നമ്മുടെ നാട്ടില്‍ ഉള്ളിടത്തോളം വിദ്യാസമ്പന്നരും പണിയെടുക്കുന്നവരുമായ സ്ത്രീകള്‍ ഭാരതത്തില്‍ മറ്റെവിടെയുമില്ലെന്ന കാരണത്താല്‍ ഇവിടത്തെ സ്ത്രീകള്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു എന്നാരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍, അതു ഭയങ്കരമായ തെറ്റിദ്ധാരണയുടെ ഫലം മാത്രമാണ് ‘
ഇതെഴുതിയത് ഈയ്യിടെ അന്തരിച്ച കെ.ശാരദാമണി ആണ്. അവരെഴുതി എന്നതല്ല ഇതിനെ പ്രസക്തമാക്കുന്നത്. 1951-52 കാലഘട്ടത്തിലെ യൂനിവേഴ്സിറ്റി കോളെജ് മാഗസിനില്‍ ആണ് അവരിതെഴുതിയത് എന്നതാണ്. ഏതാണ്ട് 70 വര്‍ഷം മുമ്പ് ഒരു കോളെജ് വിദ്യാര്‍ഥിനി ഇതെഴുതുന്നു എന്നതാണ് പ്രധാനം. 2021 ല്‍ ഒരു കോളെജ് വിദ്യാര്‍ഥിനി സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചെഴുതിയാലും പ്രസക്തമായ കാര്യം. കോളെജ് യൂനിയന്‍ ഇലക്ഷനു അവരന്നു മത്സരിച്ചതിനെത്തുടര്‍ന്നുള്ള വിസംവാദങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ‘ കേരളത്തിലെ സ്ത്രീകള്‍ ഇന്നും നാളെയും ‘ എന്ന മാഗസിന്‍ ലേഖനം. ആലോചിച്ചു നോക്കൂ, ഇന്നു പോലും കോളെജ് യൂനിയന്‍ ഇലക്ഷനുകളിലെ സ്ത്രീ പങ്കാളിത്തം. മിക്കവാറും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തൊണ്ണൂറു ശതമാനത്തോളം പെണ്‍കുട്ടികള്‍ ആയിരിക്കെ, അവര്‍ ഇലക്ഷനില്‍ മത്സരിക്കുന്നത് സംവരണം ചെയ്യപ്പെട്ട സീറ്റുകളില്‍ ആണ്. ചിലപ്പോള്‍ ഒന്നോ രണ്ടോ സീറ്റുകള്‍ കൂടുതല്‍ അനുവദിക്കപ്പെട്ടേക്കാം. പക്ഷേ അതു തീരുമാനിക്കുന്നതു മിക്കവാറും ആണ്‍കുട്ടികള്‍ ആയിരിക്കും. സംശയമില്ല രാഷ്ട്രീയ അധികാരവുമായി ബന്ധപ്പെട്ട വിഷയം തന്നെയാണിതും. ഇന്നും നിലനില്ക്കുന്ന ഈ അസമതയോടുള്ള പ്രതികരണമായിരുന്നു ശാരദാമണിയുടെ 70 വര്‍ഷം മുമ്പുള്ള പ്രസ്തുത ലേഖനം.
അതേ ലേഖനത്തില്‍ സ്ത്രീകള്‍ തൊഴില്‍ രംഗത്ത് അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങള്‍ അവര്‍ പറയുന്നുണ്ട്. ഉദ്യോഗരംഗം, ഫാക്ടറി തൊഴിലാളികള്‍, ചകിരിത്തൊഴിലാളികള്‍, കശുവണ്ടിത്തൊഴിലാളികള്‍ എന്നിങ്ങനെ. ഉദ്യോഗസ്ഥകള്‍ കുടുംബവും പേറി നരകിക്കുന്നു. മറ്റു തൊഴില്‍ മേഖലകളിലെ സ്ത്രീകള്‍ പലതരം തൊഴില്‍ ചൂഷണങ്ങള്‍ക്കു വിധേയപ്പെടേണ്ടി വരുന്നു. കൂലിയിലും വിവേചനം അനുഭവിക്കുന്നു. അതായത് റഷ്യയിലെയും ചൈനയിലെയും സ്ത്രീകളുടെ അവസ്ഥകളെ അഭികാമ്യമായി അവര്‍ വിലയിരുത്തുന്നു. പക്ഷേ വര്‍ഗസമത്വം ലിംഗസമത്വത്തിനുള്ള പശ്ചാത്തലം ആകുന്നില്ല എന്ന കാര്യം അനുഭവപരമായി തിരിച്ചറിയുമ്പോഴും സിദ്ധാന്തപരമായി അങ്ങനെയൊരു ന്യായീകരണം മുമ്പോട്ടു വെക്കാന്‍ 1951 ലെ ഈ ലേഖനം ശ്രമിക്കുന്നതായി കാണുന്നു. അതൊരു പക്ഷേ റഷ്യയെയും ചൈനയെയും മറ്റു കമ്മ്യൂണിസ്റ്റു രാഷ്ട്രങ്ങളെയും ആദര്‍ശപരമായി കാണുന്ന അന്നത്തെ പൊതു ഇടതു പക്ഷ രീതിയുടെ ഫലമായിരിക്കാം. അതു കൊണ്ടു തന്നെ കാലത്തിന്‍റെ ആനുകൂല്യം കെ ശാരദാമണിയുടെ ആ കാഴ്ചപ്പാടിനു നല്കാവുന്നതാണ്. അതു മാറ്റി വെച്ചാല്‍ കാലത്തിനു മുമ്പേ സഞ്ചരിച്ച ലേഖനം എന്നു തന്നെ അതു ചരിത്രപരമായി സ്ഥാനപ്പെടുത്തേണ്ടി വരും.
1956 ല്‍ ജനയുഗത്തിന്‍റെ കേരളപ്പിറവി സ്പെഷ്യലില്‍ ‘കേരളത്തിലെ സ്ത്രീകളും ഉന്നത വിദ്യാഭ്യാസവു’മെന്ന വിഷയമാണവര്‍ കൈകാര്യം ചെയ്തത്. അവിടെ അവര്‍ കൃത്യമായി നിരീക്ഷിക്കുന്ന ഒരു വസ്തുത രസകരമാണ്. ചൈനയിലും സോവിയറ്റ് യൂനിയനിലുമുള്ള സ്ത്രീകള്‍ പുരുഷനോടൊപ്പം ട്രാക്ടര്‍ ഓടിക്കുക, വലിയ മില്ലുകള്‍ നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ കേരളത്തോളം വിദ്യാഭ്യാസമില്ലാത്ത ഉത്തരേന്ത്യയിലെ സ്ത്രീകളുടെയത്ര പോലും തന്‍റേടമില്ലാത്ത കേരള സ്ത്രീകളെക്കൊണ്ട് അതത്രയെളുപ്പം സാധിക്കുകയില്ല എന്നവര്‍ ശരിയായി നിരീക്ഷിച്ചിരിക്കുന്നു. ഈ ജീവിതത്തില്‍ പുരുഷന്‍ നേരിടുന്നതിലധികം പ്രശ്നങ്ങള്‍ സ്ത്രീകള്‍ക്കു നേരിടേണ്ടതുണ്ടെന്നും അതിനവളെ പ്രാപ്തയാക്കുന്ന വിധമായിരിക്കണം വിദ്യാഭ്യാസമെന്നും കെ.ശരദാമണി അടിവരയിടുന്നു. ( പു .30.)
വിദ്യാഭ്യാസത്തിനും തൊഴില്‍ സമ്പാദനത്തിനും പുരുഷനു ലഭിക്കുന്ന സാമൂഹിക അനുവാദവും അംഗീകാരവും സ്ത്രീകള്‍ക്കു പൊതുവേ ലഭിക്കാറില്ല എന്നവര്‍ നിരീക്ഷിക്കുന്നത് 1973 ല്‍ ആണ്. ഒറ്റക്കൊരു സ്ത്രീക്ക് താമസ സൗകര്യം ലഭിക്കാനുള്ള തടസ്സം അവര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ കുടുംബത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവുമാണവര്‍ക്ക് ഉദ്യോഗത്തോടൊപ്പം വഹിക്കേണ്ടി വരുന്നത്.
എന്നാല്‍ സ്വന്തം ദുരിതങ്ങളുടെ കാരണങ്ങളെപ്പറ്റി ഇവരില്‍ മിക്കവരും അജ്ഞരാണ് ‘അതു കൊണ്ടു തന്നെയാണ് ഗര്‍ഭിണികളുള്‍പ്പടെ ഉദ്യോഗസ്ഥകള്‍ക്ക് ഓടിത്തുടങ്ങിയ ബസ്സില്‍ ചാടിക്കയറേണ്ടി വരുന്നതും അത്യാവശ്യമായ കാരണങ്ങളാല്‍ അരമണിക്കൂര്‍ താമസിച്ചു വരുമ്പോള്‍ മേലുദ്യോഗസ്ഥന്‍റെ ദുര്‍മുഖം കാണേണ്ടി വരുന്നതും ഔദ്യോഗിക ജീവിതത്തില്‍ നിരുത്സാഹപ്പെടുത്തലിനും വിവേചനത്തിനും അടിമപ്പെടേണ്ടി വരുന്നതും ‘ (പു.39) . ഇത് ഇന്നു പോലും എത്ര സാധുവാണ് എന്നാലോചിക്കുക.
ഭാരതീയ വനിതകളുടെ പുനരുത്ഥാനം, ഇന്ത്യന്‍ സ്ത്രീകളുടെ സാമൂഹ്യ സ്ഥിതി, സ്ത്രീകളും സ്വാതന്ത്ര്യാനന്തര അജണ്ടകളും എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങള്‍ അവര്‍ കൈകാര്യം ചെയ്തതായി കാണാം. കേരളീയ സ്ത്രീകള്‍ മിഥ്യയും യാഥാര്‍ഥ്യവും എന്ന ലേഖനത്തില്‍ (1991) ല്‍ എത്തുമ്പോള്‍ അവര്‍ സമ്മതിക്കുന്നത്, സ്വന്തമായ വരുമാനമാര്‍ഗം മാത്രം പോര സ്ത്രീ സ്വതന്ത്രയാകാന്‍ എന്നാണ് (പു. 117). സ്ത്രീക്ക് തുല്യ പദവികള്‍ ലഭിക്കണമെങ്കില്‍ വിവാഹത്തെപ്പറ്റി പുതിയ ചിന്തകള്‍ സമൂഹത്തിലുണ്ടാകണം എന്നവര്‍ പറയുന്നു. കേരളത്തിലെ സ്ത്രീകള്‍ക്ക് സ്വന്തം നിലയോട് അമര്‍ഷവും പ്രതിഷേധവും ഉണ്ടാകണം. വളരെ നിര്‍ദയം എന്നു തോന്നാവുന്നതും എന്നാല്‍ അനിവാര്യവുമായ ഒരു നിലപാടവര്‍ പരസ്യപ്പെടുത്തുന്നത് ഇങ്ങനെയാണ്, ‘ഇന്ന് കേരളത്തിലെ സ്ത്രീകളെപ്പറ്റി പറഞ്ഞു പരത്തുന്നതും നമ്മെ നിഷ്ക്രിയരും സ്വയം സംതൃപ്തരുമാക്കുന്ന മിഥ്യകളില്‍ നിന്ന് നാം മോചനം നേടിയേ പറ്റൂ ‘ ( പു .122 ). കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും വിലയിരുത്താനുമുള്ള ഈ പാടവത്തെ നമ്മള്‍ അഭിനന്ദിക്കേണ്ടതുണ്ട്. കേരളീയ സ്ത്രീയുടെ സ്വാതന്ത്ര്യവും പുരോഗമനവും എങ്ങനെ യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കാത്ത കളവായി മാറുന്നുവെന്നതു വ്യക്തമാക്കുന്നു. കുറേക്കൂടി വ്യക്തമായി 1993 ല്‍ ‘കേരള മാതൃകയും സ്ത്രീകളും ‘ എന്ന പഠനം പ്രസിദ്ധീകരിച്ചു. സ്ഥിതിവിവരകണക്കുകളുടെ കൂടി സഹായത്തോടെ കേരളത്തിലെ വ്യത്യസ്ത സ്ത്രീയവസ്ഥകള്‍ വിലയിരുത്തിക്കൊണ്ട് അ ഗവേഷണ സ്വഭാവമുള്ള ആ പഠനം അവര്‍ അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു
‘ചുരുക്കിപ്പറഞ്ഞാല്‍ സാക്ഷരത, ആണ്‍-പെണ്‍ അനുപാതം, ആയുര്‍ദൈര്‍ഘ്യം തുടങ്ങി ഏതാനും സൂചികകള്‍ പൊക്കിപ്പിടിച്ച് സ്ത്രീകളെ കബളിപ്പിക്കുകയാണ് കേരള മാതൃക ചെയ്യുന്നത് ‘ ( പു.142).
വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ പഠന വിഭാഗത്തിന്‍റെ പ്രസക്തിയെപ്പറ്റി അവര്‍ സംസാരിച്ചത് 1995 ല്‍ നടത്തിയ ഒരു പ്രസംഗത്തിലായിരുന്നു. അന്ന് കേരളത്തിലെ ഒരു യൂനിവേഴ്സിറ്റിയും സ്ത്രീ പഠന വിഭാഗങ്ങള്‍ ആരംഭിച്ചിരുന്നില്ല. ഏതടിസ്ഥാനത്തില്‍ നോക്കിയാലും സമത്വസുന്ദര കേരളമല്ല ഉയര്‍ന്നു വന്നതെന്ന യാഥര്‍ഥ്യത്തെ സത്യസന്ധമായി അംഗീകരിക്കാന്‍ അവര്‍ തയ്യാറാണ് (പു 160).
സ്ത്രീകളുടെ പൊതു രംഗ പ്രവേശനത്തപ്പറ്റി 1996 ല്‍ അവര്‍ മുമ്പോട്ടു വെച്ച നിലപാടിനും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. ‘ ഏതെങ്കിലും രാഷ്ട്രീയ പൊതുജീവിത രംഗത്ത് നിലയുറപ്പിച്ചിട്ടുള്ള പുരുഷന്മാരുടെ വീട്ടുകാരും ബന്ധുക്കളും അല്ലെങ്കില്‍ ആശ്രിതരായിട്ടുള്ളവരില്‍ നിന്നുള്ള സ്ത്രീകള്‍ ആണ് സാധാരണ ടിക്കറ്റുകിട്ടി മത്സരിച്ചു വരുന്നത്… സ്വതന്ത്രമായ നിലപാട് ഒരു കാര്യത്തിലും അവര്‍ എടുക്കുകയുമില്ല… അതു തുടരാന്‍ അനുവദിക്കാതിരിക്കുക എന്നത് സ്ത്രീ രാഷ്ട്രീയത്തിന്‍റെ ഒരു പ്രധാന അജണ്ട ആയിരിക്കണം’ ( പു. 171) .സ്ത്രീകളുടെ അധികാര രാഷ്ട്രീയത്തിലേക്കുള്ള കടന്നു വരവിന്‍റെയും അതിലെ സ്ത്രീ രാഷ്ട്രീയത്തിന്‍റെയും പ്രത്യേകതയെയും ആവശ്യകതയെയും പറ്റിയുള്ള തികഞ്ഞ ബോധ്യം അവര്‍ക്കുണ്ടായിരുന്നു.
1999ല്‍ അവരെഴുതിയ ‘പുരുഷന്മാരും സ്ത്രീവിമോചനവു ‘മെന്ന ലേഖനം ഇങ്ങനെയാണ് അവസാനിക്കുന്നത്,
‘ ഫെമിനിസ്റ്റുകള്‍ എന്നവകാശപ്പെടുന്ന കുറേ പുരുഷന്മാരുണ്ട്.സ്ത്രീകള്‍ക്ക് ഉപദേശവും മാര്‍ഗരേഖയും നല്കുന്നതിലാണ് അവര്‍ക്കു കൂടുതല്‍ താല്പര്യം. പ്രബുദ്ധ കേരളത്തില്‍, പുരോഗമന പ്രതിച്ഛായ അനുഭവിക്കുന്ന കേരളത്തില്‍ ‘ങലി മഴമശിെേ. അൃീരേശശേലെ ീി ണീാലി ‘ എന്ന ഗ്രൂപ്പുകളോ സംഘടനകളോ എന്തുകൊണ്ട് ഉണ്ടായില്ല എന്നു ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പൂവാലന്മാരെയും ബലാത്സംഗം മുതല്‍ എല്ലാ വിധമായ സ്ത്രീ പീഡനങ്ങള്‍ക്കും കാരണക്കാരായ പുരുഷന്മാരെയും ചെവിക്കു പിടിച്ച് പരസ്യമായി സാമൂഹ്യ വിരുദ്ധരായി പ്രഖ്യാപിച്ച് പുറം തള്ളാന്‍ നമ്മുടെ പുരുഷന്മാര്‍ ധൈര്യം കാണിക്കുമോ?’ ( പു.187).
ശരിയാണ്. പക്ഷേ പൂവാലന്മാരും ബലാത്സംഗികളും സ്ത്രീപീഡകരും അക്കാദമിക ഫെമിനിസ്റ്റു ബുജികളായി വേഷം മാറിയിരിക്കുന്ന കേരളത്തിലെ പൊതു സമൂഹത്തില്‍ കെ ശരദാമണിയെന്ന മുതിര്‍ന്ന സ്ത്രീവാദിയുടെ സ്വപ്നം പങ്കുവെക്കുകയാണ്.
1999ല്‍ ഡിസി ബുക്സ് പുറത്തിറക്കിയ ‘സ്ത്രീ സ്ത്രീവാദം സ്ത്രീ വിമോചനം’ എന്ന പുസ്തകത്തെ ആസ്പദിച്ചു നടത്തിയ ആലോചനയാണിത്. ഇതിലെ ഉദ്ധരണികള്‍ ആ പുസ്തകത്തില്‍ ഉള്ളതാണ്. അതെഴുതിയ കെ ശാരദാമണിയെന്ന ഫെമിനിസ്റ്റ് 93-ാമത്തെ വയസ്സില്‍ ഈ ലോകത്തില്‍ നിന്നു വിട്ടു പോയി. എങ്കിലും ഈ പുസ്തകം ഇതിലെ നിലപാടുകള്‍ പിന്‍തലമുറക്കാരെ പ്രചോദിപ്പിക്കുന്നവയാണ്.
കെ.ശാരദാമണിക്ക് ആദരവോടെ
പിങ്ക് സല്യൂട്ട്.
ഗീത
COMMENTS