കൊല്ലംജില്ലയിലെ ക്ലാപ്പനയിലെ പ്രശസ്തമായ ഒരു കുടുംബമാണ് കൊട്ടയ്ക്കാട്ടു കുടുംബം. ആ കുടുംബവീടിന്‍റെ നാലുകെട്ടിനുള്ളിലെനടുത്തളവും വിശാലമായ പറമ്പിലെ ഇലഞ്ഞിച്ചോടും പടർന്നു പന്തലിച്ച പുളിമരത്തണലും മാഞ്ചുവടും ഒക്കെയായിരുന്നു ഞങ്ങൾ,കുട്ടികളുടെ അവധിക്കാല കളിക്കളങ്ങൾ. അവിടെ കളിച്ചു നടന്ന ബാല്യകാലത്തിന്‍റെ മധുരമുള്ള ഓർമ്മകളിൽ ഏറ്റവും വാത്സല്യമാർന്ന മുഖമാണ് കെ.ഒ. ഐഷാബായി എന്ന എന്‍റെ അപ്പച്ചിയുടേത്. ഏപ്രിൽ-മേയ് മാസത്തെ അവധിക്കാലം തുടങ്ങിക്കഴിഞ്ഞാൽ അപ്പച്ചിയുടെ വരവിനായി കാത്തിരിക്കുന്ന ഞങ്ങളെ നഗരത്തിൽനിന്നു നാട്ടിലേക്കു കൊണ്ടുപോയിരുന്നത് അപ്പച്ചിയായിരുന്നു. അന്ന് ഏറെ കൗതുകമുണ്ടായിരുന്ന ഫിയറ്റ്കാറിൽ നാട്ടിലേക്കുള്ള ആ യാത്രകൾ മറക്കാനാവാത്തതാണ്. തിരക്കുകൾക്കിടയിലും ആങ്ങളമാരുടെ മക്കൾക്കായി സമയം കണ്ടെത്തുക മാത്രമല്ല, ഞങ്ങളുടെയെല്ലാം ഇഷ്ടങ്ങൾക്കനുസരിച്ച് അവധിക്കാലം ഉത്സവസമാനമാക്കിയിരുന്നതും അപ്പച്ചിയുടെ ഇടപെടലുകളായിരുന്നു. കുട്ടിക്കാല കൗതുകങ്ങൾ കടന്നുപോകുന്നതിനൊപ്പം, ലാളിത്യത്തിന്‍റെയും ധൈര്യത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ആൾരൂപമായി ഞാൻ കണ്ടുവളർന്ന സ്ത്രീവ്യക്തിത്വം കൂടിയായിരുന്നു കെ.ഒ. ഐഷാബായി എന്ന എന്‍റെ അപ്പച്ചി. കുടുംബത്തിലെ മൂത്ത മകനായിരുന്ന എന്റെ വാപ്പ, ശ്രീ.കെ.ഒ.ഷംസുദ്ദീനും പിന്നെ കൊച്ചാപ്പാമാരും പറഞ്ഞുതന്നിട്ടുള്ള ചരിത്ര-രാഷ്ട്രീയസംഭവങ്ങളിലൂടെയാണ് ആ കുടുംബത്തെക്കുറിച്ചും അപ്പച്ചിയെക്കുറിച്ചും കൂടുതൽ ഞാൻ അറിഞ്ഞത്. പുരോഗമനാശയങ്ങൾക്കു വേണ്ടി എന്നും നിലകൊണ്ട ആ കമ്മ്യൂണിസ്റ്റു കുടുംബത്തിൽനിന്നുള്ള ഏക എം.എൽ.എ.യും ആദ്യനിയമസഭയിലെ ഡെപ്യൂട്ടിസ്പീക്കറുമായി അഡ്വ.കെ.ഒ.ഐഷാബായിയെ മാറ്റിത്തീർത്തതും ഒരു പരിധിവരെ ആ കുടുംബപശ്ചാത്തലമാണ്.
ക്ലാപ്പനയിലെ വടശ്ശേരി എന്നു പേരായ ഒരു ഇല്ലത്തെ വലിയ നമ്പൂതിരിക്ക് പുരോഗമന ചിന്താഗതിക്കാരനായതിന്‍റെ പേരിൽ സ്വസമുദായം ഭ്രഷ്ട് കല്പിക്കുകയും അദ്ദേഹം ഇസ്ലാംമതം സ്വീകരിച്ച് അവിടെത്തന്നെ ജീവിതം തുടരുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ കൊച്ചുമക്കളിൽ ഒരാളായ ഖാദറുകുഞ്ഞു പണി കഴിപ്പിച്ചതാണ് പരമ്പരാഗത വാസ്തുശില്പഭംഗി ഒത്തിണങ്ങിയ കൊട്ടയ്ക്കാട് എന്ന വീട്.ഇദ്ദേഹത്തിന്‍റെ പത്തുമക്കളിൽ ഏറ്റവും ഇളയ മകനായ കെ.ഉസ്മാൻ സാഹിബ് എന്ന എന്‍റെ ഉപ്പുപ്പയായിരുന്നു തുടർന്ന് ആ കുടുംബത്തിന്‍റെ അവകാശിയായത്. പാരമ്പര്യവഴിക്കു പകർന്നുകിട്ടിയ ആഢ്യത്വംകൊണ്ടു നാട്ടിലെ പ്രമാണിയായിരുന്ന ഉപ്പുപ്പ യാഥാസ്ഥിതികചിന്ത പുലർത്തിയിരുന്ന ഒരാളായിരുന്നെങ്കിലും വക്കംമൗലവിയുടെ ഇസ്ലാമികനവോത്ഥാന പ്രവർത്തനത്തിൽ പങ്കാളിയാവുകയും സാമൂഹിക-സാംസ്‌കാരികരംഗത്തു പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തതോടെയാണ് അദ്ദേഹത്തിന്‍റെ ചിന്താഗതിക്ക് വലിയ മാറ്റമുണ്ടായത്. മുഹമ്മദ് അബ്ദുൾറഹ്മാൻ സാഹിബ് ഉൾപ്പെടെയുള്ളവരുമായുണ്ടായ സൗഹൃദം കോൺഗ്രസ്സിലെ സോഷ്യലിസ്റ്റു പ്രസ്ഥാനത്തിലേക്കും ഉപ്പുപ്പായെ എത്തിച്ചിരുന്നു. അന്നാട്ടിലെ നവോത്ഥാനനായകരിൽ പലരും ആ വീട്ടിലെ സന്ദർശകരായിരുന്നു. അറബിഭാഷയ്‌ക്കൊപ്പം സംസ്‌കൃതഭാഷയും പഠിക്കാൻ ഉപ്പുപ്പായ്ക്കു പ്രേരണയായതും സാഹിത്യ-സാംസ്‌കാരിക രംഗത്തുണ്ടായിരുന്ന സൗഹൃദങ്ങളായിരുന്നു. ശ്രീനാരായണഗുരുവുമായും ഉപ്പുപ്പ അടുപ്പം പുലർത്തിയിരുന്നു. ക്ലാപ്പനയിൽ ഗുരു എത്തുമ്പോഴെല്ലാം ഉപ്പുപ്പായെ വിളിച്ചുവരുത്തുകയും തമ്മിൽ സംസാരിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. സ്വാമി ബ്രഹ്മവ്രതൻ ഏറെക്കാലം ഉപ്പുപ്പായുടെ സംരക്ഷണയിൽ കൊട്ടയ്ക്കാട്ടു കഴിഞ്ഞിട്ടുണ്ട്. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരായിരുന്ന ഉപ്പുപ്പായ്ക്ക് കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം തോന്നിയത് സ്വാഭാവികമായിരുന്നു. ഉപ്പുപ്പായുടെ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും താത്പര്യങ്ങൾക്കും തടസ്സംവരാതെ കുടുംബകാര്യങ്ങൾ നയിച്ചിരുന്നത് ഉപ്പുപ്പായുടെ ഭാര്യയും ഞങ്ങളുടെ വാപ്പുമ്മായുമായിരുന്ന ഫാത്തിമാകുഞ്ഞ് ആയിരുന്നു. കറ്റാനം ഇലിപ്പക്കുളം കൈതവന കുടുംബാംഗമായ ഫാത്തിമാകുഞ്ഞിന് അന്നത്തെ ഇടുങ്ങിയ ചിന്താഗതികൊണ്ട് ആധുനികവിദ്യാഭ്യാസം ലഭിച്ചിട്ടില്ലെങ്കിലും മതപഠനത്തിന്‍റെ ഭാഗമായി അറബിഭാഷയിൽ പ്രാവീണ്യംനേടാൻ കഴിഞ്ഞിട്ടുണ്ടായിരുന്നു. അറബിമലയാളത്തിലെ ധാരാളം മാപ്പിളപ്പാട്ടുകൾ വാപ്പുമ്മായ്ക്ക് കാണാപ്പാഠമായിരുന്നു. അവ കേട്ടെഴുതിസൂക്ഷിക്കാൻ കഴിയാഞ്ഞതിലുള്ള സങ്കടം വാപ്പ പറഞ്ഞിട്ടുണ്ട്.
ഉപ്പുപ്പായ്ക്കും വാപ്പുമ്മായ്ക്കും ഒമ്പതുമക്കളാണ് ജനിച്ചത്. മൂത്തമകളായിരുന്ന ഉമ്മുക്കൊലുസു പത്തൊമ്പതാംവയസ്സിലും രണ്ടാമതു ജനിച്ച ഒരു മകൻ നാലാംമാസവും മരിച്ചു പോയിരുന്നു. അങ്ങനെയാണ് മൂന്നാമത്തെ മകനായിരുന്ന എന്റെ വാപ്പ അടുത്ത തലമുറയിലെ മൂത്തയാളായത്. തന്‍റെ മക്കൾക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന ഉപ്പുപ്പായുടെ നിശ്ചയദാർഢ്യത്തിന്‍റെ ഫലമായി ആൺമക്കളെ മാത്രമല്ലപെൺമക്കളെയും അദ്ദേഹം സ്‌ക്കൂളിൽ വിട്ടു പഠിപ്പിച്ചു. മുസ്ലിംപെൺകുട്ടികൾക്ക് അറബിഭാഷയ്ക്കപ്പുറത്തു പഠനം നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് എതിർപ്പുകളെ മറികടന്ന് തന്‍റെ പെൺമക്കളായ ഉമ്മുക്കൊലുസുംബായിയെയും കെ.ഒ. ഐഷാബായിയെയും കെ. ഒ. സൈനബായിയെയുംസ്‌ക്കൂളിലും കോളേജിലും വിട്ടു പഠിപ്പിക്കാൻ ഉപ്പുപ്പ തയ്യാറായത്.പർദ്ദയണിഞ്ഞ് ആദ്യമായി അന്നാട്ടിൽ സ്‌ക്കൂളിൽ പോയത് ഉമ്മുക്കൊലുസുഅപ്പച്ചിയായിരുന്നു. ഏഴുവയസ്സുവരെ ആ പഠനം തുടരുകയും പിന്നെ അന്നത്തെ അറബി ലോവർപരീക്ഷ വിജയിച്ച് അറബിക് മുൻഷി സർട്ടിഫിക്കേറ്റ് നേടുകയും ചെയ്തു. ഒരു അധ്യാപികയാകാനുള്ള ആഗ്രഹം സാധിക്കും മുമ്പ് രോഗബാധിതയായ അപ്പച്ചി അകാലത്തിൽ (1936) മരിച്ചുപോയി. അന്ന് ചെറിയ കുട്ടികളായിരുന്ന ഇളയ അപ്പച്ചിമാർക്കു മതപഠനത്തോടൊപ്പം തന്നെ ഔപചാരികവിദ്യാഭ്യാസം നൽകുന്നതിലും ഉപ്പുപ്പ ശ്രദ്ധകൊടുത്തു. അങ്ങനെ സ്‌ക്കൂൾവിദ്യാഭ്യാസം കഴിഞ്ഞ് കോളേജിൽ ചേർന്നു പഠിക്കാനും നിയമബിരുദധാരികളാകാനും അവർക്കു കഴിഞ്ഞു.ബിരുദം നേടി കോടതിയിൽ ഉദ്യോഗസ്ഥയായി എന്നതിനപ്പുറം പൊതുരംഗത്തേക്കു വരാൻ സൈനാഅപ്പച്ചിയ്ക്കു താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ, ഐഷാഅപ്പച്ചി അങ്ങനെ ഒതുങ്ങിക്കൂടാൻ തയ്യാറായിരുന്നില്ല. ഐഷാഅപ്പച്ചി രാഷ്ട്രീയപ്രവർത്തനങ്ങളിലൂടെ രണ്ടുതവണ എം.എൽ.എ.ആയി നിയമസഭയിലെത്തുകയും ആദ്യത്തെ വനിതാ ഡെപ്യൂട്ടിസ്പീക്കർ എന്ന പദവിയിലുടെ ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്തു.
തന്റെ പിതാമഹൻ നിർമ്മിച്ച നാലുകെട്ടിലെ അകത്തളങ്ങളിൽ ഒതുങ്ങിപ്പോകുമായിരുന്ന സ്വന്തം പെൺമക്കളുടെ ജീവിതത്തിന് ഇത്തരത്തിൽ ഒരു ദിശാബോധം ഉണ്ടാക്കിക്കൊടുത്തത് ഉപ്പുപ്പായുടെ ദീർഘവീക്ഷണം ഒന്നു മാത്രമാണ്. നമ്പൂതിരിസ്ത്രീകളെ അടുക്കളയിൽനിന്ന് അരങ്ങത്തെത്തിച്ചതുപോലെയുള്ള ഒരു നവോത്ഥാനപ്രവർത്തനം തന്നെയായിരുന്നു അത്. കാരണം, പരമ്പരാഗത മതവിദ്യാഭ്യാസവും നൽകിക്കൊണ്ടുതന്നെയാണ് പുരോഗമനചിന്തപുലർത്തുന്നവരായി മക്കളെ ഉപ്പുപ്പ വളർത്തിയത്. അതുകൊണ്ടുതന്നെ, ഉപ്പുപ്പായുടെ നിശ്ചയദാർഢ്യത്തെ ചോദ്യം ചെയ്യാനുള്ള ധൈര്യം സമുദായത്തിലെ മറ്റുള്ളവർക്ക് ഉണ്ടായിരുന്നില്ല. തന്റെ ആൺമക്കളും ഉയർന്നവിദ്യാഭ്യാസം നേടണമെന്ന ഉപ്പുപ്പായുടെ ആഗ്രഹവും പാഴായില്ല. എന്റെ വാപ്പ, കെ.ഒ.ഷംസുദ്ദീൻ, ആദ്യം പത്രപ്രവർത്തകനും അധ്യാപകനുമായി ജോലി നോക്കിയിരുന്നെങ്കിലും കമ്മ്യൂണിസ്റ്റുപാർട്ടിപ്രവർത്തനത്തിന്റെ ഭാഗമായി ജോലി നഷ്ടപ്പെടുകയും പിന്നീട് കേരളസർവകലാശാലയിലെ മലയാളംലെക്‌സിക്കൺവിഭാഗത്തിൽ സബ്-എഡിറ്ററാവുകയും ചെയ്തു. അവിടെനിന്നാണ് വിരമിച്ചത്. പ്രാചീനലിപിവൈദഗ്ദ്ധ്യവും സംസ്‌കൃതം, അറബി തുടങ്ങിയ ഭാഷകളിലെ പ്രാവീണ്യവും വാപ്പ നേടിയതിനു പ്രേരണയായിരുന്നത് ബാല്യകാലം മുതലുള്ള ഉപ്പുപ്പായുടെ കർക്കശമായ ശിക്ഷണമായിരുന്നു എന്ന് വാപ്പ പറഞ്ഞിട്ടുണ്ട്. വാപ്പയുടെ നേരെ ഇളയ അനുജത്തിയായിരുന്നു കെ.ഒ. ഐഷാബായി. അതിനിളയ കെ.ഒ.മുഹമ്മദ് താജുദ്ദീൻ ഡിവൈ.എസ്.പി.ആയി വിരമിച്ചു. അദ്ദേഹവും സ്വന്തം ജോലിയിലെ ആത്മാർത്ഥതയും മനുഷ്യത്വവുംകൊണ്ട് അഭിനന്ദനങ്ങളും അംഗീകാരവും നേടിയിട്ടുണ്ട്. അതിനിളയതായിരുന്നു സൈനാബായി അപ്പച്ചി. സൈനാഅപ്പച്ചി കോടതിയിൽ ഉദ്യോഗസ്ഥയായിരുന്നെങ്കിലും വിവാഹശേഷം ഭർത്താവായ റ്റി.റ്റി.പി.ഉസ്മാന്റെ വ്യവസായസംരംഭങ്ങളിൽ സഹായിച്ചുകൊണ്ടാണ് മുന്നോട്ടുപോയത്. . അതിനിളയ കെ.ഒ.അബ്ദുൾ ഖാദർ ഗവ.സ്‌ക്കൂളിൽ അധ്യാപകനായിട്ടാണ് വിരമിച്ചത്. അദ്ദേഹവും അധ്യാപകസംഘടനാപ്രവർത്തനത്തിലൂടെ സോഷ്യലിസ്റ്റാശയങ്ങൾ പ്രചരിപ്പിക്കുകയും സാമൂഹികപ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്തിരുന്നു. തൊട്ടടുത്ത അനുജനായ കെ.ഒ.അബ്ദുൾഷുക്കൂർ എഞ്ചിനിയറിംഗ് ബിരുദധാരിയായിരുന്നെങ്കിലും മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായി മാറിയ അദ്ദേഹം ആലപ്പുഴ ജില്ലാകമ്മിറ്റി അംഗമായിരുന്നു. നിസ്വാർത്ഥമായ രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി കുടുംബജീവിതം പോലും വേണ്ടെന്നുവെച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു രാജ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഷുക്കൂർസഖാവ്. ഏറ്റവും ഇളയ കെ.ഒ. ഹബീബ് കെ.എസ്.ഇ.ബി.യിൽ എഞ്ചിനിയറായി വിരമിക്കുകയും ഇലക്ട്രിസിറ്റി എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റും സി.ഐ.റ്റി.യു.വിന്റെ ദേശീയ വൈസ് പ്രസിഡന്റുമായി രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായി തുടരുകയും ചെയ്യുന്നു. (ഇവരിൽ എന്‍റെ വാപ്പ ഉൾപ്പെടെ മൂത്തവർ നാലുപേരും ഇന്നു ജീവിച്ചിരുപ്പില്ല).
ഇങ്ങനെ, ഒരു കാലഘട്ടത്തിന്‍റെ യാഥാസ്ഥിതികചിന്തകളെ മറികടന്ന വിദ്യാസമ്പന്നമായ ഈ കുടുംബാന്തരീക്ഷമാണ് ഐഷാഅപ്പച്ചിയ്ക്ക് പിന്തുണയും ആത്മവിശ്വാസവും പകർന്നു നൽകിയത്. സ്‌ക്കൂളിലെ സാഹിത്യസമാജത്തിൽ പ്രസംഗിച്ച് പ്രശംസനേടിയ അപ്പച്ചി അക്കാലയളവിൽതന്നെയാണ് ക്ലാപ്പന ആലുമ്പീടികയിൽ ഒരു കോൺഗ്രസ്സ് സമ്മേളനത്തിൽ പ്രസംഗിച്ച് ആദ്യമായി പൊതുജനശ്രദ്ധ നേടിയത്. കമ്മ്യൂണിസ്റ്റുപാർട്ടി നിരോധിക്കപ്പെട്ടകാലത്ത് സമാധാനപ്രസ്ഥാനത്തിന്‍റെ പ്രവർത്തനങ്ങളിലും അപ്പച്ചി സജീവമായിരുന്നു. എതിർപ്പുകളെ മറികടന്ന് അങ്ങനെ അപ്പച്ചിയെ അന്ന് പൊതുവേദികളിലേക്ക് കൊണ്ടുവന്നത് ഉസ്മാനുപ്പുപ്പ തന്നെയായിരുന്നു. പർദ്ദയിട്ട് പൊതുവേദികളിൽ വന്ന് തന്റെ ശബ്ദം വേറിട്ടുകേൾപ്പിച്ച ഐഷാബായി എന്ന ആ പെൺകുട്ടി പ്രയാർ ഹൈസ്‌കൂളും, കറ്റാനത്തെ പോപ് പയസ് സ്‌ക്കൂളും കടന്ന് തിരുവനന്തപുരത്തെ വിമൻസ് കോളേജ്, യൂണിവേഴ്‌സിറ്റികോളേജ്, എറണാകുളം ലോകോളേജ് എന്നിവിടങ്ങളിലെത്തിയപ്പോൾ പൊതുപ്രവർത്തനത്തിലും മുഴുകാൻ സമയം കണ്ടെത്തി. അപ്പച്ചി പഠിച്ചിരുന്ന കോളേജ്ക്യാമ്പസ്സുകളിലും മറ്റ് രാഷ്ട്രീയവേദികളിലും ശ്രദ്ധ പിടിച്ചുപറ്റിയതും തന്‍റെ പ്രസംഗങ്ങളിലൂടെയായിരുന്നു. അപ്പച്ചി മത്സരിച്ചു വിജയിച്ച തിരഞ്ഞെടുപ്പുകളുടെ കാലത്തുമാത്രമല്ല രാഷ്ട്രീയത്തിൽ നിലയുറപ്പിച്ച കാലം മുഴുവൻ പ്രസംഗങ്ങളിലൂടെയാണ് ജനശ്രദ്ധ നേടിയിരുന്നത്. നിയമസഭയിലെ പ്രസംഗങ്ങൾക്കും അഭിനന്ദനങ്ങൾ കിട്ടിയിട്ടുണ്ട്. വേഷത്തിലും പെരുമാറ്റത്തിലും ഒക്കെ അപ്പച്ചി പുലർത്തിയിരുന്ന സംസ്‌കാരവും മറ്റുള്ളവരുടെ ബഹുമാനം നേടുന്നതിനു കാരണമായിരുന്നു. പഠനകാലത്തും പിന്നീട് രാഷ്ട്രീയപ്രവർത്തനത്തിൽ മുഴുകിയപ്പോഴും പർദ്ദമാത്രമായിരുന്നു അപ്പച്ചിയുടെ വേഷം എന്നതും അന്നത്തെ ചർച്ചാവിഷയമായിരുന്നു.
മക്കളുടെ ഉയർച്ചയ്ക്ക് എല്ലാ പിന്തുണയും നൽകിയിരുന്ന ഉപ്പുപ്പ 1954-ൽ മരിച്ചശേഷം ആ ലക്ഷ്യം ഏറ്റെടുത്തു കുടുംബത്തെ നയിച്ചത് മൂത്തമകൻ എന്നനിലയിൽ വാപ്പയായിരുന്നു. ആലപ്പുഴ ആറാട്ടുപുഴയിലെകണ്ടങ്കേരിൽ വീട്ടിലെ അഡ്വ.കെ അബ്ദുൽ റസാക്കുമായി 1958-ൽ അപ്പച്ചിയുടെ വിവാഹം നടക്കുന്നതുവരെ പ്രസംഗവേദികളിലും രാഷ്ട്രീയപ്രചാരണവേദികളിലും അപ്പച്ചിയോടൊപ്പം പോയിരുന്നതും വാപ്പയായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം അപ്പച്ചിയെ പ്രസംഗങ്ങൾക്കായി കൊണ്ടുപോയിരുന്നതിന്‍റെ അനുഭവങ്ങൾ വാപ്പ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. ഒരു സ്ത്രീ എന്ന നിലയിൽ തുടർച്ചയായ യാത്രയും പ്രസംഗങ്ങളും കൊണ്ട് തളർന്നുപോകാവുന്ന അവസരങ്ങളിലും ഒട്ടും പിന്മാറാതെ പുരുഷസഖാക്കൾക്കൊപ്പംതന്നെ ഊർജ്ജസ്വലയായി നിൽക്കാനാണ് അപ്പച്ചി ശ്രമിച്ചത്. അങ്ങനെ, പർദ്ദയണിഞ്ഞ് പൊതുവേദികളിൽ പ്രസംഗിച്ചുനടന്ന ഒരു കൗമാരക്കാരിയിൽനിന്ന് ആദ്യത്തെ ഡെപ്യൂട്ടിസ്പീക്കർപദവിയിലേക്കു കെ.ഒ.ഐഷാബായി
വളർന്നത് നിസ്വാർത്ഥമായ സാമൂഹിക സേവനത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയുമായിരുന്നു. അപ്പച്ചിയുടെ സഹപാഠിയായിരുന്ന ജസ്റ്റിസ് കെ. സുകുമാരൻസാറ് ”പർദ്ദയിൽ പൊതിഞ്ഞ വിപ്ലവസ്ഫുലിംഗം” എന്ന ഓർമ്മക്കുറിപ്പിൽ, നിയമപഠനകാലത്തെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ”ഭരണഘടന നിലവിൽ വന്നയുടൻ നിയമ വിദ്യാഭ്യാസത്തിന് തുനിഞ്ഞവർ ആയിരുന്നു ഞങ്ങളുടെ സംഘം. വാദപ്രതിവാദപരിപാടികൾ കോളെജിൽ കൂടെക്കൂടെ ഉണ്ടാകുമായിരുന്നു. പഴയ സങ്കൽപ്പങ്ങളും പുരോഗമന ആശയങ്ങളും തമ്മിൽ തീക്ഷ്ണമായ സംഘട്ടനങ്ങളുടെ വേദി. അത്തരം ഒരു സമ്മേളനത്തിൽ ആണ് ഐഷാബായി ആദ്യമായി പ്രസംഗിച്ചത്, സരളമൃദുലമായ ഭാഷ, പക്ഷേ വിപ്ലവത്തിന്‍റെ ചൂട് പ്രകടമായിരുന്നു. സ്വാഭാവികമായും അതൊരു അത്ഭുതം തന്നെ ആയിരുന്നു, സഹപാഠികൾക്കും അധ്യാപകർക്കു പോലും. പർദ്ദയിൽ പൊതിഞ്ഞ വിപ്ലവസ്പുലിംഗം ആണ് കണ്ടതെന്ന് പിന്നീട് കടന്നുപോയ കാലങ്ങൾ തെളിയിച്ചു” (കേരളകൗമുദി,നവംബർ2,2005). ഈ ഉദ്ധരണി ഇതിൽ ഞാൻ ചേർത്തതിനുശേഷം തികച്ചും യാദൃച്ഛികമായി കെ.സുകുമാരൻസാറ് മറ്റൊരു കാര്യവുമായി ബന്ധപ്പെട്ട് എന്നെ ഫോണിൽ വിളിക്കുകയുണ്ടായി. ലോകോളേജിലെ അന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തെക്കുറിച്ച് അപ്പോഴും അദ്ദേഹം സംസാരിച്ചു. അന്നത്തെ എതിർരാഷ്ട്രീയക്കാരിൽനിന്ന് രൂക്ഷമായ എതിർപ്പുകൾ പലതും അപ്പച്ചിക്കു നേരിടേണ്ടി വന്നിരുന്നു എന്നും അപ്പോഴൊക്കെ വളരെ സൗമ്യമായി ചിരിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ അവരോട് പ്രതികരിച്ചിരുന്ന ഐഷാബായി ഞങ്ങൾക്കൊക്കെ ഒരു അത്ഭുതമായിരുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി. എതിരാളികളെ പോലും സൗമ്യമായി നേരിട്ടിരുന്ന അപ്പച്ചിയുടെ ആ സ്വഭാവസവിശേഷതകൊണ്ടുകൂടിയാണ് ജനങ്ങൾ രണ്ടുതവണ അപ്പച്ചിയെ നിയമസഭയിൽ എത്തിച്ചത്.
നിയമബിരുദം നേടിയശേഷം അധികം വൈകാതെയാണ് 1957-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളം നിയോജകമണ്ഡലത്തിൽനിന്ന് അവിഭക്തകമ്മ്യുണിസ്റ്റുപാർട്ടിയുടെ സ്ഥാനാർത്ഥിയായിനിന്ന് അപ്പച്ചി ആദ്യം മത്സരിച്ചത്. ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സരോജിനിബാനുവിനെ പരാജയപ്പെടുത്തി അപ്പച്ചി കേരളനിയമസഭയിലെത്തുകയും ആദ്യത്തെ ഡെപ്യൂട്ടിസ്പീക്കറായി മാറുകയുംചെയ്തു. (1957 മേയ് 6-നു നടന്ന ആ ചടങ്ങിന്റെ അറുപത്തിനാലാം വാർഷികം കൂടിയാണ് ഇത് എന്നതും യാദൃച്ഛികം). വിമോചനസമരത്തെത്തുടർന്ന് 1959-ൽ ആ നിയമസഭ പിരിച്ചു വിട്ടതുകൊണ്ട് ആ വർഷം ജൂലൈ 31 വരെയാണ് ഉപാധ്യക്ഷയായി തുടർന്നത്. ”ഐഷാ ഗൗരീ റോസമ്മേ റേഷൻകടയിൽ അരിയുണ്ടോ” എന്നു തുടങ്ങുന്ന വിമോചനസമര മുദ്രാവാക്യം അന്ന് കേരളം മുഴുവൻ അലയടിച്ചിരുന്നു. എന്‍റെ ഉമ്മ, ശ്രീമതി ജമീല, എന്‍റെ വാപ്പായുമായുള്ള വിവാഹത്തിനുമുമ്പേതന്നെ ഇത്തരം മുദ്രാവാക്യങ്ങളിലൂടെയാണ് വിപ്ലവനായികയായ ഐഷാഅപ്പച്ചിയെക്കുറിച്ച് കേട്ടറിഞ്ഞിരുന്നതും അവർക്കൊക്കെ ആരാധനതോന്നിയിരുന്നതുമായ കഥകളും പറഞ്ഞറിയാം. അക്കാലത്തെ മുസ്ലീംസ്ത്രീകളുടെ അസ്വാതന്ത്ര്യങ്ങൾക്കെതിരെ ശബ്ദമുയർത്താൻ കരുത്തുള്ള ഒരു നായികയായിട്ടാണ് പലരും അന്ന് ഐഷാഅപ്പച്ചിയെ നോക്കിക്കണ്ടിരുന്നത്. വിമോചനസമരതീക്ഷ്ണതയിൽ പ്രതിപക്ഷത്തിന്‍റെ വിമർശനശരങ്ങൾക്ക് ഇരയാവുകമാത്രമല്ല, കമ്മ്യൂണിസ്റ്റുപാർട്ടിയോടുള്ള അന്ധമായ എതിർപ്പുണ്ടാക്കുന്ന പ്രയാസങ്ങളും പലതരത്തിൽ ഐഷാഅപ്പച്ചിക്കു നേരിടേണ്ടിവന്നിരുന്നു.
വിമോചനസമരത്തിന്‍റെ പ്രശ്‌നങ്ങളെ സധൈര്യം മറികടന്ന് തന്‍റെ ലക്ഷ്യങ്ങൾ നടപ്പാക്കാൻ ശ്രമിച്ചിരുന്നതുകൊണ്ടാണ്, 1960-ൽ കായംകുളത്തുനിന്നു മൽസരിച്ച് വീണ്ടും എം.എൽ.എ.ആയത്. അങ്ങനെ രണ്ടുതവണ കായംകുളത്തിന്‍റെ എം.എൽ.എ.ആയിരുന്ന അപ്പച്ചി കായംകുളത്തിന്‍റെ സമഗ്രവികസനത്തിനുവേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അക്കാലയളവിൽ നടന്ന പ്രസിദ്ധമായ കർഷകസമരത്തിൽ പങ്കെടുത്ത് ജയിലിൽ പോകേണ്ട അവസ്ഥയും അപ്പച്ചിക്കുണ്ടായി. നഴ്‌സുമാർക്ക് വിവാഹം പാടില്ലെന്ന അവസ്ഥ മാറ്റിയെടുക്കാനും അവരുടെ വേഷം പരിഷ്‌കരിക്കാനുമുള്ള ശ്രമം വിജയത്തിലെത്തിക്കാൻ മുന്നിൽ നിന്നത് അപ്പച്ചിയായിരുന്നു. അപ്പച്ചിയുടെ ശ്രമഫലമായിട്ടാണ് ഗവ.ആശുപത്രിക്കും കെ.എസ്.ആർ.റ്റി.സി. ബസ് സ്റ്റാൻഡിനും കോടതിസമുച്ചയത്തിനും, കൃഷ്ണപുരം പോളിടെക്‌നിക്കിനും പച്ചക്കറിമാർക്കറ്റിനും സ്ഥലം ലഭിച്ചത്. ഇക്കാലയളവിൽ മറ്റുചില പദവികളും അപ്പച്ചി വഹിച്ചിട്ടുണ്ട്. ഗവൺമെന്റ് അഷ്വറൻസ് കമ്മറ്റി ചെയർപേഴ്‌സൺ, സോഷ്യൽ വെൽഫെയർബോർഡ് കേന്ദ്ര-സംസ്ഥാന സമിതിയംഗം, സ്റ്റേറ്റ് വാച്ച് ഡോഗ് കമ്മിറ്റി ഓൺ പ്രിസൺസ് അംഗം, കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്‍റ് എന്നിവ അവയിൽ ചിലതാണ്. കായംകുളത്ത് പ്രൈവറ്റ് മോട്ടോർതൊഴിലാളി സഹകരണസ്ഥാപനം രൂപീകരിക്കുന്നതിൽ അപ്പച്ചി നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്.
1964-ൽ കമ്മ്യൂണിസ്റ്റുപാർട്ടി പിളർന്ന് സി.പി.ഐ (എം) നിലവിൽ വന്നശേഷം സിപിഎം-ൽ ചേർന്ന് 1965ൽ കരുനാഗപ്പള്ളിയിൽനിന്നു മൽസരിച്ചെങ്കിലും വിജയിച്ചില്ല. പാർട്ടിയുടെ പിളർപ്പിലൂടെ വോട്ടുകൾ ഭിന്നിച്ചുപോയതുകൊണ്ടാണ് അങ്ങനെ ഒരു തോൽവി ഉണ്ടായതെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. പിന്നീട് സി.പി.ഐ.-യിൽ ചേർന്നെങ്കിലും പഴയതുപോലുള്ള പ്രവർത്തനങ്ങൾക്കു കഴിഞ്ഞിരുന്നില്ല. പാർട്ടിയുടെ പിളർപ്പും പിന്നീടുണ്ടായ പല പ്രയാസങ്ങളും അപ്പച്ചിയുടെ മനസ്സിനെ അത്രമേൽ വേദനിപ്പിച്ചിരുന്നു. ക്രമേണ പല കാരണങ്ങളാൽ സജീവരാഷ്ട്രീയത്തിൽ നിന്നു പിന്മാറുകയായിരുന്നു. പിന്നെ, സ്വന്തമായ രീതിയിലുള്ള സാമൂഹികപ്രവർത്തനങ്ങളാണ് അപ്പച്ചി തുടർന്നത്. അപ്പച്ചിയുടെ ഭർത്താവ് അഡ്വ.കെ.അബ്ദുൾറസാക്കും ഇടതുപക്ഷ പ്രവർത്തകൻ ആയിരുന്നെങ്കിലും അപ്പച്ചിയോടൊപ്പം അദ്ദേഹവും രാഷ്ട്രീയപ്രവർത്തനങ്ങളിൽനിന്നും പിന്മാറുകയാണുണ്ടായത്. അദ്ദേഹത്തിന്‍റെ വ്യവസായസംരംഭങ്ങളിൽ പങ്കുചേർന്നുകൊണ്ടായിരുന്നു അപ്പച്ചിയുടെ പ്രവർത്തനങ്ങൾ പിന്നീട് മുന്നോട്ടുപോയത്. സ്ത്രീകൾ പൊതുവേ മാറിനിൽക്കുന്ന വ്യവസായമേഖലയിലും വിജയിക്കാൻ അപ്പച്ചിക്കു കഴിഞ്ഞു. അപ്പോഴും അപ്പച്ചിയുടെ ഉള്ളിലെ സാമൂഹികപ്രതിബദ്ധത കെട്ടടങ്ങിയിരുന്നില്ല. അനാഥരായ ഒരുപാടു പെൺകുട്ടികളുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കുകയും അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു. രാഷ്ട്രീയപ്രവർത്തനങ്ങളുടെ തിരക്കുകൾക്കിയിലും തന്റെ നാലുമക്കളുടെയും വിദ്യാഭ്യാസകാര്യങ്ങളിലും മറ്റും അതീവജാഗ്രത പുലർത്താനും അപ്പച്ചി ശ്രദ്ധിച്ചിരുന്നു. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദം നേടി അധ്യാപികയായ മൂത്തമകൾ ഫാത്തിമ സർവീസിൽനിന്നു വിരമിച്ചു. രണ്ടാമത്തെ മകൻ ഡോ.മുഹമ്മദ്‌സജ്ജാദ് എം.ബി.എ.യും പിഎച്ച്.ഡിയും നേടി വ്യവസായമേഖലയിൽ നിലകൊള്ളുന്നു. എഞ്ചിനിയറിംഗ് ബിരുദധാരിയായ മൂന്നാമത്തെ മകൾ സാജിദ കൊല്ലം റ്റി.കെ.എം. എഞ്ചിനീയറിങ്ങ് കോളേജിൽ നിന്ന് അസ്സോസിയേറ്റ് പ്രൊഫസറായി ഇപ്പോൾ വിരമിച്ചു. എഞ്ചിനിയറിംഗ് കഴിഞ്ഞ നാലാമത്തെ മകൻ അബ്ദുൽസലാം അപ്പച്ചിയുടെ വ്യവസായ സംരംഭങ്ങളുമായി മുന്നോട്ടുപോകുന്നു. പൊതുപ്രവർത്തനങ്ങളിൽ മുഴുകിയാൽ കുടുംബജീവിതം അവതാളത്തിലാകുമെന്ന ആശങ്കകൾക്കും സ്വന്തംജീവിതംകൊണ്ടാണ് അപ്പച്ചി മറുപടി നൽകിയത്. മുമ്പ് രാഷ്ട്രീയപ്രവർത്തനങ്ങൾക്കും പിന്നെ വ്യവസായരംഗത്തും എല്ലാ പിന്തുണയുംനൽകി കൂടെനിന്ന റസാക്കുമാമായുടെ പെട്ടെന്നുള്ള മരണത്തിലും തളർന്നുപോകാതെ തുടങ്ങിവെച്ച വ്യവസായസ്ഥാപനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും മക്കളുടെ ഭാവി സുരക്ഷിതമാക്കാനും അപ്പച്ചിക്കു കഴിഞ്ഞത് താൻ പ്രസംഗിച്ചുനടന്ന ആശയങ്ങളുടെ ഊർജ്ജംകൊണ്ടുകൂടിയാണ്.
ഉസ്മാൻഉപ്പുപ്പാ ആഗ്രഹിച്ചതുപോലെ മക്കൾ മാത്രമല്ല, ഞാൻ ഉൾപ്പെടുന്ന ചെറുമക്കളും അതിനടുത്ത തലമുറയും വിദ്യാസമ്പന്നരായി കൊട്ടയ്ക്കാട്ടുകുടുംബത്തിന്‍റെ പാരമ്പര്യം നിലനിർത്തിപ്പോരുമ്പോൾ വാപ്പായും അപ്പച്ചിമാരും കൊച്ചാപ്പാമാരും അടങ്ങുന്ന മുൻതലമുറയുടെ ഇച്ഛാശക്തികൂടിയാണ് വെളിപ്പെടുന്നത്. 2005 ഒക്ടോബർ 28-നു എഴുപത്തിയൊമ്പതാംവയസ്സിൽ മരിക്കുന്നതുവരെയും ആരെയും ആശ്രയിക്കാതെ നിശ്ചയദാർഢ്യത്തോടെ ജീവിച്ച അപ്പച്ചി ഞങ്ങളുടെ കുടുംബത്തിനു മാത്രമല്ല, ഒരു കാലഘട്ടത്തിലെ മുസ്ലിംസ്ത്രീകൾക്കാകെയും അഭിമാനമായിരുന്നു. കമ്മ്യൂണിസ്റ്റുപാർട്ടിയുടെ ചരിത്രത്തിൽ ഒരു പ്രവർത്തക എന്ന നിലയിൽ മാത്രമല്ല അപ്പച്ചിയെ അടയാളപ്പെടുത്തുക. മറിച്ച്, പുരോഗമനാശയങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള സ്വന്തം പ്രഭാഷണങ്ങളിലൂടെ കേരളീയസ്ത്രീസമൂഹത്തെ, പ്രത്യേകിച്ച് മുസ്ലിംസ്ത്രീകളെ, പുരോഗമനത്തിന്‍റെ പാതയിലെത്തിക്കുക എന്ന വലിയദൗത്യം ഏറ്റെടുത്ത പ്രതിഭാശാലി എന്ന നിലയിലും എക്കാലത്തും അപ്പച്ചി ഓർമ്മിക്കപ്പെടും.
പ്രൊഫ.ഡോ.എസ്.ഷിഫ
ഓറിയെന്‍റൽ ഫാക്കൽറ്റി ഡീൻ & മലയാളവിഭാഗം അദ്ധ്യക്ഷ
കേരളസർവകലാശാല
COMMENTS