രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലെ കുടുംബവാഴ്ച ഇന്ത്യന്‍ സാഹചര്യത്തില്‍ പല നിലകളില്‍ ചര്‍ച്ചയായിട്ടുണ്ട്. മക്കള്‍ രാഷ്ട്രീയം, കുടുംബ രാഷ്ട്രീയം തുടങ്ങിയ പദാവലികളാല്‍ വിവക്ഷിക്കപ്പെടുന്ന ഈ പ്രവണത ഒരര്‍ത്ഥത്തില്‍ ജനാധിപത്യ സങ്കല്‍പ്പത്തെ തന്നെ പ്രശ്നവത്കരിക്കുന്നതാണ്. ജനാധിപത്യത്തെ ഫ്യൂഡല്‍ ബന്ധങ്ങളുടെ തുടര്‍ച്ച മാത്രമായി പരിമിതപ്പെടുത്തുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളില്‍ നിലനില്‍ക്കുന്ന കുടുംബരാഷ്ട്രീയം ചെയ്യുന്നത്. പ്രാദേശികതലം മുതല്‍ ദേശീയതലം വരെയുള്ള രാഷ്ട്രീയ സംഘടനാ സംവിധാനങ്ങള്‍ക്കകത്ത് അധികാരം കൈയ്യാളുന്ന കുടുംബങ്ങള്‍ ഉണ്ടായി വന്നിട്ടുണ്ട്. ചിലയിടങ്ങളില്‍ അത് രാജഭരണത്തിന്‍റെ തുടര്‍ച്ചപോലുമാണെന്നു കാണാം. രാജസ്ഥാനിലെ സിന്ധ്യകുടുംബം തന്നെ ഉദാഹരണം.
രാഷ്ട്രീയപാര്‍ട്ടികള്‍ക്കകത്തെ കുടുംബവാഴ്ചയ്ക്ക് പല മാനങ്ങളുണ്ട്. നെഹ്റു കുടുംബത്തിന്‍റെ രാഷ്ട്രീയ തുടര്‍ച്ചയിലാണ് ഇന്ദിരയെ നമ്മള്‍ കാണുന്നതെങ്കിലും വളരെ സജീവമായ പൊതുജീവിതം ഇന്ദിരയ്ക്ക് അവകാശപ്പെടാനുണ്ട്. നെഹ്റുവിന്‍റെ മകള്‍ എന്ന പ്രിവിലേജിനപ്പുറം ഉറച്ച രാഷ്ട്രീയ ബോധ്യങ്ങളുള്ള സ്ത്രീയെന്ന ബഹുമതി നെഹ്റുവിന്‍റെ മരണത്തിനു മുമ്പുതന്നെ ഇന്ദിര നേടിയെടുത്തിരുന്നു.
ഹമ്പിള്‍ സിമ്പിള്‍ ഇന്ദിരഗാന്ധി
ഏബിള്‍ നോബിള്‍ ഇന്ദിരഗാന്ധി
ഏണസ്റ്റ് ഓണസ്റ്റ് ഇന്ദിരഗാന്ധി
ലീഡേഴ്സ് ലീഡര്‍ ഇന്ദിരഗാന്ധി
എന്ന മുദ്രാവാക്യം പോലും ഇന്ദിരയ്ക്കു വേണ്ടി പില്‍കാലത്ത് ഉയരുന്നുണ്ട്. ലീഡേഴ്സ് ലീഡര്‍ എന്ന വിശേഷണം സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെയാണ് അവര്‍ നേടിയെടുക്കുന്നതെന്നുകൂടി ഓര്‍ക്കണം. എന്നാല്‍ ഇന്ദിരയുടേതിന് സമാനമായ വരവായിരുന്നില്ല രാജീവിന്‍റേത്. ഇന്ദിരഗാന്ധി കൊല്ലപ്പെട്ട രാത്രിയില്‍ തന്നെ ഇന്ദിരയുടെ പിന്‍ഗാമിയായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ തലപ്പത്തേക്കു കടന്നുവരാന്‍ രാജീവ് ഗാന്ധിയ്ക്കു സാധിച്ചത് ഇന്ദിരയുടെ മകനെന്ന പദവികൊണ്ടു മാത്രമാണ്. ഒറ്റ നോട്ടത്തില്‍ കോണ്‍ഗ്രസ്സിനകത്തുള്ള നെഹ്റു കുടുംബത്തിന്‍റെ അധികാര തുടര്‍ച്ചയായി ഇതിനെ കരുതാമെങ്കിലും സൂക്ഷ്മാര്‍ത്ഥത്തില്‍ ഇന്ദിരയുടെയും രാജീവിന്‍റെയും വരവിനു പിന്നില്‍ വ്യത്യസ്തമായ രാഷ്ട്രീയമാനമുണ്ട്.
രാഷ്ട്രീയപാര്‍ട്ടികള്‍ക്കകത്ത് കുടുംബവാഴ്ച എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ് മുകളില്‍ സൂചിപ്പിച്ചത്. പല സന്ദര്‍ഭങ്ങളിലും ഇത്തരം ചര്‍ച്ചകള്‍ സജീവമായി തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നടന്നിട്ടുമുണ്ട്. എന്നാല്‍ കുടുംബം എന്ന സ്ഥാപനത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന വിഷയത്തെ പലപ്പോഴും നമ്മള്‍ അഭിസംബോധന ചെയ്തിട്ടില്ല. ഈയൊരു പ്രശ്നത്തെ കേരളത്തിന്‍റെ രാഷ്ട്രീയ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യുകയാണ് ഈ ലേഖനം ചെയ്യുന്നത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ ഉദയം, കുടുംബങ്ങളുടേയും:
കേരളത്തിന്‍റെ കുടുംബസങ്കല്‍പ്പം പൊളിച്ചെഴുത്തിനു വിധേയമായമാകുന്നത് നവോത്ഥാന ആധുനികതയുടെ സന്ദര്‍ഭത്തിലാണ്. നവോത്ഥാനപ്രസ്ഥാനങ്ങളും നേതാക്കളും കുടുംബമെന്ന സ്ഥാപനത്തെ പല നിലകളില്‍ അഭിസംബോധന ചെയ്തിട്ടുണ്ട്. നാരായണ ഗുരു, പണ്ഡിറ്റ് കറുപ്പന്‍, സഹോദരന്‍ അയ്യപ്പന്‍ , വി ടി ഭട്ടതിരിപ്പാട് എന്നിവരുടെ ഇടപെടലുകളില്‍ കുടുംബത്തിന്‍റെ ഘടനയെ പ്രശ്നവത്കരിക്കുന്ന യുക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു കാണാം.
ഈയൊരു കാലഘട്ടത്തില്‍ തന്നെയാണ് സന്ദര്‍ഭവശാല്‍ രാഷ്ട്രീയ പാര്‍ട്ടികളും ഉദയം കൊള്ളുന്നത്. കേരളത്തിലെ ദേശീയപ്രസ്ഥാനം ഉപരിവര്‍ഗ്ഗ പ്രസ്ഥാനമായാണ് നിലകൊണ്ടെതെന്ന നിരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പുരുഷന്‍മാര്‍ക്കൊപ്പം അപൂര്‍വ്വം സ്ത്രീകളും ദേശീയ പ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്നെങ്കിലും അവയുടെ പ്രവര്‍ത്തനം വ്യാപകമായി കുടുംബ സംവിധാനങ്ങള്‍ക്കകത്തേക്ക് ഇറങ്ങി ചെല്ലുകയോ സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യരെ വലിയയളവില്‍ സ്വാധീനിക്കുകയോ ചെയ്തതായി കാണുന്നില്ല. ഇതിലൊരു മാറ്റം സംഭവിക്കുന്നത് കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയോടെയാണ്. ഇന്ത്യയിലെ പലയിടങ്ങളിലും ജന്മിയുടെ രാഷ്ട്രീയം സ്വീകരിക്കാനും അവര്‍ക്കു വേണ്ടി അണിനിരക്കാനും കുടിയാന്‍മാരും കര്‍ഷക തൊഴിലാളികളും നിര്‍ബന്ധിതരായപ്പോള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി വേരോടിയ ഇടങ്ങളില്‍ ജന്മിമാരും കുടിയാന്‍മാരും രണ്ടു ചേരിയായി പിരിയുകയും മണ്ണില്‍ പണിയെടുക്കുന്ന മനുഷ്യരില്‍ വലിയൊരു പങ്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാകുകയുമാണുണ്ടായത്. ഇത്തരമൊരു അനുഭവം ഒളിവിലെ ഓര്‍മ്മകള്‍ക്കു ശേഷം എന്ന കൃതിയില്‍ തോപ്പില്‍ ഭാസി പങ്കുവയ്ക്കുന്നുണ്ട്.
‘വോട്ടറന്മാര്‍ കുറേശ്ശെ വന്നു തുടങ്ങി.അവര്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നു ചീട്ടും വാങ്ങി വോട്ടു ചെയ്യാന്‍ പോയിത്തുടങ്ങി.അവരെല്ലാം എന്നെ അറിയുന്നവരാണ്. അവരെന്നെ കണ്ടു മനസ്സിലാക്കി.
പത്തു മണിയോടെ തെന്നല തറവാട്ടു പറമ്പില്‍ നിന്നു തുടങ്ങുന്ന ഇടവഴിയിലൂടെ ഒരു വലിയ ജാഥ വന്നു. മുന്നില്‍ ശ്രീ.തെന്നല ഗോപാലപ്പിള്ള, തൊട്ടു പിന്നില്‍ അദ്ദേഹത്തിന്‍റെ അനുയായികളും ഗുണ്ടകളും അവര്‍ക്കു പിന്നാലെ സ്ത്രീകളും വയസ്സന്മാരും അടങ്ങുന്ന തൊഴിലാളികളുടെ നീണ്ട നിര എന്‍റെ അടുത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരിഹാസസ്വരത്തില്‍ ചോദിച്ചു. ‘എന്നെ തോല്‍പ്പിക്കാന്‍ വന്നതാണോ? ‘
ഞാന്‍ ഉറക്കെ മറുപടി പറഞ്ഞു ‘അതേ… ‘
ശ്രീ.ഗോപാലപ്പിള്ള അനുചരരെ നോക്കി. എല്ലാവരും ഉറക്കെച്ചിരിച്ചു. അതെനിക്ക് സംസാരിക്കാന്‍ ഇടനല്‍കി.
ഞാന്‍ പറഞ്ഞു. ‘ചിരിക്കണ്ട. പാവപ്പെട്ട തൊഴിലാളികള്‍ അവരുടെ മന:സാക്ഷിക്കനുസരിച്ചേ വോട്ടു ചെയ്യുകയുള്ളൂ’. എന്നെക്കൊണ്ടു കൂടുതല്‍ സംസാരിപ്പിക്കണ്ട എന്നു കരുതിയാവണം സ്ഥാനാര്‍ത്ഥി വേഗം ബൂത്തിലേക്കു നടന്നു പോയി. (ഫലം വന്നപ്പോള്‍ )കടക്കല്‍ പരമുപ്പിള്ള തോറ്റു പോയി. വള്ളിക്കുന്നത്തെ എല്ലാ വാര്‍ഡിലും കമ്മ്യൂണിസ്റ്റുകാര്‍ ജയിച്ചു. ഇതൊരു പൊതുപ്രവണതയായി കേരള സമൂഹത്തില്‍ വേരോടുന്നുണ്ട്. ജന്മിയില്‍ നിന്നും വ്യത്യസ്തമായ രാഷ്ട്രീയ താത്പര്യങ്ങള്‍ തൊഴിലാളികളുടെ കര്‍തൃത്വത്തെ നിര്‍വചിക്കാന്‍ തുടങ്ങുന്ന ഈയൊരു ഘട്ടം കേരള രാഷ്ട്രീയത്തിലും വളരെ പ്രധാനപ്പെട്ടതാണ്. ന്യായമായും ലഭിക്കേണ്ട അവകാശങ്ങള്‍ക്കു വേണ്ടി ഒരുമിച്ചു നില്‍ക്കേണ്ടത് ആവശ്യമായി വരുന്ന സമയത്തുതന്നെയാണ് കുടുംബമൊന്നാകെ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയായി മാറുന്ന പ്രവണത വ്യാപകമായത്.ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ തങ്ങളുടെ പാര്‍ട്ടിയിലേക്ക് കുടുംബങ്ങളെ ഒന്നാകെ അണിചേര്‍ക്കാന്‍ പ്രത്യേക ശ്രദ്ധ വച്ചിരുന്നു. പാര്‍ട്ടി മീറ്റിങ്ങുകളില്‍ സ്ത്രീകളും പുരുഷന്‍മാരും കുട്ടികളുമെല്ലാം ഒരുപോലെ ഭാഗമാകുകയും പങ്കെടുക്കുന്ന കുടുംബാംഗങ്ങളെല്ലാം സജീവ അണികളാകുയും ചെയ്തുവെന്നതാണ് ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടത്. മാതാപിതാക്കളും കുട്ടികളുമടങ്ങുന്ന കുടുംബമൊന്നാകെ ‘പാര്‍ട്ടി’ യായി മാറുന്ന ദൃശ്യങ്ങള്‍ കര്‍ഷകഗ്രാമങ്ങളിലും തൊഴിലിടങ്ങളിലുമുണ്ടായി. കുടുംബമൊന്നാകെ ഒരേ തൊഴിലിലേര്‍പ്പെട്ടു വന്നിരുന്ന തൊഴില്‍ സാഹചര്യവും ഈ പ്രവണതക്ക് ആക്കം കൂട്ടിയ ഘടകമായിരുന്നു. അങ്ങനെയാണ് ‘പാര്‍ട്ടി കുടുംബങ്ങള്‍’ എന്ന പുതിയൊരു രാഷ്ട്രീയ സംവര്‍ഗം രൂപമെടുക്കുന്നത്. അക്കാലത്തെ സാഹിത്യകൃതികള്‍ ഇതിനു തെളിവുതരും. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം നോക്കുക. കര്‍ഷക തൊഴിലാളികളായ മാലയും അച്ഛനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിയുറച്ച പ്രവര്‍ത്തകരാണ്. വീടിനകത്തും പുറത്തുമുള്ള അവരുടെ സംസാരങ്ങളില്‍ രാഷ്ട്രീയമാണ് വിഷയമാകുന്നത്. ജന്മി കുടുംബാംഗമായ യുവാവ് മാത്രമാണ് തൊഴിലാളി പ്രസ്ഥാനത്തെ പിന്‍തുണയ്ക്കുന്നതെങ്കിലും നാടകം അവസാനിക്കുമ്പോള്‍ ആ കുടുംബത്തിലെ മുഴുവന്‍ പേരും പാര്‍ട്ടി പ്രവര്‍ത്തകരാകുന്നു. ഈയൊരു രീതി പില്‍കാലത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രയോഗിക്കുന്നുണ്ട്. മതാടിസ്ഥാനത്തില്‍ രൂപംകൊണ്ട അപൂര്‍വ്വം കക്ഷികളൊഴികെയുള്ളവയുടെ സമ്മേളനങ്ങളിലും പരിപാടികളിലും സ്ത്രീ-പുരുഷമാരും കുട്ടികളുമുള്‍പ്പെടുന്ന കുടുംബങ്ങളുടെ സാന്നിധ്യം ഇക്കാലയളവില്‍ ഉണ്ടാകുന്നുണ്ട്.
ഇതിന്‍റെ തുടര്‍ച്ചയിലാണ് സ്ത്രീകളുടെ തൊഴിലിടങ്ങള്‍ സമരവേദികളായി രൂപാന്തരപ്പെടുന്നത്. കുട്ടനാട്ടിലെ കര്‍ഷത്തൊഴിലാളികളായ സ്ത്രീകളുടെ സമര ചരിത്രം കേരള രാഷ്ട്രീയത്തില്‍ പ്രധാനപ്പെട്ടതാണ്. കുട്ടനാടും കര്‍ഷകത്തൊഴിലാളി പ്രസ്ഥാനവും എന്ന കൃതിയില്‍ കായല്‍ രാജാവെന്നറിയപ്പെട്ടിരുന്ന മുരിക്കനെതിരെ നടന്ന പ്രശസ്തമായ സമരത്തെക്കുറിച്ച് എന്‍.കെ.കമലാസനന്‍ എഴുതുന്നത് നോക്കുക:
……ജോലിസമയം ഏതാണ്ട് 8 മണിക്കൂര്‍ എന്നത് സാര്‍വത്രികമായി അംഗീകരിച്ചിരുന്നു . കൂലിയെ സംബന്ധിച്ചുമാത്രം ഒരു വ്യവസ്ഥയും ഉണ്ടായിട്ടില്ല . ഒരു ദിവസം പണികഴിഞ്ഞ് കൂലി അളക്കുന്ന സമയമായി . ചിത്തിരക്കായലിലെ ആപ്പീസ് കെട്ടിടത്തിന്‍റെ മുന്നില്‍ നെല്ലിന്‍ ചാക്കുകള്‍ അടുക്കിവച്ചിട്ടുണ്ട് . ഒരു പായ് നിവര്‍ത്തിട്ട് അതില്‍ ഒരു ചാക്ക് നെല്ല് അഴിച്ചിട്ടിരുന്നു . കൂലി അളക്കുന്നതിന് കൃഷി നടത്തിപ്പുകാര്‍ കൂലിയാനുമായി നിരന്നിരുന്നു . വട്ടിയും നിവര്‍ത്തി സ്ത്രീകള്‍ ചുറ്റും കൂടി , മുരിക്കന്‍ ഔതച്ചന്‍ ഒരു ചാരു കസേരയില്‍ അടുത്ത് അങ്ങനെ കിടക്കുന്നു .
അളക്കാന്‍ തുടങ്ങുന്നതിനു മുമ്പ് കമലാക്ഷി പറഞ്ഞു : ‘ഞങ്ങള്‍ക്കു ഈ പ്രാവശ്യം കൂലി മൂന്നിടങ്ങഴി നെല്ലു തരണം . കുറ്റിക്ക് അളന്നു തരികയും വേണം . ‘ എല്ലാവരും അത് ഏറ്റു പറഞ്ഞു . കസേരയില്‍ കിടന്ന ഔതച്ചന്‍ ചാടി എഴുന്നേറ്റു . അന്നുവരെ ആ കായലിലുണ്ടാകാത്തതാണ് ആ സംഭവം . കൊടുക്കുന്നതു വാങ്ങിച്ചുകൊണ്ടു പോകും .
അത്രയ്ക്കായോ ? അദ്ദേഹത്തിനു ദേഷ്യം വന്നു.
നീ ആണോടീ കൂലി തീരുമാനിക്കുന്നത്? .
ജോലി ചെയ്താല്‍ കൂലി എന്താണെന്ന് ഞാനാണ് തീരുമാനിക്കുന്നത് .
ഹോ കൂലി തീരുമാനിക്കാന്‍ വന്നിരിക്കുന്നു !
കമലാക്ഷി പറഞ്ഞു . ‘അതൊക്കെ പണ്ട് . ഇപ്പോള്‍ ഞങ്ങളുടെ കൂലി എന്തായിരിക്കണമെന്ന് ഞങ്ങളുടെ യൂണിയനാണ് തീരുമാനിക്കുന്നത് . അതുമാത്രവുമല്ല എടീ , എന്നുള്ള വിളി വീട്ടില്‍മതി ‘ .
മുരിക്കന് കോപം സഹിക്കാനായില്ല . അദ്ദേഹത്തിനു കലിയിളകി വിറയ്ക്കാന്‍ തുടങ്ങി . അവള്‍ക്കു വേണ്ടെങ്കില്‍ കൊടുക്കേണ്ട മറ്റുള്ളവര്‍ക്കു അളക്കിന്‍.
‘മുരിക്കന്‍ അളവുകാര്‍ക്ക് ആജ്ഞകൊടുത്തു . കൃഷിക്കാര്‍ അളക്കാന്‍ തയ്യാറായി നിന്നു . വട്ടിപിടിക്കുവാന്‍ ആരും തയ്യാറില്ല . കോപം കൊണ്ടുതുള്ളുന്ന മുരിക്കന്‍ പറഞ്ഞു , ‘ആര്‍ക്കും വേണ്ടിങ്കില്‍ വേണ്ട . മുരിക്കുംമൂട് നശിച്ചാലും ഒരു മണിനെല്ലു കൂട്ടിത്തരുമെന്ന് കരുതേണ്ട . എന്‍റെ തന്ത മുരിക്കുംമൂട്ടില്‍ തൊമ്മനാണെങ്കില്‍ ഇത് തീര്‍ച്ചയായിരിക്കും . ‘
അദ്ദേഹം ധൃതിയില്‍ കുടയുമെടുത്ത് നടന്ന് ബോട്ടില്‍ കയറിപ്പോയി . കായലിലെ കൊച്ചോളങ്ങളെ വെട്ടിമുറിച്ചുകൊണ്ട് ബോട്ട് കാവാലം ലക്ഷ്യമാക്കി ചീറിപ്പാഞ്ഞു പോയി .’
അതേ തുടര്‍ന്ന് വാശിയേറിയ സമരമുണ്ടാകുകയും ഒടുവില്‍ മുരിക്കന്‍ തൊഴിലാളി സമരത്തിനു മുന്‍പില്‍ കീഴടങ്ങുകയും ചെയ്തുവെന്നുമാണ് ചരിത്രം. സംഘടിത ശക്തിയായി മാറിയ കര്‍ഷതൊഴിലാളി കുടുംബങ്ങളും സ്ത്രീകളുമെല്ലാം കേരള സമൂഹത്തെയാകെ രാഷ്ട്രീയമായി അഴിച്ചു പണിയുന്നതിന്‍റെ സൂചന കൂടിയായിരുന്നു ഇത്. കൂലിക്കു വേണ്ടിയും ഭൂമിക്കുവേണ്ടിയും നടക്കുന്ന സമരങ്ങളില്‍ മുതല്‍ വഴിനടക്കാനും വസ്ത്രം ധരിക്കാനും ആരാധനക്കാനും വേണ്ടി നടത്തിയ സമരങ്ങളില്‍ വരെ സ്ത്രീകളുള്‍പ്പെടുന്ന കുടുംബത്തിന്‍റെ സാന്നിധ്യം അക്കാലത്ത് വളരെക്കൂടുതലായിരുന്നു.
തലമുറകളിലേക്ക് പരിണമിക്കുന്ന രാഷ്ട്രീയാഭിമുഖ്യങ്ങള്‍:
ലിംഗഭേദമില്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും അവകാശസമരങ്ങളിലും ഇടപെടുന്ന മനുഷ്യരെ കേരളചരിത്രത്തില്‍ കാണാം. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിത രൂപമാര്‍ജ്ജിക്കുന്ന ഘട്ടത്തിലുള്ള ഈ ഇടപെടലുകള്‍ക്ക് പില്‍ക്കാലത്ത് പല നിലകളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. തലമുറകളിലേക്ക് പരിണമിക്കുന്ന സംവിധാനമായി രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിത്തീര്‍ന്നുവെന്നതാണ് രണ്ടാമത്തെ ഘട്ടത്തില്‍ സംഭവിക്കുന്ന എടുത്തു പറയാവുന്ന സവിശേഷത.
ജാതി-മത-ലിംഗ ബന്ധങ്ങളുടെ മൂല്യബോധങ്ങള്‍ക്കകത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമായിട്ടാണല്ലോ നമ്മുടെ കുടുംബ സംവിധാനങ്ങളുടെ നില്‍പ്പ്. ഒരു കുഞ്ഞ് ജനിക്കുന്നത് കുടുംബത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം മൂല്യബന്ധങ്ങള്‍ക്കകത്തേക്കാണ്. കുടുംബത്തിന്‍റെ മതപരവും ജാതിപരവും ലിംഗപരമവുമായ മുഴുവന്‍ ബോധ്യങ്ങളെയും പിന്‍തുടരാന്‍ കുഞ്ഞിനെ പരിശീലിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുടുംബത്തിനകത്ത് നടക്കുന്നുണ്ട്. പുറമേയ്ക്ക് പ്രകടമായ ഇത്തരം പരമ്പരാഗത മൂല്യ സങ്കല്പങ്ങള്‍ക്കൊപ്പം തന്നെ മറ്റൊരു പരിഗണനാ വിഷയമായി രാഷ്ട്രീയം/രാഷ്ട്രീയപാര്‍ട്ടികള്‍ കൂടി കടന്നു വരുന്നുണ്ടെന്നത് ജനാധിപത്യ കേരളത്തെ സംബന്ധിച്ച് പ്രധാനമാണ്. അതായത് കുഞ്ഞ് ജനിക്കുന്നത് പ്രത്യേക മതത്തിലേക്കും ജാതിയിലേക്കും ലിംഗത്തിലേക്കും മാത്രമല്ല, പ്രത്യേക പാര്‍ട്ടി സംവിധാനങ്ങള്‍ക്കകത്തേക്കു കൂടിയാണെന്നു വരുന്നു. കുടുംബത്തിന്‍റെയാകമാനമുള്ള രാഷ്ട്രീയ താത്പര്യങ്ങള്‍ തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കുന്ന ബോധ്യമായി മാറുന്നുവെന്നു സാരം. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കൂത്താട്ടുകുളം മേരി പെരിന്തല്‍മണ്ണയില്‍ അധ്യാപികയായി ജോലി ചെയ്യുന്ന സമയത്തെ ഒരനുഭവം പങ്കുവയ്ക്കുന്നത് നോക്കുക:
ഒരു ദിവസം, വാട്ടീസ് യുവര്‍ ഫാദര്‍ എന്ന ചോദ്യത്തിന് ഉത്തരമെഴുതാന്‍ കുട്ടികളോടു ഞാന്‍ പറഞ്ഞു.ഡോക്ടര്‍, ടീച്ചര്‍, അഡ്വക്കേറ്റ് എന്നൊക്കെ കൂട്ടുകാര്‍ എഴുതിയപ്പോള്‍ എന്‍റെ മകള്‍ എന്തെഴുതണമെന്നറിയാതെ മൗനമായി ഇരിക്കുകയാണ്. അവളെന്നെ ആകാംക്ഷയോടെ നോക്കി. മൈ ഫാദര്‍ ഈസ് എ കമ്യൂണിസ്റ്റ് എന്നെഴുതാന്‍ ഞാന്‍ അവളോടു പറഞ്ഞു.അതോടെ കുഞ്ഞുമുഖം അഭിമാനത്താല്‍ വിടര്‍ന്നു. കമ്മ്യൂണിസ്റ്റ് ആയിരിക്കുക ഏറ്റവും അഭിമാനകരമായ സംഗതിയാണെന്ന് അവള്‍ ഉള്‍ക്കൊണ്ടിരിക്കണം. കമ്മ്യൂണിസ്റ്റ് എന്ന മേല്‍വിലാസമാണ് അന്നും ഇന്നും എന്നും ഞങ്ങള്‍ക്ക് അഭിമാനം (കനലെരിയും കാലം).
മറ്റൊരിടത്ത് മാതാപിതാക്കളുടെ പാര്‍ട്ടി പ്രവര്‍ത്തനത്തിനൊപ്പം വളര്‍ന്ന കുട്ടികള്‍ അതേ വഴിപിന്‍തുടര്‍ന്ന് പാര്‍ട്ടിയിലും അനുബന്ധ സംഘടനാ സംവിധാനങ്ങളിലും സജീവമായിരുന്നതിനെ പറ്റി മേരി പറയുന്നുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല എന്നാണ് മുകളില്‍ വിശദീകരിച്ചത്. പൊതുവില്‍ കുടുംബ സംവിധാനങ്ങള്‍ക്കുള്ളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പാരമ്പര്യമൂല്യങ്ങളെപ്പോലെ പ്രധാനപ്പെട്ട ഒന്നായിട്ടാണ് പാര്‍ട്ടി സംവിധാനങ്ങളും വളര്‍ന്ന്. കുടുംബ സംവിധാനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന പുറമേയ്ക്ക് അത്രയൊന്നും പ്രകടമാകാത്ത ഇത്തരം പരിശീലനങ്ങളാണ് പില്‍കാലത്തെ തെരെഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പാര്‍ട്ടികളുടെ വോട്ട് ബാങ്കുകളായി മാറുന്നത്. ഇപ്പോഴും രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗത്വം വ്യക്തികള്‍ക്കാണെന്ന് പൊതുവെ പറയാമെങ്കിലും സൂക്ഷ്മാര്‍ത്ഥത്തില്‍ കുടുംബം അദൃശ്യമായ യൂണിറ്റായി നിലനില്‍ക്കുന്നുണ്ട്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ നടന്ന സര്‍വ്വേകളില്‍ പോലും കേരളത്തിലെ ബഹുഭൂരിപക്ഷം വോട്ടര്‍മാരും രാഷ്ട്രീയം നോക്കി വോട്ടു ചെയ്യുന്ന ശീലമാണ് പിന്‍തുടരുന്നത് എന്നു സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ട്രൂ കോപ്പി തിങ്ക് നടത്തിയ സര്‍വ്വേ പ്രകാരം 63. 2% പേരും തങ്ങള്‍ പാര്‍ട്ടി നോക്കിയാണ് വോട്ടു ചെയ്യുക എന്നു വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥിയെ വിലയിരുത്തി വോട്ടു ചെയ്യുന്നവര്‍ 21.6 % മാണ്. മത-ജാതി ഘടകള്‍ നോക്കി വോട്ടവകാശം വിനിയോഗിക്കുന്നവര്‍ 7.5% വും പ്രാദേശിക വിഷങ്ങളെ മുന്‍നിര്‍ത്തി വോട്ടു ചെയ്യുന്നവര്‍ 7 ശതമാനവും മാത്രമാണ്. മേല്‍പ്പറഞ്ഞ കണക്കുകളില്‍ രാഷ്ട്രീയ വോട്ടുകളുടെ അടിത്തറ കേരളത്തിലെ പാര്‍ട്ടി കുടുംബങ്ങളാണ്. നിയമസഭാ തെരെഞ്ഞെടുപ്പിലെ ഓരോ കക്ഷിയുടെയും വോട്ട് ഷെയര്‍ കൂടി എടുത്തു പരിശോധിച്ചാല്‍ ഇക്കാര്യം കുറച്ചു കൂടി വ്യക്തമാകും. തെരെഞ്ഞെടുപ്പുകളില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന മുന്നണികളുടെ വോട്ട് ഷെയര്‍ അടുത്ത കാലം വരെ ഏതാണ്ട് ഒരേ തോതിലായിരുന്നുവെന്നു കാണാം. ഇടതുപക്ഷ ജനാധിപത്യ മുന്നണി 2006 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 48.63 % വോട്ടും 2011ല്‍ 44.99% വോട്ടും 2016 ല്‍ 43.42% വോട്ടുമാണ് നേടിയത്. ഐക്യ ജനാധിപത്യമുന്നണി 2006 ല്‍ 42.93 വോട്ടും 2011 ല്‍ 45.83% വോട്ടും 2016 ല്‍ 38.08 ശതമാനവും വോട്ടും നേടി. മുന്നണി സമ്പ്രദായം സ്ഥിരത നേടിയ കാലം മുതല്‍ എന്‍ഡിഎയ്ക്ക് വളര്‍ച്ചയുണ്ടായ 2011 നു മുന്‍പുവരെ ഇരു മുന്നണികളും 40 ശതമാനത്തിനു മുകളില്‍ വോട്ടുകള്‍ സ്ഥിരമായി നിലനിര്‍ത്തുകയും നേരിയ ശതമാനം വോട്ടു വ്യത്യാസത്തില്‍ ഭരണത്തിലേറുകയോ പുറത്താകുകയോ ചെയ്തെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വോട്ട് ഷെയറിനെ നിര്‍ണ്ണയിക്കുന്നതില്‍ ജാതിയടക്കമുള്ള പല സ്ഥാപനങ്ങള്‍ക്കും വലിയ പങ്കുണ്ടെങ്കിലും ജാതി, സമുദായം, സഭ തുടങ്ങിയ സംവിധാനങ്ങളുടെ രാഷ്ട്രീയാഭിമുഖ്യങ്ങള്‍ പൊതുവെ അസ്ഥിരമായിട്ടാണ് പ്രവര്‍ത്തിക്കുക. അതാതു കാലത്തെ രാഷ്ട്രീയ കാലാവസ്ഥയ്ക്കനുസരിച്ച് ജാതി, മത, സമുദായ, സഭാ താത്പര്യങ്ങള്‍ക്കും മാറ്റം സംഭവിക്കാം. മറ്റു സ്ഥാപനങ്ങളെയപേക്ഷിച്ച് സ്ഥിരമായി നില്‍ക്കുന്ന സ്ഥാപനമാണ് കുടുംബം. രാഷ്ട്രീയാഭിമുഖ്യങ്ങളെ തലമുറകളിലേക്ക് കൈമാറ്റം ചെയ്തുകൊണ്ട് സ്ഥിരമായ വോട്ട് ബാങ്കിനെ നിലനിര്‍ത്തുന്ന യൂണിറ്റായി കുടുംബം പ്രവര്‍ത്തിക്കുന്നു.
പിതൃമേധാവിത്വപരമായ സ്ഥാപനങ്ങള്‍:
ബലപ്രയോഗം കൊണ്ടും നേരിട്ടുള്ള സമ്മര്‍ദ്ദംകൊണ്ടും, അല്ലെങ്കില്‍ അനുഷ്ഠാനം, പാരമ്പര്യം, നിയമം എന്നിവകൊണ്ടും ഒപ്പം ഭാഷ, ആചാരങ്ങള്‍, മര്യാദ, വിദ്യാഭ്യാസം, അധ്വാനവിഭജനം എന്നിവകൊണ്ടും സ്ത്രീകളുടെ പങ്കിനെ പുരുഷന്‍മാര്‍ നിര്‍ണയിക്കുന്ന കുടുംബപരമായ, സാമൂഹ്യമായ, പ്രത്യയശാസ്ത്രപരമായ രാഷ്ട്രീയവ്യവസ്ഥയെന്നാണ് ആന്‍ഡ്രിയ റിച്ചിനെ ഉദ്ദരിച്ചുകൊണ്ട് പുരുഷാധികാരത്തെ ജെ ദേവിക വിശദീകരിക്കുന്നത്. ഇതനുസരിച്ച് കുടുംബമുള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും പിതൃമേധാവിത്വപരമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നു കാണാം.
രാഷ്ട്രീയ പാര്‍ട്ടികളുടെ തെരെഞ്ഞെടുക്കുന്നതില്‍പോലും ഈയൊരു പുരുഷാധികാരം പ്രവര്‍ത്തിക്കുന്നുണ്ട്. പുരുഷന്‍റെ രാഷ്ട്രീയാഭിമുഖ്യത്തെ അതേ മട്ടില്‍ പിന്‍തുടരുന്ന സംവിധാനങ്ങളാണ് പൊതുവില്‍ നമ്മുടെ കുടുംബങ്ങള്‍. കുടുംബത്തിനുള്ളില്‍ അച്ഛന്‍റെ രാഷ്ട്രീയ താത്പര്യങ്ങളെ പിന്‍തുടരുന്ന സ്ത്രീകള്‍ വിവാഹശേഷം ഭര്‍ത്താവിന്‍റെ രാഷ്ട്രീയത്തിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെടുന്നത് വളരെ സ്വാഭാവികമായ പ്രക്രിയയായിട്ടാണ് സമൂഹം കരുതുന്നത്. ഇവിടെ സ്ത്രീയ്ക്ക് / കുടുംബാംഗങ്ങള്‍ക്ക് അധികാരിയായ പുരുഷനില്‍ നിന്നു വേറിട്ട രാഷ്ട്രീയസ്വത്വമില്ല. കൂട്ടുകുടുംബങ്ങളെ അപേക്ഷിച്ച് പുരുഷകേന്ദ്രിത ഘടനയെ തകര്‍ക്കാനുള്ള ആന്തരികശേഷി അണുകുടുംബങ്ങള്‍ക്കുണ്ടെങ്കിലും പുരുഷന്‍റെ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്തുന്ന സ്ഥാപനമായിട്ടുതന്നെയാണ് അവ തുടരുന്നത്. ആ നിലയില്‍ കുടുംബത്തിന്‍റെ രാഷ്ട്രീയാഭിമുഖ്യമെന്നത് ആണധികാരത്തിന്‍റെ രാഷ്ട്രീയം തന്നെയായി പലപ്പോഴും മാറിത്തീരുന്നുണ്ട്.
കുടുംബ സംവിധാനങ്ങള്‍ക്കുള്ളില്‍ നിലനില്‍ക്കുന്ന ഈയൊരു അധികാരബന്ധം അതേയളവില്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലും നിലനില്‍ക്കുന്നുണ്ട്. മറ്റെല്ലാ ഇന്‍സ്റ്റിറ്റ്യൂഷനുമെന്ന പോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു പാട്രിയാര്‍ക്കല്‍ സ്വഭാവമുണ്ടെന്നു കാണാം. ആണധികാരത്തിന്‍റെ താല്‍പര്യങ്ങളെയും മൂല്യങ്ങളെയും ഉല്‍പാദിപ്പിക്കാനും അതിനെ സ്വാംശീകരിക്കാനുമാണ് ഓരോ അംഗങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികള്‍ പരിശീലിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ശീലങ്ങളിലും വിശ്വാസങ്ങളിലും നിലപാടുകളിലും എന്തെങ്കിലും പ്രശ്നമുണ്ടെന്നോ ‘സിസ്റ്റം ഓഫ് ബിലീഫി’നോട് തിരിച്ചെന്തെങ്കിലും ചോദ്യങ്ങള്‍ ചോദിക്കണമെന്നോ രാഷ്ട്രീയപ്രവര്‍ത്തകരാരും തന്നെ കരുതുന്നുമില്ല. ഭൂരിഭാഗം അംഗങ്ങളും സ്വാഭാവികമെന്നോണമാണ് സംഘടനയുടെ ആണധികാര സ്വഭാവത്തെയും അവ രൂപപ്പെടുത്തുന്ന അഭിരുചികളെയും തീരുമാനങ്ങളെയും താത്പര്യങ്ങളെയും നിലപാടുകളെയും സ്വീകരിക്കുന്നത്. രാഷ്ട്രീയ സംഘടനകളുടെ പ്രകടനങ്ങള്‍ നോക്കുക. ബാനര്‍ പിടിക്കുന്നത് മിക്കവാറും സ്ത്രീകളായിരിക്കും. എല്ലാ കാലത്തും അത് സ്ത്രീകള്‍ക്കു മാത്രമായി സംവരണം ചെയ്യപ്പെട്ട തൊഴിലായിട്ടാണ് പൊതുവെ കാണുന്നത്. ഇവിടെ സ്ത്രീകള്‍ കേവലം പ്രദര്‍ശന വസ്തുക്കള്‍ മാത്രമാണ് . അത്രയ്ക്കു സൂക്ഷ്മമായിട്ടാണ് അധികാരം പ്രവര്‍ത്തിക്കുക. ഇത്തരം അധികാരത്തെ ചോദ്യം ചെയ്യുന്ന സ്ത്രീകളെ എല്ലാവിധ സമ്മര്‍ദ്ദതന്ത്രങ്ങളുപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് പുരുഷാധികാരം ചെയ്യുക.
നേരത്തേ സൂചിപ്പിച്ച 63.2 % വരുന്ന രാഷ്ട്രീയ വോട്ടുകള്‍ തന്നെയെടുക്കുക. അതില്‍ നല്ലൊരു പങ്കും സംഭാവന ചെയ്യുന്നത് പാരമ്പര്യമായി രൂപപ്പെട്ടു വന്ന പാര്‍ട്ടി അനുഭാവി കുടുംബങ്ങളാണെന്ന് നേരത്തേ സൂചിപ്പിച്ചു . ഈ കുടുംബങ്ങളുടെ പാര്‍ട്ടി ബന്ധങ്ങളില്‍ നല്ലൊരു ശതമാനവും ഉണ്ടാകുന്നതും നിലനില്‍ക്കുന്നതും പുരുഷനിലൂടെയാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ ആര്‍ക്ക് വോട്ടു ചെയ്യണമെന്ന സ്ത്രീയുടെ ചോയ്സിനെ സ്വാധീനിക്കുന്ന ഘടകമായി കുടുംബത്തിലെ പുരുഷന്‍റെ രാഷ്ട്രീയ താത്പര്യങ്ങള്‍ മാറുന്നു. ജനാധിപത്യ കേരളം രൂപപ്പെട്ട് അറുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികളുടെ അധികാരസ്ഥാനങ്ങളില്‍ സ്ത്രീകളുടെ എണ്ണം കുറഞ്ഞു പോയതിന്‍റെ കാരണവും കുടുംബത്തിനകത്തും രാഷ്ട്രീയ പാര്‍ട്ടിക്കകത്തും നിലനില്‍ക്കുന്ന ആണധികാരവ്യവസ്ഥയല്ലാതെ മറ്റൊന്നല്ല.
ജനാധിപത്യ കേരളത്തെ രൂപപ്പെടുത്തിയ ത്യാഗപൂര്‍ണ്ണമായ സമരങ്ങളിലെല്ലാം പുരുഷനൊപ്പം സ്ത്രീകളും ഇടപെട്ടിരുന്നെങ്കിലും പ്രസ്തുത പോരാട്ടങ്ങളുടെ ഫലം രാഷ്ട്രീയാധികാരമായി പരിണമിക്കുന്ന ഘട്ടത്തില്‍ സ്ത്രീകള്‍ പുറത്തു പോകേണ്ടി വരികയും സര്‍വ്വാധികാരങ്ങളും പുരുഷനില്‍ നിക്ഷിപ്തമാകുകയും ചെയ്തു. ജനസംഖ്യയില്‍ പുരുഷനേക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ നിയമസഭയുടെ ചരിത്രത്തില്‍ 52 സ്ത്രീ എം എല്‍ എ മാരാണ് ആകെ ഉണ്ടായിട്ടുള്ളത്. കെ.ആര്‍.ഗൗരിയമ്മ, എം.കമലം, എം.ടി.പത്മ, സുശീല ഗോപാലന്‍, പി.കെ.ശ്രീമതി, പി.കെ.ജയലക്ഷ്മി, ജെ.മേഴ്സിക്കുട്ടി, കെ.കെ.ഷൈലജ എന്നിങ്ങനെ എട്ടു പേര്‍ മാത്രമാണ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നത്. ഒരു വനിത പോലും ഇനിയും മുഖ്യമന്ത്രി സ്ഥാനത്തെത്തിയിട്ടുമില്ല. രാഷ്ട്രീയ രംഗത്തെ സ്ത്രീയുടെ പ്രാതിനിധ്യം ഉയര്‍ന്ന് കാര്യക്ഷമമാകണമെങ്കില്‍ കുടുംബ സംവിധാനങ്ങള്‍ ജനാധിപത്യപരമാകുകയും സ്ത്രീയുടെ രാഷ്ട്രീയസ്വത്വം അംഗീകരിക്കാന്‍ സാധിക്കുന്ന തുറവിയുള്ള ഇടങ്ങളായി കുടുംബം മാറുകയും വേണം.
കെ. എസ്. ഇന്ദുലേഖ
ഗവേഷക, മലയാള വിഭാഗം
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കാലടി
COMMENTS