ഓരോ കാലവും ഓരോ ചരിത്രം രചിച്ചിട്ടുണ്ട്. സ്വയം അടയാളപ്പെടുത്തിയവരെ പലപ്പോഴും ചരിത്രത്തില്‍ നിന്ന് മായ്ച്ച് കളഞ്ഞിട്ടുമുണ്ട്. പെണ്‍കരുത്താല്‍ പടുത്തുയര്‍ത്തിയ ലോക സാധ്യതകളെല്ലാം ആണിന്‍റെ കണ്ണിലൂടെ നോക്കുമ്പോള്‍ മാറ്റി നിര്‍ത്തേണ്ടതെന്ന് വായിക്കപ്പെടുന്നു. എന്തുകൊണ്ടിങ്ങനെ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം, ആണധികാരം കാലാകാലങ്ങളില്‍ നിലയുറപ്പിച്ചതിങ്ങനെയാണ്. വരച്ചിട്ട കളത്തിനപ്പുറത്തേയ്ക്ക് കടക്കുന്നതെല്ലാം പുറത്ത്. ഇത്തരം ചിന്തകളാണ് കെ.കെ.ശൈലജ ടീച്ചറെ കുറിച്ചെഴുതുമ്പോള്‍ മനസിലുള്ളതെങ്കില്‍ ടീച്ചറത് ഖണ്ഡിക്കും. കാരണം, മര്യാദയുടെ മാന്യതയുടെ കരുത്തിന്‍റെ സ്ത്രീരൂപമാണല്ലോ കെ.കെ.ശൈലജ ടീച്ചര്‍.
പാര്‍ട്ടിയുടെ മാനുഷിക മുഖമായിരുന്ന ആ പെണ്‍കുതിപ്പിനെ ‘ടീച്ചറമ്മ ‘ എന്ന ചെല്ലപ്പേര് വിളിച്ച് സര്‍വ്വം സഹയായ അമ്മവേഷം നിരൂപിച്ച കേരള സമൂഹത്തിന് മുമ്പില്‍ സ്നേഹത്തിനും വാത്സല്യത്തിനും അപ്പുറം അമ്മയില്‍ കുടികൊള്ളുന്ന ശക്തിയെ സ്ഫുരിപ്പിച്ച ധീരവനിതയാണവര്‍. . നിപ വൈറസും ഓഖിയും കൊറോണ വൈറസും താണ്ഡവമാടിയപ്പോള്‍ പതറാതെ തോല്‍ക്കാതെ സ്ഥൈര്യത്തോടെ മുന്നേറാന്‍ കഴിഞ്ഞ ഈ വനിതാനേതാവില്‍ നിന്ന് നാം ഒരുപാട് പഠിക്കേണ്ടതുണ്ട്. സ്വന്തം ഇച്ഛാശക്തി കൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും ജീവിതത്തിലും രാഷ്ട്രീയ രംഗത്തും തന്‍റെതായ ഇടം രേഖപ്പെടുത്തിയ കെ.കെ.ശൈലജ ടീച്ചര്‍ രണ്ടു തവണ നിയമസഭാ സാമാജികയായിരുന്നു. പഴയ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും 1996 ലും പേരാവൂര്‍ മണ്ഡലത്തില്‍ നിന്ന് 2006ലും വിജയിച്ചു.2016 മുതല്‍ 2021 വരെ പതിനാലാം നിയമസഭയിലെ കേരളത്തിന്‍റെ ആരോഗ്യ വകുപ്പും സാമൂഹികക്ഷേമ വകുപ്പും കൈകാര്യം ചെയ്ത വനിതാ മന്ത്രിയായി.
വെറുമൊരു സയന്‍സ് ടീച്ചറായിരുന്ന അവര്‍ക്ക് ഇതൊക്കെ എങ്ങനെ സാധിച്ചു എന്ന് എതിര്‍പക്ഷത്തിരിക്കുന്നവര്‍ക്കടക്കം പലര്‍ക്കും തോന്നാം. ഇത്രത്തോളം വേരൂന്നി നില്‍ക്കുന്നതിനു പിന്നില്‍ വലിയൊരു കാലത്തിന്‍റെ പിന്‍ബലമുണ്ടെന്നത് ടീച്ചറുടെ പ്രവര്‍ത്തന വഴികളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് ബോധ്യപ്പെടും. മട്ടന്നൂര്‍ പഴശ്ശിരാജ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എസ്.എഫ്.ഐ യിലൂടെ രാഷ്ട്രീയത്തിലെത്തി. പിന്നീട് സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അംഗവും ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വുമണ്‍സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗം, സ്ത്രീ ശബ്ദം മാസികയുടെ ചീഫ് എഡിറ്റര്‍ എന്നീ മേഖലകളിലും പ്രവര്‍ത്തിച്ചു. എന്നാല്‍ കെ.കെ.ശൈലജ ടീച്ചറുടെ അര്‍പ്പണ മനോഭാവവും ആത്മാര്‍ത്ഥതയും ധൈര്യവും കരുത്തും കേരളം അറിഞ്ഞത് നിപ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ്. അന്ന് മെഡിക്കല്‍ കോളേജുകളിലും ഹെല്‍ത്ത് സെന്‍ററുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും നേരിട്ടെത്തി ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ഊണും ഉറക്കവുമില്ലാതെ ചിലവഴിച്ച സമയങ്ങള്‍ അവര്‍ക്ക് പകര്‍ന്നു നല്‍കിയത് അതിജീവിക്കാനുള്ള ആത്മധൈര്യമായിരുന്നു എന്ന് കൂടെ പ്രവര്‍ത്തിച്ച ഓരോ ആരോഗ്യ പ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നു. ‘പേടിക്കേണ്ട. ഞാനുണ്ട് കൂടെ ‘ എന്ന് ഒരു ഫോണ്‍ കോളിനപ്പുറം കൂട്ടിരിക്കുന്ന കേരളത്തിന്‍റെ ശക്തി. നിപ പഠിപ്പിച്ച പാഠമുള്‍ക്കൊണ്ട ആരോഗ്യ മന്ത്രി പിന്നെ എങ്ങനെ ജാഗരൂകയാവാതിരിക്കും. ആ കരുതിയിരുപ്പാണല്ലോ കേരളത്തിലേക്കെത്തിയ കൊറോണാ വൈറസിനെ ഏറ്റവുമാദ്യം തിരിച്ചറിയാന്‍ ടീച്ചറെ സഹായിച്ചതും,കോവിഡ്- 19 മഹാമാരിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ സകല സജ്ജീകരണങ്ങളുമൊരുക്കി കര്‍മ്മരംഗത്ത് സജീവമായി നിലകൊള്ളാന്‍ ടീച്ചറെ പ്രാപ്തയാക്കിയതും .
ശക്തമായ സര്‍ക്കാരിന്‍റെ ഭാഗമായി നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് തന്‍റെ ഭാഗ്യമെന്ന് ശൈലജ ടീച്ചര്‍ പറയുന്നു. കെ.കെ.ശൈലജ ടീച്ചര്‍ ആരോഗ്യ-സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് 108 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത്. ആരോഗ്യ മേഖലയിലെ വന്‍ കുതിപ്പാണ് നമ്മള്‍ കണ്ടത്.കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടുതല്‍ മികവിലേക്ക് എത്തി. മെഡിക്കല്‍ കോളേജുകളിലും ഇരുന്നൂറ്റി അമ്പതോളം ആശുപത്രികളിലും ഇ-ഹെല്‍ത്ത് പദ്ധതി യാഥാര്‍ത്ഥ്യമാക്കി. ആരോഗ്യ വിവരങ്ങള്‍ കമ്പ്യൂട്ടര്‍വത്ക്കരിച്ച് പേപ്പര്‍ രഹിത ആശുപത്രികളാക്കി.കോവിഡിനിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ രാജ്യത്ത് തന്നെ മികച്ചതായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ 101 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകരം ലഭിച്ചു. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനങ്ങളും കേരളത്തിനാണ്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസര്‍ഗോഡ് കയ്യൂര്‍ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്കോര്‍ കരസ്ഥമാക്കി ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്താണവ. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ വിഭാഗത്തിലും കേരളം ഒന്നാമതാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ച സംസ്ഥാനമാണ് (18 കേന്ദ്രങ്ങള്‍) കേരളം. ഇപ്പറഞ്ഞതിനപ്പുറത്തേക്കും വിപുലമായ പ്രവര്‍ത്തനങ്ങള്‍ ടീച്ചര്‍ കേരളത്തിന്‍റെ ആരോഗ്യ മേഖലയില്‍ സര്‍ക്കാരിന്‍റെ ഭാഗമായി നിന്ന് പൂര്‍ത്തിയാക്കി. നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
കേരള നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച കെ.കെ.ശൈലജ ടീച്ചര്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം തന്‍റെ എഫ് ബി പേജില്‍ കുറിച്ചിട്ടതിങ്ങനെയാണ്:
‘.കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞതും വെള്ളിയാംപറമ്പില്‍ വ്യവസായ പാര്‍ക്കിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞതും ശ്രദ്ധേയമാണ്. നിര്‍മാണം ആരംഭിച്ച സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, മിനിസിവില്‍ സ്റ്റേഷന്‍, അഡീഷണല്‍ ജില്ലാ ട്രഷറി തുടങ്ങിയവ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, വ്യവസായം, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെ മേഖലകള്‍ വേര്‍തിരിച്ച് ഓരോമേഖലയിലും പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും. സാമൂഹ്യക്ഷേമ മേഖലയിലും പ്രത്യേകം ഇടപെടല്‍ നടത്താന്‍ പദ്ധതി ഉണ്ടാക്കും. എല്ലാവര്‍ക്കും വീട്, ശുദ്ധജലം, ആരോഗ്യ സേവനം എന്നിവ ലഭ്യമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചര്‍ച്ചചെയ്ത് കൂട്ടായ പരിശ്രമം നടത്തും. പടിയൂര്‍- കല്യാട്, കൂടാളി, കീഴല്ലൂര്‍, തില്ലങ്കേരി, മാലൂര്‍, കോളയാട്, ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം എന്നീ പഞ്ചയത്തുകളും മട്ടന്നൂര്‍ നഗരസഭയും അടങ്ങുന്ന വിസ്തൃതമായ മണ്ഡലമാണ് മട്ടന്നൂര്‍. തദ്ദേശഭരണ സ്ഥാപനങ്ങളുമായി കക്ഷി രാഷ്ട്രീയഭേദമെന്യേ എല്ലാവരുടെയും അഭിപ്രയാങ്ങള്‍ക്ക് പരിഗണന നല്‍കിക്കൊണ്ടാവും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക ‘
മന്ത്രി സ്ഥാനം ഒഴിഞ്ഞ് മട്ടന്നൂരിന്‍റെ എം.എല്‍.എ ആയിരിക്കുമ്പോഴും നാടിന്‍റെ അതിജീവന പോരാട്ടത്തില്‍ ടീച്ചര്‍ ഇന്നും സജീവ സാന്നിധ്യമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ടീച്ചറുടെ നേതൃത്വ മികവ് ലോക ശ്രദ്ധ പിടിച്ചുപറ്റി.2020 ജൂണ്‍ 23 ന് ഐക്യരാഷ്ട്രസഭ കേരളത്തിന്‍റെ ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ.ശൈലജ ടീച്ചറെ ആദരിച്ചു .യു.എന്‍ പൊതു സേവന ദിനത്തില്‍ വൈറസിനെതിരെയുള്ള കേരളത്തിന്‍റെ പോരാട്ടത്തെക്കുറിച്ച് സംസാരിക്കാന്‍ ടീച്ചറെ ക്ഷണിച്ചു. ‘കൊറോണ വൈറസ് കൊലയാളി, റോക്ക് സ്റ്റാര്‍ ആരോഗ്യ മന്ത്രി ‘ എന്നാണ് ഗാര്‍ഡിയന്‍ കെ.കെ.ശൈലജ ടീച്ചറെ വിശേഷിപ്പിച്ചത്.ഏഷ്യന്‍ വനിതാ കൊറോണാ പോരാളിയായി ബി.ബി.സി. ന്യൂസില്‍ ടീച്ചര്‍ ഇടം പിടിച്ചു. ഇങ്ങനെ എത്രയെത്ര ബഹുമതികളാണ് ആരോഗ്യ മന്ത്രിയായിരുന്ന ശൈലജ ടീച്ചറെ തേടിയെത്തിയത്.
രാജ്യവ്യാപകമായി ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയവര്‍ക്ക് പാര്‍പ്പിടം, ഭക്ഷണം നല്‍കുക തുടങ്ങിയ കേരളത്തിന്‍റെ ശ്രമങ്ങളെ നയിക്കുന്നതില്‍ ശൈലജ ടീച്ചറുടെ സാമര്‍ഥ്യവും, ശ്രദ്ധയും അതീവ ജാഗ്രതയുള്ളതായിരുന്നു.രോഗം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, ഓരോ ജില്ലയിലും 2 ആശുപത്രികള്‍ വീതം കോവിഡിന് വേണ്ടി മാറ്റിവെക്കന്‍ ആവശ്യപ്പെട്ടു. ഓരോ മെഡിക്കല്‍ കോളേജും 500 കിടക്കകള്‍ നീക്കിവച്ചു. ആശുപത്രികള്‍ക്ക് പ്രത്യേക പ്രവേശന കവാടങ്ങളും എക്സിറ്റുകളും നിര്‍ബന്ധമാക്കി. രോഗനിര്‍ണയ പരിശോധനാ കിറ്റുകള്‍ കുറവായിരുന്നതിനാല്‍, പ്രത്യേകിച്ചും ഈ രോഗം വരാന്‍ സാധ്യതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി നീക്കി കരുതിവച്ചു.
മേയ് അവസാന ആഴ്ചയോടെ, ശൈലജ ടീച്ചറും സംഘവും 4.3 ദശലക്ഷം ആളുകളുമായി ബന്ധപ്പെടുകയും ഒരു ‘കണ്‍ട്രോള്‍ റൂം’ സ്ഥാപിച്ച് അവരുടെ അവസ്ഥ നിരീക്ഷിക്കുകയും ചെയ്തു. ഇന്ത്യയിലുടനീളം അണുബാധ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്തുപോലും കേരളത്തിലെ രോഗവളര്‍ച്ചാസുചിക താഴ്ന്നുതന്നെയാണ് നിന്നിരുന്നത്.കെ.കെ.ശൈലജ ടീച്ചറുടെ വാക്കുകള്‍ ഇതാണ്: ‘നൂറുകണക്കിനു സാമൂഹ്യ പ്രവര്‍ത്തകര്‍, വൊളെന്‍റിയര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്സുകാര്‍,ക്ലീനര്‍മാര്‍, ഐസുലേഷന്‍ വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്നവരൊന്നും ഉറങ്ങാറില്ല. അവരുടെ ജോലിസമയവും കഴിഞ്ഞ്, 14 ദിവസത്തെ കോറന്‍റൈനും കഴിഞ്ഞു മാത്രമെ അവരുടെ കുടുംബത്തെകാണാനും ,വീട്ടില്‍ പോകാനും സാധിക്കാറുള്ളൂ. ഇവര്‍ മാത്രമല്ല, പോലീസുകാര്‍, എമര്‍ജെന്‍സി പ്രവര്‍ത്തകര്‍ എന്നിങ്ങനെ പലരുടെയും ഊര്‍ജ്വസ്വലമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് നമ്മള്‍ ഇന്നീ അനുഭവിക്കുന്ന സുരക്ഷിതാവസ്ഥ.’ ഈ അശ്രാന്ത പരിശ്രമത്തില്‍ താനൊരു മെഴുകുതിരി വെട്ടം മാത്രമാണെന്ന് അവര്‍ വിനയാന്വിതയാകുന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പകരം വയ്ക്കാനില്ലാത്ത പേരായി ടീച്ചര്‍ മാറിയപ്പോള്‍ എതിര്‍ കക്ഷികള്‍ക്കും മാധ്യമങ്ങള്‍ക്കും കല്ലുകടി തുടങ്ങി.ഒരു പെണ്ണ് തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍, അവള്‍ വളര്‍ന്ന് പന്തലിക്കുന്നത് കാണുമ്പോള്‍ എങ്ങനെ സഹിക്കും! വാര്‍ത്താ സമ്മേളനത്തില്‍ മാഹിയ്ക്ക് പകരം ഗോവ എന്ന് അബദ്ധത്തില്‍ പറഞ്ഞു പോയതിന്‍റെ പേരില്‍ ടീച്ചറെ താറടിച്ചു കാണിക്കാന്‍, അവഹേളിക്കാന്‍ ചിലര്‍ക്കെന്ത് തിരക്കായിരുന്നു.’ തുന്നല്‍ ടീച്ചര്‍ ‘ എന്ന് ബി.ജെ.പി .നേതാവ് ബി.ഗോപാലകൃഷ്ണന്‍ കളിയാക്കി വിളിച്ചതില്‍ ടീച്ചര്‍ക്കെന്ത് ആക്ഷേപം? മീഡിയ വണ്‍ നടത്തിയ ചര്‍ച്ചയില്‍ ബി.ഗോപാലകൃഷ്ണനൊപ്പം പങ്കെടുത്ത കെ.കെ.ശൈലജ ടീച്ചര്‍ ‘ തുന്നല്‍ ടീച്ചറെന്താ ടീച്ചല്ലേ ഗോപാലകൃഷ്ണാ ‘ എന്ന് അധ്യാപനത്തിന്‍റെ മഹത്വം നെഞ്ചേറ്റി കൊണ്ട് ചോദിച്ച ആ ചോദ്യം കേരളമാണ് ഏറ്റെടുത്തത്. ഞാന്‍ തയ്യല്‍ ടീച്ചറല്ല ഫിസിക്സ് ടീച്ചറാണ് എന്ന് വേണമെങ്കില്‍ കെ.കെ.ശൈലജ ടീച്ചര്‍ക്ക് പറയാമായിരുന്നു. എന്നാല്‍ തിരിച്ചറിവും ഉറച്ച നിലപാടും അവരെ ഉയര്‍ത്തിയത് ലോക ജനശ്രദ്ധയിലേയ്ക്കാണ്.അതാണ് കേരളത്തിന്‍റെ ധീരവനിത കെ.കെ.ശൈലജ ടീച്ചര്‍.
എന്നിട്ടും എന്തുകൊണ്ട് ടീച്ചര്‍ തുടര്‍ ഭരണത്തില്‍ മന്ത്രിയായില്ല എന്ന ചോദ്യം ജനമനസുകളില്‍ വീര്‍പ്പുമുട്ടുന്നുണ്ട്. ഒറ്റയും തെറ്റയുമായി ചില പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയിലും കണ്ടു. എന്നാല്‍ കെ.കെ.ശൈലജ എന്ന കേരളത്തിന്‍റെ മുന്‍ ആരോഗ്യ മന്ത്രിയെ നെഞ്ചോട് ചേര്‍ത്ത് ‘ ടീച്ചറമ്മ ” എന്ന് ഉരുവിട്ടവരുടെയൊന്നും ഒച്ചയും അനക്കവും അധികം എവിടെയും കണ്ടില്ല. പറയാന്‍ മടിച്ചിട്ടോ, സങ്കടം കൊണ്ടോ അതോ പേടിച്ചിട്ടോ?
പക്ഷേ, കെ.കെ.ശൈലജ ടീച്ചര്‍ പറയുന്നു എന്‍റെ പാര്‍ട്ടി ചെയ്തതാണ് ശരിയെന്ന് . പുതിയ ആളുകള്‍ അവരുടെ കഴിവുകള്‍ സാധ്യതയ്ക്കനുസരിച്ച് പ്രയോജനപ്പെടുത്തട്ടെ. ഞങ്ങള്‍ കൂടെയുണ്ട് എന്നു പറയാന്‍ കെ.കെ.ശൈലജ ടീച്ചറെ കൊണ്ട് കഴിയും. കാരണം അവര്‍ ആത്മാര്‍ത്ഥതയും നിലപാടുകളും വീര്യവുമുള്ള ഒരു പെണ്ണാണ്. യഥാര്‍ത്ഥത്തില്‍ ടീച്ചറാണ്.ഏതൊരു അരാചകത്വത്തിനും ആധിപത്യത്തിനും നേരെ ആഞ്ഞടിക്കാന്‍ ടീച്ചറുടെ ചിരിച്ച മുഖത്തു നിന്നും വീഴുന്ന വാക്കുകള്‍ തന്നെ ധാരാളം.
രാഷ്ട്രീയവും അധ്യാപനവും പോലെ തന്നെ പുസ്തകമെഴുത്തും കെ.കെ.ശൈലജ ടീച്ചര്‍ക്ക് വഴങ്ങും.’ ഇന്ത്യന്‍ വര്‍ത്തമാനവും സ്ത്രീ സ്വാതന്ത്ര്യവും’ ‘ചൈന രാഷ്ട്രം, രാഷ്ട്രീയം, കാഴ്ചകള്‍ ‘ എന്നിങ്ങനെ രണ്ട് പുസ്തകങ്ങള്‍ മലയാളികള്‍ക്കുള്ള ടീച്ചറുടെ സമ്മാനമാണ്.
ഇത്തരത്തില്‍ എന്തുകൊണ്ടും കഴിവുറ്റ ഒരു പെണ്‍ ശബ്ദം നിയമസഭയില്‍ തുടരേണ്ടതായിരുന്നു.പുതിയവര്‍ക്കൊപ്പം ,കേരളത്തില്‍ സാധാരണക്കാരായ വോട്ടര്‍മാര്‍ ഒരു പക്ഷേ പാര്‍ട്ടി ഭേദമെന്യേ ടീച്ചറെ ആഗ്രഹിച്ചിരുന്നു. ഇനിയും പ്രതീക്ഷ അസ്തമിച്ചിട്ടില്ല. കാരണം, ടീച്ചര്‍ കേരളത്തിന്‍റെ വികാരമാണ്.
വരും കാലത്ത് ഒരു വനിതാ മുഖ്യമന്ത്രിയെ കേരളം കാത്തിരിക്കുന്നു. അത് കെ.കെ.ശൈലജ ടീച്ചറായെങ്കില്‍…
തസ്മിന്‍
എഴുത്തുകാരി, പ്രഭാഷക
COMMENTS