Homeവാസ്തവം

കുടുംബം പെണ്ണിന്‍റേതു കൂടിയാവേണ്ടുന്ന കാലം

ഡോ.ജാന്‍സി ജോസ്

കുടുംബം എന്ന വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ,കൂട്ടിയും കിഴിച്ചും ഗുണിച്ചും നോക്കിയിട്ടും നഷ്ടങ്ങളുടെ കണക്കു മാത്രം പറയാന്‍ പററുന്ന സാമൂഹികാന്തരീക്ഷത്തില്‍ നിന്നു കൊണ്ടു മാത്രം കുടുംബത്തെ കാണേണ്ടി വരുന്ന ശരാശരി പെണ്ണിന്‍റെ മാനസികാവസ്ഥയില്‍ നിന്നേ എനിക്ക് എഴുതാന്‍ കഴിയുന്നുള്ളൂ. പെണ്ണിനെ സംരക്ഷിക്കുന്ന വാദങ്ങളും നിയമങ്ങളും വിധികളും എല്ലാം കണ്ടുകൊണ്ടിരിക്കെത്തന്നെ ഞാനെവിടെ എന്ന് തിരഞ്ഞു നോക്കേണ്ട അവസ്ഥയാണ് ഓരോ പെണ്ണിനും വന്നു പെട്ടിരിക്കുന്നത്. ഉണ്ടായതോ ചെന്നു ചേര്‍ന്നതോ ആയ ഏതെങ്കിലുമൊരു കുടുംബം അവളുടെ സ്വപ്നങ്ങള്‍ തകര്‍ത്തിരിക്കും. ഒരു ബന്ധവുമില്ലാത്ത കുടുംബങ്ങള്‍ അവളുടെ ചിറകുകള്‍ അരിഞ്ഞിരിക്കും. ചുറ്റുപാടുമുള്ള എല്ലാ കുടുംബങ്ങളും ചേര്‍ന്ന് അവളുടെ കാലുകള്‍ വരിഞ്ഞ് മുറുക്കിയിട്ടുണ്ടാവും. പറക്കാന്‍ ശ്രമിക്കുന്ന ഓരോ പെണ്ണും വട്ടംചുറ്റി താഴെ വീണിരിക്കും. ഒടുവില്‍ തോറ്റ് നിലവിളിച്ച് തല താഴ്ത്തി കുടുംബത്തില്‍ ജീവിക്കാന്‍ പാകത്തിന് തിരിച്ചു വരുമ്പോള്‍ ഇപ്പോഴാണ് മര്യാദ വന്നത് എന്നു പറഞ്ഞ് അടിമ ബോധം വരുത്താനുള്ള ട്രെയിനിംഗ് ആരംഭിച്ചിരിക്കും.
സ്വപ്നങ്ങള്‍ നഷ്ടമായ പെണ്ണ്, സ്വസ്ഥത പണയം വെച്ച പെണ്ണ് – ഇവര്‍ക്കു മാത്രമേ കുടുംബം അനുകൂലമായി നില്‍ക്കുകയുള്ളൂ. ഇന്ന് കുടുംബത്തില്‍ ജീവിക്കുന്ന ഓരോ പെണ്ണിനും ചെയ്യാന്‍ കഴിയുന്നത് താനാണ് ഏറ്റവും ഭാഗ്യം ചെയ്ത പെണ്ണ് എന്നു പറഞ്ഞ് സന്തോഷിക്കുക മാത്രമാണ്. മെച്ചപ്പെട്ട അവസ്ഥ വരുമ്പോഴേക്കും ഇതാണ് ഏറ്റവും നല്ല അവസ്ഥ എന്ന് തെറ്റിദ്ധരിച്ച് അങ്ങ് ജീവിച്ചു പോവാം അത്ര തന്നെ. പെണ്ണിന്‍റെ പാരതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞ് കുറച്ചു സ്ത്രീകളുടെ മുന്നില്‍ ചെന്നപ്പോള്‍ ഞങ്ങള്‍ സ്വതന്ത്രരാണ് എന്നു പറഞ്ഞ് പരിഹസിച്ച അവസ്ഥ ഉണ്ടായിട്ടുണ്ട്. ഓരോരുത്തര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും അവനവന്‍ മനസിലാക്കിയ സ്വാതന്ത്ര്യവും തമ്മിലുള്ള വ്യത്യാസം മാത്രമാണ് ഈ സംതൃപ്തി ക്കു പിന്നില്‍ എന്നു പറയാതെ വയ്യ. ആണിനും പെണ്ണിനും വിഭജിച്ചു നല്‍കാത്ത ഒരു ആകാശം ഉണ്ടാകാത്തിടത്തോളം കാലം പെണ്ണ് കുടുംബം എന്ന കീറാമുട്ടിയുമായി മല്‍പ്പിടുത്തം നടത്തി മുന്നോട്ടു പോകേണ്ടി വരും. ഒരാകാശം ഒരേ ഒരു ആകാശം ഇല്ലാതെ പുറത്ത് വാശി പിടിച്ചു പോകുന്ന പെണ്ണുങ്ങളൊക്കെത്തന്നെ തിരിച്ച് ചിറകൊടിഞ്ഞ് കുടുംബത്തില്‍ വന്നു പതിക്കും. നമുക്ക് ഒറ്റക്കെട്ടായി ചിന്തിച്ചു തുടങ്ങണം. ഒറ്റക്കൊറ്റക്കുള്ള ചിന്ത മതിയാക്കണം. മെല്ലെ മെല്ലെ മുന്നേറണം നമ്മുടെ ആകാശം നമുക്കു നേടണം. അങ്ങനെ കുടുംബം പെണ്ണിന്‍റേതു കൂടിയാവുന്ന കാലം വരുക തന്നെ ചെയ്യും.

 

 

 

 

 

ഡോ.ജാന്‍സി ജോസ്

എഴുത്തുകാരി

COMMENTS

COMMENT WITH EMAIL: 0