Homeചർച്ചാവിഷയം

കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയവും മത്സ്യ മേഖലയിലെ സവിശേഷ പ്രശ്‌നങ്ങളും

കേരളവും തമിഴ്‌നാടും ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വളരെ സജീവമായ രാഷ്ട്രീയ ചർച്ചകളാണ് ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് മുൻപുണ്ടായിരുന്ന മറ്റേതൊരു തെരഞ്ഞെടുപ്പ് പശ്ചാത്തലങ്ങളിൽ നിന്നും വ്യത്യസ്തമായ സ്ഥിതിവിശേഷമാണ് കേരളത്തിൽ നിലവിലുള്ളത്. എല്ലാ നിയമസഭ തെരഞ്ഞെടുപ്പുകളിലും ഇടത്-വലത് മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന പതിവ് രീതി വെടിഞ്ഞ്, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിന് തന്നെ തുടർഭരണം ഉണ്ടായേക്കുമെന്നുള്ള നിരീക്ഷണം പല കോണുകളിൽ നിന്നും ശക്തമായി ഉയരുകയാണ്. മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ട പ്രീ പോൾ സർവ്വേകളിൽ ഒട്ടുമിക്കവയും എൽഡിഎഫ് നേതൃത്വത്തിലുള്ള സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ എത്തിയേക്കുമെന്ന് പ്രവചിച്ചു കഴിഞ്ഞു. ഈ സർവ്വേകളുടെ ആധികാരികതയെപ്പറ്റി ഉയരുന്ന ചോദ്യങ്ങളെ അവഗണിക്കാനാവില്ലെങ്കിലും കേവലം രണ്ട് മാസം മുൻപ് നടന്ന തദ്ധേശ തെരഞ്ഞെടുപ്പും അതിൽ എൽഡിഎഫ് നേടിയ മിന്നും വിജയവും നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന നിലയിലേക്ക് തന്നെയാണ് കാര്യങ്ങളുടെ പോക്കെന്ന് പറയേണ്ടി വരും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ പലപ്പോഴും ഉയർന്ന് കേൾക്കാറുള്ളൊരു പ്രയോഗമാണ് തീരദേശത്തെ വോട്ട്ബാങ്ക്. കേവലമൊരു പ്രയോഗത്തിനപ്പുറം ആഴത്തിലുള്ള രാഷ്ട്രീയ മാനങ്ങളാണ് ഈ വിളിക്കുള്ളത്. തെരഞ്ഞെടുപ്പ് സംബന്ധിയായ വോട്ട് ചർച്ചകളിലും എഴുത്തുകുത്തുകളിലും സ്ഥിരമായി കേൾക്കാറുള്ള വോട്ട്ബാങ്ക് എന്ന ഈ വിളിയിലാണ് കേരളത്തിലെ 590 കിലോമീറ്റർ നീണ്ടു കിടക്കുന്ന തീരദേശ മേഖലയിലെ അഥവാ കടപ്പുറത്തെ മുനഷ്യരെ നമ്മുടെ മുഖ്യധാര പലപ്പോഴും അടയാളപ്പെടുത്താറുള്ളത്. മീൻപിടിത്തത്തിനായി കടലിനെ ആശ്രയിക്കുന്നവരും ഉൾനാടൻ മത്സ്യബന്ധനോപാധികളിൽ ഏർപ്പെട്ടിരിക്കുന്നവരുമായ ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതങ്ങൾക്ക് ഈ തെരഞ്ഞെടുപ്പ് കാലത്തും വോട്ട്ബാങ്ക് എന്നതിൽക്കവിഞ്ഞ് പറയത്തക്ക പ്രസക്തിയൊന്നും ഇല്ലായെന്ന യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ടാണ് ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗമെന്ന നിലയിൽ ഞാൻ ഇത്തവണത്തെ കേരള നിയമസഭ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.

തെരഞ്ഞെടുപ്പ് കാലത്ത് അതുവരെ ഇല്ലാതിരുന്ന പൊന്നിൻ വിലയാണ് തീരദേശ മണ്ണിന് ലഭിക്കുന്നത്. കേരളത്തിന്‍റെ തീരപ്രദേശങ്ങളിൽ പ്രത്യേകിച്ച് തെക്കൻ മേഖലയിൽ കാണപ്പെടാറുള്ള വർധിച്ച ജനസാന്ദ്രത മൂലം ചെറുതായൊന്ന് ഉത്സാഹിച്ചാൽ വോട്ടിൻറെ ചാകര വാരാൻ കെല്പുള്ള ഇടങ്ങളാണ് മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കടപ്പുറങ്ങളെന്ന് ഇവിടത്തെ മുഖ്യധാര പാർട്ടികൾ മനസിലാക്കിയിട്ടുണ്ട്. ഭരിക്കുന്ന പാർട്ടിയുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി പത്ത് വോട്ട് പിടിക്കാനുള്ള വകുപ്പ് തീരദേശ ഗ്രാമങ്ങളിലൂടെ വെറുതേയൊന്ന് കണ്ണോടിച്ചാൽ കിട്ടുമെന്നതുകൊണ്ടുതന്നെ എല്ലാക്കാലത്തും തീരദേശത്തെ തെരഞ്ഞെടുപ്പ് കോലാഹലങ്ങളിൽ മറ്റൊരിടത്തും കാണാത്ത വാദപ്രതിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും കണ്ടുവരാറുണ്ട്. എന്നാൽ ഏതെങ്കിലുമൊരു പാർട്ടിയെയോ പ്രസ്ഥാനത്തെയോ മാത്രമായി പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ട് പറഞ്ഞവസാനിപ്പിക്കാനാവുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും അല്ല തീരദേശ മേഖലയിലുള്ളത്. ചരിത്രപരമായ അവഗണനകളുടെയും മാറ്റിനിർത്തപ്പെടലിന്റെയും ഫലമാണ് ഇന്നും ഈ മേഖല നേരിടുന്ന പിന്നോക്കാവസ്ഥ എന്നു പറയുമ്പോൾ തന്നെ മാറി മാറി വരുന്ന എൽഡിഎഫ് – യുഡിഎഫ് പാർട്ടികൾക്കും കടപ്പുറങ്ങളിലേക്ക് ഇടം കിട്ടാൻ നോക്കി നടക്കുന്ന ബിജെപിക്കും അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മാറി നിൽക്കാനാവില്ല എന്നതാണ് യാഥാർത്ഥ്യം.
ഇക്കഴിഞ്ഞ മാസം കൊല്ലം വാടി കടപ്പുറത്തെത്തിയ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ ഇടപെടലുകൾ ദേശീയ തലത്തിലുൾപ്പെടെ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്താനും അവർക്കൊപ്പം കടലിൽ പോയി വലയെറിയാനും അവരുടെ തൊഴിൽപരവും അല്ലാത്തതുമായ പ്രശ്‌നങ്ങളൊക്കെ ചോദിച്ചറിയാനും ശ്രമിച്ച രാഹുലിന്‍റെ ശ്രമങ്ങൾ വലിയ തോതിൽ പ്രശംസിക്കപ്പെട്ടു. പൊതുസമൂഹത്തിന് മുൻപിലെ ദൃശ്യത എന്ന നിലയിൽ രാഹുലിന്‍റെ വാടി കടപ്പുറത്തെ പ്രവൃത്തികൾ തീർച്ചയായും പ്രാധാന്യമർഹിക്കുന്നവയാണ്. ഓഖിയും സുനാമിയും പോലുള്ള ദുരന്ത സമയങ്ങളിലും വീടില്ലായ്മയുടെയും കടൽ കയറ്റത്തിന്‍റെയും നിസ്സഹായ ദൃശ്യങ്ങളിലും കൊവിഡ് കാലത്തെ പൂന്തുറയിൽ നിന്നുള്ള പ്രതിഷേധ പ്രകടനങ്ങളിലും പുതുവൈപ്പിനും ആലപ്പാടും പോലുള്ള സമര മുഖങ്ങളിലും മാത്രം കണ്ടു പരിചയിച്ച ഗൗരവക്കാരോ നിസ്സഹായരോ രോഷാകുലരോ മാത്രമായ കടൽപ്പണിക്കാരിൽ നിന്നും തീർത്തും സാധാരണമായ ചുറ്റുപാടിൽ നിന്ന് തങ്ങളുടെ നിത്യവൃത്തിക്ക് വക കണ്ടെത്താൻ പണിയെടുക്കുന്ന, വല വലിക്കുന്ന മനുഷ്യരുടെ വളരെ സാധാരണമായ മുഖങ്ങൾ ക്യാമറ കണ്ണുകൾക്ക് മുൻപിലെത്തിക്കാൻ ഇടയാക്കി എന്നതാണ് രാഹുലിന്‍റെ കടപ്പുറ സന്ദർശനത്തിലെ പ്രധാനപ്പെട്ടൊരു സംഗതിയായി കണക്കാക്കാനാവുന്നത്.
രാഹുലിന്‍റെ സന്ദർശനത്തിന് തൊട്ടുപിന്നാലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ആഴക്കടൽ മത്സ്യബന്ധന വിവാദത്തെ തീരദേശമൊട്ടാകെ ചർച്ചയാക്കുക എന്ന ഉദ്ധേശ്യത്തോടെ ഷിബു ബേബി ജോണിന്‍റെ നേതൃത്വത്തിൽ തെക്കൻ തീര മേഖലയിലേക്കും ടി.എൻ.പ്രതാപന്‍റെ നേതൃത്വത്തിൽ വടക്കൻ മേഖലയിലേക്കും യുഡിഎഫ് സംഘടിപ്പിച്ച തീരദേശ ജാഥകളും പിന്നാലെ രാഷ്ട്രീയ കേരളം കണ്ടിരുന്നു. ഇതിന് മറുപടിയെന്നോണം മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജന്‍റെ നേതൃത്വത്തിൽ മറ്റൊരു ജാഥ നടത്താൻ എൽഡിഎഫും മുന്നിട്ടിറങ്ങിയിരുന്നു. ഈ തെരഞ്ഞെടുപ്പ് പ്രകടനങ്ങളുടെയെല്ലാം ആത്യന്തികമായ ഉദ്ധേശ്യം കടൽപ്പണിക്കാരും മത്സ്യക്കച്ചവടക്കാരി സ്ത്രീകളും അനുബന്ധ തൊഴിലാളികളും ഉൾപ്പെടുന്ന ഈ സമൂഹത്തിന്റെ പുരോഗതിയോ ഇവർക്ക് നീതി ഉറപ്പാക്കലോ ഒന്നുമല്ലെന്നും ആസന്നമായ തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാവാൻ ഇടയുള്ള തീരദേശ വോട്ടുകളെ സ്വന്തം പോക്കറ്റിലാക്കാനുള്ള തത്രപ്പാടാണ് ഇരുപക്ഷത്ത് നിന്നും ഉണ്ടാവുന്നതെന്നും വ്യക്തമാണ്. കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ഗോദയിൽ മത്സ്യബന്ധന മേഖല എല്ലാക്കാലത്തും ഇത്തരം കെട്ടിയിറക്കലുകൾക്കും പ്രകടനപരകൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതിനൊക്കെ അപ്പുറം ഈ സമൂഹം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ എന്ന് തയ്യാറാവുമെന്നാണ് ഈ മേഖലയിൽ നിന്നുള്ള വോട്ടർ എന്ന നിലയിൽ ഞാൻ ഉറ്റുനോക്കുന്നത്.
ഓരോ വർഷവും മാറ്റമില്ലാതെ തുടരുന്ന കാലാവസ്ഥ വ്യതിയാനവും കടലിലെയും തീരത്തെയും അശാസ്ത്രീയമായ നിർമ്മാണങ്ങളും നിമിത്തം നൂറു കണക്കിന് വീടുകളാണ് കേരളത്തിന്റെ തീരദേശ ഗ്രാമങ്ങളിൽ വർഷാവർഷം തകർന്നു വീണുകൊണ്ടിരിക്കുന്നത്. കടലിന്റെ സ്വാഭാവിക ചലനത്തെ തടയിട്ടു കൊണ്ട് വിവിധ തീരദേശ ഗ്രാമങ്ങളിൽ നിർമ്മിക്കുന്ന മീറ്ററുകൾ നീളമുള്ളവ മുതൽ കോടികൾ മുടക്കി വിഴിഞ്ഞം തുറമുഖ പദ്ധതി പോലുള്ള വെള്ളാനകൾക്കായി പണിതുകൊണ്ടിരിക്കുന്ന കിലോമീറ്ററുകൾ നീളമുള്ള പുലിമുട്ടുകൾ വരെ തീരശോഷണത്തിനും മത്സ്യത്തൊഴിലാളികളുടെ വീടുകൾ കടലെടുത്ത് പോവുന്നതിനും കാരണമാവുന്നുണ്ട്. ഇത്തരത്തിൽ വീടുകൾ നഷ്ടമാവുന്നവരെ സർക്കാർ ചെലവിൽ പുനർഗേഹം പദ്ധതിയിൽ നിർമ്മിച്ച ഫ്‌ളാറ്റുകളിലേക്ക് മാറ്റുന്നതാണ് പതിവ്. ലൈഫ് പദ്ധതിയിലെ ഫ്‌ളാറ്റുകൾക്ക് സമാനമായി ഉടമസ്ഥാവകാശമോ കൈമാറ്റം ചെയ്യാനുള്ള അവകാശമോ നൽകാതെയാണ് ഈ ഫ്‌ളാറ്റുകളിലേക്ക് ഇവരെ മാറ്റുന്നത്. ഫിഷറീസ് വകുപ്പിൽ നിന്ന് മത്സ്യത്തൊഴിലാളികൾക്ക് വീടുകൾ നിർമ്മിക്കാൻ നൽകി വന്നിരുന്ന 4 ലക്ഷം രൂപ ധനസഹായം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാന സർക്കാരിന്റെ പാർപ്പിട പദ്ധതിയായ ലൈഫിൽ ലയിപ്പിച്ചതോടെ സ്വന്തമായി വീട് എന്ന സ്വപ്‌നം ഈ കമ്മ്യൂണിറ്റിയിലെ മനുഷ്യർക്ക് വീണ്ടും അപ്രാപ്യമായി. സ്ഥല പരിമിതി മൂലം ഒരു വീട്ടിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്ന രീതിയാണ് തീരദേശ ഗ്രാമങ്ങളിലേത്. ഒരു വീട്ടിൽ താമസിക്കുന്ന എല്ലാവർക്കും കൂടി ഒരൊറ്റ റേഷൻ കാർഡ് മാത്രമായിരുന്നെങ്കിലും ഫിഷറീസിൽ നിന്ന് മുൻപ് ഓരോ കുടുംബങ്ങൾക്കും പ്രത്യേകം ധനസഹായം നൽകിയിരുന്നു. എന്നാൽ ലൈഫ് മിഷനിൽ ഇത്തരമൊരു ആനുകൂല്യം ഇല്ലാത്തതിനെ തുടർന്ന് മൂന്ന് കുടുംബങ്ങൾ ഒരൊറ്റ കുടുസ്സ് വീട്ടിൽ താമസിക്കുന്ന സാഹചര്യങ്ങളിൽ പോലും മൂന്ന് കുടുംബങ്ങൾക്കുമായി ഒരു വീട് മാത്രമെന്ന നിലയിൽ ധനസഹായം ലഭിക്കുകയുണ്ടായി. മാത്രവുമല്ല സ്വന്തമായി ഭൂമിയുണ്ടായിട്ടും വീടില്ലാത്തവർക്കാണ് ലൈഫ് പദ്ധതിയുടെ പ്രഥമ ഘട്ടങ്ങളിൽ വീട് നിർമ്മിച്ച് നൽകുന്നത്. തീരദേശവാസികളിൽ ഏറിയ പങ്കിനും സ്വന്തമായി ഭൂമി ഇല്ല എന്നതിനാൽത്തന്നെ സ്വാഭാവികമായും ലൈഫ് പദ്ധതിയുടെ നിർവ്വചനങ്ങളിൽ നിന്ന് അവർ പുറത്തായി. തുടർഭരണത്തിനായി ഒരുങ്ങുന്ന എൽഡിഎഫ് സർക്കാർ, ഈ ഭരണ കാലയളവിലെ തങ്ങളുടെ ഏറ്റവും പ്രധാന നേട്ടങ്ങളിലൊന്നായി ഉയർത്തിക്കാട്ടുന്ന വീടില്ലാത്തവർക്ക് സ്വന്തമായൊരു വീട് എന്ന അവകാശവാദത്തിനുള്ളിൽ ഇവിടുത്തെ മത്സ്യത്തൊഴിലാളികൾ ഉൾപ്പെട്ടിട്ടില്ല എന്ന് ഇനിയെങ്കിലും മനസിലാക്കണം.
വീടില്ലായ്മയുടെയും സ്ഥല പരിമിതികളുടെയും ഏറ്റവും വലിയ ഇരകളാവാൻ പോവുന്നത് അതാത് സമൂഹങ്ങളിലെ സ്ത്രീകളും കുട്ടികളുമാണ് എന്ന വസ്തുതയും ഇവിടെ കാണാതെ പോവരുത്. മത്സ്യത്തൊഴിലാളികൾ എന്ന ബഹുമുഖ സ്വഭാവമുള്ള കൂട്ടത്തിനുള്ളിൽ പലപ്പോഴും വിസ്മരിക്കപ്പെട്ടു പോവുന്ന മത്സ്യക്കച്ചവടക്കാരി സ്ത്രീകളും ഈ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത് എങ്ങനെയെന്ന ചോദ്യം പ്രാധാന്യം അർഹിക്കുന്നു. കൊവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗൾഫിലെ അസംഘടിത മേഖലയിൽ ജോലി ചെയ്തിരുന്ന തീരദേശവാസികളിൽ പലരും തിരികെ നാട്ടിലെത്തിയതോടെ മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയ യുവതികളുൾപ്പെടെ കുടുംബം പോറ്റാനായി മത്സ്യക്കച്ചവടത്തിന് ഇറങ്ങിയിരുന്നു. വളരെ മോശപ്പെട്ട ചുറ്റുപാടുകളിലിരുന്ന് മീൻ കച്ചവടം നടത്തുന്ന ഈ സ്ത്രീകൾ ഏത് മാനദണ്ഡം വെച്ചാണ് വോട്ട് ചെയ്യേണ്ടത്? മീൻ ചന്തകളിലെ മൂത്രപ്പുര സമരങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും, ഇന്നും മീൻ വില്ക്കാനിറങ്ങുന്ന പെണ്ണുങ്ങളിൽ പലരും അതിരാവിലെ മുതൽ വൈകുന്നേരം വരെ മൂത്രശങ്ക പിടിച്ചു വയ്ക്കുകയോ കിലോമീറ്ററുകൾക്ക് അപ്പുറത്തുള്ള പൊതു ശൗചാലയങ്ങൾ തേടിപ്പോവുകയോ ചെയ്യേണ്ട ഗതികേടാണ്. തിരുവനന്തപുരം നഗരത്തോട് ചേർന്നുള്ള കേശവദാസപുരത്ത് വർഷങ്ങളായി മീൻ കച്ചവടം നടത്തുന്ന മറിയം സിൽവസ്റ്റർ എന്ന 50 വയസിലേറെ പ്രായമുള്ള സ്ത്രീയുമായി നടത്തിയ അഭിമുഖം ട്രൂകോപ്പി തിങ്ക് എന്ന ഓൺലൈൻ മാധ്യമത്തിൽ വന്നത് ഇക്കഴിഞ്ഞ വർഷമാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഫോർമാലിൻ കലർന്ന മീനിന്‍റെ പഴി കേൾക്കേണ്ടി വരുന്നതിനെപ്പറ്റിയും ന്യായമായ വില പോലും ലഭിക്കാതെ പലപ്പോഴും നഷ്ടത്തിൽ മീൻ കച്ചവടം നടത്തേണ്ടി വരുന്നതിനെപ്പറ്റിയും ചന്തകളിലെ ആൺ കച്ചവടക്കാരിൽ നിന്ന് ഏൽക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും മീൻ കച്ചവടത്തിന് ഇറങ്ങുന്നത് മുതൽ പൊതു സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന വംശീയ വിവേചനങ്ങളെപ്പറ്റിയും തന്‍റെ തൊഴിൽ ജീവിതത്തെ മുൻനിർത്തി ആ മത്സ്യക്കച്ചവടക്കാരി സ്ത്രീ പറഞ്ഞു വയ്ക്കുന്നുണ്ട്. തൊഴിലിന് പുറത്ത്, തീരത്തിനകത്തെ സാമൂഹിക ജീവിതത്തിലെ വെല്ലുവിളികൾ ഇതിന് പുറമെയുള്ളവയാണ്.
തദ്ധേശീയർ അഥവാ ഇൻറിജീനിയസ് സമൂഹങ്ങൾ എന്ന് വിളിക്കപ്പെടാനാവുന്ന കേരളത്തിലെ മത്സ്യബന്ധന സമൂഹങ്ങളുടെ പ്രശ്‌നങ്ങൾ സമാന സ്വഭാവമുള്ള ഇവിടുത്തെ ആദിവാസി സമൂഹങ്ങളിലേതിൽ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ പെസ (പഞ്ചായത്ത് എക്സ്റ്റൻഷൻ റ്റു ദി ഷെഡ്യൂൾഡ് ഏരിയ) പോലുള്ള നിയമങ്ങൾ ആദിവാസി സമൂഹങ്ങളെ സംബന്ധിച്ചുള്ള ക്ഷേമ ചർച്ചകളിൽ ഒരു പരിധി വരെയെങ്കിലും സ്വാധീനം ചെലുത്തുന്നത് പോലെ തീരദേശ മേഖലകളിൽ സംഭവിക്കണമെന്നില്ല. കത്തോലിക്ക സഭ പോലുള്ള മതസ്ഥാപനങ്ങളുടെ മധ്യസ്ഥതയിലും ഇടപെടലുകളിലുമാണ് കേരളത്തിലെ മത്സ്യബന്ധന സമൂഹങ്ങളുടെ ദൈനം ദിന പ്രശ്‌നങ്ങൾ പൊതുസമൂഹത്തിന് മുൻപിലെത്താറുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ മത്സ്യത്തൊഴിലാളികൾക്കായി യാഥാർത്ഥ്യ ബോധമില്ലാത്ത പദ്ധതി പ്രഖ്യാപനങ്ങളിലും ഫണ്ട് ചെലവഴിക്കലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം തീരദേശത്തുള്ളവരെ കൂടി വിശ്വാസത്തിൽ എടുത്തുക്കൊണ്ടുള്ള പ്രവർത്തനങ്ങളിലേക്കാണ് തിരിയേണ്ടത്. കടൽപ്പണിയുമായോ തീരദേശത്തെ ജീവിതങ്ങളുമായോ നേരിട്ട് കാര്യമായി ബന്ധമില്ലാത്തവരാണ് മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പിനെ സ്വാധീനിക്കുന്ന നിർണായക തീരുമാനങ്ങളെടുക്കുന്നത് എന്നത് വലിയ വിരോധാഭാസമാണ്. അതോടൊപ്പം കമ്മ്യൂണിറ്റിക്കകത്ത് നിന്ന് തന്നെയുള്ള മേഴ്‌സിക്കുട്ടിയമ്മ എന്ന ഫിഷറീസ് മന്ത്രി ഓഖി പോലുള്ള ദുരന്ത സമയങ്ങളിൽ ഉൾപ്പെടെ തികച്ചും ഇൻസെൻസിറ്റീവായ പ്രസ്താവനകൾ നടത്തിയത് അത്രവേഗം മറക്കാനാവുകയുമില്ല. അധികാരം താഴെത്തട്ടിലേക്ക് എന്ന് നിരന്തരം ആവർത്തിച്ചു കൊണ്ടിരിക്കുന്നവർ പോലും അധികാരത്തിൽ ഏറിയാലുടനീളം മുകളിൽ നിന്ന് താഴേക്ക് എന്ന വിധത്തിൽ അധികാര വികേന്ദ്രീകരണം നടത്തുന്നതിലൂടെ ഏറ്റവുമധികം ദുരിതത്തിലാവുന്നത് മത്സ്യത്തൊഴിലാളികളും ആദിവാസികളും ദളിതരും മറ്റ് പിന്നോക്ക വിഭാഗങ്ങളുമൊക്കെയാണ്. ഓരോ വിഭാഗത്തിൽ പെടുന്ന മുനുഷ്യരെയും കണക്കിലെടുത്ത് മുന്നോട്ട് പോയാൽ മാത്രമേ കേവല വോട്ട് ബാങ്കുകൾക്ക് ഉപരിയായി ജനാധിപത്യ വ്യവസ്ഥയിൽ അരികുവൽക്കരിക്കപ്പെട്ട മനുഷ്യർക്കും കൃത്യമായ പ്രാതിനിധ്യം ലഭിക്കുകയുള്ളൂ എന്ന് നാം ഇനിയെങ്കിലും തിരിച്ചറിയണം.

 

 

 

 

 

സിന്ധു മരിയ നെപ്പോളിയൻ
ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് സസക്സ്സിൽ റിസർച്ച് അസിസ്റ്റന്‍റ്,
സ്വതന്ത്ര മാധ്യമപ്രവർത്തക കൂടിയാണ്. കേന്ദ്ര സർവ്വകലാശാലയിൽ
നിന്ന് മാധ്യമ പഠനത്തിൽ ബിരുദാനന്തര ബിരുദം ,
ഏഷ്യാനെറ്റ് ന്യൂസിൽ റിപ്പോർട്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

 

COMMENTS

COMMENT WITH EMAIL: 0