Homeപെൺപക്ഷം

സ്തീധനം- സമൂഹം ഉള്ളിലേക്കെടുത്ത ഒരു ഭീകര തിന്മ

ജൂണ്‍ 25 ന് ഞാന്‍ കൊടുത്ത FB ലൈവ് ചുരുക്കത്തില്‍:

വിസ്മയ എന്ന പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു കൊണ്ട് ഇപ്പോള്‍ കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം സ്ത്രീധന പീഡനങ്ങളും സ്ത്രീധന കൊലപാതകങ്ങളും സ്ത്രീധനത്തിന്‍റെ പേരിലുള്ള ആത്മഹത്യകളുമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ഗാര്‍ഹിക പീഡനങ്ങളും കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അന്വേഷി എന്ന സംഘടനയ്ക്ക് ഇതൊരു പുതുമയുള്ള കാര്യമല്ല . 25 വര്‍ഷങ്ങളായി അന്വേഷി പ്രവര്‍ത്തിക്കുന്നു . കോഴിക്കോട് ജില്ലയില്‍ നിന്നും മാത്രമല്ല മലബാര്‍ ഏരിയയില്‍ മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് , വയനാട് , പാലക്കാട് തുടങ്ങിയ ജില്ലകളില്‍ നിന്നൊക്കെ അന്വേഷിക്ക് കേസുകള്‍ വന്നിട്ടുണ്ട്. മാത്രമല്ല ഇപ്പോള്‍ ഇന്‍റര്‍നാഷണല്‍ ആയിട്ടും പരാതികള്‍ വരുന്നുണ്ട്. അതായത് സ്ത്രീധന പീഡനങ്ങളും കൊലപാതകങ്ങളും ഒരു ഒറ്റപ്പെട്ട സംഭവം അല്ല എന്നാണ് ആദ്യം നമ്മുടെ സമൂഹം മനസ്സിലാക്കേണ്ടത്. ഒരു പുരുഷാധിപത്യ സാമൂഹ്യ വ്യവസ്ഥിതിയാണ് നമ്മുടേത്.

അതായത് വളരെ ആഴത്തില്‍ വേരൂന്നി കിടക്കുന്ന ഈ വ്യവസ്ഥിതിയാണ് സ്ത്രീധന സമ്പ്രദായത്തെ സൃഷ്ടിക്കുന്നതും വളര്‍ത്തുന്നതും ഊട്ടിയുറപ്പിക്കുന്നതുമൊക്കെ. ഇതോടൊപ്പം തന്നെ പുരുഷന്മാര്‍ക്കിടയിലെ മദ്യപാനാസക്തി കൂടിയാവുമ്പോള്‍ അതിക്രൂരമായ പീഡനങ്ങള്‍ക്കാണ് സ്ത്രീകള്‍ വിധേയരാകുന്നത് . ഇത് നിത്യേനയുള്ള സംഭവമാണ്. ഗാര്‍ഹികപീഡനങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു അടി കിട്ടിയാല്‍ പ്രതികരിച്ചൂടേ എന്ന് ചോദിക്കാറുണ്ട് . കഴിഞ്ഞദിവസം വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം .സി ജോസഫൈനോട് ഒരു സ്ത്രീ പരാതി പറഞ്ഞപ്പോള്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടില്ലെങ്കില്‍ അനുഭവിച്ചോ എന്ന് പറഞ്ഞത് കേരളം ചര്‍ച്ച ചെയ്തതാണല്ലോ . ഒരു സ്ത്രീ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കണമെങ്കില്‍ എന്തെല്ലാം കടമ്പകള്‍ കടക്കണം. ആദ്യം വേണ്ടത് അവരില്‍ ആത്മവിശ്വാസം ഉണ്ടാക്കലാണ് .പോലീസ് സ്റ്റേഷനില്‍ പോയാല്‍ നീതി കിട്ടും ,പോലീസ് എന്നോട് നീതിപൂര്‍വ്വം പെരുമാറും എന്നുള്ള ധൈര്യം സ്ത്രീകള്‍ക്ക് ഉണ്ടാകുന്നത് പോലീസില്‍നിന്ന് നീതിപൂര്‍വമായ പെരുമാറ്റം ഉണ്ടാകുമ്പോഴാണ് . പക്ഷേ, നിര്‍ഭാഗ്യമെന്നു പറയട്ടെ നമ്മുടെ പോലീസ് ഒട്ടും ജെന്‍ഡര്‍ സെന്‍സിറ്റീവ് അല്ല . പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെല്ലുന്ന സ്ത്രീകളോട് എങ്ങനെയാണ് പെരുമാറുന്നത് എന്നെനിക്കറിയാം. പാചകം ചെയ്ത് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കേണ്ട ഭക്ഷണമൊക്കെ വലിച്ചെറിഞ്ഞ് മര്‍ദ്ദനങ്ങള്‍ നടത്തിയ ഭര്‍ത്താവിനെ കുറിച്ച് പരാതി പറയാന്‍ എത്തുന്ന സ്ത്രീകളോട് നിങ്ങള്‍ക്ക് മിണ്ടാതിരുന്നൂടെ എന്നാണ് ചോദിക്കുന്നത്. പലപ്പോഴും മറ്റൊന്നും ചെയ്യാന്‍ കഴിയാത്തതുകൊണ്ട് ചിലപ്പോള്‍ എതിര്‍ക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നതിന്‍റെ ഭാഗമായി സ്ത്രീകള്‍ തെറി പറഞ്ഞെന്നിരിക്കും. എന്നാല്‍ അവളെ തെറ്റുകാരി ആക്കുന്ന സമീപനമാണ് പോലീസിന്‍റേത്. അത് മാറിയേ പറ്റൂ . അടിസ്ഥാനപരമായി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സ്ത്രീപക്ഷത്തു നിന്ന് സമീപിക്കാന്‍ അല്ലെങ്കില്‍ പുരുഷാധിപത്യ വ്യവസ്ഥിതിയുടെ എതിര്‍പക്ഷത്തു നിന്ന് കാണാന്‍ തയ്യാറാകുന്ന ഒരു പോലീസ് സംവിധാനവും സമൂഹവും നമ്മുടെ നാട്ടില്‍ ഉണ്ടാവണം. അപ്പോള്‍ മാത്രമേ മാറ്റങ്ങള്‍ ഉണ്ടാവൂ. ‘അന്വേഷി’ക്ക്’ ഐസ്ക്രീം പാര്‍ലര്‍ കേസില്‍ ഇടപെട്ട ചരിത്രം മാത്രമല്ല ഉള്ളത്.

25 വര്‍ഷമായി സംഘടന ഇടപെട്ടിട്ടുള്ള കേസുകള്‍ ആയിരക്കണക്കിനാണ്. 2017 മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കേസുകള്‍ മാത്രമെടുത്താല്‍ 2017- 18 ല്‍ 232 പരാതി കിട്ടിയതില്‍ 179 എണ്ണം ഗാര്‍ഹിക പീഡന പരാതികളായിരുന്നു. അതുപോലെ 2018 -19 ലെ 226 പരാതികളില്‍ 178ഉം, 2019 -20ലെ 166 പരാതികളില്‍ (കോവിഡ് കാലമായിരുന്നു ഇത് എന്നോര്‍ക്കണം) 128ഉം, 2020 -21 മാര്‍ച്ച് വരെ 132 ല്‍ 93ഉം ഗാര്‍ഹികപീഡന പരാതികള്‍ ആയിരുന്നു. അതായത് അന്വേഷി കൈകാര്യം ചെയ്ത കേസുകളില്‍ 60- 70 ശതമാനവും ഗാര്‍ഹികപീഡന കേസുകളായിരുന്നു. സ്ത്രീകളുടെ പരാതി കേള്‍ക്കാന്‍ കോഴിക്കോട് അന്വേഷി തുടങ്ങിയ കാലത്ത് ഇന്നുള്ളതുപോലെ ഒരു സംവിധാനവും സര്‍ക്കാറിന്‍റേതായി ഉണ്ടായിരുന്നില്ല. പോലീസ് സ്റ്റേഷനില്‍ സ്ത്രീധന പീഡന കൊലപാതക പരാതിയുമായി ചെല്ലുമ്പോള്‍ ഇങ്ങനെയൊരു കേസ് ഉണ്ടോ ഇങ്ങനെയൊക്കെ നടക്കുമോ ശരിയാണോ എന്നൊക്കെയാണ് അന്ന് പോലീസ് ചോദിക്കുന്നത്. പിന്നീട് പ്രൊട്ടക്ഷന്‍ ഓഫ് വിമെന്‍ ഫ്രം ഡൊമസ്റ്റിക് വയലന്‍സ് ആക്ട് അതായത് ഞങ്ങള്‍ പറയുന്ന ഗാര്‍ഹിക പീഡന നിരോധന നിയമം വന്നതിനു ശേഷമാണ് പരാതികളുടെ പ്രവാഹം ഉണ്ടായത് . ഇന്ന് കോഴിക്കോട് ജില്ലയില്‍ ആറ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ ഉണ്ട് .അതില്‍ ഒന്ന്അന്വേഷി ആണ്.

മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വരുന്നതിനേക്കാള്‍ അധികം കേസുകള്‍ അന്വേഷിയില്‍ വരുന്നുണ്ട്. അന്വേഷി പ്രസിഡന്‍റ് എന്ന നിലയില്‍ എനിക്ക് അത് ഉറപ്പിച്ച് പറയാന്‍ കഴിയും. ുൃീലേരശേീി ീള ംീാലി ളൃീാ റീാലശെേര ്ശീഹലിരല അരേ ന്‍റെ കീഴില്‍ കോഴിക്കോട് ഹോമുണ്ട് . കളക്ടറുടെ വണ്‍ സ്റ്റോപ്പ് സെന്‍ററുണ്ട്. അവര്‍ക്കും ഒരു ഷെല്‍ട്ടര്‍ ഹോമുണ്ട്. അവിടെയൊക്കെ വരുന്നതിനേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ അന്വേഷിയെ സമീപിക്കുന്നുണ്ട്. അവര്‍ക്കൊക്കെ അന്വേഷിയെയാണ് വിശ്വാസം എന്നതിന് തെളിവാണിത്. അന്വേഷി ഇടപെട്ട് ശ്രദ്ധേയമായ ചില കേസുകള്‍ ഞാന്‍ സൂചിപ്പിക്കാം. ഭര്‍ത്താവിന്‍റെ പീഡനങ്ങള്‍ സഹിക്കാന്‍ കഴിയാതെ സ്വന്തം വീട്ടിലേക്ക് പോയ ഒരു സ്ത്രീ പരാതിയുമായി ഞങ്ങളെ സമീപിച്ചു. അവള്‍ക്ക് വേണ്ടിയിരുന്നത് ഭര്‍ത്താവുമായി ബന്ധം ശരിയാക്കിയെടുക്കുകയായിരുന്നു. അന്വേഷി കൗണ്‍സിലര്‍ അവളോടും ഭര്‍ത്താവിനോടും സംസാരിച്ചു. അപ്പോള്‍ തന്നെ കൗണ്‍സിലര്‍ക്ക് ഈ ഭര്‍ത്താവ് സംശയരോഗി (പാരനോയിഡ്) ആണ്, ഇത്തരം കേസുകള്‍ ചിലപ്പോള്‍ സ്കിസോഫ്രേനിയ പോലെയുള്ള മാനസിക രോഗങ്ങളിലേക്ക് മാറാറുണ്ട്. അക്രമാസക്തരാകാറുണ്ട്. അവളെയും അവളുടെ വീട്ടുകാരെയും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ഒന്നിച്ചു ജീവിതം അപകടകരമാണ് എന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. അവളുടെ വീട്ടുകാര്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ട അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയെങ്കിലും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് സ്വന്തം ഇഷ്ടപ്രകാരം അവള്‍ അയാളുടെ വീട്ടിലേക്ക് തന്നെ പോവുകയും ദിവസങ്ങള്‍ക്കകം അവളെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തുകയും ചെയ്തു. അതിനുശേഷം രണ്ട് മക്കള്‍ക്ക് നഷ്ടപരിഹാരം വാങ്ങിച്ചു കൊടുക്കാന്‍ മാത്രമേ അന്വേഷിക്ക് കഴിഞ്ഞുള്ളൂ. .

മറ്റൊരു സംഭവം 2013ലോ പതിനാലിലോ ആണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പൊള്ളലേറ്റു കിടക്കുന്ന സ്ത്രീയുടെ സഹോദരന്‍ പരാതിയുമായി അന്വേഷിയെ സമീപിച്ചു. 60 ശതമാനത്തിലധികം പൊള്ളലേറ്റാല്‍ മരണം ഉറപ്പാണെങ്കിലും പൊള്ളലേറ്റയാള്‍ സ്വബോധത്തില്‍ ആയിരിക്കും. താന്‍ ഇനിയും ജീവിക്കുമെന്ന് വിശ്വസിക്കുകയും ചെയ്യാറുണ്ട് . ഈ പെണ്‍കുട്ടി ഭര്‍തൃ വീട്ടുകാരുടെ പരിചരണത്തിലാണ് ആരംഭഘട്ടത്തില്‍ ആശുപത്രിയിലുണ്ടായിരുന്നത് . അവളുടെ വീട്ടുകാരെ അകറ്റി നിര്‍ത്തുന്നതില്‍ അവര്‍ ശ്രദ്ധിക്കുകയും ചെയ്തു. ആശുപത്രിയില്‍ വെച്ച് മജിസ്ട്രേറ്റിന് അവള്‍ കൊടുത്ത മരണമൊഴി സ്വമേധയാ പറ്റിയ അപകടമായിരുന്നു എന്നാണ്. അവര്‍ക്ക് അനുകൂലമായി മൊഴി രേഖപ്പെടുത്തി എന്ന് ഉറപ്പായപ്പോള്‍ ഭര്‍തൃവീട്ടുകാര്‍ അവളെ സ്വന്തം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കുകയും അവരോടവള്‍ ഭര്‍ത്താവിന്‍റെ പീഡനവും കൊലപാതക ശ്രമവും തുറന്നുപറയുകയും ചെയ്തു . താന്‍ ഇനിയും ജീവിച്ചിരിക്കുമെന്നും സത്യം പറഞ്ഞാല്‍ അയാള്‍ ജയിലിലാവുകയും മക്കള്‍ക്ക് അച്ഛന്‍ ഇല്ലാതാവുകയും ചെയ്യും എന്ന് ഭയന്നാണ് അവള്‍ സംഭവം മൂടി വെച്ചത് . കൂടാതെ ഭര്‍തൃവീട്ടുകാരുടെ സാന്നിധ്യവും. വീണ്ടും മജിസ്ട്രേട്ടിന്‍റെ മൊഴിയെടുപ്പിക്കാന്‍ വഴി അന്വേഷിച്ചാണ് സഹോദരന്‍ അന്വേഷിയെ സമീപിച്ചത് . ഭര്‍ത്താവിന്‍റെ വീട്ടുകാരുടെ സമ്മര്‍ദ്ദം കൊണ്ടാണ് ഈ മരണമൊഴി തന്നതെന്നും വീണ്ടും ആ പെണ്‍കുട്ടിയുടെ മൊഴിയെടുക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് പരാതി കൊടുക്കാന്‍ സഹോദരനെ സഹായിക്കുകയും രണ്ടുദിവസത്തിനുള്ളില്‍ സി. ജെ. എം ഓര്‍ഡര്‍ കിട്ടുകയും മൊഴിയെടുക്കുകയും ചെയ്തു. രണ്ടുദിവസത്തിനുള്ളില്‍ പെണ്‍കുട്ടി മരണപ്പെട്ടു . കൊലപാതകക്കുറ്റത്തിന് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യിക്കാനും കഴിഞ്ഞു . ഇങ്ങനെയുള്ള നിരവധി കേസുകള്‍ അന്വേഷിയുടെ രേഖകളിലുണ്ട് . വിസ്മയ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സ്ത്രീധന നിരോധന നിയമത്തെ കുറിച്ച് മുഖ്യമന്ത്രിയടക്കം പറയുന്നുണ്ട്.1961ലെ ഈ നിയമമനുസരിച്ച് കൊടുക്കുന്നവനും വാങ്ങുന്നവനും കുറ്റക്കാര്‍ ആകുന്നു. പിന്നെ ആരാണ് പരാതി കൊടുക്കാന്‍ തയ്യാറാവുക. പുരുഷാധിപത്യത്തിന്‍െറ മറ്റൊരു മുഖമാണ് സ്ത്രീധനസമ്പ്രദായം . കുറേ നിയമങ്ങള്‍ ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ല. അതു നടപ്പിലാക്കാനുള്ള സംവിധാനങ്ങള്‍ ജെന്‍ഡര്‍ സെന്‍സിറ്റീവ് ആകണം.

ഒരു വനിതാ കമ്മീഷന്‍ അധ്യക്ഷ ഇങ്ങനെയാണ് പ്രതികരിക്കുന്നതെങ്കില്‍ സ്ത്രീകള്‍ ആരോടാണ് പരാതി പറയുക. വളരെ ക്ഷമയോടുകൂടി മുഴുവന്‍ കേള്‍ക്കുന്ന കൗണ്‍സിലര്‍മാരാണ് അന്വേഷിയിലുള്ളത്. ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ സ്ത്രീയെ തുല്യരായി കാണാനും സ്ത്രീയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും പര്യാപ്തമാകണം. അന്വേഷിയുടെ പ്രധാന പ്രവര്‍ത്തനമേഖല കൗണ്‍സിലിംഗ് ആണ്. കൗണ്‍സിലിംഗില്‍ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ ലീഗല്‍ എയ്ഡ് സെല്ലിനു കൈമാറും. സര്‍വീസ് പ്രൊവൈഡര്‍ എന്ന നിലയ്ക്ക് ഒരു വക്കീലുണ്ട്. അവര്‍ക്കുള്ള ഫണ്ട് സര്‍ക്കാരില്‍ നിന്നാണ് . പാരാലീഗല്‍ സ്റ്റാഫും ഉണ്ട്. അതോടൊപ്പം അന്വേഷിക്ക് ഒരു ഷോര്‍ട്ട് സ്റ്റേ ഹോം ഉണ്ട് . 2003 മുതല്‍ ഷോര്‍ട്ട് സ്റ്റേ ഹോം പ്രവര്‍ത്തിക്കുന്നു. ഇന്നു രാത്രി എങ്ങോട്ട് പോകാന്‍ എന്ന് ആശങ്കപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അത്താണിയാണിത്. നിരവധി സ്ത്രീകളെ മരണത്തില്‍നിന്നും ആത്മഹത്യയില്‍ നിന്നും രക്ഷപ്പെടുത്തി ഭക്ഷണവും തണലുമൊരുക്കി താമസിപ്പിക്കാന്‍ ഹോമിന് കഴിഞ്ഞിട്ടുണ്ട് . തൊഴില്‍ ചെയ്യാന്‍ പ്രാപ്തരായി ജീവിതത്തെ നേരിടാന്‍ തയ്യാറായി നിരവധി സ്ത്രീകളാണ് ഷോട്ട് ഹോമില്‍ താമസിച്ചു പുറത്തു പോയിട്ടുള്ളത്.എത്രയോ ദിവസങ്ങള്‍ക്കുശേഷം സമാധാനമായി ഉറങ്ങിയതിന്‍െറ ആശ്വാസം ആ സ്ത്രീകള്‍ നമ്മളുമായി പങ്കുവെച്ചിട്ടുണ്ട്. അതായത് അന്വേഷിയുടേത് ഒരു ചെറിയ ചരിത്രമല്ല. ഗാര്‍ഹികപീഡനങ്ങള്‍ക്ക് എതിരായിട്ടുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇന്നുണ്ട്.’അപരാജിത’പോലെയുള്ള സര്‍ക്കാര്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളും അന്വേഷി പോലുള്ള സ്ഥാപനങ്ങളും ഒന്നിച്ചുചേര്‍ന്നാല്‍ കുറേയേറെ മാറ്റങ്ങളുണ്ടാക്കാന്‍ പറ്റും. പോലീസിനും നിയമ സംവിധാനങ്ങള്‍ക്കും ജനങ്ങള്‍ക്കും സ്ത്രീപക്ഷത്തു നിന്ന് പ്രശ്നങ്ങളെ സമീപിക്കാനുള്ള ഒരു അവബോധം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അതോടൊപ്പം ഇന്നത്തെ കുടുംബ സംവിധാനങ്ങളും മാറ്റി പൊളിച്ചെഴുതണം. സ്ത്രീയുടെ അടിമത്തത്തിന്‍റെ മുകളില്‍ കെട്ടിപ്പൊക്കിയതാണ് ഇന്നത്തെ കുടുംബം, കുടുംബത്തിന് പുറത്ത് തൊഴിലോ രാഷ്ട്രീയപ്രവര്‍ത്തനമോ നടത്തിയാലും ഗാര്‍ഹിക അധ്വാനം മുഴുവന്‍ അവളുടെ ഉത്തരവാദിത്വം തന്നെയായി നിലനില്ക്കുന്ന സ്ഥിതി മാറണം. ലിംഗപരമായ ജോലി വിഭജനം ഇല്ലാതാകുന്ന മനോഭാവം കുട്ടികളിലും വളര്‍ന്നു വരാന്‍ മുതിര്‍ന്നവര്‍ മാതൃകകളാവണം. നിയമപരമായി മാത്രമല്ല പൊതുസമൂഹത്തിന്‍റെ മനോഘടനയും മാറുന്നതിലൂടെ മാത്രമേ അടിസ്ഥാനപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ.

 

 

 

 

അജിത കെ.

COMMENTS

COMMENT WITH EMAIL: 0