Homeചർച്ചാവിഷയം

ഞാന്‍-ട്രാന്‍സ്മാന്‍

രികുവല്‍ക്കരിക്കപ്പെട്ട ക്യുവര്‍ സമുദായത്തില്‍ തന്നെ ഏറ്റവും ദൃശ്യത കുറവുള്ള ആളുകളാണ് ട്രാന്‍സ്മെന്‍ സമുദായം. പിതൃമേധാവിത്തം കൊടികുത്തി വാഴുന്ന ഈ സമൂഹത്തില്‍ ഞങ്ങള്‍ സ്വത്വം വെളിപ്പെടുത്തുന്നത് പോലും ഒരു വിപ്ലവമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ജനനാവസ്ഥയില്‍ സ്ത്രീ ആയി അടയാളപ്പെടുത്തപ്പെട്ടത് കൊണ്ട് തന്നെ ഒരു ട്രാന്‍സ്മെനിന്  ട്രാന്‍സ് വുമണിനെ അപേക്ഷിച്ച് ‘കമിങ് ഔട്ട്’ അഥവാ ‘പുറത്തു വരല്‍’ ഏറെ ദുസ്സഹമാണ്. ട്രാന്‍സ് വിമന്‍സിന്‍റെ പുറത്തു വരലിനു തന്നെ ഈ സോകാള്‍ഡ് നിര്‍മിതിയുടെ അംഗീകാരമുണ്ട്. ഈ കുറിപ്പിന്‍റെ തുടക്കത്തില്‍ തന്നെ ഇത് വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടി വരുന്നത് ഞങ്ങളുടെ അരക്ഷിതാവസ്ഥയാണ്. ട്രാന്‍സ്മെന്‍ സമുദായത്തിന് ‘ദൃശ്യത’യില്ല.. നിങ്ങള്‍ക്ക് എന്താണ് ദൃശ്യത ഇല്ലാത്തത്? ഈ വിഭാഗത്തില്‍ കമിങ് ഔട്ട് കുറവാണല്ലോ..? ട്രാന്‍സ്ജെന്‍ഡര്‍ സമുദായത്തില്‍ നിങ്ങള്‍ എണ്ണത്തില്‍ കുറവാണല്ലോ? ഇത്തരം ബുദ്ധിശൂന്യമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് മുകളില്‍.

‘പുറത്തു വരല്‍’ എന്നത് പലപ്പോഴായി പല സാഹചര്യങ്ങളിലായാണ് നടക്കുക. അതില്‍ പ്രധാനമായും, സ്വത്വം വീട്ടില്‍ വെളിപ്പെടുമ്പോഴാണ്. തങ്ങളുടെ കുട്ടികള്‍ തങ്ങളുടെ അടിമകള്‍ ആണെന്ന തരത്തിലുള്ള ഒരു പേരെന്‍റിങ് പ്രക്രിയയാണല്ലോ പൊതുവെ ഇവിടെ കണ്ട് വരുന്നത്. ആ കുട്ടികളുടെ ചെയ്തികള്‍ സാമൂഹിക നിര്‍മ്മിതിക്ക് എതിരായി വരുമ്പോള്‍ വീട്ടുകാര്‍ പ്രശ്നം തുടങ്ങും. മിക്കവാറും ആദ്യം അനുരഞ്ജന ഭാഷ്യത്തില്‍ ആരംഭിക്കുമെങ്കിലും,ڔ അത് ഫലം കണ്ടില്ലെങ്കില്‍ കയ്യേറ്റത്തിന് മുതിരും. പിന്നെ നിര്‍ബന്ധിത വിവാഹത്തിന് ഒരു ശ്രമം ഉണ്ടാവും,. പലരെയും ‘നന്നാക്കാന്‍’ ഉള്ള പ്രക്രിയയ്ക്ക് കൂടിയുള്ള അനുമതിയുണ്ടല്ലോ വിവാഹത്തിന് ! പിന്നെ കണ്ട് വരുന്ന കാര്യമാണ് കൗണ്‍സിലിംഗ്ഗ്, അതായത് ‘നോര്‍മല്‍’ ആവനുള്ള തെറാപ്പി. പ്രണയബന്ധം വീട്ടുകാര്‍ അറിഞ്ഞ് ഒരുമിച്ചു ജീവിക്കാന്‍ വേണ്ടി പുറത്ത് വരുന്നവരും ഉണ്ട്. ഒരുപക്ഷെ, അത്തരം പുറത്തു വരല്‍ താരതമ്യേന കൂടുതല്‍ ആണെന്ന് തോന്നുന്നു. സിസ് വുമണിനെ പ്രണയിക്കുന്ന മിക്ക ട്രാന്‍സ്പുരുഷന്മാരും അവരുടെ പങ്കാളികളും നേരിടുന്ന വെല്ലുവിളികള്‍ വളരെ വലുതാണ്. സാമൂഹിക അംഗീകാരം ഇല്ലാത്ത പ്രണയം വീട്ടുകാരുടെ ഇമോഷണല്‍ ബ്ലാക്മെയിലിംഗില്‍ ഇരുവര്‍ക്കും ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇതിന് ബലിയാട് ആവേണ്ടി വന്ന ഒട്ടനവധി പേരെ നമുക്ക് കാണാവുന്നതാണ്. ഈ വിഷയത്തില്‍ തന്നെ ചില പ്രണയങ്ങള്‍ ട്രാന്‍സ്മെനിനെ ഉപയോഗിക്കുന്ന രീതിയിലും നടക്കുന്നുണ്ട്. താല്‍ക്കാലികമായി ഒരു ട്രാന്‍സ്മെനിനെ പ്രണയിച് അല്ലെങ്കില്‍ ഫ്ലെര്‍ട് ചെയ്ത് ഒരു ജീവിതപങ്കാളിയെ തെരഞ്ഞെടുക്കേണ്ട അവസ്ഥയില്‍ തനിക്ക് ഇങ്ങനെയൊരു വ്യക്തി ചേരില്ല എന്നുള്ള തരത്തില്‍ നിലപാട് എടുക്കുന്നവരുമുണ്ട്. അവരോട് , നിങ്ങള്‍ക്ക് നിങ്ങളുടെ ലവ് ആന്‍ഡ് സെക്ഷ്വല്‍ ലൈഫ് എക്സ്പ്ലോര്‍ ചെയ്യാനുള്ള സ്വാതത്ര്യം നിലനില്‍ക്കെ മറ്റൊരാളുടെ അരക്ഷിതാവസ്ഥയെ ഉപയോഗിക്കുന്നത് തെറ്റാണ്. അയാളുടെ വികാരങ്ങളെയും മനസ്സിനെയും മുറിവേല്‍പ്പിക്കുന്നതും തെറ്റാണ്.

പുറത്തു വരലിനു പോലും ‘പ്രിവിലേജ്’ ഒരു ഘടകമാകുന്നുണ്ട് എന്നാണ് എന്‍റെ മനസിലാക്കല്‍. താന്‍ ആയിരിക്കുന്ന ക്ലാസ്സ്, കാസ്റ്റ്, നിറം , വിദ്യാഭ്യാസം, സാമ്പത്തിക ചുറ്റുപാട് എന്നതിന് കൂടെ പ്രാധാന്യമുണ്ട്. ഒരു താഴ്ന്ന ക്ലാസ്സ്, കാസ്റ്റ് ഇനത്തില്‍ പെടുന്ന ഒരാളാണെങ്കില്‍ സമൂഹം അയാളിലേക്കടിച്ചേല്‍പ്പിച്ച എല്ലാതരം ഇന്‍സെക്യൂരിറ്റിയും അയാള്‍ക്കുള്ളില്‍ നിലനില്‍ക്കുന്നുണ്ടാവും, അതിനൊപ്പം സ്വത്വം തിരിച്ചറിഞ്ഞു മറ്റൊരു അരികുവല്‍ക്കരിക്കപ്പെട്ട സമുദായത്തിന്‍റെ കൂടി ഭാഗമാവാന്‍ സ്വാഭാവികമായും അയാള്‍ക്കുള്ളില്‍ ഒരു അരക്ഷിതാവസ്ഥ സൃഷ്ടിക്കും. അങ്ങനെയയാള്‍ മൈനോരിറ്റിയിലും മൈനോരിറ്റിയാവുന്നു..

പലപ്പോഴും ക്യുവെര്‍ സമുദായത്തില്‍ കണ്ട് വന്നിട്ടുള്ള കാര്യമാണ് സമൂഹത്തിലെ വ്യവസ്ഥിതികളെ സമുദായത്തിലും അവരുടെ ജീവിതത്തിലും കൊണ്ട് വരുകയെന്നത്. അതിന് തക്കതായ ന്യായീകരണവുമുണ്ട്. അതെന്തെന്നാല്‍ അങ്ങനെയൊരു ജീവിതം നയിക്കുമ്പോള്‍ സാമൂഹിക അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ്. പക്ഷെ , ചില  സിസ് ഹെട്രോ ആളുകള്‍ പറയുന്നത് കേള്‍ക്കാം നിങ്ങള്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്ന് ? എനിക്കവരോട് പറയാന്‍ ഒന്നേ ഉള്ളൂ അത്തരത്തിലുള്ള നിര്‍മ്മിതികളെ പൊളിക്കുക എന്നത് ഞങ്ങളുടെ മാത്രം ഉത്തരവാദിത്തം അല്ലെന്ന് ദയവ് ചെയ്ത് മനസിലാക്കൂ. സമൂഹത്തിന്‍റെ കണ്ടീഷനിങ്ങിന്‍റെ ഭാഗമായി പല തരത്തിലുള്ള വ്യവസ്ഥിതികളും ക്യുവെര്‍ സമുദായത്തിനകത്തു കാണാനിടയായിട്ടുണ്ട്. അത് അവര്‍ അറിഞ്ഞും ചിലപ്പോള്‍ അറിയാതെയുമാവും. ഇത്തരത്തില്‍ ഉള്ള സമുദായത്തില്‍ ഒരു മൈനോരിറ്റിയിലും മൈനോരിറ്റിയായ ഒരു ട്രാന്‍സ്മെന്‍റെ അതിജീവനം ദുര്‍ഘടം ആണ്. പല തരത്തിലുള്ള വിവേചനം നേരിടേണ്ടി വരും അത് പ്രത്യക്ഷതിലോ പരോക്ഷത്തിലോ ആവാം. കൂടാതെ അത് ചിലപ്പോള്‍ അയാള്‍ക്ക് മാത്രം തിരിച്ചറിയാന്‍ പറ്റുന്ന രീതിയിലും  ആവാം.

സ്വീകാര്യത ഇന്നേറെ പ്രാധാന്യമുള്ളതാണ്. എവിടെയായാലും ഏത് സമുദായത്തില്‍ പെട്ടാലും സ്വീകാര്യത വേണമെങ്കില്‍ കുറച്ചു കാര്യങ്ങള്‍ വേണം. അതിലും ക്ലാസ്സ്, കാസ്റ്റ്, നിറം, വിദ്യാഭ്യാസം , സാമ്പത്തികം, അച്ചീവ്മെന്‍റ് എന്നിവയ്ക്ക് സിംഹ പങ്കുണ്ട്. അവനവനെ തന്നെ മാര്‍ക്കറ്റ് ചെയ്യാത്തവര്‍ക്ക് സ്വീകാര്യതയ്ക്കുള്ള സാധ്യത കുറവാണ്. ഏതെങ്കിലും രീതിയിലുള്ള അച്ചീവ്മെന്‍റ് ഉള്ള ആളാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് സ്വീകാര്യത കൂടുതല്‍ കിട്ടും. പിന്നെ ‘ഞാനാണ് ട്രാന്‍സ്ജെന്‍ഡേഴ്സില്‍ ആദ്യമായി അത് ചെയ്തത്.. ഇത് ചെയ്തത്..’ എനിക്ക് ഒട്ടും യോജിപ്പില്ലാത്ത കാര്യാമാണിത് .. തീര്‍ച്ചയായും എന്‍റെ വ്യക്തിപരമായ അഭിപ്രായമായിട്ടാണ് ഞാന്‍ ഇത് പങ്കുവെക്കുന്നത്. അങ്ങനെയുള്ള പ്രയോഗങ്ങളിലൂടെ നമുക്ക് മുന്‍പ് വന്ന് പോയ മനുഷ്യന്മാരുടെ ഏതെങ്കിലും തരത്തിലുള്ള ശ്രമങ്ങളെ ആയിരിക്കും നമ്മള്‍ റദ്ദ് ചെയ്യുന്നത്. അവര്‍ ജീവിച്ച ജീവിതത്തെ ആയിരിക്കും. കഴിഞ്ഞ കാലഘട്ടങ്ങളില്‍ സ്വത്വം തുറന്നു പറയാനോ എക്സ്പ്രസ്സ് ചെയ്യാനോ കഴിഞ്ഞിരുന്നില്ലാത്ത സമയത്തു ഒട്ടനവധി ആളുകള്‍ ഈ സ്ഥാനങ്ങളിലൂടെ കടന്ന് പോയിക്കാണും, അത് ഓര്‍ക്കുന്നത് നന്ന്.

 

 

 

 

 

നതാന്‍ മാധവി
ജേര്‍ണലിസ്റ്റ്, ഡിസൈനര്‍, പി.ആര്‍/
സോഷ്യല്‍
മീഡിയ മാനേജര്‍
സഹയാത്രിക

 

 

 

 

COMMENTS

COMMENT WITH EMAIL: 0