Homeചർച്ചാവിഷയം

“കേരം തിങ്ങും കേരളനാട്….”- ഇന്നും പൂര്‍ത്തീകരിക്കാനാവാത്ത ചില മുദ്രാവാക്യങ്ങള്‍

കേരള സംസ്ഥാന രൂപീകരണത്തിന്‍റെ അറുപത്തഞ്ച് ആണ്ടു പിന്നിടുമ്പോഴും ഒരു വനിതാ മുഖ്യമന്ത്രി പോലും നമുക്ക് ഇല്ലാതെ പോയതെന്തുകൊണ്ടാണ്? മികച്ച സ്ത്രീകള്‍ ഇല്ലാതിരുന്നിട്ടോ അതോ ആരെങ്കിലും ഈ ലക്ഷ്യത്തിനു അതിരുകള്‍ നിശ്ചയിച്ചതുകൊണ്ടോ?മികച്ച സ്ത്രീകള്‍ ഇല്ലാതിരുന്നതല്ല എന്ന് അടിസ്ഥാനപൊതുബോധമുള്ള ആരും ഇന്ന് സമ്മതിക്കും.സമാനതകള്‍ ഇല്ലാത്ത വിധം കേരളചരിത്രത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന സ്ത്രീസാന്നിധ്യമാണ് കളത്തില്‍ പറമ്പില്‍ രാമന്‍ ഗൗരിയമ്മ എന്ന കെ.ആര്‍.ഗൗരിയമ്മ. ആധുനിക കേരളസൃഷ്ടിയില്‍ മുഖ്യ പങ്ക് വഹിച്ച ഗൗരിയമ്മ ആദ്യകേരളനിയമാസഭയിലെ ഏക വനിതാ മന്ത്രി, ആദ്യ വനിതാമന്ത്രി എന്നീ വിശേഷണങ്ങള്‍ക്കപ്പുറം കേരളത്തിന്‍റെ പുരോഗമനയാത്രയിലെ ഒരു നിര്‍ണായക സ്ഥാനമായി അടയാളപ്പെടുത്തപ്പെട്ടോ എന്നത് സംശയമാണ്. എന്തുകൊണ്ടാവാം ഇത്രയേറെ ഒരു ജനതയുടെ ഉയര്‍ച്ചക്കായി നിയമനിര്‍മ്മാണങ്ങളിലൂടെയും ശക്തമായ രാഷ്ട്രീയ ഇടപെടലുകളിലൂടെയും ഉറച്ച നിലപാടുകളിലൂടെയും കേരളചത്രത്തിന്‍റെ സവിശേഷ ഗതികളെ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്ത സ്ത്രീകള്‍ ചില വനിതാ വിശേഷണങ്ങളില്‍ മാത്രം ഒതുങ്ങിപോവുന്നത്..
1919 ജൂലൈ 14 നു ആലപ്പുഴ ജില്ലയിലെ ചാത്തനാട് ജനിച്ച ഗൗരിയമ്മയുടെ ജീവിതം അക്ഷരാര്‍ഥത്തില്‍ ഐതിഹാസികമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ്. നൂറ്റിരണ്ടാം വയസ്സില്‍ മരണത്തിനു കീഴ്പ്പെടുംവരെ അവര്‍ രാഷ്ട്രീയത്തിനായി നിലകൊണ്ടു. അവരുടെ ജീവിതം കേരളത്തിന്‍റെ ചരിത്രമാണ്. അവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രാഥമികവിദ്യാഭ്യാസം പോലും ദുസ്സഹമായിരുന്ന കാലത്ത് ഈഴവ സമുദായത്തിലെ ഒരു പെണ്‍കുട്ടി ബി.എ.ബി.എല്‍.ബിരുദധാരിയായത് തെല്ലത്ഭുതത്തോടും അതിലേറെ ആദരവോടും മാത്രമേ കാണാനാവുന്നൊള്ളു. താന്‍ ആര്‍ജിച്ച ഉന്നത വിദ്യാഭ്യാസം കൊണ്ട് ലഭിക്കുമായിരുന്ന ഔദ്യോഗിക പദവികളും സുരക്ഷിതജീവിതവും അപ്പാടെ തിരസ്കരിച്ചുകൊണ്ടാണ് അവരുടെ രാഷ്ട്രീയ പ്രവേശം. മുന്നില്‍ വച്ചുനീട്ടിയ മജിസ്ട്രേറ്റ് പദവി പോലും വേണ്ടന്ന് വച്ചുകൊണ്ടാണ് രാഷ്ട്രീയമായ അധികാരപദവികളില്‍ എത്തുമെന്ന പ്രതീക്ഷപോലുമില്ലാതിരുന്ന കാലത്ത് നിസ്വാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനം അവര്‍ തിരഞ്ഞെടുത്തത്. പരമ്പരാഗതമായ സ്ത്രൈണാനുഭവ ലോകങ്ങളെ പൂര്‍ണമായും നിരാകരിച്ചുകൊണ്ട് രാഷ്ട്രീയമായി സ്വയം നിര്‍ണയ ശേഷിയുള്ള വ്യക്തിത്വത്തിലേക്കുള്ള ഒരു സ്ത്രീയുടെ തിരഞ്ഞെടുപ്പ് കേരളചരിത്രത്തെ തന്നെ മാറ്റിനിര്‍മ്മിക്കുന്ന കാഴ്ച്ചയാണ് പിന്നീട് കാണുന്നത്.1952 മുതല്‍ തിരു-കൊച്ചി നിയമാസഭാഗം ആയി ആരംഭിച്ച രാഷ്ട്രീയ ജീവിതത്തില്‍ അവര്‍ വഹിച്ച ചുമതലകളും പദവികളും ഏറെയാണ്. അധികാരകേന്ദ്രങ്ങളില്‍ നിന്നും അകലങ്ങളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്‍റെ പ്രതിനിധിയായി നിയമനിര്‍മ്മാണ സഭയിലെത്തുന്ന സ്ത്രീക്ക് ഏതുവിധത്തില്‍ ആ വിഭാഗത്തിന്‍റെയും ഒപ്പം മുഴുവന്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെയും ജീവിതങ്ങളില്‍ മാറ്റം വരുത്താനാകും എന്നത് ശ്രദ്ധേയമാണ്.


തിരു-കൊച്ചി നിയമാസഭാംഗം ആയിരിക്കെ പ്രസവമെടുക്കുന്ന വയറ്റാട്ടികള്‍ക്കു വേണ്ടി നിയമസഭയില്‍ സംസാരിച്ച വ്യക്തിയാണ് ഗൗരിയമ്മ. അതിനു മുമ്പ് അത്തരം ഒരു വിഭാഗത്തെയോ അവരുടെ അവകാശങ്ങളെയോ പറ്റി അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ചിന്തിച്ചിരുന്നൊ എന്നുപോലും സംശയമാണ്. അരികുവത്കരിക്കപ്പെട്ടവര്‍ക്ക് നിയമസഭയില്‍ ദൃശ്യത നല്‍കുന്നതിന് ഒരു സ്ത്രീ സാമാജികയേക്കാള്‍ മറ്റാര്‍ക്കാണ് സാധിക്കുക. ഇതു അതിവൈകരികതയില്‍ പിറന്ന ഒരു അലങ്കരവാക്യമല്ല. പില്‍ക്കാല ചരിത്രം പരിശോധിക്കുമ്പോള്‍ ഇതിനുള്ള സാധുത കണ്ടെത്താനാവും.1996 ഇലെ കുടിയേറ്റക്കാര്‍ക്കും ആദിവാസികള്‍ക്കും ഒരേ അവകാശങ്ങള്‍ നല്‍കുന്ന നിയമത്തെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ അംഗീകരിച്ചപ്പോള്‍ ഒറ്റക്ക് നിന്ന് എതിര്‍ക്കുന്നുണ്ട് ഗൗരിയമ്മ. നിങ്ങള്‍ക്ക് വോട്ടാണ് പ്രശ്നം, നീതിയല്ല എന്ന് ഇരുപക്ഷത്തെയും ചൂണ്ടി പറയാന്‍ പോന്ന നൈതികത ആ സ്ത്രീക്കുണ്ടായിരുന്നു. കൃത്യമായി ദളിത് പക്ഷത്ത് നിലയുറപ്പിക്കുന്ന കക്ഷിരാഷ്ട്രീയത്തിന് അധീതമായ രാഷ്ട്രീയബോധമാണ് അവരില്‍ കാണാനാകുക.
ആധുനിക കേരളത്തെ രൂപപ്പെടുത്തിയ സുപ്രധാന നിയമനിര്‍മ്മാണങ്ങളെല്ലാം ഗൗരിയമ്മയുടെ കൈകളിലൂടെ കടന്നുവന്നിട്ടുള്ളവയാണ്. ജന്മിത്തത്തില്‍ നിന്നുള്ള മോചനം ആധികാരികമായി പ്രാവര്‍ത്തികമാകുന്നത് ഭൂപരിഷ്കരണ നിയമത്തിലൂടെയാണ്.ആധുനിക സാമൂഹിക രൂപീകരണത്തിന്‍റെ അടിസ്ഥാനമായി മാറിയ ഭൂപരിഷ്കരണ ബില്ല് കേരള നിയമസഭയില്‍ പാസാക്കിയത് കെ.ആര്‍.ഗൗരിയമ്മയാണ്. സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായി വനിതാ കമ്മീഷന്‍ ആക്റ്റ് നടപ്പിലാക്കിയതും തികഞ്ഞ ജനാധിപത്യ ബോധമുള്ള ഒരു രാഷ്ട്രീയപ്രവര്‍ത്തകയിലൂടെയായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഭരണ നിര്‍വഹണത്തിലും നിയമനിര്‍മ്മാണങ്ങളിലും ഒരു സ്ത്രീ എന്ന നിലയിലുള്ളസംവരണങ്ങള്‍ക്കുമപ്പുറമായിരുന്നു അ വരുടെ കര്‍മ്മശേഷി. തിരു-കൊച്ചി നിയമസഭയില്‍ പ്രതിപക്ഷ അംഗമായിരിക്കുമ്പോള്‍ അടിയന്തര ഘട്ടങ്ങളില്‍ അവര്‍ നടത്തിയ ഇടപെടലുകള്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്നവയാണ്. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന യാതൊരു മുന്നനുഭവങ്ങളുമില്ലാത്ത ഒരു ഘട്ടത്തെ എത്ര ക്രിയാത്മകമായാണ് ഗൗരിയമ്മ നേരിടുന്നത് എന്നത് ഈ സമകാല സന്ദര്‍ഭത്തില്‍ ഓര്‍മിക്കപ്പെടേണ്ടത് തന്നെയാണ്. വസൂരിരോഗമുള്ള വീടുകളിലുള്ളവര്‍ പുറത്തിറങ്ങരുതെന്നും ആളുകള്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടരുതെന്നും വാഹനത്തില്‍ അനൗന്‍സെമെന്‍റ് നടത്തണമെന്നും ഇവ പരിശോധിക്കാന്‍ പോലീസുകാരെ നിയോഗിക്കണമെന്നും പട്ടിണി കിടക്കുന്നവരിലേക്ക് അരിയെത്തിക്കണമെന്നും നിയമസഭയില്‍ ആദ്യമായി ഒരു നിര്‍ദ്ദേശം മുന്നോട്ടു വെക്കുന്നു. ഭരണ നിര്‍വഹണത്തില്‍ ഒരു സ്ത്രീ പുലര്‍ത്തുന്ന ജാഗ്രത അടിസ്ഥാന ജനവിഭാഗത്തിന്‍റെ ജീവിതദുരിതങ്ങളെക്കൂടി സ്പര്‍ശിക്കുന്ന വിധത്തില്‍ മാറുന്നുന്നുണ്ട്.
ഭരണത്തിന്‍റെ കേന്ദ്രസ്ഥാനത്തേക്ക് എത്താന്‍ ഇത്രയേറെ വൈദഗ്ധ്യം തെളിച്ച ഒരു വനിതക്ക് പോലും സാധിക്കാതെ പോയതിനു പിന്നിലെ കാരണങ്ങള്‍ എന്താവാം.. വ്യവസ്ഥാപിത ജാതിശ്രേണിയിലെ പിന്നോക്കാവസ്ഥയാണോ ഇന്നും നിലനില്‍ക്കുന്ന പുരുഷമേധാവിത്വമാണോ അതിന് തടസം നിന്നത് എന്ന സങ്കീര്‍ണമായ ഒരു ചോദ്യം നിലനിലക്കുന്നുണ്ട്. ദലിത് സ്ത്രീകള്‍ നേരിടുന്ന മൂന്ന് തരം കീഴാളതകളെ കുറിച്ച് ദളിത് ഫെമിനിസം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു ദലിതായതിന്‍റെ കീഴാളത, ഒരു സ്ത്രീ എന്ന നിലയിലുള്ള കീഴാളത, ഒരു ദളിത് സ്ത്രീ എന്ന നിലയിലുള്ള ഇരട്ട കീഴാളത എന്നിവയാണ് അവ.ഈ മൂന്ന് തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ക്കും തന്‍റെ ഔദ്യോഗിക രാഷ്ട്രീയ ജീവിതത്തില്‍ ഗൗരിയമ്മ വിധേയയാകുന്നുണ്ട്. ദളിത് എന്ന് പൊതുവില്‍ വ്യവഹരിക്കപ്പെടുന്ന ജാതികോളങ്ങളില്‍ ഉള്‍പ്പെടുന്നില്ലെങ്കിലും സവര്‍ണ്ണ ജാതികളില്‍ ഉള്‍പ്പെടാത്ത ഈഴവ സമുദായാംഗം എന്ന നിലയിലുള്ള കീഴാളത അവര്‍ക്ക് കല്പിച്ചുനല്കിയിരുന്നു എന്നത് യാഥാര്‍ഥ്യമാണ്. ജാതിമത സമവാക്യങ്ങളെ മറികടന്ന് നേതൃസ്ഥാനത്തെത്തണമെങ്കില്‍ തീര്‍ച്ചയായും ലിംഗപദവിയുടെ ആനുകൂല്യമെങ്കിലും ചുരുങ്ങിയത് അനിവാര്യമാണല്ലോ.. കേരളനിയമാസഭയില്‍ ഇതുവരെ ആകെ എട്ട് വനിതാ മന്ത്രിമാരാണ് ഉണ്ടായിട്ടുള്ളത്. കെ.ആര്‍. ഗൗരിയമ്മ, എം.കമലം, എം.ടി.പദ്മ, സുശീല ഗോപാലന്‍, പി.കെ.ശ്രീമതി, പി.കെ.ജയലക്ഷ്മി, കെ.കെ.ഷൈലജ, ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവരാണ് അവര്‍. കേരളരാഷ്ട്രീയചരിത്രത്തില്‍ അത്രയൊന്നും പരമാര്‍ശിച്ചു കണ്ടിട്ടില്ലാത്ത ഈ വനിതാമന്ത്രിമാരെ പേരെടുത്ത് അടയാളപ്പെടുത്തുക എന്നത് തന്നെ വലിയൊരു ചരിത്ര പ്രക്രിയയായും ദൗത്യമായും കാണുന്നു. പുരുഷവോട്ടര്‍മാരെക്കാള്‍ സ്ത്രീവോട്ടര്‍മാരുള്ള കേരളത്തില്‍ ജനപ്രതിനിധികളുടെ ആനുപാത കണക്ക് നോക്കിയാല്‍ അത് തീരെ പ്രകടമാകുന്നില്ല. സമത്വം സാക്ഷാത്കരിക്കപ്പെടുന്നത് പ്രധിനിത്യം ഉറപ്പുവരുത്തുമ്പോള്‍ തന്നെയാണ്. അത് പേരിനുള്ള ചില ദൗത്യങ്ങള്‍ ഏല്പിക്കുന്നതില്‍ മാത്രമായി ഒതുങ്ങുന്നതിനു പകരം താക്കോല്‍ സ്ഥാനങ്ങളില്‍ പ്രധിനിത്യം നല്കുന്നതിലേക്ക് ഉയരേണ്ടതുണ്ട്. സമീപഭാവിയില്‍ ഒരു വനിതാ മുഖ്യമന്ത്രി കേരളത്തിനുണ്ടാവേണ്ടത് ജനാധിപത്യത്തിന്‍റെ മൗലീകതയാണ്, നീതിയാണ്. ഗൗരിയമ്മയിലൂടെ അത് സാധിക്കപ്പെടാതെ പോയത് സവര്‍ണ്ണ മേല്‍ക്കോയ്മയെയും ലിംഗവിവേചനത്തെയും മറികടക്കാന്‍ സംഘടനാ വ്യവസ്ഥക്ക് കഴിയാതിരുന്നതിനാലാണ്. സംവരണത്തിന്‍റെ ആനുകൂല്യത്തിലല്ല മറിച്ച് കഴിവിന്‍റെയും നേതൃപാടവത്തിന്‍റെയും പിന്‍ബലത്തിലാണ് ഗൗരിയമ്മ അംഗീകരിക്കപ്പെടുന്നത്. ഇതേ അളവുകോലില്‍ ഇന്നും ആ സ്ഥാനത്തേക്ക് എത്താനാവുന്ന വനിതകള്‍ നിയമസഭയിലും പൊതുപ്രവര്‍ത്തന രംഗത്തുമുണ്ട്. ചില വിശേഷണങ്ങളില്‍ മാത്രം ചുരുക്കിക്കളയാവുന്ന നാമരൂപങ്ങളായി ചരിത്രത്തിലും വര്‍ത്തമാനത്തിലും ഇനിയും ഈ സ്ത്രീകള്‍ അവശേഷിച്ചുകൂടാ.ക്രിയാത്മകമായ രാഷ്ട്രീയ ഇടപെടലുകളാല്‍ അവര്‍ അടയാളപ്പെടുത്തപ്പെടണം. കേരം തിങ്ങും കേരളനാട് ഭരിക്കാന്‍ ഗൗരിയമ്മയുടെ പിന്മുറക്കാര്‍ക്കെങ്കിലും സാധിക്കട്ടെ..

 

 

 

 

 

മരിയ സണ്ണി
രണ്ടാം വര്‍ഷ എം.എ. മലയാളം
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല കാലടി

COMMENTS

COMMENT WITH EMAIL: 0