Homeകവിത

അയാള്‍

വെളിച്ചം കണ്ണില്‍ അടിച്ചപ്പോള്‍
അയാള്‍ എഴുന്നേറ്റു
പൂമുഖത്തു തന്നെ കാത്തിരിക്കുന്ന
ചാരുകസേരയിലേക്ക് മലര്‍ന്നു
കാലുകള്‍ വിറപ്പിച്ച്
അകത്തേക്ക് നോക്കി
ഒരു ചായ പറഞ്ഞു
പുറത്ത് കിണറ്റിന്‍കരയില്‍
കാടുകാട്ടിയൊരു കുളി
അടിവസ്ത്രം ഊരി അവളുടെ നേര്‍ക്ക്

ബസ്സില്‍ മുന്‍വാതിലിലൂടെ
ഓടിക്കയറിയ അയാള്‍
ഓളപ്പാത്തിയില്‍ വെള്ളത്തുള്ളി പോലെ
മുമ്പോട്ടും പിമ്പോട്ടും
പിടിച്ചുലായാവുന്നൊരു
നീണ്ട കമ്പിയായി
നിന്നു തുളയുന്നു

സ്കൂളിലെ
മൂത്രപ്പുരയില്‍
സുഖലഹരിയില്‍
അയാള്‍
തിരഞ്ഞിട്ടു പിടിച്ചവര്‍
ഊഴമെത്തുന്നതും ഭയന്ന്
ചുമരു ചാരി നില്‍ക്കുന്നു

പരസ്പരം മിണ്ടാന്‍
അവര്‍ക്ക് വാക്കുകളോ
ചിഹ്നങ്ങളോ ഇല്ല
ക്ലാസ്സുമുറിയൊരു
ഡിസ്കഷന്‍ ടേബിള്‍ !

നഗരത്തില്‍ തിരക്കുപിടിച്ച
നാല്‍ക്കവലയില്‍
റോഡരികില്‍ അയാള്‍..
ജീന്‍സിന്‍റെ സിബ്ബു വലിച്ചൂരിയോ
ഉടുമുണ്ട് ഇടംവലം വകഞ്ഞോ
വിരലുകളാല്‍ പതുക്കെ ചലിപ്പിച്ചു കാമം
കറന്നെടുക്കുന്നു.
ലോകമേ ഈ മൂത്രം
തീരുന്നില്ലല്ലോ എന്ന നില്പു
തുടരുന്നു

കുളക്കരയിലെ
കവുങ്ങിന്‍ തോപ്പിലാണയാള്‍
കൊഴിഞ്ഞുവീണ പഴുക്ക
തിരയുന്ന പോലെ
കണ്ണുകള്‍ പരത്തുന്ന പാളി വീഴുന്നു
അന്തിവെയിലില്‍
മുങ്ങിക്കുളിക്കുന്നവര്‍ക്കിടയില്‍ ഒരു
പരസ്യചിത്രമാകുന്നു സെല്‍ഫികള്‍

നാട്ടിലെ
സദാചാര വിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ
ശക്തമായി അപലപിക്കുന്ന
അയാളിപ്പോള്‍
മീഡിയകളില്‍ നിറയുന്ന
വിവേകിയും
സാമൂഹിക പ്രതിബദ്ധതയുമുള്ള
തികഞ്ഞ ഒരു പൗരനാണ്.

 

 

 

 

 

ലിസ പുല്‍പ്പറമ്പില്‍
അദ്ധ്യാപിക

 

COMMENTS

COMMENT WITH EMAIL: 0