പ്രണയത്തിനും പ്രണയിക്കുന്നവർക്കും എതിർ നിൽക്കുക എന്നതാണല്ലോ നമ്മുടെ ഒരു രീതി. ഈ രീതി ശാസ്ത്രത്തിന്റെ അടിസ്ഥാനമെന്തായിരിക്കാം? മതം പറയും പിന്നീട് ജാതിപറയും അതും കഴിഞ്ഞ് സാമ്പത്തിക സ്ഥിതി, കുടുംബമാഹാത്മ്യം, അങ്ങനെ അങ്ങനെ പോവുന്നു നിരത്താനുള്ള കാരണങ്ങൾ. എനിക്കറിയാവുന്ന ഒരു പെൺകുട്ടി പ്രണയിച്ചിട്ട് അവളുടെ അച്ഛൻ വിലങ്ങുതടിയായി നിന്നത് ഇപ്പറഞ്ഞ കാരണങ്ങളാലൊന്നുമായിരുന്നില്ല. മകൾ സ്വന്തം കണ്ടു പിടിച്ച പയ്യനാണെന്ന കുറ്റക്കാരണത്താൽ മാത്രമായിരുന്നു.പ്രണയം ഗാഢമായിരുന്നതിനാൽ അച്ഛന് അഞ്ചാറു വർഷങ്ങൾക്കു ശേഷം അതു നടത്തിക്കൊടുക്കേണ്ടി വന്നു. രണ്ടു പേരും എഞ്ചിനീയർമാരായിരുന്നു എന്നതും ഓർമ്മിക്കണേ.
ഇതു വർഷങ്ങൾക്കു മുൻപുള്ള കഥയാണ്. ഇന്ന് പ്രണയത്തിന്റെ രീതി മാറി. എന്നിട്ടും മാതാപിതാക്കളുടെ മനോഭാവം മാറിയില്ല. പ്രണയം ഇപ്പോഴും തൊട്ടാൽ പൊളുന്ന ഒന്നാണ് അവർക്ക്. മക്കളാണെങ്കിൽ പ്രണയത്തെ മാത്രം സ്വപ്നം കണ്ടു കഴിയുന്നവരും. എല്ലാം നല്ലതാണ്, പക്ഷേ ആലോചനയില്ലാതെ ഇറങ്ങിച്ചെല്ലേണ്ട ഒരിടമല്ല പ്രണയ ലോകം. പ്രണയം തോന്നുന്നത് സ്വാഭാവികമാണെങ്കിലും അതു തുറന്നു പറയുവാനും മുന്നോട്ടു കൊണ്ടുപോകാനും, എന്തിനേറെ പറയുന്നു;വിവാഹം കഴിക്കാൻ പോലും നൂറു തവണ ആലോചിക്കേണ്ടിയിരിക്കുന്നു. ആലോചിച്ചു പ്രണയിക്കുക എന്നത് അസാധ്യമായ ഒന്നാണെന്ന് ആർക്കാണറിയാത്തത്? അതു കൊണ്ട് നമുക്ക് പ്രണയിക്കാം. പക്ഷേ മൂന്നു ദിവസമോ മൂന്നു മാസമോ പരിചയമുള്ള ആളെ പ്രണയിച്ച് എടുത്തു ചാടുന്നവർ സൂക്ഷിച്ചേ പറ്റൂ. ആളറിയാതെ പ്രണയിക്കരുത് എന്നാണ് എന്റെ വിലയിരുത്തൽ. നമുക്ക് പ്രണയിച്ച് ജീവിക്കാം;ജീവിക്കണം.
ഡോ.ജാന്സി ജോസ്
എഴുത്തുകാരി
COMMENTS