Homeചർച്ചാവിഷയം

സ്ത്രീപക്ഷത്തെ വിവര്‍ത്തനക്കാഴ്ചകള്‍

വിവര്‍ത്തനമെന്നത് രണ്ടു ഭാഷകള്‍ക്കിടയില്‍, രണ്ടു സംസ്കാരങ്ങള്‍ക്കിടയില്‍, രണ്ടു ചിഹ്നവ്യവസ്ഥകള്‍ക്കിടയില്‍, വിവിധ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ നടക്കുന്ന ഒരു സര്‍ഗാത്മകപ്രവര്‍ത്തനമാണ്. ഒരു ഭാഷയിലെ സ്ത്രീപ്രതിനിധാനവും ദൃശ്യതയും തന്നെ സങ്കീര്‍ണമാവുമ്പോള്‍ രണ്ടുഭാഷകള്‍ക്കിടയിലെ വിനിമയവിചാരങ്ങള്‍ക്കിടയില്‍ അതു വീണ്ടും കുഴഞ്ഞുമറിയുന്നു.

താരതമ്യസാഹിത്യം, ഭാഷാശാസ്ത്രം തുടങ്ങിയ പഠനമേഖലകളുടെ ഭാഗമായിരുന്ന വിവര്‍ത്തനചിന്തകളുടെ മേഖലയില്‍ സാംസ്കാരികഘടകങ്ങള്‍ പ്രാധാന്യത്തോടെ കടന്നുവന്ന കോളണിയനന്തരചിന്തയുടെ കാലഘട്ടത്തിലാണ് വിവര്‍ത്തനപഠനരംഗത്തേക്ക് സ്ത്രീപക്ഷചിന്തകളും കടന്നുവന്നത്. ഭാഷ, സമൂഹം, സംസ്കാരം, കല ഈ മേഖലകളിലെ സ്ത്രീപ്രതിനിധാനത്തെക്കുറിച്ചുള്ള ചിന്തകള്‍ തന്നെയാണ് വിവര്‍ത്തനപഠനരംഗത്തെയും സ്ത്രീപക്ഷചിന്തകളുടെ അടിത്തറ. ഭാഷയിലൂടെ ആവിഷ്കൃതമാകുന്ന സാംസ്കാരികമായ സ്വത്വം, ലിംഗപരമായ സ്വത്വം, കര്‍തൃത്വം എന്നിവയിലാണ് വിവര്‍ത്തനപഠനമേഖലയിലെ സ്തീപക്ഷചിന്തകര്‍ ശ്രദ്ധവച്ചത്.വിവര്‍ത്തനങ്ങള്‍ സ്ത്രീകളെപ്പോലെയാണ്, സുന്ദരിയെങ്കില്‍ വിശ്വസ്തയായിരിക്കില്ല, വിശ്വസ്തയെങ്കില്‍ സുന്ദരിയായിരിക്കില്ലچ വിവര്‍ത്തനത്തെക്കുറിച്ചുള്ള ഏതൊരുചിന്തയിലും ലോകമെമ്പാടും ഉദ്ധരിക്കപ്പെടുന്നതാണ് ഫ്രഞ്ചുകാരനായ മെനേഴിന്‍റെ ഉപമ. വിശ്വസ്തതയും സൗന്ദര്യവും വിരുദ്ധമൂല്യങ്ങളാണെന്നും വിവര്‍ത്തനങ്ങളിലും സ്ത്രീകളിലും ഇതുരണ്ടും ഒത്തുപോവുകയില്ലെന്നും വിവക്ഷ.വിവാഹവും വിവര്‍ത്തനവും – രണ്ടും കരാറുകളാണ്. അതിനാല്‍ രണ്ടിടത്തും പ്രശ്നം ചാരിത്ര്യത്തോടു ബന്ധപ്പെട്ടതാണെന്ന് പ്രമുഖ ഫെമിനിസ്റ്റ് ചിന്തകയായ ബാര്‍ബറാ ജോണ്‍സണ്‍. വിവര്‍ത്തനങ്ങള്‍ക്ക് അവശ്യം വേണ്ട ഗുണമായി പരമ്പരാഗതമായി പറഞ്ഞുപോരുന്ന ഒന്നാണ് വിശ്വസ്തത. ‘Fidelity’ എന്ന പദമാണ് ഇംഗ്ലീഷില്‍ ഉപയോഗിക്കുന്നത്. സ്ത്രീപക്ഷത്ത് ചാരിത്ര്യത്തെയും വിവര്‍ത്തനരംഗത്ത് വിശ്വസ്തതയെയും ഇത് ഒരുപോലെ സൂചിപ്പിക്കുന്നു. വിവര്‍ത്തനങ്ങള്‍ക്കുണ്ടാകേണ്ട വിശ്വസ്തത എന്ന ഗുണത്തെ സ്ത്രീപക്ഷചിന്തകള്‍ ചോദ്യം ചെയ്തു. മൂലകൃതിയും വിവര്‍ത്തനവും തമ്മില്‍ കല്പിക്കുന്ന ഉച്ചനീചത്വബന്ധം, വിവര്‍ത്തനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളില്‍ (മെനേഴിന്‍റെ ഉപമപോലെ) ഉള്‍ച്ചേര്‍ന്നിരിക്കുന്ന ലിംഗഭേദം എന്നിവ സ്ത്രീപക്ഷത്തുനിന്നു കഠിനമായി വിമര്‍ശിക്കപ്പെട്ടു.ഫെമിനിസ്റ്റാശയങ്ങള്‍ വിവര്‍ത്തനമേഖലയില്‍ ഉന്നയിച്ച പ്രാഥമികചോദ്യങ്ങള്‍ പ്രസക്തമായിരുന്നു. സാമൂഹികവും ചരിത്രപരവും ലിംഗപരവുമായ വ്യത്യാസങ്ങള്‍ ഭാഷയില്‍ എങ്ങനെയാണ് ആവിഷ്കൃതമായിരിക്കുന്നത്? എങ്ങനെയാണ് ഈ വ്യത്യാസങ്ങള്‍ മറ്റൊരു ഭാഷയിലേക്കു പകര്‍ത്തുന്നത്? മൂലംx വിവര്‍ത്തനം, പുരുഷന്‍x സ്ത്രീ എന്നീ വ്യവസ്ഥാപിതമായ ഉച്ചനീചത്വശ്രേണിയില്‍ വിവര്‍ത്തകരില്‍നിന്നും സ്ത്രീകളില്‍നിന്നും എന്തുതരത്തിലുള്ള വിശ്വസ്തതയാണ് പ്രതീക്ഷിക്കുന്നത്? വിവര്‍ത്തനത്തില്‍ തുല്യത എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ തുല്യതയുടെ ആ മാന്ത്രിക മുഹൂര്‍ത്തം എത്തിയെന്ന് ആരാണ് നിര്‍ണയിക്കുന്നത്?മൂലഗ്രന്ഥകാരന്‍ ജന്മിയും വിവര്‍ത്തകന്‍ ഒരു കുടികിടപ്പുകാരനും എന്ന മട്ടിലാണ് പല വിവര്‍ത്തനവിശദീകരണങ്ങളും നടക്കാറുള്ളത്. വിവര്‍ത്തനവിശദീകരണത്തിനുപയോഗിക്കുന്ന ഭാഷയുടെ ലിംഗഭേദവും അധികാരശ്രേണീസൂചനകളും ഫെമിനിസ്റ്റപഗ്രഥനത്തില്‍ വിമര്‍ശിക്കപ്പെട്ടു. ലൈംഗികസൂചനകള്‍ നിറഞ്ഞതാണ് വിവര്‍ത്തനപ്രക്രിയ വിശദീകരിക്കുന്ന ഭാഷ എന്നും വ്യക്തമാക്കപ്പെട്ടു.

‘Because they are necessarily defective all translations are reputed females.’ – John Florio
‘Translator occupies a (culturally speaking) female position.’ – Nord Ward Jouve വിവര്‍ത്തനസംബന്ധിയായ ഉപമകളും രൂപകങ്ങളും മൂലകൃതിയെയും വിവര്‍ത്തനത്തെയും ഇങ്ങനെ കൃത്യമായ ഉച്ചനീചത്വശ്രേണിയില്‍ കുരുക്കിയിട്ടു. വിവര്‍ത്തകരും സ്ത്രീകളും ചരിത്രപരമായിത്തന്നെ ദുര്‍ബലവിഭാഗമായി ചിത്രീകരിക്കപ്പെട്ടു. മൂലകൃതിയെയും വിവര്‍ത്തനത്തെയും യഥാക്രമം ഉല്പാദകനായ പുരുഷനോടും ഉല്പന്നമായ സ്തീയോടൂം സാദൃശ്യപ്പെടുത്തി. ഇത്തരം കീഴാളത്തങ്ങള്‍ തിരിച്ചറിഞ്ഞു വിമര്‍ശിക്കല്‍ ഫെമിനിസ്റ്റു വിവര്‍ത്തനസിദ്ധാന്തങ്ങളുടെ ലക്ഷ്യമായിരുന്നു.
കൃതിയുടെ അര്‍ഥത്തെ ഒരു ഭാഷയില്‍നിന്നെടുത്ത് മറ്റൊരു ഭാഷയില്‍ സ്ഥാപിക്കുന്ന ലളിതവൃത്തയല്ല വിവര്‍ത്തനം എന്നു ബോധ്യമായ പുതുകാലത്ത് സത്രീപക്ഷസമീപനങ്ങളുടെ പ്രസക്തി ഏറെയാണ്. മറ്റുഭാഷാപ്രവര്‍ത്തനങ്ങളെപ്പോലെതന്നെ അര്‍ഥസൃഷ്ടിനടത്തുന്ന ഒരു മാര്‍ഗമാണു വിവര്‍ത്തനവും. അര്‍ഥസൃഷ്ടിയില്‍ തന്‍റെ പങ്കാളിത്തം ഉറപ്പിക്കുകയാണ് ഫെമിനിസ്റ്റ് വിവര്‍ത്തക ചെയ്യേണ്ടത്. സൈദ്ധാന്തികരചനകളില്‍, മുഖവുരകളില്‍, അടിക്കുറിപ്പുകളില്‍ എല്ലാം അര്‍ഥത്തിന്‍റെ സ്ത്രീപക്ഷകാഴ്ചയ്ക്കുള്ള ശ്രമം നടത്തുന്നു. കാനഡയിലെ പ്രമുഖ എഴുത്തുകാരിയും വിവര്‍ത്തകയുമായിരുന്ന സൂസന്‍ ഹാര്‍വുഡ് ഇക്കാര്യം വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. ‘My translation practice is a political activity aimed at making language speak for women. So my signature on a translation means; this translation has used every strategy to make the feminine visible in language.’ സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ നിരവധിസമ്മര്‍ദങ്ങള്‍ക്കു വിധേയമാകുമ്പോഴും വിവര്‍ത്തനത്തിലെ തങ്ങളുടെ ഇടപെടല്‍ എന്തായിരിക്കണമെന്നു ഫെമിനിസ്റ്റുവിവര്‍ത്തക മനസ്സിലാക്കുന്നു. ഈ ഇടപെടലുകളിലൂടെയാണ് മൂലവും വിവര്‍ത്തനവും തമ്മിലുള്ള വ്യത്യാസം നിര്‍ണയിക്കപ്പെടുന്നത്.
സാഹിത്യകൃതികളുടെ വിവര്‍ത്തനം, ഫെമിനിസ്റ്റുരചനകളുടെ വിവര്‍ത്തനം ഇവയെപ്പോലെതന്നെ സജീവശ്രദ്ധയര്‍ഹിക്കുന്ന ഒന്നാണ് ബൈബിള്‍വിവര്‍ത്തനവും. ആദ്യകാല ഫെമിനിസ്റ്റുകള്‍ ബൈബിളില്‍ യാതൊരു താല്പര്യവും പ്രകടിപ്പിച്ചിരുന്നില്ല. പാശ്ചാത്യക്രിസ്തീയ സംസ്കാരത്തിന്‍റെ അടിസ്ഥാനശിലയെന്നനിലയ്ക്ക് ബൈബിളിനെ നേരിടുകതന്നെ വേണമെന്ന് പില്ക്കാല ഫെമിനിസ്റ്റുകള്‍ നിശ്ചയിച്ചു. മതപരവും മതേതരവുമായ പാണ്ഡിത്യം ബൈബിള്‍ വ്യാഖ്യാനി ക്കാനാരംഭിച്ചു. ബൈബിള്‍വിവര്‍ത്തനത്തിനൊരുമ്പെട്ട ഫെമിനിസ്റ്റുകള്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടു കളാണുണ്ടായിരുന്നത്. 1895, 1898 വര്‍ഷങ്ങളില്‍ പുറത്തുവന്ന എലിസബത്ത് കേഡി സ്റ്റാന്‍റണിന്‍റെ നേതൃത്വത്തില്‍ 26 സ്ത്രീകള്‍ തയ്യാറക്കിയ ‘The Woman’s Bible’  ഈ മേഖലയിലെ ആദ്യപ്രമുഖ സംരംഭമായിരുന്നു. എന്നാല്‍ ഈ ബൈബിള്‍ വെളുത്തവര്‍ഗക്കാരിയായ യൂറോ-അമേരിക്കന്‍ സ്ത്രീയുടെ കാഴ്ചപ്പാടു മാത്രമാണുള്‍ക്കൊള്ളുന്നതെന്ന വിമര്‍ശനമുണ്ടായി. 1993-ല്‍ പുറത്തുവന്ന എലിസബത്ത് ഫിയോറെന്‍സയുടെ ‘Searching the Scriptures’ എന്ന ഗ്രന്ഥം വിവിധ സമീപനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍, നേറ്റീവമേരിക്കന്‍, ലെസ്ബിയന്‍ -അങ്ങനെ ഫെമിനിസത്തിലെതന്നെ വിവിധസമീപനങ്ങള്‍ ബൈബിള്‍വിവര്‍ത്തനത്തിലും പ്രസക്തമാക്കാവുന്നതാണ്. പ്രധാനമായും മിഷണറിമാരാണ് മതപ്രചാരണത്തിന്‍റെ ഭാഗമായി വിവിധഭാഷകളിലേക്കു ബൈബിള്‍ വിവര്‍ത്തനം ചെയ്യാന്‍ മുന്‍കയ്യെടുത്തത്. ബൈബിള്‍ കാലാതീതമായ സന്ദേശം ഉള്‍ക്കൊള്ളുന്ന വിശുദ്ധഗ്രന്ഥമാണെന്നും ബൈബിള്‍വിവര്‍ത്തനത്തിലെ പ്രശ്നങ്ങള്‍ പ്രത്യയശാസ്ത്രപരമല്ല സാങ്കേതികം മാത്രമാണെന്നും അവര്‍ കരുതി.

ഇംഗ്ലീഷ് ബൈബിളിലുള്ള സെക്സിസം ഹീബ്രുവിലുണ്ടോ എന്നറിയാന്‍വേണ്ടി ഹീബ്രു പഠിച്ച് ബൈബിള്‍ വ്യാഖ്യാനിച്ച ലൂസി സ്റ്റോണ്‍ സ്ത്രീകളെ രണ്ടാംതരമാക്കുന്നതിനു യാതൊരടിസ്ഥാനവും ബൈബിളിലില്ല എന്നു വ്യക്തമാക്കി. ഫെമിനിസ്റ്റു വ്യാഖ്യാനങ്ങള്‍ ബൈബിള്‍ വിവര്‍ത്തനത്തില്‍ വരുത്തിയ പ്രധാനമാറ്റം ഉല്പത്തിയിലാണ്. ദൈവത്തിന്‍റെ ആദ്യമനുഷ്യസൃഷ്ടിയായ ആദം എന്ന ഹീബ്രുപദത്തിന്‍റെ അര്‍ഥമാണു പ്രശ്നം. ദൈവം ആദത്തെ ആണായി സൃഷ്ടിച്ചു എന്നും ആണില്‍നിന്നു പെണ്ണിനെ സൃഷ്ടിച്ചു എന്നുമാണു പൊതുധാരണ. ഉല്പത്തിക്കഥയുടെ സമീപകാല പുനര്‍വായനകള്‍ ആദം എന്ന വാക്കിന്‍റെ പുല്ലിംഗാര്‍ഥത്തെ ചോദ്യം ചെയ്യുന്നു. സൃഷ്ടിയെ സംബന്ധിച്ച് ഇന്നു സ്വീകാര്യമായിരിക്കുന്ന ധാരണ ദൈവം മണ്ണുകൊണ്ടു സൃഷ്ടിച്ച ആദ്യജീവി ആണോ പെണ്ണോ അല്ലായിരുന്നുവെന്നാണ്  (A creature not yet sexed). മനുഷ്യജീവിക്ക് ലിംഗഭേദമുണ്ടായി ആണോ പെണ്ണോ ആയി മാറിയതു പില്ക്കാലത്താണ്. ഈ വ്യാഖ്യാനമുസരിച്ചുള്ള ബൈബിള്‍വിവര്‍ത്തനങ്ങള്‍ പിന്നീടുണ്ടായി. മേരി ഫില്‍ കൊര്‍സാക്കിന്‍റെ വിവര്‍ത്തനത്തില്‍ ആദം groundling ആണ്. it എന്നാണ് വിവര്‍ത്തനത്തില്‍ ആദത്തെ പരാമര്‍ശിക്കുന്നത്. ലോകമെമ്പാടും വിവര്‍ത്തനത്തെത്തുറിച്ചുള്ള ശാസ്ത്രീയവും സൈദ്ധാന്തികവുമായ ചിന്തകള്‍ക്കു പ്രേരണയായതു ബൈബിള്‍വിവര്‍ത്തനമായിരുന്നു. ആ ബൈബിള്‍ വിവര്‍ത്തനം തന്നെ വിപ്ലവകരമായ മാറ്റങ്ങളിലൂടെ കടന്നുപോയി.
ഭാരതീയസാഹിത്യത്തിന്‍റെ ഇംഗ്ലീഷിലേക്കുള്ള വിവര്‍ത്തനത്തിലും സ്ത്രീപക്ഷ കാഴ്ചപ്പാടിനു പ്രസക്തിയുണ്ട്. കോളനിയനന്തരസമീപനവും സ്ത്രീപക്ഷസമീപനവും കീഴാളസമീപനവും സമന്വയിപ്പിച്ചു വിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്ന ഗായത്രി ചക്രവര്‍ത്തി സ്പിവാക്കിന്‍റെ വിവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. മഹാശ്വേതാദേവിയുടെ കഥകള്‍ ഈ കാഴ്ചപ്പാടിലൂടെയാണ് സ്പിവാക്ക് വിവര്‍ത്തനം ചെയ്തത്.
പഴയ കഥകളുടെ പുനര്‍രചനകള്‍ പലപ്പോഴും ശക്തമായ ഫെമിനിസ്റ്റു വിവര്‍ത്തനങ്ങളായി ത്തീരാറുണ്ട്.  സാറാ ജോസഫിന്‍റെ തായ്കുലം, അശോക, കറുത്ത തുളകള്‍, കഥയിലില്ലാത്തത് ഇവയൊക്കെ സ്ത്രീപക്ഷവിവര്‍ത്തനങ്ങളുടെ മേഖലയില്‍ വരുന്ന ശക്തമായ രചനകളാണ്.
വിവര്‍ത്തനരംഗത്തും വിവര്‍ത്തനസിദ്ധാന്തങ്ങളുടെ രംഗത്തും വര്‍ദ്ധിച്ച തോതിലുള്ള സ്ത്രീപങ്കാളിത്തമാണ് ലോകമെമ്പാടും ഉള്ളത്. വിവര്‍ത്തനവ്യതിയാനങ്ങളെ പരമ്പരാഗത വിവര്‍ത്തനധാരണ അബദ്ധങ്ങളായി തള്ളിയപ്പോള്‍ അവയെ ധനാത്മകമായി ഉപയോഗപ്പെടുത്താനാണ് സ്ത്രീപക്ഷവിവര്‍ത്തകര്‍ ശ്രമിച്ചത്. സാഹിത്യസിദ്ധാന്തങ്ങളുടെ ലോകം പ്രധാനമായും ഇന്നും ഒരു പുരുഷമേഖലയായി നിലനില്ക്കുമ്പോള്‍ വിവര്‍ത്തനസിദ്ധാന്തരംഗത്തെ സ്ര്തീമുന്നേറ്റം ശ്രദ്ധേയമായ പ്രതിഭാസമാണ്. അതിനു സാധാരണയില്‍ക്കവിഞ്ഞ ചരിത്രപ്രസക്തിയുണ്ട്. ലണ്ടനില്‍നിന്നു റൂട്ലെഡ്ജ് പ്രസിദ്ധീകരിക്കുന്ന ‘Translation Studies’ എന്ന വിവര്‍ത്തനപഠനപരമ്പരയില്‍ പുറത്തുവന്ന പുസ്തകങ്ങളില്‍ ഏറെയും സ്തീരചനകളാണെന്നത് കൗതുകകരമാണ്. ഇന്നോളമുള്ള വിവര്‍ത്തന സിദ്ധാന്തചരിത്രം സംഗ്രഹിച്ചെഴുതിയ എഡ്വിന്‍ ജന്‍സ്ലെര്‍ സൈദ്ധാന്തികരംഗത്തെ ഈ സ്ത്രീമുന്നേറ്റം പ്രധാനവഴിത്തിരിവായി തിരിച്ചറിയുന്നുമുണ്ട്. വിവര്‍ത്തക എന്ന ഏജന്‍സിയെപ്പറ്റി വിവര്‍ത്തനചിന്തയില്‍ ഒരു പുതുധാരണ കൊണ്ടുവരാന്‍ ഫെമിനിസ്റ്റുവിവര്‍ത്തനസിദ്ധാന്തങ്ങള്‍ക്കു കഴിഞ്ഞു.  ചങ്ങലകളില്ലാതെ സ്വതന്ത്രമായി നില്ക്കുന്ന ഒന്നല്ല ഈ ഏജന്‍സി. എങ്കിലും ആ കര്‍തൃസ്ഥാനത്തിന്‍റെ പ്രാധാന്യവും ശേഷിയും തിരിച്ചറിഞ്ഞു എന്നതാണ് വിവര്‍ത്തനമേഖലയിലെ സ്ത്രീപക്ഷചിന്തയുടെ പ്രസക്തി. ഇക്കാലത്ത് സ്ത്രീയായിരിക്കുക എന്നതുതന്നെ വിവര്‍ത്തനമാണെന്ന് കാനഡയിലെ എഴുത്തുകാരിയും വിവര്‍ത്തകയുമായിരുന്ന സൂസന്‍ ഹാര്‍വുഡ്. പിതൃമേധാവിത്വഘടനയിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട അവസ്ഥയായി സ്ത്രീകള്‍ തങ്ങളെത്തന്നെ കാണുന്ന കാലം അവസാനിക്കുന്നതുവരെയെങ്കിലും സ്ത്രീപക്ഷവിവര്‍ത്തക എന്ന ഏജന്‍സിയുടെ പ്രാധാന്യം അസ്തമിക്കുന്നില്ല.

അവലംബം
ബംഗാളിനോവലുകള്‍ മലയാളത്തില്‍ 2011 ഡോ ജയാസുകുമാരന്‍
Gender in Translation 1996 Sherry Simon
Contemporary Translation Studies 1993 Edwin Gentzler

 

ജയാസുകുമാരന്‍

അധ്യാപിക
സെന്‍റ് തോമസ് എച്ച്.എസ്.എസ്. മലയാറ്റൂര്‍

 

COMMENTS

COMMENT WITH EMAIL: 0