Homeശാസ്ത്രം

കാതലീന്‍ റൂബിന്‍സ്- ബഹിരാകാശ സ്വപ്നങ്ങള്‍ കൈയത്തിപ്പിടിച്ച തന്മാത്രാ ജീവശാസ്ത്രജ്ഞ

സീമ ശ്രീലയം

ഹിരാകാശത്തു വച്ച് ആദ്യമായി ഡി.എന്‍.എ അനുക്രമ നിര്‍ണ്ണയം നടത്തിയ വ്യക്തി, ഡോക്റ്ററേറ്റ് നേടിയത് കാന്‍സര്‍ ബയോളജിയില്‍, രണ്ടു ബഹിരാകാശപ്പറക്കലുകളിലായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തങ്ങിയത് 300 ദിവസം. നാലു സ്പേസ് വോക്കും നടത്തി. പറഞ്ഞുവരുന്നത് കാതലീന്‍ റൂബിന്‍സ് (കെയ്റ്റ് റൂബിന്‍സ്) എന്ന ആസ്ട്രോനോട്ടിനെക്കുറിച്ചാണ്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നിന്നും 185 ദിവസം നീണ്ട തന്‍റെ രണ്ടാമത്തെ ദൗത്യം പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ ഏപ്രിലില്‍ ഭൂമിയില്‍ തിരിച്ചെത്തി ഈ നാല്പത്തിരണ്ടുകാരി.
1978-ല്‍ യു.എസ്സിലെ കണക്റ്റിക്കറ്റില്‍ ജിമ്മിന്‍റെയും ആന്‍ ഹാല്ലിസിയുടെയും മകളായി ജനിച്ച റൂബിന്‍സിന്‍റെ പഠനകാലം കലിഫോര്‍ണിയയില്‍ ആയിരുന്നു. ഓട്ടം, സൈക്ലിങ്, നീന്തല്‍, സ്കൂബാഡൈവിങ് ,വായന എന്നിവയിലൊക്കെ തല്പരയായിരുന്ന ആ പെണ്‍കുട്ടിയുടെ സ്വപ്നങ്ങളില്‍ കുട്ടിക്കാലത്തു തന്നെ ബഹിരാകാശത്തിന്‍റെ അനന്ത വിസ്മയങ്ങള്‍ ചിറകടിച്ചിരുന്നു.കലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്ന് തന്മാത്രാ ജീവശാസ്ത്രത്തില്‍ ബിരുദവും സ്റ്റാന്‍ഫഡ് സര്‍വ്വകലാശാലയില്‍ നിന്ന് കാന്‍സര്‍ ബയോളജിയില്‍ പി.എച്ച്ഡി യും നേടിയ റൂബിന്‍സ് 2009-ലാണ് നാസയില്‍ എത്തുന്നത്. എച്ച് ഐ വി- 1 ഇന്‍റഗ്രേഷന്‍റെ ജീനോം തല ഗവേഷണങ്ങളും സ്മോള്‍ പോക്സ്, എബോള വൈറസ്സുകളെക്കുറിച്ചുള്ള പഠനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്താരാഷ്ട്ര ശാസ്ത്ര ജേണലുകളില്‍ നിരവധി ഗവേഷണ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതിലൂടെയും കാതലീന്‍ റൂബിന്‍സ് ശ്രദ്ധേയയായി. അപ്പോഴും ബഹിരാകാശപ്പറക്കല്‍ എന്ന സ്വപ്നം മനസ്സില്‍ കെടാതെ കാത്തുസൂക്ഷിക്കുന്നുണ്ടായിരുന്നു റൂബിന്‍സ്.
2009-ല്‍ നാസയുടെ ആസ്ട്രോനോട്ട് പരിശീലനത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള പറക്കലിനാവശ്യമായ അതി കഠിനമായ പരിശീലന കടമ്പകള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തതോടെ റൂബിന്‍സിന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചു. അങ്ങനെ 2016 ജൂലൈയില്‍ കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്മോഡ്രോമില്‍ നിന്നും സോയൂസ് എംഎസ് പേടകത്തിലേറി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ കാതലീന്‍ ആ വര്‍ഷം ഒക്റ്റോബര്‍ വരെ അവിടെ തങ്ങി. എക്സ്പെഡിഷന്‍ 48, 49 അംഗങ്ങള്‍ക്കൊപ്പം റൂബിന്‍സ് 275-ലധികം പരീക്ഷണങ്ങളാണ് അവിടെ നടത്തിയത്. ഇതില്‍ മോളിക്കുലാര്‍ ബയോളജി, സെല്ലുലാര്‍ ബയോളജി, ഹ്യൂമന്‍ ഫിസിയോളജി, ഫ്ലൂയിഡ് ഫിസിക്സ് ഗവേഷണങ്ങള്‍, മൈക്രോ ഗ്രാവിറ്റിയിലുള്ള ഡി.എന്‍.എ സീക്വന്‍സിങ്, ഹൃദയ കോശങ്ങള്‍ വളര്‍ത്തിയെടുത്തുള്ള ഗവേഷണങ്ങള്‍ എന്നിവയൊക്കെ ഏറെ ശ്രദ്ധേയമായി. രണ്ടു തവണ സ്പേസ് വോക്കും നടത്തി.ജെഫ് വില്ല്യംസ് കൂടി ഉള്‍പ്പെട്ട ബഹിരാകാശ നടത്തത്തില്‍ ബഹിരാകാശ നിലയത്തിന്‍റെ ചില അറ്റകുറ്റപ്പണികളും ചില ഉപകരണങ്ങളുടെ ഘടിപ്പിക്കലുമൊക്കെ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.
2020 ഒക്റ്റോബര്‍ 14-ന് ആയിരുന്നു ബഹിരാകാശ നിലയത്തിലേക്കുള്ള രണ്ടാമത്തെ യാത്ര. ബൈക്കന്നൂര്‍ കോസ്മോഡ്രോമില്‍ നിന്നും സോയൂസ് പേടകത്തില്‍. എക്സ്പെഡിഷന്‍ 63, 64 സംഘങ്ങളിലെ ആസ്ട്രോനോട്ടുകള്‍ക്കൊപ്പം ഇത്തവണയും ശ്രദ്ധേയമായ ഗവേഷണങ്ങളാണ് റൂബിന്‍സ് നടത്തിയത്. ഗുരുത്വാകര്‍ഷണത്തിലെ വ്യത്യാസം കാര്‍ഡിയോ വാസ്കുലാര്‍ കോശങ്ങളെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന ഗവേഷണം ബഹിരാകാശപ്പറക്കലിനു തയ്യാറെടുക്കുന്ന യാത്രികര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ്. ഡി.എന്‍.എ അനുക്രമ നിര്‍ണ്ണയ ഗവേഷണങ്ങള്‍ ബഹിരാകാശ നിലയത്തിലെ രോഗനിര്‍ണ്ണയത്തിനും സൂക്ഷ്മജീവികളെക്കുറിച്ചുള്ള വിശദമായ പഠനത്തിനും ഉതകും വിധം വികസിപ്പിക്കാനും സാധിച്ചു. ഇതിനിടെ രണ്ടു സ്പേസ് വോക്കും നടത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഈ രണ്ടാമത്തെ ദൗത്യത്തില്‍ 185 ദിവസം പൂര്‍ത്തിയാക്കിയ റൂബിന്‍സ് 2021 ഏപ്രില്‍ 17-ന് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി.
തന്മാത്രാ ജീവശാസ്ത്രവും കാന്‍സര്‍ ബയോളജിയും പഠിച്ച് ബഹിരാകാശ യാത്രികയാവുക എന്ന സ്വപ്നം കൈയെത്തിപ്പിടിച്ച, ആ രംഗത്ത് ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച കാതലീന്‍ റൂബിന്‍സിന്‍റെ ജീവിതം ബഹിരാകാശ രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകും എന്നുറപ്പ്.

 

 

സീമ ശ്രീലയം
പ്രമുഖ ശാസ്ത്ര ലേഖിക,
നിരവധി ബഹുമതികള്‍ക്ക് ഉടമ

COMMENTS

COMMENT WITH EMAIL: 0