Homeചർച്ചാവിഷയം

ഇനി വൈകിക്കൂടാ…

രോഗ്യം വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കേരളസ്ത്രീക്ക് അഭിമാനകരമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും അധികാരത്തിന്‍റെ കോട്ട കൊത്തളങ്ങള്‍ പുരുഷന്‍റെ കൈവശം തന്നെ ആണ്. പഠനങ്ങള്‍ തെളിയിക്കുന്നത് അധികാരം തുല്യമായി പങ്കു വെക്കുക എന്നതാണ് ഏറ്റവും കഠിനവും സങ്കീര്‍ണവുമായ പ്രക്രിയ എന്നാണ്. സ്ത്രീകള്‍ മാത്രമല്ല , സംവരണത്തിന്‍റെ ആനുകൂല്യം മാറ്റി വെച്ചാല്‍ പട്ടികജാതി, പട്ടിക വര്‍ഗ , ട്രാന്‍സ് തുടങ്ങിയ വിഭാഗങ്ങളും അധികാരത്തിന്‍റെ സിംഹാസനങ്ങള്‍ക്ക് എത്രയൊ അകലെയാണ്. ഇവിടെ പക്ഷെ ചര്‍ച്ച സ്ത്രീകളുടെ അധികാര പങ്കാളിത്തം ആയതു കൊണ്ട് അതെ കുറിച്ച് മാത്രം പ്രതിപാദിക്കുന്നു.
ലജ്ജാകരമായ സ്ഥിതിവിവര കണക്കുകള്‍ ആദ്യം തന്നെ നല്‍കാം. കേരള നിയമസഭയില്‍ 140 അംഗങ്ങളില്‍ 13 സ്ത്രീകളില്‍ കൂടുതല്‍ ഒരിക്കലും ഉണ്ടായിട്ടില്ല.1957 മുതലുള്ള 60 വര്‍ഷത്തിനിടയില്‍ 2016 ലെ 14 ആം നിയമസഭ മാത്രമാണ് രണ്ടു വനിതകളെ മന്ത്രിമാരായി തെരെഞ്ഞെടുത്തത്. കെ.കെ. ശൈലജയും ജെ. മേഴ്സിക്കുട്ടി അമ്മയും.കേരളത്തില്‍ ഇതുവരെ എട്ടു സ്ത്രീകളാണ് മന്ത്രിമാരായിരിക്കുന്നത് .ഇവരില്‍ പി കെ ജയലക്ഷ്മി പട്ടികവര്‍ഗ്ഗത്തില്‍പെടുന്നു. പട്ടികജാതിയില്‍ നിന്നും ഒരു സ്ത്രീക്കും കേരളത്തില്‍ മന്ത്രി പദവി ലഭിച്ചിട്ടില്ല. എട്ടു പേരില്‍ അഞ്ചു പേര് സി പി ഐ എമ്മിന്‍റെ പ്രതിനിധികള്‍ ആണ്. മൂന്നു പേര് കോണ്‍ഗ്രസിന്‍റെയും. ഗൗരിഅമ്മ ഇരു മുന്നണികളുടെയും മന്ത്രി സഭയില്‍ ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി ,സ്പീക്കര്‍ എന്നീ പദവികള്‍ സ്ത്രീകള്‍ക്ക് വിദൂര സ്വപ്നമായിരിക്കുമ്പോള്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആകാന്‍ മൂന്ന് സ്ത്രീകള്‍ക്ക് കഴിഞ്ഞു. ഐഷ ഭായി, നഫീസത്ത് ബീവി, ഭാര്‍ഗവി തങ്കപ്പന്‍ .1957 മുതല്‍ 2014 വരെ ആകെ 11 സ്ത്രീകള്‍ക്കെ ലോക്സഭ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ .1991 ലും 2004 ലും മാത്രം രണ്ടു സ്ത്രീകള്‍ എം പി മാര്‍ ആയെങ്കില്‍ ബാക്കി എല്ലാ വര്‍ഷങ്ങളിലും ഒരാള്‍ മാത്രം . ഒരു സ്ത്രീയും കേരളത്തില്‍ നിന്നും ലോക്സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെടാത്ത വര്‍ഷങ്ങള്‍ ആണ് 1977 ഉം 1996 ഉം. **(കേരള സ്ത്രീ ആറു പതിറ്റാണ്ടില്‍ : ആര്‍ പാര്‍വതി ദേവി** )

1994 ല്‍ 73 ,74 ഭരണഘടനാ ഭേദഗതിയിലൂടെ സ്ത്രീകള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 33 % സംവരണം ലഭിച്ചതാണ് ആധുനിക ഇന്ത്യയില്‍ ഈ മേഖലയില്‍ സംഭവിച്ച ഏറ്റവും പ്രധാനപ്പെട്ട മാറ്റം. പിന്നീട് 2010 ല്‍ കേരളത്തിലത് 50 % ആയി വര്‍ധിപ്പിച്ചു. ഇന്ന് കേരളത്തില്‍ പ്രാദേശിക സര്‍ക്കാരുകളുടെ ഭരണത്തിന്‍റെ ചുക്കാന്‍ പിടിക്കുന്നത് 54 % സ്ത്രീകള്‍ ആണെന്നത് അഭിമാനാര്‍ഹം ആണെന്നതിനു സംശയമില്ല.

പഞ്ചായത്തുകളുടെ പ്രവര്‍ത്തന രീതിയിലും സമീപനത്തിലും പരിഗണനകളിലും ഉള്‍പ്പടെ വലിയ മാറ്റം കൊണ്ടുവരാന്‍ ഇത് മൂലം സാധിച്ചു. ഏറ്റവും നല്ല പഞ്ചായത്തുകള്‍ക്കുള്ള പുരസ്കാരങ്ങള്‍ പലപ്പോഴും സ്ത്രീകള്‍ പ്രസിഡന്‍റുമാരായിരിക്കുന്ന പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്നു എന്നത് അവരുടെ കാര്യപ്രാപ്തിയുടെ തെളിവായി പറയാം. ആദ്യ ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കിയാല്‍ അതോടെ വികസന പ്രവര്‍ത്തനങ്ങള്‍ അപ്പാടെ താറുമാറാകുമെന്നായിരുന്നു വ്യാപകമായ ആശങ്ക. എന്നാല്‍ ഇന്ന് 25 വര്‍ഷം കഴിയുമ്പോള്‍ ഒരു കാര്യം വ്യക്തമായി. ഭരണ നിര്‍വഹണത്തില്‍ തുല്യ പങ്കാളിത്തം സ്ത്രീകള്‍ക്ക് ലഭിച്ചതോടെ വികസനത്തിന്‍റെ നിര്‍വചനത്തില്‍ പോലും മാറ്റം വന്നിരിക്കുന്നു. റോഡും പാലവും മാത്രമല്ല വികസനമെന്ന കാഴ്ചപ്പാടിന്‍റെ പ്രാധാന്യം കൈ വന്നു. സ്ത്രീകള്‍ മുന്‍പ് വോട്ടര്‍മാര്‍ മാത്രം ആയിരുന്നെങ്കില്‍ ഇന്നവര്‍ മുന്‍ഗണനകള്‍ തീരുമാനിക്കുകയും പദ്ധതികള്‍ പ്രായോഗികമായി നടത്തിയെടുക്കുകയും ചെയ്യുന്നു.ചുരുക്കത്തില്‍ മാറ്റത്തിന്‍റെ കര്‍തൃത്വം അവരിലേക്ക് എത്തുന്നു.
ഇത് പറയുമ്പോള്‍ തീര്‍ച്ചയായും സ്ത്രീകള്‍ ഒരൊറ്റവിഭാഗമല്ല എന്നത് ശരിയാണ്. ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രതിനിധികളായി തെരഞ്ഞെടുക്കപെടുന്നവര്‍ക്ക് അവരുടേതായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടാകും. നേരത്തെ സൂചിപ്പിച്ചതു പോലെ ഏതു വിഭാഗത്തില്‍ നിന്നുള്ള സ്ത്രീകളാണ് തെരഞ്ഞെടുക്കപെടുന്നതും അധികാരകസേരയില്‍ എത്തുന്നതെന്നതും പ്രധാനമാണ്. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാസ്ത്രീകള്‍ക്കും സ്ത്രീപക്ഷ വീക്ഷണം ഉണ്ടാകണമെന്നുമില്ല. അഴിമതിയുടെ കാര്യത്തില്‍ സ്ത്രീകള്‍ പിന്നിലാണെന്നും കരുതാന്‍ ആവില്ല. ആദ്യ ഘട്ടത്തില്‍ സ്ത്രീകള്‍ ജനപ്രതിനിധികള്‍ ആയെങ്കിലും ഭരണം പുരുഷന്‍റെ കയ്യില്‍ എന്ന അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതിനു മാറ്റം വന്നിട്ടുണ്ട്. എങ്കിലും പാര്‍ട്ടിയുടെ നയങ്ങള്‍ മുന്നോട്ടു കൊണ്ട് പോകാന്‍ സ്ത്രീകള്‍ക്ക് ബാധ്യതയുണ്ടാകുമെന്നു മാത്രം. അതൊരു തെറ്റായി കരുതാനും ആവില്ല. ചുരുക്കി പറഞ്ഞാല്‍ സംവരണം ഒരു ജനാധിപത്യ സംവിധാനത്തിന്‍റെ പരിമിതികള്‍ക്കകത്തു നിന്നും പരിശോധിച്ചാല്‍ വിജയം തന്നെ ആണെന്ന് വിലയിരുത്താനാകും.

ഈ സാഹചര്യത്തില്‍ നിയമസഭയിലും പാര്‍ലമെന്‍റിലും സ്ത്രീ സംവരണം വരേണ്ടത് അനിവാര്യമാണ് . ഇന്ത്യന്‍ സ്ത്രീകളുടെ അവസ്ഥ എത്രമാത്രം ദയനീയമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ രാജ്യത്ത് അധികാരം സ്ഥാപിച്ചിരിക്കുന്ന വര്‍ഗീയത സ്ത്രീ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കിയിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഏഴു പതിറ്റാണ്ടുകള്‍ സ്ത്രീയോട് ചെയ്തതു കൊടും വഞ്ചനയായിരുന്നു. ജനാധിപത്യം എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ആണെങ്കില്‍ സ്ത്രീകള്‍ 50% നിയമസഭയിലും പാര്‍ലമെന്‍റിലും ഉണ്ടാകണം. സ്ത്രീയുടെ തുല്യ ശബ്ദവും സാന്നിധ്യവും ഇല്ലാതെ ഏഴു പതിറ്റാണ്ടു കാലം ഇന്ത്യന്‍ പാര്‍ലമെന്‍റ് ജനതയുടെ ഭാഗധേയം നിശ്ചയിച്ചു. സ്ത്രീകള്‍ക്ക് സംവരണം നല്‍കുന്ന ബില്ല് പാര്‍ലമെന്‍റില്‍ വന്നപ്പോള്‍ അതിനെതിരെ ഉയര്‍ന്ന പ്രതിഷേധം അപമാനകരമായിരുന്നു. ഇടതു പക്ഷം മാത്രമാണ് ശക്തമായി സ്ത്രീസംവരണത്തിനു വേണ്ടി നില കൊണ്ടത്. ഇപ്പോഴത്തെ മോദി സര്‍ക്കാര്‍ ഈ ബില്ല് പാസാക്കാനുള്ള ശ്രമം പോലും നടത്തുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. ബില്ല് പാസാക്കുന്നത് വരെ ഇപ്പോഴത്തെ നിലയില്‍ പോകാനും ആവില്ല. ഒരു പോംവഴി ഉണ്ടായേ പറ്റൂ.

15 ആം നിയമസഭയിലേക്ക് ഏപ്രില്‍ 6 നു തെരെഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ സ്ത്രീ പ്രാതിനിധ്യം മുന്‍ വര്‍ഷത്തേക്കാള്‍ ശക്തമായി ചര്‍ച്ച ചെയ്യപ്പെടുന്നു . ഇതിനു കാരണം സ്ത്രീകള്‍ ഉയര്‍ത്തിയ പ്രതിഷേധം തന്നെ ആണ്. കോണ്‍ഗ്രസിലെ ലതിക സുഭാഷ് ആണ് തല മൊട്ടയടിച്ചു കൊണ്ട് തന്‍റെ അതിശക്തമായ അമര്‍ഷം രേഖപ്പെടുത്തി ചരിത്രം സൃഷ്ട്ടിച്ചത്. സി പി എം നേതാക്കള്‍ ആയ ശൈലജ ടീച്ചറും ശ്രീമതി ടീച്ചറും സ്ത്രീ പ്രാതിനിധ്യം കുറവാണെന്നു പറഞ്ഞു. ഇടതുപക്ഷം ഉള്‍പ്പടെ സ്ത്രീകളോട് ചെയ്തത് അനീതിയാണെന്ന് സി പി ഐയുടെ ആനി രാജയും തുറന്നടിച്ചു. സ്ത്രീകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ തങ്ങള്‍ക്കു കഴിയും വിധം എല്ലാം പ്രതിഷേധിച്ചു. കേരളത്തില്‍ മത്സരിപ്പിക്കാന്‍ യോഗ്യതയുള്ള 200 ഓളം സ്ത്രീകളുടെ പട്ടിക സ്ത്രീകൂട്ടായ്മ പ്രസിദ്ധപ്പെടുത്തി. ആ പട്ടിക ഇപ്പോള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു. വിട്ടു പോയ പേരുകള്‍ പലരും പൂരിപ്പിക്കുന്നു. എല്ലാ വിഭാഗം സ്ത്രീകളുടെയും പ്രാതിനിധ്യം ഉറപ്പാക്കാന്‍ ശ്രമം തുടരുന്നു.

ഏതു സ്ത്രീകള്‍ ഉണ്ട് മത്സരിച്ചാല്‍ വിജയിക്കുന്നത്? പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ വിജയ സാധ്യത പ്രധാനമാണ് , പാര്‍ട്ടികളില്‍ സ്ത്രീകള്‍ ഇല്ലാതെ വെറുതെ സ്ത്രീകളെ സ്ഥാനാര്‍ഥികളാക്കാന്‍ കഴിയുമോ ? സ്ത്രീകള്‍ എന്ത് കൊണ്ട് രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നു ? പണി ഒന്നും ചെയ്യാതെ എം എല്‍ എ ആകാന്‍ ചുളുവില്‍ പറ്റുമോ? ഇത്തരം ചോദ്യങ്ങള്‍ ഞങ്ങള്‍ നിരന്തരം കേള്‍ക്കുന്നു. സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും എല്ലാ പാര്‍ട്ടികളിലും സ്ത്രീകള്‍ ഇന്ന് സജീവമാണ്. പ്രാദേശിക സര്‍ക്കാരുകളിലെ സംവരണവും കുടുംബശ്രീയും പൊതുവില്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ സ്ത്രീകള്‍ ഉണ്ടാക്കിയ കുതിച്ചു കയറ്റവും ലിംഗനീതിയെ കുറിച്ച് ശരിയായ ധാരണ സ്ത്രീകളില്‍ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അധികാര കേന്ദ്രങ്ങളില്‍ നിന്നും തങ്ങള്‍ മാറ്റി നിര്‍ത്തപ്പെടുന്നതില്‍ അവര്‍ അസ്വസ്ഥരാണ്. ഉറക്കെ ചോദ്യം ചെയ്യാനുള്ള ത്രാണി സ്ത്രീകള്‍ ആര്‍ജ്ജിച്ചു കഴിഞ്ഞു. 25 വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതില്‍ നിന്നും വ്യത്യസ്തമായി സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഇല്ലാത്തതു രാഷ്ട്രീയമായി പിശകാണെന്നു അംഗീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു .പക്ഷെ എന്നിട്ടും അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നതില്‍ പാര്‍ട്ടികള്‍ വിമുഖത കാട്ടിയിരിക്കുന്നു . ഇക്കുറി എന്താണ് സംഭവിച്ചതെന്ന് നോക്കാം.
സി പി ഐ എം – 85 ല്‍ 12 -14 %
സി പി ഐ 25 ല്‍ 2 – 8 %
കോണ്‍ഗ്രസ് 92 ല്‍ 10- 9 %
മുസ്ലിം ലീഗ് 27 ല്‍ 1 -3 .7 %
ബി ജെ പി 115 ല്‍ 13 -10 .5 %
മുസ്ലിം ലീഗ് 25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു വനിതയെ നിര്‍ത്തുന്നത്. ഇതില്‍ തന്നെ ഇടതു മുന്നണിയുടെ സ്ത്രീ സ്ഥാനാര്‍ത്ഥികളില്‍ 15 ല്‍ പത്ത് മുന്നണിയുടെ സിറ്റിംഗ് സീറ്റാണെങ്കില്‍ യു ഡി എഫില്‍ 12 ല്‍ രണ്ടെണ്ണം മാത്രമാണ് സിറ്റിംഗ് സീറ്റുകള്‍.
ഇടതുപക്ഷം നില അല്പം മെച്ചപ്പെടുത്തുമ്പോഴും ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാന്‍ ബാക്കി നില്‍ക്കുന്നു . പ്രമുഖ പാര്‍ട്ടികള്‍ക്കെല്ലാം വനിതാ വിഭാഗങ്ങള്‍ ഉണ്ട് . ശക്തമായ പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഇന്ത്യയിലെ ഏറ്റവും വലിയ വനിതാ സംഘടനയാണ്. മഹിളാ കോണ്‍ഗ്രസ്സും വനിതാ ലീഗും മഹിളസംഘവും സജീവമാണ്. എന്നാല്‍ ഇവര്‍ക്ക് രാഷ്ട്രീയപങ്കാളിത്തത്തിനായി അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ കഴിയാതെ പോകുന്നു.
പാര്‍ട്ടി ഘടനയിലെ സ്ത്രീകളുടെ അസാന്നിധ്യവും ഇതിനൊപ്പം ചര്‍ച്ച ചെയ്യേണ്ടതായുണ്ട്. രാഷ്ട്രീയ കക്ഷികളുടെ തീരുമാനം എടുക്കല്‍ സമിതികളില്‍ സ്ത്രീകളുടെ എണ്ണം വിരലില്‍ എണ്ണാവുന്നത്രയേ ഉള്ളൂ. പാര്‍ട്ടികളുടെ പ്രവര്‍ത്തന ശൈലി തന്നെ സ്ത്രീകളെ അകറ്റി നിര്‍ത്തുന്ന തരത്തിലാണ്. നിലനില്‍ക്കുന്ന സാമൂഹ്യ യാഥാര്‍ഥ്യം കണക്കിലെടുക്കുമ്പോള്‍ സ്ത്രീകള്‍ക്ക് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരാകുവാന്‍ കടമ്പകള്‍ ഏറെ ആണ്. കുടുംബം എന്ന വലിയ ഉത്തരവാദിത്തം ചുമലില്‍ താങ്ങുന്ന സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടുവാനുള്ള സമയമോ സാവകാശമോ ലഭിക്കുന്നില്ല. കുടുംബം സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമാണെന്ന കാഴ്ചപ്പാടിന് വലിയ മാറ്റം സംഭവിച്ചിട്ടില്ല. അടുക്കള സ്ത്രീയുടെ തലയില്‍ നിന്നും താഴെ ഇറക്കി വെച്ചാല്‍ മാത്രമേ അവള്‍ സ്വതന്ത്രയാകൂ .
ഈ പ്രാരാബ്ധങ്ങള്‍ക്കിടയിലും രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെടുന്ന അപൂര്‍വം സ്ത്രീകള്‍ തീര്‍ച്ചയായും ഉണ്ട്. നേതൃനിരയില്‍ തിളങ്ങുന്ന നിരവധി സ്ത്രീകളെ ചൂണ്ടിക്കാട്ടാനും ആകും.എന്നാല്‍ സാമാന്യവത്കരിക്കാന്‍ ആവില്ല.
സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളും സ്ത്രീകളെ മുഖ്യധാരയില്‍ നിന്നും പിന്നോട്ട് വലിക്കുന്നു. സ്വതന്ത്രമായി സഞ്ചരിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിയാത്ത വിധം നമ്മുടെ പൊതുഇടം അരക്ഷിതമാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. (ഗാര്‍ഹിക പീഡനത്തിലും കേരളം മുന്നിലാണ്.) കേരളത്തിന്‍റെ പൊതുയിടങ്ങളോളം അപകടകരമല്ല ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും.
ഈ പ്രതിബന്ധങ്ങളും വെല്ലുവിളികളും തരണം ചെയ്ത് മുന്നോട്ടു കുതിക്കാന്‍ കേരളസ്ത്രീ തയാറാണ്. അതിനുള്ള കരുത്തും അവള്‍ ആര്‍ജ്ജിച്ചു കഴിഞ്ഞു. ഇനി വൈകി കൂടാ. ന്യായീകരണങ്ങളും കാരണങ്ങളും തര്‍ക്ക വിതര്‍ക്കങ്ങളും ഇനി മാറ്റി വെക്കാം. ജനാധിപത്യത്തെ ചൊല്ലി ആണ ഇടുന്നവര്‍ ആത്മാര്‍ത്ഥത കാണിക്കുക. നിയമസഭയിലേക്ക് കുറഞ്ഞത് 70 സ്ത്രീകള്‍ തെരെഞ്ഞെടുക്കപ്പെടട്ടെ. അവരില്‍ എല്ലാ വിഭാഗങ്ങളിലെയും സ്ത്രീകള്‍ ഉണ്ടാകട്ടെ.സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷത്തിലാണ് സ്ത്രീകള്‍ക്ക് പ്രതീക്ഷ. അവരുടെ പ്രതീക്ഷകള്‍ തകര്‍ക്കരുത്.

 

 

 

 

 

ആര്‍. പാര്‍വതി ദേവി
സ്ത്രീപക്ഷ നിരീക്ഷക
ഇരുപത് വര്‍ഷത്തോളമായി പ്രിന്‍റ്- വിഷ്യല്‍ മാധ്യമ രംഗത്ത് സജീവം. ഇപ്പോള്‍ പി.എസ്.ഇ മെമ്പറായി പ്രവര്‍ത്തിക്കുന്നു.

COMMENTS

COMMENT WITH EMAIL: 0