സമാധാനപരമായി ജീവിച്ചുപോന്ന ഒരു ജനതയെയും അവരുടെ ഭൂപ്രദേശത്തെയും അസ്ഥിരമാക്കുകയും അവ്യവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിനോട് കൈക്കൊണ്ടത്. കേരളവുമായി ദ്വീപിനുണ്ടായിരുന്ന പൊക്കിള്‍ക്കൊടി ബന്ധം വിച്ഛേദിക്കാനുള്ള കുല്സിതമായ നിശ്ചയദാര്‍ഡ്യമാണ് ഭരണപരിഷ്ക്കാരങ്ങളില്‍ ഉടനീളം പ്രതിഫലിക്കുന്നത്. ഇതിനിടയില്‍, പ്രതിഷേധിക്കുന്നവരെ തുറങ്കിലടയ്ക്കുക എന്ന ഫാഷിസ്റ്റ് അധികാരതന്ത്രത്താല് ഐഷ സുല്ത്താനയെപ്പോലുള്ളവരെ വേട്ടയാടി രാജ്യദ്രോഹിയായി മുദ്രകുത്താന്‍ നടന്ന നീക്കം അങ്ങേയറ്റം അപലപനീയമാണ്. ദ്വീപിലെ ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സമരത്തില്‍ കണ്ണിചേര്ന്നുകൊള്ളുന്നു.
ദില്ലിയിലെ സി.എ.എ. വിരുദ്ധ സമരത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ യു.എ.പി.എ. ചുമത്തപ്പെട്ട് ഒരു വര്‍ഷത്തോളം ജയില്‍വാസം അനുഷ്ടിക്കേണ്ടി വന്ന ദേവാംഗന കലിത, നതാഷ നര്‍വാല്‍,അസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്ക് ജാമ്യമനുവദിക്കപ്പെട്ടത് ഏറെ ആശ്വാസവും പ്രത്യാശയും നല്കുന്നു. കോടതി അനുവദിച്ചിട്ടും ദുര്‍ബല ന്യായങ്ങള്‍ നിരത്തി ദില്ലി പൊലീസ് അവരെ ജയിലില്‍ നിന്നും പുറത്തുവിടുന്നത് നീട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നതിനാല്‍ കോടതി വീണ്ടും ഇടപെട്ടാണ് അവര്‍ പുറത്തിറങ്ങിയത് എന്നതും ശ്രദ്ധേയമാണ്. സ്വതന്ത്ര പ്രതിഷേധങ്ങള്‍ക്കുമേല്‍ അധികാര കേന്ദ്രങ്ങളുടെ പിടിമുറുക്കല്‍ എത്ര ശക്തവും ആസൂത്രിതവുമാണെന്ന് ഒന്നുകൂടി തെളിയിക്കുന്നതായിരുന്നു ഈ സംഭവങ്ങള്‍ .
ഭര്‍തൃവീടുകളില്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരണപ്പെട്ട അനേകം സ്ത്രീകളുടെ ദുരന്തങ്ങളെ മുന്‍നിര്‍ത്തി എഴുപതുകളിള് സ്ത്രീധനവിരുദ്ധ സമരങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. ഇന്ത്യയില്‍ സ്ത്രീവാദപ്രസ്ഥാനങ്ങളുടെ തുടക്കങ്ങള്‍ തന്നെ ഈ പ്രശ്നമേറ്റെടുത്തു കൊണ്ടായിരുന്നു എന്നത് ഓര്‍ക്കേണ്ടതാണ്. അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഈ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടായില്ലെന്ന പരമഗൗരവതരമായ സ്ഥിതിവിശേഷമാണ് നമ്മള് ഇന്ന് അഭിമുഖീകരിക്കുന്നത്. പ്രബുദ്ധതയ്ക്ക് പേരുകേട്ട കേരളം ലിംഗനീതിയുടെ കാര്യത്തില്‍ അതിദുര്ബലമാണെന്ന് വീണ്ടും വീണ്ടും തുറന്നുകാട്ടുന്ന സംഭവങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഉണ്ടായത്. സ്ത്രീധനപീഡനത്തിന്റെ പേരില്‍ ഗാര്‍ഹികാതിക്രമങ്ങള്‍ക്ക് വിധിപ്പെട്ട് ഒന്നിലധികം പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തത്. വിവാഹം മാരകമായ സാമൂഹ്യക്രമമായി നിലനിര്‍ത്തുന്നതില്‍ ഓരോ മലയാളിയും കുറ്റകരമായ പങ്ക് വഹിക്കുന്നുണ്ടെന്ന് നാം തിരിച്ചറിയണം. ഒന്നുകില്‍ അതിനെ പ്രോത്സാസാഹിപ്പിച്ചോ അതല്ലെങ്കില്‍ അതിന്റെ നടത്തിപ്പിനെ ചോദ്യം ചെയ്യാതെയോ.
ആണധികാരക്രമങ്ങളാല് ഇരയാക്കപ്പെട്ടവരെച്ചൊല്ലിയുള്ള ഏറിയ ദുഃഖത്തിനും അമര്ഷത്തിനുമിടയില് അതിജീവനത്തിന്റെ ഉജ്ജ്വലപ്രതീകമായി ആനി ശിവ തിളങ്ങുന്നു. ഗാര്‍ഹികാതിക്രമത്തിന് ഇരയായിട്ടും സ്വന്തം വീട്ടില്‍ ഇടം കിട്ടാതെ വന്നിട്ടും തോറ്റുകൊടുക്കാന്‍ തയ്യാറല്ലാതെ കൈക്കുഞ്ഞുമായി കഠിനപ്രയാസങ്ങളെ നേരിട്ട് ആനി സബ് ഇന്‍സ്പക്ടറായി. ആത്മഹത്യ വ്യക്തിപരമോ സാമൂഹ്യപരമോ ആയ പരിഹാരമല്ലെന്നും മറിച്ച് വ്യവസ്ഥയെ മാറ്റിത്തീര്‍ക്കാനുള്ള അതിജീവന പ്രയത്നങ്ങളാണ് ഉണ്ടാവേണ്ടതെന്നുമുള്ള സന്ദേശം സ്വന്തം ജീവിതം കൊണ്ട് നമ്മെ ഓര്‍മ്മിപ്പിച്ച ആനിക്ക് നന്ദി. നിറയെ അഭിനന്ദനങ്ങള്‍!
വിവാഹബന്ധങ്ങള്ക്കകത്തുണ്ടാകുന്ന ഹിംസയിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ അവസ്ഥ പൊതുസമൂഹം എത്രകണ്ട് ഉള്‍ക്കൊള്ളുന്നുണ്ടെന്നത് ഇപ്പോഴും സംശയകരമാണ്. പീഡനം നിറഞ്ഞ ബന്ധങ്ങളില്‍ തുടരാനാണ് വീട്ടുകാരും നാട്ടുകാരും പലപ്പോഴും പ്രേരിപ്പിക്കുക. വ്യവസ്ഥ അത്രമേല്‍ സ്ത്രീവിരുദ്ധമാണ്. എന്നാല്‍ സംരക്ഷണം നല്കേണ്ടുന്ന വനിത കമ്മീഷന് പോലുള്ള സംവിധാനങ്ങള്‍ എത്ര പിന്തിരിപ്പന് സമീപനത്തോടെയാണ് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതെന്നതിന്റെ ഞെട്ടിക്കുന്ന തെളിവായിരുന്നു അദ്ധ്യക്ഷ ശ്രീമതി ജോസഫൈന്റെ പെരുമാറ്റം. ഇതിനെ ശക്തമായി അപലപിക്കുന്നതോടൊപ്പം അവര്‍ തല്‍സ്ഥാനം രാജിവെയ്ക്കാന്‍ പൊതുസമൂഹം ചെലുത്തിയ സമ്മര്‍ദ്ദത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു.
ലിംഗലൈംഗികസ്വത്വങ്ങളുടെ ജീവിതസാഹചര്യങ്ങളും രാഷ്ട്രീയവും സംഘടിത നിരന്തരം ചര്‍ച്ചചെയ്യാറുണ്ട്. സ്ത്രീയായി അടയാളപ്പെടുത്തപ്പെട്ട ക്വിയര്മനുഷ്യരുടെ വിഷയങ്ങളാണ് അഹാന മേഘല്‍ അതിഥിപത്രാധിപയായ ‘സഹയാത്രിക’ എന്ന ഈ ലക്കത്തില്‍. ഗൗരവ വായനയ്ക്കായി സമര്‍പ്പിക്കുന്നു.
COMMENTS