ചരിത്രത്തില്‍ അടയാളപ്പെടാതെ പോയ ചിലതുണ്ട്. പോയകാലത്ത് ചരിത്രം അപ്രത്യക്ഷീകരിച്ച പലതും പില്ക്കാലത്ത് വര്‍ധിതവീര്യത്തോടെ സ്വയം തെളിഞ്ഞുവന്നിട്ടുണ്ട്. പോയകാലത്ത് തമസ്കരിക്കപ്പെട്ട സ്ത്രീകള്‍ സാഹിത്യരംഗത്ത് സ്വന്തമായി ഇടംകണ്ടെത്തുകയും അവിടെ വാശിയോടെ വ്യാപരിക്കുകയും ചെയ്യുന്നതാണ്, നമ്മുടെ പുതിയകാഴ്ച.
പരമ്പരാഗതലക്ഷണങ്ങളെ പാടേതള്ളിക്കൊണ്ടും ഛന്ദോമുക്തമായിക്കൊണ്ടുമാണ് ആധുനികതയിലേക്കും ഉത്തരാധുനികതയിലേക്കും കവിത നടന്നുകയറിയത്. ഇതിനിടെ കവിതക്ക് മനോഭാവത്തിലും രൂപഘടനയിലും വലിയമാറ്റമാണ് സംഭവിച്ചത്. വര്‍ത്തമാനകാലത്തെ നേരനുഭവമായി പ്രത്യക്ഷീകരിക്കുകയും ചര്‍ച്ചാവിഷയമാക്കുകയും ചെയ്യുന്നു എന്നതാണ് വര്‍ത്തമാനകാലകവിതയുടെ പ്രത്യേകത. അലൗകികപരിവേഷം ഇല്ലാതാകുകയും കവിത അത്യന്തം ജനകീയമാവുകയും ചെയ്തു. വ്യവസ്ഥാപിതമായ കാവ്യപാരമ്പര്യത്തെ പിന്‍പറ്റാതെ തനതുവഴിയുമായി കയറിവന്നവരാണ്, കവിതയെ ജനകീയമാക്കിയതെന്നു പറയാം. കവിതയെഴുതാന്‍ എന്തോ ജന്മസിദ്ധിവേണമെന്നും അത് സാധാരണക്കാരില്‍നിന്നും ഉയര്ന്നുനില്ക്കുന്ന എന്തോ ആണെന്നുമെല്ലാമുള്ള ധാരണ അതോടെ കടപുഴകി. അതിസാധാരണമായ ജീവിതാവസ്ഥകള്‍ തികച്ചും സ്വാഭാവികമായിത്തന്നെ കവിതയില്‍ കടന്നെത്തി.
കവിതക്ക് എഴുത്തുനിയമങ്ങള്‍ ബാധകമാണോ എന്ന ചോദ്യത്തിന് ഡോണമയൂര പറയുന്നതിങ്ങനെ: ‘എന്ത് നിയമങ്ങള്‍? എന്താണ് എഴുത്തുനിയമങ്ങള്‍? അത് ലംഘിച്ചാല്‍ ലങ്കാദഹനം? എഴുത്തും വരയുമെല്ലാം ക്രിയേറ്റിവിറ്റിയാണ്. വിവേകത്തോടെയുള്ള വിചാരങ്ങളും.’
പലപ്പോഴും സാമൂഹികവ്യവസ്ഥകളില്നിന്നുള്ള കുതറിയോട്ടങ്ങളാണ് കവിതയില്‍ കൊണ്ടെത്തിക്കുന്നതുതന്നെ എന്ന് ഡോണ വിശദീകരിക്കുന്നു. നിയമവിധേയമായി ചെയ്യുന്നതിനെ കവിതയെന്നോ എഴുത്ത് എന്നുതന്നെയോ എങ്ങനെ വിളിക്കാന്‍ കഴിയും എന്ന് ന്യായമായും അവര്‍ സംശയിക്കുന്നു . പുറംജീവിതത്തിന് നിയമങ്ങളുള്ളതുപോലെ അകംജീവിതത്തിന് അത് ബാധകമാവില്ലെന്ന് പുതിയ ഓരോ എഴുത്തും തെളിയിക്കുന്നു. നിയമങ്ങളില്ലാത്ത തോന്നലുകള്‍ നിയമങ്ങളില്ലാത്ത ഭാവത്തിലും രൂപത്തിലും ഭാഷയിലും വരച്ചിട്ട് പുതിയ സ്ത്രീകള്‍ വ്യത്യസ്തരാകുന്നു. സവിശേഷമായ ഭാഷാ(ജീവിത)ക്രമക്കണക്ക് പെണ്കവിതയെ വേറിട്ടുനിര്‍ത്തുന്നു.
അനുഭവത്തിന്റെ ഭാഷ
ഒരു സവിശേഷാനുഭവത്തെ, അതനുഭവിച്ചവരും അതിനെപ്പറ്റി കണ്ടും കേട്ടും മനസ്സിലാക്കിയവരും ആവിഷ്കരിക്കുന്ന ഭാഷ വ്യത്യസ്തമായിരിക്കാതെ വഴിയില്ല. സ്ത്രീഭാഷ പുരുഷഭാഷയില്നിന്നും ദളിത്ഭാഷ വരേണ്യഭാഷയില്നിന്നും വ്യത്യസ്തമാകുന്നതിന്റെ അടിസ്ഥാനം അവരുടെ ജീവിതാനുഭവങ്ങള്‍ വ്യത്യസ്തമാണ് എന്നതാണ്. മഞ്ജു രാമകൃഷ്ണന്റെ രാമച്ചക്കാറ്റ് എന്ന കവിത ഇങ്ങനെ:
‘ചിന്നമ്മു എന്ന ചിന്നമ്മ
വിറകൊടിക്കുന്ന പണിക്ക്
കുന്ന് കയറുന്നവളാണ്
വെളുപ്പിന് തിളക്കമുള്ള അരിവാളും
ഒരു തൂക്കില്‍ ചോറും
അതില്ലേശം ഉപ്പുകല്ലും
ഒരു നാല് കാന്താരിമുളകും
തലേന്നത്തെ മീഞ്ചാറും’
നല്ലൊരു വര്‍ണനയ്ക്ക് സ്കോപ്പുള്ള പ്രകൃതി! ‘പ്രാഞ്ചിക്കിതച്ച്’ അവള് കുന്ന് കയറുന്ന രംഗവും വര്‍ണിക്കാം. പക്ഷേ, മഞ്ജുവിന്റെ കവിതയില്‍ പ്രകൃതിആസ്വാദനമോ വര്‍ണനയോ ഇല്ല. കവി അവളുമായി താദാത്മ്യപ്പെടുന്നു. അവളുടെ ദാരിദ്ര്യവും ജീവിക്കാന്‍ വേണ്ടിയുള്ള അധ്വാനവും അവളുടെ ജീവിതാവസ്ഥകളുടെ ചിത്രീകരണവുമൊക്കെയാണ്കവി ശ്രദ്ധിക്കുന്നത്. മനോഹാരിതയിലേക്കു നോക്കാന്‍ ചിന്നമ്മുവിന് നേരമില്ല. അവള്‍കാണാത്ത പ്രകൃതിയെ മഞ്ജുവും ശ്രദ്ധിക്കുന്നില്ല.ചിന്നമ്മുവിനെപ്പോലെ അനലംകൃതയാണ് കവിതയും. അതില്‍ ഉപ്പും മുളകും ഉണ്ടുതാനും.
ഭാഷയിലും കല്പനയിലും ‘സൗന്ദര്യാത്മക’വും ‘പ്രതീകാത്മക’വുമായാലേ കവിതയാകൂ എന്ന് പുതിയകവികള്‍ കരുതുന്നില്ല. എല്ലാ അനുഭവങ്ങളും സൗന്ദര്യപ്പെടുത്തേണ്ടവയുമല്ല.അതുകൊണ്ടാണ് ആര്‍ഭാടരഹിതവും അനുഭവതീക്ഷ്ണവുമായഭാഷ അവര്‍ സ്വീകരിക്കുന്നത്. ‘ലേശം ഉപ്പുകല്ല്,’ ‘ഒരു നാല് കാന്താരിമുളക്’എന്നിങ്ങനെ ജീവിതസാഹചര്യങ്ങളിലെ സംഭാഷണഭാഷതന്നെ കവിതയിലും പ്രത്യക്ഷപ്പെടുന്നു. സൗന്ദര്യത്തെക്കുറിച്ചുള്ള സങ്കല്പങ്ങളെത്തന്നെ മാറ്റിമറിക്കാന്‍ പുതുകവിതയ്ക്കു കെല്പുണ്ട്.
കുളം എന്ന കവിതയില്‍ അമ്മുദീപ ജീവിതകാമനകളെ അത്യന്തസ്വാഭാവികമായി ആവിഷ്കരിച്ചിരിക്കുന്നു. സ്ത്രീയെ വിശാലവും വിശുദ്ധവുമായ അമ്പലക്കുളമായിക്കാണുന്നിടത്ത് കവിത ഉറഞ്ഞുകൂടിക്കിടക്കുന്നു. ഒരു സംഭവവിവരണത്തിന്റെ ഛായയിലെഴുതിയ ഈ കവിത എല്ലാ സദാചാരനിയമങ്ങളെയും ഒഴുക്കിക്കളയുന്നു.
‘നിന്റെ വീടിന്നിനടുത്തുള്ള
അമ്പലക്കുളമാണ് ഞാന്‍
നീ ഓടുവന്നുചാടൂ
മലര്‍ന്നും കമിഴ്ന്നും നിന്നു
നിനക്കുപിറകെ ചാടാന്വരുന്ന ചെറുക്കന്മാരെ
കഴുത്തിനുപിടിച്ച് താഴ്ത്തൂ
പക്ഷേ, ചെറുക്കാ,
വന്നുചാടിയല്ലോ
നിനക്കു മുമ്പേചിലര്
അവരെ നീ എന്തുചെയ്യും?
വേഗം നീന്തിക്കരയേറൂ മുങ്ങാംകുഴിയിട്ട്
ദേ, അവര്‍ നിന്റെ നേരെ വരുന്നുണ്ട്’
കുളത്തിലായിരിക്കുമ്പോഴും കുളത്തിന്റെ ഭംഗിയോ ചുറ്റുപാടുമുള്ള പ്രകൃതിയോ വിവരിക്കുന്ന ഒരുവരിപോലും കവിതയിലില്ല. എഴുത്തുകാരികളെ സംബന്ധിച്ചിടത്തോളം അത്തരം നടപ്പുരീതികള്‍ പൂര്‍ണമായും അപ്രസക്തമായിക്കഴിഞ്ഞു. അത്തരം മനോഹാരിതകളെല്ലാം ജീവിതത്തെ പൂരിപ്പിക്കാനുള്ള ശ്രമത്തില്‍ അപ്രസക്തമാകുന്നു. പറയുന്നതും ചിന്തിക്കുന്നതുമായ ഭാഷയെ അതേപടി അനാര്‍ഭാടമായി ആന്തരികതാളത്തോടെ അമ്മുദീപ ആവിഷ്കരിക്കുന്നു. ഒന്നിലധികം പുരുഷന്മാര് തേടുന്ന സ്ത്രീ അത്യന്തം സ്വാഭാവികമായി പുതിയ ആഖ്യാനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.
അമ്മുദീപയുടെ എ റൂം ഓഫ്… എന്ന കവിതയിലും കാണാം, പെണ്ണിന്റെ മാത്രം അനുഭവത്തില്‍ നിന്നുവരുന്ന ചില പ്രയോഗങ്ങള്‍. പെണ്ണിന് സ്വന്തമായി എഴുത്തമുറി/ഇടം എന്ന ആശയം അവളുടെ എക്കാലത്തെയും സ്വപ്നമാണ്. വെര്‍ജീനിയാ വൂള്‍ഫിന്റെ ഓര്മ തലക്കെട്ടില്‍ത്തന്നെയുണ്ട്.
‘ചായവേണോ
ചോറ് വിളമ്പാറായോ
ഫാന്‍ ഓഫാക്കണോ
പുറം ചൊറിഞ്ഞുതരണോ
അവളുടെ എഴുത്തുമുറിയില്നിന്നും
ചിരപുരാതനമായ ചില ശ്രദ്ധകള്‍
വിളിച്ചുകൂവിക്കൊണ്ടിരുന്നു’-
പുതിയ സാഹചര്യത്തില്‍ പെണ്ണിന് എഴുത്തുമുറിയുണ്ട്. അവള്‍തന്നെ മനസ്സുവച്ചാല്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുകയും ചെയ്യും. പക്ഷേ, ചിരപുരാതനമായ ചില ശ്രദ്ധകളില്നിന്ന് അവള്‍ക്ക് മോചനമില്ല. ഭൗതികമായി ഇല്ലായ്മകള്‍ പരിഹരിക്കുമ്പോഴേക്കും യുഗങ്ങളോളം ആവര്‍ത്തിക്കപ്പെട്ടതും തന്നിലലിഞ്ഞുചേര്ന്നതുമായ കടമകളെക്കുറിച്ചുള്ളബോധം പെണ്മനസ്സിനെ ഭരിക്കുന്നതായി കവിത അടയാളപ്പെടുത്തുന്നു. വേണോ തരണോ എന്നിങ്ങനെയുള്ള ആവര്‍ത്തനങ്ങളിലൂടെ ശീലത്തെ ഭാഷയിലാവാഹിക്കാന്‍ കഴിയുന്നു. ശീലിച്ചുപോയതിനോടൊപ്പംതന്നെ മനസ്സ് ചലിക്കുന്നു. ഇത്തരം അനാവശ്യശ്രദ്ധകള് അവളുടെ എഴുത്തുമുറിയിലെ ഏകാഗ്രതയെ സ്വയം ഭഞ്ജിക്കുന്നു.’വിളിച്ചുകൂവല്‍’ എന്ന പ്രയോഗത്തിലൂടെ ഇത്തരം ശ്രദ്ധകള്‍ പരിഹസിക്കപ്പെടുന്നുമുണ്ട്. പുരുഷാധിപത്യസാഹചര്യത്തില് ഓച്ഛാനിച്ച് ഒതുങ്ങേണ്ടിവന്ന പെണ്ണിന്റെ രൂപം ഈ ശ്രദ്ധാവാചകങ്ങളിലൂടെ തെളിഞ്ഞുവരുന്നുണ്ട്.
പുതുകവിതയുടെ യൗവനതീക്ഷ്ണമായ ഭാവം സെറീനയുടെ കവിതകളില്‍ കാണാം. വരികള്‍ക്കിടയില്‍ ഒളിപ്പിച്ചുവച്ച പെണ്‍വാഴ്വിന്റെ അസ്വസ്ഥതകള്‍ ആ ഭാഷയെ സവിശേഷമാക്കുന്നു.
‘എന്നും അടുപ്പുകല്ലുകള്‍ക്കിടയില്‍
കൂട്ടിവെച്ച് മണ്ണെണ്ണ പകരുമ്പോള്‍
എനിക്ക് കേള്‍ക്കാവുന്ന സ്വരത്തില്‍
ചിരട്ടകള്‍ക്ക് ഒരാത്മഗതമുണ്ട്.
ഉള്ളില്‍ ഉണ്ടായിരുന്ന ഉറവ,
ഒളിച്ചുവച്ച മുളയുടെ നാമ്പ്,
ചിരകിയെടുത്ത വെളുത്തഹൃദയം
ഇത്രയും പോരേ,
ഏറ്റവും നല്ല കനലാകാന്‍?’
തീപ്പെടാന്‍ എന്ന കവിതയിലെ ചിരട്ടകളുടെ ഈ ആത്മഗതം ഒരുപക്ഷേ പെണ്ണിനുമാത്രമേ കേള്‍ക്കാന്‍ കഴിയൂ. അതിനും പെണ്ണിനും ഐക്യപ്പെടാന്‍ ഒരുപാട് ഘടകങ്ങളുണ്ട്. ഉള്ളില്‍ ഉറവയും ഒളിച്ചുവച്ച മുളയുടെ നാമ്പുമുള്ള സര്‍ഗധനരായ പെണ്ണുങ്ങളുടെ ആത്മഗതംകൂടിയാണിത് എന്ന് കവിത അനുഭവിപ്പിക്കുന്നുണ്ട്.കനല് എന്ന പ്രയോഗംതന്നെ തന്നിലുള്ള വിശ്വാസത്തെയും പ്രതീക്ഷയെയുംതന്നെയാണ് പ്രകടിപ്പിക്കുന്നത്. ഉള്ളില്‍ കനലുണ്ട് എന്നും അത് സംരക്ഷിക്കണമെന്നുമുള്ള തിരിച്ചറിവ് പുതിയ എഴുത്തുകാരികള്‍ ആര്‍ജിച്ചിരിക്കുന്നു.
‘എനിക്കറിയാം
ഒഴുക്കില്പ്പെട്ടുപോയൊരു
നിലവിളിക്ക് ആരെയും തൊടാനാവില്ല
പക്ഷെ,
ഇരമ്പലില്‍ മുങ്ങിമരിച്ച
ആ ഒച്ചയാണ്
അരികിലെ മരങ്ങളില്‍
കാട്ടുതീയാവുന്നത്.’
തന്റെ ശബ്ദത്തിന് കാട്ടുതീയാവാന് കഴിയുമെന്ന പ്രതീക്ഷ പുലര്‍ത്തുന്നു, ഈ വരികളില്‍ സെറീന.ഒഴുക്കില്‍പ്പെട്ടുപോയ നിലവിളി, ഇരമ്പലില്‍ മുങ്ങിപ്പോയ ഒച്ച, തുടങ്ങിയ പ്രയോഗങ്ങള്‍ വ്യര്ഥമായിപ്പോവുന്ന ശ്രമങ്ങളെക്കുറിക്കുന്നു. എന്നാല്‍, ഒരു ശബ്ദവും വെറുതെയാകുന്നില്ലെന്നും ഒരു നിലവിളിപോലും ലക്ഷ്യവേധിയാണെന്നും സ്ഥാപിക്കാന്‍ ‘കാട്ടുതീ’ പ്രയോഗത്തിലൂടെ സാധിച്ചിരിക്കുന്നു. ശബ്ദത്തിന്റെ കരുത്തില്‍ കവി അതീവവിശ്വാസം പുലര്‍ത്തുന്നു.
എല്ലാത്തരം എഴുത്തുനിയമങ്ങളെയും അവഗണിക്കുന്ന കവിയാണ്, സിന്ധു കെ വി. വൃത്തരഹിതമായും വൃത്തസഹിതമായും നാടന്‍ ഈണങ്ങളിലും ഗദ്യരൂപത്തിലുമൊക്കെയായി, തോന്നുംമട്ടിലെഴുതും, സിന്ധു. ഏതോ കാലത്തിലെ നമ്മള് നമ്മളെ കണ്ടുപോകുന്നതുപോലെ എന്ന കവിതാപുസ്തകം ഡയറിക്കുറിപ്പിന്റെ ശൈലിയില്‍ എഴുതിയ കവിതകളുടെ സമാഹാരമാണ്.
‘ടച്ച് മീ നോട്ടില്‍നിന്നും തൊട്ടാവാടിയിലേക്ക്
ഒരട്ടിമറിദൂരമുണ്ട്
വിരലുകള്ക്കത് പ്രശ്നമല്ലായിരിക്കാം
അരുതെന്നു പറയുന്നവരുടെ പ്രതിഷേധമാണത്.’
കവിതയിലൂടെ കവി നിലപാടുപ്രഖ്യാപിക്കുകയാണിവിടെ.പ്രസ്താവനാരൂപം അതിന് പര്യാപ്തമാകുന്നുണ്ട്. ബിന്ദുകൃഷ്ണന്റെ തൊട്ടാല്‍ വാടരുത് എന്ന കവിതയും പ്രസ്താവനാരൂപത്തില് നിലപാട് വ്യക്തമാക്കുന്നുണ്ട്.
‘തൊട്ടാവാടികള്‍ ആരെയും വിശ്വസിക്കാറില്ല
എന്നെന്നേക്കുമായി വാടാറുമില്ല’
വരുംതലമുറയിലെ പെണ്കുട്ടികളോടുള്ളചില ഓര്‍മപ്പെടുത്തലാണ് കവിതയുടെ അന്ത:സത്ത. അതുകൊണ്ടുതന്നെ കണിശഭാഷ കവിതക്ക് യോജിക്കുന്നുണ്ട്.
ലോപയുടെഎഴുതുന്ന പെണ്ണേ എന്ന കവിത സര്‍ഗശേഷിയുള്ള പെണ്ണിന്റെ അകം പ്രതിഫലിപ്പിക്കുന്നു. സര്‍ഗാത്മകതയുള്ള വീട്ടമ്മക്കുമാത്രം സാധ്യമാകുന്ന ഭാഷ.മേലേ ശാന്തമായിരിക്കുമ്പോഴും ഉള്ളില്‍ അലര്‍ച്ചകള്‍ നിറയുന്നവര്‍. അവ പുറത്തേക്കുവരാതെ ശ്രദ്ധിച്ച് നിശ്ശബ്ദരാകേണ്ടിവരുന്നവര്.
‘എഴുതുന്ന പെണ്ണേ
ഉള്ളിലെ അലര്‍ച്ചകള്‍
ചുണ്ടില്‍ ചേര്‍ത്ത
ചൂണ്ടുവിരല്‍ തിളച്ച്
പുറത്തേക്ക് തൂവരുത്.’
ചോറും പാലും തിളച്ചുമറിയുംപോലെ ചില തിളച്ചുമറിയലുകള്‍ അടുക്കളയിലെ സര്‍ഗധനയായ പെണ്ണും അനുഭവിക്കുന്നുണ്ട്. ഉള്ളിലെ അലര്ച്ചകളാണവരില് തിളച്ചുമറിയുന്നത്. അത് പുറത്തേക്കുവരാതിരിക്കാന്‍, ആവുന്നത്രമൂടിവെക്കാനാണ്, എഴുതുന്ന പെണ്ണിനോടുള്ള ആഹ്വാനം. ഇത്തരം ‘അരുതു’കളിലൂടെയും വീടനുഭവങ്ങളിലൂടെയും ഒരര്‍ഥത്തില്‍ പെണ്ണിനെ എഴുതിവെക്കുകയാണ് കവി.
‘ഉരിയപദങ്ങളെ
സ്വന്തം കല്ലിലാട്ടി
വെള്ളം ചേര്‍ത്തു പൊലിപ്പിച്ച്
ഉലകത്തിനു മൊത്തമന്നമാം
അഞ്ചപ്പമായി വിളമ്പുമ്പോള്‍
എന്തോ സാധിച്ചു എന്ന്
കൃതാര്ഥയാകരുത്’
രചനാപ്രക്രിയയെ വീടകങ്ങളുമായി കോര്‍ത്തിണക്കുകയാണിവിടെ. വ്യവസ്ഥയെ മുറിച്ചുകടക്കാന്‍ ഒരു നൂലിഴപോലും സാധ്യമല്ലെന്ന തിരിച്ചറിവ് വരികള്‍ പ്രകടമാക്കുന്നു. വീട്ടുചുറ്റുപാടിലും സര്‍ഗാത്മകരംഗത്തും ഏതാണ്ടൊക്കെ തിളങ്ങാനാവുമെന്ന് തിരിച്ചറിയുമ്പോള്‍ത്തന്നെ ഒതുങ്ങലിന്റെ അനിവാര്യതയും അതിന്റെ രാഷ്ട്രീയവും അവള് പഠിച്ചുവച്ചിട്ടുണ്ട്.
‘കരവാളിനെയോമനിക്കുമെന്
മണവാളന്റെ മിനുത്ത ശയ്യയില്‍
കദനങ്ങളെടുത്തു പാറ്റിയും…'(ഷഹറസാദ് തുടരുകയാണ്)
അടുക്കളക്രിയകള് ഏതു പ്രമേയത്തോടൊപ്പവും ലോപ കൂട്ടിക്കലര്‍ത്തുന്നു. ജീവിതത്തില്‍നിന്ന് കദനങ്ങളെടുത്തുപാറ്റാന് വീട്ടമ്മയായ ഒരു കവിക്കുമാത്രമേ കഴിയൂ.
വീട്ടുബിംബങ്ങള് പെണ്‍കവിതകളില്‍ ആവര്ത്തിച്ചുപ്രത്യക്ഷപ്പെടുന്നുണ്ട്. ഡോണമയൂരയുടെ നീലമൂങ്ങ എന്ന സമാഹാരത്തിലെ പേച്ച് എന്ന കവിതയില്‍
‘മഴയത്ത്
തിളയ്ക്കുന്ന എണ്ണയില്‍
പൊട്ടാന്മടിച്ചുകിടക്കുന്ന
കള്ളക്കടുകുമണികള്പോലെ നമ്മള്
മഴയത്ത്
തിളയ്ക്കുന്ന എണ്ണയിലേക്ക്
ചീന്തിയിട്ട കാന്താരിമുളകിന്റെ
അരികള്‍പോലെ നമ്മള്.’
മഴയത്തെ തണുപ്പിലെ മനുഷ്യസ്വാഭാവികമായ മടി കടുകിലും ആരോപിക്കുന്നു. കടുകുമണിയില്‍ കുസൃതിയാരോപിച്ച് ‘കള്ളക്കടുകുമണി’യാക്കുന്നു. ഇവിടെ അടുക്കളയിലെ ധാന്യങ്ങള്‍പോലും ജീവനുള്ളതാകുന്നു. അവയില്‍ കവി മനുഷ്യത്വം ആരോപിക്കുന്നു.
പെണ്ണിന്റേതുമാത്രമെന്ന് സമൂഹം നിശ്ചയിച്ച പ്രവൃത്തികളില്‍നിന്ന് കുതറിമാറി അതുചെയ്യാതിരിക്കുമ്പോഴുള്ള സുഖംപകരുന്ന ‘തെറിച്ച’ ചിന്തകള്‍ പുതുകവികള്‍ അതീവലാഘവത്വത്തോടെ പങ്കുവെക്കുന്നുണ്ട്. ധന്യ എം.ഡി.യുടെ ‘മുറ്റമടിക്കാതിരിക്കുമ്പോള്’എന്ന കവിത പേരുസൂചിപ്പിക്കുന്നതുപോലെതന്നെ, അനിതാതമ്പിയെ തിരിച്ചിടുന്നുണ്ട്. ആണ്ബോധ്യങ്ങള് ഉള്ളില്പേറുന്നവരെ അലോസരപ്പെടുത്തുന്ന രചനയാണിത്. ഭൂതകാലസംഭവങ്ങളെ ചൂലുകൊണ്ടടിച്ച് ഓര്മയാക്കുന്ന അനിതാ തമ്പിയും ഭൂതകാലസംഭവങ്ങളെയെല്ലാം തൂത്തുവാരി വെടിപ്പാക്കുന്നത് വിധ്വംസകമായിക്കരുതുന്ന ധന്യയും ഒരേ പ്രമേയത്തെ വളരെ വ്യത്യസ്തമായി അവതരിപ്പിക്കുന്നു. ‘ആഹാ…മുറ്റമടിക്കാതിരിക്കുമ്പോള്’ എന്ന പ്രയോഗംതന്നെ ആണുണ്ടാക്കിവച്ച വ്യവസ്ഥകള്‍ക്കൊപ്പം തൊഴില്വിഭജനവ്യവസ്ഥകളെയും ലംഘിക്കുമ്പോഴുള്ള ഗൂഢമായ സുഖത്തെ പകരുന്നു.
പലമാതിരി വീടനുഭവങ്ങള്‍
പെണ്ണിന്റെ സര്‍ഗാത്മകതയെ കൊട്ടിയടയ്ക്കുന്ന ഒരിടമായി, പെണ്ണിനെത്തന്നെ കെട്ടിയിടാനുള്ള ഒരിടമായി വീട് സാഹിത്യത്തില്‍ ആവര്ത്തിച്ചുപ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നാലു ചുമരുകള്‍ക്കുള്ളില്‍ കൂട്ടിലെന്നപോലെ പെണ്ണ് പെട്ടുപോകുന്നത് കര്തൃപദവിയിലേക്കേത്തിയആദ്യഘട്ടത്തില് സ്ത്രീകളുടെ സ്ഥിരം പ്രമേയമായിരുന്നു. പുതിയ എഴുത്തുകാരികള്‍ക്ക് വീട് അസ്വാതന്ത്ര്യത്തിന്റെ ചിഹ്നം മാത്രമല്ല. വീടിനോട് അവര്‍ ആശയസംവാദം നടത്തുന്നു. പ്രയാസങ്ങള്‍ പങ്കുവെക്കാനും ദേഷ്യപ്പെടാനുമൊക്കെയുള്ളതാണ്, അവര്‍ക്ക് വീട്. ഒറ്റയ്ക്കാവുമ്പോള്‍ വീടിനോട് സംസാരിക്കുന്ന സ്ത്രീകളെ സിന്ധു കെ വി കാണിച്ചുതരുന്നു.
‘ഞാനും വീടും തനിച്ചാണെന്ന് അനുഭവപ്പെട്ട
ആദ്യത്തെ നിമിഷം
ഞാനാണ് ആദ്യം മെല്ലെ മിണ്ടിനോക്കിയത്
മെല്ലെ മെല്ലെ ശബ്ദം കൂട്ടിനോക്കിയത്
നല്ല രസം..’
നുഴഞ്ഞുകയറ്റം എന്ന കവിതയില്‍ വീടിനോട് ഒരു വ്യക്തിയെപ്പോലെ സംവദിക്കുന്ന പെണ്ണിനെ കാണാം.സംവാദത്തിന്റ രൂപത്തിലാണ് കവിത. സുഹൃത്തിനോടെന്നപോലെ വീടിനോട് സംസാരിച്ച അനുഭവം പങ്കുവെക്കുന്ന ഭാഷ. ഉണക്കാനിട്ടവീട്, ഉണക്കിയെടുത്തവീട്,(അതിജീവനം അഥവാ ഒരു യുദ്ധകഥ),അനിമേഷന്ചിത്രംപോലെ നൃത്തംചെയ്യുന്ന വീട് (അവള്/ചില ബഹിരാകാശയാത്രകള്‍)എന്നിങ്ങനെ സിന്ധുവിന് വീട് പലമട്ടിലുള്ള പരീക്ഷണങ്ങളാണ്. അതിജീവനം എന്ന കവിതയിലാകട്ടെ, വീട് പലവട്ടം അറ്റാക്ക് കഴിഞ്ഞ ഒരു രോഗിയാണ്. കോണ്‍ക്രീറ്റും കമ്പിയുംചേര്ത്തുപണിത ജീവനില്ലാത്ത എന്തോ ഒന്നായല്ല, ആത്മാവുള്ള ഒരു ശരീരമായാണ് വീട് ഈ കവിതകളില്‍ പ്രത്യക്ഷപ്പെടുന്നത്.
സ്വന്തമായി നിയമങ്ങളുള്ള ഭരണപ്രദേശമായി സ്റ്റാലിന വീടിനെ കാണുന്നു.വ്യക്തമായി നിയമങ്ങളുണ്ട്. പക്ഷേ ഒന്നും എഴുതിവച്ചവയല്ല. പഠിക്കാതെതന്നെ എല്ലാവര്ക്കും അറിയുന്ന നിയമങ്ങള്‍.
‘വീടൊരു രാജ്യമായിരുന്നു
ആറുമണിക്കുമുമ്പേ എത്തിച്ചേരേണ്ടുന്ന
എവിടെപ്പോകുന്നുവെന്നും എന്തിനുപോകുന്നുവെന്നും
ആവശ്യമില്ലാതെയെങ്ങും പോകേണ്ടെന്നും
നിയമങ്ങള്‍ നിലവിലുള്ള ഭരണപ്രദേശം’
എലേപ്പം എന്ന കവിതയിലെലോകനിയമങ്ങള് പലര്‍ക്കും പലതാകുന്നു എന്ന സൂചന അതെന്തുകൊണ്ടാവാം എന്ന ചോദ്യമായും സ്പന്ദിക്കുന്നു. ഈ നിയമങ്ങള്‍ ആര്‍ക്കുവേണ്ടിയെന്നും എന്തിനുവേണ്ടിയെന്നുമൊക്കെ ചിന്തിക്കാന്‍ കവിത പ്രേരകമാവുന്നു. നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നതിലുള്ള അസ്വാസ്ഥ്യം കവിത പങ്കുവെക്കുന്നുണ്ട്. ഫാസിസത്തിന്റെ ബാലപാഠം വീടുകളില്‍ത്തന്നെ തുടങ്ങുന്നതിന്റെ അടയാളങ്ങള്‍ നിയമങ്ങള്‍, ഭരണപ്രദേശം തുടങ്ങിയ പ്രയോഗങ്ങളിലൂടെ വെളിപ്പെടുന്നു. പുരുഷാധിപത്യവ്യവസ്ഥ തേനൂറും വാക്കിനാല്‍ പരിഭവങ്ങള്‍ക്കെല്ലാം തടയിട്ട് പെണ്ണിനെ ശരിക്കും അരികില്ത്തള്ളുന്നത് കണിമോള്ക്കവിതയില് കാണാം.
‘കൂടണഞ്ഞുമരിക്കാനാ-
യൊരു വീടുചോദിച്ചുഞാന്
ലോകമല്ലോ തറവാട്
കവിവാക്യം മൊഴിഞ്ഞു നീ’
പുരുഷന്റെ ഈ ഉദാരതയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ത് എന്ന് എല്ലാ പെണ്ണിനും ബോധ്യമുണ്ട്. ഇത്തരം ഭാഷാസംയുക്തങ്ങള്ക്കുള്ളിലെ കാപട്യവും ധ്വനിയും പെണ്ണിന് വേഗം പിടികിട്ടുന്നത് നിരന്തരമായ അവഗണനയുടെ അനുഭവത്തില്‍ നിന്നാണ്. കണിമോള്‍ തന്റെഭാഷയിലൂടെ പുരുഷകേന്ദ്രിതവ്യവസ്ഥയെത്തന്നെ പരിഹസിക്കുന്നു.
‘കൈവെള്ള ചുളിഞ്ഞതും,
മിനുസം മാഞ്ഞതും
തഴമ്പ് വീണതും
നിന്നില്‍നിന്നും മറച്ചുപിടിക്കുന്നില്ല.
കാരണം ഈ വീട്
ബ്യൂട്ടിപാര്ലറാക്കിയ
കൈകളാണിത്’
വിജിലയുടെ ബ്യൂട്ടിപാര്‍ലര്‍ വീട്ടില്‍ എന്ന കവിതയില്‍ വീടിനെ പരിഷ്കരിക്കുന്ന തിരക്കിനിടയില്‍ തനിക്കുവന്ന മാറ്റം ബോധ്യപ്പെട്ട സ്ത്രീയെ കാണാം. പുറത്ത് ബ്യൂട്ടിപാര്‍ലറില്‍പോയി ഡാമേജുകള്‍ പരിഹരിക്കാന്നില്ക്കാതെ തന്റെ യാഥാര്‍ഥ്യങ്ങളെ പ്രദര്‍ശിപ്പിക്കുന്നത് ആത്മവിശ്വാസവും അഭിമാനവും കൊണ്ടാണ്. ഈ വീട് ബ്യൂട്ടിപാര്ലറാക്കിയ കൈകളാണിത് എന്ന യാഥാര്‍ഥ്യത്തെ വളച്ചുകെട്ടലുകളൊന്നുമില്ലാത്ത പച്ചഭാഷയില്‍ വിജില കവിതയാക്കുന്നു.
‘കടങ്ങളുടെ കോളത്തില്‍
അച്ഛനൊരുപാട് ചോയ്സ്
ആത്മഹത്യ എന്നെഴുതാതെ
വീടുവില്പ്പനയെന്നുപൂരിപ്പിച്ചപ്പോള്
സ്വന്തംതന്നെയോ എന്നെപ്പോഴും
സന്ദേഹിക്കുന്ന വീടിനെപ്പറ്റി
കുട്ടികള്‍ കളിവീടൊരുക്കുന്നതും
പൊളിച്ചുമാറ്റുന്നതുമെന്നാണ്'(ഉപമകളുടെ ലോകം;അടുക്കളയില്ലാത്ത വീട്)
ഇല്ലായ്മകളും ദാരിദ്ര്യവും അനുഭവിക്കുന്ന ഒരാള്‍ക്ക് വീട് എന്ന സങ്കല്പം എങ്ങനെ മാറിപ്പോകുന്നുവെന്ന് ഈ വരികള്‍ കാണിക്കുന്നു. രൂപം അനന്തരം എന്ന കവിതയില്‍ അടഞ്ഞവീട്ടിലെ അസ്വാതന്ത്ര്യം അനുഭവപ്പെടുത്തുന്നുണ്ട്, വിജില.
‘എല്ലാം അടഞ്ഞത്
മൃതതുല്യമാവാറുണ്ട്
ജനലഴികള്‍ വാതിലുകള്‍
താക്കോല്‍പ്പഴുതും
തുറന്നുകിടക്കാത്ത വീട്”
തുറസ്സില്ലാത്ത, പുറംലോകത്തെപൂര്ണമായും പുറത്താക്കിയടച്ചവീട് തടവറകളെ അനുസ്മരിപ്പിക്കുന്നു. പുറംലോകവുമായി ബന്ധമില്ലാത്ത സ്വാഭാവികവെളിച്ചത്തിന് പ്രവേശനമില്ലാത്ത ആ ജീവിതം മൃതതുല്യമാണ്പെണ്ണിന്,അഭിമാനചിഹ്നങ്ങളായി കെട്ടിയുയര്‍ത്തുന്ന കോണ്ക്രീറ്റ്സൗധങ്ങള് തടവറയാകുന്നതെങ്ങനെയെന്ന് മാധവിക്കുട്ടി കഥകളിലൂടെ പലവട്ടംകാണിച്ചുതന്നിട്ടുണ്ടല്ലോ. ‘വീടുവിട്ടിറങ്ങുക, നിര്‍ഭയം മുള്ളിന്വേലിചാടുക വിചിത്രാനുഭൂതികള്‍ തേടാംവീണ്ടു’മെന്ന് (ഉള്)’വിളി’യില്‍ ബാലാമണിയമ്മ.
‘തവളക്കിണറിന്റെ നാണയവൃത്തങ്ങളില്
തകരും വാക്കിന്വേലി മറയ്ക്കും വീട്ടിന്നുള്ളില്
തനിക്കായൊരു മുറി കുഴിയാനയെപ്പോലെ
പരതും മണ്ടത്തിയാമിവളേ വൃത്തസ്ഥിത” (ലോപ- വൃത്തസ്ഥിത)
സ്വന്തംവീട്ടില്‍ തനിക്കായി ഇടംപരതുന്നവളാണ് കവിതയിലെ നായിക. അകത്ത് അപ്രസക്തമായ കാര്യങ്ങള്‍ അന്വേഷിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നവളെ കവി കുഴിയാനയോട് ഉപമിച്ചിരിക്കുന്നു. പിറകോട്ടുനടത്തിക്കുകയും അകപ്പെടുത്തുകയുംചെയ്യുന്ന കുഴിയാനക്കുഴിമാത്രമല്ല, വാരിക്കുഴിതന്നെയാണ് വീടെന്ന് പറയാതെ പറയുന്നു ലോപ.
ജീവിതത്തിന്റെ പകര്‍ത്തിയെഴുത്ത്
പുതിയപെണ്ണിന്റെ കാവ്യഭാഷ ഒട്ടുമേ കാല്പനികമല്ല എന്നതിന് ഒരുകാരണം അവരുടെ ജീവിതം കാല്പനികമല്ല എന്നതാവാം.വീടകം കാല്പനികഭാവങ്ങളെ കൊന്നുകളയുകയോ വികലമാക്കുകയോ ചെയ്യുന്നുണ്ടാവാം. ഒഴിവുസമയമുള്ളപ്പോഴും വീട്ടില്‍ വെറുതെയിരിക്കാതെ പ്രതീക്ഷാപൂര്‍വം പ്രവര്‍ത്തനനിരതയാകുന്ന പെണ്ണിനെ അവസാനത്തെ അവധിദിനം എന്ന കവിതയില്‍ കന്നി എം ചിത്രീകരിക്കുന്നത് ഇപ്രകാരമാണ്:
‘ഇന്ന് ഞായറാഴ്ചയാണ്.ഒഴിവുസമയമുണ്ട്.
വീട്ടുകാരി ഓറഞ്ച് കേക്കുണ്ടാക്കുന്നു.
ഞങ്ങള്‍ക്ക് വേണ്ടതിലേറെ
ഇഡ്ഡലിയുണ്ടാക്കുന്നു
ചട്നിപ്പൊടി നനവില്ലാതെ അരുമയായി
പൊടിച്ചെടുക്കുന്നു.
അവളത് പാത്രത്തില്‍ പകര്‍ത്തി
നിറയെ പൂക്കളുള്ള സാരിയുടുത്ത്
സമരക്കാരുടെ വിശപ്പാറ്റാന്‍ പോകുന്നതുകണ്ട്
വസന്തം എന്നുച്ചരിക്കാനെനിക്കുതോന്നി.’
ഞായറാഴ്ചത്തെ ഒഴിവുസമയം പെണ്ണ് എങ്ങനെ ചെലവഴിച്ചുവെന്ന് പുരുഷന്റെ കണ്ണിലൂടെയാണ് കാണിക്കുന്നത്. വസന്തത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളോട് ചേര്ന്നുനില്ക്കുകയാണവള്. ആരുടെയെങ്കിലും അഭ്യര്‍ഥനയോ ശാസനയോ ഉപദേശമോ കേട്ടല്ല, അവള് സമരക്കാരുടെ വിശപ്പടക്കാന്‍ പാടുപെടുന്നത്. വീട്ടിലെ പുരുഷനോടുപോലും ചര്‍ച്ചചെയ്യാതെയാണ്. വസന്തത്തിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് ഈ പെണ്ണുങ്ങള് പ്രഖ്യാപിക്കുന്നു. വീട്ടിനകത്തോടിയിരുന്ന ഭയത്തിന്റെ രഥംപുറത്തേക്ക് തള്ളിയിട്ട് അവള് വാതിലടയ്ക്കുന്നു. പുറത്ത് ഓടേണ്ടതും അകത്ത് ഓടിക്കൊണ്ടിരിക്കുന്നതുമായ വാഹനത്തെ പുറത്തേക്ക് തള്ളിയിടുന്ന നായിക. ഒരു തരത്തിലുള്ള ഭയപ്പാടുമില്ലാതെ സമയത്തെ സാര്ഥകമാക്കിത്തീര്ക്കുന്ന പെണ്ണിനെ പകര്‍ത്തുന്ന ഭാഷ.പകര്‍ത്തുകയെന്ന പദത്തിന്റെ നാനാര്‍ഥസാധ്യതയില്‍ ഈ പകര്‍ച്ചയുണ്ട്. വികാരങ്ങളെ താളിലേക്കു പകര്ത്തുമ്പോലെ ചട്നിപ്പൊടിയെ പാത്രത്തിലേക്ക് പകര്‍ത്തുന്നവള്‍.
‘ഉയരത്തില്‍നിന്ന് വീഴുന്നൊരാള്ക്ക്
താഴേക്ക് പറക്കുകയാണെന്ന്
സങ്കല്പിക്കാനാവുമോ
തീപിടിച്ചമരുന്ന ഒരാള്‍ക്ക്
എല്ലാ പൊള്ളലുകളും ചേര്‍ന്ന്
ഉടലില്‍ ഒറ്റ ആന്തലായി
നൃത്തം വെക്കുകയാണെന്ന് കരുതാമോ
എങ്കില്‍ ഞാനിതാ പറക്കുകയാണ്.
ഉരുകുന്നൊരു സ്വര്ണചിലങ്കകെട്ടുന്ന
നര്‍ത്തകിയാവുകയാണ്”
എല്ലാ പ്രതികൂലകാലാവസ്ഥകളെയും അനുകൂലമാക്കിമാറ്റി അതിജീവിക്കാനുള്ള ശ്രമം സെറീനയുടെ കവിതകളിലെ സ്ത്രീകള്‍ നടത്തുന്നുണ്ട്. ഉയരത്തില്‍നിന്ന് താഴോട്ടുപതിക്കുമ്പോള് പറക്കുകയാണെന്നും തീപ്പിടിച്ച ഒരാള്‍ സ്വര്ണചിലങ്കകെട്ടുന്ന നര്ത്തകിയാവുകയാണെന്നും സങ്കല്പിക്കാനാവുന്നത് അതുകൊണ്ടാണ്.അഗ്നിവര്ണവുമായുള്ള സാദൃശ്യമാവണം, സ്വര്ണചിലങ്ക എന്ന പ്രയോഗത്തിനുപിന്നില്. അവസാനത്തെ ആളിക്കത്തല്വരെ പ്രതീക്ഷ വെടിയാത്തവരാണ് ഈ പെണ്ണുങ്ങള്. ‘പുടവയ്ക്കുപിടിച്ചതീചുഴന്നുടല്കത്തുന്ന ബാല’യുടെ പുതുപരിഭാഷ.
വിജിലയുടെ നേരത്തേകണ്ട,ബ്യൂട്ടിപാര്ലര്വീട്ടില് എന്ന കവിതയില്‍ വീട് വെടിപ്പായി സൂക്ഷിക്കാനായുള്ള വീട്ടമ്മയുടെ ത്യാഗം കാണാം മറ്റൊരിടത്ത്.
‘നേരം വെളുക്കും മുമ്പേ
ചൂലിേډല്‍
അരകല്ലിന്മേല്
കൈകളെത്തുന്നു.
പാത്രങ്ങള്‍ വെളുപ്പിക്കാന്‍
ചകിരിയും വെണ്ണീരും
ഉരച്ചുതേയ്ക്കുന്നു.
തിരുമ്പിത്തിരുമ്പി
സോപ്പ് പതപ്പിക്കുന്നു.’
എല്ലാ വീട്ടമ്മയും എല്ലാദിവസവും ആവര്‍ത്തിച്ചുചെയ്യുന്ന യാഥാര്ഥ്യങ്ങളെത്തന്നെ വിജില കവിതയാക്കുന്നു. തിരുമ്പിത്തിരുമ്പി, ഉരച്ചുതേയ്ക്കുക തുടങ്ങിയപ്രയോഗങ്ങള്‍ ഗാര്ഹികവൃത്തിയുടെ ആവര്ത്തനവിരസതയെയും കാഠിന്യത്തെയും അടയാളപ്പെടുത്തുന്നു. പുറംലോകംകണ്ടറിഞ്ഞ് പാകംവെച്ച് തിരിച്ചുവരാന്‍ ബഷീര്‍ തന്റെ കഥാപാത്രങ്ങളെ പറഞ്ഞയയ്ക്കുംപോലെ വിജില കവിതയെത്തന്നെ നാനാദിക്കിലേക്കും നാനാവിഷയത്തിലേക്കും പറഞ്ഞയക്കുന്നു.
‘എന്റെ കവിതയെ പാകമാക്കാന്‍
ഞാനവയെ ഇരുട്ടിലേക്കുവിടട്ടെ
മരുഭൂമിയിലേക്ക് വിടട്ടെ
കയങ്ങളിലേക്ക് വിടട്ടെ
ലോകം കള്ളത്തരങ്ങളെ ഒളിപ്പിക്കുന്ന വിദ്യ
നിലാവിന് നിഘണ്ടുവിലുണ്ട്
സത്യങ്ങള്‍ കത്തിജ്വലിക്കുന്ന വാക്കുകള്‍
സൂര്യന്റെ നിഘണ്ടുവിലുണ്ട്’
കള്ളത്തരങ്ങളെ വെളിപ്പെടുത്തുന്നത് ധര്‍മമായി കവി കരുതുന്നു. പ്രകൃതിയിലേക്ക് മടങ്ങി പ്രതിബന്ധങ്ങള്‍ തരണംചെയ്ത് ജീവിതംപഠിച്ച് കവിത കരുത്താര്‍ജിക്കണമെന്ന വിശ്വാസം ഈ വരികള്‍ പ്രതിഫലിപ്പിക്കുന്നു. സത്യങ്ങള്‍ കത്തിജ്വലിക്കുന്ന വാക്കുകളെ കവി തേടുന്നു.
വൈകാരികപ്രതിസന്ധികള്‍ തുറന്നുപങ്കുവെക്കാനാവാത്ത അവസ്ഥ പെണ്ണിനുണ്ട്. അതുകൊണ്ടുതന്നെ പെണ്കവിതകള്ക്ക് ആത്മഭാഷണരൂപം കൈവരുന്നതില്‍ ഒരു സ്വാഭാവികതയുണ്ട്. ആണധികാരത്തെ വിചാരണചെയ്യുന്ന ആത്മഭാഷണരൂപങ്ങള് പുതുകവിതയില്‍ ധാരാളമുണ്ട്.
‘കേട്ടിട്ടുണ്ട്,
സ്വകാര്യവത്കരണം
മൂല്യത്തോടൊപ്പം
വിലയും കൂട്ടുമെന്ന്
പക്ഷേ
നീയെന്നെ സ്വകാര്യവത്കരിച്ച്
വിലയിടിച്ചല്ലോ
ഒപ്പം മൂല്യവും’
രഗില സജിയുടെ ഈ വരികള്‍ വിവാഹത്തിലൂടെ ‘സ്വകാര്യവത്കരിക്ക’പ്പെടുന്ന സ്ത്രീയവസ്ഥയുടെ വിമര്‍ശനാത്മകമായ വിചിന്തനമാണ്.ഇത്തരം അനുഭവങ്ങള്‍ പെണ്ണിന്റെ വിലയും മൂല്യവുമിടിച്ചുകളയുന്നതാമെന്ന ബോധ്യങ്ങളുടെ അടയാളങ്ങള്‍ പുതുകവിതയില്‍ കാണുന്നുണ്ട്.
ചിഞ്ചുറോസയുടെ മാന്ത്രികച്ചരട് എന്ന കവിത വ്യക്തിസ്വാതന്ത്ര്യത്തിന് വിവാഹം തടസ്സമാണെന്ന് പ്രഖ്യാപിക്കുന്നു. ഭോഗാനന്തരം ശരീരം വിരസമാകുന്നവിധം കവിത അടയാളപ്പെടുത്തുന്നു.
‘ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത
ഭൂപ്രദേശങ്ങള്‍ ഉറങ്ങുന്ന ഏതോ
ഒരു വാഗ്ദത്തദേശം എന്റെ ശരീരം
എത്രയും പെട്ടെന്ന് ഒരു ശത്രുരാഷ്ട്രമായി
പരിണമിച്ചുകീഴടക്കി, ഈ മാന്ത്രികച്ചരട്.
കാണപ്പെട്ട നിന്റെ
കാവല്മാലാഖയില്നിന്നും
എത്രപെട്ടെന്ന് വെറും സ്ത്രീയാക്കി മാറ്റി
അത്രതന്നെ!
അതിശയം തന്നെ.’
സ്നേഹവാക്കുകളിലെ വിള്ളലുകള്‍ തിരിച്ചറിയുന്നപെണ്ണിനെ ആവിഷ്കരിച്ചിരിക്കുന്നു, ഈ വരികളില്‍. ജീവിതത്തിലെ പൊരുത്തക്കേടുകളുടെയും പ്രതീക്ഷാഭംഗങ്ങളുടെയും പരോക്ഷസൂചനകള്‍ വരികളില്‍ മുഴങ്ങുന്നു.
പ്രകൃതിയുടെ അകംകാഴ്ചകള്‍
വര്ണനാവിമുഖത പ്രകടിപ്പിക്കുമ്പോഴും പ്രകൃതിയെ സ്വാംശീകരിച്ചതിന്റെ കനപ്പെട്ട മുദ്രകള്‍ പെണ്കവിതകളില്പതിഞ്ഞുകിടപ്പുണ്ട്. പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന ബദല്ഭാഷാസങ്കല്പം പുതിയ എഴുത്തുകാരികള്‍ വച്ചുപുലര്‍ത്തുന്നു. കാവ്യഭാഷയെക്കുറിച്ചുള്ള തന്റെ സങ്കല്പം ആരറിയുന്നു എന്ന കവിതയില്‍ കണിമോള്‍ വ്യക്തമാക്കുന്നതിങ്ങനെ:
‘നമുക്ക് ശേഷം പാലമരം
രാക്കാറ്റിനോട് പറയുന്നതായിരിക്കും
ഭൂമിയിലേക്കും തീക്ഷ്ണഭാഷ.’
പാലമരം രാക്കാറ്റിനോട് പറയുന്നത് കല്പനാമധുരമായായിരിക്കണം. അത് ഒരേസമയം തീക്ഷ്ണവുമായിരിക്കണം എന്ന് കവി ആഗ്രഹിക്കുന്നു. പ്രകൃതിയോട് ഇഴുകിച്ചേര്‍ന്നതാണ് കണിമോളുടെ ഭാഷാസങ്കല്പം.ചങ്ങമ്പുഴയുടെയും വൈലോപ്പിള്ളിയുടെയും കുഞ്ഞിരാമന്‍നായരുടെയും ഇടശ്ശേരിയുടെയും കാവ്യപാരമ്പര്യത്തെ പ്രകൃതിയോടും സംസ്കാരത്തോടും ചേര്‍ത്തുവച്ച് ഓര്‍മിക്കുന്ന ഗന്ധമാദകം എന്ന കവിത കാവ്യഭാഷയുടെ ഗൂഢസൗന്ദര്യം ആവഹിക്കുന്നുണ്ട്.
അമ്മുദീപ മാനത്ത് കാണുന്നത് കിളികൊത്തിയ സൂര്യനെയാണ്. (ഗ്രഹണം)രാവിലെ എന്ന കവിതയില്‍ ഇടങ്കയ്യാല്‍ സൂര്യനെഎടുത്തുയര്ത്തി വലംകൈയിലെ കൊടുവാളിനാല്‍ നടുക്കാഞ്ഞുവെട്ടി ഇരുമുറിയാക്കി ചിരവിത്തുടങ്ങുന്ന വീട്ടമ്മയെ കാണാം. ഭാവനയിലൂടെ പ്രകൃതിയെ അധീശപ്പെടുത്തി താന്‍ ഉദ്ദേശിച്ചിടത്തേക്ക് വെളിച്ചം ഉതിര്‍ക്കുന്ന മായക്കാഴ്ച ഈ പദച്ചേരുവ അനുഭവിപ്പിക്കുന്നു.
‘മുറ്റത്തെ മാവ്
നാളെ മുറിക്കുകയാണ്
അതിന്റെ ചില്ലയില്‍
ഒരു കുയിലിരുന്ന് പാടുന്നുണ്ട്.
അതെന്നും അവിടെ വന്നിരുന്ന് പാടാറുണ്ട്.
ഒരു പക്ഷേ നാളെയാ മാവ്
മുറിഞ്ഞുകഷ്ണങ്ങളായി
ലോറികേറിപ്പോയാലും
അതവിടെ വന്നിരുന്ന് പാടുമായിരിക്കും
അത്രമേല്‍
അവളുടേതുമാത്രമായിരുന്നല്ലോ
ആ ചില്ല’
പൂര്‍ണമായും ഒരു സംഭവവിവരണമാണിത്. പക്ഷേ, മുറ്റത്തെ മാവിന്‍കൊമ്പിലിരുന്ന് പാടിയതുപോലെ മാവില്ലാത്ത അവസ്ഥയിലും സംഭവിക്കാമെന്നത് കവിയുടെ സ്വപ്നമാണ്. അത്രമേല്‍ അവളുടേതുമാത്രമായിരുന്നല്ലോ ആ ചില്ല എന്ന പ്രയോഗം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വിടവ് കണ്ടെത്താനാവാത്ത അവസ്ഥയെ ദൃഢപ്പെടുത്തുന്നുണ്ട്. “നഷ്ടങ്ങളെ അമൂര്ത്തതകള്കൊണ്ട് പകരംവെക്കുകയും ഒരു സാങ്കല്പികബദലില് ജീവിതം കൊണ്ടുവെക്കുകയും ചെയ്യുന്ന രീതി അമ്മുവിന്റെ കവിതകളിലുണ്ട്. ഇതൊരു പുതിയ സങ്കേതമൊന്നുമല്ല. പക്ഷേ സമകാലികവിതാസന്ദര്ഭത്തില് അതിനൊരു രാഷ്ട്രീയപ്രാധാന്യമുണ്ട്. ഭാവനകൊണ്ടുള്ള ഈ ബദലിലാണ് ഇന്ത്യയിലെ പെണ്ണെഴുത്തിന്റെ രാഷ്ട്രജീവിതം” എന്ന് സന്തോഷ്മാനിച്ചേരി നിരീക്ഷിക്കുന്നുണ്ട്.
‘വെള്ളിമേഘച്ചില്ലില്
സൂര്യവിളക്കിന്
കരിപുരണ്ടസന്ധ്യക്ക്
താരകത്തിരിയിട്ട
നിലാവിന്റെ
മറ്റൊരു മങ്ങാത്ത വിളക്ക്'(വിജില, ഉടലുകള്‍)
സൂര്യവിളക്കിന് കരിപുരണ്ടസന്ധ്യഎന്ന പ്രയോഗം മണ്ണെണ്ണവിളക്കിന്റെ ചിരപരിചിതത്വത്തില്നിന്നുണ്ടായതാണ്. സൂര്യനും ചന്ദ്രനുമൊക്കെ പ്രകൃതിയാകുന്നവീടിന്റെ വിളക്കാകുന്നു.കരിപുരണ്ടവീട്ടിലെ മണ്ണെണ്ണവിളക്കിന്റെ നേര്‍ത്ത പ്രകാശത്തില്‍ പ്രകൃതിയാകുന്ന വീടിനെ മൊത്തമായി കണ്ടെത്താന്‍ കവിക്കു കഴിയുന്നു.
‘കാറ്റിന്റെ താളത്തില്‍ തുള്ളും തളിരിനെ
കൂര്‍ത്തോരു നോക്കാല്തളര്ത്തിനിര്ത്തി
എണ്ണമിനുപ്പും വിയര്‍പ്പും തുടയ്ക്കുമ്പോള്‍
എന്തോ മുഖം മങ്ങി വെയിലിനന്നും’
അമ്മയുടെ ആര്‍ദ്രതയും കാര്‍ക്കശ്യവും ഒരേ സമയം പ്രകടിപ്പിക്കുകയാണ്, ആര്യാംബിക വെയിലമ്മ എന്ന കവിതയില്‍. വെയിലമ്മ നല്കുന്ന പ്രകാശംകൊണ്ടാണ്, തളിരില പച്ചയായിത്തീരുന്നത്. കുട്ടികള്‍ വികൃതിയുമായി നടക്കുമ്പോള്‍ അരിശപ്പെട്ട് അടക്കിനിര്‍ത്തുന്ന അമ്മയുടെ ഛായയാണ്, വെയിലമ്മയ്ക്കും. വിയര്‍ത്തൊലിക്കുന്ന കുഞ്ഞുമുഖം തോര്‍ത്തുകയാണ്, ആ അമ്മ. അരുമക്കുട്ടിയെ പരിലാളിക്കുന്ന അമ്മയുടെ ഭാവമാണ്, ഇവിടെ പ്രകൃതിക്ക്. അതിനിണങ്ങുന്നതാണ്, ഈ മഞ്ജരിയുടെ പദഘടനയും.
ചിത്രഭാഷ
കവിതയെഴുത്തില് മാത്രമല്ല, വായനയിലും പുതിയകാലത്ത് മാറ്റങ്ങള്‍ വന്നിട്ടുണ്ട്.കേള്‍വിയുടെയും കാഴ്ചയുടെയും സ്പര്ശത്തിന്റെതുമൊക്കെയായ അനുഭവങ്ങള്‍ പുതുകവിത പങ്കുവെക്കുന്നുണ്ട്. ആസ്വാദകര്‍ തനിച്ച് വായിച്ചുരസിച്ചിരുന്ന കവിതക്ക് ദൃശ്യ-ശ്രാവ്യമാനങ്ങള് നല്‍കിക്കൊണ്ടുള്ള ഇന്സ്റ്റലേഷന്പോയട്രി പുതുകാലത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്നു. അത്തരം സാധ്യതകളിലേക്ക് പെണ്‍കവിത വളരുന്നുണ്ടെന്ന് മലയാളകവിത സാക്ഷ്യപ്പെടുത്തുന്നുണ്ട്. അമ്മുദീപ സ്ത്രീകളുടെ അടിവയറ്റില്‍ വരയന്‍പുലിയെ കാണുന്നു. അതിനെ ഭാഷയിലൂടെ അടയാളപ്പെടുത്തുന്നു.
‘പെറ്റപെണ്ണുങ്ങളുടെ അടിവയറ്റില്‍
ഒരു വരയന്‍പുലി ചുരുണ്ടുകൂടിക്കിടക്കുന്നത്
കണ്ടിട്ടുണ്ട്
കുട്ടിക്കാലത്ത് കുളത്തില്‍
നനഞ്ഞ തോര്‍ത്തുമുണ്ട് അഴിച്ചുചുറ്റുമ്പോള്
സാരിയുടുക്കും മുമ്പ് അടിപ്പാവാടയുടെ കയര്‍
മുറുക്കിക്കെട്ടുമ്പോള്‍
സൈഡിലെ വിടവിലൂടെയെല്ലാം അത്
പുറത്തേക്ക് കാണാറുണ്ട്.’
ആ വയറ്റില്‍ തലവെച്ച് കിടക്കുമ്പോള്‍ കൂമന് മൂളിയാലും കാലന്‍കോഴി കൂവിയാലും പേടിതോന്നില്ല. ആപത്തില്‍ പുലി സംരക്ഷിക്കുമെന്ന ഉറപ്പില്‍ ആശ്വാസത്തോടെ കിടക്കാനുള്ള സുഖം കവിത പങ്കുവെക്കുന്നു. ഇവിടെ വായന കാഴ്ചയുമാകുന്നു. അന്തരീക്ഷത്തില്‍ പാറുന്ന തുമ്പികള്‍ തുളവീണകാറ്റിനെ തുന്നിയെടുക്കുന്നദൃശ്യം കവി ഇങ്ങനെ ഭാഷ്യപ്പെടുത്തുന്നു:
‘ചുണ്ടുകൂര്‍ത്ത പക്ഷികള്‍ കടന്നുപോയതിനാല്‍
തുളകള്വീണകാറ്റിനെ തുന്നിയെടുക്കുന്നു തുമ്പികള്‍”(സെപ്റ്റംബര്‍)
വായനാനുഭവത്തോടൊപ്പം ചിത്രദര്ശനസുഖംകൂടി പങ്കുവെക്കുന്നു, ഇത്തരം വരികള്‍.
ജാലകവാതിലിലൂടെ കാറ്റും മഴയും കാണുന്ന രംഗം സെറീന ഇങ്ങനെ ആവിഷ്കരിക്കുന്നു:
‘തെരുവിലേക്ക് തുറക്കുന്ന
ഒറ്റ ജാലകത്തിലൂടെ
കാറ്റിനെ കെട്ടിപ്പിടിച്ച് കേറിവരും
കരഞ്ഞുതളര്‍ന്നൊരു മഴ.’
പരസഹായത്തോടെ ക്ഷീണിച്ചുവരുന്ന ദയനീയയായൊരു സ്ത്രീയുടെ രൂപമുണ്ട്, ഈ മഴയ്ക്ക്. ഇവിടെ മഴയും മനുഷ്യനുമൊന്നിക്കുന്നു.
‘ഒരാള്‍ വീട് വാരിയെടുത്തുകൊണ്ടുപോകുന്നു
ഇപ്പോള്‍ വീടിരുന്നിടം
പുല്ലിനും തുമ്പിക്കും കളിസ്ഥലം
ആകാശം തണലുകോര്‍ത്ത ഒരു ചതുപ്പിന്റെ നിര്‍മമത
കോഴിക്കൂട് ഉറക്കെ കരയുന്നു.
തൊഴുത്ത് വൈക്കോലില്‍ തകര്‍ന്നമരുന്നു
വിവരം തിരക്കാന്‍ മുരിങ്ങപ്പൂവുകള്‍
കുനിഞ്ഞുതിരുന്നു
പൂച്ചയാണെന്നറിയാത്ത ദേവയാനി എന്ന പേരുകാരി
കിടക്കാനുള്ള ചവിട്ടുപടിയന്വേഷിച്ച്
മുറ്റത്താകെ മണപ്പിച്ചുനടക്കുന്നു’.(പാര്‍പ്പും പലായനവും).
ഉള്ളില്‍ വീടുംപേറി മനുഷ്യര്‍ പലായനം ചെയ്യുമ്പോള്‍ ബാക്കിയാവുന്നതെന്തെന്ന് കന്നി എം ഇങ്ങനെ ചിത്രീകരിക്കുന്നു). ഭൂമിയുടെ മറ്റവകാശികളുടെ സ്വാഭാവികജീവിതം കവി ഭാഷകൊണ്ട് വരച്ചുകാണിക്കുന്നു.
കഥപോലെ കവിത
പുതുകവികള്‍ക്ക് കവിത നിത്യജീവിതത്തിന്റെ നേരാവിഷ്കാരമാണ്. തികഞ്ഞ സത്യസന്ധതയാണ് പുതിയകവിതയുടെ ആഖ്യാനതന്ത്രം. വളച്ചുകെട്ടുകളും ആടയാഭരണങ്ങളുമില്ലാതെ ജീവിതത്തോടുള്ള വളരെ സ്വാഭാവികമായ പ്രതികരണമാവുന്നു, അത്. പുതിയഭാവുകത്വത്തോടെ നവജീവിതയാഥാര്ഥ്യങ്ങള് കവിതയായിത്തീരുന്നു. പുതുകാലത്തിന്റെ ആധികള്‍, പുതുകാലത്തിന്റെ പേരില്ലാപ്രശ്നങ്ങള്‍.. എല്ലാം കവിതയില്‍ നിറയുന്നു. കവിത രൂപംമാറി കഥയോടടുക്കുന്ന സന്ദര്‍ഭങ്ങളുമുണ്ട്. നിഷാനാരായണന്റെ പെട്ടെന്നോരോ ദിവസങ്ങളില്‍ അയാള്‍ക്കു പറ്റിയതൊക്കെ നിങ്ങള്‍ക്കും പറ്റാവുന്നതേയുള്ളൂ എന്ന കവിത കഥപോലെ നീളുന്നു. നിഷയുടെ കവിതയുടെ മെറ്റീരിയല്‍ ഫിക്ഷനാണ്. അവ കഥാലോകത്തില്നിന്നുപിറവിയെടുക്കുന്നു. നീണ്ടുനീണ്ടുപോകുന്ന വാക്യങ്ങളില്‍ കവിത വികസിക്കുന്നു.
‘ആ തണുത്തുറഞ്ഞ പ്രഭാതത്തില്‍
പുലര്‍കാലനടത്തം
ശീലമാക്കിയിരുന്ന അയാള്‍
അന്ന് വഴിതെറ്റി, പുല്ലാന്നി
പടര്‍ന്നുകിടക്കുന്ന
തെക്കോട്ടുള്ള ഏങ്കോണിച്ച ഒരു വഴിയേ
അങ്ങു നടന്നുപോയി.
അയാള്ക്കുമുമ്പെ
ഒരു വൃദ്ധനും ഒരു കറുത്ത നായ്ക്കുട്ടിയും
അതേ വഴിയെ കടന്നുപോയിരുന്നു…..’
ഇങ്ങനെ നീണ്ടുനീണ്ടുപോവുകയാണ്, കവിത.
ആര്.സംഗീതയുടെ ഒറ്റയ്ക്കൊരാള്‍ കടല്വരയ്ക്കുന്നു എന്ന സമാഹാരത്തിലും കഥപറച്ചിലിന്റെ രീതി നിറഞ്ഞുനില്ക്കുന്ന കവിതകള്‍ കാണാം. കഥാപാത്രങ്ങള്‍ പൊതുവേ പരിചിതസാഹചര്യങ്ങളില്നിന്നുള്ളവരാണ്.മൂന്നുദീര്ഘകവിതകള് എന്ന പേരില്‍ വി.എം ഗിരിജയെഴുതിയ സമാഹാരത്തിലെ കവിതകള്‍ അജ്ഞാതകര്തൃകങ്ങളും പറഞ്ഞുപ്രചരിച്ചതുമായ നാട്ടുകഥകളില്നിന്നുരൂപപ്പെടുത്തിയ ദൈര്‍ഘ്യമേറിയ രചനകളാണ്.
ഉടല്- പ്രതിരോധം
പുതുകവിതകളില്‍ ഉടല് പ്രശ്നവത്കരിക്കപ്പെടുന്നുണ്ട്. ഉടല് ഉപജീവനമാര്‍ഗമായും കവിതകളില്‍ പ്രത്യക്ഷപ്പെടുന്നു.ആര്. സംഗീതയുടെ അവള് നഗരത്തിലുണ്ട് എന്ന കവിതയില്‍ “നഗരം /ഇരുട്ടുമായി വിലപേശി /അവളിലേക്ക് ഊര്‍ന്നിറങ്ങുന്ന” രംഗം കാണാം. ശവപ്പെട്ടിക്കാരന്റെ മകള്‍ എന്ന കവിതയില്‍
‘രണ്ടരമണിക്കൂര്നേരത്തെ
ചെറിയമരണമാണ്
സലോമിക്ക് തിയേറ്ററിലെ സമയം.
അത് അവളുടെ മരണത്തിലൂടെയുള്ള
വിശപ്പടക്കലിന്റെ വഴിയാണ്.’
എന്നിങ്ങനെ വളരെ പ്രകടമായിത്തന്നെ ഉടല് ഉപജീവനമാകുന്ന അനുഭവം കവി ചിത്രീകരിക്കുന്നുണ്ട്. ദാരിദ്ര്യത്തെ ദൂരീകരിച്ച് ജീവിതത്തിന് പച്ചപ്പേകാന്‍ ഇങ്ങനെ പണം സ്വരൂപിക്കുന്നതില്‍ അവള്‍ക്ക് ശങ്കയേതുമില്ല. ദൈവത്തിന്റെ സൊന്തം എന്ന കവിതയില്‍ ബിന്ദുകൃഷ്ണന് സമാനാശയം അവതരിപ്പിച്ചിട്ടുണ്ട്.
‘ഓ.. ഇതിലിത്രയ്ക്കെന്തുവാ
കൂരയുടെ പിന്നിലെ തോട്ടില്‍
നന്നായൊന്നു കുളിക്കണം’
വീട്ടില്‍ അച്ഛനും അനിയനും മരുന്നുവാങ്ങാന്വേണ്ടി താന്ചെയ്യുന്ന ഒരു ജോലിയായി മാത്രമേ ലൈംഗികവൃത്തിയെയും അവള് കാണുന്നുള്ളൂ.പ്രശ്നത്തിന്റെ നിസ്സാരത പ്രതിഫലിപ്പിക്കാന്‍ ‘ഓ..ഇതിലിത്രയ്ക്കെന്തുവാ’ എന്ന അതിസാധാരണസംസാരഭാഷ പര്യാപ്തമാകുന്നുണ്ട്.
സമൂഹം വിലക്കിയ പ്രവൃത്തികള്‍ ചെയ്യുന്ന സ്ത്രീകള്‍ മന്ത്രവാദികളുടെ മുമ്പിലെത്തിപ്പെടുന്നത് നമ്മുടെ പഴയ യാഥാര്‍ഥ്യമാണ്. വിജില മഞ്ഞയക്ഷി എന്ന കവിതയില്‍ ഒരു മന്ത്രവാദിയുടെയും ആണിക്ക് ശിലയാക്കാനാവാത്ത ഉടലുമായി ഉയരങ്ങളിലേക്കു പൊങ്ങുന്ന ജെ.സി.ബി ആവിഷ്കരിക്കുന്നുണ്ട്. തോല്‍പ്പിക്കാനാവാത്ത ഉടല്ക്കരുത്ത് സ്വപ്നമായി കവിതയിലുറയുന്നു.’രക്തത്തുടിപ്പുള്ള പെണ്ണുടല്ക്കുന്നുകള്’ എന്ന പ്രയോഗം ജൈവികം എന്ന കവിതയിലുണ്ട്.
‘അടുപ്പുകല്ലുകള്ക്കിണങ്ങുംവിധം
ഉലയിലിട്ട്
ഉടച്ചുവാര്‍ത്തിരിക്കുന്നു.
ഉരല്ചൂരലമ്മിക്കുട്ടി
ഉറിമുറം, കലം കയ്യില്‍
എല്ലാം ഉടലൊതുക്കത്തോടെ’
എന്ന് വിജില ഉടലുകള്‍ എന്ന കവിതയിലെഴുതുന്നു. ഉടലൊതുക്കം എന്ന പ്രയോഗം പല അര്‍ഥങ്ങളെയും ആവഹിക്കുന്നുണ്ട്. പെണ്ണിന് വേണ്ടതെന്ന് സമൂഹം കരുതുന്ന ഏറ്റവും വലിയ ഒതുക്കമാണത്. ഗാര്ഹികസാമഗ്രികള് നിരതെറ്റാതെ കൃത്യമായി നിരത്തിയതുകണ്ടപ്പോള് കവി ഉടല് ഓര്‍ത്തുപോകുന്നു. രഗിലാസജിയുടെ ശരീരകേന്ദ്രീകൃതമായ രചനകള്‍ ശ്രദ്ധേയമാണ്. ആര്‍ത്തവത്തിന്റെ വേദന അവരിങ്ങനെ ഭാഷ്യപ്പെടുത്തുന്നു.
‘ചരിഞ്ഞുറങ്ങും ഒരുവള്‍ ശ്വാസഗതിക്കനുസരിച്ച്
മേലിളക്കിക്കൊണ്ടിരിക്കുന്നു,
വളവുതിരിവുകളുടെ
ഇടുപ്പില്‍ എങ്ങോട്ട് നീങ്ങണമെന്ന്
ഒരു വേദന സംശയത്തില്‍നിന്നു.
പുളവനെപ്പോലെ വഴുതി
രണ്ടാംവേദന
മൂന്നാംവേദന
ഒടുവിലത്തെ വേദനകള്‍ കലങ്ങിമറഞ്ഞു
ഉറക്കത്തിലിടിഞ്ഞ ശരീരം മുറുക്കി
അവള് എണീറ്റിരുന്നു.
തുടകള്‍ക്കിടയില്‍ ഇറുക്കം
തിരണ്ടുപോയതിന്റെ
വേദന അടിവയറ്റിലാടിത്തുടങ്ങി
അവള് കമിഴ്ന്നുറങ്ങാന് ശ്രമിച്ചു.’
സംശയത്തില്‍ നില്ക്കുന്ന വേദന, വഴുതുന്ന വേദന, രണ്ടാംവേദന, മൂന്നാംവേദന..ഇങ്ങനെ വേദനയുടെ വകഭേദങ്ങള്‍ അനുഭവിപ്പിക്കാന്‍ സ്ത്രീഭാഷയ്ക്ക് കഴിയുന്നത് അത് അവരുടെ അനുഭവമാകയാലാണ്. പെണ്ണനുഭവങ്ങളെ ആവിഷ്കരിക്കാന്‍ പുതുപദങ്ങളെ നിര്‍മിച്ചെടുക്കുന്നു, സ്ത്രീകള്‍. പത്മാ ബാബു തീണ്ടാരിത്തണുപ്പില്‍ എന്ന കവിതയില്‍
‘അവളുടെ അണ്ഡങ്ങള്‍
തക്കാളിപ്പഴം ഞെക്കിയതുപോലെ
പ്ലുക്ക് എന്ന് പഴുത്ത്
അടുവയറ്റീന്ന് തുരുതുരെ ഒലിച്ചിറങ്ങി’
എന്ന് മുമ്പ് കവിതയില്‍ കേട്ടിട്ടില്ലാത്ത ഭാഷയില്‍ സ്ത്രീയുടെ ജൈവികമായ അനുഭവത്തെ പകര്‍ത്തിയെഴുതി. ഉടലിന്റെ വ്യഥകളെയും ആനന്ദങ്ങളെയും പുതുകവികള്‍ കവിതയിലേക്ക് പരിഭാഷപ്പെടുത്തി. ഉടലിനുനേരെയുള്ള എല്ലാവിധ ഒളിനോട്ടങ്ങളും കണക്കിനുപരിഹസിക്കപ്പെട്ടു. ജ്ഞാനസ്നാനം എന്ന കവിതയില്‍ രമ്യാ സഞ്ജീവ് ഇത്തരം ഒളിനോട്ടക്കാരെ പരിഹസിക്കാന്‍ പല്ലിയെ പ്രതീകമാക്കുന്നുണ്ട്.
‘ഉയിരിന്റെ പുണ്യസ്നാനത്തിന്
തിരുസാക്ഷ്യം കുറിക്കാന്‍
വരൂ,
വന്നീ വാതില്‍പ്പൊളിമേല്‍ ഇരിക്കൂ’
ഉടലിേډലുള്ള എല്ലാത്തരത്തിലുമുള്ള ഒളിഞ്ഞുനോട്ടങ്ങളോടുമുള്ള ശക്തമായ പരിഹാസവും പ്രതിഷേധവുമാണീ കവിത.സത്യാനന്തരകാലത്തെ പ്രവചനരൂപകംകൂടിയാകുന്നു ഈ ഗൗളി. സദാചാരപരമായ അടക്കിപ്പിടിക്കലുകളും ഒളിപ്പിച്ചുവെക്കലുകളുമില്ലാതെ വളരെ മൂര്‍ത്തമായിത്തന്നെ പുതുകവികള്‍ ശരീരത്തെ ആവിഷ്കരിക്കുന്നു.
ചോദ്യരൂപങ്ങള്‍
‘അഴിച്ചുവച്ചപോലത്രയുമെളുപ്പത്തില്
മുറുക്കിവെക്കുവാനാകുമോ നിനക്കെന്നെ?'(ആണ്‍കോന്തി, സുഷമ ബിന്ദു)
സങ്കീര്ണമായജീവിതപ്രശ്നത്തെ ഉന്നയിക്കാന്‍ ചോദ്യരൂപത്തിന്റെ തെരഞ്ഞെടുപ്പ് പെണ്‍കവികള്‍ സ്വീകരിക്കുന്നുണ്ട്.
‘നിന്റെ സമയങ്ങളെല്ലാം
എന്റെ അസമയങ്ങളായതുകൊണ്ടാണോ
ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?’ (രണ്ടുലോകങ്ങള്‍, ഗിരിജ പാതേക്കര)
ആരാണിങ്ങനെ സമയക്രമങ്ങള്‍ നിശ്ചയിച്ച് സ്ത്രീജിവിതം ഇങ്ങനെയാക്കിത്തീര്ത്തതെന്ന മറുചോദ്യം കവിതയിലൂടെ മുഴക്കിക്കേള്പ്പിക്കാന് എഴുതിവച്ച ഈ ചോദ്യരൂപം പര്യാപ്തമാകുന്നുണ്ട്.
‘എവിടെ ഞാനെന്നെ തിരയേണ്ടൂ
ആ പകുതിയിലോ ഈ പകുതിയിലോ? (ആരാണീ വാതിലുകള്‍ തുറന്നത്? സുജാസൂസന്‍)
എന്നിങ്ങനെ സന്ദേഹാത്മകമാവുന്നു പലപ്പോഴും കവിത.
‘വരണ്ടവേനലിന്റെ മുഖത്ത്
മഴയുടെ ആശങ്ക കണ്ടപ്പോള്‍
ഞാന്‍ ചിന്തിച്ചു
വേനലോ മഴയോ നല്ലത്…?’ (ചോദ്യവും ഉത്തരവും, സന്ധ്യ പി ഡി)
‘ഇരുട്ടോ വെളിച്ചമോ നല്ലത്?, പ്രണയമോ സൗഹൃദമോ നല്ലത്…?’എന്ന സന്ദേഹം. ‘നിരാശയായിരുന്നു, ഫലം’.സ്വകാമനകളെപ്പോലും സന്ദിഗ്ധതയില്നിര്ത്തുന്നു കവിത.
‘പ്രഭാതത്തെ മറക്കുന്നവരാണോ
എന്നും
വൈകിയുറങ്ങുന്നത്?'(മയക്കം, സഹീറാതങ്ങള്‍)
‘വര്ഷങ്ങള്ക്കാണോ
പിഴവുരോഗം ബാധിച്ചത്?
തുടങ്ങിയേടത്തുതന്നെ വിക്കിനില്ക്കുന്ന
എനിക്കോ?'(അവിരാമം, സഹീറാതങ്ങള്‍)
എന്നിങ്ങനെ ബാഹ്യലോകത്തെക്കുറിച്ചു നിരന്തര സന്ദേഹിയാണ് പുതിയ കവിത. ചോദ്യങ്ങള്‍ക്ക് നിയതമായ ഉത്തരമൊന്നുമില്ല.
‘അകത്തുള്ളാള്ക് പ്രിയങ്കരം? മാമ്പൂ
മണക്കും കാലമോ? കുലയടര്ന്ന ക-
ണ്ണികള്‍ കണ്ണീരിന്റെ ഭരണിയില്മുങ്ങി
വളരെ നാളുകള്‍ ചുരുണ്ടുകൂടീട്ട്
രുചിക്കുമ്പോള്‍ നെറ്റി ചുളിയിക്കുമുപ്പോ?’ (മാവ് പൂക്കുന്നു, ആര്യാംബിക)
എന്നിങ്ങനെ രുചിയെയും അഭിരുചിയെയും സംബന്ധിച്ച അനന്തമായ ചോദ്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന ആത്മഭാവത്തെ കവി കാണിച്ചുതരുന്നു.
‘ആര് പെണ്ണേ നിന് മുത്തശ്ശന്?
നാടുവാഴിത്തംവീണകാലത്തെ
ജന്മിയാണെന്റെ മുത്തശ്ശന്
…..
അമ്മ, മുത്തശ്ശി?
ഓര്ക്കുന്നില്ലവരൊക്കെ
പെണ്ണുങ്ങള്തന്നല്ലേ?”
കേള്‍ക്കട്ടെ ഒരു പെണ്‍കവിത,
ഓ വരില്ലത്
തെരണ്ടിരിപ്പാണ്(വരവ്, അനിത തമ്പി)
പെണ്പക്ഷത്തുമാത്രമാണ് തീര്പ്പുകളില്ലാത്തത്. അസാധാരണമായൊന്നും സംഭവിക്കാത്ത വെറും ദൈനന്ദിനങ്ങളായി സ്ത്രീജീവിതത്തെ അടയാളപ്പെടുത്താന്‍ ഇത്തരം സന്ദേഹശരങ്ങള്ക്ക് കെല്പുണ്ട്.തീര്‍പ്പുകളില്ലാതെ തുറന്നിടുന്ന എഴുത്താണവ.
എല്ലാ മനുഷ്യര്‍ക്കും കവിതയെഴുതാനുള്ള സ്വാതന്ത്ര്യവും പ്രസിദ്ധീകരിക്കാനുള്ള ഇടവുംകിട്ടിയ സുവര്‍ണകാലമാണിത്. സമൂഹമാധ്യമങ്ങളെന്ന പെരുംതുറസ്സുകള് ആവോളം ലഭ്യമായ ഇക്കാലത്ത് ആനുകാലികങ്ങളില്‍ വരുന്ന രചനകളേക്കാള്‍ അത്തരം രചനകള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.ബഹുസ്വരതയുടെ ആഘോഷങ്ങളായി പുതുകവിത മാറി. പുതുകാലം ഏറ്റവും അനുഗുണമായിത്തീര്ന്നത് സ്ത്രീകള്‍ക്കാണ് എന്ന് നിരീക്ഷിക്കാനാവും. അനുഭവത്തിന്റെ ചൂടും ചൂരുമുള്ള ഭാഷയില്‍ പലവിധപരീക്ഷണങ്ങളുടെ രംഗഭൂമിയായിത്തീരുകയാണ്, കവിതാരംഗം.വാര്പ്പുഭാഷയ്ക്കോ വാര്പ്പുശൈലിക്കോ പിടികൊടുക്കാത്ത കവിതകള്‍. തൊട്ടാല്‍പ്പൊള്ളുന്ന വാക്കുകള്‍- ഇതുവരെ കവിതയില്‍ മുഖംകാണിച്ചിട്ടില്ലാത്തവ. പുത്തന്‍ മൊഴിവടിവുകളില് അവ പിറന്നുവീഴുന്നു. പെണ്ണിന് എളുപ്പം തിരിഞ്ഞുകിട്ടുന്നതും കാവ്യ’പൈതൃക’ങ്ങള്‍ക്ക് അത്രമേല്‍ അപരിചിതവുമായ ഭാഷയില്‍ അവ ജീവിതത്തെ വരഞ്ഞിടുന്നു.
ഡോ. ഷീബാ ദിവാകരന്
അസോസിയേറ്റ് പ്രൊഫസര്‍
ഗവ. ആര്‍ട്ട്സ് & സയന്‍സ് കോളേജ് മീഞ്ചന്ത, കോഴിക്കോട്
COMMENTS