ്രതിപാദിക്കുന്നതിനുവേണ്ടി രചിച്ചിട്ടുള്ള ചെറിയ വാക്യങ്ങളാകുന്നു പ്രായേണ ഈ ആഭാണകങ്ങള്‍” (ഉള്ളൂര്‍ 1990: 500, 501). സാമാന്യവ്യവഹാരഭാഷയുടെ ഭാഗമായാണ് പഴഞ്ചൊല്ല് എന്നംഗീകരിക്കുമ്പോള്‍ത്തന്നെ അതിനുള്ള സാഹിത്യപരതയെക്കുറിച്ച് ഉള്ളൂര്‍ സൂചിപ്പിക്കുന്നുമുണ്ട്. അതുപോലെ പഴഞ്ചൊല്ല് സമൂഹത്തില്‍ നിലനില്‍ക്കുന്നതിനെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍കൂടി അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. പില്‍ക്കാലത്ത് ഫോക്ലോര്‍ പഠിതാക്കളുടെ ശ്രദ്ധ പതിഞ്ഞൊരു നിരീക്ഷണം കൂടിയാണിത്. “ഈ സാഹിത്യ ഗുളികകള്‍ക്കുള്ള ധര്‍മ്മോപദേശപാടവവും പ്രകൃതിനിരീക്ഷണ പ്രേരകതയും സാമാന്യമല്ല.” (ഉള്ളൂര്‍ 1990: 503) പഴഞ്ചൊല്ലുകള്‍ക്കുള്ള ഈ സാധ്യത പ്രയോജനപ്പെടുത്തിയ കവി കുഞ്ചന്‍നമ്പ്യാരാണെന്ന് ഉള്ളൂര്‍ പറയുന്നുണ്ട്.
വേലികള്‍തന്നെ വിളവുമുടിച്ചാല്‍
കാലികളെന്തു നടത്തീടുന്നു
കപ്പലകത്തൊരു കള്ളനിരുന്നാല്‍
എപ്പോഴുമില്ലൊരു സുഖമറിയേണം
(1989: 88)
സാഹിത്യരചനകളില്‍ പഴഞ്ചൊല്ലുകള്‍ പ്രയോജനപ്പെടുത്തിയതിന് ഈ മട്ടില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്.
ധര്‍മ്മോപദേശം, സാഹിത്യപരത എന്നീ രണ്ടു ഘടകങ്ങളും പിന്നീടുള്ള പഴഞ്ചൊല്‍ പഠനങ്ങളില്‍ വരുന്നുണ്ട്. ധര്‍മ്മാത്മകത എന്നത് പഴഞ്ചൊല്ലുകളിലൂടെ നിര്‍വ്വഹിക്കപ്പെടുന്നതെങ്ങനെയെന്നാണ് രാഘവന്‍ പയ്യനാട് വിശദീകരിക്കുന്നത്. പഴഞ്ചൊല്ല് പറയുന്ന സന്ദര്‍ഭത്തിലാണ് ധര്‍മ്മാത്മകത കുടികൊള്ളുന്നത്. പഴഞ്ചൊല്ലിന്‍റെ സൂചകസൂചിതബന്ധം സന്ദര്‍ഭത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാണ്. “പഴഞ്ചൊല്ലിന്‍റെ ജീവന്‍ അതിന്‍റെ സന്ദര്‍ഭമാണ്. ഒരു സംഭാഷണശകലത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് മാറ്റിനിര്‍ത്തിയാല്‍ അത് നിര്‍ജീവമാണ്. (രാഘവന്‍ പയ്യനാട് 2006: 30) ആരോപിതമായ സൂചിതത്തിന് സന്ദര്‍ഭത്തില്‍മാത്രം അര്‍ത്ഥമുണ്ടാകുന്നു എന്ന സവിശേഷതയാണ് പഴഞ്ചൊല്ലിനുള്ളത് എന്ന കാര്യമാണ് ഇവിടെ എഴുത്തുകാര്‍ പറയുന്നത്. പ്രത്യേക സന്ദര്‍ഭത്തില്‍ പഴഞ്ചൊല്ല് എന്തുകൊണ്ട് പറയുന്നു എന്ന കാര്യംകൂടി ഇവിടെ പ്രസക്തമാണ്. പാരമ്പര്യജീവിതവുമായി പഴഞ്ചൊല്ലിനുള്ള അഭേദ്യമായ ബന്ധത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. “പലരുടെ അറിവ് ഒരാളുടെ ഫലിതോക്തി അതാണ് പഴഞ്ചൊല്ല്. ഇവിടെ പലരുടെ അറിവ് എന്നതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത് തലമുറയ്ക്ക് തലമുറയിലൂടെ ലഭിച്ച അറിവ് എന്നാണ്.” (രാഘവന്‍ പയ്യനാട് 2006: 298) ഈ അറിവ് എന്താണെന്നതിനെ ആശ്രയിച്ചിരിക്കും പഴഞ്ചൊല്ലിന്‍റെ ധാര്‍മ്മികമായ അര്‍ത്ഥം.
വിശേഷങ്ങളിലുള്ള ഈ ശ്രദ്ധ ഫോക്ലോര്‍ എന്ന വിജ്ഞാനശാഖയുടെ സൈദ്ധാന്തികതയേയും അച്ചടക്കത്തേയും വലിയൊരു വെല്ലുവിളിയാക്കി മാറ്റുന്നു.” (സക്കറിയ 2019 : 467) ളുടെ ലിംഗഭേദപരമായ സ്ഥാനം നിര്‍ണ്ണയിക്കുന്ന ജീവിതസന്ദര്‍ഭങ്ങളിലാണ് ഇവ പറഞ്ഞുകേള്‍ക്കുന്നത്. “അമ്മൂമ്മയെ ചമ്മന്തിയരക്കാന്‍ പഠിപ്പിക്കണോ” എന്ന് ചോദിക്കുമ്പോള്‍ അമ്മൂമ്മയുടെ/സ്ത്രീയുടെ കുടുംബത്തിലെ സ്ഥാനം, തൊഴില്‍ എല്ലാം വ്യക്തമാകുന്നു. ‘അമ്മ വേലിചാടിയാല്‍ മകള്‍ മതില്‍ ചാടും’ എന്നു പറയുമ്പോഴും കുടുംബത്തിനകത്താണ് അവരുടെ സ്ഥാനം എന്ന് ഓര്‍മ്മിപ്പിക്കുന്നു. മതിലും വേലിയുമെല്ലാം കുടുംബം തീര്‍ത്തതുതന്നെ. ‘ഇട്ടിയമ്മ ചാടിയാല്‍ കൊട്ടിയമ്പലംവരേ’ എന്ന് പറയുമ്പോഴുള്ള ചാട്ടവും കുടുംബത്തില്‍ നിന്നുതന്നെ. അവിടെത്തന്നെ തിരിച്ചെത്തുമെന്നും പ്രതീക്ഷിക്കുന്നു.
കുടുംബത്തിനകത്തുനിന്നാണ് ആണും പെണ്ണും രൂപപ്പെടുന്നത്. ‘കല്ലാണെങ്കിലും പെണ്ണായാല്‍ ഇളകിപ്പോകും’ എന്നു പറയുമ്പോള്‍ മൃദുവായത്, അലിഞ്ഞുപോകുന്നത് അതൊക്കെയാണ് സ്ത്രീ എന്നുതന്നെ ഉറപ്പിക്കുന്നു. പെണ്ണിന്‍റെ സാമൂഹ്യജീവിതത്തെ സംബന്ധിച്ചുള്ള ഏത് ചര്‍ച്ചയിലും കേള്‍ക്കുന്ന ചൊല്ലാണ് ‘നാല് തല കൂടുന്നതിനേക്കാള്‍ ബഹളമാണ് നാലുമുലകൂടിയാല്‍’ എന്ന് കൂട്ടംകൂടി വളരുന്ന സാമൂഹ്യജീവിതത്തിലേക്ക് സാധ്യതയില്ലാത്തവിധം ഗാര്‍ഹികതയിലേക്ക് തന്നെ സ്ത്രീകളെ എത്തിക്കുന്നു. ഈ ചൊല്ലില്‍ തീര്‍ച്ചയായും ‘തല’ ആര് എന്ന ചോദ്യം ചോദിച്ചുപോകും? സ്ത്രീകള്‍ക്ക് തലയില്ല എന്നതിലാണ് ഈ ചൊല്ലിലെ ‘മുല’ഭാഗം നില്‍ക്കുന്നത്. സ്ത്രീയെക്കുറിച്ച് പറയുമ്പോള്‍ ശരീരം പ്രധാനമായിത്തീരുകയും ശാരീരികമായ വ്യത്യസ്തതകള്‍ സ്ത്രീയുടെ ദൗര്‍ബല്യമായി വിലയിരുത്തുകയും ചെയ്യുന്നു. ‘സ്വതവേ ദുര്‍ബ്ബല പോരെങ്കില്‍ ഗര്‍ഭിണിയും’ എന്നു പറയുമ്പോഴും ഈ വ്യത്യസ്തതയെത്തന്നെയാണ് ദൗര്‍ബല്യമായി കാണുന്നത്.
ഇങ്ങനെ ഇന്നും പല സന്ദര്‍ഭങ്ങളിലായി പ്രയോഗിക്കുന്ന ചൊല്ലുകള്‍ ഇനിയും കണ്ടെത്താവുന്നതാണ്. ലിംഗഭേദസ്ഥാനത്തെ, ലിംഗഭേദബന്ധങ്ങളെ ആണിയടിച്ചുറപ്പിക്കാനുള്ള സന്ദര്‍ഭങ്ങള്‍ വര്‍ത്തമാനകാലത്ത് ഉണ്ടാകുന്നതുകൊണ്ട് മാത്രമാണ് പുതിയ തലമുറയില്‍പെട്ടവര്‍ക്ക് പോലും ഈ ചൊല്ലുകള്‍ പരിചിതമായിത്തീരുന്നത്. പ്രയോഗസാധ്യതയില്ലാത്ത അറിവുകള്‍ മൃതമായിത്തീരേണ്ടതാണ്. മേല്‍കാണിച്ച രീതിയിലുള്ള ചൊല്ലുകളും ശൈലികളും ദൈനംദിന ജീവിത വ്യവഹാരത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പറയുന്ന സന്ദര്‍ഭങ്ങളെല്ലാം റിക്കോര്‍ഡ് ചെയ്യപ്പെടേണ്ടതുണ്ട്. സംസ്കാരപഠനത്തിന്‍റെ രീതിശാസ്ത്രം അതിനായി പ്രയോജനപ്പെടുത്തേണ്ടിവരും. റെയ്മണ്ട് വില്യംസ് സംസ്കാരത്തെ സവിശേഷ ജീവിതമാതൃകയായാണ് കാണുന്നത്. ഇതുപ്രകാരം കല, സാഹിത്യം തുടങ്ങിയവ മാത്രമല്ല ദൈനംദിനജീവിതം മുഴുവന്‍ സംസ്കാരമാണ്. ഇതില്‍ സംസ്കാരവിശകലനം എന്നത് പ്രത്യേക ജീവിതരീതിയുടെ അര്‍ത്ഥം വിശദീകരിയ്ക്കലായിരിക്കും. (അനില്‍ 2017: 73) ചൊല്ലുകളുടെ പഠനത്തില്‍ ദൈനംദിന ജീവിതപഠനം പ്രധാനമാണ്. ഫോക്ലോര്‍ പഠനത്തില്‍ സൂചിപ്പിച്ച ധാര്‍മ്മികവിദ്യാഭ്യാസമെന്ന പഴഞ്ചൊല്ലിന്‍റെ ധര്‍മ്മത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഇത്തരം രീതിശാസ്ത്രങ്ങള്‍കൂടി പ്രയോജനപ്പെടുത്തേണ്ടിവരും.

സഹായകഗ്രന്ഥങ്ങള്‍
അനില്‍. കെ.എം (എഡി) 2017 സംസ്കാരനിര്‍മ്മിതി, പ്രോഗ്രസ് ബുക്സ്, കോഴിക്കോട്
ഉള്ളൂര്‍ 1990 കേരളസാഹിത്യചരിത്രം, ഒന്നാംവാല്യം, പ്രസിദ്ധീകരണ
വകുപ്പ്, കേരളസര്‍വ്വകലാശാല, തിരുവനന്തപുരം
1989 കുഞ്ചന്‍നമ്പിയാരുടെ തുള്ളല്‍ക്കഥകള്‍, കേരള സാഹിത്യഅക്കാദമി, തൃശൂര്‍
രാഘവന്‍ പയ്യനാട് 2006 ഫോക്ലോര്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
മാധവിക്കുട്ടി 2009 മാധവിക്കുട്ടിയുടെ സമ്പൂര്‍ണ്ണകൃതികള്‍, ഡി.സി. ബുക്സ്, കോട്ടയം
സ്കറിയാ 2019 സക്കറിയയുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍,
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, നാഷനല്‍ ബുക്ക് സ്റ്റാള്‍
വിഷ്ണുനമ്പൂതിരി എം.പി 2000 നാടോടിവിജ്ഞാനീയം, ഡി.സി. ബുക്സ്, കോട്ടയം
Cameron Deborah 1994 Feminism and Linguistic Theory, The Macmillan Press Ltd., London

 

 

 

 

സോണിയ. ഇ. പ.
അസിസ്റ്റന്‍റ് പ്രൊഫസര്‍,
ഗവ ആര്‍ട്സ് & സയന്‍സ് കോളേജ് കോഴിക്കോട്

 

COMMENTS

COMMENT WITH EMAIL: 0