Homeചർച്ചാവിഷയം

ഭരണാധികാരിയായ സ്ത്രീയും മലയാളസിനിമയുടെ (കേരളത്തിന്‍റെ) ഭീതിയും

വൈറസ് സിനിമയോട് എനിക്ക് ചില വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. കാരണം മീറ്റിംങ്ങുകളിലൊക്കെ അനങ്ങാതിരുന്ന മിണ്ടാതിരുന്ന ആളല്ല ഞാന്‍ ഇക്കാര്യം ആഷിക്കിനോട് പറയുകയും ചെയ്തു. അങ്ങനെയൊരു മീറ്റിംഗില്‍ ഇനിയെന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞ് നിസംഗയായി ഇരുന്ന ആളല്ല ഞാന്‍.  വൈറസ് എന്ന സിനിമയെക്കുറിച്ച്, കെ.കെ. ഷൈലജ ടീച്ചര്‍, മന്ത്രി.

2018 ല്‍ കേരളത്തെ വല്ലാതെ ഭയപ്പെടുത്തിയ നിപ്പയെന്ന് പേരുള്ള മാരകരോഗത്തിന്‍റെ പടര്‍ന്നുപിടിക്കലും അതിനെ കേരളത്തിന്‍റെ ആരോഗ്യവകുപ്പ് നേരിട്ട രീതിയേയും ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്ത സിനിമയാണ് വൈറസ്. സിനിമയില്‍ ആരോഗ്യമന്ത്രിയുടേതിന് സമാനമായ കഥാപാത്രമാണ് രേവതി അഭിനയിച്ചത്. ഈ സിനിമയില്‍ മന്ത്രിയുടെ കഥാപാത്രത്തെ ചിത്രീകരിച്ച രീതിയെ കുറിച്ച് ടീച്ചര്‍ നടത്തിയ അഭിപ്രായമാണ് മുകളില്‍ നല്‍കിയത്. ടീച്ചര്‍ പറയുന്നതുപോലെ,യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് മാരകരോഗത്തിന് മുന്നില്‍ അതെങ്ങനെ നേരിടാനാകും എന്നറിയാതെ നിസ്സഹായയും നിസംഗയുമായാണ് പ്രസ്തുത കഥാപാത്രം അവതരിപ്പിക്കപ്പെട്ടത്. കേരളമന്ത്രിസഭയില്‍ ഭരണമികവുകൊണ്ടും വീക്ഷണംകൊണ്ടും ജനഹൃദയങ്ങളില്‍ വലിയ സ്ഥാനം നേടിയ മന്ത്രിയാണ് കെ.കെ. ശൈലജ ടീച്ചര്‍. അധികാരത്തിലേറി ഏറെ നാള്‍ കഴിയുന്നതിന് മുമ്പുതന്നെ ആരോഗ്യമേഖലയില്‍ ടീച്ചര്‍ നടത്തിയ ഇടപെടലുകള്‍ അവരുടെ ഭരണമികവ് വിളിച്ചോതുന്നതായിരുന്നു. ടീച്ചറുടെ നേതൃത്വത്തില്‍ നിപ്പയെ കീഴടക്കിയത് അവരുടെ ഭരണമികവ് വ്യക്തമാക്കുന്ന മികച്ച ഉദാഹരണമാണ്. നിപ്പ കേരളത്തെയാകെ ഭീതിയിലാഴ്ത്തിയപ്പോള്‍, മുന്‍പരിചയങ്ങളൊന്നും ഇല്ലാതിരുന്നിട്ടും കൂടുതല്‍ മനുഷ്യജീവനുകള്‍ അടര്‍ന്നുപോകാതിരിക്കാന്‍ ഒട്ടുമേ പതറാതെ ടീച്ചര്‍ പ്രവര്‍ത്തിച്ചു. തങ്ങള്‍ക്കും അസുഖം പകര്‍ന്നേക്കാമെങ്കിലും അതിനെപ്പോലും വകവെക്കാതെ ജോലിചെയ്ത ആരോഗ്യമേഖലയിലെ സകലജീവനക്കാര്‍ക്കും ധൈര്യവും ആത്മവിശ്വാസവും പകരുന്നതായിരുന്നു ടീച്ചറുടെ ഇടപെടലുകള്‍ എന്ന് അതില്‍ ഭാഗമായവരുടെ അനുഭവസാക്ഷ്യങ്ങള്‍ തെളിയിക്കുന്നു. കേരളം നിപ്പയെന്ന മഹാമാരിയെ പിടിച്ചുകെട്ടിയ രീതി ലോകപ്രശംസ പിടിച്ചു പറ്റി.

ആഗോളമാധ്യമങ്ങളില്‍ ഇത് പ്രധാനപ്പെട്ട വാര്‍ത്തയും ചര്‍ച്ചയുമായി. അമേരിക്കയിലെ ബള്‍ട്ടിമോറില്‍ സ്ഥിതി ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി കേരളം നിപ്പയെ അതിജീവിച്ച രീതി കണക്കിലെടുത്ത് ശൈലജ ടീച്ചറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ആദരിക്കുകയുണ്ടായി. എന്നാല്‍, ഇത്തരത്തില്‍ ഭരണമികവ് തെളിയിച്ച ഒരു ഭരണാധികാരിയായല്ല സിനിമ അവരെ അടയാളപ്പെടുത്തിയത്. പ്രതിസന്ധിഘട്ടങ്ങളില്‍ അതിനെ നേരിടാനുള്ള ഷൈലജ ടീച്ചറിന്‍റെ നേതൃത്വപാടവത്തെയും ഇടപെടലുകളെയും സമ്പൂര്‍ണ്ണമായി തമസ്കരിക്കുകയാണ് വൈറസ് സിനിമ ചെയ്തത് എന്നും ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി നിര്‍മ്മിച്ച സിനിമയായതുകൊണ്ടുതന്നെ വരുംതലമുറയില്‍ ആരോഗ്യമന്ത്രിയെക്കുറിച്ചും വകുപ്പിനെക്കുറിച്ചും വളരെ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതരം ചിത്രീകരണമാണ് നടത്തിയത് എന്നുമുള്ള രൂക്ഷവിമര്‍ശനങ്ങള്‍ സിനിമയെക്കുറിച്ച് ഉയര്‍ന്നിരുന്നു. ഇത് വൈറസ് എന്ന സിനിമയ്ക്കെതിരെ മാത്രം ഉയര്‍ത്താവുന്ന ഒരു വിമര്‍ശനമല്ല. രാഷ്ട്രീയാധികാരപദവികള്‍ കയ്യാളുന്ന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഇതുപോലെ നിഷ്ക്രിയയായും നിസ്സഹായയായും അഴിമതിക്കാരിയായും അഹങ്കാരിയായും കുടുംബത്തിനും ഭര്‍ത്താവിനും കാമുകനും പിതാവിനുമെല്ലാം കീഴടങ്ങി നില്‍ക്കാത്തവളായും ചിത്രീകരിക്കുക എന്നതാണ് മലയാളസിനിമയുടെ പൊതുവെയുള്ള രീതി.

രാഷ്ട്രീയപ്രവര്‍ത്തനവും അധികാരവും സ്ത്രീകളുടെ മേഖലയായി മലയാളസിനിമ ആദ്യകാലം മുതലേ പരിഗണിക്കുന്നില്ല. 1966 ല്‍ പുറത്തിറങ്ങിയ സ്ഥാനാര്‍ത്ഥി സാറാമ്മ എന്ന സിനിമ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാറാമ്മ എന്ന സ്ത്രീയുടെ കഥയാണ്. സ്ഥാനാര്‍ത്ഥിയാവുക എന്നത് സാറാമ്മയുടെ തീരുമാനമല്ല. അച്ഛന്‍റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കാമുകനായ ജോണിക്കെതിരെ മത്സരിക്കുന്നത്. അച്ഛനാകട്ടെ ജോണിയും സാറാമ്മയും പ്രണയത്തിലാണെന്നറിഞ്ഞ് കല്യാണാലോചനയുമായി ചെല്ലുമ്പോള്‍ ജാതീയമായി അധിക്ഷേപിക്കപ്പെട്ടതിന്‍റെ പ്രതികാരമായാണ് ജോണിക്കെതിരെ സാറാമ്മയെ മത്സരിപ്പിക്കുന്നത്. സാറാമ്മയുടെ കുടുംബം വേലന്‍ സമുദായത്തില്‍നിന്ന് ക്രിസ്തുമതത്തിലേക്ക് മതംമാറിയവരും ജോണിയുടേത് തോമാസ്ലീഹ പാരമ്പര്യമുള്ള കുടുംബവും. കുടുംബത്തിന്‍റെയും ജാതിയുടേയും മാനം സംരക്ഷിക്കാന്‍ പുറപ്പെട്ട സാറാമ്മയുടെ അച്ഛന് അവരെ തെരെഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ സഹായിച്ച തോന്നിയാടന്‍ മുതലാളിയെ സാറാമ്മയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചതിന് കൊല്ലേണ്ടിവരുന്നു. സാറാമ്മ മത്സരിക്കുന്നതറിഞ്ഞ ജോണിയുടെ പ്രതികരണവും ഒട്ടുമേ അനുഭാവപൂര്‍വ്വമായിരുന്നില്ല. അവളോട് തനിക്കെതിരെ മത്സരിക്കരുതെന്ന് ആവശ്യപ്പെടുകയും അയാളെ അവള്‍ അപമാനിക്കാന്‍ ശ്രമിക്കുന്നതായി ആരോപിക്കുകയും ചെയ്യുന്നുണ്ട്. മത്സരരംഗത്തുനിന്ന് പിന്‍മാറിയില്ലെങ്കില്‍ പ്രണയബന്ധം തുടരാനാവില്ലെന്ന് വ്യക്തമാക്കുകയും പ്രണയസമ്മാനമായി നല്‍കിയ മോതിരം വരെ അയാള്‍ തിരികെ ആവശ്യപ്പെടുകയും ചെയ്യുന്നു. ഒരു സ്ത്രീയുടെ തെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വമാണ് സിനിമയുടെ മുഖ്യപ്രമേയം. അത് അവര്‍ താല്‍പര്യപൂര്‍വം തിരഞ്ഞെടുത്തതല്ലെങ്കിലും പൊതുമണ്ഡലത്തിലേക്ക് കടന്നുവരാനുള്ള തീരുമാനം കടുത്ത ദുരിതങ്ങളിലേക്കാണ് അവളെ തള്ളിവിടുന്നത്. കാമുകന്‍ ഉപേക്ഷിക്കുന്നു, ലൈംഗികമായി ആക്രമിക്കപ്പെടുന്നു. അച്ഛന്‍ ജയിലിലാകുന്നു അങ്ങനെ. ഇതില്‍ ഏറ്റവും അപകടം പിടിച്ച കാര്യം സ്ത്രീയുടെ രാഷ്ട്രീയ(പൊതുമണ്ഡല) പ്രവേശം ലൈംഗിക അതിക്രമങ്ങളിലേക്ക് നയിച്ചേക്കാം അല്ലെങ്കില്‍ അവളെ തിരെഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് ഇത്തരം ചില താല്‍പര്യങ്ങളോടെയാണ് എന്ന കാഴ്ച്ചപപ്പാടില്‍ അവതരിപ്പിക്കുന്നതാണ്. ജയിച്ച് പഞ്ചായത്ത് മെമ്പര്‍ ആകുന്നതിനേക്കാള്‍ ഭാര്യയാകുന്നതും കാമുകിയാകുന്നതും തന്നെയായിരുന്നു സാറാമ്മയുടെ താല്‍പര്യം. അതില്‍തന്നെയാണ് സിനിമ അവസാനിപ്പിക്കുന്നതും. ഇലക്ഷനില്‍ ജയിച്ചതാണ് സാറാമ്മ. അതിനെക്കുറിച്ച് പക്ഷെ, സിനിമയൊന്നും മിണ്ടുന്നില്ല.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം കേരളത്തിന്‍റെ രാഷ്ട്രീയചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരധ്യായമാണ്. അതുകൊണ്ടുതന്നെ അതിന്‍റെ സിനിമാവിഷ്കാരവും വളരെ ജനശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്. ജന്മിത്തത്തിനും ജാതീയതക്കുമെതിരെ കമ്മ്യൂണിസമാണ് ബദല്‍ എന്ന ആശയമാണ് നാടകവും സിനിമയും മുന്നോട്ട് വെക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥിയായ സുമവല്ലിയും ദളിത് വിഭാഗത്തില്‍പ്പെട്ട കര്‍ഷക തൊഴിലാളിയായ മാലയുമാണ് ഇതിലെ പ്രധാന സ്ത്രീകഥാപാത്രങ്ങള്‍. രണ്ടുപേരും ഉറച്ച രാഷ്ട്രീയ നിലപാടുകളിലേക്ക് എത്തിച്ചേരുന്നുണ്ട്. പക്ഷേ, കമ്മ്യൂണിസ്റ്റ് ആശയങ്ങളിലുള്ള താല്‍പര്യത്തേക്കാള്‍ ഗോപാലന്‍ എന്ന പാര്‍ട്ടി നേതാവിനോട് അവര്‍ക്ക് രണ്ടുപേര്‍ക്കും തോന്നുന്ന പ്രണയമാണ് അവരെ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് നയിക്കുന്നത് എന്നതാണ് പ്രശ്നം. സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങളെ സ്വന്തമായി വിലയിരുത്തി നിലപാടെടുക്കാനുള്ള, രാഷ്ട്രീയബോധ്യങ്ങളെ രൂപപ്പെടുത്താന്‍ ശേഷിയുള്ളവരായല്ല സിനിമ സ്ത്രീകളെ അവതരിപ്പിക്കുന്നത്.

1990ലാണ് ലാല്‍സലാം പുറത്തിറങ്ങുന്നത്. അപ്പോഴേക്കും രാഷ്ട്രീയക്കാരും രാഷ്ട്രീയവും അഴിമതിക്കാരും കൊള്ളരുതാത്തവരുമാണ് എന്നും എല്ലാ രാഷട്രീയക്കാരും ഒരുപോലെയാണ് എന്നുമുള്ള ആഖ്യാനങ്ങള്‍ ഇന്ത്യന്‍ സിനിമയിലൊന്നാകെ പടര്‍ന്നുപിടിച്ചിരുന്നു. രാഷ്ട്രീയക്കാരൊക്കെ വില്ലന്‍മാരായി മാറി. ഇവര്‍ക്കെതിരെ നിയമം കയ്യിലെടുക്കുന്ന ക്ഷുഭിതയൗവനങ്ങളായിരുന്നു അക്കാലത്തെ സ്ഥിരം നായകവേഷങ്ങള്‍. കൂടാതെ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളും ഹിന്ദുത്വആശയങ്ങളുടെ അധീശത്വും ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യങ്ങളെ അടിമുടി മാറ്റിപ്പണിതകാലം കൂടിയാണ്. څപഴയ കാലത്തെ നല്ല പാര്‍ട്ടി / പുതിയ കാലത്തെ മോശം പാര്‍ട്ടിچ എന്ന വിപരീതദ്വന്ദ്വത്തിലാക്കി കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയെ കുറിച്ച് സിനിമയ്ക്കുള്ളിലും പുറത്തും നടക്കുന്ന വ്യവഹാരങ്ങളുടെ പശ്ചാത്തലം കൂടി ലാല്‍സലാമിനുണ്ട്. ഈ ചര്‍ച്ചകളുടെ ചുവടുപിടിച്ചുതന്നെയാണ് സിനിമയുടെ പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ രൂപപ്പെടല്‍ ചരിത്രമെന്ന വ്യാജേനയുള്ള ആഖ്യാനങ്ങളും അധികാരം കിട്ടിയതിന് ശേഷമുള്ള മൂല്യച്യുതിയുമാണ് സിനിമ അവതരിപ്പിക്കുന്നത്. സ്റ്റീഫന്‍ നെട്ടൂരാനും ഡി.കെ. ആന്‍റണിക്കുമൊപ്പം പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സേതുലക്ഷ്മി. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അവര്‍ ആഭ്യന്തരമന്ത്രിയാകുന്നുണ്ട്. മന്ത്രിയായതിനുശേഷം അഹങ്കാരിയും തന്നിഷ്ടക്കാരിയും ഉപജാപകസംഘങ്ങളെ കൊണ്ടുനടക്കുകയും അവരുടെ വാക്കുകള്‍ക്കനുസരിച്ച് തുള്ളുകയും ചെയ്യുന്ന ഒരാളായി സേതുലക്ഷ്മി മാറിത്തീരുന്നു. ഇതിനേക്കാളെല്ലാം ഉപരിയായി തന്നേക്കാള്‍ താഴ്ന്ന ക്യാബിനറ്റ് പദവിയുള്ള മന്ത്രിയായ ഭര്‍ത്താവിനെ അനുസരിക്കാത്ത ഭര്‍ത്താവിനോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാത്തവള്‍ എന്നതാണ് വലിയ പ്രശ്നമായിത്തീരുന്നത്.പാര്‍ട്ടി വളര്‍ത്തുന്നതിനായി നിരവധി പോരാട്ടങ്ങളും പോലീസ് -ജന്മിമാരുടെ ഭാഗത്തുനിന്നുള്ള അതിക്രൂരമായ അക്രമങ്ങളെയും നേരിട്ടവരില്‍ പുരുഷന്‍മാര്‍ മാത്രമായിരുന്നില്ല സ്ത്രീകളുമുണ്ടായിരുന്നു. കൂത്താട്ടുകുളം മേരിയുടേയും കെ.ദേവയാനിയുടെയും കെ.ആര്‍ ഗൗരിയമ്മയുടേയുമെല്ലാം ജീവചരിത്രം പരിശോധിച്ചാല്‍ അത് വ്യക്തമാകും. ڇപോലീസ് ലാത്തിക്ക് ഗര്‍ഭിണിയാക്കാനുള്ള ശേഷിയുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിച്ചേനെڈ എന്ന് ഗൗരിയമ്മ പറയുന്നുണ്ട്. യോനിയിലേക്ക് ലാത്തി കയറ്റിക്കൊണ്ടുള്ള ക്രൂരമര്‍ദ്ദനങ്ങള്‍ക്കും സ്ത്രീകള്‍ ഇരയായിട്ടുണ്ട് എന്നാണ് ഗൗരിയമ്മയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയെ അടയാളപ്പെടുത്താന്‍ ശ്രമിച്ച സിനിമയെന്ന് തോന്നിപ്പിക്കുമ്പോഴും സ്ത്രീകളുടെ ഇത്തരം അനുഭങ്ങളെ സിനിമ അവതരിപ്പിക്കുന്നില്ല. നെട്ടൂരാനെ പോലീസ് മര്‍ദ്ദിക്കുന്നത് മാത്രമാണ് കാണിക്കുന്നത്. സിനിമയുടെ ആഖ്യാനത്തില്‍നിന്ന് സ്ത്രീയുടെ പോരാട്ടങ്ങളും അതിന്‍റെ പേരില്‍ അനുഭവിച്ച എണ്ണമറ്റ മര്‍ദ്ദനങ്ങളും പുറത്താക്കപ്പെടുന്നു. അധികാരം കിട്ടിയ സ്ത്രീകള്‍ അഹങ്കാരികളായിത്തീരുമെന്നും കുടുംബബന്ധങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും പറഞ്ഞുവെക്കുകയും ചെയ്യുന്നു. ڇഅധികാരത്തിമിരം ബാധിച്ചിരിക്കുന്നു സേതുലക്ഷ്മിക്ക്ڈ എന്ന് നെട്ടൂരാനും ڇഒരു സ്ത്രീയാണെന്നും എന്‍റെ ഭാര്യയാണെന്നുമുള്ള ബോധം ഇല്ലാതായിരിക്കുന്നുڈ എന്ന് ഡി.കെ. ആന്‍റണിയും പരിതപിക്കുന്നുണ്ട്. അവസാനം ചെയ്ത തെറ്റുകള്‍ക്കെല്ലാം മാപ്പുപറഞ്ഞ് ഭര്‍ത്താവിന്‍റെ കാലുപിടിച്ചുകരയുന്ന സ്ത്രീയായി സേതുലക്ഷ്മി മാറുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവായ കെ.ആര്‍. ഗൗരിയമ്മയുടെ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന സിനിമയാണ് ചീഫ് മിനിസ്റ്റര്‍ കെ. ആര്‍.ഗൗതമി (1994). ഇവിടെയും കെ.ആര്‍.ഗൗതമിയുടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെയും പോരാട്ടങ്ങളെയും അനുഭവിച്ച മര്‍ദ്ദനങ്ങളെയും അവതരിപ്പിക്കാനല്ല സിനിമ ശ്രമിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
വിദ്യാര്‍ത്ഥി രാഷ്ട്രീയവും ക്യാംപസ്സും സിനിമയുടെ ഇഷ്ടവിഷയങ്ങളാണ്. ക്യാംപസ്സുകളെ രാഷ്ട്രീയവല്‍ക്കരിക്കുകയും സര്‍ഗാത്മകമാക്കുകയും ചെയ്യുന്നതില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം വലിയ പങ്കാണ് വഹിക്കുന്നത്. അതിന് നെടുനായകത്വം വഹിക്കുന്നതില്‍ വിദ്യാര്‍ത്ഥികളെപ്പോലെത്തന്നെ വിദ്യാര്‍ത്ഥിനികളും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഇന്നത്തെ ഒട്ടുമിക്ക രാഷ്ട്രീയപാര്‍ട്ടികളിലെയും സ്ത്രീനേതാക്കള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്നവരാണ്. എന്നാല്‍, ക്യാംപസ് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമകളിലൊന്നും തന്നെ ഈ വിദ്യാര്‍ത്ഥിനി നേതാക്കളെ കാണാന്‍ സാധിക്കില്ല. പലപ്പോഴും ക്യാംപസ്സിലെ ഹീറോകളായ പുരുഷനേതാക്കളെ അകമ്പടി സേവിക്കുകയും അവരുടെ വളരെ തരംതാണ പടലപ്പെണക്കങ്ങള്‍ക്ക് പകരം വീട്ടാന്‍ ഉപയോഗിക്കുന്ന കരുക്കളായും അതിന് കൂട്ടുനില്‍ക്കുന്നവരുമായാണ് വിദ്യാര്‍ത്ഥിനി നേതാക്കള്‍ ചിത്രീകരിക്കപ്പെടുന്നത്.

പോസ്റ്ററൊട്ടിക്കുകയും പ്രകടനം നടത്തുകയും ചെയ്യുന്ന രംഗങ്ങളില്‍ മാത്രമാണ് പെണ്‍കുട്ടികളുടെ സാന്നിധ്യം കാണുന്നത്. 2006 പുറത്തിറങ്ങിയ ക്ലാസ്മേറ്റ്സ് എന്ന സിനിമ ഇതിന് ഉദാഹരണമാണ്. നായകനായ സുകുമാരന് നായികയായ താരയോട് പകരം വീട്ടാന്‍ ലേഡീസ് ഹോസ്റ്റലിന്‍റെ വാതില്‍ തുറന്നുകൊടുക്കുന്നത് വിദ്യാര്‍ത്ഥിനി നേതാവായി കാണിക്കുന്ന കഥാപാത്രമാണ്. കൃത്യമായ രാഷ്ട്രീയ പ്രത്യയശാസ്ത്രബോധ്യങ്ങളില്‍ നിന്നുകൊണ്ടുള്ള സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളെയും പ്രശ്നങ്ങളെയും സംബന്ധിക്കുന്ന എല്ലാ ലിംഗവിഭാഗങ്ങളിലുമുള്ളവരും കൂട്ടമായി നടത്തുന്ന സംവാദങ്ങളിലൂടെയും വിയോജിപ്പുകളിലൂടെയും ഇടപെടലുകളിലൂടെയുമാണ് ക്യാംപസ് രാഷ്ട്രീയം നിലനില്‍ക്കുന്നത്. ഇതിനെ പാടെ അവഗണിച്ചുകൊണ്ട് വ്യക്തി താല്‍പര്യങ്ങളും ഹീറോയിസവും രാഷ്ട്രീയമായിക്കാണുകയും പെണ്‍കുട്ടികളുടെ ദീര്‍ഘകാലത്തെ രാഷ്ട്രീയജീവിതത്തെ തിരസ്ക്കരിക്കുകയുമാണ് സിനിമ ചെയ്യുന്നത്. സമീപകാലത്ത് ക്യാംപസ്സുകളെ ഇളക്കിമറിച്ച ഒരു മെക്സിക്കന്‍ അപാരത(2017), സഖാവ്(2017) തുടങ്ങിയ സിനിമകളിലും ഇത്തരത്തില്‍ പെണ്‍കുട്ടികളുടെ രാഷ്ട്രീയജീവിതം അന്യവല്‍ക്കരിക്കപ്പെടുന്നത് കാണാം.
ഭരണാധികാരി എന്ന നിലയില്‍ മികവ് പുലര്‍ത്തുന്ന സ്ത്രീകളെ നിങ്ങള്‍ അമ്മയാണ്, ഭാര്യയാണ്, അനുജത്തിയാണ്എന്നിങ്ങനെ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന, അധികാരം കയ്യാളുന്ന സ്ത്രീകളോടുള്ള പുരുഷന്‍റെ, പുരുഷാധിപത്യസമൂഹത്തിന്‍റെ അസഹിഷ്ണുതയും ഭയവും കേരളത്തിന്‍റെ ചരിത്രത്തിലുടനീളം കാണാം. മാര്‍ത്താണ്ഡവര്‍മ്മ ആറ്റിങ്ങല്‍ റാണിമാരില്‍ നിന്നും രാജ്യം കൈക്കലാക്കി അവരെ അമ്മറാണിമാരാക്കി കൊട്ടാരമൂലയ്ക്കലിരുത്തിയ ചരിത്രം ജെ. ദേവികڅകുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടാകുന്നതെങ്ങനെ?چഎന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ശക്തയും കാര്യശേഷിയും കര്‍മശേഷിയുമുള്ളമന്ത്രിയായിരുന്ന ശ്രീമതി കെ. ആര്‍. ഗൗരി ഒരു സ്ത്രീയെന്ന നിലയില്‍ നിയമസഭയില്‍ നിരന്തരം അപമാനിക്കപ്പെടുന്നുണ്ട് എന്ന് നിയമസഭാരേഖകളെ ഉദ്ധരിച്ച് ഷിബി. കെ അഭിപ്രായപ്പെടുന്നു. 1967 ലെ റവന്യൂറിക്കവറി നിയമവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് കെ. എം.മാണി, ഗൗരിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രയോഗങ്ങള്‍ നടത്തുന്നത്. ഷിബിയുടെ വാക്കുകളില്‍: ڇമന്ത്രിസഭയില്‍ വേറെ സ്ത്രീകളില്ല എന്നതുകൊണ്ടാണോ, അതല്ല നീയൊരു പെണ്ണാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്നതിനായിട്ടാണോ, എങ്ങനെയാണെങ്കിലും ഇടക്കിടെ കെ.ആര്‍. ഗൗരിയെ ബില്ലവതരണവേളയില്‍ സഭാംഗങ്ങള്‍ څമന്ത്രിണിയെന്ന് വിളിച്ച് പരിഹസിക്കുന്നത് കാണാം. ഒരുവേള കെ.എം. മാണി څമന്ത്രിണിچയെന്ന് പറഞ്ഞ് ആക്ഷേപിച്ചപ്പോള്‍ മന്ത്രിയെന്നത് കോമണ്‍ ജെന്‍ഡറാണെന്നും സ്ത്രീകളെ څമന്ത്രിണിയെന്ന് പറയേണ്ട കാര്യമില്ലയെന്നും സഭയില്‍ നിന്നും അഭിപ്രായമുണ്ടായി. ഈ അവസരം മുതലെടുത്തുകൊണ്ട് കെ.എം.മാണി അടുത്ത നിമിഷംതന്നെ ബഹുമാനപ്പെട്ട റവന്യൂവകുപ്പ് മന്ത്രി څശ്രീമതി ഗൗരി തോമസ്چ എന്നാണ് വിശേഷിപ്പിച്ചത്. മന്ത്രിണിയെന്ന് പരിഹസിച്ചിരുന്ന അംഗം റവന്യുവകുപ്പ് മന്ത്രിയെന്നോ കെ.ആര്‍.ഗൗരിയെന്നോ പറയാതെ പെട്ടെന്ന് ശ്രീമതി ഗൗരി തോമസ് എന്ന് വിളിച്ചത് څനീ ആരായാലും ടി.വി.തോമസിന്‍റെ ഭാര്യയാണ് എന്ന വ്യംഗ്യാര്‍ത്ഥത്തോടെയാണ്. മൂലയ്ക്കിരുത്താനാണെങ്കിലും പരിഹസിക്കാനാണെങ്കിലും ഇനി സ്നേഹപൂര്‍വ്വമാണെങ്കിലും ഭരണാധികാരികളായ സ്ത്രീകളെ ഈ ഭാര്യയാണെന്ന ഓര്‍മ്മപ്പെടുത്തലും അമ്മ വിളിയും പെങ്ങളൂട്ടിയും അനുജത്തിക്കുട്ടിയാക്കലുമൊക്കെ അവരെ കുടുംബത്തിന്‍റെ നാലതിരുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ ലക്ഷ്യം വെച്ചുള്ളതാണ്. സ്ത്രീയുടെ ഭരണമികവ് അവര്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയ-സംഘടനാപ്രവര്‍ത്തനത്തിലൂടെ രൂപപ്പെടുത്തിയെടുത്തതല്ലെന്നും മറിച്ച് അവര്‍ അമ്മമാരായതുകൊണ്ടാണ് ഇതെല്ലാം സാധിക്കുന്നത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ഇത്തരം പ്രയോഗങ്ങള്‍ ഉപകരിക്കുക. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാ പുരുഷന്‍മാരായ രാഷ്ട്രീയനേതാക്കളേക്കാളും (വി.എസ്. അച്യതാനന്ദനെയും പിണറായി വിജയനെയും ഒഴിച്ച്) തീക്ഷണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ സ്ത്രീയാണ് കെ. ആര്‍.ഗൗരി എന്ന് നിസ്സംശയം പറയാവുന്നതാണ്. കേരളത്തിലെ (ഇന്ത്യയിലെതന്നെ) കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതിന് ചോരയും നീരും നല്‍കി നെടുംതൂണായി നിന്ന സ്ത്രീയാണ്. ആധുനിക കേരളത്തെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ച സ്ത്രീയാണ്.  ഇവരെയാണ് നീ വല്യ മന്ത്രിയാണേലും ടി.വി. തോമസിന്‍റെ ഭാര്യയല്ലേ  എന്ന് ദ്യോതിപ്പിക്കുന്ന അഭിസംബോധന നടത്തി അപമാനിക്കുന്നത്.

നിപ്പയ്ക്കുശേഷം പുറത്തിറങ്ങിയ മാതൃഭൂമി പത്രത്തിന്‍റെ വാരാന്ത്യപ്പതിപ്പില്‍  ടീച്ചറമ്മ നമ്പര്‍ വണ് എന്നാണ് ശൈലജ ടീച്ചറുമായുള്ള അഭിമുഖത്തിന്‍റെ തലക്കെട്ട്. നിപ്പയെ നേരിട്ട മെഡിക്കല്‍ ടീമില്‍ അംഗമായിരുന്ന ഡോ. അനൂപ്കുമാര്‍ എ. മുതല്‍ ധാരാളം പേര്‍ ടീച്ചറമ്മ എന്ന പ്രയോഗം ഏറ്റുപിടിക്കുന്നത് കാണാം. അമ്മ, മകനോടുള്ള വാത്സല്യം, മകനോടെന്ന പോലെ പെരുമാറി, അമ്മയെപ്പോലെ ആശ്വസിപ്പിച്ചു, പെങ്ങളൂട്ടി എന്നിങ്ങനെയാണ് അധികാരസ്ഥാനങ്ങളിലിരിക്കുന്ന സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ പൊതുവെ ഉപയോഗിക്കുന്നത്.

ഏറെ പുരോഗമനപരവും രാഷ്ട്രീയബോധവുമുള്ള ഒരു സമൂഹമായി മനസ്സിലാക്കപ്പെടുമ്പോഴും അധികാരം കയ്യാളുന്ന സ്ത്രീകളോട് എന്തുകൊണ്ടാണ് ഇപ്പോഴും ഇത്തരത്തിലുള്ള മനോഭാവം കേരളത്തില്‍ നിലനില്‍ക്കുന്നത്? നമ്മുടെ സിനിമകള്‍ എന്തുകൊണ്ടാണ് ഭരണാധികാരം കയ്യാളുകയും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന സ്ത്രീകളെ അഹങ്കാരികളായും കുടുംബം തകര്‍ക്കുന്നവളായും ചിത്രീകരിക്കുപ്പെടുന്നത്? വര്‍ത്തമാനത്തിലല്ല, ഭൂതകാലത്തിലാണ് ഇതിന് ഉത്തരം തേടേണ്ടത്-ആധുനികകേരള നിര്‍മിതിയോടൊപ്പം ആധുനികസ്ത്രീയും നിര്‍മിക്കപ്പെട്ട ഭൂതകാലം. സ്ത്രീക്കും പുരുഷനും തുല്യാവകാശം വിഭാവനം ചെയ്യുമ്പോഴും രാഷ്ട്രത്തിന്‍റെ വിഭവസമ്പത്തിലും രാഷ്ട്രീയാധികാരനിര്‍ണയാവകാശത്തിലും സ്ത്രീകള്‍ക്ക് രാഷ്ട്രത്തിനകത്ത് തുല്യാവകാശം ലഭിക്കുന്നില്ലെന്ന് ഫെമിനിസ്റ്റ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ത്രീയെ മാതാവ്, ഭാര്യ, മകള്‍, സഹോദരി തുടങ്ങിയ കുടുംബപരമായ റോളുകളുമായി ബന്ധപ്പെടുത്തിയാണ് ദേശീയതാ വ്യവഹാരങ്ങളില്‍ മുഴുവനും കാണാനാവുക. സ്വാതന്ത്ര്യസമരത്തിലും സാമൂഹ്യപരിഷ്കരണ പ്രവര്‍ത്തനങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം ആവശ്യപ്പെടുമ്പോഴും അവരുടെ രാഷ്ട്രീയപ്രവേശവും അധികാരപദവികയ്യാളലും വല്ലാത്ത ഭീതിയോടെയാണ് നവോത്ഥാന- ദേശീയപ്രസ്ഥാന നേതാക്കള്‍ കണ്ടിരുന്നത് എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കുടുംബത്തിന്‍റെ ഉത്തരവാദിത്തം നിറവേറ്റിയതിന് ശേഷം മാത്രമാവണം രാഷ്ട്രീയപ്രവര്‍ത്തനമെന്ന് ഗാന്ധിജി നിര്‍ദ്ദേശിക്കുന്നുണ്ട്. കേരളത്തിലും സമാനമായ ചര്‍ച്ചകള്‍തന്നെയാണ് നടക്കുന്നത്.

ആധുനികകേരളത്തെ രൂപപ്പെടുത്തുന്നത് നവോത്ഥാനപ്രസ്ഥാനങ്ങളാണ്. ആധുനികകേരളം എപ്രകാരമാകണമെന്നതുപോലെ തന്നെ, ആധുനിക മലയാളിസ്ത്രീ, പുരുഷന്‍, കുടുംബം, ലൈംഗികത, ദായക്രമം എന്നിവയെല്ലാം എപ്രകാരമാകണമെന്ന ചര്‍ച്ചകള്‍ അക്കാലത്ത് നടക്കുന്നുണ്ട്. ആധുനികസ്ത്രീയെ വീട്ടമ്മയായാണ് നവോത്ഥാനം വിഭാവനം ചെയ്തത്. രാഷ്ട്രീയപ്രവര്‍ത്തനവും ഭരണാധികാരിയാകലും പോയിട്ട് സ്ത്രീകള്‍ ജോലിക്കുപോകുന്നതുപോലും അനുവദിക്കേണ്ടതാണെന്ന് കരുതാത്തവരാണ് കേരളീയ നവോത്ഥാനത്തെ നയിച്ചത്. സ്ത്രീവിമോചനാശയങ്ങളുടെ വക്താക്കളായിരിക്കുമ്പോഴും സ്ത്രീയുടെ സ്വാതന്ത്ര്യത്തേയും പൊതുമണ്ഡലത്തിലേക്കുള്ള അവളുടെ കടന്നുവരവിനെയും സംശയത്തോടെയും ഭയത്തോടെയും കൂടിയാണ് അവര്‍ നോക്കിക്കണ്ടത് എന്ന് ജെ.ദേവിക നിരീക്ഷിക്കുന്നു: ڇഅടുക്കളയില്‍നിന്ന് അരങ്ങത്തേക്കിറങ്ങാന്‍ സ്ത്രീകളെ സഹായിച്ച കേരളത്തിലെ സാമുദായിക പ്രസ്ഥാനങ്ങളെപ്പറ്റി നാം വളരെ കേള്‍ക്കാറുണ്ട്. പക്ഷേ സാമുദായപരിഷ്കര്‍ത്താക്കളില്‍ നല്ലൊരു വിഭാഗം സ്ത്രീകളെ കുടുംബത്തിന്‍റെ വിളക്കുകള്‍ മാത്രമായി കാണാന്‍ ആഗ്രഹിക്കുന്നവരായിരുന്നു. അധികാരത്തോടടുക്കുന്ന സ്ത്രീകളെ അവര്‍ സംശയത്തോടെ കണ്ടു. അമ്മത്തമ്പുരാട്ടികളും ത്യാഗോപമൂര്‍ത്തികളുമായ സ്ത്രീകളെ മാത്രമേ അവര്‍ അധികാരത്തിന്‍റെ ഉന്നതങ്ങളില്‍ കണ്ടിരുന്നുള്ളു. പുരുഷന്‍മാരെപ്പോലെ അധികാരം കയ്യാളുന്ന സ്ത്രീ ദുഷ്ടയും പൗരുഷക്കാരിയുമായിരിക്കും എന്ന മുന്‍വിധി, നാമിന്ന് ആരാധിക്കുന്ന പല സമുദായ പരിഷ്കര്‍ത്താക്കളായ മഹാന്‍മാരും വച്ചുപുലര്‍ത്തിയിരുന്നു (2010, 61). ഇത്തരത്തില്‍, സ്വാഭാവം, സൗന്ദര്യം തുടങ്ങി ആദര്‍ശസ്ത്രീയെ രൂപപ്പെടുത്താന്‍ വേണ്ടുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ്, ശ്രമങ്ങളാണ് നവോത്ഥാനം കൂടുതലും നടത്തിയത്. വീട്ടമ്മ, മാതാവ്, പെങ്ങള്‍, ഭാര്യ തുടങ്ങിയ റോളുകള്‍ക്ക് പുറത്ത് സ്ത്രീകള്‍ ചെയ്യുന്ന എന്തിനെയും ധാര്‍ഷ്ട്യവും അഹങ്കാരവുമായി കാണുന്ന പൊതുബോധത്തെ സൃഷ്ടിക്കുകയാണ് നവോത്ഥാനം ചെയ്തത്. ഈ പൊതുബോധമാണ് ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്നത്. ഇനി, അധികാരസ്ഥാനങ്ങളില്‍ വന്നാലോ അപ്പോഴും കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങള്‍ മുഴുവന്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നല്ല ഭാര്യയാണ്, നല്ല അമ്മയാണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. പുരുഷനായ ഭരണാധികാരികളെ ഇപ്രകാരം കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങളും പദാവലികളുമായി സാധാരണ കൂട്ടിച്ചേര്‍ക്കാറില്ല. നല്ല പ്രധാനമന്ത്രിയാകാന്‍, നല്ല മുഖ്യമന്ത്രിയാകാന്‍ നല്ല അച്ഛനോ ഭര്‍ത്താവോ ആകേണ്ട കാര്യമില്ല. എന്നാല്‍, സ്ത്രീകള്‍ നല്ല ഭരണാധികാരികളാകണമെങ്കില്‍ നല്ല അമ്മമാരും ഭാര്യമാരുമൊക്കെ ആയേ പറ്റൂ. അങ്ങനെ ആണെങ്കില്‍ മാത്രമേ അവര്‍ക്ക് ഭരണരംഗത്ത് മികവുള്ളവരാകാന്‍ സാധിക്കൂ. ശൈലജ ടീച്ചര്‍ നല്ല മന്ത്രിയായത് അവര്‍ നല്ല അമ്മയായതുകൊണ്ടാണ് എന്ന ബോധത്തില്‍ നിന്നാണ് ടീച്ചറമ്മ എന്ന വിശേഷണങ്ങളുണ്ടാകുന്നത്.സ്ത്രീഭരണാധികാരികള്‍ നിസ്സഹായരായും അഹങ്കാരികളായും കുടുംബം തകര്‍ക്കുന്നവരായും സിനിമകളില്‍ അവതരിപ്പിക്കപ്പെടുന്നത് ഈ പൊതുബോധം ഇപ്പോഴും രൂഢമുലമായി നില്‍ക്കുന്നതുകൊണ്ടാണ്. ഇത്തരം പ്രയോഗങ്ങളും ചിത്രീകരണവും കുടുംബത്തിന് പുറത്ത് സ്ത്രീകള്‍ക്ക് അസ്തിത്വമില്ല എന്ന് ഉറപ്പിക്കലാണ്. അവരെ കുടുംബത്തില്‍ തളച്ചിടലാണ്. ദീര്‍ഘകാലത്തെ ഊര്‍ജസ്വലവും തീക്ഷണവുമായ ഇടപെടുലുകളെ റദ്ദുചെയ്യുന്നതാണ്.

 

 

 

 

 

ഡോ. ദിവ്യ കെ.
അസിസ്റ്റന്‍റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് റഷ്യന്‍ ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, കോഴിക്കോട് സര്‍വ്വകലാശാല

COMMENTS

COMMENT WITH EMAIL: 0