Homeചർച്ചാവിഷയം

നിര്‍മിതികളുടെ സാഹിത്യം : കഥാവായനയുടെ പാഠ്യതലങ്ങള്‍

‘ഇപ്പോള്‍ ഇതൊരു വീടല്ല. നീണ്ട വരാന്തകളും വെണ്മയാര്‍ന്ന ചുമരുകളും വലിയ ജനലുകളും വാതിലുകളുമെല്ലാം ഉണ്ടെങ്കില്‍പ്പോലും ഇതൊരു വീടാവുന്നില്ല’ (ഓരോ വിളിയും കാത്ത് : യു.കെ കുമാരന്‍). വീട് വീടല്ലാതാകുന്ന സാഹചര്യത്തിന് മനുഷ്യചരിത്രത്തോളം പഴക്കമുണ്ട്. മനുഷ്യന്‍റെ അടിസ്ഥാന ആവശ്യമായ പാര്‍പ്പിടത്തിന്‍റെ സാമൂഹികചരിത്രാവസ്ഥകളിലൂടെയുള്ള പരിണാമത്തെ അത് അടയാളപ്പെടുത്തുന്നു. സുരക്ഷിതമായ ഒരു ഇടം/ കെട്ടിടം എന്നതിലുപരി ഓരോ വ്യക്തിയുടെയും സ്വകാര്യതയിലേക്കുള്ള വികാസമാണത്. ഇംഗ്ലീഷില്‍ House എന്ന വാക്കിന് Home എന്നതില്‍ നിന്നുള്ള പ്രകടമായ വ്യത്യാസം തന്നെ അതിലൊന്ന് കുടുംബവുമായി, ബന്ധങ്ങളുമായി അഭേദ്യമായ ചേര്‍ച്ചയിലാണെന്നതാണ്. സമൂഹത്തെ സ്വാധീനിക്കുന്നതില്‍ ഒരു വ്യക്തിക്കുള്ള പ്രാധാന്യം അവന്‍റെ/അവളുടെ വീട്ടില്‍ നിന്ന് തന്നെ നിര്‍ണയിക്കപ്പെടുന്ന ഒന്നായി മാറുന്നു. ഇന്ന് സ്വന്തമായൊരു വീട് എന്ന സങ്കല്പത്തിലേക്ക്/ലക്ഷ്യത്തിലേക്ക് ഉയരാനുള്ള മനുഷ്യന്‍റെ വ്യഗ്രത പ്രകടമാകുന്ന അവസ്ഥ നിലനില്‍ക്കുന്നുവെന്നതും യാഥാര്‍ഥ്യമാണ്. മലയാളസാഹിത്യത്തിലെ കുടുംബബന്ധങ്ങളെ സംബന്ധിച്ച നിരവധി വിശകലനങ്ങള്‍ ഉണ്ടായിരിക്കെത്തന്നെ വീട് എന്ന രൂപപരമായ നിര്‍മിതിയെ ഭാവാത്മകമായ കെട്ടിയുറപ്പിക്കലുകളിലേക്ക് വളര്‍ത്തിയെടുക്കുന്നതില്‍ മലയാളത്തിലെ പാഠ്യപദ്ധതിക്കുള്ള സ്വാധീനം പഠനവിധേയമാകേണ്ട സാഹചര്യം ഇന്ന് നിലനില്‍ക്കുന്നുണ്ട്.
കേരളത്തിലെ ഹൈസ്ക്കൂള്‍ മലയാളപാഠ്യപദ്ധതിയില്‍ സ്ഥാനം പിടിച്ചിട്ടുള്ള, വ്യത്യസ്ത കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന മൂന്ന് ചെറുകഥകളാണ് ഈ ലേഖനത്തിന്‍റെ പരിധിയിലുള്ളത് – ലളിതാംബിക അന്തര്‍ജനത്തിന്‍റെ ‘വിശ്വരൂപം’ ,യു.കെ.കുമാരന്‍റെ ‘ഓരോ വിളിയും കാത്ത്’ , സുസ്മേഷ് ചന്ദ്രോത്തിന്‍റെ ‘ഹരിതമോഹനം’. പ്രമേയപരിസരത്തിലും ആഖ്യാന സ്വഭാവത്തിലും വ്യതിരിക്തത പുലര്‍ത്തുന്ന ഈ കഥകളില്‍ വീടു തന്നെയാണ് പൊതു ഏകകമായിത്തീരുന്നത്. സ്വന്തം ഇടത്തെ സംബന്ധിച്ച ബോധബോധ്യങ്ങള്‍ക്കിടയില്‍പ്പെട്ടു പോകുന്നവരാണ് ഇവയിലെ പ്രധാന കഥാപാത്രങ്ങള്‍. പ്രത്യേകിച്ചും സ്ത്രീ കഥാപാത്രങ്ങള്‍ എന്ന് സാമാന്യമായി പറയാം. മിസ്സിസ് തലത്തായി ജീവിതം നയിച്ചിരുന്ന താഴത്ത് കുഞ്ഞുക്കുട്ടിയമ്മയെയും മാതൃത്വത്തിന്‍റെ വിശ്വരൂപമായി അവരെ അത്ഭുതത്തോടെ നോക്കിക്കാണുന്ന സുധീറിനെയും ‘വിശ്വരൂപ’ത്തിലൂടെ കഥാകാരി വരച്ചിടുകയാണ്.അച്ഛന്‍റെ മരണശേഷം തനിച്ചായിപ്പോകുന്ന അമ്മ, അമ്മയെ നഗരത്തിലെ തന്‍റെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന, എന്നാല്‍ അതിന് സാധ്യമാകാതെ പോകുന്ന നിസ്സഹായനായ മകന്‍ എന്നിവരുള്‍പ്പെടുന്ന ആഖ്യാനമാണ് ‘ഓരോ വിളിയും കാത്ത്’. ‘ഹരിതമോഹന’ത്തിലാകട്ടെ ഫ്ലാറ്റില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയപ്പെട്ട് താമസിക്കേണ്ടിവരുന്ന പ്രകൃതിസ്നേഹിയായ അരവിന്ദാക്ഷനും കുടുംബവും പുത്തന്‍ ജീവിതത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുകയും ചെയ്യുന്നു.
‘പട്ടണത്തിന്‍റെ ഒഴിഞ്ഞ ഭാഗത്തുള്ള ഇടുങ്ങിയ വഴിയുടെ വക്കില്‍ ഒരു ചെറിയ വീടാ’ണ് വിശ്വരൂപത്തിലെ താഴത്ത് കുഞ്ഞിക്കുട്ടിയമ്മയുടെ ഇടം. എഴുപത്തഞ്ചുകഴിഞ്ഞ മിസ്സിസ് തലത്തിനെ അന്വേഷിച്ച് സുധീര്‍ എന്ന ചെറുപ്പക്കാരന്‍ എത്തുന്ന, ‘ഗേറ്റില്‍ വെള്ളക്കോളാമ്പിച്ചെടി പടര്‍ന്ന് പൂത്തു കിടക്കുന്ന’ ,’ മുഖപ്പില്‍ ഓം എന്ന് കൊത്തി’യിട്ടുള്ള വീട്. ഡോക്ടര്‍ തലത്തിനോടൊപ്പം ലണ്ടനിലും ന്യൂയോര്‍ക്കിലും ജീവിച്ചിരുന്ന മാഡം തലത്ത് ഭര്‍ത്താവിന്‍റെ മരണശേഷം ‘എന്‍റെ യജമാനന്‍ മാറ്റമായിപ്പോയി. പക്ഷെ എന്നെ കൊണ്ടുപോയില്ല’ എന്ന ചിന്താ ഭാരമാണ് സുധീറിന് മുന്നില്‍ ഇറക്കിവച്ചത്. ഒരേ സമയത്ത് കുടുംബബന്ധങ്ങളിലെ സ്ഥാനഭേദങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രസ്താവന.അതേസമയം തന്നെ അവര്‍ ഒരു ‘ഗൃഹനായികയുടെ ഗൗരവബോധത്തോടെ എണീറ്റ് അക’ത്തേക്ക് പോവുകയും ഒരോട്ടു ഗ്ലാസില്‍ ചൂടുള്ള കാപ്പിയും നെയ്യപ്പവും മറ്റുമായി ‘പണ്ട് തന്‍റെ അമ്മ നടന്നുവരാറുള്ളതുപോലെ’ എന്ന് സുധീറില്‍ തോന്നലുണ്ടാക്കുമാറ് തിരിച്ച് വരികയും ചെയ്യുന്നു. നാലുകുട്ടികളുടെ അമ്മയായിട്ടും ആ കുട്ടികളെ ചെറുപ്പത്തില്‍ ഹോസ്റ്റലുകളിലും ബോര്‍ഡിംഗിലുമയയ്ക്കുകയും ശ്രദ്ധിക്കാതിരിക്കുകയും ചെയ്തതിന്‍റെ ഫലമെന്നോണം ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയില്‍ സ്വയം കരുത്താര്‍ജിക്കുന്ന സ്ത്രീയായാണ് കഥാകാരി താഴത്ത് കുഞ്ഞുക്കുട്ടിയമ്മയെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. മക്കളെ പ്രസവിച്ച , എന്നാല്‍ അവര്‍ക്കായി താരാട്ട് പാടുകയോ അവരെ ലാളിക്കുകയോ ചെയ്യാതിരുന്ന, സുഖക്കേടില്‍ ശുശ്രൂഷിക്കുവാനോ വാശിപിടിച്ചാല്‍ ശാസിക്കുവാനോ മെനക്കെടാതിരുന്ന സ്ത്രീത്വത്തെക്കുറിച്ച് പൗരസ്ത്യ സംസ്കാരം പാടെ മറന്നവളെന്ന് ആഖ്യാനത്തില്‍ പരാമര്‍ശിച്ചു കാണുന്നുണ്ട്. ‘ഭാരത സ്ത്രീകളുടെ അംബാസഡര്‍’ പദവിയില്‍ പറന്നുനടന്നിരുന്ന അവര്‍ മുറ്റത്ത് തുളസിത്തറയും മഞ്ഞമന്ദാരവുമുള്ള നാട്ടിലെ കൊച്ചുവീട്ടിലേക്ക് , അലങ്കാരങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാത്ത അവസ്ഥയിലേക്ക് , താഴത്ത് കുഞ്ഞുക്കുട്ടിയമ്മയിലേക്ക് പരിണമിക്കുന്നത് മാതൃത്വത്തിന്‍റെ മഹത്തായ ബോധ്യങ്ങള്‍ ഉള്‍ക്കൊണ്ടിട്ടാണെന്നതാണ് സുധീറിലൂടെ വെളിപ്പെടുത്തുന്നത്. വിദേശത്തുള്ള ആഡംബര ജീവിതത്തില്‍, അലങ്കരിച്ച സ്വീകരണമുറിയിലൂടെ പ്രൗഢവനിതയായി വിലസിയിരുന്ന മാഡം തലത്ത് മിസ്റ്റര്‍ തലത്തിന്‍റെ മരണത്തോടെ വീടിന്‍റെയും കുടുംബത്തിന്‍റെയും ‘അക’ത്തെ വെടിയേണ്ടിവന്ന് പുറത്തേക്ക് പോയ(പുറത്താക്കപ്പെട്ട) സ്ത്രീയാണെന്ന യാഥാര്‍ഥ്യം നിഷേധിക്കാനാവില്ല. സ്വന്തം ബോധ്യങ്ങളുടെ ‘അക’ത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഷ്കരിക്കുകകൂടിയായിരുന്നു അവര്‍. ആ ‘പുറ’ മാകട്ടെ, സമൂഹം നിഷ്കര്‍ഷിക്കുന്ന ‘അമ്മ’ സങ്കല്പവും ഏകാകിയായ വൃദ്ധയുടെ ആത്മീയതയും ഒത്തിണക്കിയതാണ്താനും. ‘നരച്ച തല, കൃശമായ ശരീരം, നെറ്റിയില്‍ ഭസ്മക്കുറി, കഴുത്തില്‍ രുദ്രാക്ഷമാല …’ എന്നിങ്ങനെ പോകുന്നു അതിനെ സംബന്ധിച്ച വിശദീകരണങ്ങള്‍. ‘മാഡം ഇങ്ങനെയൊരു സ്ഥലത്ത് ഇതുപോലെ’ ജീവിക്കുന്നതില്‍ അമ്പരക്കുന്ന സുധീറിനോട് ‘എന്‍റെ അച്ഛനമ്മമാര്‍ ഇതിലും മോശമായ വീട്ടിലാണ് കുഞ്ഞേ താമസിച്ചിരുന്നത്. അവിടെയാണ് ഞാന്‍ വളര്‍ന്നത്…’ എന്ന് മറുപടി പറയാന്‍ അവര്‍ ശ്രദ്ധിക്കുന്നതായും കാണാം. താന്‍ വളര്‍ന്ന സാഹചര്യം പിന്നീടുള്ള ഉയര്‍ച്ചകളില്‍ ഓര്‍ക്കാതിരുന്നതിന്‍റെ കുറ്റബോധംകൂടെ ആ വരികളില്‍ പ്രകടമാകുന്നു. സാമൂഹികാംഗീകാരമെന്ന രീതിയില്‍ ‘വിശ്വരൂപ’ ത്തിലൂടെ ഔന്നത്യം നേടുന്ന കഥാപാത്രമായി അവര്‍ പരിണമിക്കുന്നുണ്ട്. ഭാരതത്തിന്‍റെ കുടുംബ സംസ്കാരത്തിന് യോജിക്കുന്ന മട്ടില്‍ ഉദാത്ത മാതൃസങ്കല്പത്തിലേക്കുള്ള മാറ്റമാണ് അതില്‍ പ്രകടമാകുന്നതും. തന്‍റെ മുന്‍ യജമാനന്‍റെ ഭാര്യയുടെ ഈ വിശ്വരൂപം (മാതൃത്വത്തിന്‍റെ വിശ്വരൂപം)സ്നേഹാത്ഭുതത്തോടെ ദര്‍ശിക്കുന്ന സുധീറാകട്ടെ, സമൂഹത്തിന്‍റെതന്നെ പ്രതിനിധാനമാവുകയും ചെയ്യുന്നു.
അച്ഛന്‍റെ മരണശേഷം ‘ഏകാന്തതയുടെ നിസ്സഹായാവസ്ഥയിലേക്ക് വീണു’ പോകുന്ന അമ്മയെയാണ് യു.കെ.കുമാരന്‍ അവതരിപ്പിക്കുന്നത്. മറ്റു കഥാപാത്രങ്ങളുടെ ഓര്‍മകളിലൂടെ ജീവിക്കുന്ന അച്ഛനാണ് ആ വീടിനെ വീടാക്കുന്നത് എന്ന പ്രസ്താവന കഥാകൃത്ത് നടത്തുന്നുണ്ട്.’ അച്ഛന്‍റെ മരണത്തോടുകൂടി വീട്ടില്‍ നിന്ന് എന്തെല്ലാമോ ചോര്‍ന്നുപോയതുപോലെ’ അനുഭവപ്പെടുത്തുന്നതും ‘അച്ഛന്‍റെ ശബ്ദവും സാന്നിധ്യവുമായിരുന്ന വീടി’നെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതും ആഖ്യാതാവ് തന്നെ.’കിടപ്പിലായിരുന്നപ്പോള്‍ പോലും വീടിന്‍റെ ഓരോ കാര്യത്തിലും അച്ഛന്‍ ഏറെ ശ്രദ്ധിച്ചിരുന്നതു’ കൊണ്ടാവണം കിടപ്പുമുറിക്കപ്പുറമുള്ള ലോകത്തേക്ക് അച്ഛനെ വളര്‍ത്തിയെടുക്കാന്‍ കഥാകൃത്ത് ശ്രമിക്കുന്നത്. അമ്മയാകട്ടെ, കാര്‍ക്കശ്യക്കാരനായ അച്ഛന്‍റെ വിളികള്‍ക്ക് പിന്നാലെ ചുറുചുറുക്കോടെ ഓടിനടക്കുന്ന പ്രകൃതക്കാരിയുമാണ്. ഭര്‍ത്താവിന്‍റെ ഇല്ലായ്മയെ അംഗീകരിക്കാന്‍ സാധിക്കാത്ത അവര്‍ക്ക് ആ വീടുതന്നെ അയാളായി മാറുന്നു. അതുകൊണ്ടാണ് നഗരത്തിലുള്ള തന്‍റെ മകന്‍റെ വീട്ടിലേക്ക് പോകാന്‍ അമ്മയ്ക്ക് സാധിക്കാതെ പോകുന്നത്. അച്ഛന്‍ തന്നെ ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുകയാണെന്നും, ‘വിളിക്കുമ്പം ഞാനിവിടെ ഇല്ലാന്ന് വെച്ചാല്‍ ….’ എന്ന സ്നേഹസന്ദേഹത്തിലേക്കും ഉള്ള അമ്മയുടെ ഉയര്‍ച്ചയിലാണ് കഥ അവസാനിക്കുന്നത്.
തിരശ്ചീനവും വിശാലവുമായ വീടെന്ന മോഹങ്ങളില്‍ നിന്ന് ലംബമാനമായ അവസ്ഥയുടെ പരിമിതികളിലേക്ക് ചുരുങ്ങി ജീവിക്കേണ്ടിവരുന്ന അരവിന്ദാക്ഷന്‍റെയും കുടുംബത്തിന്‍റെയും കഥ പറയുന്നതാണ് സുസ്മേഷ് ചന്ദ്രോത്തിന്‍റെ ‘ഹരിതമോഹനം’. അരവിന്ദാക്ഷന്‍, ഭാര്യ സുമന മക്കളായ തന്മയ, പീലി എന്നിവരുള്‍പ്പെടുന്ന അണുകുടുംബമാണത്. അരവിന്ദാക്ഷനെ സംബന്ധിച്ചിടത്തോളം മണ്ണും മരങ്ങളും നിറഞ്ഞ സ്വന്തമായ ഒരു വീടാണ് സ്വപ്നം. ഫ്ലാറ്റ് അയാള്‍ക്ക് തടവറയാണ്.’ കള്ളത്തരം കാണിച്ച് വീട്ടില്‍ കയറിയിരുന്നാല്‍’ പോലും കണ്ടുപിടിക്കപ്പെടുംവിധം സ്വകാര്യത നഷ്ടപ്പെടുന്ന ഇടം എന്ന സൂചനയും കഥാകൃത്ത് നല്‍കുന്നുണ്ട്. അനുവാദമില്ലാതെ ഫ്ലാറ്റിലേക്ക് മണ്ണും മരത്തൈകളും കൊണ്ടുവരാന്‍ ശ്രമിക്കുന്ന അരവിന്ദാക്ഷന്‍ തന്‍റെ സ്വപ്നത്തോട് അടുക്കാനാണ് ശ്രമിക്കുന്നത്. ഭാര്യ സുമനയാകട്ടെ ഏഴാം നിലയിലുള്ള ഒരു മരം ഉള്ള കിടപ്പാടം കൂടെ ഇടിച്ചുകളയുമോ എന്ന സംശയമാണ് ആദ്യഘട്ടത്തില്‍ പ്രകടമാക്കുന്നത്. ‘രണ്ടുമുറി ഫ്ലാറ്റിന്‍റെയും ഒരാള്‍ക്ക് കഷ്ടിച്ച് പെരുമാറാന്‍ വലുപ്പമുള്ള അടുക്കളയുടെയും പരിമിതികള്‍’ അവരുടെ രാത്രികളിലെ ചര്‍ച്ചാവിഷയമാകുമ്പോള്‍ തന്നെയും പത്തുകൊല്ലമായി താമസിക്കുന്ന ഇതേ വീട്ടിലെ അലമാരയില്‍ പതിനൊന്നുകൊല്ലം മുമ്പ് വരപ്പിച്ച ‘വീടുപണിപദ്ധതി’ യുടെ പകര്‍പ്പിനെക്കുറിച്ചുള്ള സൂചനയും ഉയര്‍ന്നുവരുന്നുണ്ട്. ‘മൂന്ന് കിടപ്പുമുറികളും മുറ്റത്ത് പൂന്തോട്ടവും പിന്നില്‍ കുളവും കുറച്ച് മരങ്ങള്‍ വയ്ക്കാനുള്ള സ്ഥലവുമുള്ള ഒരു സങ്കല്പം’. വെറുതെയൊരു മോഹത്തിന് പറഞ്ഞുവരപ്പിച്ചതാണെന്ന് കഥാകൃത്ത് അതിനെ വ്യക്തമാക്കുന്നുമുണ്ട്. വീണ്ടും മരത്തൈകള്‍ കൊണ്ടുവന്ന് ടെറസ്സില്‍ വയ്ക്കുമ്പോഴും സുമനയെ സംബന്ധിച്ച് കുറെക്കാലമായി നിയന്ത്രിച്ചു നിര്‍ത്തിയിട്ടുള്ള പതിവാവശ്യങ്ങളും മോഹങ്ങളും മുരണ്ടു നടക്കുമോ എന്ന സംശയവും അരവിന്ദാക്ഷനുണ്ട്. ‘ചെമ്പകപുഷ്പ സുവാസിതയാമം’ എന്ന പാട്ടുമൂളി കാല്പനികഭാവത്തിലെത്തുന്ന അരവിന്ദാക്ഷന്‍റെ സ്വപ്നഭവനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ, ഫ്ലാറ്റ് നടത്തിപ്പുകാരനായ രാജന്‍പിള്ളയുടെ ചോദ്യശരങ്ങള്‍ തടയാന്‍ ‘ ഇക്കണോമിക്സ് പഠിച്ച് ഗുമസ്തപ്പണിയെടുക്കുന്ന’ സുമന നടത്തുന്ന ‘ഹെര്‍ബേറിയം’ എന്ന പ്രയോഗത്തിലെ അമ്പരപ്പിക്കുന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളേണ്ടതുണ്ട്. അതുതന്നെയാണ് പ്രത്യാശാഭരിതമായ കഥയുടെ പര്യവസാനത്തിലേക്ക് നയിക്കുന്നതും. കിടപ്പുമുറിയില്‍ നിന്ന് തുണി മടക്കി വയ്ക്കുന്ന സുമന യാഥാര്‍ഥ്യമാകുമ്പോള്‍ താന്‍ വച്ച് പിടിപ്പിക്കുന്ന മരങ്ങള്‍ക്ക് വെള്ളം കോരിയൊഴിക്കുന്ന സുമനയും മക്കളും അരവിന്ദാക്ഷന്‍റെ സ്വപ്നമാണ്. ഫ്ലാറ്റ് അരവിന്ദാക്ഷനെ സംബന്ധിച്ചിടത്തോളം അപൂര്‍ണമായ ഒരിടമാണെങ്കില്‍ സുമനയ്ക്ക് പരിമിതമാണെങ്കിലും സുരക്ഷിതമായ അകമാണത്. കുടുംബത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സന്ദര്‍ഭങ്ങളിലാണ് സുമനയ്ക്കുള്ള ഉയര്‍ച്ച എന്ന് കഥയിലൂടെ വെളിപ്പെടുന്നു.
കുടുംബബന്ധങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നതില്‍ വീട് പ്രധാന ഘടകമാകുമ്പൊഴും ആ വീടിനെ സംബന്ധിച്ച ചില പൊതുധാരണകളാണ് ഈ മൂന്നു കഥകളും മുന്നോട്ടുവയ്ക്കുന്നത്. സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളെ തൃപ്തിപ്പെടുത്തുന്ന വീട്ടിലേക്കും ചുറ്റുപാടിലേക്കും മടങ്ങുന്ന താഴത്ത് കുഞ്ഞുക്കുട്ടിയമ്മ ,’ഭാരതസ്ത്രീകളു’ടെ, ‘മാതൃത്വ’ത്തിന്‍റെ വിശ്വരൂപമെന്ന സ്ഥാനത്തിന് അര്‍ഹയാകുന്നു. അച്ഛന്‍റെ ഓര്‍മകളും വിളികളും നിറയുന്ന വീട്ടില്‍ നിന്ന് മാറാനാഗ്രഹിക്കാത്ത, വീടും പറമ്പും സംരക്ഷിക്കണമെന്ന് ചിന്തിക്കുന്ന അമ്മയുടെ മഹത്വം ഓരോ വിളിയും കാത്ത് എന്ന കഥയില്‍ പ്രകടമാകുന്നു. അരവിന്ദാക്ഷന്‍റെ ഹരിതസ്വപ്നത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന, അതിനായി നിലവിലുള്ള വ്യവസ്ഥകളെ ശക്തിയുക്തം പ്രതിരോധിക്കാനായുന്ന സുമനയുടെ പ്രാധാന്യം ഹരിതമോഹനത്തിലും ഉയര്‍ന്നുവരുന്നു. ഈ മൂന്ന് സാഹചര്യങ്ങളിലും ‘ഗൃഹാതുരത്വ’ത്തിന്‍റെ മേമ്പൊടികള്‍ വ്യത്യസ്ത ഭാവത്തില്‍ കടന്നുവരുന്നതു. ശ്രദ്ധേയമാണ്. ‘വിട്’ എന്ന ധാതുവില്‍ നിന്ന് നിഷ്പന്നമായ വീടിന് – ‘വിട്ടുപോകുന്നത്’ എന്ന അര്‍ഥമാണ് ശബ്ദതാരാവലി നല്‍കുന്നത്. എന്നാല്‍ വിട്ടുപോകാനാവാത്ത സ്മരണകളെ സമൂഹത്തിന്‍റെ കെട്ടിയുറപ്പിക്കലുകളിലേക്ക് തന്നെ എറിഞ്ഞുകൊടുക്കുന്ന സ്ത്രീകഥാപാത്രങ്ങള്‍ ഈ കഥകളില്‍ സജീവമാകുന്നു. സുധീറിലൂടെയും അച്ഛന്‍റെ വിളികളിലൂടെയും അരവിന്ദാക്ഷന്‍റെ സ്വപ്നത്തിലൂടെയും അത് അരക്കിട്ടുറപ്പിക്കുക തന്നെ ചെയ്യുന്നു. സമൂഹത്തിന്‍റെ ബോധാബോധങ്ങള്‍ സാഹിത്യത്തിന്‍റെ നിര്‍മിതികളാവുമ്പോള്‍ പാഠപുസ്തകങ്ങളിലെ പ്രമേയപരിസരത്തെ പ്രശ്നവത്കരിക്കാനുള്ള ശ്രമങ്ങളാണ് ക്ലാസ്മുറികള്‍ ഏറ്റെടുക്കേണ്ടത്. കെട്ടിയിടലുകളില്‍ നിന്നും ചിന്തയുടെ കെട്ടുപൊട്ടിക്കലുകള്‍ അതിലൂടെ സാധ്യമാകുകതന്നെ ചെയ്യും.

 

 

 

 

 

ഐശ്വര്യ വി. ഗോപാല്‍
ഗവേഷക, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല

COMMENTS

COMMENT WITH EMAIL: 0