Homeചർച്ചാവിഷയം

സ്ത്രീകള്‍ നേതൃപദവിയിലെത്തുമ്പോള്‍

ജെന്‍ഡര്‍ മാറുമ്പോള്‍ അധികാരത്തിനും നേതൃത്വപദവിക്കും എന്ത് മാറ്റമാണ് സംഭവിക്കുക എന്ന ചോദ്യമായിരിക്കും സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ക്ക് ഒരുപക്ഷേ കൂടുതലും കേള്‍ക്കേണ്ടിവന്നിരിക്കുക. സ്ത്രീകള്‍ രാഷ്ട്രീയ-സാമൂഹ്യ നയരൂപീകരണങ്ങളുടെ നേതൃത്വത്തിലെത്തുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് കഴിഞ്ഞ ദശകങ്ങളില്‍ ഒട്ടേറെ പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. പല പഠനങ്ങളും എടുത്ത് പറയുന്ന പ്രധാന കാര്യം സ്ത്രൈണരാഷ്ട്രീയം എങ്ങനെ പരമ്പരാഗതമായ രാഷ്ട്രീയമുന്‍ഗണകളെ മാറ്റിമറിക്കുന്നു എന്ന കാര്യമാണ്. രാഷ്ട്രീയം എങ്ങനെ കൂടുതല്‍ സഹകരണത്തിന്‍റെ, ഉള്‍ക്കൊള്ളലിന്‍റെ, ജനാധിപത്യവല്‍ക്കരണത്തിന്‍റെ വേദിയാകുന്നു എന്നതിനെക്കുറിച്ചാണ്. പ്രത്യുല്‍പാദനം, ജന്‍ഡര്‍ അസമത്വങ്ങള്‍, ആരോഗ്യപരിപാലനം എന്നിവയെല്ലാം രാഷ്ട്രീയവിഷയങ്ങളായി മാറുന്ന രാഷ്ട്രീയത്തിന്‍റെ തന്നെ രൂപാന്തരപ്രാപ്തിയെക്കുറിച്ചാണ് അത്തരം പഠനങ്ങള്‍ സംസാരിക്കുന്നത്. യുദ്ധ, സൈനിക വിജയങ്ങളെ കേന്ദ്രീകരിച്ച ആണ്‍ രാഷ്ട്രീയത്തില്‍ നിന്നുള്ള സൂക്ഷ്മരാഷ്ട്രീയത്തിന്‍റെ വിച്ഛേദനത്തിന്‍റെ ചരിത്രം കൂടിയാണത്. ജന്‍ഡര്‍ വിവേചനത്തിലധിഷ്ഠിതമായ അധികാരശ്രേണിയുടെ ഉയര്‍ന്ന സ്ഥാനങ്ങളിലേക്കുള്ള സ്ത്രൈണരാഷ്ട്രീയത്തിന്‍റെ കടന്നുവരവ്, ആണധികാരത്തിന്‍റെ അധീനതയില്‍ നിന്നുള്ള സ്ത്രീകളുടെ മോചനത്തിന് കാരണമായേക്കാവുന്ന രാഷ്ട്രീയ ഇടപെടലുകളായി കണക്കാക്കുന്നതും അതിനാലാണ്. പൊതു-സ്വകാര്യ ഇടങ്ങളിലെ ജന്‍ഡര്‍ തുല്യത എത്രമാത്രം പ്രധാനമാണോ അത്രയും തന്നെ പ്രധാനമാണ് രാഷ്ട്രീയത്തിലെ ജന്‍ഡര്‍ തുല്യതയും.

‘Her wings are clipped’ എന്നെഴുതിയത് സ്ത്രീവാദിയും സൈദ്ധാന്തികയും ‘ദ സെക്കന്‍ഡ് സെക്സ് ‘ എന്ന കൃതിയുടെ രചയിതാവുമായ സിമോണ്‍ ദി ബുവ്വയാണ്. സ്ത്രീകളുടെ രാഷ്ട്രീയചിറകുകളെ നൂറ്റാണ്ടുകളോളും കെട്ടിയിടുകയാണ് ആണധികാരം ചെയ്തത്. അപൂര്‍വ്വമായി മാത്രം ചില സ്ത്രീ പോരാളികള്‍ ഉയര്‍ന്നുവരും പക്ഷേ, അവര്‍ അപൂര്‍വ്വങ്ങള്‍ മാത്രമാണ്. ഭരണം ആണുങ്ങളുടെ കാര്യമാണെന്ന പൊതുബോധം തന്നെയാണ് ഇപ്പോഴും നമ്മുടേതുപോലുള്ള സമൂഹങ്ങളെ ഭരിച്ചുകൊണ്ടിരിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിലാണ് വികസിത രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലുമായി പരമ്പരാഗതമായ ആണ്‍ രാഷ്ട്രീയധാരണകള്‍ പതുക്കെയെങ്കിലും മാറാന്‍ ആരംഭിച്ചത്. ഗ്രോ ഹാര്‍ലം ബ്രന്‍ഡ്ലാന്‍റ് മുതല്‍ ബേനസീര്‍ ബുട്ടോവരെ, ഗോള്‍ഡാ മെയര്‍ മുതല്‍ ആംഗല മെര്‍ക്കറും ജസിന്ത ആര്‍ഡേണും വരെ സ്ത്രീ രാഷ്ട്രതലവന്‍മാരുടെ ആ നിര നീണ്ടുകിടക്കുന്നു. അതില്‍ ചുരുക്കം ചിലരെക്കുറിച്ചുള്ള വിവരങ്ങള്‍ താഴെ പങ്കുവെയ്ക്കുന്നു.

സിരിമാവോ ബണ്ഡാരനായ കെ.

 

 

 

 

 

 

 

 

ശ്രീലങ്കയുടെ മുന്‍ പ്രധാനമന്ത്രിയായിരുന്നു സിരിമാവോ ബണ്ഡാരനായകെ. പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യ വനിതയാണ് സിരിമാവോ. മൂന്നു പ്രാവശ്യം അവര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി. ശ്രീലങ്കന്‍ പാര്‍ട്ടി നേതാവായിരുന്ന മുന്‍ പ്രധാനമന്ത്രി എസ്.ഡബ്ല്യൂ.ആര്‍.ഡി. ബണ്ഡാരനായകെയുടെ പത്നി ആയിരുന്നു സിരിമാവോ. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയില്‍ നിന്നും പിരിഞ്ഞ് ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി രൂപീകരിച്ച സോളമന്‍ ബണ്ഡാരനായകെ 1956ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രധാനമന്ത്രിയായി. ഇടതുപക്ഷ നയങ്ങള്‍ സ്വീകരിച്ച അദ്ദേഹത്തെ 1959ല്‍ ഒരു ബുദ്ധഭിക്ഷു കൊലപ്പെടുത്തി. തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പില്‍ ഫ്രീഡം പാര്‍ട്ടി പരാജയപ്പെട്ടു. തുടര്‍ന്ന് സിരിമാവോയുടെ നേതൃത്വത്തില്‍ ജൂലൈയില്‍ പാര്‍ട്ടി വിജയിച്ചു.

ആദ്യ സിരിമാവോ സര്‍ക്കാര്‍ ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍, പള്ളിയുടെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങള്‍ എന്നിവ ദേശസാല്‍ക്കരിച്ചു. ഇംഗ്ലീഷിനു പകരം സിംഹളയെ ഭരണഭാഷയാക്കി. പക്ഷേ, ഇത് തമിഴരുമായുള്ള ബന്ധം മോശമാക്കി. രണ്ടാം തവണ പുതിയ ഭരണഘടന നിലവില്‍ കൊണ്ടുവരികയും രാജ്യത്തെ ഏറ്റവും വലിയ പത്രമായ ‘ലേക്ക് ഹൗസ് ‘ ദേശസാത്കരിക്കുകയും ചെയ്തു. 1971-ല്‍ തീവ്ര ഇടതുപക്ഷ സംഘടനയായ ജനതവിമുക്തി പെരമുണയുമായുണ്ടായ ആഭ്യന്തരകലഹത്തില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. 1994 ല്‍ സിരിമാവോയുടെ മകള്‍ ചന്ദ്രിക കുമാരതുംഗെയാണ് പ്രധാനമന്ത്രിയായത്. അതേ വര്‍ഷം ചന്ദ്രിക രാഷ്ട്രപതിയായപ്പോള്‍ സിരിമാവോ അവസാനമായി (19942000) പ്രധാനമന്ത്രിയുമായി. 2000-ലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത അതേ ദിവസം ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി അന്തരിച്ചു.

ഗോള്‍ഡാ മെയര്‍

 

 

 

 

 

 

 

 

1898 ലെ ജനനം മുതല്‍ 1978 ഡിസംബറില്‍ ജറുസലേമില്‍ വെച്ചുള്ള മരണം വരെ, പൊതുരാഷ്ട്രീയ ജീവിതത്തോടുള്ള പ്രതിബദ്ധത, ലിംഗസമത്വം, ജൂതസ്വത്വം തുടങ്ങിയ മൂന്നു ചിന്താധാരകളാണ് പ്രധാനമായും ഗോള്‍ഡാ മെയറുടെ ജീവിതത്തിലുണ്ടായിരുന്നത്.
ഒരു ഇസ്രായേലി അദ്ധ്യാപികയും രാഷ്ട്രീയ പ്രവര്‍ത്തകയുമായിരുന്നു ഗോള്‍ഡാ മെയര്‍. ഇസ്രയേലിന്‍റെ തൊഴില്‍ മന്ത്രി, വിദേശകാര്യ മന്ത്രി എന്നീ പദവികള്‍ക്കു ശേഷം 1969 മാര്‍ച്ച് 17 ന് ഇസ്രായേലിന്‍റെ ആദ്യ പ്രധാനമന്ത്രിയായി അധികാരമേറ്റു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഗോള്‍ഡ മെയര്‍ സയണിസ്റ്റ് ലക്ഷ്യത്തിന്‍റെ പൂര്‍ണ്ണ വക്താവായിരുന്നു. 1948-ല്‍ അവര്‍ ഇസ്രയേലിന്‍റെ സ്വാതന്ത്ര്യപ്രഖ്യാപനത്തില്‍ ഒപ്പുവെക്കുകയും മോസ്കോയില്‍  നയതന്ത്രപ്രതിനിധിയായി നിയമിക്കപ്പെടുകയും ചെയ്തു. മികച്ച നയതന്ത്രജ്ഞയായ അവര്‍ മിഡില്‍ ഈസ്റ്റില്‍ ഒരു സമാധാന ഒത്തുതീര്‍പ്പിനായി ശ്രമം നടത്തി. പക്ഷേ, 1973 ഒക്ടോബറില്‍ യോം കിപ്പര്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാല്‍ അറബ് രാജ്യങ്ങളുമായി സമാധാനം സ്ഥാപിക്കാനുള്ള ശ്രമം വിജയിച്ചില്ല.

ബേനസീര്‍ ഭൂട്ടോ

 

 

 

 

 

 

 

 

1988 ഡിസംബറില്‍ ബേനസീര്‍ ഭൂട്ടോ ആദ്യമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒരു ആധുനിക മുസ്ലീം രാഷ്ട്രത്തിന്‍റെ ആദ്യത്തെ വനിതാ നേതാവ് കൂടിയാവുകയായിരുന്നു അവര്‍. സൈന്യത്തിന്‍റെയും യാഥാസ്ഥിതിക മുസ്ലീംകളുടെയും ആധിപത്യമുള്ള പാക്കിസ്ഥാന്‍റെ ചരിത്രത്തില്‍ ബേനസീറിന്‍റെ അധികാരത്തിലേക്കുള്ള ഉയര്‍ച്ച ശ്രദ്ധേയമാണ്. സര്‍ക്കാരിനെതിരായി പരസ്യവിമര്‍ശനങ്ങള്‍ ശീലിച്ചിട്ടില്ലായിരുന്ന മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും ബേനസീര്‍ കൂടുതല്‍ അഭിപ്രായസ്വാതന്ത്ര്യം നല്‍കി. പക്ഷേ, ഇത്തരത്തില്‍ രൂപപ്പെട്ട പുതിയ ആശയ അന്തരീക്ഷം, ഭരണപക്ഷത്തെ നിയന്ത്രണങ്ങളില്ലാതെ വിമര്‍ശിക്കാന്‍ പ്രതിപക്ഷം ഉപയോഗിച്ചു. അവരുടേതെന്ന് ചൂണ്ടിക്കാണിക്കാവുന്ന പ്രധാന നേട്ടങ്ങള്‍ ഇവയായിരുന്നു – വധശിക്ഷക്ക് വിധിക്കപ്പെട്ട എല്ലാ വനിതാ തടവുകാരുടെയും ശിക്ഷ ഇളവു ചെയ്തു ജീവപര്യന്തമാക്കി ചുരുക്കി , വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെയും ട്രേഡ് യൂണിയനുകളുടെയും വിലക്ക് നീക്കി, പാക്കിസ്ഥാനെ കോമണ്‍വെല്‍ത്ത് സഖ്യത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. എന്നാല്‍ സോഷ്യലിസ്റ്റുകാരനായ പിതാവ് ദേശസാല്‍ക്കരിച്ച ബാങ്കുകളും വ്യവസായ സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിക്കാനുള്ള പ്രക്രിയയും അവര്‍ ആരംഭിച്ചു. സ്ത്രീകള്‍ക്കു വേണ്ടി ബാങ്കുകളൂം പോലീസ് സ്റ്റേഷനുകളും സ്ഥാപിക്കുകയും വനിതാ ജഡ്ജിമാരെ നിയമിക്കുകയും ചെയ്തു. പക്ഷേ, സ്വന്തം നേതൃത്വശൈലിയിലെ അപാകതയും ഭരണകാലത്തെ അഴിമതിയും ഉള്‍പ്പെടെ അവര്‍ തന്നെ നിര്‍മ്മിച്ചെടുത്ത തടസ്സങ്ങള്‍ നിരവധിയായിരുന്നു. എങ്കിലും സൈന്യത്തിന്‍റെ അടിച്ചമര്‍ത്തലിനെതിരെ പോരാടുന്നതിന് പ്രതിജ്ഞാബദ്ധമായ ഒരു ലിബറല്‍ ഡെമോക്രാറ്റ് എന്ന നിലയില്‍ അവര്‍ക്ക് പാശ്ചാത്യ രാജ്യങ്ങളുടെ ഇടയില്‍ വലിയ പ്രശസ്തിയുണ്ടായിരുന്നു. ഒരു രാഷ്ട്രീയ നേതാവെന്ന നിലയിലുള്ള മുന്നേറ്റത്തിന് പാക്കിസ്ഥാന്‍ സൈന്യം എപ്പോഴും ശക്തമായ തടസ്സമായിരുന്നു. ബേനസീറിന്‍റെ ദേശീയതയിലൂന്നിയ വൈകാരികപ്രസംഗങ്ങളോ പ്രവര്‍ത്തനങ്ങളോ സൈന്യത്തിന്‍റെ വിശ്വാസം പിടിച്ചുപറ്റാന്‍ ഉതകുന്നതായിരുന്നില്ല. ഇന്‍റര്‍ സര്‍വ്വീസ് ഇന്‍റലിജന്‍സിനെ ഉപയോഗിച്ചുകൊണ്ട് ബൂട്ടോയുടെ തിരഞ്ഞെടുപ്പിനെ തടയാനും സര്‍ക്കാരിനെ അട്ടിമറിക്കാനും സൈന്യം ശ്രമിച്ചിരുന്നു.
2007-ലെ ഇലക്ഷന്‍ പ്രചാരണത്തിനിടെ രാജ്യത്തെ പിന്തിരിപ്പന്‍ ശക്തികള്‍ക്കു ഭീഷണിയായിരുന്ന ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടു.

ഓങ് സാന്‍ സൂ ചി

 

 

 

 

 

 

 

 

1945 ജൂണില്‍ ബര്‍മയിലെ സ്വാതന്ത്ര്യസമരപോരാളിയും ആധുനിക ബര്‍മയുടെ പിതാവുമായ ജനറല്‍ ഓങ് സാന്‍റെയും മാ കിന്‍ ചിയുടെയും മകളായി ജനിച്ചു. 1947-ല്‍ സൂ ചിക്ക് രണ്ടു വയസ്സുള്ളപ്പോള്‍ ജനറല്‍ ഓങ് സാന്‍ കൊല്ലപ്പെട്ടു. 1948 ജനുവരി 4 ന് ബര്‍മ സ്വതന്ത്രയായി. 1960-ല്‍ മാതാവ് ഇന്ത്യയില്‍ അംബാസിഡറായി നിയമിതയായതിനെ തുടര്‍ന്ന് അമ്മക്കൊപ്പം ദില്ലിയില്‍ താമസമാക്കി. ഓക്സ്ഫഡില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും രാജ്യതന്ത്രത്തിലും തത്വശാസ്ത്രത്തിലും ബിരുദം നേടി. 1972 ല്‍ വിവാഹത്തിനു ശേഷം സൂ ചി ഭൂട്ടാനില്‍ താമസമാക്കി.
1962 മുതല്‍ മ്യാന്‍മാര്‍ പട്ടാള ഭരണത്തിന്‍ കീഴിലാണ്. രോഗബാധിതയായി കഴിയുന്ന അമ്മയെ പരിചരിക്കാന്‍ സൂ ചി ബര്‍മ്മില്‍ തിരിച്ചെത്തി. അന്നു ഭരിച്ചിരുന്ന സോഷ്യലിസ്റ്റ് മുന്നണി നേതാവ് രാജിവെച്ചതിനെ തുടര്‍ന്നു രാജ്യമെമ്പാടും സമരം പൊട്ടിപ്പുറപ്പെടുകയും സൈനിക ഭരണകൂടം “ജുന്‍റ’ നിലവില്‍ വരുകയും ചെയ്തു. സൂ ചി ഗാന്ധിയുടെ അഹിംസാതത്ത്വത്തില്‍ പ്രചോദിതയായി സമരത്തില്‍ പ്രവര്‍ത്തിച്ചു. 1988-ല്‍ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി എന്ന മുന്നണി സ്ഥാപിച്ചു. 1989-ല്‍ സേനാ മുന്നണിയാല്‍ വീട്ടുതടങ്കലില്‍ അടയ്ക്കപ്പെട്ടു. 1989 മുതല്‍ വിവിധ കാലയളവുകളിലായി ഓങ് സാന്‍ സൂചി 15 വര്‍ഷം വീട്ടുതടങ്കലില്‍ കഴിഞ്ഞിട്ടുണ്ട്. 1990-ലെ തിരഞ്ഞെടുപ്പില്‍ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു എങ്കിലും ‘ജുന്‍റ’ ഭരണം വിട്ടുകൊടുത്തില്ല. ഇത് അന്താരാഷ്ട്രശ്രദ്ധ പിടിച്ചുപറ്റുകയും അതിന്‍റെ പേരില്‍ സൂ ചിക്ക് 1991-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയും ചെയ്തു. പിന്നീട് മ്യാന്‍മര്‍ ഭരണാധികാരി ആയി മാറിയ ഓങ് സാന്‍ സൂ ചിക്കെതിരെ, സൈന്യം റോഹിംഗ്യര്‍ക്കെതിരെ അക്രമം നടത്തിയപ്പോള്‍ മൗനം പാലിച്ചു എന്നതില്‍ കടുത്ത വിമര്‍ശനം നടക്കുന്നതും ലോകം കണ്ടു. സൂ ചി യുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിദ്വേഷം വളരാന്‍ അവസരമൊരുക്കിയും രേഖകള്‍ നശിപ്പിച്ചും സൈനിക അതിക്രമങ്ങളില്‍ നിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാതെയും വംശഹത്യക്ക് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും നമ്മള്‍ കേട്ടു . 2021 -ല്‍ മ്യാന്‍മറില്‍ സൈനിക അട്ടിമറി നടന്നതായും ഓങ് സാന്‍ സൂ ചി യെ വീണ്ടും തടങ്കലിലാക്കിയതായുമുള്ള വര്‍ ത്തകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
വ്യത്യസ്തമെന്ന് തോന്നുന്ന ഈ ജീവിതാഖ്യാനങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന് പാറ്റേണുകള്‍ രൂപീകരിക്കാനും രാഷ്ട്രീയ നേതാക്കളെന്ന നിലയില്‍ സ്ത്രീകളെ പൊതുവല്‍ക്കരിക്കാനും കഴിയുമോ?സ്ത്രീകള്‍ ദേശീയനേതാക്കളായി ഉയര്‍ന്നുവന്ന സന്ദര്‍ഭങ്ങള്‍ പരിശോധിക്കുമ്പോള്‍ നിരവധി രൂപമാതൃകകള്‍ വേറിട്ടുനില്‍ക്കുന്നുണ്ട്.വികസിത രാജ്യങ്ങളില്‍ പല സന്ദര്‍ഭങ്ങളിലായി പല വനിതാ നേതാക്കളും അധികാരമേറ്റിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ജനാധിപത്യം നിലനിര്‍ത്തുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഭൂരിഭാഗം പേരും ‘സുസ്ഥിരമായ’ കാലഘട്ടത്തില്‍ ഉയര്‍ന്നു വന്നവരാണ്.മറ്റു ചിലര്‍ സാമൂഹികവും രാഷ്ട്രീയവുമായ സമ്മര്‍ദ്ദഘട്ടങ്ങളില്‍ അധികാരത്തില്‍ വന്നവരും, വേറെ ചിലര്‍ തികച്ചും മതനിരപേക്ഷ രാഷ്ട്രീയ ഭരണകൂടങ്ങളില്‍ അധികാരത്തില്‍ വന്നവരുമാണ്.

രാഷ്ട്രീയപദവി വഹിക്കുന്നതിലൂടെ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഉദാരതാമനോഭാവ പ്രവണതകള്‍ വെളിപ്പെടുത്തുന്നതായി കാണാം.ദേശീയ നേതാക്കളായി സേവനമനുഷ്ഠിച്ച സ്ത്രീകളുടെ നയ മുന്‍ഗണനകള്‍ പരിശോധിക്കുന്നതില്‍ വ്യക്തമായ ശൈലിയൊന്നുമില്ല.
ഈ സ്ത്രീകളില്‍ ഭൂരിപക്ഷവും വിപ്ലവനേതാവാക്കളായിരുന്നില്ല, എല്ലാറ്റിനുമുപരിയായി അവര്‍ പ്രത്യയശാസ്ത്ര സ്പെക്ട്രത്തില്‍ പലതരത്തില്‍ വ്യാപരിച്ചു.
സ്ത്രീപ്രശ്നങ്ങളോടുള്ള ആശങ്കയും ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിന്നു, മാര്‍ഗരറ്റ് താച്ചര്‍ സ്ത്രീകളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് വിശേഷിപ്പിക്കപ്പെട്ട നയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും മറ്റ് സ്ത്രീ നേതാക്കള്‍ കൂടുതല്‍ സ്ത്രീപക്ഷ അജണ്ടകള്‍ പിന്തുടരുകയും ചെയ്തിരുന്നു. എന്നാല്‍ നയരൂപീകരണത്തിലും രാഷ്ട്രീയവിജയം കൈവരിക്കുന്നതിലും എല്ലാവരും തന്നെ വളരെയധികം പരിമിതികള്‍ നേരിട്ടിരുന്നു.

വനിതാനേതാക്കള്‍ കൂടുതല്‍ പ്രകടമായി പ്രോ-ഫെമിനിസ്റ്റാകാത്തതിന്‍റെ ഒരു കാരണം അത്തരം നയ അജണ്ടകളെ സമൂലമായി വ്യവസ്ഥാവിരുദ്ധമായി കണക്കാക്കപപ്പെട്ടതുകൊണ്ടാകാം.തികച്ചും പുരുഷാധിപത്യപരമായ ഭരണവ്യവസ്ഥകളുടെ തലപ്പത്ത് ഇരുന്നിട്ടുള്ള സ്ത്രീകള്‍ – പ്രത്യേകിച്ചും അന്താരാഷ്ട്രബന്ധങ്ങളില്‍ സ്ത്രീപക്ഷ സമീപനങ്ങള്‍ ഉണ്ടാവണമെന്ന് വിശ്വസിച്ചിരുന്നവര്‍, അതുവരെ തുടര്‍ന്നു വന്നിരുന്ന ഭരണരീതിയില്‍ നിന്നും മാറി ചിന്തിക്കുകയും ജനക്ഷേമത്തിലേക്കായുള്ള സൂക്ഷ്മമായുള്ള നയരൂപീകരണം നടത്തുകയും ചെയ്തുപോന്നിട്ടുണ്ട്.
കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധികള്‍ സ്ത്രീകള്‍ നേതൃത്വപദവികളിലുള്ള രാജ്യങ്ങളിലാണ് നല്ല രീതിയില്‍ കൈകാര്യം ചെയ്യപ്പെട്ടതെന്ന് പല ഗവേഷണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. കോവിഡിന്‍റെ കാര്യത്തില്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന രാജ്യങ്ങളിലായിരുന്നു താരതമ്യേന കുറവ് രോഗവ്യാപനവും മരണനിരക്കും സംഭവിച്ചിട്ടുള്ളത്. ലോകവ്യാപകമായി തന്നെ ആരോഗ്യപരിപാലനരംഗത്ത് സ്ത്രീകള്‍ വഹിക്കുന്ന പങ്ക് താരതമ്യത്തിനുപോലും പ്രസക്തമല്ലാത്ത വിധത്തില്‍ വലുതാണ്. പല രാജ്യങ്ങളിലും 80 ശതമാനത്തിലേറെ നഴ്സുമാരും ഡോക്ടര്‍മാരും സ്ത്രീകളാണ്. എന്നിട്ടും ആരോഗ്യമേഖലയില്‍ തീരുമാനങ്ങളെടുക്കുന്ന ചട്ടകൂടുകളില്‍ സ്ത്രീകളുടെ പങ്കാളിത്തം 20 ശതമാനത്തിലും താഴെയാണെന്നാണ് ‘ഗോബ്ലല്‍ ഹെല്‍ത്ത് ‘ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്. ആരോഗ്യവളര്‍ച്ചയ്ക്കും മഹാമാരികളെ ഫലപ്രദമായി നേരിടുന്നതിനുമെല്ലാം സ്ത്രീകളുടെ നേതൃത്വത്തിനെ പിന്തുണയ്ക്കുന്ന സംവിധാനങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടതെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. കാനഡ, ന്യൂസിലന്‍റ് തുടങ്ങിയ രാജ്യങ്ങള്‍ മുതല്‍ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ വരെ സ്ത്രീകള്‍ രാഷ്ട്രീയത്തിലും ഔദ്യോഗിക തലത്തിലും ഉന്നത സ്ഥാനങ്ങള്‍ കൈയ്യാളിയിരിക്കുന്നത് കാണാം. യു.എന്‍. ന്‍റെ കണക്കുപ്രകാരം, ലോകത്തിലെ ഏറ്റവും സന്തേഷമുള്ള രാജ്യങ്ങളിലെ ആദ്യ പത്തുസ്ഥാനക്കാരായ രാജ്യങ്ങളെ എടുത്താലും അവിടെയെല്ലാം മര്‍മ്മപ്രധാനമായ സ്ഥാനങ്ങളില്‍ സ്ത്രീകള്‍ തന്നെയാണുള്ളത് എന്ന് കാണാം.. ആ രാജ്യങ്ങള്‍ കൈവരിക്കുന്ന നേട്ടങ്ങളില്‍ ആ സ്ത്രീകളുടെ കയ്യൊപ്പ് പ്രകടമായി തന്നെ പതിഞ്ഞിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

 

 

 

 

 

മായ.എസ്.പി.
തൃശൂര്‍ സ്വദേശിനിയാണ്. സോഷ്യല്‍വര്‍ക്കില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞു. കുട്ടികള്‍ക്ക് വേണ്ടിയുള്ള  CHILD എന്ന സംഘടനയുടെ മാനേജിംഗ് ട്രസ്റ്റി ആണ്.

COMMENTS

COMMENT WITH EMAIL: 0