Homeചർച്ചാവിഷയം

സ്ത്രീ പരാമര്‍ശപദങ്ങളിലെ അര്‍ത്ഥമാറ്റം

ശയവിനിമയങ്ങളുടെ ക്രിയാത്മകത അടയാളപ്പെടുത്തുന്നത് ഭാഷയിലൂടെയാണ്. വാമൊഴിയായും വരമൊഴിയായും അതതുകാലത്തിന്‍റെ ജീവന ശക്തിയായാണ് ഭാഷ നിലനില്‍ക്കുന്നത്. ലോകത്തിന്‍റെ അറിവുകള്‍ തിരിച്ചറിഞ്ഞ് പരിണമിക്കുക എന്നത് ഏതൊരു സജീവ ഭാഷയിലും സ്വാഭാവികമാണ്. ദൈനംദിന വ്യവഹാരങ്ങളിലൂടെ നിരന്തരം നവീകരിച്ചും മാറിയും തന്നെയാണ് ഭാഷ സജീവമായി നിലനില്‍ക്കുന്നത്. ഭാഷയില്‍ സംഭവിക്കുന്ന ബാഹ്യവും ആഭ്യന്തരവുമായ പരിണാമങ്ങള്‍ സംസ്കാരത്തിന്‍റെ പരിണിതഫലം തന്നെയാണെന്ന് പറയാം. ഭാഷയില്‍ ഒരു പദം തന്നെ നാം പല അര്‍ത്ഥങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്.

പദങ്ങള്‍ക്ക് കാലക്രമേണ അര്‍ത്ഥവ്യാപ്തി, അര്‍ത്ഥസങ്കോചം, സംഗം അര്‍ത്ഥാപകര്‍ഷം, അര്‍ത്ഥാദേശം തുടങ്ങിയ രീതികളില്‍ അര്‍ത്ഥമാറ്റം സംഭവിക്കുന്നു. (വേദബന്ധു അര്‍ത്ഥവിജ്ഞാനം 1 9 7 2 4 9) ഇതിനുള്ള കാരണങ്ങള്‍ ശബ്ദങ്ങളുടെ പ്രായോഗികാധിക്യം, അലങ്കാരം, സാമ്യം പ്രയോഗത്തില്‍ അവധാനക്കുറവ്, അജ്ഞാനം, അന്ധവിശ്വാസം, കാലഗതി, ദേശസ്നേഹം , ശുഭവും അശുഭവുമായ പ്രയോഗം, വ്യംഗ്യം, സ്നേഹാതിശയം, ഈര്‍ഷ്യാലുത, പ്രകരണം, ഭാഷാഭേദം, പ്രയത്ന ലാഘവം, പുനരുക്തി, അന്യഭാഷയില്‍ നിന്നു പകര്‍ത്തിയതിന്‍റെ ഭാഷാന്തരം, ചുറ്റുപാടില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, സാംസ്കാരികം, വൈകാരികതാ പ്രാമുഖ്യം, സാമൂഹികം, വിലക്ക് ചരിത്രസംഭവങ്ങള്‍, പദവിപര്യയം തുടങ്ങിയവയാണ് . ഈ കാരണങ്ങളില്‍ പലതും സ്ത്രീയുമായി ബന്ധപ്പെട്ടതും സ്ത്രീ സൂചകങ്ങളുമായ പദങ്ങള്‍ക്ക് അര്‍ത്ഥമാറ്റത്തിനിടവരുത്തിയിട്ടുണ്ട്. അത്തരം ഒരു അന്വേഷണമാണ് ഈ ലേഖനം.

ചരിത്രസംഭവങ്ങള്‍ മലയാളികളുടെ മനസ്സില്‍ ഇടം നേടിയപ്പോള്‍ സൂര്യനെല്ലി, കിളിരൂര്‍ തുടങ്ങിയ സ്ഥലങ്ങളുടെ പേരുകള്‍ ആ സ്ഥലപ്പേരുകള്‍ സൂചിപ്പിക്കുന്നതിനു പുറമെ പെണ്‍വാണിഭത്തെക്കുറിക്കുന്നവയുമായി. അതിക്രൂരമായി ലൈംഗിക ചൂഷണത്തിനിരയായവരുടെ ഇടം എന്ന അര്‍ത്ഥത്തില്‍ ഈ സ്ഥലപ്പേരുകള്‍ സൂചിപ്പിക്കപ്പെടാന്‍ തുടങ്ങി. ഐസ്ക്രീം പാര്‍ലര്‍ കേസിനു ശേഷം ഐസ്ക്രീം എന്ന പ്രയോഗം പലപ്പോഴും പീഡനവുമായി ബന്ധപ്പെട്ട അര്‍ത്ഥം സംവേദനം ചെയ്യുന്നു. ഇവിടെയെല്ലാം സംഭവങ്ങളാണ് പുതിയ അര്‍ത്ഥത്തെ സൃഷ്ടിച്ചെടുത്തത്. വിലക്ക് കല്‍പ്പിക്കുന്നതിന്‍റെ ഭാഗമായി ചില പദങ്ങള്‍ക്കു പകരം മറ്റു ചില പദങ്ങളെ ഉപയോഗിച്ചുതുടങ്ങി. ഭയം, ബഹുമാനം, ലജ്ജ, മാന്യതാസങ്കല്പം, ഔചിത്യബോധം ഇവയുടെ അടിസ്ഥാനത്തില്‍ പല പദങ്ങളെയും വളച്ചുകെട്ടി പറയാറുണ്ട്. ലൈംഗികാവയവങ്ങള്‍, വിസര്‍ജ്ജനം, സംഭോഗം, ഗര്‍ഭധാരണം ആര്‍ത്തവം തുടങ്ങിയവയെ സൂചിപ്പിക്കാന്‍ പലപ്പോഴും മറ്റു പദങ്ങള്‍ പ്രയോഗിക്കുന്നത് കാണാം ഇത് വരമൊഴിയെക്കാള്‍ കൂടുതല്‍ കാണപ്പെടുന്നത് വാമൊഴിയില്‍ ആണ് . ഇത്തരം പ്രയോഗങ്ങള്‍ പദങ്ങളുടെ അര്‍ത്ഥ പരിണാമത്തിന് കാരണമായിത്തീരുന്നു. സ്ത്രീ അവയവങ്ങളായ നിതംബം, സ്തനം തുടങ്ങിയ സംസ്കൃതപദങ്ങള്‍ സഭായോഗ്യം ആയിരിക്കുകയും അതേ അര്‍ത്ഥം നല്‍കുന്ന ചന്തി, കുണ്ടി, മുല എന്നീ പദങ്ങള്‍ സഭാ യോഗ്യമല്ലാതെ ഇരിക്കുകയും ചെയ്യുന്നത് ഭാഷയിലെ വര്‍ഗ്ഗത്തിന്‍റെ ഫലമായാണ്.

സ്ത്രീകളുടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട നിരവധി പദങ്ങള്‍ ഭാഷയില്‍ പ്രയോഗത്തിലുണ്ട്. ആര്‍ത്തവസമയത്തെ സൂചിപ്പിക്കാനായി വാമൊഴിയില്‍ ഉപയോഗിച്ചിരുന്ന പുറത്താവുക എന്ന പദത്തിന് അപകര്‍ഷത തോന്നുകയും പകരം ഇംഗ്ലീഷ് പദമായ പിരിയഡ്സിന് സ്വീകാര്യത വരികയും ചെയ്യുന്നു . ഇതിന് മാധ്യമങ്ങളുടെ പ്രധാനമായും പരസ്യങ്ങളുടെ സ്വാധീനമാണ് കാരണമെന്ന് പറയാവുന്നതാണ്. എന്നാല്‍ പുതുതലമുറയില്‍ പ്രധാനമായും കാമ്പസ് ഭാഷയില്‍ സമരം, ലീവ് , ഒഴിവ് , കൊടി പൊക്കുക, റെഡ് അലര്‍ട്ട്, ക്യൂട്ടക്സ്കുപ്പി പൊട്ടുക, ആന്‍റി വരുക, ഔട്ട് ഓഫ് കവറേജ്, പരിധിക്ക് പുറത്ത് തുടങ്ങിയ ധാരാളം പ്രയോഗങ്ങളുമുണ്ട്. ഈ പദങ്ങള്‍ പൊതുസമൂഹത്തിനിടയിലേക്കും പ്രചരിച്ചു വരുന്നു.

സ്ത്രീയുടെ വസ്ത്രങ്ങളെ പ്രത്യേകിച്ചും അടിവസ്ത്രങ്ങളെ സൂചിപ്പിക്കുന്നതിനും പല ലാക്ഷണിക പദങ്ങള്‍ കാമ്പസില്‍ കാണാം. അടിവസ്ത്രത്തിന്‍റെ ഭാഗങ്ങള്‍ കാണുമ്പോള്‍ കുഞ്ചാക്കോ ബോബന്‍ ചിരിക്കുന്നു എന്ന് കൂട്ടുകാരികള്‍ തമ്മില്‍ പറയാറുണ്ടായിരുന്നു. പല ക്യാമ്പസിലും പല വാക്കുകളില്‍ അത്തരം പരാമര്‍ശങ്ങളുണ്ട്. വ്യക്തിയുടെ എല്ലാത്തരം ഇടപെടലുകളെയും സമൂഹം നിയന്ത്രിക്കുന്നതുകൊണ്ടു തന്നെ സാമൂഹികോല്‍പ്പന്നമായ ഭാഷയിലും ഇത് കടന്നു വരുന്നു എന്ന് വിലക്കു പദങ്ങളുടെ സാമൂഹിക ഭാഷാ സ്വഭാവം എന്ന ഗവേഷണ പ്രബന്ധത്തില്‍ ഫ്രാന്‍സിസ് ടി.എ. വിശദമാക്കുന്നുണ്ട് 1995-49 പല കൂട്ടായ്മകള്‍ക്കിടയിലും ഇത്തരം വിലക്ക് പദങ്ങള്‍ പ്രയോഗത്തിലുണ്ട്. ഉദാഹരണത്തിന് വാഹനത്തിനുള്ളില്‍ അധികമായി സൂക്ഷിക്കുന്ന ചക്രത്തെ സ്റ്റെപ്പിനി എന്ന് പറയുമെങ്കിലും പുരുഷന്‍റെ പരസ്ത്രീ ബന്ധത്തെ കൂടി ഈ പദംകൊണ്ട് വ്യവഹരിക്കാറുണ്ട്. ഇതേ അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന മറ്റൊരു പദമാണ് കീപ്. ബസ് യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന പീഡനശ്രമങ്ങളെ പരാമര്‍ശിക്കാന്‍ ജാക്കി വെക്കുക എന്നു പറയാറുണ്ട്. വാഹനവുമായി ബന്ധപ്പെട്ട മേഖലയില്‍ സ്ത്രീശരീരത്തെ വാഹന ഭാഗങ്ങളുമായി താരതമ്യപ്പെടുത്തി സൂചിപ്പിക്കുന്നു.

സ്ത്രീ നിതംബത്തെ സൂചിപ്പിക്കുന്നതിനു വേണ്ടി ബാക്ക് എഞ്ചിന്‍ എന്നും സ്തനത്തെ സൂചിപ്പിക്കുന്നതായി ഹെഡ്ലൈറ്റ്, ബോണറ്റ് എന്നുമെല്ലാം പ്രയോഗങ്ങളുണ്ട്. പ്രണയവുമായി ബന്ധപ്പെട്ട ഒരു പദമാണ് വളയ്ക്കുക എന്നത്. കമ്പി വളയ്ക്കുമ്പോള്‍ നമ്മുടെ ഇഷ്ടാനുസരണം മെരുക്കി എടുക്കുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയ തന്നെയാണ് വളയ്ക്കുക എന്ന പദത്തിന്‍റെ അര്‍ത്ഥമാറ്റത്തിന് കാരണമായത്. തേയ്ക്കുക,തേപ്പ് എന്നീ പദങ്ങള്‍ പ്രണയിച്ചു പറ്റിക്കുക എന്ന അര്‍ത്ഥത്തില്‍ സാര്‍വ്വത്രികമാകാന്‍ നവസിനിമകള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സംസ്കാരവും ഭാഷയും തമ്മിലുള്ള ബന്ധത്തിന്‍റെ മറ്റൊരു പ്രതിഫലനമാണ് ബന്ധസൂചക പദങ്ങള്‍ . സാമൂഹിക വ്യത്യാസം മൂലം വൈവിധ്യം കാണിക്കുന്ന ഭാഷാ മേഖലയാണിത്. സ്ത്രീ ബന്ധസൂചക പദങ്ങളില്‍ പലതിനും അര്‍ത്ഥം മാറ്റം വന്നിട്ടുണ്ട് .

അച്ഛന്‍റെ സഹോദരിയെയും അമ്മയുടെ സഹോദരന്‍റെ ഭാര്യയെയും വിളിക്കുന്ന അമ്മായി എന്ന പദം അച്ഛനെയും അമ്മയെയും സൂചിപ്പിക്കുന്ന തന്ത, തള്ള എന്നീ പദങ്ങളും ശകാരവാക്കുകള്‍ ആയി മാറിയിട്ടുണ്ട് .കുമാരനാശാന്‍റെ ഒരു കവിതയുടെ പേര് തള്ളയും കുട്ടിയും എന്ന് ആയിരുന്നത് പാഠപുസ്തകത്തില്‍ അമ്മയും കുട്ടിയും എന്നാക്കിയത് ഇതിന് സാധുത നല്‍കുന്നു അമ്മയെന്ന പദത്തോടുള്ള ബഹുമാനം തള്ളയെന്ന പദത്തില്‍ കാണുന്നില്ല. മാത്രമല്ല തന്തയ്ക്ക് വിളിക്കുമ്പോള്‍ പോലും കുറ്റക്കാരിയായിത്തീരുന്നത് അമ്മയാണ് എന്ന വസ്തുതയും വ്യക്തമാക്കട്ടെ .ലൈംഗികതയുമായി ബന്ധപ്പെട്ട് സ്ത്രീകളെ ശകാരിക്കാനുപയോഗിക്കുന്ന നിരവധി പദങ്ങള്‍ ഭാഷയില്‍ ഉണ്ട് .സ്ത്രീകളെ അധിക്ഷേപിക്കുന്നതിനായി ഉപയോഗിക്കുന്ന ശകാരവാക്കുകള്‍ മുഴുവനും യഥാര്‍ത്ഥത്തില്‍ ലൈംഗിക അടിസ്ഥാനത്തിലുള്ളവയാണെന്ന് പറയാം. ഒരുകാലത്ത് നര്‍ത്തകി എന്ന അര്‍ത്ഥത്തില്‍ മാത്രം ഉപയോഗിക്കപ്പെട്ടിരുന്ന ആട്ടക്കാരി, കൂത്തച്ചി, തേവിടിച്ചി എന്നീ പദങ്ങള്‍ തോന്ന്യാസക്കാരി വഴിപിഴച്ചവള്‍ എന്ന അര്‍ത്ഥത്തിലാണ് ഇന്ന് പ്രയോഗത്തിലുള്ളത് . എന്നാല്‍ ആട്ടക്കാരന്‍ എന്ന പദത്തിന് അര്‍ത്ഥം മാറ്റം സംഭവിച്ചിട്ടില്ല ശബ്ദതാരാവലിയില്‍ ആട്ടക്കാരന് കഥകളിനടന്‍, ആടുന്നവന്‍ എന്നീ അര്‍ത്ഥങ്ങള്‍ നല്‍കുമ്പോള്‍ തന്നെ ആട്ടക്കാരിക്ക് ആടുന്നവള്‍, നര്‍ത്തകി, കുഴഞ്ഞാടുന്നവള്‍, തോന്ന്യാസക്കാരി എന്നീ അര്‍ത്ഥങ്ങളാണ് നല്‍കിയിട്ടുള്ളത്.

2015-258 ഇതേ അര്‍ത്ഥം മറ്റ് മലയാള നിഘണ്ടുക്കളും പിന്തുടരുന്നു. ഇളംകുളം കുഞ്ഞന്‍പിള്ളയാണ് പ്രാചീന സാഹിത്യകൃതികളിലെ നായികമാര്‍ ദേവദാസികളാണെന്നും അവര്‍ കേരള ക്ഷേത്രങ്ങളിലെ നൃത്തക്കാരികളായിരുന്നുവെന്നും സിദ്ധാന്ത രൂപേണ സമര്‍ത്ഥിച്ചതെന്ന് ‘ദേവദാസികളും സാഹിത്യ ചരിത്രവും’ എന്ന കൃതിയില്‍ പി.സോമന്‍ അഭിപ്രായപ്പെടുന്നുണ്ട്. മരുമക്കത്തായ ലൈംഗിക ജീവിതത്തെയും അതിന്‍റെ പ്രതിഫലനമായ മണിപ്രവാള സാഹിത്യത്തെയും നിരീക്ഷിച്ച ഇളംകുളം മണിപ്രവാള കൃതികളുടെ വ്യാഖ്യാനത്തില്‍ നായികമാരുടെ ചരിത്രപരമായ സ്വത്വം കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍ തേവിടിച്ചിപ്രസ്ഥാന സിദ്ധാന്തം ആവിഷ്കരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. രാജാക്കന്മാര്‍ ദേവദാസികളെ ഭാര്യമാരായി സ്വീകരിക്കുകയും സ്വപുത്രിമാരെ ദേവദാസികളായി ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കുകയും പതിവുണ്ടായിരുന്നു. കൂത്തത്തികള്‍ , കൂത്തികള്‍, കൂത്ത സ്ത്രീകള്‍, ആടുംപാത്രങ്ങള്‍, തളിച്ചേരിപ്പൊണ്ടുകള്‍ തളിനങ്ങള്‍, കുടിക്കാരികള്‍, നങ്ങച്ചികള്‍ എന്നീ പേരുകളിലെല്ലാം അവര്‍ അറിയപ്പെട്ടിരുന്നു . ദേവന്‍റെ അടിയാള്‍ പിന്നീട് ഭരണാധികാരികളുടെയെല്ലാം അടിയാളിത്തീര്‍ന്നതോടെയാണ് ഈ പദത്തിനും അപകൃഷ്ടത വരുന്നത്. സ്ത്രീകളെ അസഭ്യമായി പരാമര്‍ശിക്കുന്നതിന് ഉപയോഗിക്കുന്ന മറ്റൊരു പദമാണ് ചരക്ക് . സാധനം, കച്ചവട സാധനം ഓടുകൊണ്ടുള്ള വലിയ പാത്രം എന്നീ അര്‍ത്ഥങ്ങളില്‍ ഭാഷയില്‍ സാധാരണ പ്രയോഗിക്കാറുണ്ടെങ്കിലും സ്ത്രീയെ വസ്തുവല്‍ക്കരിക്കുന്ന രീതിയില്‍ ഈ പദത്തിന് അധികാര്‍ത്ഥമുണ്ട്.

സംഭോഗത്തിന് വേണ്ടിയുള്ള വസ്തു എന്ന രീതിയിലാണ് ഈ പദത്തിന് അപകര്‍ഷം സംഭവിച്ചിരിക്കുന്നത്. ഇതേ അര്‍ത്ഥത്തില്‍ തന്നെ പീസ് എന്നും പരാമര്‍ശിക്കുന്നത് കാണാം. ലൈംഗികക്രിയയുമായി ബന്ധപ്പെടുത്തി കൊണ്ട് നടത്തുന്ന മറ്റൊരു സ്ത്രീ പരാമര്‍ശമാണ് വെടി. വ്യഭിചാരണി എന്ന അര്‍ത്ഥത്തില്‍ ഈ പദത്തിന് കൂടുതല്‍ പ്രയോഗം വന്നിട്ടുണ്ട് . ഭാഷയില്‍ നിലനില്‍ക്കുന്ന ലിംഗ വിവേചനത്തിന് സമൂഹത്തിന്‍റെ അധികാരഘടനയുമായി ബന്ധമുണ്ട്. പുരുഷകേന്ദ്രിതമായ ഭാഷാപ്രപഞ്ചം തന്നെയാണ് മലയാളത്തിലും കാണുന്നത് . ശബ്ദം, പദം, അര്‍ത്ഥം, വ്യാകരണം, ശൈലികള്‍, പഴഞ്ചൊല്ലുകള്‍ എന്നിങ്ങനെ ഭാഷയുടെ എല്ലാതലത്തിലും ആണ്‍കോയ്മയുടേതായ ലിംഗാവബോധം പ്രകടമാണ് . സ്ത്രീ/ പുരുഷന്‍ എന്നിവ ജീവശാസ്ത്രപരമാണെങ്കില്‍ ആണത്തം/ പെണ്ണത്തം എന്ന ലിംഗ കല്‍പ്പന ചില പ്രത്യേക സ്വഭാവ സവിശേഷതകളെയും പെരുമാറ്റരീതികളെയും ആധാരമാക്കിക്കൊണ്ടുള്ള സാമൂഹിക സൃഷ്ടിയാണ്. സാമൂഹികമായും സാംസ്കാരികമായും സ്ത്രീയെയും പുരുഷനെയും വിവേചനപ്പെടുത്തുന്ന സാമൂഹിക പ്രതിഭാസമാണിത്. കളമൊഴി, തേന്മൊഴി , കിളിമൊഴി എന്നൊക്കെ സ്ത്രീശബ്ദത്തെയും കടലിന്‍റെ ഇരമ്പല്‍ പോലെ ഗൗരവമായതെന്ന് പുരുഷശബ്ദത്തെയും ഉപമിക്കുമ്പോള്‍ത്തന്നെ പെണ്‍ശബ്ദമുള്ള പുരുഷനെ സമൂഹത്തില്‍ അപഹാസ്യമായി കാണുന്നു .

ട്രാന്‍സ്ജെണ്ടേസിന് സമൂഹത്തില്‍ പരിഗണന ലഭിച്ചിട്ടുണ്ടെങ്കില്‍ കൂടി ശിശുവിന്‍റെ ജനനം മുതല്‍ തന്നെ ലിംഗവ്യത്യാസത്തിന്‍റെ അടിസ്ഥാനത്തില്‍ ചില അവകാശങ്ങളും അധികാരങ്ങളും നിഷേധങ്ങളും പുരുഷനും സ്ത്രീക്കും വെവ്വേറെ കല്‍പ്പിച്ച് കൊടുത്തിട്ടുണ്ട്. ഇത് ഭാഷയിലും പ്രതിഫലിച്ചു കാണുന്നു. ചരിത്രത്തെയും സംസ്കാരത്തെയും ലയിപ്പിച്ചു കൊണ്ടാണ് ഓരോ വ്യവഹാരവും ഭാഷയിലും നിലനില്‍ക്കുന്നത്.

 

 

 

 

 

ഡോ. സന്ധ്യ പി.പി.
ഹയര്‍ സെക്കന്‍ണ്ടറി അധ്യാപിക
ഗവ.രാജാസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍, കോട്ടയ്ക്കല്‍

COMMENTS

COMMENT WITH EMAIL: 0