Homeചർച്ചാവിഷയം

നിലനില്‍പ്പിന്‍റെ താളം

ഞാനൊരു അഭിമാനിയായ മുസ്ലിം ക്വീര്‍ യുവതിയാണെന്ന് പറയാന്‍ ഇടമില്ലാത്ത ഒരു കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഓടിയോടി മടുത്തു ജീവിച്ച വ്യക്തിയാണ് , സ്വയം തിരിച്ചറിഞ്ഞ ശേഷം ഭീഷണികളോ ഒളിഞ്ഞുനോട്ടങ്ങളോ ഇല്ലാതെ ഒരു വ്യക്തിജീവിതം സാധ്യമാകാത്ത ആളുകള്‍ക്കിടയില്‍ ജീവിച്ചൊരാള്‍.ചുറ്റുപാട് മാറിയാലും ഇല്ലെങ്കിലും ഞാന്‍ ഇവിടെ നിലനില്‍ക്കേണ്ടത് ആവശ്യമാണെന്ന് മനസിലാക്കി വളര്‍ന്ന കാലഘട്ടമാണ് കഴിഞ്ഞു പോയതൊക്കെയും , എത്രഎത്ര തിരിച്ചറിവുകളിലൂടെയാണ് ഒരാള്‍ക്ക് അതിജീവിക്കാന്‍ കഴിയുന്നത്.
എന്റെ ജീവിതം വന്ന കാലമത്രയും ഭയപ്പെടുത്തുന്നതും ആലോചിക്കുമ്പോള്‍ ഇപ്പോഴും മനസ്സില്‍ വേദന തോന്നിപ്പിക്കുന്നതും തന്നെയാണ് , ഇവിടെ നില നില്‍ക്കുന്നവരായ എല്ലാ ക്വീര്‍ വ്യക്തികളുടെയും ജീവിതം അത്തരം അങ്കലാപ്പുകളിലൂടെ ഓടുന്നതാണ് . പറഞ്ഞുകേള്‍ക്കാന്‍ സുഖം തോന്നുമെങ്കിലും ഒറ്റയായി ജീവിക്കുന്നതും , കുടുംബത്തില്‍ നിന്നും ഇറങ്ങി പോരുന്നതും അത്ര സുഖകരമായ ഓര്‍മ്മകള്‍ അല്ലെനിക്ക്. ഒരാള്‍ക്കും അത് സുഖകരമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. കുടുംബത്തില്‍ ജീവിക്കാനുള്ള പ്രിവിലേജ് ഇല്ലാത്ത മനുഷ്യരാണ് ഭൂരിഭാഗം വരുന്ന ക്വീര്‍ വ്യക്തികളും.
മതിയാവുന്ന വിവരങ്ങള്‍ ഒന്നും കിട്ടാതെ ലൈംഗികതയെ കുറിച്ച് മനസ്സിലാക്കാതെയാണ് പലരും വളരുന്നത് , തിരിച്ചറിവാകുന്ന പ്രായത്തില്‍ പ്രകൃതിവിരുദ്ധമെന്നും പാപമെന്നും മനസ്സിലാക്കിയാണ് പിന്നെയും മുന്നോട്ട് പോകുന്നത് . പിന്നെയും എത്ര കാലമെടുത്താണ് ആ അച്ചില്‍ നിന്നൊക്കെ പുറത്തിറങ്ങുന്നത് , ഇത് സംഭവിക്കുന്നത് ഒരു ക്വീര്‍ വ്യക്തിയിലാകുമ്പോള്‍ എത്ര ആഴത്തിലായിരിക്കും സ്വന്തം വ്യക്തിത്വതെ അത് ബാധിച്ചിട്ടുണ്ടായിരിക്കുക . എല്ലാ തരത്തിലും മുറിവേറ്റിട്ടും ,തുടര്‍ന്നിട്ടും അതിനെ അതിജീവിക്കുന്നവരാണ് നമ്മള്‍ എന്ന് പരയാന്‍ എനിക്കിഷ്ടമാണ് .
കുടുംബത്തില്‍ നിന്നും പുറത്തേക്കിറങ്ങി സമൂഹത്തിലേക്ക് വരുമ്പോള്‍ ക്വീര്‍ വ്യക്തികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് വ്യത്യാസമുണ്ട് , ഒരു പൊതുസ്ഥലത്തു നില്‍ക്കുമ്പോഴോ , ഷോപ്പിംഗ് ന് പോകുമ്പോഴോ ഒക്കെയും എന്‍റെ ഒരുപാട് സുഹൃത്തുക്കളെ ചൂണ്ടി കാണിച്ചും , ഒളിഞ്ഞുനോക്കിയും പൊട്ടിച്ചിരിക്കുന്ന ഒരുപാട് പെണ്‍കുട്ടികളെയും കുടുംബങ്ങളെയും വെറുപ്പോടെ നോക്കുന്ന ആണുങ്ങളെയും ഞാന്‍ കണ്ടിട്ടുണ്ട് , ഒരു കൂസലുമില്ലാതെ മുന്നിലൂടെ നടന്നു പോകാന്‍ ഉള്ള വീറും വാശിയും അവര്‍ക്കുണ്ടായത് ചെറിയ അനുഭവങ്ങളില്‍ നിന്നൊന്നുമല്ലെന്ന് എനിക്കറിയാം , ഫെമിനൈന്‍ ആയത് കൊണ്ട് തന്നെ എന്‍റെ രൂപം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല . കുട്ടിക്കാലം മുതല്‍ ഒരു യുദ്ധഭൂമിയില്‍ ജീവിക്കുന്നത് പോലെയാണ് നമ്മള്‍ വളരുന്നത് , ദിവസവും പോരാട്ടങ്ങള്‍ , ചോര ചീന്തല്‍ , പലപ്പോഴും ഉള്ളിലാണെന്ന് മാത്രം .
എനിക്ക് വേണ്ടത് സ്വാഭാവികതയാണ് , ഒളിഞ്ഞുനോക്കപ്പെടാതെ പ്രേമിക്കാനും , തുറിച്ചുനോക്കപ്പെടാതെ പുറത്തു പോകാനും , ആക്ഷേപിക്കപ്പെടാതെ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കാനും പറ്റുന്നത് ഞങ്ങളുടെ ആവശ്യം തന്നെയാണ് , കാരണം ഞങ്ങള്‍ ഓരോരുത്തരും അഭിമാനികളായ വ്യക്തികള്‍ തന്നെയാണ്.

 

 

 

 

 

സുല്‍ഫത്ത് ലൈല
ക്വീര്‍ ആക്ടിവിസ്റ്റ്
മോഡല്‍

 

COMMENTS

COMMENT WITH EMAIL: 0