Homeചർച്ചാവിഷയം

കുടുംബത്തില്‍ നിന്നും സമൂഹത്തിലേക്ക്

നുഷ്യര്‍ തമ്മിലുള്ള ഇടപെടലുകള്‍ ആണ് സമൂഹത്തെ സൃഷ്ടിക്കുന്നത്. ഓരോ സമൂഹവും ഭൂമിശാസ്ത്രപരവും ചരിത്രപരവും സാംസ്കാരികവും മതപരവുമായ കാരണങ്ങളാല്‍ വ്യത്യസ്തരാണ്. ഈ ഘടകങ്ങള്‍ ഓരോ സമൂഹത്തിന്‍റെയും പൊതുവായൊരു സ്വഭാവ രൂപീകരണത്തിന് കാരണമാകുന്നു. മനുഷ്യന്‍റെ കൂട്ടായ ജീവിതത്തിന്‍റെ ആദ്യപടിയായാണ് കുടുംബം കണക്കാക്കപ്പെടുന്നത്.ജനനം മുതല്‍ക്ക് തന്നെ വ്യക്തികള്‍ ആശ്രയിക്കുകയും ഇടപെടുകയും ചെയ്യുന്ന സാമൂഹിക സ്ഥാപനമാണ് കുടുംബം. കുടുംബം എന്ന സാമൂഹിക സ്ഥാപനത്തെയും അതിന്‍റെ നിലനില്‍പ്പിനെയും പ്രവര്‍ത്തനങ്ങളെയും സാമൂഹിക ശാസ്ത്രം ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.കുടുംബം എന്ന സാമൂഹിക സ്ഥാപനം അത് നിലനില്ക്കുന്ന സമൂഹത്തിന്‍റെ മൂല്യബോധങ്ങളെയും സാമൂഹിക നിയമങ്ങളെയും അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. സാമൂഹിക ജീവി എന്ന നിലയ്ക്ക് കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിദ്യാഭ്യാസവും പരിചരണവുമാണ് വ്യക്തികളുടെ സ്വഭാവ രൂപീകരണത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നത്.
വ്യവസ്ഥാപിതമായ കുടുംബസങ്കല്പ്പം സാമൂഹികവും മതപരവുമായ ഇടപെടലുകള്‍ക്ക് വിധേയമാണ്.മനുഷ്യന്‍റെ വ്യക്തിപരമായ നൈതികത രൂപപ്പെട്ട് വരുന്നത് നിലനില്‍ക്കുന്ന സമൂഹത്തിന്‍റെ മൂല്യബോധങ്ങളില്‍ നിന്നു കൂടിയാണ്.അതിനാല്‍ തന്നെ കുടുംബത്തില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും വ്യക്തിക്ക് ലഭിക്കുന്ന വിദ്യാഭ്യാസം വളരെ പ്രധാനമാണ്. ഏതൊരു സമൂഹത്തിലും കാലങ്ങളായി അനുവര്‍ത്തിച്ച് പോരുന്ന സാമൂഹിക നിയമങ്ങള്‍ ഉണ്ടാകും.സമൂഹത്തിലെ ഏറ്റവും അടിസ്ഥാന ഘടകമായ കുടുംബം ഈ സാമൂഹിക നിയമങ്ങള്‍ക്ക് വിധേയപ്പെട്ടാണ് നിലനില്ക്കുന്നത്. വ്യവസ്ഥാപിതമായ സാമൂഹിക നിയമങ്ങള്‍ക്കനുസരിച്ചുള്ള പെരുമാറ്റചട്ടങ്ങള്‍ പിന്തുടരാനാണ് കുടുംബം വ്യക്തിയെ പരിശീലിപ്പിക്കുന്നത്. സമൂഹത്തിന്‍റെ പൊതുവായ ശരികളും ധാരണകളുമാണ് കുടുംബത്തില്‍ നിന്ന് വ്യക്തികളിലേക്ക് എത്തുന്നത്.കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഈ സാമൂഹിക നിയമങ്ങള്‍ക്ക് കഴിയാതെ വരുമ്പോള്‍ ഒരു സമൂഹത്തിന്‍റെ മുഴുവന്‍ പുരോഗതിയെയും അത് വിപരീതമായി ബാധിക്കുന്നു.വ്യക്തിയുടെ മാനസികാരോഗ്യത്തിനും വികാസത്തിനും ആവിശ്യമായ അറിവ് പ്രധാനം ചെയ്യുക എന്നതില്‍ നിന്നു മാറി വ്യവസ്ഥാപിതമായ സാമൂഹിക നിയമങ്ങള്‍ക്ക് അനുസൃതമായി വ്യക്തിയെ പാകപ്പെടുത്തി എടുക്കുന്ന രീതിയിലേക്ക് ഇത്തരം പഠനങ്ങള്‍ ചുരുങ്ങിപ്പോകുന്നു. പല പിന്തിരിപ്പന്‍ ആശയങ്ങളെയും അതേപടി പിന്‍പ്പറ്റുന്നതും അവയിലെ ശരികേടുകള്‍ തിരിച്ചറിയാന്‍ കഴിയാതെ വരുന്നതും ഈ പാകപ്പെടുത്തലുകളുടെ പരിണിതഫലങ്ങളാണ്.
“മനുഷ്യന്‍റെ വിമോചനം സാധ്യമാകുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്.സംവാദമാണ് അതിന് ഉതകുന്ന ബോധന രീതി”
ബ്രസീലിയന്‍ ചിന്തകനായ പൌലോ ഫ്രയറിന്‍റെ വിദ്യാഭ്യാസത്തെ സംബന്ധിച്ച ഈ നിരീക്ഷണം ഇവിടെ പ്രസക്തമാണ്.കൃത്യമായും അധികാരശ്രേണിയിലധിഷ്ഠിതമായാണ് കുടുംബം എന്ന സാമൂഹിക സ്ഥാപനം നിലനില്ക്കുന്നത്. അത്തരം പരിസരങ്ങളില്‍ നിന്നും വ്യക്തി നേടുന്ന അറിവുകള്‍ക്ക് സ്വാഭാവികമായും നിലനില്ക്കുന്ന സമൂഹത്തിന്‍റെ പൊതുബോധങ്ങളുടെ സ്വാധീനം ഉണ്ടായിരിക്കും. ആധുനിക സമൂഹം വ്യക്തി/കുട്ടികള്‍ കുടുംബത്തിനകത്ത് നിന്ന് ആര്‍ജിക്കുന്ന വിദ്യാഭ്യാസത്തെ വളരെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. സാമൂഹിക അസമത്വങ്ങള്‍, തുല്യത, പരിസ്ഥിതിയോടുള്ള സമീപനം എന്നിവയെ സംബന്ധിച്ചെല്ലാമുള്ള വ്യക്തമായ കാഴ്ച്ചപ്പാടുകള്‍ പുതുതലമുറയ്ക്ക് ഉണ്ടാകേണ്ടത് ശരിയായ വിദ്യാഭ്യാസം വഴിയാണ്.
കേരളം പോലൊരു സമൂഹത്തെ മുന്‍നിര്‍ത്തി പരിശോധിച്ചാല്‍ സാക്ഷരത, ജീവിത നിലവാരം എന്നിവയിലെല്ലാം താരതമ്യേന മികച്ചു നില്ക്കുമ്പോഴും സ്ത്രീകളെ സംബന്ധിച്ച സാമ്പ്രദായിക ധാരണകള്‍, ജാതീയമായ വിവേചനങ്ങള്‍, ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം എന്നിവയോടെല്ലാമുള്ള സമീപനങ്ങള്‍ക്കും മറ്റും എത്രത്തോളം മാറ്റം വന്നിട്ടുണ്ടെന്നുള്ളത് പ്രശ്നവല്‍ക്കരിക്കേണ്ട വിഷയമാണ്.പ്രസ്തുത കാര്യങ്ങള്‍ സംബന്ധിച്ച അവബോധമില്ലായ്മക്ക് ഒരു പ്രധാന കാരണം കുടുംബത്തില്‍ നിന്നും ലഭിക്കുന്ന വിദ്യാഭ്യാസത്തിലെ പരിമിതി കൂടിയാണ്. കുടുംബത്തിനകത്തു നിന്നും നേടുന്ന അറിവ് പ്രധാനമായും നിരീക്ഷണങ്ങളിലൂടെയാണ് ഉണ്ടാകുന്നത്. മുതിര്‍ന്നവരുടെ പെരുമാറ്റം, സംസാര രീതി, മറ്റുള്ളവരെ പരിചരിക്കുന്ന രീതി ഇവയെല്ലാം അടുത്ത തലമുറയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.ഇത്തരത്തില്‍ കുടുംബത്തില്‍ നിന്നും നേടുന്ന അറിവുകളാണ് വിദ്യാഭ്യാസത്തിന്‍റെ അടിത്തറ. ആ ധാരണകള്‍ അടിസ്ഥാനമാക്കിയാണ് വ്യക്തികള്‍ അവരുടെ ബോധ്യങ്ങള്‍ നിര്‍മ്മിക്കുന്നത്. കുടുംബം, സൗഹൃദം, ബന്ധുത്വം എന്നീ സാമൂഹിക സ്ഥാപനങ്ങള്‍ക്കെല്ലാം ഇതില്‍ സവിശേഷമായ പങ്കുണ്ട്.
ഔപചാരികമായ വിദ്യാഭ്യാസത്തിന് മുന്‍പ് തന്നെ പരിസരങ്ങളില്‍ നിന്നും ലഭിക്കുന്ന പാഠങ്ങളാണ് ചുറ്റുപാടുകളെ നോക്കികാണുവാനും വിലയിത്തുവാനും ഓരോ മനുഷ്യനെയും പ്രാപ്തരാക്കുന്നത്. അറിവുകളുടെയും അനുഭവങ്ങളുടെയും കൈമാറ്റം എന്നതിലുപരിയായി വ്യക്തികളെ വിശാലമായൊരു സാമൂഹിക ജീവിതം നയിക്കുവാന്‍ ശേഷിയുള്ളവരാക്കി മാറ്റുന്നത് കൂടിയാണ് കുടുംബത്തില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന വിദ്യാഭ്യാസം. അതുകൊണ്ടു തന്നെ വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം കുടുംബമുള്‍പ്പടെയുള്ള സാമൂഹിക സ്ഥാപനങ്ങള്‍ കുറേക്കൂടി ധാര്‍മികവും വിശാലവുമായ സമീപനങ്ങള്‍ സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്.

 

 

 

 

മഞ്ജിമ സുരേഷ്
സുല്‍ത്താന്‍ ബത്തേരി അല്‍ഫോണ്‍സാ ആര്‍ട്സ് & സയന്‍സ് കോളേജില്‍ അഥിതി അധ്യാപിക ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

COMMENTS

COMMENT WITH EMAIL: 0