ഇക്കഴിഞ്ഞ (24.2.2021) ഇരുപത്തിനാലാം തീയതിയിലെ പത്രത്തില്‍ ഹെഡ്ഡിങ് മാത്രം ഓടിച്ചു വായിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എട്ടുപേര്‍ക്ക് കഠിനതടവ് എന്ന ഹെഡ്ഡിംഗ് കണ്ണില്‍ പെട്ടത്. വായിച്ചപ്പോള്‍ നല്ല പരിചയമുള്ള കേസ് പോലെ തോന്നിയതിനാല്‍ ഒരാവര്‍ത്തികൂടി വായിച്ചു. ഇത് സത്യം തന്നെയോ എന്ന സംശയത്തില്‍ ആയിപ്പോയി ഞാന്‍. അതേസമയം വലിയ സന്തോഷവും ഉണ്ടായ നിമിഷം. കാരണം ഈയടുത്ത കാലത്തെങ്ങും ലൈംഗികപീഡനങ്ങള്‍ക്കിരയായ പെണ്‍കുട്ടികള്‍ക്കനുകൂലമായ ഒരു വിധിയും നേടിയെടുത്തതായി കണ്ടിട്ടില്ല. പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ അന്വേഷണ പിഴവുകള്‍, എഫ്.ഐ.ആറിലെ വെള്ളം ചേര്‍ക്കലുകള്‍, സത്യസന്ധവും ശക്തവുമായ സാക്ഷിമൊഴികളില്ലാതാവല്‍, അവരുടെ കൂറുമാറലുകള്‍ എല്ലാം ഒന്നിച്ചുവന്നാല്‍ എങ്ങനെയാണ് ആക്രമിക്കപ്പെട്ടവര്‍ക്കനുകൂലമായി വിധി വരിക? എന്നാല്‍ ഈ കേസ് അങ്ങനെയാകാഞ്ഞതില്‍ സന്തോഷം കൊണ്ടിരിക്കാന്‍ വയ്യ എന്ന അവസ്ഥയായി. പന്ത്രണ്ട് വര്‍ഷം മുമ്പാണ് മഫ്തയിട്ട ഒരു കൗമാരക്കാരിയും അവളുടെ അടുത്ത ബന്ധുക്കളും അന്വേഷിയില്‍ എത്തുന്നത്. അവള്‍ക്ക് സ്വന്തം ജീവന്‍ നഷ്ടപ്പെടാതിരിക്കാനും സുരക്ഷിതമായ സംരക്ഷണം കിട്ടുന്നതിനും വേണ്ടിയാണ് അവള്‍ അന്വേഷിയില്‍ എത്തിയത്. തല്‍ക്കാലം അന്വേഷി ഷോര്‍ട്ട് സ്റ്റേ ഹോമില്‍ താമസിപ്പിക്കുവാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നതിനുവേണ്ടി അവളോടൊപ്പം ഷോര്‍ട്ട് സ്റ്റേ ഹോമിലേക്ക് പോകുന്ന സമയത്ത് അവള്‍ നേരിട്ടു സംസാരിച്ച കാര്യങ്ങള്‍ ആ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിക്ക് അനുഭവിക്കാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു. അതിങ്ങനെ – അവള്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് തന്നെ ഉമ്മയും ഉപ്പയും വിവാഹമോചിതരായി. രണ്ടുപേരും വേറെ വിവാഹവും കഴിച്ചു. സ്വാഭാവികമായും ഇവളും സഹോദരനും ഉമ്മയോടൊപ്പം താമസിക്കുകയും ചെയ്തു. ആ കാലം മുതല്‍ എളൂപ്പ എന്ന് വിളിക്കുന്ന ഇവളുടെ ഉമ്മയുടെ രണ്ടാം ഭര്‍ത്താവ് ഇവളെ ബലാത്സംഗം ചെയ്യുക പതിവായിരുന്നു. ഉമ്മയോട് പറഞ്ഞാല്‍ അവളെ കൊന്നുകളയുമെന്ന് കൂടി ഈ കാമഭ്രാന്തന്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ പ്രാണഭയത്താല്‍ സ്വന്തം ഉമ്മയോട് പോലും ഈ കാര്യം പറയാന്‍ അവള്‍ ധൈര്യപ്പെട്ടില്ല. അയാളുടെ ക്രൂരമായ പീഡനത്തിന് പുറമെ മറ്റു പലര്‍ക്കും വേണ്ടിയും അവളുടെ എളൂപ്പ ഈ പെണ്‍കുട്ടിയെ കാഴ്ച വെച്ച് പണം വാങ്ങിക്കൊണ്ടിരുന്നു. രണ്ടു വര്‍ഷത്തിലധികം പുറത്തുള്ളവര്‍ക്കും ഇവളെ ഉപയോഗിക്കാന്‍ കൊടുത്ത് പണം വാങ്ങിക്കൊണ്ടിരുന്നപ്പോള്‍ അവള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഇനിയും അവള്‍ക്ക് സ്വന്തം ഉമ്മയോട് പറയാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ഉമ്മയോട് ഇക്കാര്യം അറിയിച്ചപ്പോള്‍ ഉമ്മയില്‍ നിന്നുണ്ടായ പ്രതികരണം ഭയാനകമായിരുന്നു. ‘ഇതൊന്നും അത്ര കാര്യമാക്കേണ്ട, ഇങ്ങനെയൊക്കെ ഉണ്ടാകും’ എന്ന ഉമ്മയുടെ വാക്കുകളില്‍ നിന്ന് ഉമ്മയും കൂടി അറിഞ്ഞു കൊണ്ടാണ് തന്നെ വില്‍ക്കുന്നതെന്ന് ഈ കൗമാരക്കാരി മനസ്സിലാക്കി. അതിനിടയ്ക്ക് സ്വന്തം ഉമ്മയുടെ അറിവോടെയാണ് വയനാട്, ഊട്ടി, കോഴിക്കോട് ജില്ലയുടെ പലഭാഗങ്ങളിലും ഇവള്‍ക്ക് പലരോടൊപ്പം കൂടെ താമസിക്കേണ്ടി വന്നത്. ചുരിദാര്‍ , നല്ല ഭക്ഷണം ഒക്കെ അവര്‍ ഇവള്‍ക്കായി പ്രത്യേകം ഏര്‍പ്പാടാക്കുമായിരുന്നു. പക്ഷെ രണ്ടാനുപ്പയും ഉമ്മയും ഇവളെ ഉപയോഗിച്ച് പണം സമ്പാദിക്കുകയായിരുന്നു. രണ്ടു രണ്ടര വര്‍ഷത്തോളം നിരന്തരമായി ഇത് തുടര്‍ന്നപ്പോള്‍ അവള്‍ക്ക് സഹികെട്ടു. പലരും ഇവളെ ബലാത്സംഗത്തിനിരയാക്കി. അങ്ങനെ ഒരു ദിവസം ഇവരുടെ അടുത്ത് നിന്നും രക്ഷപ്പെട്ട് സ്വന്തം ഉപ്പയുടെ അടുത്തെത്തി. ഉപ്പയുടെ ഉമ്മയോട് ഉണ്ടായ ദുരനുഭവങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ ഉടന്‍തന്നെ പോലീസില്‍ പരാതി കൊടുപ്പിച്ചു. ഇതറിഞ്ഞ സംഘം കയ്യില്‍ കിട്ടിയാല്‍ അവളേയും ഉപ്പയേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. മരണഭയത്താല്‍ വിളറിയ മുഖവുമായാണ് ആ കൗമാരക്കാരി അന്ന് അന്വേഷിയിലെത്തിയത്. ഏതു തരത്തില്‍പെട്ട സ്ത്രീകളായാലും അവരുടെ കാര്യങ്ങളില്‍ ഇടപെടേണ്ടത് അന്വേഷിയുടെ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ്. തല്‍ക്കാലം അവള്‍ക്ക് സുരക്ഷിതമായി കഴിയേണ്ടതിനാലാണ് അന്വേഷിയുടെ ഷോര്‍ട്ട്സ്റ്റേ ഹോമില്‍ അഭയം കൊടുത്തത്. കേസന്വേഷണത്തിന്‍റെ ആവശ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ അവളുടെ സുരക്ഷിതത്വത്തിനു വേണ്ടിയും തുടര്‍ പഠനങ്ങള്‍ക്കും തിരുവനന്തപുരത്തുള്ള മഹിളാ സമഖ്യാ സൊസൈറ്റിയെ ഏല്‍പ്പിച്ചു. തുടര്‍ന്ന് സര്‍ക്കാറിന്‍റെ നിര്‍ഭയ (വിമന്‍&ചില്‍ഡ്രന്‍സ്) ഹോമിലേക്ക് മാറ്റി.
നിസ്സഹായയും നിര്‍ധനയുമായ ഈ പെണ്‍കുട്ടിയുടെ പീഡകന്മാര്‍ ധനികരും സ്വാധീനശക്തിയുള്ളവരും ആയിരുന്നു. ഇത്രയൊക്കെ വിപരീത സാഹചര്യങ്ങള്‍ ഉണ്ടായിട്ടും നിരാശയായി തോറ്റു പിന്മാറാന്‍ ഈ കൗമാരക്കാരി തയ്യാറായില്ല . തുടര്‍ പഠനം നടത്തണം എന്ന ഒരേയൊരു ആഗ്രഹത്തില്‍ അവള്‍ മുറുകെ പിടിച്ചു. അവള്‍ വീണ്ടും പഠനം തുടര്‍ന്നു. അതിനിടയില്‍ ഈ കേസും അതിന്‍റെ വഴിക്ക് ഇഴഞ്ഞുനീങ്ങിയിരുന്നു. പഠനം നിര്‍ത്തേണ്ടി വന്ന അവള്‍ മഹിളാ സമഖ്യാ സൊസൈറ്റിയുടെയും പിന്നീട് നിര്‍ഭയയുടെയും സഹായത്തോടെ എം.കോം ബിരുദാനന്തര ബിരുദധാരിയായി. ടാലിയും പഠിച്ചു. ഇപ്പോള്‍ കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥയായി. ജോലിയില്‍ പ്രവേശിച്ച് ഒരാഴ്ച ആകുമ്പോഴാണ് അവള്‍ക്ക് അനുകൂലമായ കോടതി വിധി വന്നത്. എട്ടു പേരെയും കഠിന തടവിന് ശിക്ഷിച്ച അതിവേഗ കോടതിയുടെ വിധിക്കു കാരണം ഒരുപക്ഷേ ഈ കേസ് ഏറ്റെടുത്ത പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ സത്യസന്ധമായ തെളിവെടുപ്പുകളും അന്വേഷണ റിപ്പോര്‍ട്ടും എഫ്.ഐ.ആര്‍ ഉം ശക്തമായ സാക്ഷിമൊഴികളും ആവാം. അതോടൊപ്പം പരാതിയില്‍ ഉറച്ചു നിന്ന അന്നത്തെ ആ കൊച്ചുപെണ്‍കുട്ടിയുടെ സത്യസന്ധവും ധീരവുമായ ഉറച്ച മൊഴിയും, പ്രഗത്ഭനും എല്ലാത്തിലുമേറെ സത്യസന്ധനുമായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മാര്‍ത്ഥ ശ്രമങ്ങളും ഈ കേസില്‍ നീതി വിജയിക്കാന്‍ കാരണമായി ഇതായിരിക്കണം ഓരോ പോക്സോ കേസിലും ഉണ്ടാകേണ്ട നിലപാടുകള്‍.
ഈ കേസിന് ചില ഗുണപാഠങ്ങളുണ്ട്. ഇത്തരത്തിലുള്ള ഒരു കേസിന്‍റെ വിചാരണയുടെ പ്രക്രിയയും ഇത്രമാത്രം നീണ്ടുപോകരുത്. ക്രൂരപീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ട പെണ്‍കുട്ടികള്‍ കടന്നുപോകുന്ന മാനസിക സംഘര്‍ഷങ്ങള്‍ അവളുടെ തുടര്‍ ജീവിതത്തിലുണ്ടാക്കുന്ന ആഘാതം വളരെ ആഴമേറിയതാണ്. നീതിയുടെ പ്രക്രിയ ഇത്ര നീണ്ടുപോകരുതെന്ന് ഇനി എപ്പോഴാണ് നീതിപീഠങ്ങള്‍ തിരിച്ചറിയുക? Justice delaye is justice denied. പ്രതികള്‍ക്ക് ശിക്ഷകിട്ടുന്നത് തന്നെ അപൂര്‍വ്വമാണ്. സൂര്യനെല്ലി, വിതുര, കവിയൂര്‍, കിളിരൂര്‍, ഐസ്ക്രീംപാര്‍ലര്‍ എന്നീ കേസുകളൊന്നും നമുക്ക് മറക്കാറായിട്ടില്ല. ഇരകളാക്കപ്പെടുന്ന കൊച്ചുപെണ്‍കുട്ടികള്‍ക്ക് ഇന്ന് പുതിയൊരു ജീവിതം തുടങ്ങാനും സമൂഹത്തില്‍ പുനരധിവസിക്കപ്പെടാനും ഉദ്ദേശിച്ചുകൊണ്ടുള്ള നിര്‍ഭയ ഹോമുകള്‍ സര്‍ക്കാറിന്‍റെ കീഴില്‍ ഇന്നുണ്ട്. പോക്സോ കേസ് ചാര്‍ജ്ജ് ചെയ്ത് കഴിഞ്ഞാല്‍ ഈ സാധ്യത തുറക്കപ്പെടുന്നു. ഇതിന് മുമ്പ് ഇരകളാക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഇത്തരം സാധ്യതകളൊന്നുമുണ്ടായിരുന്നില്ല. അവരെ സമൂഹം പല വിധത്തില്‍ പിച്ചിചീന്തി. പക്ഷേ, ഇന്നും ഇത്തരം ക്രൂരസംഭവങ്ങള്‍ നടക്കുന്നില്ലേ? വാളായാര്‍കേസിലെ കൊലചെയ്യപ്പെട്ട രണ്ടുകുട്ടികള്‍ ഇന്നും നമ്മുടെ മനസ്സില്‍ തൂങ്ങിയാടുന്നു. ഇത്തരം ഹോമുകളില്‍ എത്രയെത്ര കൊച്ചു പെണ്‍കുട്ടികളുണ്ട്! ഇത് എങ്ങനെ തടയാനാകും?
എലിസബത്ത് സി.എസ്.
അന്വേഷി, കോഴിക്കോട്
COMMENTS