കുട്ടികള്‍ അതിക്രമത്തിന് ഇരയാകുന്നതിനെത്തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. കുട്ടികള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ അതില്‍ കടന്നുവരുന്നതേ കുറവാണ്. വന്നാല്‍ത്തന്നെ അവരുടെ ഭാവി, കല്യാണം, പരമ്പര, പാരമ്പര്യം എന്നിങ്ങനെയുള്ള സംഗതികളിലാണ് ഊന്നുന്നത്. കുട്ടികള്‍ അതിക്രമത്തിന്നിരയായതിനു ശേഷം വലിയവര്‍ നിര്‍ണ്ണയിക്കുന്ന നീതി നിര്വഹണപ്രക്രിയയിലൂടെ കടന്നുപോകുകയാണ്. അവരോടൊപ്പം ആരാണ് ഉള്ളത്?
പോക്സോ കേസ്സുകളില്‍ ശിക്ഷ കുറയുമ്പോള്‍ കേള്‍ക്കുന്ന കാരണം പെണ്‍കുട്ടി /ആണ് കുട്ടി ഹോസ്റ്റെയില്‍ ആയി എന്നതാണ്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്? ആരൊക്കെയോ കുട്ടിയെക്കൊണ്ട് സത്യം പറയാതിരിപ്പിക്കുന്നു. എന്നിട്ട് കുട്ടി ഹോസ്റ്റെയില്‍ എന്ന് പറഞ്ഞു വെക്കുന്നു.
പോക്സോ കേസ്സുകളുടെ വകുപ്പുകളില്‍ ഗര്ഭിണിയാക്കുന്നതോ, തുടര്‍ന്ന് പ്രസവിക്കാന്‍ ഇടവരുന്നതോ പ്രത്യേകമായി പരിഗണനക്ക് വരുന്നില്ലതന്നെ. ഇതില്‍ത്തന്നെ വീട്ടില്‍ നിന്നുള്ളവര്‍ വഴി ഗര്‍ഭിണിയാകുന്ന സംഭവങ്ങളും ഏറെയാണ്. ഇതുവഴി കുട്ടിക്കുണ്ടാകുന്ന നഷ്ടങ്ങളെ ബുദ്ധിമുട്ടുകളെ വേണ്ടതരത്തില്‍ മനസ്സിലാക്കുന്നില്ല. ഇത്തരം കേസുകളില്‍ വീട്ടിലെ അതിക്രമി കുട്ടിയെ ഭീഷണിപ്പെടുത്തി നിശ്ശബ്ദയാക്കുകയാണ് പതിവ്. അത് കാരണം പലപ്പോഴും ങഠജ ചെയ്യാനുള്ള അവസരം നഷ്ടമാകുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഒരു കേസില്‍ കണ്ടത് ആരോ ഗര്‍ഭിണിയാക്കി എന്ന് പറഞ്ഞു ഗര്‍ഭത്തിനുത്തരവാദിയായ അച്ഛനും പിന്നെ അമ്മയും അച്ഛന്റെ സഹോദരിയും കൂടി ഗര്‍ഭഛിദ്രത്തിനായി അയല്‍സംസ്ഥാനം മുഴുവന്‍ കറങ്ങി നടക്കാതെ തിരിച്ചു വന്നു പിന്നീട് പോലിസില്‍ അജ്ഞാതഗര്ഭമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ് ഉണ്ടായത്. പക്ഷെ കുടുംബത്തിന്റെ പിടി വിട്ട് കിട്ടിയപ്പോള്‍ തന്നെ അവള് സത്യം പറഞ്ഞു, അച്ഛന്റെ ഭീഷണിയും അമ്മയുടെ നിസ്സഹായതയും അവള് വരച്ചു കാട്ടി. അമ്മ വിവരം അറിയുകയും അച്ഛന്റെ അവിശ്വസ്ഥതയും അതിക്രമവും അതേ ക്രമത്തില്‍ അവര്‍ വിവരിച്ചു കരഞ്ഞു. അതേ അവിശ്വസ്ഥതയാണ് അവരെ കൂടുതല്‍ സംഘര്‍ഷത്തില്‍ ആക്കിയത്. അങ്ങനെ അച്ഛന് ജയിലില്‍ അടക്കപ്പെട്ടു. അമ്മ സ്വന്തം നിലയില്‍ ജീവിതം കരുപ്പിടിക്കാന്‍ തീരുമാനിച്ചു. അങ്ങനെ അവരുടെ ജീവിതം അമ്മയും മകളും മാത്രമുള്ള ചെറിയ വൃത്തമായി. മകള്‍ പ്രസവിച്ചു, കുട്ടിയെ ദത്തു കൊടുത്തു. പിന്നീട് ഒരു ദിവസം ജയില്‍ സന്ദര്‍ശക ഡയറിയില്‍ ഈ അമ്മയുടെ ഒപ്പ് രേഖപ്പെടുത്തിയതായി കാണുകയാണ്. പുറകോട്ടു മറിച്ചു നോക്കുമ്പോള്‍ പല മാസങ്ങളിലും ആ ഒപ്പ് ഉണ്ട് എന്നും കണ്ടെത്തി. അമ്മക്ക്, ഗര്‍ഭത്തില്‍ നിന്ന് വിമുക്തയായി പഠനം തുടരുന്ന മകളെക്കാള്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് ആണ് പരിഗണന അര്‍ഹിക്കുന്നത് എന്ന് തോന്നിയിരിക്കണം.
ആ പെണ്‍കുട്ടി എന്ത് ചെയ്യണം? ഇനി ആരാണ് ഉള്ളത്? കുഞ്ഞുങ്ങള്‍ വീട്ടിലാണ് കഴിയേണ്ടത് എന്ന് എല്ലാ നിയമവും കോടതികളും ഭരണകൂടവും പറയുന്നുണ്ട്. അപ്പോള്‍ ഏത് വീട്ടിലേക്ക് പോകണം? പറയൂ. പ്ലീസ്…
പി.ഇ. ഉഷ
COMMENTS