മലയാളികളില്‍ മലബാറും കൊച്ചിയും തിരുവിതാംകൂറുമെന്നില്ലാതെ കേരളം എന്ന പൊതുദേശീയത ശക്തമായിത്തുടങ്ങുമ്പോള്‍ തന്നെ ഒരു കീഴാളസ്ത്രീ രാഷ്ട്രീയ പൊതുമണ്ഡലത്തില്‍ എത്തിച്ചേരുകയുണ്ടായി. അവരുണ്ടാക്കിയ ചലനങ്ങള്‍ അതിനുമുമ്പോ പിമ്പോ ഒരു സ്ത്രീക്ക് മലയാളിയുടെ പൊതുജീവിതത്തില്‍ സാധ്യമായിട്ടില്ല. ബുദ്ധിയും തന്‍റേടവുമുള്ള ഒരു സ്ത്രീ പൊതുമണ്ഡലത്തില്‍ എങ്ങനെയെല്ലാം വേട്ടയാടപ്പെടുന്നു എന്നതിന്‍റെ ദൃഷ്ടാന്തമാണ് ഗൗരി. അത്തരം വേട്ടയാടലുകളെ എങ്ങനെ അതിജീവിക്കണം എന്നതിന്‍റെ ഉദാഹരണവുമാണ് അവര്‍. ഐക്യകേരളത്തിന്‍റെ ആധുനികവും പുരോഗമനപരവുമായ സാമൂഹികമുഖം വാര്‍ത്തെടുത്തതില്‍ രാഷ്ട്രീയ-സാമൂഹിക പരിഷ്കര്‍ത്താക്കളുടെ സംഭാവന അനവധിയാണ്. ജനാധിപത്യത്തിലും പുരോഗമനാശയങ്ങളിലും ഊന്നി, ഭൂ-ബന്ധങ്ങളിലും
പൊതുവിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ഐക്യകേരളത്തിലുടനീളം ആവിഷ്കരിക്കപ്പെട്ട വിപ്ലവാത്മകമായ പരിഷ്കാരങ്ങളാണ് കേരളത്തിന്‍റെ പില്‍ക്കാല ചരിത്രത്തെത്തന്നെയും തിരുത്തിയെഴുതാന്‍പോന്ന പുരോഗമനമുഖത്തെ പാകപ്പെടുത്തിയത്. അങ്ങേയറ്റത്തെ ജന്മി-ജാതി-മതാശയങ്ങളാല്‍ ആവേശിക്കപ്പെട്ട സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയക്രമങ്ങളെ ചെറുത്തുതോല്‍പിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം പേറുന്നതിന്‍റെ അടയാളങ്ങള്‍ അക്കാലത്തെ മുന്നേറ്റങ്ങളിലൊക്കെയും കാണാമായിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ പരമ്പരാഗത നാടുവാഴിത്തത്തോട് നിരന്തരം കലഹിച്ചുകൊണ്ടാണ്, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നത്രയും ഭിന്നമാക്കിയ ഏറ്റവും ആധുനികവും പുരോഗമനപരവുമായ കേരളത്തിന്‍റെ മുഖം വാര്‍ത്തെടുക്കപ്പെട്ടിട്ടുള്ളത്. 1957 മുതല്‍ക്കിങ്ങോട്ട് ഭൂവുടമസമ്പ്രദായത്തിലും ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും പ്രാബല്യത്തില്‍ വന്നിട്ടുള്ള ബില്ലുകള്‍ പരമ്പരാഗത നാടുവാഴിത്തത്തോട്-ജന്മിത്വത്തോട് പോരടിച്ചാണ് കേരളം ആര്‍ജ്ജിച്ചെടുത്തത്.
ചരിത്രപരമായ ഈ പോരാട്ടങ്ങളില്‍ നെടുംതൂണായത് കീഴ്ജാതിയില്‍ പെട്ട ഒരാളായിരുന്നുവെന്നതും അവര്‍ ഒരു സ്ത്രീയായിരുന്നുവെന്നതും ഏതൊരു മലയാളിയെയും എക്കാലവും ആവേശം കൊള്ളിക്കേണ്ടതാണ്. കേരളചരിത്രത്തിലെന്നല്ല ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ കരുത്തുറ്റ പോരാളികളുടെ കൂട്ടത്തിലാണ് ഗൗരി എന്ന പേര് എഴുതി വെക്കേണ്ടത്. കെ. ആര്‍ ഗൗരിയെക്കുറിച്ച് പറഞ്ഞു തുടങ്ങണമെങ്കില്‍ അത് ഐക്യകേരളചരിത്രത്തെക്കുറിച്ച് പറഞ്ഞുതുടങ്ങലാണ്. കേരളത്തിന്‍റേതെന്ന് പറയപ്പെടുന്ന ഏറ്റവും പുരോഗമപരമായ നിയമങ്ങളൊക്കെയും (കേരള കര്‍ഷകബന്ധ ബില്ല്, സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം, അഴിമതി നിരോധനനിയമം, വനിതാ കമ്മീഷന്‍ ആക്ട്) വാര്‍ത്തെടുക്കപ്പെട്ടത് കെ.ആര്‍ ഗൗരിയുടെ കൈകളിലൂടെയായിരുന്നു. കേരളത്തിലെ ജനാധിപത്യത്തിന്‍റെ ചരിത്രത്തില്‍ ഈ സ്ത്രീയുടെ പോരാട്ടം ശരിയായ ഗൗരവത്തോടെ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് കരുതുക വയ്യ. അങ്ങേയറ്റം ആണധികാരത്തിലധിഷ്ഠിതമായിരുന്ന കുടുംബത്തിലും രാഷ്ട്രീയത്തിലും കെ.ആര്‍ ഗൗരി നയിച്ച കലഹങ്ങളത്രയും ആധുനിക കേരളചരിത്രത്തിലെ പോരാട്ടത്തിന്‍റെ ഏടുകളായിരുന്നു
മന്ത്രിസഭയിലെ ഏക സ്ത്രീ അംഗം എന്ന നിലയില്‍ പലപ്പോഴും ബില്ലവതരണവേളകളില്‍ പുരുഷാധികാരത്തിന്‍റെ ക്രൂരമായ പരിഹാസങ്ങളാല്‍ കെ.ആര്‍ ഗൗരി വേട്ടയാടപ്പെട്ടിരുന്നു. ആരാലും തോല്‍പ്പിക്കാനാവാത്ത ധൈര്യശാലിയായ ഏതൊരു പെണ്‍പോരാളിയും ആക്രമിക്കപ്പെടുന്നത് അവളുടെ ലൈംഗികതയെ കേന്ദ്രീകരിച്ചാണല്ലോ. കെആര്‍ ഗൗരിയും ഏറ്റവുമധികം പോരടിച്ചത് സ്ത്രീത്വത്തോടുള്ള പുരുഷന്‍റെ ലൈംഗികാധിനിവേശ മനോഭാവത്തോടായിരുന്നു. ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ ഭരണാധികാരിയോട് തോറ്റുകൊടുക്കാന്‍ മനസ്സനുവദിക്കാതെയും, എന്നാല്‍ ആ ഭരണാധികാരി ഒരു പെണ്ണാണ് എന്നതിനാല്‍ നാണിച്ചവശരായും, ആ സ്ത്രീയുടെ ലൈംഗികതയെ പ്രതി ആക്ഷേപം നടത്തുന്ന നാണംകെട്ട നിയമസഭാംഗങ്ങളെ നിയസഭാരേഖകള്‍ പരിശോധിക്കുമ്പോള്‍ ഉടനീളം നമുക്ക് കാണാം.
ഭൂ-നിയമം പാസ്സാക്കുന്നതിന് മുന്നോടിയായി കുടിയൊഴിക്കല്‍ നിരോധിച്ചുകൊണ്ട് നിയമം കൊണ്ടുവരുന്ന അവസരത്തില്‍ പാവപ്പെട്ട ജന്മിമാരെ മുഴുവന്‍ നശിപ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അന്നത്തെ ആലുവയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന ടിഒ ഭാവ, ഒരു സ്ത്രീയെന്ന നിലയില്‍ കെ.ആര്‍ ഗൗരിയെക്കുറിച്ച് പ്രകടിപ്പിക്കുന്ന ആശങ്ക കേരളചരിത്രത്തില്‍ ‘സ്വര്‍ണ്ണ’ലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ടതാണ്. ജന്‍മിക്ക് കുടിയാന്‍മാരെ ഒഴിപ്പിക്കാന്‍ അനുവാദമില്ല എന്ന് വന്നപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരമാണ്: ‘…സര്‍, എന്‍റെ നാട്ടില്‍ ഈയിടെ ഒരു സംഭവമുണ്ടായി. ആണ്ടില്‍ 6 മാസം തികച്ച് കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ഒരു പാവം നമ്പൂതിരിയുടെ ഇല്ലത്തിനു മുമ്പില്‍ രണ്ടുമൂന്ന് കുടിലുകള്‍ വെച്ച് കെട്ടി തടസ്സപ്പെടുത്തിയപ്പോള്‍ തുണിയഴിച്ചിട്ട് തുള്ളിയ ഒരു സംഭവമുണ്ടായി…ഈ മാതിരി നീതിയ്ക്കും ന്യായത്തിനും യോജിയ്ക്കാത്ത അനിഷ്ടസംഭവങ്ങളെപ്പറ്റി പരാതിപറയുമ്പോള്‍ അങ്ങനെയൊന്നും ഇല്ലെന്നും പറഞ്ഞ് ഒന്നും മിണ്ടാതെ മൗനം ദീക്ഷിക്കുന്നത് ഒരു മാതൃത്വം റവന്യൂ മന്ത്രിണിക്ക് ഇല്ലാത്തതുകൊണ്ടല്ലേ എന്നാണ് ഞാന്‍ വിചാരിക്കുന്നത്.’
സഭയില്‍ നടന്ന രാഷ്ട്രീയവും സാമൂഹികവുമായ ചര്‍ച്ചയുമായി ഒരു ബന്ധവുമില്ലാത്ത കെആര്‍ ഗൗരിയുടെ മാതൃത്വത്തെ സംബന്ധിച്ചുള്ള ടിഒ ഭാവയുടെ ആശങ്ക, ‘പ്രസവിക്കാന്‍ ശേഷിയില്ലാത്ത’ കെആര്‍ ഗൗരിയുടെ സ്ത്രീത്വത്തെ ഉന്നം വെച്ചുകൊണ്ടുള്ളതായിരുന്നു. ഈ അശ്ലീലം ഒരു നിയസഭ മെമ്പറെന്ന നിലയില്‍ സഭയില്‍ പറയാന്‍ അനുവദിയ്ക്കത്തക്കതല്ലായെന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി മറുപടി പറയുന്നുണ്ട്. എന്നാല്‍ ആ പറഞ്ഞതില്‍ അശ്ലീലമായിട്ടൊന്നുമില്ലായെന്നാണ് നിയമസഭയിലെ പി എസ് പി നേതാവും തിരുവിതാംകൂര്‍ മുന്‍ പ്രധാനമന്ത്രിയും തിരുകൊച്ചി മുന്‍ മുഖ്യമന്ത്രിയുമെല്ലാം ആയിരുന്ന പട്ടം താണുപിള്ള വ്യക്തമാക്കിയത്. സ്പീക്കറാകട്ടെ ഒരാളുടെ വ്യക്തിപരമായ സിദ്ധിയെയോ സിദ്ധിയില്ലായ്മയെയോ സൂചിപ്പിക്കാനുള്ള അവസരം കൊടുക്കാതിരിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ റൂളിങ്ങിന്‍റെ ആവശ്യമൊന്നുമില്ലായെന്നും പറഞ്ഞ് തടിതപ്പുകയാണ് ചെയ്തത്.
അപ്രകാരം ഒരു വലിയ ‘സിദ്ധിയില്ലായ്മ’ കെആര്‍ ഗൗരിയിലാരോപിച്ച്, ആദ്യം കുടിയൊഴിപ്പിക്കല്‍ നിരോധനനിയമത്തിലൂടെയും പിന്നീട് ജന്മിക്കരം നിരോധനനിയമത്തിലൂടെയും സ്ഥാപിക്കപ്പെട്ട കാര്‍ഷികബന്ധനിയമത്താല്‍, ജന്മിത്വത്തിന് ഒരു സ്ത്രീയിലൂടെ ഏല്‍ക്കേണ്ടി കടുത്ത പ്രഹരത്തെ തടയാമെന്ന് അവര്‍ കരുതി. ഈ അശ്ലീലമാണ് പില്‍ക്കാലത്ത് ആ ഉരുക്കു വനിതയെക്കൊണ്ട് ലാത്തിക്ക് പ്രജനന ശേഷിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ ലാത്തി കുഞ്ഞുങ്ങളെ പണ്ടേ പ്രസവിച്ചേനെ എന്ന് പ്രസ്താവനയിലേക്ക് പറയിപ്പിച്ചത്. അങ്ങനെ കെആര്‍ ഗൗരിയുടെ ഈ ‘സിദ്ധിയില്ലായ്മ’ കേരളരാഷ്ട്രീയത്തില്‍ അവരെ ഒതുക്കാനുള്ള ആയുധമായി പുരുഷനേതാക്കന്‍മാര്‍ എക്കാലവും ഉപയോഗിച്ചുവന്നു. ഭരണത്തിലുള്ള കെആര്‍ ഗൗരിയുടെ മികവും ധൈര്യവും തന്‍റേടവും എക്കാലവും പുരുഷസഭാംഗങ്ങളെ ചൊടിപ്പിച്ചു. ഈ അമര്‍ഷത്താല്‍ മനോനിയന്ത്രണം നഷ്ടപ്പെട്ട്, പലപ്പോഴും സഭയ്ക്കകത്തുവെച്ച് തന്നെ, സ്ത്രീകള്‍ക്കെതിരായി വലിയ ആക്ഷേപങ്ങളും പരിഹാസങ്ങളും തൊടുത്തുവിടാനും, അതുവഴി കെആര്‍ ഗൗരി എന്ന മികവുറ്റ ഭരണാധികാരിയെ അവഹേളിക്കാനും പ്രതിപക്ഷാംഗങ്ങള്‍ എപ്പോഴും ശ്രമിക്കുമായിരുന്നു. കെആര്‍ ഗൗരിയുടെ നേതൃത്വത്തില്‍ ബില്ലവതരിപ്പിക്കുന്ന ഏതവസരത്തിലും സ്ത്രീത്വത്തെ മുന്‍ നിര്‍ത്തി അവഹേളനം ചെയ്യാനുള്ള ഒരു സന്ദര്‍ഭവും പുരുഷ-പ്രതിപക്ഷാംഗങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടില്ല. 1967ല്‍ കേരള റവന്യൂ റിക്കവറി ബില്‍ അവതരിപ്പിക്കുന്ന അവസരം ഒരുദാഹരണമാണ്.
കിട്ടാക്കടം തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് സ്ത്രീകളെ അറസ്റ്റ് ചെയ്യരുതെന്ന ഒരു വ്യവസ്ഥ നിയമത്തില്‍ കെആര്‍ ഗൗരി ഉള്‍ക്കൊള്ളിച്ചിരുന്നു. സ്ത്രീകളെ അറസ്റ്റില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ സ്വത്ത് മുഴുവനായും സ്ത്രീകളുടെ പേരില്‍ എഴുതിവെക്കുമെന്നതായിരുന്നു ഇതെച്ചൊല്ലിയുള്ള കോണ്‍ഗ്രസ്സിന്‍റെ പ്രധാന ആശങ്ക. പാലായിലെ എംഎല്‍എ കെഎം മാണിയും സിപിഎം എംഎല്‍എയും ട്രേഡ് യൂണിയന്‍ രംഗത്തെ പ്രമുഖ നേതാവുമായിരുന്ന സിബി ചന്ദ്രശേഖരവാര്യരും, കോണ്‍ഗ്രസ്സ് എംഎല്‍എ കെടി ജോര്‍ജും, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി എംഎല്‍എ ആയിരുന്ന ജോസഫ് ചാഴിക്കാടും ചര്‍ച്ചാവേളയില്‍ നടത്തുന്ന സംഭാഷണങ്ങള്‍ ഇപ്രകാരമാണ്:
കെഎം മാണി: ‘ഇനിമേല്‍ കള്ളുഷാപ്പുകള്‍ പിടിക്കുന്നവര്‍ മുഴുവന്‍ സ്ത്രീകളായിരിക്കും. ഗവണ്‍മെന്‍റിലേക്ക് ഈടാക്കാനുള്ള വസ്തുക്കള്‍ മുഴുവന്‍ സ്ത്രീകളുടെ പേരിലേക്ക് മാറ്റും. അതുകൊണ്ട് എനിയ്ക്ക് പറയുവാനുള്ളത് സ്ത്രീകളെ അറസ്റ്റില്‍ നിന്നും യാതൊരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ല എന്നാണ്…’
സിബി ചന്ദ്രശേഖരവാര്യര്‍: ‘സ്ത്രീകളെ ഒഴിവാക്കണമെന്നുള്ള ഈ വകുപ്പിലെ നിര്‍ദ്ദേശം എടുത്തുകളയണമെന്നാണ് എന്‍റെ അഭിപ്രായം.’
ജോസഫ് ചാഴിക്കാടന്‍: ‘സ്ത്രീകള്‍ക്ക് സമത്വം അനുവദിയ്ക്കണമെന്നാണോ?’
സിബി ചന്ദ്രശേഖരവാര്യര്‍: ‘അതെ.’
കെടി ജോര്‍ജ്: ‘സ്ത്രീകളെ അറസ്റ്റ് ചെയ്യണമെന്ന് വ്യവസ്ഥ ചെയ്താലും പൂര്‍ണ്ണഗര്‍ഭിണികളായ സ്ത്രീകളെയും ആറ് മാസത്തില്‍ കുറഞ്ഞ പ്രായമുള്ള കുട്ടികളുള്ള സ്ത്രീകളെയും ഒഴിവാക്കണമെന്നുകൂടി വ്യവസ്ഥ ചെയ്യണമെന്നാണ് എന്‍റെ നിര്‍ദ്ദേശം.’
സിബി ചന്ദ്രശേഖരവാര്യര്‍: ‘ഒരു ഇറ്റാലിയന്‍ കഥ ഇതു സംബന്ധിച്ച് പറയാനുണ്ട്. ഒരു നിയമത്തില്‍ ഗര്‍ഭിണികളെ ഒഴിവാക്കുന്ന വ്യവസ്ഥയുള്ളതിന്‍റെ ആനുകൂല്യം അനുഭവിക്കാന്‍ ഒരു സ്ത്രീ തുടര്‍ച്ചയായി ഗര്‍ഭിണിയായിരുന്നുവെന്ന്.’കെടി ജോര്‍ജ്: ‘ഇങ്ങനെയൊരു ആനുകൂല്യത്തിന് വേണ്ടി ഏതെങ്കിലും സ്ത്രീകള്‍ തുടര്‍ച്ചയായി ആ നില സ്വീകരിച്ചാല്‍ അതിന്‍റെ ആനുകൂല്യം അവരനുഭവിച്ചുകൊള്ളട്ടെ എന്ന് കരുതിയാല്‍ മതി.’
ഇതില്‍ അണുവിട കുലുങ്ങാതെ കെ ആര്‍ ഗൗരി കൊടുക്കുന്ന മറുപടി ശ്രദ്ധേയമാണ്: ‘സ്ത്രീകളെ അറസ്റ്റ് ചെയ്താലേ നിര്‍ബന്ധമായി വസ്തുക്കളും മറ്റും ഈടാക്കാന്‍ സാധിക്കൂ എന്ന ധാരണ ശരിയല്ല. കാരണം ഈ മാതിരി (സ്ത്രീകള്‍ പ്രതികളാകുന്ന) കേസ്സുകള്‍ വളരെ കുറച്ചേയുള്ളൂ. പുരുഷന്മാരുമായി നോക്കുകയാണെങ്കില്‍, സമൂഹത്തില്‍, ഈ അസംബ്ലിയില്‍തന്നെ ഞാന്‍ ഒരൊറ്റ സ്ത്രീയെയുള്ളു. സ്ത്രീകള്‍ വളരെ കുറച്ചേ വ്യവസായരംഗത്തോ-സ്വത്തുടമസ്ഥരായോ-കടക്കാരായോ വരുന്നുള്ളു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭരണഘടനയിലും തുല്യവകാശമാണ് കൊടുത്തിരിക്കുന്നതെന്ന് പറഞ്ഞാലും പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്ക് പ്രത്യേകമായ അവകാശവും ഭരണഘടന അനുവദിച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ മെറ്റേര്‍ണിറ്റി ലീവ് സ്ത്രീകള്‍ക്ക് അനുവദിക്കുമായിരുന്നില്ല. പിന്നാക്ക വിഭാഗമെന്ന നിലയില്‍ സെന്‍റിമെന്‍റലായിട്ടുള്ള മറ്റു വികാരങ്ങളും പരിഗണിച്ചുകൊണ്ടാണ് സാധാരണനിലയില്‍ സ്ത്രീകളെ അറസ്റ്റ് ചെയ്യേണ്ട എന്ന് വച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലിറങ്ങാന്‍ തയ്യാറുള്ള സ്ത്രീകളെ അറസ്റ്റ് ചെയ്യാം. സിവില്‍ ലയബിലറ്റി വരുന്നതായ കടമോ, ഗവണ്‍മെന്‍റില്‍ നിന്ന് ഈടാക്കേണ്ടതായ മറ്റു കടമോ വരുന്ന അവസരത്തില്‍ സ്ത്രീകളെക്കൂടി അറസ്റ്റ് ചെയ്തെങ്കിലേ, റവന്യൂ റിക്കവറിയായി പിരിഞ്ഞ് കിട്ടാനുള്ള ഏഴുകോടിയും ഈടാക്കാന്‍ സാധിക്കൂ എന്ന് പറയുന്നത് എന്തോ തെറ്റായ ധാരണയാണ്. അല്ലെങ്കില്‍ സ്ത്രീ വിദ്വേഷമാണ്. ഈടാക്കാനുള്ളത് 95 ശതമാനവും പുരുഷന്‍മാരില്‍ നിന്നാണ്.’ സഭയിലെ ആരവങ്ങളെ മൊത്തം അവസാനിപ്പിക്കാന്‍ യുക്തിയും നയവും തന്‍റേടവും കലര്‍ന്ന ഈ വാക്കുകള്‍ക്കായി. 1967ലെ റവന്യൂ റിക്കവറി നിയമവുമായി ബന്ധപ്പെട്ട് കെആര്‍ഗൗരി നല്‍കിയ മറുപടി പ്രസംഗം അന്നത്തെ ഗവണ്‍മെന്‍റിന്‍റെ സ്ത്രീകളോടുള്ള നയരൂപീകരണത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
മന്ത്രിസഭയില്‍ വേറേ സ്ത്രീകളില്ലാ എന്നതുകൊണ്ടാണോ, അതല്ല ‘നീയൊരു പെണ്ണാണ്’ എന്ന് ഓര്‍മ്മപ്പെടുത്തുന്നതിനായാട്ടാണോ, എങ്ങനെയാണെങ്കിലും ഇടക്കിടെ കെആര്‍ ഗൗരിയെ ബില്ലവതരണവേളയില്‍ സഭാംഗങ്ങള്‍ ‘മന്ത്രിണി’യെന്ന് വിളിച്ച് പരിഹസിക്കുന്നതായി കാണാം. ഒരുവേള കെഎം മാണി മന്ത്രിണിയെന്ന് പറഞ്ഞ് ആക്ഷേപിച്ചപ്പോള്‍ മന്ത്രിയെന്നുള്ള വാക്ക് കോമണ്‍ ജെന്‍ററാണെന്നും സ്ത്രീകളെ ‘മന്ത്രിണി’യെന്ന് പറയേണ്ട ആവശ്യമില്ലയെന്നും സഭയില്‍ നിന്നും അഭിപ്രായങ്ങളുണ്ടായി. ഈ അവസരം മുതലെടുത്തുകൊണ്ട് കെ.എം മാണി അടുത്ത നിമിഷംതന്നെ ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ‘ശ്രീമതി ഗൗരി തോമസ്’ എന്നാണ് വിശേഷിപ്പിച്ചത്. മന്ത്രിണിയെന്ന് പരിഹസിച്ചിരുന്ന അംഗം റവന്യൂ വകുപ്പ് മന്ത്രിയെന്നോ കെആര്‍ ഗൗരിയെന്നോ പറയാതെ പെട്ടെന്ന് ‘ശ്രീമതി ഗൗരി തോമസ്’ എന്ന് വിളിച്ചത് ‘നീ ആരായാലും ടിവി തോമസിന്‍റെ ഭാര്യയാണ്’ എന്ന വ്യംഗ്യാര്‍ത്ഥത്തോടെയാണ്.
എന്നാല്‍ കെആര്‍ ഗൗരിയാകട്ടെ ആന പോകുമ്പോള്‍ പട്ടികുരയ്ക്കുമെന്ന കണക്കില്‍ നിശ്ചയദാര്‍ഢ്യത്തോടെ തീരുമാനങ്ങളെടുത്തു നിന്നു. ആ നിശ്ചയദാര്‍ഢ്യത്തിന്‍റെ മുമ്പില്‍ സഭാംഗങ്ങളുടെ പതറിച്ച കൂടെക്കൂടെ സഭാരേഖകളില്‍ പ്രതിഫലിക്കുന്നുണ്ട്.
കെആര്‍ ഗൗരിയുടെ കാര്‍ഷികബന്ധ നിയമത്തെ റദ്ദാക്കികൊണ്ട് ഭൂപരിഷ്കരണബില്ല് പി.ടി ചാക്കോ അവതരിപ്പിച്ചപ്പോള്‍ കര്‍ഷകരെ സഹായിക്കുന്ന എല്ലാ വ്യവസ്ഥകളും അട്ടിമറിക്കപ്പെട്ടിരുന്നു. കര്‍ഷക വിരുദ്ധമായ ആ വ്യവസ്ഥകളെ കെ.ആര്‍ ഗൗരി ചോദ്യം ചെയ്തപ്പോള്‍ എം നാരായണക്കുറുപ്പ് ‘തിരുവിതാംകൂര്‍ കൊച്ചിയിലെ ജന്മികുടിയാന്‍ സമ്പ്രദായം ചങ്ങമ്പുഴയുടെ വാഴക്കുലയായിരുന്നാല്‍ മതിയോ’ എന്ന് ചോദിക്കുന്ന ഒരു സന്ദര്‍ഭമുണ്ട്. അതിന് കെ.ആര്‍ ഗൗരി നല്‍കുന്ന മറുപടി രസകരമാണ്. ‘ഞാന്‍ കവിയല്ല. പിന്നെ ശ്രീ കുറുപ്പിന് തിരുവിതാംകൂറിന്‍റെ ചരിത്രവും അറിഞ്ഞുകൂടാ, ചങ്ങമ്പുഴയുടെ വാഴക്കുലയും അറിഞ്ഞുകൂടാ.’ ചരിത്രത്തെക്കുറിച്ച് തര്‍ക്കിക്കാന്‍ പിന്നീട് എം.നാരായണക്കുറുപ്പ് തുനിഞ്ഞില്ല. ഇന്ത്യന്‍ ചരിത്രം തന്നെ തിരുത്തിയെഴുതിയ ജന്മി-കുടിയാന്‍ ബന്ധത്തിന്‍റെ-ഭൂബന്ധങ്ങളുടെ പൊളിച്ചെഴുത്തിന് ചുക്കാന്‍ പിടിച്ച ഒരു ഭരാണാധികാരിയെ ചരിത്രം പഠിപ്പിക്കാന്‍ അന്നത്തെ സഭാംഗങ്ങളാരും തുനിഞ്ഞിരുന്നില്ല.
ജാതീയമായ അധിക്ഷേപങ്ങളും റവന്യൂ വകുപ്പ് മന്ത്രിയായ കെആര്‍ ഗൗരിയെന്ന കീഴ്ജാതി സ്ത്രീയുടെ മുകളില്‍ നടത്തുണ്ട്. ജന്മിക്കരം നിരോധന ബില്ല് അവതരിപ്പിക്കുമ്പോള്‍ പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ എംഎല്‍എ ആയിരുന്ന ജോസഫ് ചാഴിക്കാടന്‍റെ പ്രധാന ഭയം അത് ബ്രാഹ്മണശാപം ഉണ്ടാക്കുമെന്നാണ്. ‘മുമ്പ് ഒരു ജന്മി പബ്ലിക് റോഡില്‍കൂടി ഹൊയി പറഞ്ഞുകൊണ്ട് പോകുമ്പോള്‍ വളരെ ദൂരം മാറി നില്‍ക്കേണ്ടി വന്നിരുന്നവരാണ് ഇന്നീ നിയമം പാസ്സാക്കാന്‍ പോകുന്നത്. അവര്‍ ജന്മിമാരായിരുന്നതുകൊണ്ട് അവര്‍ക്ക് വല്ലതും കൊടുക്കണമെന്നുള്ള വിചാരത്തില്‍ വേണം നിയമം പാസാക്കാന്‍. കുറേ തലമുറ അവര്‍ അന്തസ്സും പ്രഭാവവും അനുഭവിച്ചു. അതിന് പകരം വീട്ടുക എന്നുള്ളത് നമുക്ക് ചേര്‍ന്നതല്ല.’കേരളത്തിന്‍റെ പൊതുജീവിതത്തെയാകെ മാറ്റമറിച്ച ഭൂപരിഷ്കരണം സംബന്ധിച്ച ബില്ലുകളുടെ ചര്‍ച്ചാവേളയിലാണ് ഈ പുരുഷലിംഗങ്ങള്‍ ഉദ്ധരിച്ചാര്‍ക്കുന്നത് നമ്മള്‍ രേഖകളില്‍ കാണുക. കേരളത്തിന്‍റെ ആ പുരുഷാധിപത്യ മുഖത്തിന് എന്തെങ്കിലും പോറലുകള്‍ ഏറ്റിട്ടുണ്ടെങ്കില്‍ അത് കെആര്‍ ഗൗരി എന്ന സ്ത്രീ നടത്തിയ മൂര്‍ത്തമായ രാഷ്ട്രീയ ഇടപെടലുകള്‍ മുഖാന്തിരം സംഭവിച്ചതാണ്. ധൈര്യവും തന്‍റേടവും യുക്തിബോധവും ബുദ്ധിശക്തിയുമുള്ള ഒരു സ്ത്രീയെ എതിര്‍വശത്തു നില്‍ക്കുന്ന ഏറ്റവും ബുദ്ധിശൂന്യനായ ഒരു പുരുഷനുപോലും എളുപ്പത്തില്‍ ചോദ്യം ചെയ്യാന്‍ കഴിയുന്നത് നമ്മുടെ സമൂഹത്തിന്‍റെ ഒരു പ്രത്യേകതയാണ്. നിയമസഭാരേഖകളില്‍ ഇത് എത്രയും സുവ്യക്തമാണ്. ഇതിനോടാണ് പതിറ്റാണ്ടുകളോളം ഗൗരി കലഹിച്ചത്; ഇപ്പോഴുംം കലഹിച്ചു കൊണ്ടിരിക്കുന്നത്.
കെ.ആര്‍.ഗൗരി എന്ന വ്യക്തി എവിടെയും പരാജയപ്പെട്ടിട്ടില്ല. പക്ഷെ, അവര്‍ ഉന്നയിക്കാന്‍ ശ്രമിച്ച പലതും പരാജയമടഞ്ഞു. ഇതിന് ദൃഷ്ടാന്തമുണ്ട്. അനുസരണാശീലമില്ലാത്ത, കുലസ്ത്രീയല്ലാത്ത മറ്റൊരു സ്ത്രീ മലയാളിയുടെ പൊതുമണ്ഡലത്തില്‍ പിന്നീടുണ്ടായിട്ടില്ല. ഇത് കെ.ആര്‍ ഗൗരിയുടെ പരാജയമല്ല. മലയാളിയുടെ പരാജയമാണ്.
കടപ്പാട് : 2018 ജൂലായില്‍ ‘അഴിമുഖ’ത്തില്‍ പ്രസിദ്ധീകരിച്ചത്.
ഷിബി കെ.
ചരിത്ര ഗവേഷക
COMMENTS