ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷങ്ങളാണ് ഓരോ ക്വീർ മനുഷ്യരും.വളരെ സങ്കീർണ്ണവും വ്യത്യസ്തവുമായ വെല്ലുവിളികളെ നേരിടുന്നവരാണ് ലിംഗ ലൈംഗിക ന്യുനപക്ഷ സമുദായങ്ങൾ. സ്വന്തം കുടുംബത്തിൽ നിന്നും മാതാപിതാക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഏറ്റവും പ്രിയപ്പെട്ടവരിൽ നിന്ന് പോലും അംഗീകാരവും പരിഗണനയും കിട്ടാത്തവരാണ്.തന്റ തിരഞ്ഞെടുപ്പിനെയും ഇഷ്ടങ്ങളെയും നിരന്തരം വിചാരണ ചെയ്യപ്പെടുന്ന ലോകത്ത് ജീവിക്കേണ്ടിവരുന്നതും ,തന്നോടുതന്നെയും സമൂഹത്തോടും കലഹിച്ചും ബോധിപ്പിച്ചും ജീവിക്കേണ്ടി വരുന്നതും ,ഇത്തരത്തിലെല്ലാം അങ്ങേയറ്റം ഒറ്റപ്പെടുന്ന മനുഷ്യരോട് പുറം തിരിഞ്ഞുള്ള പൊതുസമൂഹത്തിന്റെ നിശബ്ദതയിൽ ഒരുപാട് ജീവിതങ്ങളിപ്പോഴും ഇല്ലാതാകുന്നുണ്ട്.ലിംഗ ലൈംഗിക ന്യുനപക്ഷങ്ങളായ ഓരോ വ്യക്തിയുടെയും ജീവിതം വ്യത്യസ്തങ്ങളായ അടയാളപ്പെടുത്തലുകളിലൂടെ കടന്നുപോകുന്നവയാണ്. അതിലെ സങ്കീർണതകൾ ജാതിയുടെയും മതപരമായും വർഗം നിറം, ലിംഗപദവി എന്നിവയാലും വ്യത്യാസപ്പെടാം. ഈ വിഷയങ്ങളെ മനസിലാക്കിയുള്ള ചേർത്ത് നിർത്തൽ ഇവിടെ സാധ്യമാകുന്നുണ്ടോ എന്ന് സംശയമാണ്. ചർച്ചകൾക്ക് സമീപിക്കുന്ന ആളുകൾക്ക് കേൾക്കാൻ താല്പര്യം പലപ്പോഴും അക്കാഡമിക് ആയി ഈ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന കമ്മ്യൂണിറ്റി അംഗങ്ങളെയാണ്. ഭാഗികമായും ഒരു അടിസ്ഥാനവർഗം അല്ലെങ്കിൽ വിദ്യാഭ്യാസം കുറഞ്ഞ കമ്മ്യൂണിറ്റി ആളുകൾ,സെക്സ് വർക്ക് ചെയ്യണ്ടിവരുന്നവർ കൂലിവേല ചെയ്യുന്നവർ, ജനനാവസ്ഥയിൽ പെൺ ആയി അടയാളപ്പെടുത്തപ്പെട്ട കമ്മ്യൂണിറ്റി, തുടങ്ങിയ പ്രിവിലേജ് കുറഞ്ഞ ലിംഗ ലൈംഗിക ന്യുനപക്ഷങ്ങളുടെ , സംഘർഷങ്ങളെ അടയാളപ്പെടുത്താനുള്ള സാദ്ധ്യതകൾ നഷ്ടപ്പെടുന്നുണ്ട്.ഇവർ നേരിടുന്ന വെല്ലുവിളികൾ വിത്യസ്തമാകാം. അവയുംഅടയാളപ്പെടുത്തേണ്ടതുണ്ട്. പല ഘടകങ്ങളാൽ അടിച്ചമർത്തപ്പെടുന്ന ഇത്തരം സ്വത്വങ്ങളുടെ സവിശേഷമായ പ്രശ്നങ്ങളെയും ദൗർബല്യങ്ങളും മനസിലാക്കി അവയെകൂടെ കേൾക്കാൻ തയ്യാറാകേണ്ടതുണ്ട്. അവർക്കും ഇടങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
LGBTQIA+ സമുദായങ്ങളെല്ലാം നേരിടുന്ന പ്രശ്നങ്ങൾ ഗൗരവമുള്ളതാണെങ്കിലും
നിരന്തരം പീഡനങ്ങൾക്ക് വിധേയമാക്കുകയും സാമൂഹ്യപരമായ ഭ്രഷ്ട് നേരിടേണ്ടി വരികയും ചെയ്യുന്നവരാണ് പ്രധാനമായും ജനനാവസ്ഥയിൽ സ്ത്രീ ആയി അടയാളപ്പെടുത്തപ്പെട്ട, അല്ലെങ്കിൽ സ്ത്രീയായി പരിഗണിക്കപ്പെട്ട് ജീവിക്കേണ്ടി വന്ന ലിംഗ ലൈംഗിക ന്യുനപക്ഷങ്ങൾ. സ്ത്രീ വാദങ്ങൾക്കിടയിലും ലിംഗ നീതിയെക്കുറിച്ചുമുള്ള ചർച്ചകൾ നടക്കുന്ന നവ സൂമൂഹിക മുന്നേറ്റങ്ങളുടെ കാലത്ത് പോലും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണ്. യഥാർത്ഥത്തിൽ ലെസ്ബിയൻ, ബൈസെക്ഷ്വൽ,സ്ത്രീകൾ,സ്ത്രീ ശരീരങ്ങളിൽ അകപ്പെട്ട പുരുഷന്മാർ, ഇന്റർസെക്സ് ആളുകൾ, ജൻഡർ നോൺ കൺഫോംമിംഗ് ആളുകൾ തുടങ്ങിയ മറ്റ് ലിംഗ ന്യുനപക്ഷങ്ങൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ കൂടുതൽ ഭീകരമായിരിക്കും. ഇത്തരത്തിൽ ഒരു പുരുഷാധിപത്യ- സദാചാര സമൂഹത്തിൽ ജീവിക്കേണ്ടിവരുന്നതിനാലാണ് ഈ ആളുകൾക്ക് മറ്റുള്ള വിഭാഗങ്ങളെ അപേക്ഷിച്ച് ദൃശ്യത കുറയുന്നത്.
എല്ലാ ലിംഗ ലൈംഗിക ന്യുനപക്ഷങ്ങൾക്കും അവരുടെ ഐഡന്റിറ്റി തുറന്ന് പറഞ്ഞുകൊണ്ട് ജീവിക്കുക എന്നത് ഒരു സദാചാരസമൂഹത്തിൽ വളരെ സങ്കീർണമായിരിക്കും എന്ന് നമുക്കറിയാം.സ്വയം ഒരു കാഴ്ചവസ്തുവായി ജീവിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കാൻ പലപ്പോഴും ആളുകൾ തയ്യാറാകാറില്ല. അത്രയും അജ്ഞത ലിംഗ ലൈംഗിക ന്യുനപക്ഷങ്ങളെക്കുറിച്ച് സമൂഹത്തിനുണ്ട്.
സാമൂഹ്യമാധ്യമങ്ങൾ സജീവമായി ഇടപെടുന്ന കാലഘട്ടത്തിൽ ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്ക് മുൻപത്തെക്കാൾ സാദ്ധ്യതകൾ ഉണ്ട്. എന്നാൽ അതിനൊന്നും ശ്രമിക്കാതെ ഈ അന്തതയെ ഒഴിവുകേടായി മാറ്റുന്നതാണ് കപടത. കേരളത്തിൽ ട്രാൻസ് പോളിസി നടപ്പിലാക്കിയിട്ടും ട്രാൻസ് വ്യക്തികളുടെ പ്രശ്നങ്ങളെ മനസിലാക്കുന്ന സമൂഹം നമുക്കില്ല. സർക്കാരിനും ഇതേ അന്തതയുണ്ട് , ലെസ്ബിയൻ ഗേ, ഇന്റർസെക്സ് മറ്റ് കമ്മ്യൂണിറ്റി ആളുകളെല്ലാം തന്നെ വിസിബിളായി ജീവിക്കുകയും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്ത് തുടങ്ങിയിട്ടും എത്രയോ നാളുകളായിരിക്കുന്നു. എന്നാലിപ്പോഴും ഇത്തരം വാർത്തകൾ ആളുകൾക്ക് കൗതുകമാണ്.
പാട്രിയാർക്കിയുടെ ഇരകളാകുന്നത് സിസ്‌ജെണ്ടർ സ്ത്രീകൾ മാത്രമാണ് എന്നുള്ള ഒരു ലിബറൽ ചിന്ത പല ആളുകൾക്കിടയിലുമുണ്ട്, പല ഫെമിനിസ്റ്റ് ചർച്ചകളിലും പിന്തുടർന്നിരുന്ന ഹെറ്ററോ നോർമറ്റീവ് ചിന്തകളുടെ അപ്പുറത്തേക്കുള്ള മനസിലാക്കൽ ക്വീർരാഷ്ട്രീയത്തെക്കുറിച്ചുണ്ടാകേണ്ടതുണ്ട്. ശരീരം ജാതി, ലൈംഗികത ,ലിംഗപദവി ,നിറം അങ്ങനെ എല്ലാത്തിന്റെയും അടിസ്ഥാനത്തിൽ വ്യത്യാസപ്പെടുന്നു. സിസ്,ട്രാൻസ് സ്ത്രീകളും പുരുഷന്മാരും ,നോൺ ബൈനറി ആളുകൾ ,ലൈംഗിക ന്യുനപക്ഷങ്ങൾ തുടങ്ങി എല്ലാവരെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ചർച്ചകൾ നടക്കണം .അതുപോലെതന്നെ ദളിത് , ആദിവാസി, മുസ്ലിം ഇതര പിന്നോക്കസമുദായങ്ങൾക്കുള്ളിൽ ക്വീർ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടണം. നിലവിൽ പിന്തുടരുന്ന രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന കാലികമായ ഇടപെടലുകളെ തിരിച്ചറിയാൻ കഴിയാത്തത്തവരാണ് ഭൂരിഭാഗം ആളുകളും.
ക്വീർ മനുഷ്യരോട് എങ്ങനെ ഇടപെടാം, അവരുടെ മാനസികാരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാവാം ഇത്രയേ ഏറ്റവും അടിസ്ഥാനമായി നോൺകമ്മ്യൂണിറ്റി ആളുകൾ മനസിലാക്കേണ്ടതുള്ളു. ഉദാഹരണമായി ഒരു ട്രാൻസ് വ്യക്തിയെ പരിചയപ്പെടുമ്പോൾ അവരുടെ പഴയ പേര് കേൾക്കനുണ്ടാകുന്ന കൗതുകം, അവരുടെ ലൈംഗിക അവയവങ്ങളെക്കുറിച്ചുണ്ടാകുന്ന സംശയങ്ങൾ, പങ്കാളിയുമായിട്ടുള്ള ലൈംഗികബന്ധത്തെകുറിച്ചുള്ള ചിന്ത, സ്വവർഗാനുരാഗികളായ സ്ത്രീകൾകുടെയോ ,അല്ലെങ്കിൽ ട്രാൻ പുരുഷന്മാരുടെ പങ്കാളികളായ സ്ത്രീകളുടെ ലൈംഗികത ഹെറ്റെറോ സെക്ഷ്വൽ ലൈംഗികതയുടെ അത്ര തൃപ്തികരമായിരിക്കില്ല എന്നുള്ള ഒരു ഒരു നിഗമനം , അത്തരത്തിലുണ്ടാക്കുന്ന സംസാരങ്ങൾ, ട്രാൻസ് ആളുകളെ അസൈൻഡ് ജൻഡറിൽ തന്നെ അഭിസംബോധന ചെയ്യുക . ഇതൊക്കെ ഇവിടുത്തെ ശരാശരി ഹെട്രോ നോർമേറ്റീവ് കൗതുകങ്ങളാണ്. ലൈംഗികതയിലെ വൈവിധ്യങ്ങൾ എല്ലാ മനുഷ്യരിലും സർവസാധാരണമായി നിലനിൽക്കുന്ന സ്വാഭാവികമായ ഒന്നാണെങ്കിലും അവയെ അംഗീകരിക്കാനോ ഉൾക്കൊള്ളാനോ കാണിക്കുന്ന വിമുഖത സാമ്പ്രദായികമായ രീതികളെ പിന്തുടരുന്ന പൊതു ചിന്തയിൽ നിന്നുണ്ടാകുന്നതാണ് .
കേരളത്തിൽ ട്രാൻസ് പോളിസി രൂപീകരിക്കപ്പെട്ടതും ട്രാൻസ് സമുദായത്തെ അംഗീകരിച്ചതും LGBTQIA+സമുദായത്തെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസകരവും സമരനേട്ടവുമാണ്.എന്നിരുന്നാലും ട്രാൻസ് ജെൻഡർ പോളിസിയുടെ ഭാഗമായി സർക്കാർ തലത്തിൽ ട്രാൻസ് വ്യക്തികൾക്കായ് നടപ്പിലാക്കുന്നു എന്ന് പറയുന്ന പല സംവിധാനങ്ങളിലും കമ്മ്യുണിറ്റി തൃപ്തികരമാണോ എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. ട്രാൻസ് പുരുഷനും ട്രാൻസ് സ്ത്രീയ്ക്കും വ്യത്യസ്തങ്ങളായ ജീവിത സാഹചര്യങ്ങളും പ്രതിസന്ധികളുമാണ് ഉള്ളതെന്ന് മനസിലാക്കിയിട്ടുള്ള നടപടികൾ അല്ല സർക്കാർ സംവിധാനങ്ങളിൽ ഉള്ളത്. ആരോഗ്യ പ്രശ്നങ്ങൾ മറ്റ് അടിസ്ഥാന ആവശ്യങ്ങൾ ഇവയിലൊന്നും ട്രാൻസ് ആളുകൾക്ക് പരിരക്ഷ ലഭിക്കുന്ന പദ്ധതികൾക്കൊന്നും തുടക്കം കുറിച്ചിട്ടില്ല. സാമൂഹ്യനീതി / ക്ഷേമ വകുപ്പുകൾ അവരുടെ കീഴിൽ നടപ്പിലാക്കേണ്ട ജോലികൾ കൃത്യമായി നടപ്പിലാക്കുന്നില്ല .കഴിഞ്ഞ ലോക്ക് ഡൌൺ കാലത്ത് ലഭ്യമാക്കേണ്ട സാമ്പത്തിക സഹായം ഇപ്പോഴും ലഭ്യമാകാത്ത ആളുകളുണ്ട് , ഫുഡ് കിറ്റ് കിട്ടാത്ത ആളുകൾ ഉണ്ട് .അതിനൊന്നും ഒരു കൃത്യമായ മോണിറ്ററിങ് സംവിധാനം നിലവിലില്ല.
ട്രാൻസ് ജെൻഡർ ആളുകൾക്കായി നടപ്പിലാക്കിയ ഷെൽട്ടർ ഹോമുകളിൽ തന്നെ മുൻപ് അതിന്റെ നടത്തിപ്പവകാശം സമുദായധിഷ്ഠിത സംഘടനകൾക്കായിരുന്നു .എന്നാൽ ഇപ്പോൾ CBO കളെ ഒഴിവാക്കി മറ്റ് NGO കൾക്ക് നടത്തിപ്പവകാശം നൽകിയിട്ടുണ്ട് .ഈ NGO ഭാരവാഹികൾക്ക് ക്യുവെർ മനുഷ്യരുടെ ജീവിതങ്ങളിമായി പരിചയമില്ലാത്തതിനാൽ തന്നെ അതിന്റെതായ ബുദ്ധിമുട്ടുകൾ കമ്മ്യൂണിറ്റി നേരിടേണ്ടി വരുന്നുണ്ട്.NGO കൾക്ക് വേണ്ടുന്ന കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടില്ല. രാജ്യത്ത് ക്യുവെർ സമുദായങ്ങൾക്കായി ഒരു കേന്ദ്രസംഘടന സംവിധാനം നിലവിലില്ലാത്തതിനാൽ തന്നെ ഇവർക്കായി പ്രവർത്തിക്കുന്ന പ്രാദേശിക സംഘടനകളുമായ് കൂടിയാലോചിച്ചാണ് എല്ലായിടത്തും പദ്ധതികൾ നടപ്പിലാക്കുന്നത്. എന്നാൽ കേരളത്തിൽ സംഘടനകൾ ചൂണ്ടിക്കാണിക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾകൊള്ളുന്ന സംവിധാനങ്ങൾ നിലവിലില്ല. സംഘടനാപരമായി നൽകുന്ന പരാതികൾക്ക് വ്യക്തമായ മറുപടി നൽകുകയോ അവയെ പരിഗണിക്കുകയോ ചെയ്യാറില്ല. പ്രവിലേജ് ഇല്ലാത്ത കമ്മ്യൂണിറ്റി എന്ന നിലയിൽ പലപ്പോഴും സർക്കാരിനെ വിമർശിക്കാൻ ആളുകൾക്ക് പേടിയുണ്ടാകാം . നിലവിലെ ആനുകൂല്യങ്ങൾ തന്നെ നഷ്ടപെട്ടാലോ എന്നുള്ള ഭയവും ആളുകളുടെ അരക്ഷിതാവസ്ഥയും അതിനൊരു കാരണമാകാറുണ്ട്. ടി ജി കാർഡ് പോലെയുള്ള ഐഡന്റിറ്റി തെളിയിക്കുന്ന രേഖകൾ നിര്ബന്ധമാക്കുമ്പോൾ അത് ലഭിക്കാനുള്ള സംവിധനങ്ങൾ സജീവമല്ല.കാർഡില്ലാതെ ആളുകൾക്ക് പലപ്പോഴും സർക്കാർ ആനുകൂല്യങ്ങളുടെ സഹായം ലഭിക്കാൻ പറ്റാതെ വരുന്നുണ്ട് .അതുപോലെതന്നെ ക്രൈസിസ് ഇന്റെർവെൻഷൻ പോലുള്ള സംവിധാനങ്ങൾ സർക്കാർതലത്തിൽ നടക്കുന്നില്ല. ട്രാൻസ് ആളുകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കു കൃത്യമായ നിയമ നടപടികൾ കൈകൊള്ളുന്നില്ല .പലപ്പോഴും അത്തരം അക്രമങ്ങൾ നടക്കുന്നത് പോലീസിന്റെ ഭാഗത്തുനിന്ന് പോലും ആണ്. ക്രൈസിസ് ഇന്റെർവെൻഷന്റെ ഭാഗമായി സമീപിക്കുന്ന ഭൂരിഭാഗം പോലീസ് ഉദ്യോഗസ്ഥർക്കും ട്രാൻസ്ജെൻഡർ വ്യക്തികളെക്കുറിച്ചോ ,ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ചോ യാതൊരു അറിവുമില്ല. അതുകൊണ്ടു തന്നെ കമ്മ്യൂണിറ്റിക്കു പോലീസിന്റെ ഭാഗത്തുനിന്നും ഒരു സഹായവും ലഭിക്കാറില്ല .പലരും നിര്ബന്ധിതരായി വീടുകളിലേക്ക് തിരികെപോകേണ്ടിവരുന്നവരും അപമാനിതരാകുന്നവരുമാണ്. വൈകാരികമായിട്ടുള്ള മനസിലാക്കലുകൾ LGBTQIA+ ആകുകളുടെ വിഷയത്തിൽ ഉണ്ടാകേണ്ടതുണ്ട്.യഥാർത്ഥത്തിൽ ചില ആനുകൂല്യങ്ങൾ നൽകി ഒരു സമുദായത്തെ മുഴുവൻ നിശ്ശബ്ദരാക്കുകയാണ് സർക്കാർ ചെയ്തുവരുന്നത്.
ലിംഗ ലൈംഗിക ന്യുനപക്ഷങ്ങളായ ആളുകൾ കുടുംബത്തിനകത്തുനിന്നും നേരിടാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകളെ പൊലീസോ കോടതിയോ പലപ്പോഴും അംഗീകരിക്കാൻ തയ്യാറല്ല .കുടുംബം ഒരു സുരക്ഷിതമായ ഇടമാണ് എന്നുള്ള ഒരു മോറൽ ചിന്തയിൽ നിന്നുകൊണ്ട് വീട്ടുകാർക്ക് ഒരു വ്യക്തിയുടെ മേൽ അധികാരം ഉണ്ടെന്നു പറഞ്ഞുകൊണ്ട് പല ആളുകളെയും തിരികെ വീടുകളിലേക്ക് അയക്കുകയും നിർബന്ധിത വിവാഹത്തിനും, നിർബന്ധിത ചികിത്സയ്ക്കും വിധേയരാക്കാൻ മുന്കൈ എടുക്കുന്നതായും കാണാറുണ്ട്
ഈ അടുത്തയിടെ 21 വയസ്സുള്ള പെൺകുട്ടികൾ ആത്മഹത്യചെയ്തതും,രണ്ട് ഗേ പുരുഷന്മാർ ആത്മഹത്യ ചെയ്തതും കൺവെർഷൻ തെറാപ്പിക്ക് വിധേയയാക്കിയ പെൺകുട്ടി ആത്മഹത്യ ചെയ്തതും ,ലിംഗമാറ്റ ശാസ്ത്രക്രിയ ചെയ്യാനാഗ്രഹിച്ച ഒരാളെ സഹോദരൻ കൊലപ്പെടുത്തിയതുയുമായ ഒട്ടേറെ വാർത്തകൾ കേരളത്തിൽ ഉണ്ടായി. ഈ വാർത്തകളൊന്നും പൊതു മനസാക്ഷിയെ സ്പർശിക്കുന്നില്ലയെങ്കിൽ, ഈ സഹജീവി സഹിഷ്ണുതകളെല്ലാം കപടമാണെന്ന് മനസിലാക്കേണ്ടിവരും. ഉള്ളിലുള്ള സദാചാരബോധത്തെ ആത്മ പരിശോധന നടത്തേണ്ടി വരും.
ക്യുവെർ കമ്മ്യൂണിറ്റി നേരിടുന്ന ഇത്തരം അതിക്രമങ്ങളെ ഡൊമസ്റ്റിക് വയലൻസ് ആയി പോലും കണക്കാക്കപെടുന്നില്ല. മറ്റൊരു പ്രതിസന്ധി താമസസ്ഥലമാണ്. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് താൽക്കാലികമായെങ്കിലും ഒരു ഷെൽട്ടർ സംവിധാനം ഉള്ളത് ആശ്വാസകരമാണെങ്കിലും വീട് വിട്ടിറങ്ങി വരുന്നവരും വീട്ടിൽ നിന്ന് പുറത്തക്കുന്നവരുമായിട്ടുള്ള ലെസ്ബിയൻ ,ബൈസെക്ഷ്വൽ സ്ത്രീകൾ ട്രാൻസ് പുരുഷന്മാരുടെ സിസ്സ്ത്രീ പങ്കാളികൾ തുടങ്ങിയ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് അവരുടെ പ്രതിസന്ധിഘട്ടങ്ങളിൽ താമസിക്കാൻ ഇടമുണ്ടാകാറില്ല .സ്വവർഗ്ഗാനുരാഗികളും ട്രാൻസ് പുരുഷന്മാരുടെ പങ്കാളികളും ആയ സ്ത്രീകളെ വീട്ടുകാർ തടവിൽ വെക്കുന്നതും നിർബന്ധിത പരിവർത്തന ചികിത്സയ്ക്ക് വിധേയമാകുന്നതും പെൺകുട്ടികളുടെ സമ്മതമില്ലാതെ വിവാഹം തീരുമാനിക്കുകയും ചെയ്യുന്ന അനുഭവങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്.വളരെ മനുഷ്യത്വ വിരുദ്ധവും കുടുംബങ്ങളെ പിന്തുണക്കുകയും ചെയ്യുന്ന സമീപനങ്ങളാണ് പോലീസിന്റെ ഭാഗത്ത് നിന്നും ലഭിച്ചിട്ടുള്ളൂ. സ്വന്തം മക്കളുടെ ഇഷ്ടങ്ങളെയും സന്തോഷത്തെയും അംഗീകരിക്കാത്ത, അവരെ പല ചികിത്സാ രീതികൾക്ക് വിധേയമാക്കുന്ന മാതാപിതാക്കളെക്കുറിച്ച് അത്യധികം ആശങ്കയും പേടിയും മാത്രമേയുള്ളൂ. സ്വന്തം കുഞ്ഞുങ്ങളെ മരണത്തിന് വിട്ട് കൊടുക്കുന്ന ഈ സ്നേഹത്തെ ന്യായീകരിക്കാൻ കഴിയുന്നതല്ല.
നിർബന്ധിത വിവാഹവും, പെൺകുട്ടികൾക്ക് നേരയുള്ള വീട്ടുകാരുടെ അധികാര മനോഭാവത്തെയുമൊക്കെ ഇനിയും മാറിയിട്ടില്ല.കുടുംബത്തിന്റെ ഇത്തരത്തിലുള്ള സ്നേഹം ഒരിക്കലും നിസ്വാർത്ഥമല്ല, തികഞ്ഞ സദാചാരമാണ്.കുടുംബത്തിൽ നിന്ന് തന്നെ മാറ്റങ്ങളുണ്ടായെങ്കിൽ മാത്രമേ ക്വീർ മനുഷ്യർക്ക് അഭിമാനത്തോടെയും അന്തസോടെയും ജീവിക്കാനൊനുള്ള സാഹചര്യം ഉണ്ടാകുകയുള്ളൂ.
അഹന മേഘൽ
ക്വീർ, ബൈസെക്ഷ്വൽ സ്ത്രീ, ക്വീർ മനുഷ്യാവകാശ പ്രവർത്തക, പ്രോഗ്രാം കോർഡിനേറ്റർ -സഹായത്രിക ഫോർ ഹ്യൂമൻ റൈറ്സ്.
COMMENTS