വൈകാരികം കൂടിയായ ഹിംസകള്‍

Homeഅതിഥിപത്രാധിപക്കുറിപ്പ്

വൈകാരികം കൂടിയായ ഹിംസകള്‍

കെ.എ.ബീന

വാക്ക് ആകാശവും കുളിര്‍കാറ്റും കളകളം ഒഴുകുന്ന പുഴയും ഒക്കെയാണ് . നോക്ക് സര്‍വ്വ സങ്കടങ്ങളും ആവാഹിക്കാന്‍ പ്രാപ്തിയുള്ള സിദ്ധൗഷധമാണ്. ഇതേ വാക്കും നോക്കും നിമിഷാര്‍ദ്ധത്തില്‍ ദഹിപ്പിക്കാന്‍ പോന്ന അഗ്നിയും ആണ്. മനുഷ്യന്‍ മനുഷ്യനെ ദഹിപ്പിക്കുന്ന ആ അഗ്നിയെ പുതിയകാല പേരിട്ട് വിളിക്കുന്നത് വൈകാരിക പീഡനം/ഹിംസ എന്നാണ്. ശാരീരിക ആക്രമണങ്ങള്‍ക്ക് പുറത്ത് ഒരു മനുഷ്യജീവിയെ പൂര്‍ണ്ണമായി തന്നെ തകര്‍ക്കാന്‍ കെല്‍പ്പുള്ള പ്രതിഭാസമാണിത്. ആരോഗ്യകരമായ ഏതൊരു ബന്ധവും നിലനില്‍ക്കുന്നത് ശക്തമായ വൈകാരികമായ അടിത്തറയിലാണ്. സ്നേഹവും സൗഹൃദവും ഇഴചേര്‍ന്ന ബന്ധങ്ങളുടെ മനോഹരിത മാനവികതയ്ക്ക് മാറ്റുകൂട്ടുന്നു. എന്നാല്‍ പലപ്പോഴും ബന്ധങ്ങളിലെ വൈകാരികമായ അടിത്തറകള്‍ ദുഷ്ടവാക്കിന്‍റെയും ദുര്‍നോക്കിന്‍റെയും തീക്ഷ്ണതയില്‍ ഇളകി തകരുന്നത് കാണാന്‍ ഇടവരുന്നു. ഈ കോവിഡ് കാലത്ത് ലോകം വീട്ടിനുള്ളില്‍ ഒതുങ്ങുമ്പോള്‍ ദുര്‍ബലരായ സ്ത്രീകളും കുഞ്ഞുങ്ങളും വൈകാരിക പീഡനങ്ങളാല്‍ ശ്വാസം മുട്ടിക്കഴിയുന്ന കഥകള്‍ ധാരാളം കേള്‍ക്കുന്നു. ആത്മഹത്യയില്‍ അഭയം തേടുന്നവര്‍ അനുദിനം വര്‍ദ്ധിക്കുന്നു. ഫോണ്‍ കോളുകളില്‍ ഭയന്നു വിറയ്ക്കുന്ന ശബ്ദങ്ങള്‍ പറയാന്‍ ശ്രമിക്കുന്നു ‘നോവുന്നു, വല്ലാതെ നോവുന്നു’… നോവുന്നത് മനസ്സാണ്, നോവിക്കുന്നത് പ്രിയമുള്ളവര്‍ തന്നെയാണ്. പേടിപ്പിച്ചു പീഡിപ്പിക്കുന്ന, ആത്മാഭിമാനത്തെ പൂര്‍ണമായും തകര്‍ക്കുന്ന ആ പീഡനം അനുഭവിക്കുന്നവര്‍ പലരും അത് പീഡനമാണെന്ന് കൂടി തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. വീടുകളില്‍ വിദ്യാലയങ്ങളില്‍ തൊഴിലിടങ്ങളില്‍ പൊതുവിടങ്ങളില്‍ ഏറ്റവും പുതിയ കാലത്ത് സമൂഹമാധ്യമങ്ങളില്‍ ഒക്കെ മനുഷ്യന്‍ മനുഷ്യനെ പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇകഴ്ത്തിയും ഇടിച്ചു താഴ്ത്തിയും വൈകാരിക പീഡനം നടത്തിക്കൊണ്ടേയിരിക്കുന്നു. മറ്റൊരാളെ പേടിപ്പെടുത്തി കാര്യങ്ങള്‍ നേടുന്നത്, എപ്പോഴും വിമര്‍ശിക്കുന്നത്, അപമാനിക്കുന്നത്, കുറ്റപ്പെടുത്തുന്നത് എന്നുവേണ്ട പല രീതിയില്‍ വൈകാരികമായി പീഡിപ്പിക്കാന്‍ കഴിയും എന്ന് മനസ്സിലാക്കുന്ന കാലത്തിലാണ് നാം. ശാരീരികമായ പീഡനങ്ങളെക്കുറിച്ച് വ്യാകുലപ്പെടുമ്പോഴും ഉള്ളില്‍ ആഴത്തില്‍ മുറിവുകള്‍ ഉണ്ടാക്കുന്ന വൈകാരികമായ പീഡനങ്ങളെ ഈ അടുത്ത കാലം വരെ അത്ര ഗൗരവമായി എടുത്തിരുന്നില്ല എന്നതാണ് സത്യം. ഏതുതരം പീഡനവും മനുഷ്യവിരുദ്ധമാണെന്നിരിക്കെ തെളിവുകള്‍ പോലും അവശേഷിപ്പിക്കാത്ത വൈകാരിക പീഡനത്തെ വേണ്ടവിധത്തില്‍ അറിയാനും പ്രതിവിധികള്‍ തേടാനും കഴിയുന്നുണ്ടോ എന്നത് പ്രധാനമാണ്. ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍’ സൂരജ് വെഞ്ഞാറമൂടിന്‍റെ ഭര്‍ത്താവ് കഥാപാത്രം നിമിഷ സജയന്‍റെ ഭാര്യാ കഥാപാത്രത്തോട് പറയുന്ന വാക്കുകള്‍ വൈകാരിക പീഡനത്തിന്‍റെ തീവ്രമായ ഉദാഹരണങ്ങളാണ്. സ്ത്രീകള്‍ എങ്ങനെയായിരിക്കണമെന്ന് ഓരോ തലമുറയും കൈമാറുന്ന ധാരണകള്‍ വൈകാരികമായി ഊട്ടിയുറപ്പിക്കപ്പെടുകയാണ്. സിനിമയും സീരിയലുകളും പരസ്യങ്ങളും സമൂഹമാധ്യമങ്ങളും എല്ലാം നല്‍കുന്നത് സ്ത്രീ എങ്ങനെയാകണമെന്ന സന്ദേശങ്ങളാണ് . പുരുഷാധിപത്യത്തിന്‍റെ മതില്‍ക്കെട്ടുകള്‍ക്കകത്ത് നിന്ന് പുറത്തുകടക്കാന്‍ ഒരു പഴുതും കൊടുക്കാതെ അടക്കവുമൊതുക്കവുമുള്ളവരായി ജീവിക്കാന്‍ പാകത്തില്‍ വളര്‍ത്തുന്നതില്‍ ഇത്തരം പൊതുഇടങ്ങള്‍ നടത്തുന്ന വൈകാരിക ചൂഷണം വളരെ വലുതാണ് .40 വര്‍ഷങ്ങള്‍ നിരന്തരമായി വൈകാരികമായി ഹിംസിക്കപ്പെട്ടിട്ടും തിരിച്ചറിയാന്‍ കഴിയാതെ തന്‍റെ ജീവിതത്തിന് ഇതെന്തുപറ്റി? എന്ന സന്ദേഹിക്കുന്ന ഒരു സ്ത്രീയെ ഈയിടെയും കണ്ടു. അനുഭവിക്കുന്ന ആളുടെ ഉള്ളില്‍ മാത്രം മുറിവുകള്‍ ഉണ്ടാക്കുന്ന അതിക്രമങ്ങളെക്കുറിച്ച് അറിയാനും സംസാരിക്കാനും സമയമായി എന്നതാണ് ഈ ലക്കം സംഘടിതയില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് എടുക്കുന്നതിന് പ്രേരണയായത്. വീട്ടിലും പുറത്തും വിദ്യാലയങ്ങളിലും ഒക്കെ നടക്കുന്ന വൈകാരിക പീഡനങ്ങളെക്കുറിച്ച് വിവിധ മേഖലകളിലുള്ളവര്‍ ഈ ലക്കത്തില്‍ എഴുതിയിട്ടുണ്ട്. വാക്കുകള്‍ കൊണ്ട് ജീവിതത്തെ മുറിച്ചു തള്ളാന്‍ തയ്യാറല്ല എന്ന് ഓരോ സ്ത്രീയും തീരുമാനിക്കേണ്ട കാലത്തിലേക്ക് നമുക്ക് കടന്നുചെല്ലാം.

 

 

 

 

 

കെ.എ.ബീന
എഴുത്തുകാരി, പത്രപ്രവര്‍ത്തക

COMMENTS

COMMENT WITH EMAIL: 0