വ്യവസ്ഥാപിത സമൂഹത്തിനനുസൃതമായി രൂപീകരിക്കുന്ന സ്ഥാപനമാണ് കുടുംബം . ഇരുപതാം നൂറ്റാണ്ടിലെത്തുന്നതോടെ കുടുംബമെന്ന സ്ഥാപനം ഘടനാപരമായും അര്‍ത്ഥപരമായും മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ആണ്‍കേന്ദ്രിതവും സദാചാര ബന്ധിതവുമായ പുതിയ ലോകക്രമമായിരുന്നു പുതിയ കുടുംബത്തിന്‍റേത്. സ്ത്രീയുടേയും പുരുഷന്‍റേയും ‘ഉത്തരവാദിത്വങ്ങള്‍’ ക്രമപ്പെടുത്തുന്നതോടൊപ്പം ചരിത്രത്തിന്‍റെ തുടര്‍ച്ചയെന്നോണം കുടുംബത്തിനുള്ളിലെ അധികാരബന്ധങ്ങളും ഉറപ്പിക്കപ്പെട്ടു. അതോടുകൂടി പുരുഷനെ കേന്ദ്രമാക്കിയുള്ള പിതൃകേന്ദ്രിത കുടുംബങ്ങള്‍ സ്ഥിരപ്രതിഷ്ഠ നേടാനും തുടങ്ങി. കുടുംബത്തിനുള്ളിലെ ആണ്‍ / പെണ്‍ റോളുകള്‍ അലിഖിത നിയമങ്ങളായി മാറി. ആണുങ്ങള്‍ ചെയ്യുന്ന റോളുകള്‍ക്ക് പൊതു ഇടവുമായും സ്ത്രീകളുടെ റോളുകള്‍ക്ക് സ്വകാര്യ ഇടവുമായുള്ള ബന്ധമായിരുന്നു മുന്നിട്ട് നിന്നത്. പൊതു/സ്വകാര്യം എന്ന ദ്വന്ദ്വത്തെ നിലനിര്‍ത്തി കൊണ്ട് സ്വകാര്യ ലോകത്തെ അടുക്കടുക്കായി ക്രമപ്പെടുത്താന്‍ തുടങ്ങിയതോടെ കുടുംബബന്ധങ്ങളിലെ ആണധികാരം ‘സ്വാഭാവികമായ’ ഒന്നാവുകയും ജനാധിപത്യത്തെ വിമര്‍ശനാത്മകമായി സമീപിക്കേണ്ടി വരുകയും ചെയ്തു.
കുടുംബത്തിനുള്ളിലെ അധികാരബന്ധങ്ങളോട് പലപ്പോഴായി സ്ത്രീകള്‍ പലവിധത്തിലുള്ള പ്രതിരോധങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. പ്രത്യക്ഷത്തില്‍ തന്നെ കുടുംബത്തെ വെല്ലുവിളിക്കുന്നവരും ആദ്യശ്യമായി, തന്ത്രപരമായി കുടുംബത്തിന്‍റെ ജനാധിപത്യ വിരുദ്ധതയെ നേരിടുന്നവരും നമുക്കിടയില്‍ തന്നെയുണ്ട്.
‘സ്നേഹം’ എന്ന സവിശേഷമായ ഒന്നിന്‍റെയുള്ളില്‍ രൂപപ്പെട്ടെന്നു പറയുന്ന കുടുംബം ഏതൊരു ജനാധിപത്യ വിരുദ്ധമായ പ്രക്രിയകളേയും, അതിക്രമങ്ങളേയും, അനീതിയേയും ന്യായീകരിച്ചത് ഇതേ ‘സ്നേഹ’മെന്നതിനുള്ളിലാണ്. കുടുംബത്തിനുള്ളിലെ സംഘര്‍ഷങ്ങളെ പരിമിതപ്പെടുത്തിയതും സ്നേഹത്തിനുള്ളിലാണ്. അതുകൊണ്ടാണ് ‘പെരുകും പ്രണയാനുബന്ധമാമൊരു പാശമെന്ന്’ സ്നേഹത്തിന്‍റെ ‘അധികാരപരമായ’ മറ്റൊരു വശത്തെ ആശാന്‍റെ സീത ചൂണ്ടികാണിച്ചത്. ആചാര അനുഷ്ഠാനങ്ങളാലും രക്തബന്ധങ്ങളാലും രൂപപ്പെടുന്ന കുടുംബങ്ങള്‍ അനുസരിക്കാത്തവരേയും ക്രമങ്ങളുടെ ഭാഗമാവാത്തവരേയും പുറന്തളളിയിരുന്നു.. അത്തരത്തില്‍ കുടുംബമെന്ന വ്യവസ്ഥാപിതമായ സ്ഥാപനത്തെ ചോദ്യം ചെയ്യുന്ന സ്ത്രീയും പുരുഷനും ലൈംഗിക ന്യൂനപക്ഷങ്ങളും ‘കുടുംബ’ ങ്ങളില്‍ നിന്നും പുറത്തായി.
സവര്‍ണ കുടുംബങ്ങളെ കേന്ദ്രമാക്കി കൊണ്ട് ദളിത്, മുസ്ലീം, ആദിവാസി, ട്രാന്‍സ്ജെന്‍ഡര്‍ കുടുംബങ്ങളെ അപരവല്‍ക്കരിക്കുന്ന രീതി നിലനില്‍ക്കുന്നുണ്ട്. അത്തരം വാര്‍പ്പു മാതൃകകള്‍ നമ്മുടെ സ്ഥിര വ്യവഹാരങ്ങളില്‍ നിലനില്‍ക്കുന്നുമുണ്ട്. എന്നാല്‍ പലപ്പോഴും അത്തരം പൊതുധാരണകളെ തിരുത്താന്‍ ശേഷിയുള്ളതാണ് പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെ അനുഭവങ്ങള്‍. പക്ഷേ അപ്പോഴും അത്തരം കുടുംബങ്ങളിലെ ബന്ധങ്ങള്‍ അധികാരങ്ങളില്‍ നിന്ന് വിമുക്തമാണെന്ന് പറയാനും സാധിക്കുകയില്ല.
പരസ്യങ്ങള്‍, സാമൂഹികമാധ്യമങ്ങള്‍, രാഷ്ട്രീയം, സാഹിത്യം, വിദ്യാഭ്യാസം, മതം, സിനിമ, നാടകം എന്നിവയെല്ലാം കുടുംബങ്ങളെ എങ്ങനെ പ്രതിനിധാനം ചെയ്യുന്നുവെന്നത് വിശകലനം ചെയ്യേണ്ടതാണ്.വിശാലാര്‍ത്ഥത്തില്‍ കുടുംബത്തിന്‍റെ രൂപീകരണത്തിന് അടിസ്ഥാനമാവുന്നത് ‘സ്നേഹം’ തന്നെയാണ്. എന്നാല്‍ ആ ‘സ്നേഹം’ ജനാധിപത്യപരവും സംവാദത്തിനുള്ള ഇടം നല്‍കുന്നതുമായിരിക്കണമെന്നതോടപ്പം തന്നെ, ‘മനുഷ്യര്‍ തമ്മില്‍ തുല്യമായി പരസ്പരം ബഹുമാനം പുലര്‍ത്തുന്ന ഇടങ്ങളായി നമ്മുടെ കുടുംബങ്ങള്‍ മാറേണ്ടതുമുണ്ട്. ഇത്തരമൊരു ആശയമാണ് പുതിയ പതിപ്പ് മുന്നോട്ടുവെക്കുന്നത്.കൂടുതല്‍ വിശകലനങ്ങള്‍ക്കും സംവാദങ്ങള്‍ക്കുമായി വായനക്കാര്‍ ഈ പതിപ്പ് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഉമ്മു ഹബീബ
ഗവേഷക , മലയാള വിഭാഗം
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല
കാലടി
COMMENTS