Homeഅഭിമുഖം

കാലഹപരണപ്പെട്ടതെല്ലാം ധൈര്യത്തോടെ പൊളിച്ചെഴുതുക

തുടര്‍ഭരണമെന്നത് ഭരണപക്ഷത്തിന്‍റെ സമ്പൂര്‍ണവിജയം മാത്രമല്ല, പ്രതിപക്ഷത്തിന്‍റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ പോരായ്മയും കൂടിയാണ്. കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഈ പോരായ്മയുടെ കാരണം മികച്ച നേതൃത്വമില്ലായ്മയായിരുന്നോ?
നേതൃത്വമില്ലായ്മയല്ല, മറിച്ചു കോണ്‍ഗ്രസിലെ അപകടകരമായ ഗ്രൂപ്പിസമാണ്. അതിന്‍റെ ഫലമായി പൊതുജനങ്ങളിലേക്ക് കാര്യങ്ങള്‍ എത്തപ്പെടുന്നതില്‍ പോരായ്മയുണ്ടായി. നേതൃത്വം പറയുന്ന കാര്യം താഴേ തട്ടില്‍ എത്തിയാല്‍ മാത്രമേ വിജയിക്കാനാകൂ. കോണ്‍ഗ്രസിലെ നേതൃത്വത്തിന് എല്ലാ തലത്തിലും അത്തരം ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞില്ല. ഒരുപാട് വിഷയങ്ങള്‍ കൊണ്ടുവന്നെങ്കിലും വേണ്ടവിധത്തില്‍ പ്രതിരോധിക്കാനോ പ്രചരണം നല്‍കാനോ സാധ്യമായില്ല.

രാഷ്ട്രീയത്തിലെ ഗ്രൂപ്പിസം ആണധികാരത്തിന്‍റെ പൊതുബോധങ്ങളില്‍ ഊന്നിയാണ് ഉടലെടുക്കുന്നതെന്ന് തോന്നിയിട്ടുണ്ടോ?
തീര്‍ച്ചയായും. ഗ്രൂപ്പിസത്തില്‍ മാത്രമല്ല. അല്ലാതെതന്നെ ആണധികാരത്തിന്‍റെ മേല്‍ക്കോയ്മ രാഷ്ട്രീയത്തില്‍ ഉണ്ടല്ലോ. അത് മാറി വരാന്‍ സമയം എടുക്കും.

കഴിഞ്ഞ കേരളരാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏറ്റവുമധികം ഉയര്‍ന്നു കേട്ട സ്ത്രീശബ്ദങ്ങളില്‍ ഒന്ന് താങ്കളുടേത് കൂടിയായിരുന്നു. പൊതുവെ തിരഞ്ഞെടുപ്പ് പ്രചരണംവരെ സ്ത്രീശബ്ദങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ഭരണം കിട്ടിക്കഴിയുമ്പോള്‍ പുരുഷാധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നതായി കാണാം. കെ.കെ.ശൈലജയെ ഈ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താത്തതിനെകുറിച്ച് നിരവധി വിമര്‍ശനങ്ങള്‍ കടന്നുവന്ന സാഹചര്യത്തില്‍ എന്താണ് താങ്കളുടെ അഭിപ്രായം?
മന്ത്രിമാരെ തിരഞ്ഞെടുക്കാനുള്ള അധികാരം പാര്‍ട്ടിയ്ക്കും വ്യവസ്ഥയ്ക്കുമാണെങ്കിലും ഞാനെന്‍റെ അഭിപ്രായം ഫേസ്ബുക്കില്‍ പങ്കു വെച്ചിരുന്നു. മികച്ച ഒരു ആരോഗ്യമന്ത്രിയെന്ന നിലയില്‍ അവര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനു നല്‍കി. നല്ല ഭൂരിപക്ഷത്തോടുകൂടി തിരഞ്ഞെടുപ്പില്‍ വിജയിച്ചു. പിന്നെ ഞാനുള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച വിമര്‍ശനത്തിനു പാര്‍ട്ടി വളരെ വ്യക്തമായി മറുപടി നല്‍കി. പാര്‍ട്ടിയുടെ പൊതുവായുള്ള തീരുമാനമായിരുന്നു കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്നവര്‍ ഇത്തവണ വേണ്ടാ എന്നത്. എനിക്ക് ഈ പാര്‍ട്ടിതീരുമാനത്തോടുള്ള മതിപ്പ് എന്താണെന്ന് വച്ചാല്‍ പത്തു വനിതകള്‍ മത്സരിച്ചു വിജയിച്ചു. കഴിഞ്ഞ കാലങ്ങളില്‍നിന്നും ഏറെ വ്യത്യസ്തമായി ഇടതുപക്ഷ മന്ത്രി സഭയില്‍ മൂന്നു വനിതാമന്ത്രിമാര്‍ ഇടം പിടിച്ചു. യു.ഡി.എഫിന്‍റെ പിന്തുണയുള്ള വനിതാ സ്ഥാനാര്‍ഥിയായ കെ. കെ. രമ വിജയിച്ചു. പക്ഷെ കോണ്‍ഗ്രസില്‍ ഒന്‍പതു വനിതകള്‍ മത്സരിച്ചിട്ടും ഒരു വനിതയ്ക്ക് പോലും വിജയിക്കാനായില്ല. തിരഞ്ഞെടുപ്പ് വരുമ്പോള്‍ കോണ്‍ഗ്രസ് ആദ്യം തീരുമാനിക്കുന്നത് ആരാണ് മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍ എന്നും മറ്റുമാണ്. തിരഞ്ഞെടുപ്പ് അടുത്ത സമയം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ പുതുമുഖങ്ങള്‍, വനിതകള്‍ എന്നൊക്കെ പറഞ്ഞിരുന്നു. പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പലരുടെയും മുഖം അവര്‍ മറന്നുപോയി. അനഭിമതരെന്നു തോന്നുന്നവരെ അവര്‍ എങ്ങനെയും ഉപേക്ഷിക്കും. പുതുമുഖങ്ങളെയും വനിതകളേയും കൊണ്ടുവന്നിട്ട് അവര്‍ക്ക് നല്‍കിയത് വിജയസാധ്യതയുള്ള സീറ്റ് ആണോ എന്നൊന്നും ചിന്തിച്ചില്ല. സിറ്റിംഗ് എം.എല്‍.എ.മാരെല്ലാം മത്സരിക്കാനായിരുന്നു ആദ്യതീരുമാനം. ഇരിക്കൂറിലെ നാല് പതിറ്റാണ്ടോളം എം.എല്‍.എ. ആയിരുന്ന ശ്രീ കെ.സി.ജോസഫ് മാത്രമായിരുന്നു മാറി നിന്നത്. അപ്പോള്‍ പുതിയൊരു വനിതക്കോ യുവാക്കള്‍ക്കോ സാഹചര്യം കൊടുത്താല്‍ അവര് ഫൈറ്റ് ചെയ്തു ജയിക്കണം. അതിനുള്ള വഴി പോലും ഒരുക്കികൊടുക്കാതെ സ്ത്രീമുന്നേറ്റം, യുവത്വം, പുതുമുഖം എന്നൊക്കെ പറയുന്നതില്‍ അതിശയോക്തി ഇല്ലേ? ഇതെല്ലാം ഞാന്‍ പുറത്തിറങ്ങി പറയുന്നതല്ല. അകത്തിരുന്നപ്പോഴും ഇതെല്ലാം നോക്കിക്കണ്ടു ശബ്ദിച്ചതിന്‍റെ പേരില്‍ പലരുടെയും കണ്ണിലെ കരടായി മാറി. എല്ലാപ്രാവശ്യവും യൂത്ത് കോണ്‍ഗ്രസ്സിനും കെ.എസ്.യു.വിനും മഹിളാ കോണ്‍ഗ്രസിനും തലപ്പത്തിരിക്കുന്നവര്‍ക്ക് നിയമസഭയില്‍ സീറ്റ് നല്‍കുന്നതാണ്. ഇത്തവണ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ്സിനും കെ.എസ്.യു.വിനും സീറ്റ് നല്‍കുകയും മഹിളാ കോണ്‍ഗ്രസിന്‍റെ അധ്യക്ഷയ്ക്ക് നല്‍കിയുമില്ല. നിലപാട് എടുത്താണ് ഞാന്‍ അതിനോട് പ്രതിഷേധിച്ചത്. അല്ലാതെ ലതികാ സുഭാഷ് എന്ന വ്യക്തിയോ, വ്യക്തിയ്ക്ക് സീറ്റ് കിട്ടാത്തതിന്‍റെ പേരിലോ അല്ല പ്രതിഷേധിച്ചത്.
കഴിഞ്ഞ ഇരുപത് വര്‍ഷമായി മാറിമാറി വരുന്ന തിരഞ്ഞെടുപ്പുകളില്‍ നിയമസഭയിലും പാര്‍ലമെന്‍റിലും എന്‍റെ പേര് സ്ഥാനാര്‍ഥി പട്ടികയില്‍ പലപ്പോഴും വന്നിരുന്നു. സമയമാകുമ്പോള്‍ മറ്റേതെങ്കിലും സ്ഥാനാര്‍ഥിയെത്തും. അവര്‍ക്കുവേണ്ടി സന്തോഷത്തോടുകൂടിപ്രവര്‍ത്തിക്കുന്ന ആളായിരുന്നു ഞാന്‍. 2011ല്‍ എന്നോട് പറഞ്ഞു അന്നത്തെ മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദനെതിരായി പാലക്കാട്പോയി മത്സരിക്കണമെന്ന്. അത് കേള്‍ക്കുമ്പോള്‍ തന്നെ അറിയാം. ജയിക്കാനല്ല മുഖ്യമന്ത്രിക്കെതിരായി മത്സരിക്കണമെന്ന് പറയുന്നത്. നേര്‍ച്ചക്കോഴിയെന്നും ബലിയാടെന്നും പറഞ്ഞു പലരും കളിയാക്കിയിട്ടുണ്ട്. അന്ന് ഞാന്‍ പരാജയപ്പെട്ടു. പ്രസ്ഥാനം ഏല്‍പ്പിച്ച കാര്യങ്ങള്‍ ഏതായാലും സസന്തോഷം ചെയ്തിട്ടുണ്ട്. സാധ്യതയുള്ള മണ്ഡലങ്ങളില്‍ നില്‍ക്കുന്ന സ്ഥാനാര്‍ഥി എന്നതില്‍നിന്നും ജനം ഒന്നും പ്രതീക്ഷിക്കത്തില്ല. സാധ്യതയില്ലാത്ത ഇടങ്ങളിലേക്ക് കഴിവുള്ള സ്ഥാനാര്‍ഥികളെ അയച്ചാല്‍ അവിടെ സംഘടനാമികവു കണ്ടെന്നിരിക്കില്ല. അത്തരം പ്രശ്നങ്ങളാണ് അവിടെ നടക്കുന്നത്. 57 മുതലുള്ള നിയമസഭയില്‍ നോക്കിയാല്‍ കാണാം. യു.ഡി.എഫില്‍ ആയവര്‍ വീണ്ടും വീണ്ടും വരുന്നു. അവര്‍ മുപ്പതും അമ്പതും വര്‍ഷം തികയ്ക്കുന്നതിലാണ് താല്പര്യം കാട്ടുന്നത്. എന്നാല്‍ ഇടതുപക്ഷ പ്രസ്ഥാനത്തില്‍ താഴെതട്ടിലുള്ള നേതാക്കള്‍ക്ക് വരെ അവസരം നല്‍കും. ഒരു തവണയെങ്കിലും അസ്സംബ്ലിയില്‍ ഒരംഗമാകാനൊക്കെ അവസരം കൊടുക്കുന്നുണ്ട്. ഒരുപാട് ആളുകളെ കൊണ്ടുവരാനും എണ്ണം വര്‍ദ്ധിപ്പിക്കുവാനും അര്‍ഹതപ്പെട്ടവര്‍ക്ക് അവസരം നല്‍കുവാനും അവര്‍ക്ക് സാധിക്കുന്നുണ്ട്. ഒരാള്‍ തന്നെ തന്‍റെ കഴിവും മികവും മെച്ചപ്പെടുത്തി ആ മണ്ഡലത്തെ സേവിച്ച് ആളുകള്‍ക്ക് മടുക്കുന്നവരെ അവിടെ പ്രവര്‍ത്തിക്കുന്ന കീഴ് വഴക്കമാണ് കോണ്‍ഗ്രസില്‍ ഉള്ളത്. കഴിഞ്ഞതിന്‍റെ മുമ്പിലത്തെതവണ പാര്‍ലമെന്‍റിലേക്ക് രണ്ട് വനിതാ എം.പി.മാരുണ്ടായിരുന്നു. സി.എസ്.സുജാതയും പി.സതീദേവിയും .ഒരു വനിതയെ രാജ്യസഭയിലേയ്ക്ക് അയക്കാനായി. ഡോ.ടി.എന്‍.സീമയെ. ഏറിയും കുറഞ്ഞും ഇരിക്കുന്നെങ്കില്‍ പോലും താരതമ്യേന ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ വനിതകള്‍ക്കുള്ള പ്രാതിനിധ്യം കുറച്ചെങ്കിലും മെച്ചപ്പെട്ട് ചെയ്യുന്നു എന്നത് അഭിനന്ദനാര്‍ഹമാണ്.

വിദ്യാര്‍ഥി യുവജനസംഘടനയിലൂടെ കാലം പരുവപ്പെടുത്തിയ രാഷ്ട്രീയപ്രവര്‍ത്തക കൂടിയാണ് താങ്കള്‍. ക്യാമ്പസ് രാഷ്ട്രീയത്തിലൂടെ തന്നെ രാഷ്ട്രീയബോധം ഉറപ്പിക്കുന്ന തലമുറയാണ് ഇന്നത്തേത്. ഇന്ത്യയിലെ പല വിഷയങ്ങളിലും ഇവിടുത്തെ ക്യാമ്പസുകളില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളും സമരങ്ങളും യുവത്വത്തിന്‍റെ രാഷ്ട്രീയം കൃത്യമായി ഉപറയുന്നുമുണ്ട്. എങ്ങനെയാണ് ഇതിനെ നോക്കിക്കാണുന്നത്?
ഇപ്പോഴത്തെ കുട്ടികളെല്ലാം രാഷ്ട്രീയബോധമുള്ളവരാണ്. പക്ഷെ എല്ലാ രാഷ്ട്രീയകക്ഷികളും അവരെ അവരുദ്ദേശിക്കുന്ന ഒരു മേഖലയിലേയ്ക്ക് എത്തിക്കുവാന്‍ ശ്രമിക്കുന്നതില്‍പൂര്‍ണമായും വിജയിക്കുന്നില്ല. വായനയും പ്രവര്‍ത്തനവും ഹാര്‍ഡ് വര്‍ക്കും മാത്രമല്ല പുതിയ തലമുറ. അവര്‍ സ്മാര്‍ട്ട് വര്‍ക്കിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഒക്കെയാണ് ഇതില്‍ സജീവമാകുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം എപ്പോഴും സാമൂഹികപ്രവര്‍ത്തനവുമായി ഇടകലര്‍ന്നു കിടക്കണം എന്ന ചിന്താഗതിക്കാരിയാണ് ഞാന്‍. ഞാനൊക്കെ മാന്നാനം കെ.ഇ.കോളേജില്‍ പഠിക്കുമ്പോള്‍ ഒന്നാം വര്‍ഷം പ്രീഡിഗ്രിക്ക് തന്നെ എന്‍.എസ്.എസ്.വോളണ്ടിയര്‍ ആയിരിക്കുകയും ദശദിനക്യാമ്പുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ലേഡി റെപ്രസെന്‍റ് ആയി മത്സരിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ഥിനി എന്ന നിലയില്‍ ആദ്യമായി യൂണിയന്‍റെ ഭാഗമാകാന്‍ കഴിഞ്ഞു. പിന്നീട് യു.യു.സി ആയി. ഇന്ന് എന്‍.എസ്.എസ്. അന്വേഷണത്തില്‍ അറിയുന്നത് വളരെ കുറച്ചു ആളുകള്‍ മാത്രമേ അതില്‍ പങ്കെടുക്കുന്നുള്ളൂ എന്നതാണ്. അതില്‍ കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്‍റെ കൂടെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച പല നേതാക്കളുടെയും മക്കള്‍ ഇടതുപക്ഷയുവജനപ്രസ്ഥാനങ്ങളില്‍ ചിലതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ ആകര്‍ഷിക്കുന്ന എന്തെങ്കിലും അവിടെയുള്ളതുകൊണ്ടാണത്. അത് തെറ്റല്ല. ഓരോ കുട്ടികള്‍ക്കും അവരവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. ഒരുകാലത്ത് കെ.എസ്.യു.വിനെ പാവാട കെ.എസ്.യു. എന്ന് കളിയാക്കിയ കാലമുണ്ടായിരുന്നു. ഒരുപാട് പെണ്‍കുട്ടികള്‍ കെ.എസ്.യു.വിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഒരു വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ എനിക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ എനിക്ക് ആകര്‍ഷകമായ എന്തതിലുണ്ട് എന്ന് ചോദിക്കേണ്ട അവസ്ഥയാണ്. പ്രസ്ഥാനം അതിന്‍റെ ഐഡിയോളജി എന്നതിലുപരിയായി നേതാവ്, ആജ്ഞ, അനുസരിക്കല്‍ എന്നിങ്ങനെയുള്ള പ്രക്രിയയായി യുവജനസംഘടന മുതല്‍ മുതിര്‍ന്നപാര്‍ട്ടി വരെ ഇന്ന് മാറുന്നുണ്ട്. അത് ഒരു രാഷ്ട്രീയകക്ഷികള്‍ക്കും ചേര്‍ന്നതല്ല. യു.ഡി.എഫ്.പോലുള്ള പ്രസ്ഥാനങ്ങളില്‍ അത് ഏറിയിരിക്കുന്നു. അതിന്‍റെ അപചയം സ്വാഭാവികമായും കോണ്‍ഗ്രസില്‍ വന്നിട്ടുണ്ട്.

സിനിമയിലൊക്കെ നോര്‍മലൈസ് ചെയ്തുകാണിക്കുന്ന ക്ലീഷേരംഗങ്ങളാണ് അച്ഛനും മകനും തമ്മിലുള്ള രാഷ്ട്രീയവൈരുധ്യങ്ങള്‍. മകന്‍റെ രാഷ്ട്രീയത്തെ അച്ഛനും അച്ഛന്‍റെ രാഷ്ട്രീയത്തെ മകനും അവരെപ്പോലെതന്നെ സമൂഹവും അംഗീകരിക്കുന്നുണ്ട്. പെണ്‍കുട്ടികളില്‍ ഇത്തരം ആശയവ്യത്യാസങ്ങള്‍ കുടുംബങ്ങളില്‍ കാണുകയോ അത്തരത്തിലൊരു നോര്‍മലൈസേഷന്‍ സിനിമകളില്‍ പ്രോജക്റ്റ് ചെയ്യുകയോ ചെയ്തു കാണാറില്ല. അമ്മയും മകളും രാഷ്ട്രീയം സംസാരിക്കുന്ന രംഗങ്ങള്‍ അംഗീകരിക്കുവാന്‍ പൊതുബോധം തയ്യാറല്ല. പെണ്ണുങ്ങളുടെ രാഷ്ട്രീയത്തെ ‘കെട്ടുന്നത് വരെ അച്ഛന്‍റെ പാര്‍ട്ടി, കെട്ടിക്കഴിഞ്ഞാല്‍ കെട്ട്യോന്‍റെ പാര്‍ട്ടി’ എന്ന് പറഞ്ഞു കളിയാക്കാറുണ്ട്. സ്ത്രീകളുടെ രാഷ്ട്രീയബോധത്തെകുറിച്ചുള്ള സമൂഹത്തിന്‍റെ ഈ കാഴ്ച്ചപ്പാടിനോട് സ്ത്രീ എന്ന നിലയില്‍ എങ്ങനെ പ്രതികരിക്കുന്നു?
സാക്ഷരസുന്ദരകേരളം അത്തരമൊരു അവസ്ഥയിലേയ്ക്ക് സ്ത്രീകളെ ഇന്നും എത്തിച്ചിട്ടില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. വളരെ അപൂര്‍വ്വം ചില പെണ്‍കുട്ടികള്‍ മാത്രമേ അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടുള്ളൂ. അത്തരം പെണ്‍കുട്ടികളെ എനിക്കറിയാം. അച്ഛന്‍ കോണ്‍ഗ്രസിലും മകള്‍ സി.പി.എമ്മിലും പ്രവര്‍ത്തിക്കുന്ന പല കുടുംബങ്ങളും ഉണ്ട്. എതിര്‍ക്കുന്നവരോട് ചെറുത്തു നില്‍ക്കാന്‍ കെല്‍പ്പുള്ള പെണ്‍കുട്ടികളുണ്ട്. ഏതു പ്രസ്ഥാനത്തിലായാലും നിലപാടെടുത്തു നില്‍ക്കുന്ന അവരെയെല്ലാം മനസ്സുകൊണ്ട് ഞാന്‍ അഭിനന്ദിക്കാറുണ്ട്. പക്ഷെ അത്തരമൊരു കാഴ്ച സര്‍വസാധാരണമായി കേരളത്തില്‍ ഇന്നും വന്നിട്ടില്ല എന്നുള്ളത് വലിയ ഒരു സത്യം തന്നെയാണ്. യു.ഡി.എഫില്‍ ഇരുന്ന കാലത്തും ഞാന്‍ വനിതകള്‍ക്ക് വേണ്ടി ശബ്ദിക്കാറുണ്ടായിരുന്നു. പക്ഷെ അന്നെല്ലാം അത് ഭാരവാഹികളില്‍ ഒരാളുടെ ശബ്ദം മാത്രമായിരുന്നു. മൂന്നു വര്‍ഷമായി മഹിളാകോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തിരുന്നു ഞാന്‍ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയപ്പോള്‍ പാര്‍ട്ടിക്കകത്തിരുന്ന പലര്‍ക്കും ഇഷ്ടമായില്ല. യു.ഡി.എഫില്‍ ഗൗരിയമ്മ പോയതില്‍ പിന്നെ വനിതാ സാന്നിധ്യം ഇല്ല. ഒരു വനിത വേണ്ടേ എന്ന് ചോദിക്കുമ്പോള്‍ പണ്ട് മുതല്‍ക്കേ ആണുങ്ങളാണ് എന്ന് പറയും. പാര്‍ട്ടിയുടെ മേല്‍തലങ്ങളിലേയ്ക്ക് വനിതകളെ കൊണ്ടുവരുന്നതില്‍ അവര്‍ വിജയിക്കാറില്ല. പുനസംഘടന വന്നപ്പോള്‍ കെ.പി.സി.സി.യുടെ ഭാരവാഹികളില്‍ ധാരാളം പുരുഷന്മാര്‍ക്കൊപ്പം ഒരേയൊരു വനിതമാത്രമാണുണ്ടായിരുന്നത്. കെ.പി.സി.സി. സെക്രട്ടറിമാര്‍ 15 പേരുണ്ടായിരുന്നു. ഓള്‍ ഇന്ത്യ കമ്മിറ്റിയില്‍ ഞാന്‍ വിയോജിപ്പും പ്രതിഷേധവും അറിയിച്ചു. പത്രസമ്മേളനം നടത്തി. അന്ന് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്‍ എനിക്ക് താക്കീത് നല്‍കി. പരസ്യപ്രസ്താവന പാടില്ല എന്ന് പറഞ്ഞു. പിന്നീട് ഷാനിമോള്‍ ഉസ്മാന്‍ പാര്‍ലമെന്‍റില്‍ പരാജയപ്പെട്ടപ്പോള്‍ ഉടന്‍തന്നെ മഹിളാകോണ്‍ഗ്രസില്‍ ഒരു പ്രമേയം അവതരിപ്പിച്ചു. അരൂര്‍ എം.എല്‍.എ എം.പി. ആയതിനെതുടര്‍ന്ന് മഹിളാകോണ്‍ഗ്രസ് ബൈഇലക്ഷനില്‍ ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ഥിയാക്കണം. അല്ലാതെയും സാഹചര്യങ്ങളുണ്ടായിരുന്നു. അവര്‍ക്ക് അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ പാര്‍ലമെന്‍റ് ഇലക്ഷന് ഭൂരിപക്ഷവും ഉണ്ടായിരുന്നു.
ഈ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ 20ശതമാനം സീറ്റ് വനിതകള്‍ക്ക് വേണം എന്ന് ഞാന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും അസ്വസ്ഥത കൂടി വരുന്നുണ്ടായിരുന്നു. കഴിഞ്ഞ തവണ ഷാനിമോളെ മാത്രമേ ജയിപ്പിക്കാനായുള്ളൂ. അതുകൊണ്ട് തന്നെ ഞാന്‍ വനിതകളുടെ ഒരു ലിസ്റ്റ് കൊടുത്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുശേഷം കേരളം മുഴുവന്‍ സന്ദര്‍ശിച്ചപ്പോള്‍ സ്ത്രീകള്‍ വളരെ സങ്കടത്തോടുകൂടിയാണ് എന്നോട് സംസാരിച്ചത്. അവരുടെ സ്വന്തം വാര്‍ഡില്‍ വനിതാ സീറ്റ് വരുമ്പോള്‍ പതിനഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അവരെ മത്സരിപ്പിക്കാതെ പ്രാദേശിക നേതാക്കള്‍ അവര്‍ക്ക് താല്‍പ്പര്യമുള്ള ആളുകളെ അവിടെ മത്സരിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും നല്ല പ്രവര്‍ത്തനം കാഴ്ച വെച്ചവരെയും അര്‍ഹിക്കുന്നവരെയും മാറ്റി നിര്‍ത്തുകയാണ് അവിടെ ചെയ്യുന്നത്. ഇത്രയും കാലം പ്രവര്‍ത്തിച്ച സ്ത്രീകളെ ഒരു സാഹചര്യം കിട്ടുമ്പോള്‍ ഒന്ന് പിന്തുണയ്ക്കുക പോലും ചെയ്യാന്‍ കഴിയാത്ത പുരുഷ നേതൃത്വമാണ് അവിടെയുള്ളത്. സീറ്റ് കൊടുത്തെന്നു വരുത്തിതീര്‍ക്കാന്‍ എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീക്ക് പതിനൊന്നാം വാര്‍ഡില്‍ സീറ്റ് നല്‍കും. ഒന്നെങ്കില്‍ തോല്‍പ്പിക്കുകയോ അല്ലെങ്കില്‍ തോല്‍ക്കുന്ന സാഹചര്യത്തിലേക്ക് കൊണ്ടെത്തിക്കുകയോ ചെയ്യും. ഇവരുടെ റബ്ബര്‍സ്റ്റാമ്പാകാന്‍ അവര്‍ക്ക് കഴിയില്ലല്ലോ. അതാണ് കാരണം. ഇത്തരത്തില്‍ ജയിച്ചവരേയും തോറ്റവരെയും സീറ്റ് കിട്ടിയവരെയും കിട്ടാത്തവരേയും ഭാരവാഹികളേയും വിളിച്ചുകൂട്ടി പതിന്നാലു ജില്ലകളിലും ഏഴുദിവസംകൊണ്ട് കടന്നു ചെന്ന് സങ്കടം പറഞ്ഞവരോട് നിങ്ങളെ കേള്‍ക്കാന്‍ ഞാന്‍ 8 മണിക്ക് ശേഷം എന്താണെങ്കിലും തയ്യാറാണെന്ന് പറഞ്ഞു. എത്രപേരാണ് സങ്കടം പറഞ്ഞതെന്ന് അറിയാമോ? ഇങ്ങനെയൊക്കെയുള്ള പല കാരണങ്ങളാണ് എന്‍റെ ഈ നിലപാടിന് കാരണമായത്. ഒരു പെണ്‍കുട്ടിക്ക് നിലപാട് പറയാന്‍ സിനിമയുടെ പ്രമേയം പോലും അനുവദിക്കാത്ത സാഹചര്യമാണ് ഉള്ളത്. ഒരുപാട് പേര് സ്ത്രീകള്‍ക്കനുകൂലമായി രംഗത്ത് വരുന്നുണ്ട്. നിരവധി പ്രസ്ഥാനങ്ങളും ഇന്ന് സമൂഹത്തിലുണ്ട്. എന്‍റെ തിരഞ്ഞെടുപ്പിന്‍റെ സമയത്ത് എനിക്ക് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നല്‍കിയവരുണ്ട്. അതില്‍ പ്രധാനമാണ് (ംീാലി ളീൃ ുീഹശശേരമഹ ഷൗശെേരല )എന്ന സംഘടന.

തലമൊട്ടയടിച്ചത് വൈകാരികമായ തീരുമാനമായിരുന്നോ?
പെട്ടെന്നുള്ള ഒരു വൈകാരികത ആയിരുന്നില്ല അത്. മാര്‍ച്ച് 8ാം തിയതി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശ്രീ എ.കെ. ആന്‍റണിയെ വിളിച്ചു. കേരളാ കോണ്‍ഗ്രസ് (എം) പോയി എന്നും. കോണ്‍ഗ്രസ് അത് പിടിക്കുമെന്നും പറയുന്നുണ്ടായിരുന്നു. പലരും ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഞാനുണ്ടെങ്കില്‍ അത് തടസ്സമാകുമെന്നവര്‍ ചിന്തിച്ചു. ഞാന്‍ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആളാണ്. പ്രസ്ഥാനത്തിനായി ഓടിപ്പോയി നില്‍ക്കുകയും തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രാദേശികമായി നില്‍ക്കുക എന്നാല്‍ സ്വന്തം നാടിനെ സ്നേഹിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള ആഗ്രഹം കൂടിയാണ്. നമ്മള്‍ അറിയുന്ന നമ്മളെ അറിയുന്ന ഒരു മണ്ണില്‍ നമുക്ക് ഔദ്യോഗികമായിട്ടുള്ള ഒരു സ്ഥാനാര്‍ഥിത്വം കിട്ടിയാല്‍ തീര്‍ച്ചയായും മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ നമുക്ക് സാധിക്കും. അതുകൊണ്ടാണ് ഞാന്‍ ഏറ്റുമാനൂര്‍ ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ തന്നെ അവര്‍ ആലോചിക്കുന്നത് ആരൊക്കെ മന്ത്രിമാരാകണം ആര് മുഖ്യമന്ത്രിയാകണം അതിനാരൊക്കെയാണ് തടസ്സം നില്‍ക്കുന്നത് അവരുടെ പേര് വെട്ടാം എന്നൊക്കെയാണ്. അത്തരം ചതുരംഗ കളികള്‍ ചെയ്യാത്ത ആളാണ് ഞാന്‍. നമ്മള്‍ ജനങ്ങള്‍ക്കിടയില്‍ പൊതുജനസേവനം നടത്തുന്നു. അതിന്നിടയില്‍ പ്രസ്ഥാനം നല്‍കുന്ന ഭാരവാഹിത്വങ്ങള്‍ ഭംഗിയായിട്ട് നടത്തണം എന്നതിനപ്പുറം മറ്റൊന്നും ചിന്തിക്കുന്നില്ല. ഈ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ഞാന്‍ എ.കെ.ആന്‍റണി സാറിനോട് പറഞ്ഞു. എല്ലാ തവണയും യൂത്ത്കോണ്‍ഗ്രസിനും കെ.എസ്.യു.വിനും മഹിളാ കോണ്‍ഗ്രസിനും സീറ്റ് നല്‍കുന്നതാണ്. ഇത്തവണയും അതുണ്ടാകുമെന്നു വിചാരിക്കുന്നു. എന്നെ സംബന്ധിച്ച് എന്‍റെ നാട് എനിക്ക് തരണമെന്നു പറഞ്ഞു. എന്നിട്ടും മഹിളാകോണ്‍ഗ്രസ് അധ്യക്ഷക്ക് സീറ്റ് കിട്ടിയില്ലെങ്കില്‍ എന്‍റെ സഹപ്രവര്‍ത്തകരോട് നാളെ ഞാന്‍ എന്ത് പറയും? ഇതിന്നകത്തു ഇത്രയും നാള്‍ പ്രവര്‍ത്തിച്ച ഒരാളെപോലും പരിഗണിച്ചില്ല എങ്കില്‍ ആ അവഗണനക്കെതിരേ തീര്‍ച്ചയായും ഞാന്‍ കടുത്ത നിലപാട് എടുക്കും. കെ.പി.സി.സി ഓഫീസിന്‍റെ പുറത്തിറങ്ങി ഞാന്‍ തല മുണ്ഡനം ചെയ്തു ഉത്തരവാദിത്വങ്ങള്‍ രാജി വയ്ക്കുകയാണെന്നു ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അതുപോലെ തന്നെ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനെ പതിനൊന്നാം തിയതി വിളിച്ചു ഇതുപോലെ തന്നെ പറഞ്ഞു. അദ്ദേഹം ‘ ഞാന്‍ വിളിച്ചോളാം’ എന്ന് പറഞ്ഞു. പിന്നീട് അദ്ദേഹവും എന്നെ വിളിച്ചിട്ടില്ല. ‘മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെന്ന നിലയില്‍ നിങ്ങളുടെ പേര് എവിടെയും ഉള്‍ക്കൊള്ളിക്കുവാന്‍ സാധിക്കയില്ല. അതുകൊണ്ട് ഇത്തരമൊരു നടപടി സ്വീകരിക്കരുത്. നമുക്ക് വനിതകളെ അംഗീകരിക്കുവാനായുള്ള നടപടി കൈക്കൊള്ളണം.’ ഇങ്ങനെയുള്ള ഏതെങ്കിലും ഒരു വാക്ക് എന്നോട് പറയാമായിരുന്നു. അദ്ദേഹം സ്ഥാനാര്‍ത്ഥിപട്ടിക വായിച്ചപ്പോള്‍ മാത്രമാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഇന്നയിന്ന സ്ഥാനാര്‍ഥികളാണെന്നു എനിക്കറിയാന്‍ സാധിച്ചത്. അപ്പോള്‍ ഈ രണ്ട് നേതാക്കളും എന്‍റെ വാക്കുകള്‍ പരിഗണിച്ചില്ല എന്ന് മാത്രമല്ല അതിശക്തമായി അവഗണിക്കുകയും ചെയ്തു. അതുകൊണ്ടാണ് തല മുണ്ഡനം ചെയ്തത്. അല്ലാതെ ഒരാവേശത്തിന്‍റെ പേരിലായിരുന്നില്ല.
കെ.ആര്‍.ഗൗരിയമ്മ പോയതിനു ശേഷം യു.ഡി.എഫില്‍ ഒരു വനിതാ നേതാവ് അംഗമായില്ല. പകരം ഒരു വനിതയെ വെയ്ക്കാന്‍ ഞാനഭിപ്രായപ്പെട്ടു.. പ്രകടനപത്രിക തയ്യാറാക്കുന്ന കമ്മിറ്റിയില്‍ പോലും വനിതാ അംഗങ്ങള്‍ ആരും ഉണ്ടായിരുന്നില്ല. പഴയ വിഷ്വല്‍സ് നോക്കൂ. ഒരു വനിത പോലും അതില്‍ ഇല്ല. തയ്യാറാക്കുന്ന കമ്മിറ്റിയില്‍ പോലും ഇല്ല. മഹിളാകോണ്‍ഗ്രസ് അധ്യക്ഷയെന്ന നിലയില്‍ യു.ഡി.എഫ്. വനിതകളുടെ ചെയര്‍പേഴ്സണ്‍ ആയിരുന്നു ഞാന്‍. യു.ഡി.എഫിലെ മെയിന്‍ കമ്മിറ്റിയില്‍ ഒരു വനിതയുമില്ല. ഷാനിമോളുണ്ട്, വൈസ് പ്രസിഡന്‍റുമാരുണ്ട്. ഇവരില്‍ ആരെയെങ്കിലുമൊക്കെ ആ കമ്മിറ്റിയില്‍ വെയ്ക്കണ്ടേ? ഈ തീരുമാനങ്ങളെല്ലാം ഞങ്ങളുള്‍പ്പെടെ ബാക്കിയുള്ളവര്‍ പത്രത്തില്‍ നിന്നുമാണ് അറിയുന്നത്. പകുതിയിലധികം വരുന്ന ഒരു വിഭാഗത്തിന്‍റെ കാര്യം ഐക്യജനാധിപത്യ മുന്നണി എന്ത് ചര്‍ച്ചചെയ്തുവെന്ന് അറിയാന്‍ ഇതിന്നകത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലും മാധ്യമങ്ങളാണ് ആശ്രയം. പ്രകടനപത്രിക പ്രകാശനം ചെയ്ത ചടങ്ങിനു പോലും കെ. പി.സി.സിയുടെ ഓഫീസിലെ രണ്ട് വനിതാ ജീവനക്കാരെയെങ്കിലും ആ ഫോട്ടോ എടുത്ത സമയത്ത് ഉള്‍പ്പെടുത്താന്‍ അവര്‍ക്ക് തോന്നിയില്ല. ഞാനിത് പലരോടും ചോദിച്ചു. നമ്മള്‍ പലര്‍ക്കും അനഭിമതയാകുന്നത് ഇതുകൊണ്ട് കൂടിയാണ്. പ്രസ്ഥാനത്തിന് അപമാനകരമാകണ്ടല്ലോ എന്നോര്‍ത്ത് പലരും ഇതൊന്നും തുറന്നു പറയുന്നില്ല. ചിലപ്പോള്‍ ഇത് കടുത്ത നിലപാടായിരിക്കാം. പ്രസ്ഥാനത്തിനകത്തോ പുറത്തോ അനഭിമതമായ ഒരു കാര്യവും ഞാന്‍ ചെയ്തിട്ടില്ല. എന്‍റെ പ്രതിഷേധത്തിനായി സ്വീകരിച്ച സമയം, സ്ഥലം, സാഹചര്യം എന്നിവ അതിന്നകത്തു നില്‍ക്കുന്നവര്‍ക്ക് ബുദ്ധിമുട്ടായിരിക്കാം. പക്ഷെ നമ്മുടെ കാലിലുണ്ടാകുന്ന വ്രണം പൊട്ടിച്ചു വിടേണ്ടുന്ന സമയത്ത് അത് പൊട്ടിക്കുക തന്നെ ചെയ്യണം. ഇങ്ങനൊക്കെ ചെയ്തു കഴിഞ്ഞാലുള്ള അവസ്ഥയറിയാമല്ലോ. മൂന്ന് മാസമായി ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിക്കകത്ത് ഒറ്റപ്പെട്ടു നില്‍ക്കുകയായിരുന്നു. എന്‍റെ ഈ നിലപാടിന് ശേഷം ശോഭാ സുരേന്ദ്രന് വളരെപെട്ടെന്ന് കഴക്കൂട്ടത്ത് സീറ്റ് കിട്ടി. കെ.കെ.രമക്കും വളരെപെട്ടെന്ന് തന്നെ സീറ്റ് കിട്ടുന്നു. ആറു സീറ്റുകള്‍ ഒഴിച്ചിട്ടിട്ടാണ് കോണ്‍ഗ്രസ് അവസാനം പ്രഖ്യാപനം നടത്തുന്നത്. ആ ആറു സീറ്റില്‍ ഒരെണ്ണം വനിതയ്ക്ക് കിട്ടി. വട്ടിയൂര്‍ക്കാവില്‍ വീണ എസ്.നായര്‍ക്ക്. ഇവിടെയെല്ലാം ആണുങ്ങള്‍ ക്യൂ നില്‍ക്കുകയല്ലേ? എന്‍റെ സംഭവം ഉണ്ടായിരുന്നില്ലാ എങ്കില്‍ സ്വാഭാവികമായും അവിടെയും ഏതെങ്കിലും ഒരു പുരുഷന്‍ മത്സരിച്ചേനേ.

സ്ത്രീകള്‍ തങ്ങളുടെ പങ്കാളിത്തം പൊതുഇടങ്ങളിലും ഭരണനിര്‍വഹണത്തിലും സാമ്പത്തികമേഖലയിലും നിയമനിര്‍മാണത്തിലും തുടങ്ങി വിവിധ മേഖലകള്‍ ആവശ്യപ്പെടുന്ന കാലം കൂടിയാണ്. ഇതെല്ലം ഉള്‍ക്കൊള്ളാന്‍ പ്രാപ്തമായ ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രം ഇന്നില്ല. ഒരു കാലഘട്ടത്തില്‍, അന്നത്തെ സാമൂഹികസാഹചര്യങ്ങളില്‍ രൂപീകൃതമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്രത്തിന്‍റെ പൊളിച്ചെഴുത്ത് ഇന്നിന്‍റെ രാഷ്ട്രീയത്തില്‍ അത്യധികം ആവശ്യമായി തോന്നുന്നില്ലേ?
കാലാകാലങ്ങളില്‍ ആചാരാനുഷ്ഠാനങ്ങളില്‍ പോലും അവധാനതയോടെ മാറ്റം വരുത്തുന്നില്ലേ? അത്തരത്തില്‍ കാലഹരണപ്പെട്ടു എന്ന് തോന്നുന്നത് ധൈര്യത്തോടെ പൊളിച്ചെഴുതുക തന്നെ ചെയ്യണം.

 

 

 

 

 

മേഹന സാജന്‍
മദ്രാസ് സര്‍വകലാശാല രണ്ടാം വര്‍ഷം മലയാള ബിരുദാനന്തര
ബിരുദ വിദ്യാര്‍ത്ഥിനി

COMMENTS

COMMENT WITH EMAIL: 0